Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'കടവുളില്ലെ, കടവുളില്ലൈ, കടവുൾ ഇല്ലവേ ഇല്ലൈ' എന്ന് സധൈര്യം പറഞ്ഞ പെരിയാറിന്റെ നാട്ടിൽ ഇപ്പോൾ രാഷ്ട്രീയ ആയുധമാകുന്നത് മുരുകനും മനുസ്മൃതിയും; ബിജെപിയുടെ വെട്രിവേൽ യാത്ര തമിഴകത്തെ രഥ യാത്ര; തമിഴ്‌നാട് പിടിക്കാനുള്ള ബിജെപി നീക്കം വിജയിക്കുമോ?

'കടവുളില്ലെ, കടവുളില്ലൈ, കടവുൾ ഇല്ലവേ ഇല്ലൈ' എന്ന് സധൈര്യം പറഞ്ഞ പെരിയാറിന്റെ നാട്ടിൽ ഇപ്പോൾ രാഷ്ട്രീയ ആയുധമാകുന്നത് മുരുകനും മനുസ്മൃതിയും; ബിജെപിയുടെ വെട്രിവേൽ യാത്ര തമിഴകത്തെ രഥ യാത്ര; തമിഴ്‌നാട് പിടിക്കാനുള്ള ബിജെപി നീക്കം വിജയിക്കുമോ?

എം മാധവദാസ്

'കടവുളില്ലെ, കടവുളില്ലൈ, കടവുൾ ഇല്ലവേ ഇല്ലൈ'...( ദൈവം ഇല്ല) 1950കളിൽ ഇതു പറഞ്ഞുകൊണ്ടാണ് ആയിരക്കണക്കിന് ജനങ്ങളെ സാക്ഷിയാക്കി 'തന്തൈ പെരിയാർ' എന്ന് തമിഴ് മക്കൾ ആദരപൂർവം വിളിക്കുന്ന ഇ വി രാമസ്വാമി നായ്ക്കർ മനുസ്മൃതിയും ഗീതയും അഗ്നിക്ക് ഇരയാക്കിയത്. ജാതി മേധാവിത്വത്തിന് വളം വെക്കുകയും മനുഷ്യനെ നൂറ്റാണ്ടുകളോളം പിറകോട്ട് അടിപ്പിക്കയും ചെയ്യുന്ന പുസ്തകങ്ങൾ എന്നാണ് പെരിയാർ ഇവയെ വിശേഷിപ്പിച്ചത്. 'തായ്നാടും തായ്മൊഴിയും തായാരിൽ ഉടമ്പും ഉയിരും' (പിറന്നനാടും മാതൃഭാഷയും പെറ്റമ്മയുടെ ശരീരവും ജീവനുമാണ്) എന്നു പറഞ്ഞുകൊണ്ടാണ് പെരിയാർ ഹിന്ദിഭാഷ അടിച്ചേൽപ്പിക്കുന്നതിനെതിരെ അതിശക്തമായ കാമ്പയിൻ തുടങ്ങിയത്. മൂർഖനെയും ബ്രാഹ്മണനെയും കണ്ടാൽ അദ്യം മൂർഖനെ അടിക്കണം എന്നായിരുന്നു പെരിയാറിന്റെ വാദം.

തമിഴ്‌നാട്ടുകാർക്ക് വെറും നവോത്ഥാന നായകൻ മാത്രമല്ല പെരിയാർ. തങ്ങളുടെ ഭാഷയും സംസ്‌ക്കാരവും സംരക്ഷിക്കാനായി പടപൊരുതിയ വിപ്ലവകാരി കൂടിയാണ്. യുക്തിവാദിയും വിഗ്രഹഭഞ്ജകനുമായ പെരിയാർ തന്റെ സാമൂഹിക പരിഷ്‌ക്കരണത്തിന്റെ ഭാഗമായി തുടങ്ങിയ പാർട്ടിയാണ് ദ്രാവിഡ കഴകം. അതിൽനിന്ന് തെറ്റിപ്പിരിഞ്ഞ്് അണ്ണാ ദുരെ ദ്രാവിഡ മുന്നേറ്റ കഴകം ഉണ്ടാക്കുമ്പോഴും അടിസ്ഥാന ആശയം പെരിയാറിസം തന്നെയായിരുന്നു. അതായത് ദ്രാവിഡ രാഷ്ട്രീയത്തിന്റെ അടിസ്ഥാന ധാര പെരിയാർ ചിന്തകൾ ആണ്. അതുകൊണ്ടുതന്നെയാണ് ബിജെപിക്ക് ഇവിടെ വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിയാഞ്ഞത് എന്ന് നേരത്തെ വിലയിരുത്തലുകൾ ഉണ്ടായിരുന്നു. കാഞ്ച ഐലയ്യയെപ്പോലുള്ള സാമൂഹിക നിരീക്ഷർ ഈ അഭിപ്രായക്കാരാണ്.

പക്ഷേ നിർമതനായ പെരിയാറിന്റെ അതേ മണ്ണിൽതന്നെ മതകാലുഷ്യം വളർത്തി, അധികാരം പിടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. മുരുകനും മനുസ്മൃതിയും ഇവിടെ ഇന്ന് രാഷ്ട്രീയ ആയുധങ്ങൾ ആവുകയാണ്. തമിഴ്‌നാടിന്റെ ദേശീയ ദൈവം എന്ന് പലരും വിശേഷിപ്പിച്ചിട്ടുള്ള പഴനി മുരുകനെ അപമാനിക്കുന്നതിനെതിരെ ബിജെപി നടത്തുന്ന വെട്രിവേൽ യാത്ര ദ്രാവിഡ മണ്ണിലെ ഹിന്ദുത്വ കർസേവയായാണ് വിലയിരുത്തുന്നത്. കോടതി വിലക്കിയിട്ടും, ഘടകക്ഷിയായും ഭരണകക്ഷിയുമായ എഐഎഡിഎംകെ നിർത്തണമെന്ന് അഭ്യർത്ഥിച്ചിട്ടും തുടരുന്ന വെട്രിവേൽ യാത്ര സമാപിക്കുന്നത് ഡിസംബർ 6നാണ്. അന്ന് അംബേദ്ക്കർ ജയന്തിയാണെന്നാണ് ബിജെപി പറയുന്നത്. പക്ഷേ എല്ലാവർക്കും അറിയാം ഈ ദിനം ഓർമ്മിക്കപ്പെടന്നത് ബാബരി ധ്വംസനത്തിന്റെ പേരിൽ ആണെന്ന്. അതായത് ദ്രാവിഡ മണ്ണിലെ കർസേവ തന്നെയാണ് ഇതിലൂടെ ബിജെപി ലക്ഷ്യമിടുന്നത്. അതുപോലെ തന്നെ ഡിഎംകെ മുന്നണിയിലെ ഘടകക്ഷിയായ വിസികെയുടെ നേതാവ് തിരുമാളവൻ മുനുസ്മൃതിക്കെതിരെ നടത്തിയ വിമർശനവും കുത്തിപ്പൊക്കി ബിജെപി പ്രചാരണം ശക്തമാക്കുകയാണ്. ലക്ഷ്യം വ്യക്തമാണ്. ഉത്തരേന്ത്യയിൽ എല്ലായിടത്തും നടന്നപോലെ ജാതിയെ മതം വെച്ച് വെട്ടുക. പെരിയാറിന്റെ മണ്ണിലും അത് എത്ര കണ്ട് വിജയിക്കുമെന്ന് കണ്ടറിയണം.

കറുപ്പാർക്കൂട്ടത്തിന്റെ മുരുകനിന്ദ

ഫ്രാൻസിൽ നടന്ന പ്രവാചകന്റെ കാർട്ടൂൺ വരച്ചതുമായി ബന്ധപ്പെട്ട മതനിന്ദയാണ് ഇന്ന് ലോകത്തെ പിടിച്ചു കുലുക്കുന്നതെങ്കിൽ തമിഴ്‌നാട്ടിൽ ശക്തമായ ധ്രുവീകരണം നടക്കുന്നത് മുരുക നിന്ദയുടെ പേരിലാണ്. 'കറുപ്പാർ കൂട്ടം' എന്ന പെരിയാർ അനുഭാവികൾ നടത്തുന്ന യ്യൂ ടു്യൂബ് ചാനലിനുടെ പഴനി മുരുകനെ അപമാനിച്ചുവെന്നത് തമിഴ്‌നാട്ടിൽ ക്രമസമാധാന പ്രശ്നമായി വളർന്നു കഴിഞ്ഞു.

19ാം നൂറ്റാണ്ടിൽ മുരുകഭക്തനായ ദേവരായ സ്വാമികൾ രചിച്ചതാണ് സ്‌കന്ദ സഷ്ടി കവചം എന്ന കൃതി. 'കന്ദ സസ്ടി കവസം' എന്നാണ് തമിഴ് ഉച്ചാരണം. രോഗങ്ങളെ അകറ്റി നിർത്തുന്നതിന് മുരുകനെ അംഗപ്രത്യംഗം വർണിച്ച് പ്രാർത്ഥിക്കുന്ന ഈ കൃതി തമിഴ്‌നാട്ടിൽ ഏറെ പ്രശസ്തമാണ്. സൂലമംഗലം സഹോദരിമാർ ഈ കൃതിയെ രാഗമാലികയായി ചിട്ടപ്പെടുത്തി പാടാൻ തുടങ്ങിയതോടെ പ്രശസ്തി വർധിച്ചു. വൈഷ്ണവ പാരമ്പര്യമുള്ളവർ എംഎസ് സുബ്ബലക്ഷ്മിയുടെ കീർത്തനങ്ങൾ ക്ഷേത്രങ്ങളിൽ ആലപിക്കുമ്പോൾ ശൈവ പാരമ്പര്യമുള്ള ക്ഷേത്രങ്ങളിൽ സ്‌കന്ദസഷ്ടി കവചം ആണ് ആലപിക്കുക. തമിഴ്‌നാട്ടിൽ എത്രത്തോളം മുരുകഭക്തിയുണ്ടോ അത്രത്തോളം ഈ ഗാനവും ജനങ്ങളിൽ പതിഞ്ഞിട്ടുണ്ട്.

ഈ കൃതിയെ 'കറുപ്പാർ കൂട്ടം' തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ വിമർശിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കം. ജൂലൈ മാസത്തിലായിരുന്നു ഇത്. സുരേന്ദ്രൻ നടരാജൻ എന്ന കറുപ്പാർ കൂട്ടം പ്രവർത്തകനാണ് ഈ വിമർശന പരിപാടി അവതരിപ്പിച്ചത്. 'ആഭാസ പുരാണം' എന്ന വിശേഷണമാണ് സ്‌കന്ദ സഷ്ടി കവചം എന്ന കവിതയ്ക്ക് ഇദ്ദേഹം നൽകിയത്. ഈ വീഡിയോയ്ക്കെതിരെ വലിയ പ്രതിഷേധം സംസ്ഥാനത്ത് ഉയർന്നു വന്നു. സംഭവം വിവാദമായതോടെ കറുപ്പാർ കൂട്ടം തങ്ങളുടെ ഫേസ്‌ബുക്ക് പേജിൽ ക്ഷമാപണവുമായി രംഗത്തെത്തി. തങ്ങൾ പുതിയതായൊന്നും പറഞ്ഞിട്ടില്ലെന്നും, 'ഹിന്ദു സംസ്‌കൃത ഐതിഹ്യ'ങ്ങളെ വിമർശിക്കുന്നത് പെരിയാർ മുതൽക്കുള്ള വഴക്കമാണെന്നും അവർ ചൂണ്ടിക്കാട്ടി. എങ്കിലും ആരുടെയെങ്കിലും വികാരം വ്രണപ്പെട്ടിട്ടുണ്ടെന്നും ക്ഷമ ചോദിക്കുന്നുവെന്നും, വിവാദകാരണമായ വീഡിയോ തങ്ങൾ ഡിലീറ്റ് ചെയ്തെന്നും അവർ അറിയിച്ചു.

എന്നാൽ, ഇതിനകം തന്നെ ഹിന്ദുത്വ വാദികൾ ഇതൊരു അവസരമാക്കി മാറ്റിയിരുന്നു. കറുപ്പാർ കൂട്ടം എന്ന സംഘടനയുടെ ചീഫ് കോർഡിനേറ്റർമാരായ സുരേന്ദ്രൻ നടരാജനും സെന്തിൽവാസയും ഇസ്ലാം, ക്രിസ്ത്യൻ മതങ്ങളിൽ പെട്ടവരാണെന്നാണെന്നായിരുന്നു സംഘപരിവാർ സംഘടനകളുടെ പ്രചാരണം. ഇതിനെതിരെ കറുപ്പാർ കൂട്ടം രംഗത്തു വന്നു. സംസ്ഥാനത്ത് കലാപം സൃഷ്ടിക്കാനുള്ള മനപ്പൂർവമായ ശ്രമമാണ് നടക്കുന്നതെന്നായിരുന്നു അവരുടെ വാദം.

അതെസമയം സംഭവം കേസായി. സെന്തിൽവാസൻ അറസ്റ്റിലായതിനു പിന്നാലെ സുരേന്ദ്രൻ പുതുച്ചേരിയിൽ വെച്ച് പൊലീസിനു മുന്നിൽ കീഴടങ്ങുകയുമായിരുന്നു. തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും മാപ്പ് പറയാൻ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോടതിയിലും ഇതേ നിലപാടാണ് സുരേന്ദ്രൻ എടുത്തത്. ബിജെപിയുടെ ലീഗൽ വിങ് നേതാവ് അഡ്വ. ആർസി പോൾ കനകരാജായിരുന്നു പരാതിക്കാരൻ. കേസിൽ പ്രതികളെ കസ്റ്റഡിയിൽ വിടാനാണ് എഗ്മൂർ കോടതി ജഡ്ജി റോസ്ലിൻ ദുരൈ തീരുമാനിച്ചത്. അന്വേഷണം പൂർത്തിയായി റിപ്പോർട്ട് വന്നതിനു ശേഷം അതിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കാമെന്നായിരുന്നു കോടതിയുടെ നിലപാട്. താൻ തന്റെ ജനാധിപത്യപരമായ അവകാശങ്ങളിലൂന്നിയാണ് അഭിപ്രായങ്ങൾ പ്രകടിപ്പിച്ചതെന്നും ഇതിൽ അറസ്റ്റ് ചെയ്യാൻ വകുപ്പില്ലെന്നും ഭരണഘടനയുടെ ആർട്ടിക്കിൾ 51A(h) മുൻനിർത്തി വാദിക്കുകയുണ്ടായി.

കാവി രാഷ്ട്രീയത്തിന് വളം ചെയ്ത് രജനീകാന്തും

പ്രതികളുടെ അറസ്റ്റോടെ തീരുമായിരുന്ന ഒരു പ്രശ്നം ഇത്രയേറെ ചർച്ചയാക്കിയത് നടൻ രജനീകാന്തിന്റെ ഒരു പ്രസ്താവന ആയിരുന്നു. ദശലക്ഷക്കണക്കിന് തമിഴരുടെ വികാരത്തെ വ്രണപ്പെടുത്തിയവരെ കഠിനമായി ശിക്ഷിക്കണമെന്നും അത് അവരൊരിക്കലും മറക്കരുതാത്ത ഒന്നായിരിക്കണമെന്നും രജനീകാന്ത് പ്രസ്താവിച്ചു. മതങ്ങളെ അധിക്ഷേപിക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ തമിഴ്‌നാട് സർക്കാർ പൂർണമനസ്സോടെ രംഗത്തിറങ്ങണമെന്നും വീഡിയോകൾ നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതോടെയാണ് ജനം കറുപ്പാർ കൂട്ടത്തിനെതിരെ വ്യാപകമായി തിരിയുന്നതും ബിജെപി മുതലെടുക്കുന്നതും. കാര്യങ്ങൾ പന്തിയല്ലെന്ന് കണ്ട് കറുപ്പാർ കൂട്ടം വീഡിയോ ഡിലീറ്റ് ചെയ്തെങ്കിലും അപ്പോഴേക്കും ശബരിമല സമരം പോലെ ഒരു സുവർണ്ണാവസരമായി ഹിന്ദുത്വ ശക്തികൾ ഈ സംഭവത്തെ എടുത്തു കഴിഞ്ഞിരുന്നു.

തമിഴ്‌നാട്ടിൽ മറ്റ് ദേവന്മാരെപ്പോലയല്ല മുരുകനുള്ള സ്ഥാനം. ദ്രാവിഡ വിഭാഗങ്ങൾക്കിടയിൽ ആഴത്തിൽ വേരോടിയ ദേവസങ്കൽപ്പം. സാധാരണ മലയാളികൾക്കിടയിൽ അയ്യപ്പനുള്ളതിനെക്കാൾ വലിയ സ്ഥാനമാണ് മുരുകന് തമിഴർക്കിടയിലുള്ളത്. മുരുകന്റെ ആയുധമായ വേലിനെ ഒരു രാഷ്ട്രീയ ചിഹ്നമാക്കി മാറ്റാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. പാർട്ടിയുടെ സംസ്ഥാന പ്രസിഡണ്ട് എൽ മുരുകനാണ് വെട്രിവേൽ യാത്ര നടത്തുന്നത്. സംസ്ഥാനത്ത് ആറ് മുരുകക്ഷേത്രങ്ങൾ സന്ദർശിക്കുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. നവംബർ ആറിന് തുടങ്ങുന്ന യാത്ര ഡിസംബർ ആറിനാണ് അവസാനിക്കുക. തന്റെ യാത്ര തമിഴ്‌നാട് രാഷ്ട്രീയത്തിലെ ഒരു വലിയ വഴിത്തിരിവാണെന്ന് എൽ മുരുകൻ പറയുന്നു. ഹിന്ദുക്കൾക്കെതിരെ വെറുപ്പിന്റെ ഒരു പ്രചാരണം നടക്കുന്നുണ്ടെന്നാണ് എൽ മുരുകന്റെ വിശ്വാസം.

2021ലെ അസംബ്ലി തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ മുന്നൊരുക്കങ്ങളിലൊന്നെന്ന് വിശേഷിപ്പിക്കാം ്തങ്ങളുടെ യാത്രയ്ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് തുറന്നു സമ്മതിക്കാനും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫസർ ആർ ശ്രീനിവാസന് മടിയില്ല. അതിലെന്താണ് തെറ്റ്? ഞങ്ങളുടേത് ഒരു രാഷ്ട്രീയ സംഘടനയാണ്. രാഷ്ട്രീയ മൈലേജ് പ്രധാനമാണ്. ഞങ്ങൾ വോട്ടർമാർക്ക് കോഴ കൊടുക്കുകയല്ല ചെയ്യുന്നത്. ആശയപരമായി ജനങ്ങളെ കൂടെച്ചേർക്കാനാണ് ശ്രമിക്കുന്നത്,' ആർ ശ്രീനിവാസൻ ന്യൂ ഇന്ത്യൻ എക്സ്പ്രസ് ലേഖകൻ ടി മുരുകാനന്ദത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

ഡിഎംകെ കുറപ്പാർക്കൂട്ടത്തിന് ഒപ്പം

ബിജെപി ഇപ്പോൾ ഭരിക്കുന്ന എഐഎഡിഎംകെയുടെ ഘടകക്ഷിയായതുകൊണ്ട്, ക്രമസമാധാന പ്രശ്നമുണ്ടാവുന്ന യാത്ര നടക്കില്ല എന്നായിരുന്നു ഏവരും കരുതിയിരുന്നത്. പക്ഷേ മുഖ്യമന്ത്രിയുടെ അഭ്യർത്ഥന തള്ളി ഈ കോവിഡ് കാലത്തും പ്രക്ഷോഭവുമായി മുന്നോട്ടുപോകാനാണ് ബിജെപി തീരുമാനിച്ചത്. അതോടെ സർക്കാർ വിഷയം കോടതിയിലേക്ക് വിട്ടു. കോവിഡിന്റെ പശ്ചാത്തലത്തിൽ ജനം കൂട്ടം ചേരുന്നത്് തടയണമെന്ന് ആവശ്യപ്പെട്ട് സർക്കാർ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ഇതേ തുടർന്ന് നവംബർ 15വരെ യാത്രക്കഎ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഒരു അഡ്ജസ്റ്റ്മെന്റാണ് നടക്കുന്നത് എന്നും പറയുന്നു. കാരണം നിരോധനം ലംഘിച്ച് ബിജെപി യാത്ര നടത്തുന്നു. രാവിലെ യാത്ര നടത്തുന്നവരെ പൊലീസ് അറസ്റ്റ് ചെയ്ത് വൈകിട്ട് വിട്ടയക്കുന്നു. ബിജെപി നേതാവ് ആർ ശ്രീനിവാസർ ഈ യാത്രയെ താരമത്യപ്പെടുത്തുന്നത് അദ്വാനിയുടെ രഥയാത്രയോടാണ്. വെട്രിവേൽ യാത്ര കഴിയുന്നതോടെ തമിഴ്‌നാട്ടിൽ ബിജെപിയുടെ ശുക്രദശ ഉണ്ടാകുമെന്നാണ് അദ്ദേഹം കരുതുന്നത്. എൽ മുരകനാണ് ജാഥ നയിക്കുന്നത്. ദലിത് സമുദായമായ അരുദ്ധതിയാർ വിഭാഗക്കാരനാണ് ഇദ്ദേഹം. അതുവഴി ദലിതരിൽ സ്വാധീനം നേടാം എന്നാണ് ബിജെപി കരുതുന്നത്.

അതേസമയം കറുപ്പാർ കൂട്ടത്തെ പിന്തുണച്ച് ഡിഎംകെ എത്തിയത് പ്രശ്നങ്ങൾ സങ്കീർണ്ണമാക്കി. സുരേന്ദ്രൻ നടരാജനെ പിന്തുണച്ച് ഡിഎംകെ നേതാവ് സ്റ്റാലിൻ രംഗത്ത് എത്തിയതോടെ രാഷ്ട്രീയ ധ്രുവീകരണത്തിന് സാധ്യത കൂടി. സാമൂഹ്യനീതിക്കു വേണ്ടി ശബ്ദിക്കാനും ദൈവത്തിന്റെ അസ്തിത്വം സംബന്ധിച്ച ചർച്ചകൾ നടത്താനും അദ്ദേഹത്തിന് അവകാശമുണ്ടെന്നും ഡിഎംകെ നിലപാടെടുത്തു. സോഷ്യൽ മീഡിയയിൽ ചർച്ചകൾ കൊടുമ്പിരിക്കൊണ്ടു. നിരവധി ഹാഷ്ടാഗുകളിൽ (#KarupparKoottam #VetrivelVeeravel #KandhanukuArohara #AntiHindu # #Murugan) ഈ വിഷയം ശ്രദ്ധിക്കപ്പെട്ടു. കറുപ്പാർ കൂട്ടത്തിന്റെ വീഡിയോയ്ക്ക് എതിർ വീഡിയോ നിർമ്മിച്ച് ഹിന്ദു തമിഴ് പറവൈ എന്ന സംഘം രംഗത്തെത്തി. ഈ വീഡിയോ നിർമ്മിച്ച എസ്ജെ ഗോപാലിനെയും പൊലീസ് പിന്നീട് പിടികൂടി. രണ്ടുപേർക്കെതിരെയും ഗുണ്ടാനനിയമത്തിലെ വകുപ്പുകൾ ചാർത്തി. ഇതോടൊപ്പം ഐപിസി 153എ (രണ്ട് മതവിഭാഗങ്ങൾ തമ്മിൽ സ്പർദ്ദ വളർത്തൽ) അടക്കമുള്ള കുറ്റങ്ങൾ ചാർത്തപ്പെട്ടു. എന്തായാലും വൻ ജന പിന്തുണയാണ് വെട്രിവേൽ യാത്രക്കും അതുസംബന്ധിച്ച് ഫേസ്‌ബുക്ക് കാമ്പയിനും കിട്ടിയതെന്ന് പറയാതെ വയ്യ. ട്വിറ്റിൽ ട്രൻഡിങ്ങായിരുന്നു വെട്രിവേൽ കാമ്പയിൻ.

മനുസ്മൃതി വിവാദവും കത്തുന്നു

അതിനിടെയാണ് മനുസ്മൃതി വിവാദം ഉണ്ടായത്. ഡിഎംകെ സഖ്യകക്ഷിയായ വിടുതലൈ ചിരുതൈകൾ നേതാവ് തിരുമാളവനെതിരെയും ബിജെപി വൻതോതിലുള്ള പ്രചാരണങ്ങളുയർത്തി. തിരുമാളവനെതിരെ ഒന്നിലധികം വിഷയങ്ങൾ ഉന്നയിക്കാനുണ്ട് ബിജെപിക്ക്. മനുസ്മൃതിക്കെതിരെ തിരുമാളവൻ ഉയർത്തിയ ചില വിമർശനങ്ങളാണ് അവയിലൊന്ന്. ഈ വിമർശനങ്ങളിൽ തമിഴ്‌നാട് പൊലീസ് കേസെടുക്കുകയുമുണ്ടായി.

സ്ത്രീകൾക്കു മേൽ ബ്രാഹ്മണ പുരുഷാധിപത്യം ലക്ഷ്യം വെക്കുന്ന കൃതിയാണ് മനുസ്മൃതിയെന്ന് തിരുമാളവൻ പ്രസംഗിച്ചതാണ് വൻ വിവാദമായത്. 'സ്വാതന്ത്ര്യം, സാഹോദര്യം, സമത്വം എന്നിവ നിഷേധിക്കുകയാണ് ഈ കൃതിയുടെ ലക്ഷ്യം. മനുസ്മൃതി ഇന്ന് സാധുതയുള്ള ഒരു നിയമസംഹിതയല്ലെങ്കിലും അത് ജനങ്ങളിൽ വലിയൊരു വിഭാഗത്തെ ഇപ്പോഴും ആകർഷിച്ചു കൊണ്ടിരിക്കുന്നുണ്ട്. ഇപ്പോഴും വിവാഹങ്ങൾ നടക്കുന്നതിലും ഈ ഗ്രന്ഥത്തിന്റെ സ്വാധീനം കാണാം. ശവസംസ്‌കാരം സാമുദായികമായി വേറിട്ട് നടത്തുന്നതിനും മനുസ്മൃതിയുടെ ചട്ടങ്ങളാണ് അടിസ്ഥാനം. സ്ത്രീകളെ നിയന്ത്രിക്കാൻ മനുസ്മൃതി ഉപയോഗിക്കുന്നത് കന്യകാത്വം, വേശ്യാവൃത്തി തുടങ്ങിയ സങ്കൽപ്പങ്ങളുന്നയിച്ചാണെന്ന് തിരുമാവളവൻ ചൂണ്ടിക്കാട്ടി. ഹിന്ദു കോഡ് ബില്ലിലൂടെ ഈ അനാചാരങ്ങളെയെല്ലാം ഇല്ലാതാക്കാനാണ് സാക്ഷാൽ അംബേദ്ക്കാർ ലക്ഷ്യമിട്ടത്. '- തിരുമാളവൻ ചൂണ്ടിക്കാട്ടുന്നു.

മനുസ്മൃതി വിവാദത്തിൽ ബിജെപിക്ക് അൽപം പിൻവലിഞ്ഞു നിൽക്കേണ്ടതായി വന്നിട്ടുണ്ട്. വിസികെ ഒരു ദളിത് പാർട്ടിയായതിനാൽ നേരിട്ടുള്ള ഒരു ഏറ്റുമുട്ടൽ തങ്ങൾക്ക് ഗുണം ചെയ്യില്ലെന്ന ധാരണയോടെയാണ് അവർ പിൻവാങ്ങിയത്. തിരുമാവളവൻ എന്ന നേതാവിന്റെ കരിസ്മയും ബിജെപിയെ പിൻവാങ്ങി നിർത്തിയതിൽ ഘടകമായിട്ടുണ്ട്. തിരുമാളവൻ ശക്തമായ പ്രത്യാക്രമണമാണ് നടത്തിയത്. പലയിടങ്ങളിലും വിടുതലൈ ചിരുതൈ കക്ഷികൾ ആർഎസ്എസ്സുകാരെ ആക്രമിച്ച സംഭവങ്ങളും ഉണ്ടായി.
തമിഴ്‌നാട്ടിലെല്ലായിടത്തും വിശദീകരണ യോഗങ്ങൾ വിളിച്ചുചേർത്ത് മനുസ്മൃതി എന്താണെന്ന് വിവരിച്ചു. സ്മൃതി നിരോധിക്കണമെന്ന ആവശ്യവും ഉയർത്തി. ഇത് ബിജെപിക്ക് തിരിച്ചടിയായി.

മനുസ്മൃതി വ്യാഖ്യാനം തടയാൻ കഴിയില്ലെന്ന് കോടതി

തിരുമാളവൻ ആകട്ടെ പെരിയാർ ചെയ്തപോലെ ബ്രാഹ്മണ വിരുദ്ധവികാരം ആളിക്കത്തിച്ച് തമിഴ്‌നാട്ടിൽ ഓടിനടന്ന് പ്രസംഗിച്ചു. എത്ര ബ്രാഹ്മണർ കവിളിൽ വേൽ തറച്ച് കാവടിയെടുത്ത് പഴനിക്ക് പോയിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.' ഒരു ബ്രാഹ്മണനു പോലും മുരുകൻ എന്ന പേരില്ലെന്ന് അദ്ദേഹം പറഞ്ഞു. സുബ്രഹ്മണ്യൻ എന്നേ ബ്രാഹ്മണർ പ്രയോഗിക്കൂ. കന്ദൻ എന്ന് തമിഴർ പറയുമ്പോൾ അവർ സ്‌കന്ദൻ എന്ന് സംസ്‌കൃതവൽക്കരിച്ചേ സംസാരിക്കൂ. എന്നാണ് മുരുകനും സുബ്രഹ്മണ്യനും ഒന്നായിത്തീർന്നത്? എന്നാണ് കന്ദനും സ്‌കന്ദനും ഒന്നായത്. '- അദ്ദേഹം നവമാധ്യമങ്ങളിലൂട ആഞ്ഞടിക്കയാണ്.

ഇതൊന്നും വിശ്വാസത്തെ ചോദ്യം ചെയ്യലല്ലെന്നും ചരിത്രപരമായ ചില ചോദ്യങ്ങൾ മാത്രമാണെന്നും തിരുമാവളവൻ വിശദീകരിക്കുന്നു. 'ഇപ്പോൾ ബിജെപി നേതാവ് എച്ച് രാജാ അടക്കമുള്ളവർ മുരുകനു വേണ്ടി ശബ്ദമുയർത്തുന്നത് ആരെ പറ്റിക്കാനാണ്. തമിഴ് ദൈവങ്ങളെപ്പറ്റി സംസാരിക്കാൻ ഇവരാരാണ്? തമിഴ് ദൈവങ്ങളെക്കുറിച്ച് സംസാരിക്കാൻ തമിഴർ വരട്ടെ.'-തിരുമാളവന്റെ വാദങ്ങൾ അങ്ങനെ നീളുന്നു.കോവിലുകളിൽ തമിഴിൽ ആരാധന ചെയ്യാമെന്ന് സർക്കാർ ഉത്തരവ് നിലവിലുണ്ട്. ഈ ഉത്തരവ് നിറവേറ്റാൻ ഉയർന്ന ജാതിക്കാരുടെ ക്ഷേത്രങ്ങൾ തയ്യാറാകുമോയെന്ന ചോദ്യത്തോടെ വളരെ കൃത്യമായാണ് തിരുമാവളവൻ ചോദിക്കുന്നത്. തമിഴ് ദൈവമാണ് മുരുകൻ. ആ തമിഴ് ദൈവത്തിനു വേണ്ടി നടത്തുന്ന ഈ സമരത്തിൽ തമിഴ് ഭാഷയിൽ ആരാധന വേണമെന്ന് ആവശ്യപ്പെടാൻ ബിജെപി തയ്യാറാകുമോയെന്ന് അദ്ദേഹം ചോദിച്ചു.

അതിനിടെ ഉണ്ടായ കോടതി വിധിയും തിരുമാളവന് തുണയായി. മനുസ്മൃതി ഒരു നിയമപുസ്തകമല്ല എന്നിരിക്കെ അതുസംബന്ധിച്ച് ഒരാൾ നടത്തുന്ന വ്യാഖ്യാനങ്ങളെ തടയാൻ തങ്ങൾക്ക് കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് വിധി പ്രസ്താവിച്ചു. വിസികെ നേതാവ് തിരുമാവളവന്റ എം പി സ്ഥാനം കളയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. രണ്ടായിരം വർഷം പഴക്കമുള്ള കൃതിയാണ് മനുസ്മൃതി. അത് തിരുമാവളവൻ തന്റേതായ രീതിയിൽ വ്യാഖ്യാനിച്ചു. അതിനുള്ള അവകാശം അദ്ദേഹത്തിനുണ്ട്. ഇങ്ങനെയെ വ്യാഖ്യാനിക്കാവൂ എന്ന് ഉത്തരവിടാൻ മനുസ്മൃതി ഒരു നിയമഗ്രന്ഥമല്ലെന്നും കോടതി നിരീക്ഷിച്ചു. ഇതോടെ മനുസ്മൃതി വിവാദത്തിൽ ഏതാണ്ട് കൈപൊള്ളിയ അവസ്ഥയിലായി ബിജെപി. പക്ഷേ വെട്രിവേൽ യാത്രയിൽ ഇപ്പോഴും അവർക്ക് പ്രതീക്ഷയുണ്ട്. പക്ഷേ അതിനെ പെരിയോറിനെ മുൻ നിർത്തിയാണ് ഡിഎംകെ അടക്കമുള്ള കക്ഷികൾ തടയുന്നത്. തമിഴ്‌നാട്ടിൽ പെരിയാറിനെ തൊട്ടാൽ കളിമാറും എന്ന് അവർക്ക് നന്നായി അറിയാം. 2018ൽ തങ്ങൾക്ക് കൈ പൊള്ളിയ കഥ ബിജെപിക്കും നന്നായി അറിയാവുന്നതാണ്.

'പെരിയാർ പ്രതിമ ഒരിക്കൽ തകരും'

2018ലെ ത്രിപുര ജയത്തിന്റെ പിന്നാലെ അവിടെ ലെനിന്റെ പ്രതിമ തകർക്കപ്പെട്ടത് ചൂണ്ടിക്കാട്ടി തമിഴ്‌നാട്ടിലും പെരിയാറിന്റെ പ്രതിമ തകരുന്ന കാലം വരും എന്ന ബിജെപി നേതാവ് എച്ച്. രാജയുടെ പരാമർശമാണ് വൻ വിവാദമായത്. തേനീച്ചക്കൂട്ടിൽ കല്ലെറിഞ്ഞപോലെ ആയിരുന്നു അക്കാലത്ത് ബിജെപിക്ക് നേരെയുണ്ടായ വിമർശനങ്ങൾ. പെരിയാറിനെക്കുറിച്ചുള്ള പരാമർശം രാജയുടെ വ്യക്തിപരമായ അഭിപ്രായമാണെന്നു തമിഴ്‌നാട് ബിജെപി നേതാക്കൾ ന്യായീകരിച്ചെങ്കിലും ദ്രാവിഡ പാർട്ടികൾ ഇതു മുഖവിലയ്ക്കെടുത്തില്ല. രാജയുടെ പരാമർശത്തിൽ പ്രതിഷേധവും അക്രമവും ഉണ്ടായി. കോയമ്പത്തൂരിൽ ബിജെപി.ഓഫിസിനു നേരെ പെട്രോൾ ബോംബേറുണ്ടായി. പെരിയാർ പരാമർശം രാജ ഫെയ്‌സ് ബുക്കിൽനിന്ന് നീക്കം ചെയ്യുകയും മാപ്പുപറയുകയും ചെയ്തുവെങ്കിലും കാര്യമായ പ്രയോജനം ഉണ്ടായിട്ടില്ല. പെരിയാറിനെതിരേ മുമ്പും രാജ ആരോപണം നടത്തിയിരുന്നു. പെരിയാറിനെ നേരിൽക്കണ്ടിരുന്നുവെങ്കിൽ ചെരിപ്പു കൊണ്ടടിക്കുമായിരുന്നു എന്നായിരുന്നു വിവാദങ്ങൾ സൃഷ്ടിക്കുന്നതിൽ മിടുക്കനായ രാജ ഒരിക്കൽ പറഞ്ഞത്.

പ്രശ്നത്തിൽ ഡി.എം.കെ പ്രസിഡന്റ് എം.കെ. സ്റ്റാലിൻ മൂർച്ചയോടെയാണ് പ്രതികരിച്ചത്. രാജയെ ഗുണ്ടാചട്ടപ്രകാരം അറസ്റ്റുചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പെരിയാർ പ്രതിമയിൽ തൊട്ടവരുടെ കൈവെട്ടുമെന്നാണ് എം.ഡി.എം.കെ. നേതാവ് വൈകോ നൽകിയ മുന്നറിയിപ്പ്. പെരിയാർ പ്രതിമ തകർക്കുന്നവർ കാട്ടാളന്മാർ എന്നാണ് രാഷ്ട്രീയത്തിലേക്കു ചുവടുവെക്കുന്ന സൂപ്പർസ്റ്റാർ രജനീകാന്ത് പ്രതികരിച്ചത്. രാജയുടെ പരാമർശത്തിനുശേഷം രണ്ടു ദിവസത്തിനു ശേഷമാണ് രജനി പ്രതികരിക്കാൻ തയ്യാറായതെന്നു മാത്രം. സംഭവത്തിൽ ബിജെപി.യായതിനാൽ രജനി അല്പമൊന്ന് ചിന്തിച്ചേ വല്ലതും പറയൂ എന്നുറപ്പായിരുന്നു.കമൽഹാസനും പ്രശ്നത്തിൽ അമ്പു തൊടുത്തുവിട്ടെങ്കിലും അതെവിടെയും ചെന്നെത്തിയില്ല.

കാവേരി മാനേജ്‌മെന്റ് രൂപവത്കരിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതി നിർദ്ദേശം പാലിക്കാത്തതിന് ജനശ്രദ്ധ വഴിതിരിച്ചു വിടാനാണ് ഇതിലൂടെ ബിജെപി.ശ്രമിച്ചതെന്നാണ് കമലിന്റെ കണ്ടെത്തൽ. പെരിയാറിന്റെ പ്രതിമകൾ തകർക്കണമെന്ന് ആഹ്വാനം ചെയ്ത രാജയ്ക്കെതിരേ വൈകാരിക പ്രതികരണവുമായി നടൻ സത്യരാജും നടി ഖുശ്‌ബുവും രംഗത്തെത്തി. ജ്ഞാനരാജശേഖരൻ സംവിധാനം ചെയ്ത പെരിയാർ എന്ന സിനിമയിൽ പെരിയാറിനെ അവതരിപ്പിച്ചത് സത്യരാജായിരുന്നു.സിനിമയിൽ പെരിയാറുടെ സഹപ്രവർത്തകയും രണ്ടാംഭാര്യയുമായി വേഷമിട്ടത് ഖുശ്‌ബുവായിരുന്നു. പെരിയാറിന്റെ നിഴലിനെപ്പോലും നിങ്ങൾക്ക് തൊടാനാകില്ലെന്നായിരുന്നു ഖുശ്‌ബു പ്രതികരിച്ചത്. ഇന്ന് അതേ ഖുശുബ് മബിജെപിയിലെത്തി വെട്രിവേൽ യാത്രയിൽ അണി നിരക്കുന്നു. രാജയ്ക്കെതിരേ നടപടിയെടുക്കുമെന്ന് ബിജെപി. മുതിർന്ന നേതാവും കേന്ദ്രമന്ത്രിയുമായ പൊൻരാധാകൃഷ്ണൻ വ്യക്തമാക്കയതോടെയാണ് വിവാദം ഒരു കണക്കിന് അവസാനിച്ചത്. എന്തായാലും ബിജെപി വല്ലാതെ പെട്ടുപോയ ഒരു സംഭവം ആയിരുന്നു അത്.

പെരിയാറിൽ നിന്ന് അകലുന്ന ദ്രാവിഡ പാർട്ടികൾ

പെരിയാറിന്റെ ദർശനങ്ങളെ അടിത്തറയാക്കിയ പാർട്ടികളാണ് എ.ഐ.എ.ഡി.എം.കെ.യും ഡി.എം.കെ.യും. പ്രതാപിയും ബ്രാഹ്മണ കുലജാതയും ക്ഷേത്രവിശ്വാസിയുമായ ജയലളിതപോലും ക്ഷേത്രവിരോധിയും ബ്രാഹ്മണവിരോധിയുമായ പെരിയാറിനെതിരേ ഒരുവാക്കുപോലും സംസാരിച്ചിരുന്നില്ല. ഡി.എം.കെ.പാർട്ടിയും ആധാരമാക്കുന്നത് അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രം തന്നെ. ബിജെപി.യുടെ ജാതിമുന്നാക്ക രാഷ്ട്രീയം തമിഴ്‌നാട്ടിൽ വിലപ്പോവാതിരിക്കാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് പെരിയാർ സൃഷ്ടിച്ച അടിത്തറ തന്നെയാണെന്ന് കരുതുന്നതിൽ തെറ്റില്ല.

പെരിയാർ രാമസ്വാമി നായ്ക്കരെ കണ്ടുവളർന്ന ജനതയിലാണ് ഇപ്പോൾ ഈ രീതിയിൽ മതധ്രുവീകരണം സംഭവിക്കുന്നതെന്ന് ഏവരും അത്ഭുതത്തോടെയാണ് കാണുന്നത്. പൂർണമായ അർത്ഥത്തിൽ ദ്രാവിഡ കക്ഷിയെന്ന് വിളിക്കാവുന്ന ഡിഎംകെ തുടർച്ചയായി മതവിമർശനം നടത്തിപ്പോന്നിരുന്നത് അവരുടെ വളർച്ചയ്ക്ക് ഉപയോഗപ്പെട്ട ചരിത്രമേയുള്ളൂ. ഈ ധൈര്യത്തിൽ തന്നെയാണ് കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ ഒരു വിവാഹപ്പന്തലിൽ വെച്ച് എംകെ സ്റ്റാലിൻ ഹൈന്ദവ പുരോഹിത വർഗത്തെ വിമർശിച്ച് സംസാരിച്ചത്. പുരോഹിതർ സംസ്‌കൃതത്തിൽ എന്തെല്ലാമോ പറയുന്നു. അവർ പറയുന്നത് വിവാഹിതരാകുന്നവർക്ക് അറിയില്ല. വിവാഹത്തിന് വന്നിരിക്കുന്നവർക്കും അറിയില്ല. മന്ത്രം ചൊല്ലുന്ന പുരോഹിതർക്കും പലപ്പോഴും അതെന്താണെന്ന് അറിയില്ല.വിവാഹത്തിന് വന്നിരിക്കുന്നവർക്കും അറിയില്ല. മന്ത്രം ചൊല്ലുന്ന പുരോഹിതർക്കും പലപ്പോഴും അതെന്താണെന്ന് അറിയില്ല. അവയുടെ അർത്ഥം മനസ്സിലാക്കിയാൽ നമ്മളെല്ലാം നടുങ്ങും, എന്നിങ്ങനെയായിരുന്നു സ്റ്റാലിന്റെ സംഭാഷണം.

കറുപ്പാർകൂട്ടം വിവാദത്തിനു ശേഷം ബിജെപി സംസ്ഥാനത്ത് ഉയർത്തിവിട്ട പ്രചാരണങ്ങളിൽ സ്റ്റാലിന്റെ ഈ വീഡിയോയും അവർ ഉൾപ്പെടുത്തി. ഒരു മുസ്ലിം വിവാഹത്തിൽ പങ്കെടുത്താണ് സ്റ്റാലിൻ ഹൈന്ദവാചാരങ്ങളെ ആക്ഷേപിക്കുന്നതെന്നായിരുന്നു ബിജെപിയുടെ ആരോപണം. സ്റ്റാലിന്റെ ഭാര്യയടക്കം ക്ഷേത്ര വിശ്വാസികളാണ്. സ്റ്റാലിന്റെ ഭാര്യ ദുർഗ സ്റ്റാലിൻ പോകാത്ത അമ്പലങ്ങളില്ല. ഹിന്ദുക്കൾ ഒരുമിക്കണമെന്ന നിലപാടുള്ള നിരവധി പേർ ഡിഎംകെയിലുണ്ട്. ഇങ്ങനെ പോയി ബിജെപി പ്രചാരണങ്ങൾ. അതെസമയം സ്റ്റാലിൻ പങ്കെടുത്ത വിവാഹം മുസ്ലിം വിവാഹമല്ലെന്നത് വ്യക്തമാണ്. പക്കമേളക്കാരും മറ്റും സന്നിഹിതരായിട്ടുള്ള വിവാഹവേദി കാണാവുന്നതാണ്. സദസ്സിലിരിക്കുന്ന കുറച്ചുപേർ പർദ്ദാധാരികളാണെന്നു മാത്രം. ഇത് പൊളിച്ചുകൊണ്ട് ഡിഎംകെയും പ്രചാരണം നടത്തുന്നുണ്ട്.

കറുപ്പാർ കൂട്ടം പറയുന്ന കാര്യങ്ങളെല്ലാം പെരിയാറിന്റെ കാലത്തേ പറഞ്ഞു വരുന്നതാണെങ്കിലും സാഹചര്യങ്ങളിൽ വലിയ മാറ്റം വന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു ദളിത് ചിന്തകനും മധുരൈ കാമരാജ് സർവകലാശാലയിലെ മാധ്യമവവിഭാഗം മേധാവിയുമായ ഡോ. ജെ ബാലസുബ്രഹ്മണ്യം. 'കൂടാതെ പെരിയാറുടെ വാക്കുകൾ കേട്ടിരിക്കുന്നതു പോലെ കറുപ്പാർ കൂട്ടത്തിന്റെ വാക്കുകൾ ജനങ്ങൾ കേട്ടിരിക്കണം എന്നില്ല.ദ്രാവിഡ മുന്നേറ്റത്തിന്റെ അടിസ്ഥാനമായിരുന്നു നിരീശ്വരവാദ ആലോചനകളെ പിന്നീട് ഏറ്റെടുക്കാൻ ആളുണ്ടായില്ല. ഒരു തലമുറയോടെ അത് അവസാനിച്ചു. നാട്ടിൻപുറങ്ങളിലെല്ലാം വലിയ തോതിൽ സംസ്‌കൃതവൽക്കരണം നടക്കുന്നുണ്ട്. ഇപ്പോൾ സംഘപരിവാർ നടത്തുന്ന മുന്നേറ്റങ്ങൾക്ക് ഇത് അടിസ്ഥാനമായിട്ടുണ്ട്. ക്ഷേത്രങ്ങളിലും മറ്റും അയ്യർ പൂജാരിമാർ വരുന്നു. കുംഭാഭിഷേകവും മറ്റും നടത്തി ദളിതരെ അവരുടെ ക്ഷേത്രങ്ങളിൽ നിന്നും നീക്കിക്കൊണ്ടിരിക്കുന്നു. '- അദ്ദേഹം എഴുതി. ഫലത്തിൽ പെരിയാറിന്റെ ആശയങ്ങളിൽനിന്നുള്ള തിരിച്ചുപോക്കാണ് ഇപ്പോൾ തമിഴ്‌നാട്ടിൽ കാണുന്നത്.

കറുപ്പാർ കൂട്ടത്തിന്റെ ഈ നടപടി ഹിന്ദുത്വ വാദികളെ മാത്രമല്ല അസന്തുഷ്ടരാക്കിയത്. സമാധാനജീവിതം ആഗ്രഹിക്കുന്ന, തീവ്രവാദ നിലപാടില്ലാത്ത സാധാരണ ഹൈന്ദവർക്കും ഈ വിവാദത്തിൽ അതൃപ്തിയുണ്ട്.തിരുമാവളവനും കറുപ്പാർ കൂട്ടത്തെ അംഗീകരിച്ചില്ല. മുരുകനെ മോശമായി ചിത്രീകരിക്കുന്നതിനോട് ഡിഎംകെ വക്താവ് ആർഎസ് ഭാരതിയും യോജിച്ചില്ല. പെരിയാറിൽനിന്ന് അകത്ത ജാതിയും മതവും പിടിമുറക്കുന്ന തമിഴ്‌നാട്ടിൽ ബിജെപിക്ക് വളരാനുള്ള വടി ഇട്ടുകൊടുക്കായാണ് കുറപ്പാർ കൂട്ടം ചെയ്തതെന്നാണ് മതേരാഷ്ട്രീയത്തെ സ്നേഹിക്കുന്നവർ പറയുന്നത്.

എന്തായാലും വെട്രിവേൽ യാത്രയോടെ തങ്ങൾ തമിഴനാടിന്റെ ജാതകം മാറ്റിയെഴുതുമെന്നാണ് ബിജെപി പറയുന്നത്. പെരിയാറിനെ വെച്ച് ഹിന്ദുത്വയെ വെട്ടാൻ ദ്രാവിഡ കക്ഷികൾക്ക് ആവുമോ. തെരഞ്ഞെടുപ്പ് ആസന്നമായ തമിഴകത്ത് മുരുകനെചൊല്ലി ചർച്ചകൾ പുരോഗമിക്കയാണ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP