Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യയുടെ അതിർത്തി കടന്നുകയറിയ ശേഷം ഇന്ത്യൻ പട്ടാളക്കാരുടെ തല അറുക്കുന്ന തരത്തിൽ ചൈന അഹങ്കാരികളായി തീർന്നത് എങ്ങനെ? നേപ്പാളിനേയും പാക്കിസ്ഥാനെയും ഇളക്കിവിട്ട ശേഷം ഇന്ത്യയെ മനഃപൂർവ്വം പ്രകോപിപ്പിക്കുമ്പോൾ നമ്മൾ കയ്യുംകെട്ടി നിൽക്കണോ? വിദേശ രാജ്യങ്ങളുമായി ഉറ്റ സൗഹൃദം ഉണ്ടാക്കിയപ്പോഴും അതിർത്തി കാക്കാൻ എങ്ങനെയാണ് മോദിയും അമിത്ഷായും പരാജയപ്പെട്ടത്?

ഇന്ത്യയുടെ അതിർത്തി കടന്നുകയറിയ ശേഷം ഇന്ത്യൻ പട്ടാളക്കാരുടെ തല അറുക്കുന്ന തരത്തിൽ ചൈന അഹങ്കാരികളായി തീർന്നത് എങ്ങനെ? നേപ്പാളിനേയും പാക്കിസ്ഥാനെയും ഇളക്കിവിട്ട ശേഷം ഇന്ത്യയെ മനഃപൂർവ്വം പ്രകോപിപ്പിക്കുമ്പോൾ നമ്മൾ കയ്യുംകെട്ടി നിൽക്കണോ? വിദേശ രാജ്യങ്ങളുമായി ഉറ്റ സൗഹൃദം ഉണ്ടാക്കിയപ്പോഴും അതിർത്തി കാക്കാൻ എങ്ങനെയാണ് മോദിയും അമിത്ഷായും പരാജയപ്പെട്ടത്?

മറുനാടൻ ഡെസ്‌ക്‌

ലഡാക്കിൽ ഇന്ത്യാ-ചൈന അതിർത്തിയിൽ നടക്കുന്നതൊന്നും അത്ര ശുഭകരമായ കാര്യങ്ങളല്ല. ഏതാണ്ട് 45 വർഷങ്ങൾക്ക് ശേഷം ആദ്യമായി ഒരു കേണൽ ഉൾപ്പെടെ മൂന്ന് പട്ടാളക്കാരെ ചൈന വധിച്ചിരികുകയാണ്. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള തർക്കം പോലെ രൂക്ഷമല്ലാതിരുന്ന പഴയ കാലം അവസാനിക്കുകയാണ്. ഏതാനും ആഴ്ചകൾക്ക് മുൻപ് ഏകപക്ഷീയമായി ഇന്ത്യുടെ അതിർത്തിയിലേയ്ക്ക് കടന്നുകയറി ഇന്ത്യയുടെ ഭൂമി സ്വന്തമാക്കി വച്ചിരുന്ന ചൈനയോട് അതേ ഭാഷയിൽ വെല്ലുവിളിക്കാതെ സംയമനത്തിന്റെയും സ്‌നേഹത്തിന്റെയും ഭാഷയിൽ ഇടപെട്ട ഇന്ത്യക്ക് കൊടുത്ത പ്രതിഫലമാണ് ഈ ആക്രമണം എന്നു കണ്ടെത്തേണ്ടിവരും. അതേസമയം ചൈനീസ് പട്ടാളക്കാരും കൊല്ലപ്പെട്ടു എന്ന തരത്തിലുള്ള റിപ്പോർട്ടുകളുണ്ട്. ഇതാരും പക്ഷെ ഔദ്യോഗികമായി സ്തിരീകരിച്ചിട്ടില്ല.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു കേണൽ ഉൾപ്പെടെ മൂന്ന് പട്ടാളക്കാരുടെ ജീവൻ അതിർത്തി കടന്നെത്തിയ ശത്രുരാജ്യം ഇല്ലാതാക്കി എന്നുള്ളത് നിസാരമായ കാര്യമല്ല. ഇനി എന്താണ് അടുത്ത സ്റ്റെപ്പ് എന്നറിയാൻ ഇന്ത്യുടെ വിദേശകാര്യ മന്ത്രിയും പ്രതിരോധമന്ത്രിയും അടക്കമുള്ളവർ സൈനിക തലവന്മാരുമായി കൂടിയാലോചന നടത്തുകയാണ്. അതിർത്തിയിൽ നല്ലത് മാത്രം സംഭവിക്കട്ടെയെന്ന് പ്രാർത്ഥിക്കാൻ മാത്രമെ നമുക്ക് കഴിയു. ആ ധീര ദേശാഭിമാനികളായ ജവാന്മാർക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുന്നു. ഓരോ തുള്ളി ചോരയും നിങ്ങൾ ഈ രാജ്യത്തിന് വേണ്ടി ചെലവാക്കിയെങ്കിൽ അത് വെറുതെയാവില്ല എന്ന് സത്യപ്രതിജ്ഞ ചെയ്യുന്നു.

എന്നാൽ ഒരു കാര്യം ചൂണ്ടിക്കാട്ടാതിരിക്കാൻ വയ്യ. ലോകമെമ്പാടുമുള്ള രാജ്യങ്ങൾ സന്ദർശിക്കുകയും, ലോകരാജ്യങ്ങളുമായി ഉറ്റബന്ധം സ്ഥാപിച്ചെടുക്കുകയും ചെയ്ത മോദി എങ്ങനെയാണ് അതിർത്തികാക്കുന്നതിൽ പരാജയപ്പെട്ടത്. കശ്മീരിനെ പോലും ഇന്ത്യയുടെ സമ്പൂർണ ഭാഗമാക്കുന്നതിന് വേണ്ടി അതിശക്തമായ നിലപാടെടുത്ത അമിത് ഷാ എങ്ങനെയാണ് ഇന്ത്യയുടെ സകല അതിർത്തികളിലും അസ്ഥിരതയുണ്ടാവുന്ന തരത്തിൽ സാഹചര്യമൊരുക്കിയത്. ആലോചിക്കേണ്ടതും ചർച്ച ചെയ്യേണ്ടതുമാണ്. ഇതിന് മുൻപും ഇന്ത്യയുടെ അതിർത്തിയിൽ സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും, യുദ്ധം ഉണ്ടായിട്ടുണ്ടെങ്കിലും ഇന്ത്യയുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്ന തരത്തിൽ മൂന്ന് അയൽ രാജ്യങ്ങൾ നമുക്കെതിരെ തിരിയുന്നത് ആദ്യമായാണ്. നേപ്പാളെന്നത് എക്കാലത്തും ഇന്ത്യയുടെ ഉപഗ്രഹം എന്നതുപോലെ ഉറ്റമിത്രങ്ങളായിരുന്നു. നേപ്പാൾ ജീവിച്ച് പോവുന്നതും മുൻപോട്ട് പോകുന്നതും, വികസനത്തിന്റെ പാത താണ്ടിയതുമൊക്കെ ഇന്ത്യയുടെ ഔദാര്യം കൊണ്ടാണ്. പക്ഷെ ആ നേപ്പാൾ അവരുടെ ഭൂപടം പോലും മാറ്റിയെഴുതി ഇന്ത്യയെ വെല്ലുവിളിച്ചിരിക്കുന്നു.

അതേ സമയം പാക്കിസ്ഥാൻ അവരുടെ പട്ടാളത്തിന്റെ പിന്തുണയോട് കൂടി കശ്മീരിൽ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നു. അതിനിടയിലാണ് ആഴ്ചകൾ നീണ്ട പരിശ്രമങ്ങളെ പാഴാക്കിക്കൊണ്ട് ചൈന ഇന്ത്യയ്‌ക്കെതിരെ അക്രമം അഴിച്ചുവിടുന്നത്. കൊറോണ എന്ന മഹാവ്യാധിയെ നേരിടാൻ ഇന്ത്യയെന്ന് മാത്രമല്ല ലോകം മുഴുവൻ ഒരുമിച്ച് നിൽക്കുമ്പോൾ നമ്മളെ യുദ്ധത്തിന്റെ വഴിയിലേയ്ക്ക് തള്ളിവിട്ടുകൊണ്ടുള്ള ചൈനയുടെ പ്രകോപനം കണ്ടില്ലെന്ന് നടിക്കാനാവില്ല. ലോകരാഷ്ട്രങ്ങളുമായി ബന്ധുത്വം സ്ഥാപിക്കുമ്പോഴും, അയൽ രാജ്യങ്ങളെ നിർത്തേണ്ടിടത്ത് നിർത്താൻ കേന്ദ്രസർക്കാർ പരാജയപ്പെട്ടു എന്നുതന്നെ ചൂണ്ടിക്കാണിക്കേണ്ടിവരും. നേപ്പാളും, ഭൂട്ടാനും, ശ്രീലങ്കയും, മാലി ദ്വീപ്‌സും അടങ്ങിയ ചെറിയ രാജ്യങ്ങളോട് നമ്മൾ കാണിക്കേണ്ടത് വാത്സല്യവും, സ്‌നേഹവും, അനുകമ്പയുമൊക്കെയാണ്. ചൈന കഴുകൻ കണ്ണുമായി ഈ രാജ്യങ്ങളെയൊക്കെ റാഞ്ചിയെടുക്കാൻ പരിസരത്തുണ്ടെയെന്ന് വിചാരമായിരിക്കണമായിരുന്നു നമ്മുടെ വിദേശകാര്യ നയത്തിന്റെ അടിത്തറ.

ഈ രാജ്യങ്ങൾ ചൈനയുടെ സഹായം തേടുന്ന സാഹചര്യം ഒഴിവാക്കുന്നതിന് വേണ്ട ഉത്തരവാദിത്തത്തിൽ വീഴ്ചപറ്റിയതുകൊണ്ടാണോ ഈ രാജ്യങ്ങൾ ഇന്ത്യക്കെതിരെ തിരിഞ്ഞതെന്ന് ആലോചിക്കേണ്ട കാര്യമാണ്. മാലി ദ്വീപിൽ ഭരണമാറ്റം ഉണ്ടായതുകൊണ്ട് നമ്മൾ തല്ക്കാലം രക്ഷപെട്ടെങ്കിലും അതിന് മുൻപേ ആ രാജ്യത്തെ ചൈന പിടിമുറുക്കിക്കഴിഞ്ഞിരിക്കുന്നു. നേപ്പാളിലെ ഇപ്പോഴത്തെ സ്ഥിതിയും സ്‌ഫോടനാത്മകമാണ്. ഈ പശ്ചാത്തലത്തിൽ വേണം ചൈനയുടെ പ്രകോപനമില്ലാത്ത ആക്രമണത്തെക്കുറിച്ച ചർച്ച ചെയ്യാൻ. ചൈനയെപ്പോലെ അതിശക്തമായ ഒരു അയൽ രാജ്യത്തോടെടുക്കുന്ന നിലപാടും, പാക്കിസ്ഥാനോടെക്കുന്ന നിലപാടും രണ്ടായിരിക്കണമെന്ന കാര്യത്തിൽ മോദിക്കും അമിത്ഷാക്കും തെറ്റുപറ്റിയോ?

ചൈനയോട് നമുക്ക് പാക്കിസ്ഥാനെ സമീപിക്കുന്നതുപോലെ അക്രമണോത്സുകമായ ഒരു ഡിപ്ലോമസികൊണ്ട് നേരിടാൻ കഴിയുകയില്ല. ചൈനയെപ്പോഴും നിലക്ക് നിർത്തേണ്ടത് സൗഹൃദവും സ്‌നേഹവും കാണിച്ചും, അമേരിക്കയും ഇസ്രയേലുമടക്കമുള്ള രാജ്യങ്ങളുമായുള്ള ബന്ധം ദൃഢപ്പെടുത്തിയുമാണ്. ഇന്ത്യയെ ഒരു കാരണവുമില്ലാതെ ചൈന പ്രകോപിപ്പിക്കുമ്പോൾ ഇന്ത്യൻ സേനയിലെ മൂന്നുപേരുടെ ജീവൻ എടുക്കുമ്പോൾ നമുക്ക് കൈനീട്ടാനും, കണ്ണുയർത്തി നോക്കാനും രണ്ട് രാജ്യങ്ങൾ മാത്രമെ ബാക്കിയുള്ളു. അമേരിക്കയും, ഇസ്രയേലും. ആ രണ്ട് രാജ്യങ്ങളുടെ സഹായത്തോടെ, അവരുടെ കരുതലുള്ള ഇടപെടലോടെ വേണം ഇതിനെ നേരിടാൻ. അതേ സമയം റഷ്യ നമുക്ക് എതിരാവുന്നില്ല എന്നുറപ്പിക്കുകയും വേണം. ലോകമെമ്പാടും നടന്ന് സൗഹൃദം സ്ഥാപിക്കുമ്പോൾ മോദിയും അമിത്ഷായും ഇക്കാര്യത്തിൽ വീഴ്ച കാണിച്ചു എന്ന് സംശയിക്കേണ്ട സാഹചര്യമാണുള്ളത്. അല്ലെങ്കിൽ പിന്നെങ്ങനെയാണ് ഒരേ സമയം പാക്കിസ്ഥാനും, നേപ്പാളും, ചൈനയും ഇന്ത്യക്കെതിരാവുന്നത്.

ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യേണ്ട സമയമല്ല ഇതെന്നതാണ് വാസ്തവം. ഇന്ത്യയുടെ അഖണ്ഡതയ്ക്കും ഐക്യത്തിനും എതിര് നിൽക്കുന്നത് എത്ര ശക്തമായ രാജ്യമാണെങ്കിലും അതേ നാണയത്തിൽ തിരിച്ചടിച്ചുകൊണ്ട് ഇന്ത്യയുടെ ആത്മാഭിമാനം നിലനിർത്താൻ നമുക്ക് കരുത്തുണ്ട്. കരുത്തുണ്ടാവണം. പതുങ്ങി പിറകോട്ട് മാറുന്ന ഇന്ത്യ ലോകത്തിന് നൽകുന്ന സന്ദേശം ഭയത്തിന്റെയും ആശങ്കയുടെതുമാണ്. മൂന്ന് പട്ടാളക്കാരുടെ ജീവൻ എടുത്തെങ്കിൽ അതിന് മറുപടി പറയേണ്ട ബാധ്യത ഇന്ത്യൻ ഭരണകൂടത്തിനുണ്ട്. സംയമനം പാലിച്ചുകൊണ്ട് തന്നെ ചൈനയെ പിന്തിരിപ്പിക്കുന്നതിനും, അവരുടെ അക്രമനയം അവസാനിപ്പിക്കുന്നതിനും ഇന്ത്യ മുൻകൈയെടുക്കണം. ഈ സമയത്ത് ഭിന്നത മറന്നുകൊണ്ട് എല്ലാ രാഷ്ട്രീയക്കാരും ഒരുമിച്ച് നിൽക്കട്ടെ! ഇന്ത്യയെന്ന ഒറ്റ വികാരത്തിന് മുൻപിൽ രാഷ്ട്രീയമോ, മതമോ ആവശ്യമില്ലായെന്ന് ഓർക്കുക. നമുക്ക് ഏറ്റവും വലുത് ഇന്ത്യയാണ്. ഇന്ത്യയില്ലാതെ നമ്മുടെ മതമില്ല, രാഷ്ട്രീയമില്ല. ഈ പ്രതിസന്ധിയെ മറികടക്കാൻ നമ്മുടെ ഭരണകൂടത്തിന് കഴിയട്ടെ! ഉറച്ച നിലപാടോടെ ചൈനയെ നിലക്ക് നിർത്താൻ ഇന്ത്യാമഹാരാജ്യത്തിന് കഴിയട്ടെ എന്ന് പ്രാർത്ഥിക്കാം. ആശംസിക്കാം..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP