Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കെഎസ്ഇബി എന്തിനാണ് മീറ്റർ വാടകയ്ക്ക് നൽകുന്നത് ? ജിഎസ്ടിയും റ്റിഡിഎസും പിടിക്കുന്നതിന്റെ ബിൽ കൃത്യമായി തരാറുണ്ടോ? മീറ്റർ ഫോൾട്ടിന് പകരം ഡോർ ലോക്ക്ഡ് എന്നെഴുതി സബ്‌സിഡി നഷ്ടപ്പെടുത്തുന്നതിന് ആര് ഉത്തരം പറയും? രണ്ട് മാസത്തെ ഒരുമിച്ച് കൂട്ടി നിരക്കുയർത്തിയതിന് ഞങ്ങൾ എങ്ങനെ കാശു കൊടുക്കണം? കെഎസ്ഇബി ഓഫീസർമാരുടെ ബില്ല് പുറത്ത് വിടുമോ?

കെഎസ്ഇബി എന്തിനാണ് മീറ്റർ വാടകയ്ക്ക് നൽകുന്നത് ? ജിഎസ്ടിയും റ്റിഡിഎസും പിടിക്കുന്നതിന്റെ ബിൽ കൃത്യമായി തരാറുണ്ടോ? മീറ്റർ ഫോൾട്ടിന് പകരം ഡോർ ലോക്ക്ഡ് എന്നെഴുതി സബ്‌സിഡി നഷ്ടപ്പെടുത്തുന്നതിന് ആര് ഉത്തരം പറയും? രണ്ട് മാസത്തെ ഒരുമിച്ച് കൂട്ടി നിരക്കുയർത്തിയതിന് ഞങ്ങൾ എങ്ങനെ കാശു കൊടുക്കണം? കെഎസ്ഇബി ഓഫീസർമാരുടെ ബില്ല് പുറത്ത് വിടുമോ?

മറുനാടൻ ഡെസ്‌ക്‌

കഴിഞ്ഞ കുറേ ആഴ്ചകളായി കേരളം ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത് എല്ലാവരുടെയും വൈദ്യുതി ബില്ല് എങ്ങനെ ഉയർന്നു എന്നതാണ്. കെഎസ്ഇബി അതിനെ ന്യായീകരിക്കുന്നതിന് വേണ്ടി വിശദീകരണക്കുറിപ്പുകൾ ഇറക്കുകയും, ട്രോൾ വീഡിയോകൾ ചെയ്യുകയും ചെയ്യുന്നുണ്ടെങ്കിലും എല്ലാ സാധാരണക്കാരും തങ്ങളുടെ നിരക്ക് അപ്രതീക്ഷിതമായി ഉയർന്നതിനെക്കുറിച്ച് ഖേദിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നു. മുറികൾ അടച്ചിട്ടിരുന്ന വീടുകൾ, അടഞ്ഞുകിടന്നിരുന്ന വീടുകൾ എല്ലാം നിരക്ക് വർദ്ധിച്ചിരികുന്നു. ഈ ലോക്കൗഡൗൺ കാലത്ത് ആളുകൾ വീടുകളിൽ ഇരുന്നപ്പോൾ വൈദ്യുതി ഉപയോഗം കൂടി എന്നതിൽ ആർക്കും തർക്കമില്ല. അതുകൊണ്ടുതന്നെ അക്കാലയളവിൽ വൈദ്യുതി നിരക്ക് ഇരട്ടിയെങ്കിലും ആയേക്കാമെന്നും എല്ലാവരും കരുതുന്നു.

എന്നാൽ ഇരട്ടിയോ, അതിൽ താഴെയോ മാത്രം ഉപയോഗം കൂടിയെങ്കിലും എങ്ങനെയാണ് നാലിരട്ടി വരെ വൈദ്യുതി ബില്ല് കൂടി എന്നതിനാണ് കെഎസ്ഇബി ഉത്തരം പറയേണ്ടത്. അതിന് കൃത്യമായ ഉത്തരം പറയാതെ മണി ചെയിൻ കമ്പനികളെപ്പോളെ ആർക്കും മനസിലാവാത്ത ഭാഷ ഉപയോഗിച്ചുകൊണ്ട് നീണ്ട കണക്കുകൾ കാണിച്ചുകൊണ്ട് തടിതപ്പാൻ ശ്രമിക്കുകയാണ് കെഎസ്ഇബി. കെഎസ്ഇബി മറന്നുപോകുന്നത്, കേരളത്തിലെ ജനങ്ങൾ ഒരു പ്രതിസന്ധിനേരിട്ടപ്പോൾ, വരുമാനമില്ലാതിരുന്നപ്പോൾ സഹായിക്കാൻ കഴിഞ്ഞില്ല എന്നുമാത്രമല്ല, അവരെ ഉപദ്രവിക്കുകയും ചെയ്തു എന്ന ക്രൂരതയാണ്. എന്താണ് കെഎസ്ഇബിയുടെ പ്രശ്‌നമെന്ന് ആർക്കും മനസിലാവുന്നില്ല. ഉപയോഗം ഉയർന്നതുകൊണ്ട് ബില്ല് ഉയർന്നു എന്ന ലളിതമായ വിശദീകരണം കൊണ്ട് അവസാനിക്കുന്നതല്ല ഇത്. ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ട ബാധ്യത കെഎസ്ഇബിക്ക് ഉണ്ട്.

ആദ്യത്തെ ചോദ്യം, നിങ്ങളുടെ ഓഫീസർമാർ ഇതേ നിരക്ക് തന്നെയാണോ ഈടാക്കിയത് എന്നതാണ്. കെഎസ്ഇബിയുടെ ഉദ്യോഗസ്ഥന്മാർ കരണ്ട് ദുരുപയോഗം ചെയ്യുകയും, അതിന് ആവറേജ് ബില്ല് അടയ്ക്കുകയും ചെയ്യുന്നു എന്ന ആരോപണം സജീവമാണ്. ആ ആരോപണം ഇപ്പോഴെങ്കിലും നിങ്ങൾ തെളിയിക്കേണ്ടിയിരിക്കുന്നു. ഇതിന് മുൻപുള്ള കാലയളവിൽ ആ ഓഫീസർമാർ ഉപയോഗിച്ചിരുന്ന അതേ ബില്ല് തന്നെയാണോ അവർ ഇപ്പോഴും അടയ്ക്കുന്നത്, അതോ ഞങ്ങളെ പോലെ നാലും അഞ്ചും ഇരട്ടി അവരും അടച്ചോയെന്ന് തെളിവ് സഹിതം പുറത്തുവിടേണ്ട ബാധ്യത കെഎസ്ഇബിക്ക് ഉണ്ട്. രണ്ടാമതൊരു കാര്യം കെഎസ്ഇബിയുടെ നിരക്കായി 150 കൂട്ടം കാര്യങ്ങൾ എഴുതി പിടിപ്പിക്കാതെ, ആളുകൾക്ക് മനസിലാവുന്ന തരത്തിൽ ബില്ല് എഴുതിക്കൂടെ എന്നതാണ്. നിങ്ങൾ ജിഎസ്ടിയും, ടിഡിഎസും അടക്കമുള്ളവ ഇവിടെ പിടിക്കുന്നുണ്ട്. എന്നാൽ നിങ്ങൾ ജിഎസ്ടിയുടെയോ, ടിഡിഎസിന്റെയോ ബില്ല് ഞങ്ങൾക്ക് നിൽകുന്നില്ല. എന്തുകൊണ്ടാണ് ഞങ്ങൾക്ക് വേണ്ടത്ര ബില്ല് തരാതെ നിങ്ങൾ ടിഡിഎസ് പിടിക്കുന്നത്. ഡോർ ലോക്ക് എന്നത് പിഴ ഈടാക്കാവുന്ന കസ്റ്റമറുടെ ഫോൾട്ടാണ് എന്നറിയാമായിട്ടും, നിങ്ങളുടെ പിഴവുകൾ എന്തിനാണ് നിങ്ങൾ ഡോർ ലോക്ക് എന്ന് എഴുതി ചേർക്കുന്നത്?

നാല് മാസത്തെ കാലയളവിൽ നിങ്ങൾ ബില്ല് തരാതിരുന്നപ്പോൾ, ആ കാലയളവിൽ നിങ്ങൾക്ക് മീറ്റർ പരിശോധിക്കാൻ കഴിയാത്തതിന് നിങ്ങളെന്തിനാണ് ഡോർ ലോക്ക് എന്നെഴുതി ഞങ്ങൾക്ക് അവകാശമുള്ള സബ്‌സിഡി ഇല്ലാതാക്കിയത്? അതായത് ഫെബ്രുവരി, മാർച്ച്, ഏപ്രിൽ, മെയ് എന്നീ നാല് മാസക്കാലയളവിൽ ഞങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ നിങ്ങളുടെ തെറ്റായ കണക്കുകൂട്ടലിൽ ഞങ്ങൾക്ക് നഷ്ടപ്പെട്ടതിന് ആര് ഉത്തരം പറയും? ഫെബ്രുവരിയിലും മാർച്ചിലും ഞങ്ങൾ ഉപയോഗിച്ച കരണ്ട് സബ്‌സിഡി നിരക്കിന്റെ പരിധിയിൽ പെടുന്നതായിരുന്നു. എന്നാൽ ഏപ്രിലിലും മെയിലും ഞങ്ങൾ ഉയർന്ന നിരക്ക് വൈദ്യുതി ഉപയോഗിച്ചു. നിങ്ങളാവട്ടെ നാല് മാസത്തെ ഒരുമിച്ചുകൂട്ടി രണ്ട് ബില്ലിലേയ്ക്ക് മാറ്റിയപ്പോൾ ഞങ്ങൾക്ക് നാല് മാസത്തെയും സബ്‌സിഡി നഷ്ടമായിരിക്കുന്നു. മാത്രമല്ല ഡോർ ലോക്ക് എന്ന് എഴുതിവയ്ക്കുമ്പോൾ ഞങ്ങൾക്ക് സബ്‌സിഡിയുടെ ആനുകൂല്യങ്ങൾ നഷ്ടപ്പെടുകയാണ്. അത് നിങ്ങളുടെ ഫോൾട്ടാവുമ്പോൾ, അതെങ്ങനെയാണ് ഞങ്ങളുടെ ഫോൾട്ട് എന്ന് എഴുതി വയ്ക്കാൻ കഴിയുന്നത്.

പിന്നെയും പിന്നെയും സാധാരണക്കാർ ചോദിക്കുന്ന ഒരുപാട് ചോദ്യങ്ങളുണ്ട്. ഞങ്ങൾ വൈദ്യുതി കണക്ഷന് അപേക്ഷിക്കുമ്പോൾ നിങ്ങൾ ഞങ്ങളോട് ഓരോ പോസ്റ്റിനും, ഓരോ കമ്പിക്കും കാശ് ഈടാക്കുന്നുണ്ട്. പിന്നെയെന്തിനാണ് മീറ്ററിന് മാത്രം നിങ്ങൾ വാടക ഈടാക്കുന്നത്? 'ആനയെ മേടിക്കുന്നവർക്ക് തോട്ടി മേടിക്കാൻ കഴിയില്ലേ' എന്ന ചോദ്യമുയർത്തുന്നത് പോലെ, പോസ്റ്റിനും കമ്പിക്കും കാശ് തരാമെങ്കിൽ ഒരു മീറ്ററിന് കാശ് തരാനാണോ പ്രയാസം? പിന്നെന്തിനാണ് മീറ്റർ വാടക എന്ന പേരിൽ നിങ്ങൾ ഞങ്ങളോട് എല്ലാ മാസവും കാശ് ഈടാക്കുന്നത്. അങ്ങനെ ചോദിച്ചാൽ തീരാത്തത്രയും ചോദ്യങ്ങൾ ബാക്കിയുണ്ട്. ഈ ചോദ്യങ്ങൾക്കൊക്കെ ഉത്തരം തരാതെ, ഉന്നത ഉദ്യോഗസ്ഥർ കൃത്യമായി വൈദ്യുതി ബില്ലടയ്ക്കാതെ പാവങ്ങളുടെ നെഞ്ചത്ത് കേറുന്നതിന് ഒരു ന്യായീകരണവുമില്ല. നിങ്ങൾ ഞങ്ങളെ വഞ്ചിച്ചിരിക്കുകയാണ്... നിങ്ങൾ ഞങ്ങളെ ചതിച്ചിരിക്കുകയാണ്... നിങ്ങൾ ഏതെല്ലാം ന്യായങ്ങൾ പറഞ്ഞാലും അത് ചതിയന്മാരുടെയും, വഞ്ചകന്മാരുടെയും, ബ്ലേഡ് മാഫിയകളുടെയും വിശദീകരണമായി മാത്രമെ ചരിത്രത്തിൽ രേഖപ്പെടുത്തു. കേരളത്തിലെ ജനങ്ങൾ പ്രതിസന്ധിയിലായപ്പോൾ അവരെ ചതിക്കുകയും, വഞ്ചിക്കുകയും, ഊറ്റിക്കുടിക്കുകയും ചെയ്ത വൃത്തികെട്ട ഒരു സംരംഭമായി കെഎസ്ഇബി ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും. ഉറപ്പാണ്...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP