Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പത്തു വർഷം മുമ്പ് യുകെയിൽ എത്തിയത് നഴ്സായ ഭാര്യയ്ക്കു ജോലി ലഭിക്കുമെന്ന് കരുതി; വിസാ പ്രശ്നങ്ങളിൽ കുരുങ്ങി താൽക്കാലിക ജോലികൾ ചെയ്തു ജീവിക്കുന്നതിനിടയിൽ മോട്ടോർ ന്യൂറോ ഡിസീസ് ബാധിച്ചു ഭർത്താവ്; വർഷങ്ങൾ നീണ്ട യാതനകൾക്കൊടുവിൽ അന്ത്യശ്വാസം വലിക്കും മുമ്പ് ചാക്കോച്ചൻ പറഞ്ഞു- എന്റെ മൃതദേഹം നാട്ടിൽ സംസ്‌കരിക്കണം; സഹായം തേടി എത്തിയ യുവതിക്ക് മറുനാടൻ കുടുംബം നൽകിയത് 18.5 ലക്ഷം രൂപ: മറുനാടന്റെ സഹോദര സ്ഥാപനം മറ്റൊരു കുടുംബത്തിനു കൂടി വിളക്കായപ്പോൾ

പത്തു വർഷം മുമ്പ് യുകെയിൽ എത്തിയത് നഴ്സായ ഭാര്യയ്ക്കു ജോലി ലഭിക്കുമെന്ന് കരുതി; വിസാ പ്രശ്നങ്ങളിൽ കുരുങ്ങി താൽക്കാലിക ജോലികൾ ചെയ്തു ജീവിക്കുന്നതിനിടയിൽ മോട്ടോർ ന്യൂറോ ഡിസീസ് ബാധിച്ചു ഭർത്താവ്; വർഷങ്ങൾ നീണ്ട യാതനകൾക്കൊടുവിൽ അന്ത്യശ്വാസം വലിക്കും മുമ്പ് ചാക്കോച്ചൻ പറഞ്ഞു- എന്റെ മൃതദേഹം നാട്ടിൽ സംസ്‌കരിക്കണം; സഹായം തേടി എത്തിയ യുവതിക്ക് മറുനാടൻ കുടുംബം നൽകിയത് 18.5 ലക്ഷം രൂപ: മറുനാടന്റെ സഹോദര സ്ഥാപനം മറ്റൊരു കുടുംബത്തിനു കൂടി വിളക്കായപ്പോൾ

മറുനാടൻ ഡെസ്‌ക്‌

മാധ്യമ പ്രവർത്തനം എന്നാൽ കേവലം പേന ഉന്തൽ മാത്രമല്ലെന്നു കരുതുന്ന മറുനാടൻ മലയാളി ടീം വർഷങ്ങളായി നടത്തുന്ന സാമൂഹ്യ ഇടപെടലിനു മറ്റൊരു ഉദാഹരണം കൂടി. നല്ല ജീവിതം സ്വപ്‌നം കണ്ടു ബ്രിട്ടനിൽ ജോലി തേടി എത്തിയെങ്കിലും വിസാ കുരുക്കിൽ പെട്ടു പോയ കുടുംബത്തിലെ നാഥൻ അകാലത്തിൽ മരിച്ചപ്പോൾ മൃതദേഹം നാട്ടിൽ എത്തിക്കാനും മക്കളുടെ പഠനത്തിനുമായി മറുനാടന്റെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളി ശേഖരിച്ചു നൽകിയത് 18.5 ലക്ഷം രൂപയാണ്. തൃശ്ശൂരിലെ ചാലക്കുടിക്കടുത്ത് മേലൂർ വടക്കൻ വീട്ടിൽ ചാക്കോച്ചന്റെ വിധവയ്ക്കും രണ്ടു കുട്ടികൾക്കുമാണ് ഈ കാശു നൽകിയത്.

മറുനാടന്റെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളിയുടെ നേതൃത്വത്തിൽ നടത്തുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ആണ് ബ്രിട്ടനിലെ വായനക്കാരിൽ നിന്നും കാശു ശേഖരിച്ചു നൽകിയത്. വായനക്കാർ 16936.5 പൗണ്ട് നൽകിയപ്പോൾ ബ്രിട്ടീഷ് സർക്കാർ നൽകുന്ന നികുതി ഇളവായ 3538 പൗണ്ടു കൂടി ചേർത്ത് മുഴുവൻ തുകയും ഈ കുടുംബത്തിനു കൈമാറുക ആയിരുന്നു. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനും മറ്റുമുള്ള ചെലവുകൾ കിഴിച്ചുള്ള തുക മക്കളുടെ പേരിൽ ഫിക്‌സഡ് ഡിപ്പോസിറ്റ് ഇടുമെന്നാണ് കുടുംബം ബ്രിട്ടീഷ് മലയാളിയെ അറിയിച്ചത്.

ചാക്കോച്ചന്റെ ദുരന്തം ആരെയും വേദനിപ്പിക്കുന്നത്
10 കൊല്ലം മുമ്പാണ് തൃശൂർ സ്വദേശിയായ ചാക്കോച്ചനും ഭാര്യ ദീപയും ബ്രിട്ടനിലേക്ക് എത്തിയത്. നഴ്സിങ് പഠനം പൂർത്തിയാക്കിയിരുന്ന ദീപയ്ക്ക് ഒരു മികച്ച ജോലി കണ്ടെത്തി ജീവിതം കരകയറ്റാം എന്നാഗ്രഹിച്ചായിരുന്നു വിമാനം കയറിയത്. എന്നാൽ ബ്രിട്ടനിൽ എത്തിയപ്പോൾ കാര്യങ്ങളൊന്നും വിചാരിച്ചതു പോലെ ആയിരുന്നില്ല. വിസാ പ്രശ്നങ്ങൾ കാരണം പി ആർ ലഭിക്കുകയോ കൃത്യമായ ഒരു ജോലി ലഭിക്കുകയോ ചെയ്തില്ല.

ഒരു നഴ്സിങ് ഹോമിൽ താൽക്കാലിക ജോലി ചെയ്തിരുന്നുവെങ്കിലും വിസാ കാലാവധി തീർന്നപ്പോൾ അവിടെ തുടരുവാൻ സാധിച്ചില്ല. ചാക്കോച്ചന്റെയും ദീപയുടെയും ഈ കഷ്ടകാലം ചൂഷണം ചെയ്യുവാൻ റിക്രൂട്ട് ഏജന്റുമാരും എത്തിയതോടെ അവരുടെ ചതിയിൽ പെട്ട് വലിയൊരു തുകയും ചെലവാക്കേണ്ടതായും വന്നു. ഇതിനിടയിലൊക്കെ, താൽക്കാലികമായി നഴ്സിങ് ഹോമുകളിൽ ചെയ്തു വന്നിരുന്ന ദീപയുടെ ജോലിയും ചാക്കോച്ചന്റെ ചെറിയൊരു ജോലിയും ആയിരുന്നു രണ്ടു പെൺ മക്കൾ കൂടി അടങ്ങുന്ന ഈ കുടുംബത്തെ മുന്നോട്ടു നയിച്ചത്.

എന്നാൽ, മൂന്നു വർഷം മുൻപാണ് ശരീരത്തിലെ ഞരമ്പുകളെ ബാധിക്കുന്ന മോർട്ടൺ ന്യൂറോ ഡിസീസ് എന്ന അസുഖം ബാധിച്ചു ചാക്കോച്ചൻ കിടപ്പിലായത്. ഞരമ്പുകളെ ബാധിക്കുന്ന അസുഖമാണ് മോർട്ടൺ ന്യൂറോ. കൈയ്ക്ക് ആണ് ആദ്യം ബലക്ഷയം വന്നത്. പിന്നീടത് ശരീരമാകെ ബാധിക്കുകയായിരുന്നു. കഴിഞ്ഞ ഒരു വർഷത്തോളമായി മുഴുവനായും കിടപ്പിലായിരുന്നു ചാക്കോച്ചൻ. ട്യൂബു വഴിയും പരസഹായത്തോടെയും ആയിരുന്നു കാര്യങ്ങളെല്ലാം ചെയ്തു കൊണ്ടിരുന്നത്. ചാക്കോച്ചന്റെ കാര്യങ്ങൾ ശ്രദ്ധിക്കുവാനും മക്കളെ നോക്കുവാനും എപ്പോഴും ഒരാൾ വീട്ടിലുണ്ടാകണമെന്ന സ്ഥിതി ആയതോടെ ദീപയ്ക്ക് ഉള്ള ജോലി കൂടി ഉപേക്ഷിക്കേണ്ടതായി വന്നു.

വീട്ടിൽ ഒരുക്കിയ പ്രത്യേക ആം ചെയറിൽ ഓക്‌സിജൻ സിലിണ്ടറിന്റെ സഹായത്തോടെ ആയിരുന്നു ചാക്കോച്ചന്റെ ജീവിതം കഴിഞ്ഞ രണ്ട് വർഷത്തോളമായി മുൻപോട്ട് പോയികൊണ്ടിരുന്നത്. കിടന്നാൽ ശ്വസിക്കാൻ തടസം ഉണ്ടായിരുന്നു. ചാക്കോച്ചന്റെ അസുഖവും കുടുംബത്തിന്റെ ദയനീയാവസ്ഥയും പരിഗണിച്ച് ഹോം ഓഫീസ് ഇക്കഴിഞ്ഞയിടെ ഇവരുടെ വിസ ഡിസംബർ 2020 വരെ പുതുക്കി നൽകുകയും ചെയ്തിരുന്നു. ചാക്കോച്ചന്റെ അസുഖവും വിസാ- ജോലിപ്രശ്നങ്ങൾ കൊണ്ടും കഴിഞ്ഞ കുറെ വർഷങ്ങളായി ഈ കുടുംബം വളരെ വിഷമഘട്ടങ്ങളിൽ കൂടി കടന്നു പോകുകയായിരുന്നു.

ഒടുവിൽ അസുഖം മൂർച്ഛിച്ച് ചാക്കോച്ചനെ തേടി മരണം എത്തിയപ്പോൾ ചാക്കോച്ചന്റെ ആഗ്രഹങ്ങൾ സാധിക്കുന്നതിനുള്ള നെട്ടോട്ടത്തിലായി ദീപ. മരിക്കും മുൻപ് അച്ഛനെയും അമ്മയെയും കാണണം എന്ന് പറഞ്ഞപ്പോൾ ഇല്ലാത്ത കടം വാങ്ങി അവരെ ബ്രിട്ടനിൽ എത്തിച്ചു. അവരുടെ കൺമുൻപിൽ വച്ചു മരണത്തിനു ചാക്കോച്ചനെ വിട്ടു നൽകിയാണ് ആദ്യപ്രതിജ്ഞ ദീപ നിറവേറ്റിയത്. തന്റെ മൃതദേഹം നാട്ടിൽ അടക്കണം എന്നതായിരുന്നു ചാക്കോച്ചന്റെ രണ്ടാമത്തെ ആഗ്രഹം.

ചുറ്റിനും കടത്തിന്റെ കാണാക്കയങ്ങൾ മാത്രം പല്ലിളിച്ച് നിൽക്കുമ്പോൾ മൃതദേഹം നാട്ടിൽ എത്തിക്കാനും ദീപയ്ക്കും രണ്ടു പെൺമക്കൾക്കും മാതാപിതാക്കൾക്കും ടിക്കറ്റ് എടുക്കുന്നതിനുമായി വൻ തുകയും ആവശ്യമായി വന്നു. ജോലിയില്ലാതെ കഴിച്ചുകൂട്ടിയ നാളുകളും കൂട്ടുകാരും നാട്ടുകാരും നൽകിയ സഹായവും മാത്രമായിരുന്നു ദീപയുടെ സമ്പാദ്യം. ആ സാഹചര്യത്തിലാണ് ബ്രിട്ടീഷ് മലയാളി വായനക്കാരോട് ദീപ സഹായം ചോദിച്ച് ധനസമാഹരണം നടത്തിയത്. ഇങ്ങനെ സമാഹരിച്ച 18.5 ലക്ഷം രൂപയുടെ ചെക്ക് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ സെക്രട്ടറി ജോർജ്ജ് എടത്വാ ദീപയ്ക്ക് കൈമാറി. ചാക്കോച്ചന്റെ മൃതദേഹം നാട്ടിലെത്തിക്കുകയും സംസ്‌കരിക്കുകയും ചെയ്തു. ബാക്കി തുക രണ്ടു പെൺമക്കളുടെയും ഭാവി പഠനത്തിനായി ഉപയോഗിക്കുമെന്ന് ദീപ അറിയിച്ചു.

ബ്രിട്ടീഷ് മലയാളി ഇതുവരെ നൽകിയത് ആറു കോടിയിലേറെ തുക
മറുനാടന്റെയും ബ്രിട്ടീഷ് മലയാളിയുടെയും സ്ഥാപക എഡിറ്ററായ ഷാജൻ സ്‌കറിയ ചെയർമാനായി 2012ൽ തുടങ്ങിയതാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ. ആറു വർഷം മുൻപ് തുടങ്ങിയ ചാരിറ്റി ഫൗണ്ടേൻ ഇതുവരെ ആറു കോടിയിൽ അധികം രൂപയാണ് പാവപ്പെട്ട രോഗികൾക്കും വിദ്യാഭ്യാസ ധനസഹായം ആവശ്യമുള്ളവർക്കും പ്രകൃതി ദുരന്തം സംഭവിച്ചപ്പോഴുള്ള ധനസഹായമായും വിതരണം ചെയ്തത്. കേരളം നേരിട്ട വെള്ളപ്പൊക്ക ദുരന്തത്തെ തുടർന്ന് ഒരു കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ധനസഹായ നിധിയിലേക്ക് സംഭാവന ചെയ്തത്.

നാട്ടിലുള്ള പാവപ്പെട്ട രോഗികൾക്ക് ചികിത്സാസഹായം നൽകുകയാണ് പ്രധാന പദ്ധതി. സഹായം ആവശ്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുകയും അവ കൃത്യമായി പരിശോധിച്ച് സഹായം ആവശ്യമുള്ളവരാണെന്ന് പൂർണമായും ബോധ്യപ്പെടുകയും ചെയ്ത ശേഷമാണ് ഫണ്ട് ശേഖരണം നടക്കുന്നത്. യുകെയിലെ മലയാളികൾ മരിച്ചാൽ, ഒരു അപേക്ഷ നൽകിയാൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് വഹിക്കുന്നതും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ആണ്. ഇചതു കൂടാതെ, കോട്ടയത്തെ കുട്ടികളുടെ ആശുപത്രി, പത്തനാപുരം ഗാന്ധിഭവൻ തുടങ്ങിയ സ്ഥാപനങ്ങളും സഹായം കൈപ്പറ്റിയിട്ടുള്ളവയിൽ പെടും.

വിർജിൻ മണി ലിങ്ക് വഴിയും ബാങ്ക് അക്കൗണ്ടിലൂടെയും ആണ് ധനസമാഹരണം നടത്തുന്നത്. ഇതുവഴി ലഭിക്കുന്നതും ചെലവാക്കിയതുമായ ഓരോ പൗണ്ടിന്റെയും കണക്കുകൾ അടങ്ങിയ ബാങ്ക് സ്റ്റേറ്റ്മെന്റ് ഫൗണ്ടേഷൻ വെബ്സൈറ്റിലും ബ്രിട്ടീഷ് മലയാളിയും പ്രസിദ്ധീകരിച്ചു പൂർണമായും സുതാര്യമായുമാണ് ഈ ട്രസ്റ്റിന്റെ പ്രവർത്തനം നടക്കുന്നത്. ബ്രിട്ടീഷ് മലയാളി വായനക്കാരിൽ നിന്നും പണം ശേഖരിച്ചു അത് മുഴുവൻ കൈമാറുകയാണ് ഫൗണ്ടേഷന്റെ രീതി. ഫൗണ്ടേഷൻ പ്രവർത്തന ചെലവുകൾ ട്രസ്റ്റികൾ സ്വന്തം പോക്കറ്റിൽ നിന്നും എടുക്കുകയാണ് പതിവ്.

ബ്രിട്ടീഷ് മലയാളി ടീം അംഗങ്ങളും യുകെയിലെ സാമൂഹ്യ പ്രവർത്തകരും ട്രസ്റ്റികളായ 12 അംഗ ടീമാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ. ബ്രിട്ടീഷ് ചാരിറ്റി കമ്മീഷന്റെ നിയമങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്ന ചാരിറ്റി ഫൗണ്ടേഷൻ നടത്തിയ ഏതെങ്കിലും രണ്ട് അപ്പീലുകളിൽ ഫണ്ട് നൽകിയിട്ടുള്ള ആർക്കും ഇതിൽ അംഗങ്ങളാകാം. രണ്ട് തവണ എങ്കിലും ഫണ്ട് നൽകുന്നവർ അപേക്ഷാഫോം പൂരിപ്പിച്ച് നൽകിയാൽ സ്വാഭാവികമായും ചാരിറ്റി ഫൗണ്ടേഷൻ അംഗങ്ങളാവുകയാണ്. അവർക്ക് വാർഷിക പൊതുയോഗത്തിൽ പങ്കെടുക്കാവുന്നതും താൽപര്യമുണ്ടെങ്കിൽ ട്രസ്റ്റിമാരാകാവുന്നതുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP