Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഏറനാട് കലാപമെന്നോ ഖിലാഫത്ത് പ്രക്ഷോഭമെന്നോ മാപ്പിള ലഹളയെന്നോ എന്തു വേണമെങ്കിലും വിളിച്ചോളൂ.. പക്ഷേ ഒരു സിനിമ എടുക്കാൻ പോലും ഈ നാട്ടിൽ ഇപ്പോൾ സ്വാതന്ത്രമില്ലേ? ഏറനാട് കലാപത്തിൽ ഹിന്ദുക്കളുടെ ചോര ഒരുപാട് ഒലിച്ച് പോയെങ്കിലും മഹാത്മഗാന്ധി വരെ അംഗീകരിച്ച ഒരു സമരത്തെ കേവലം ഹിന്ദു വിരുദ്ധ പ്രക്ഷോഭമായി മാത്രം ഒതുക്കാൻ ചരിത്ര രേഖകൾ തികയില്ല.. ഒരു സിനിമയുടെ പേരിൽ ചോര ഒലിപ്പിക്കുന്നവരോട് പറയാനുള്ളത്

ഏറനാട് കലാപമെന്നോ ഖിലാഫത്ത് പ്രക്ഷോഭമെന്നോ മാപ്പിള ലഹളയെന്നോ എന്തു വേണമെങ്കിലും വിളിച്ചോളൂ.. പക്ഷേ ഒരു സിനിമ എടുക്കാൻ പോലും ഈ നാട്ടിൽ ഇപ്പോൾ സ്വാതന്ത്രമില്ലേ? ഏറനാട് കലാപത്തിൽ ഹിന്ദുക്കളുടെ ചോര ഒരുപാട് ഒലിച്ച് പോയെങ്കിലും മഹാത്മഗാന്ധി വരെ അംഗീകരിച്ച ഒരു സമരത്തെ കേവലം ഹിന്ദു വിരുദ്ധ പ്രക്ഷോഭമായി മാത്രം ഒതുക്കാൻ ചരിത്ര രേഖകൾ തികയില്ല.. ഒരു സിനിമയുടെ പേരിൽ ചോര ഒലിപ്പിക്കുന്നവരോട് പറയാനുള്ളത്

മറുനാടൻ ഡെസ്‌ക്‌

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടതാണ് ഏറനാട് വള്ളുവനാട് താലൂക്കിൽ നൂറ് വർഷം മുൻപ് നടന്ന ഏറനാട് കലാപം. 1921 ൽ നടന്ന ആ കലാപത്തെ മാപ്പിള ലഹള എന്നു പേരിട്ട് ചില ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നുണ്ടെങ്കിലും അതൊരു ഹിന്ദു വിരുദ്ധ കലാപമായിരുന്നു എന്ന് ചിലർ എഴുതിവെച്ചിട്ടുണ്ടെങ്കിലും, മഹാത്മാഗാന്ധിയുടെ കൈയൊപ്പ് ലഭിച്ച ഒരു ജനകീയ പ്രക്ഷോഭമായിരുന്നു അതെന്ന് എല്ലവർക്കും അറിയാവുന്നതാണ്. ദേശീയ പ്രസ്ഥാനങ്ങളോട് ചേർന്നുനിന്നുകൊണ്ട് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാതിരിക്കുന്ന മതന്യൂനപക്ഷങ്ങളെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാക്കുന്നതിനു വേണ്ടി, സിപിഎമ്മിന്റെ ഭാഷയിൽ പറഞ്ഞാൽ അടവുതന്ത്രം എന്ന നിലയിലാണ് മഹാത്മാഗാന്ധി ഖിലാഫത്ത് പ്രക്ഷോഭം അടക്കമുള്ള സാമുദായിക മുൻഗണനയുള്ള സമരങ്ങളെക്കൂടി ഒപ്പം ചേർത്തത്. തുർക്കിയിൽ ആരംഭിച്ച ഖിലാഫത്ത് പ്രക്ഷോഭത്തിന്റെ ചുടുപിടിച്ചുകൊണ്ട് തുർക്കി സാമ്രാജ്യത്വത്തിനെതിരെ മലബാറിൽ ആരംഭിച്ച ആ കലാപം നൂറ് കണക്കിന് ബ്രിട്ടീഷ് അധിനിവേശക്കാരുടെ തലയാണ് എടുത്തത്.

വാരിയംകുന്നത്ത് അഹമ്മദ് ഹാജി എന്ന പോരാളിയായിരുന്നു ഏറനാട് കലാപത്തിന്റെ വീരനായകൻ. ആ കലാപത്തിൽ നിർഭാഗ്യവശാൽ ആയിരക്കണക്കിന് ഹിന്ദുക്കളുടെ ജീവനും പൊലിഞ്ഞുവെന്ന് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ട് തന്നെ മലബാർ കലാപം അല്ലെങ്കിൽ മാപ്പിള ലഹള എന്ന് പേരിട്ട് അതൊരു ഹിന്ദു വിരുദ്ധ കലാപമായി ചാപ്പകുത്തി ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേയ്ക്ക് എറിയാനാണ് ആധുനിക ചരിത്രകാരന്മാർക്ക് പ്രിയം. അക്കാലത്തെ പ്രമുഖ സ്വാതന്ത്ര്യ സമര സേനാനികളായ കെ കേളപ്പൻ അടക്കമുള്ളവർ ഈ കലാപത്തെ തള്ളിപ്പറഞ്ഞിരുന്നു എന്നതാണ് ഈ കലാപത്തിന്റെ അടിത്തറ. ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് എന്നൊരാൾ അടക്കമുള്ള അനേകം അമുസ്ലിംങ്ങളും ഈ സമരത്തിന്റെ ഭാഗമായിരുന്നു എന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ഖിലാഫത്ത് പ്രക്ഷോഭം എന്ന പേരിൽ സ്വാതന്ത്ര്യ സമരത്തിന് സമാന്തരമായിട്ട് തന്നെ ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ ഉയർത്തെഴുന്നേറ്റ ഒരു ജനകീയ വിപ്ലവം തന്നെയായിരുന്നു ഏറനാട് കലാപം. എന്നാൽ അതിൽ മതം കലരുകയും, അനേകം ഹിന്ദുക്കളുടെ ജീവൻ എടുക്കുകയും ചെയ്തത് ആ കലാപത്തിന്റെ അടിസ്ഥാന പിശകുകളായി തന്നെ ചൂണ്ടിക്കാട്ടേണ്ടതുണ്ട്. ഹിന്ദുക്കളുടെ ജീവൻ എടുത്തതുകൊണ്ടും അതിന് നേതൃത്വം കൊടുത്തത് വാരിയംകുന്നത്ത് ഹാജിയാരെ പോലെയുള്ളവരാണ് എന്നതുകൊണ്ടും അത് കേവലം ഹിന്ദു വിരുദ്ധ കലാപമായി ചാപ്പകുത്തി മാറ്റിയിടുന്നതിനോട് യോജിക്കാൻ വയ്യ.

അതേ സമയം ഈ കലാപത്തിൽ കൊല്ലപ്പെട്ട നിരപരാധികളായ ഹിന്ദുവിന്റെ വേദനയും ആശങ്കയും പരിഗണിക്കേണ്ടതുമാണ്. അതവിടെ നിൽക്കട്ടെ! എന്നാൽ ആ കലാപത്തിന് നൂറ് വർഷം തികയുമ്പോൾ അതിന്റെ പേരിൽ പുസ്തകം എഴുതുകയും സിനിമ ഇറങ്ങുകയുമൊക്കെ ചെയ്യുന്നത് വളരെ സ്വഭാവികമായി നടക്കുന്ന ജനാധിപത്യ പ്രക്രിയയാണ്. മലബാർ കലാപം ഒരു ഹിന്ദു വിരുദ്ധ കലാപമാണെന്ന് രേഖകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ലേഖനം എഴുതുന്നതിനും, പുസ്തകം എഴുതുന്നതിനും അത് പ്രചരിപ്പിക്കുന്നതിനും ഈ നാട്ടിലെ സകല മനുഷ്യർക്കും അവകാശമുണ്ട്. അതുപോലെ തന്നെയാണ് മലബാർ കലാപം ഒരു സ്വാതന്ത്ര്യ സമരം ആയിരുന്നുവെന്നും വാരിയംകുന്നത്ത് ഹാജി ഒരു സ്വാതന്ത്ര്യ സമര സേനാനിയായിരുന്നെന്നും സ്ഥാപിക്കുന്ന തരത്തിൽ പുസ്തകമെഴുതാനോ, സിനിമയെടുക്കാനോ മറുഭാഗത്തുള്ളവരുടെ അവകാശവും. ചരിത്രമെഴുതുമ്പോൾ അതിന് വസ്തുതകളുടെ അകമ്പടി നിർബന്ധമാണ്. അല്ലെങ്കിൽ അതിനെ ചരിത്രം എന്ന് വിശേഷിപ്പിക്കാൻ പാടില്ല. അതേ സമയം നോവൽ എഴുതുകയോ, സിനിമ എഴുതുകയോ ചെയ്യുമ്പോൾ അതിൽ വസ്തുതകൾ പോലും ആവശ്യമില്ല.

ഒരു കഥാപാത്രത്തെയെടുത്ത് പ്രേക്ഷകർക്ക് അല്ലെങ്കിൽ വായനക്കാർക്ക് ഇഷ്ടമാവുന്ന തരത്തിൽ വ്യാഖ്യാനിക്കുന്നതിനുള്ള അവകാശം എഴുത്തുകാർക്കും, സിനിമക്കാർക്കും ഉണ്ട്. അതുകൊണ്ട് തന്നെ 1921 ലെ സംഭവത്തെ അടിസ്ഥാനപ്പെടുത്തി ഏത് തരത്തിലുള്ള സിനിമ എടുക്കുന്നതിനും ആഷിക് അബുവിനും അതിനൊപ്പം നിൽക്കുന്നതിന് പൃത്ഥിരാജിനും അവകാശമുണ്ട്. ആ അവകാശത്തിനെതിരെ ഉറഞ്ഞു തുള്ളുകയും അതിനെ ഹിന്ദു വിരുദ്ധ അജണ്ടക്ക് കൂട്ടുപിടിക്കുകയാണെന്ന് ആരോപിക്കുകയും ചെയ്യുന്നതിനോട് യോജിക്കാൻ പ്രയാസമാണ്. ആ സിനിമ മലബാർ കലാപത്തിന്റെ നേർ ചരിത്രമാണ് എന്ന അവകാശവാദം സിനിമക്കാർ പോലും എടുത്തിട്ടില്ല. അതുകൊണ്ട് തന്നെ അതിനൊരു മറുഭാഷ്യം സൃഷ്ടിച്ചുകൊണ്ട് മറ്റൊരു ചരിത്രമുഖത്തോട് കൂടി സിനിമ എടുക്കാൻ അലി അക്‌ബർ എന്ന ബിജെപി നേതാവിനും അവകാശമുണ്ട്. എന്നാൽ ആഷിക് അബുവിന്റെ അവകാശം അംഗീകരിക്കാൻ കഴിയില്ലെന്നും, അലി അക്‌ബറിന്റെ അവകാശം മാത്രമെ അംഗീകരിക്കാൻ കഴിയൂ എന്നുമുള്ള വാദം ബാലിശമാണ്. ജനാധിപത്യ വിരുദ്ധമാണ്.

കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നതുപോലെ മറ്റ് ചിലർ കൂടി സിനിമ എടുക്കും എന്നു പറഞ്ഞ് രംഗത്തിറങ്ങിയിട്ടുണ്ട്. എത്ര പേർ എടുത്താലും കുഴപ്പമില്ല. പക്ഷെ, സിനിമ എടുക്കുന്നു എന്ന് പറയുമ്പോൾ ആരാണ് സംവിധായകൻ എന്നും ആരാണ് നിർമ്മാതാവെന്നും ആദ്യം തന്നെ പറയേണ്ടതുണ്ട്. എന്നു നിന്റെ മൊയ്തീൻ എന്ന സിനിമ എടുത്ത ആർ എസ് വിമൽ നൂറ് കോടി മുടക്കി കർണനെ വെച്ച് സിനിമ എടുക്കുന്നു എന്ന് പ്രഖ്യാപിച്ചത് ഓർക്കുക. മറ്റൊരു പ്രഖ്യാപനം ഉണ്ടായത് ആയിരം കോടി രൂപ മുടക്കി രണ്ടാമൂഴം സിനിമയിറക്കുന്നു എന്നതായിരുന്നു. അങ്ങനെ ആയിരം പേർ അവകാശവാങ്ങൾ നടത്തി പേരെടുക്കാൻ ശ്രമിക്കുന്നത് പോലെയുള്ള അധരവ്യായാമമായി മാറാൻ പാടില്ല ഈ പ്രഖ്യാപനവും. അതുകൊണ്ട് തന്നെ ഏതാണ്ട് നാല് പേർ ഈ അവസരം മുതലെടുക്കാൻ രംഗത്തിറങ്ങിയതിലെ അപഹാസ്യതയാണ് ചർച്ചയാവേണ്ടതും, ചൂണ്ടിക്കാണിക്കേണ്ടതും. അല്ലാതെ സിനിമ എടുക്കുന്നതിനുള്ള അവരുടെ അവകാശമല്ല ചർച്ചയാവേണ്ടത്.

മറ്റൊരുകാര്യം 1921 ലെ ചരിത്രത്തെ അധികാരരപ്പെടുത്തി 2021 ൽ നൂറാം വർഷം സിനിമ റിലീസ് ചെയ്യാൻ ഒരുങ്ങുമ്പോൾ അന്ന് ഈ കൊറോണ മാറുകയും തിയേറ്ററുകൾ തുറക്കുകയും ചെയ്യുമെന്ന് എന്താണ് ഉറപ്പുള്ളത്? ഇനി വരുന്ന കാലത്ത് സിനിമ തീയേറ്ററുകൾ ഉണ്ടാകുമോ, ആരെങ്കിലും തീയേറ്ററുകളിൽ പോയി സിനിമ കാണുമോ എന്ന് പോലും ഉറപ്പില്ലാത്തപ്പോൾ ഒരു സിനിമയുടെ പേരിൽ ഇങ്ങനെ കിടന്ന് കടിപിടികൂടുന്നതും, ചോരിയൊലുപ്പിക്കുന്നതും എന്തിന് വേണ്ടിയാണ്? സിനിമ എടുക്കുന്നതിനുള്ള സിനിമക്കാരുടെ അവകാശം സംരക്ഷിക്കപ്പെടണം. ചരിത്രം എഴുതുന്നതിനും അത് തിരുത്തി എഴുതുന്നതിനുമുള്ള എല്ലാവരുടെയും അവകാശങ്ങളും സംരക്ഷിക്കപ്പെടണം. എങ്കിലെ ജനാധിപത്യം അതിന്റെ പൂർണതോതിൽ വിജയിക്കൂ. ഒരാൾ ഇങ്ങനെ എഴുതതരുത്, ഇങ്ങനെ പറയരുത്, ഇങ്ങനെ അഭിനയിക്കരുത് എന്നൊക്കെ പറയുന്നത് ഫാസിസത്തിന്റെ അടയാളണാണ്. നിർഭാഗ്യവശാൽ ആഷിക് അബുവും, പൃത്വിരാജും സിനിമ എടുക്കാൻ പോകുന്നു എന്ന് കേട്ടപാടെ പരിചയും വാളുമായി രംഗത്തിറങ്ങിയവർ സ്വയം അറിഞ്ഞുകൊണ്ട് ഫാസിസത്തിന്റെ വക്താക്കളായി മാറുന്നുവെന്ന് പറഞ്ഞുകൊള്ളട്ടെ!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP