Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പൗരത്വ ഭേദഗതി നിയമം ഭരണഘടനക്കും മുസ്ലിം സമൂഹത്തിനും ഭീഷണിയാണോ? മറുനാടൻ മലയാളി സംവാദത്തിൽ പങ്കെടുക്കുന്നത് ശ്രീജിത്ത് പണിക്കരും ജ്യോതികുമാർ ചാമക്കാലയും അനിൽ അക്കരയും വി വി രാജേഷും; പരിപാടി ഫേസ്‌ബുക്കിലും യൂ ട്യൂബിലുമായി ലൈവായി സംപ്രേഷണം ചെയ്യും; ഇതോടൊപ്പം നടക്കുന്ന ചടങ്ങിൽ നിർധനക്ക് മറുനാടൻ കുടുംബം 45 ലക്ഷവും നൽകുന്നു; നാളെ തിരുവനന്തപുരം അയ്യൻകാളി ഹാൾ വേദിയാകുന്നത് അറിവും കാരുണ്യവും ഒത്തുചേരുന്ന വേറിട്ട അനുഭവത്തിന്

പൗരത്വ ഭേദഗതി നിയമം ഭരണഘടനക്കും മുസ്ലിം സമൂഹത്തിനും ഭീഷണിയാണോ? മറുനാടൻ മലയാളി സംവാദത്തിൽ പങ്കെടുക്കുന്നത് ശ്രീജിത്ത് പണിക്കരും ജ്യോതികുമാർ ചാമക്കാലയും അനിൽ അക്കരയും വി വി രാജേഷും; പരിപാടി ഫേസ്‌ബുക്കിലും യൂ ട്യൂബിലുമായി ലൈവായി സംപ്രേഷണം ചെയ്യും; ഇതോടൊപ്പം നടക്കുന്ന ചടങ്ങിൽ നിർധനക്ക് മറുനാടൻ കുടുംബം 45 ലക്ഷവും നൽകുന്നു; നാളെ തിരുവനന്തപുരം അയ്യൻകാളി ഹാൾ വേദിയാകുന്നത് അറിവും കാരുണ്യവും ഒത്തുചേരുന്ന വേറിട്ട അനുഭവത്തിന്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നാളെ തിരുവനന്തപുരം അയ്യങ്കാളി ഹാൾ (പഴയ വിജെടി ഹാൾ) വേദിയാവുന്നത് അപൂർവ്വമായ ഒരു ചടങ്ങിനാണ്. അറിവും കാരുണ്യവും സമ്മേളിക്കുന്ന ഒരു ചടങ്ങ്. മറുനാടൻ മലയാളി കുടുംബത്തിലെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നിർധനർക്ക് 45 ലക്ഷത്തോളം രൂപയുടെ ധനസഹായം നൽകുന്ന ചടങ്ങും, പൗരത്വഭേദഗതി നിയമം സംബന്ധിച്ച ചർച്ചയും അടക്കം വിവിധ പരിപാടികളാണ്‌ നടക്കുക. രാവിലെ 10 മണിമുതൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വ്യവസായ മന്ത്രി ഇ പി ജയരാജൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഒ രാജഗോപൽ എം എൽഎ തുടങ്ങി സാമൂഹിക- സാംസ്കാരിക- രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും. 'പൗരത്വ ഭേദഗതി നിയമം: ശരിയോ? തെറ്റോ?' എന്ന വിഷയത്തിലാണ് നടക്കുന്ന സംവാദം രാവിലെ 10 മണിക്ക് തുടങ്ങും. കോൺഗ്രസ് എംഎൽഎ അനിൽ അക്കര, കെപിസിസി ജനറൽ സെക്രട്ടറി ജ്യോതികുമാർ ചാമക്കാല, ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി വി രാജേഷ്, സാമൂഹ്യ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ തുടങ്ങിയവരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. പരിപാടി മറുനാടൻ മലയാളിയുടെ ഫേസ്‌ബുക്ക്  യു ട്യൂബ് പേജുകളിലായി തൽസമയം സംപ്രേഷണം ചെയ്യും. തുടർന്ന് 11. 30നാണ് ആവാസിന്റെ ഉദ്ഘാടനവും നഴ്‌സിങ് സ്‌കോളർഷിപ്പ് വിതരണവും നടക്കുക.

നഴ്‌സിങ് പഠനം പൂർത്തിയാക്കാൻ വിഷമിക്കുന്ന 200 വിദ്യാർത്ഥികൾക്കും രോഗബാധിതരായ അഞ്ച് പേർക്കുമാണ് സഹായം നൽകുന്നത്. മറുനാടന്റെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനും ആവാസും ചേർന്നു ശേഖരിച്ച 45 ലക്ഷത്തിൽ അധികം തുകയാണ് വിതരണം ചെയ്യുന്നത്.മൂന്ന് നഴ്‌സിങ് വിദ്യാർത്ഥികൾക്ക് 50,000 രൂപ വീതവും, 197 നഴ്‌സിങ് വിദ്യാർത്ഥികൾക്ക് 20,000 രൂപ വീതവും നൽകുന്നതിനൊപ്പം മറ്റൊരു നിവൃത്തിയുമില്ലാത്ത അഞ്ച് പാവപ്പെട്ട രോഗികൾക്ക് ഓരോ ലക്ഷം വീതവും നൽകുന്നുണ്ട്. ഈ ചടങ്ങുകൾക്കൊപ്പം ആവാസ് എന്ന മറുനാടന്റെ ഔദ്യോഗിക ചാരിറ്റി സംഘടനയുടെ ഉദ്ഘാടനവും നടക്കും. പത്തനാപുരം ഗാന്ധി ഭവൻ സ്ഥാപകനും സെക്രട്ടറിയുമായ പുനലൂർ സോമരാജനെ ആദരിക്കുന്ന ചടങ്ങും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്.

ഈ ചടങ്ങുകളുടെ ഉദ്ഘാടനം നിർവ്വഹിക്കുന്നത് വ്യവസായ മന്ത്രി ഇ പി ജയരാജനാണ്. തിരുവനന്തപുരം കോർപ്പറേഷൻ മേയർ കെ ശ്രീകുമാർ അധ്യക്ഷത വഹിക്കും. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ വഴിയും ആവാസ് വഴിയും ശേഖരിച്ച ധനസഹായമാണ് വിതരണം ചെയ്യുന്നത്. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ വഴിയും മറുനാടന്റെ ആവാസ് വഴിയും ശേഖരിച്ച പണമാണ് പൂർണമായും വിതരണം ചെയ്യുന്നത്. ചടങ്ങുകളുടെ ചെലവ് അടക്കമുള്ളവ വഹിക്കുന്നത് മറുനാടൻ മലയാളിയാണ്.

മറുനാടൻ മലയാളിയുടെ നേതൃത്വത്തിൽ തുടങ്ങുന്ന സന്നദ്ധ സംഘടനയായ ആവാസിന്റെ ഔദ്യോഗിക ഉദ്ഘാടനവും ഇതോടൊപ്പം നടക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ആവാസിന്റെ ഉദ്ഘാടനം നിർവ്വഹിക്കുക. മറുനാടൻ ചെയർമാൻ ഷാജൻ സ്‌കറിയയാണ് ആവാസിന്റെ ചെയർമാൻ സ്ഥാനത്ത്. ചികിത്സാ ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നത് നേമം എംഎൽഎയും മുതിർന്ന ബിജെപി നേതാവുമായ ഒ രാജഗോപാലാണ്. നഴ്‌സിങ് വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പ് വിതരണം കൃഷി മന്ത്രി വി എസ് സുനിൽകുമാർ നിർവ്വഹിക്കും.ചടങ്ങിൽ പത്താനാപുരം സ്‌നേഹഭവൻ സ്ഥാപകൻ പുനലൂർ സോമരാജനെയും ആദരിക്കും. അനവധി നിരാലംബർക്ക് ആശ്വാസം അരുളുന്ന സ്ഥാപനത്തിന് തുടക്കമിട്ട വ്യക്തിയാണ് സോമരാജൻ. ഭൂമിയിലെ സ്വർഗ്ഗം തന്നെയാണ് ഈ സ്ഥാപനം

മറുനാടൻ മലയാളിയുടെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളിയുമായി ചേർന്നാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ തുടങ്ങിയത്. കോടിക്കണക്കിന് രൂപ ഈ ചാരിറ്റി ഫൗണ്ടേഷൻ വഴി സാധുക്കൾക്ക് വിതരണം ചെയ്യാൻ സാധിച്ചിട്ടുണ്ട്. ഷാജി ലൂക്കോസാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റബിൾ സൊസൈറ്റിയുടെ ചെയർമാൻ.നഴ്സിങ് പഠിക്കാൻ ചേർന്ന പാവപ്പെട്ട വിദ്യാർത്ഥി വിദ്യാർത്ഥിനികളെ സഹായിക്കാനായി ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനും മറുനാടന്റെ മുൻകൈയിൽ പ്രവർത്തിക്കുന്ന ആവാസ് എന്ന ചാരിറ്റി സംഘടനയും ചേർന്ന് സംഘടിപ്പിക്കുന്ന ധനസഹായ ദൗത്യത്തിലേക്ക് നിരവധി പേരാണ് സഹായം എത്തിച്ചത്. ആവാസ് വഴിയുള്ള അപ്പീൽ 3.30 ലക്ഷം രൂപയാണ് ശേഖരിക്കാൻ സാധിച്ചത്. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ വഴി 40 ലക്ഷത്തോളം രൂപയും ലഭിച്ചു. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ 2019 ഒക്ടോബർ മാസത്തിൽ ബ്രിട്ടനിലെ സോൾസ്ബറിയിലും കേംബ്രിഡ്ജിലുമായി നടന്ന ആകാശച്ചാട്ടം വഴി സ്വരൂപിച്ച പണവുമാണ് വിതരണം ചെയ്യുന്നത്.

200 അപേക്ഷകളിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട 100 കുട്ടികളാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ പിതാവിനെ നഷ്ടപ്പെട്ടവർ 90 ഉം മാതാവിനെ നഷ്ടപ്പെട്ടവർ എട്ടും പിതാവും മാതാവുമില്ലാത്തവർ രണ്ടു പേരുമാണ്. പിതാവ് ഉപേക്ഷിച്ചവരായി അഞ്ചുകുട്ടികളുമുണ്ട്. വിവാഹ ബന്ധം വേർപെടുത്തിയ മാതാപിതാക്കൾ ഉള്ളവർ നാലു പേരാണ്. ഇവരിൽ എല്ലാവരും ഇപ്പോൾ കഴിയുന്നത് മാതാവിന്റെ സംരക്ഷണയിലുമാണ്.

കൂടാതെ, അപകടവും സ്‌ട്രോക്ക് പോലെയുള്ള അസുഖങ്ങൾ വന്ന് തളർന്നു കിടപ്പിലായവർ, ഭിന്നശേഷിയുള്ളവർ, അംഗവൈകല്യങ്ങൾ സംഭവിച്ചവർ, മാനസിക രോഗങ്ങളും കിഡ്‌നി, ഹൃദ്രോഗം, ക്യാൻസർ പോലുള്ള തുടങ്ങിയ മാരകരോഗങ്ങൾ ബാധിച്ചവർ, ബധിരർ, മൂകർ, അന്ധർ തുടങ്ങിയവ മാതാപിതാക്കളുള്ള തിരഞ്ഞെടുക്കപ്പെട്ട അപേക്ഷകർ 30 പേരാണ്. സ്വന്തമായി സ്ഥലമോ വീടോ, ഇത് രണ്ടുമോ ഇല്ലാത്തവർ 50 പേരും ലോൺ എടുത്ത തുക തിരിച്ചടയ്ക്കാൻ സാധിക്കാത്തതിനാൽ ബാങ്ക് ജപ്തിയും കിടപ്പാടത്തിന് റവന്യൂ റിക്കവറി നടപടികളും നേരിടുന്നവർ അഞ്ചു പേരുമുണ്ട്. സ്‌കൈഡൈവേഴ്‌സ്, ഈ അപ്പീലിലേയ്ക്ക് സംഭാവന നൽകിയവർ, വായനക്കാർ, ട്രസ്റ്റി/അഡ്വ കമ്മിറ്റി അംഗങ്ങൾ, സ്‌പോൺസേഴ്‌സ് തുടങ്ങിയവർ നിർദ്ദേശിച്ച നിർധനരായവർ എന്നിവരെ കൂടി ചേർത്താണ് 200 പേരെ തെരഞ്ഞെടുത്തിരിക്കുന്നത്.

പൗരത്വ ഭേദഗതി നിയമത്തിൽ ഭരണഘടനക്കും മുസ്ലിം സമൂഹത്തിനും ഭീഷണിയാണോ, അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും പറയുന്നതിലെ നിജസ്ഥിതി എന്താണ്, തുടങ്ങിയ വിഷയത്തിൽ തുറന്ന ചർച്ചകൾക്ക് വേദി ഒരുക്കാനാണ് മറുനാടൻ ശ്രമിക്കുന്നത്. അടുത്തകാലത്തായി ഈ വിഷയത്തിൽ ചാനൽ ചർച്ചകളിൽ സജീവമായി പങ്കെടുക്കുന്നവരാണ് ഇവർ. ഈ വിഷയത്തിൽ കൂടുതലായി പഠിച്ച് അഭിപ്രായം പറയുന്ന സ്വതന്ത്ര ചിന്തകൻ കൂടിയായ ശ്രീജിത്ത് പണിക്കരുടെ സാന്നിധ്യവും വിഷയത്തെ കൂടുതൽ ആഴത്തിൽ അറിയാൻ ഉപകരിക്കും. സംവാദത്തിൽ പങ്കെടുക്കുന്ന പ്രേക്ഷകർക്കും ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരവും ഇതോടൊപ്പം ഒരുക്കുന്നതാണ്.

കേരളത്തിൽ അടുത്തകാലത്തായി ഏറ്റവും സജീവമായി ചർച്ച ചെയ്ത വിഷയം എന്ന നിലയിൽ കൂടിയാണ് പൗരത്വ വിഷയത്തെ കുറിച്ച് തുറന്ന സംവാദം മറുനാടൻ സംഘടിപ്പിക്കുന്നത്. ഈ വിഷയത്തിൽ വിശദമായ ചർച്ചകൾ നടക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. പൗരത്വ നിയമം ആർട്ടിക്കിൾ 14ന്റെ ലംഘനമാണ് എന്ന ആരോപണം അടക്കം ഉയർന്നിരുന്നു. ഈ വാദം വിവിധ കോണുകളിൽ നിന്നും ഉയരുകയും ചെയ്യുന്നുണ്ട്. നിയമത്തിനെതിരെ നിരവധി ഹർജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിൽ നിൽക്കുന്നത്. ഈ വിഷയങ്ങളൊക്കെ സംവാദത്തിൽ ചർച്ചയാവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP