Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സഹോദര പുത്രന്മാരെ നിഷ്‌കാസനം ചെയ്ത് അധികാരത്തിലേറിയ റിച്ചാർഡ് മൂന്നാമൻ; രോഗബാധിതനായ മകനെ ലോകത്തിന്റെ കണ്ണിൽ നിന്നും ഒളിപ്പിച്ച ജോർജ്ജ് ആറാമൻ; ജോർജ്ജ് രാജകുമാരന്റെ രതിലീലകൾ; അസ്തിത്വം പോലും സംശയിക്കപ്പെടുന്ന ബ്രിട്ടീഷ് രാജവംശത്തിന്റെ ഇരുണ്ട ചരിത്രങ്ങളിലൂടെ

സഹോദര പുത്രന്മാരെ നിഷ്‌കാസനം ചെയ്ത് അധികാരത്തിലേറിയ റിച്ചാർഡ് മൂന്നാമൻ; രോഗബാധിതനായ മകനെ ലോകത്തിന്റെ കണ്ണിൽ നിന്നും ഒളിപ്പിച്ച ജോർജ്ജ് ആറാമൻ; ജോർജ്ജ് രാജകുമാരന്റെ രതിലീലകൾ; അസ്തിത്വം പോലും സംശയിക്കപ്പെടുന്ന ബ്രിട്ടീഷ് രാജവംശത്തിന്റെ ഇരുണ്ട ചരിത്രങ്ങളിലൂടെ

രവികുമാർ അമ്പാടി

ബ്രിട്ടീഷ് രാജകുടുംബത്തിൽ വർഗ്ഗീയ വെറി നിലനിൽക്കുന്നു എന്ന ഹാരിയുടേയും മേഗന്റെയും പ്രസ്താവന ലോകം ഒരു ഞെട്ടലോടെയാണ് ശ്രവിച്ചത്. 1000 വർഷത്തോളം പാരമ്പര്യമുള്ള ബ്രിട്ടീഷ് രാജകുടുംബം ലോകത്തിലെ തന്നെ ഏറ്റവുമധികം ബഹുമാനിക്കപ്പെടുന്ന കുടുംബങ്ങളിൽ ഒന്നാണ്. അതുതന്നെയയിരുന്നു ഓപ്രി വിൻഫ്രിയുടെ അഭിമുഖം ഏറെ വിവാദമാകുവാൻ കാരണം. ഇപ്പോഴും ഈ കുടുംബത്തെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നവർ കടുത്ത പ്രാമർശങ്ങളുമായി ഹാരിക്കും മേഗനുമെതിരെ രംഗത്തുവന്നപ്പോൾ, രാജസ്ഥാനം കാലഹരണപ്പെട്ടതാണേന്ന് വാദിക്കുന്നവർക്ക് അവരുടെ ആയുധശേഖരത്തിൽ മറ്റൊരു ആയുധം കൂടിയായി മാറി ഈ അഭിമുഖം.

ലോകത്തിലെ പല രാജ്യങ്ങളിലും രാജകുടുംബത്തിനെതിരെയുള്ള പ്രതിഷേധം ശക്തമായി. ബ്രിട്ടീഷ് രാജകുടുംബത്തിൻ! ഇപ്പോഴും രാഷ്ട്രത്തലവൻ എന്ന ആലങ്കാരിക പദവിയുള്ള ആസ്ട്രേലിയ, കാനഡ പോലുള്ള രാജ്യങ്ങളിൽ ആ പദവി എടുത്തുകളയണമെന്ന വാദം ശക്തമായി. നൂറ്റാണ്ടുകളോളം തങ്ങളെ അടിച്ചമർത്തിയവർക്ക് ഇപ്പോഴും തങ്ങളുടെ ചർമ്മത്തിനോട് പുച്ഛവും അറപ്പുമാണെന്ന പ്രതികരണം ആഫ്രിക്കയിൽ നിന്നുണ്ടായി. ലാറ്റിൻ അമേരിക്കയിലും പ്രതിഷേധം കടുത്തതായിരുന്നു. വിവാദ ഫ്രഞ്ച് മാസിക, പൊലീസുകാരന്റെ ബൂട്ടിനടിയിൽ പെട്ട് ചതഞ്ഞരഞ്ഞ ജോർജ്ജ് ഫ്ളോയ്ഡിനോട് മേഗനെ ഉപമിച്ച് കാർട്ടൂൺ വരെ ഇറക്കി.

ലോകം തന്നെ രണ്ടു ചേരിയായി ഈ വിഷയത്തിൽ പോരടിക്കുമ്പോഴും, മറക്കാൻ കഴിയാത്ത ചില ചരിത്ര സത്യങ്ങളുണ്ട്. ഇരുണ്ട ചർമ്മത്തെ പറ്റി വിലപിക്കുന്നു എന്ന ആരോപണം ഉയരുമ്പോൾ ഓർമ്മയിലെത്തേണ്ട ചില ഇരുണ്ട സത്യങ്ങൾ. രാജകുടുംബത്തിന്റെ അസ്തിത്വം പോലും ചോദ്യം ചെയ്യപ്പെട്ടിരിക്കുന്ന ഇക്കാലത്ത് ബ്രിട്ടീഷ് രാജകുടുംബത്തിന്റെ അത്തരം ചില ഇരുണ്ട ചരിത്രങ്ങളിലേക്കുകൂടി ഒന്നു യാത്ര ചെയ്യാം.

നിലവിലുള്ളതെ യഥാർത്ഥ രാജകുടുംബമല്ലെന്നോ ?

2012-ൽ ലെസ്റ്ററിലെ ഒരു പാർക്കിൽ കണ്ടെത്തിയ ഒരു അസ്ഥികൂടമാണ് ഈ ചോദ്യം ഉയർത്തിയത്. കുഴിച്ചെടുത്ത ഈ അസ്ഥികൂടത്തിന് 500 വർഷത്തിലേറെ പഴക്കമുണ്ടായിരുന്നു. ഡി എൻ എ പരിശോധനകളിൽ തെളിഞ്ഞത് ഇത് പതിനഞ്ചാം നൂറ്റാണ്ടിൽ ബ്രിട്ടീഷ സാമ്രാജ്യം ഭരിച്ചിരുന്ന റിച്ചാർഡ് മൂന്നാമൻ രാജാവിന്റെതാണെന്നായിരുന്നു. യുദ്ധക്കളത്തിൽ വച്ച് മരിക്കുന്ന അവസാന ഇംഗ്ലീഷ് രാജവെന്ന ബഹുമതിയുള്ള റിച്ചാർഡ് മൂന്നാമൻ മരിക്കുന്നത് 1485 ലാണ്. രാജാവിന്റെ, ലഭ്യമായ ഏറ്റവും പഴയ ചിത്രത്തിലെ രാജാവിന്റെ തലമുടിയുടെയും കണ്ണിന്റെയുമൊക്കെ നിറവുമായി താരതമ്യം നടത്തിയാണ് ഇത് റിച്ചാർഡ് മൂന്നാമനാണെന്ന് തെളിയിച്ചത്.

ഈ അസ്ഥികൂടം റിച്ചാർഡ് മൂന്നാമന്റേതാണ് എന്ന കാര്യത്തിൽ 99.99 ശതമാനം ഉറപ്പുണ്ടെന്നാണ് അന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ലെസ്റ്റർ സർവ്വകലാശാലയിലെ ജനിതകശാസ്ത്രജ്ഞനായ ടുറി കിങ് പറഞ്ഞത്. മാത്രമല്ല, റിച്ചാർഡ് മൂന്നാമന്റെ മാതൃകുടുംബത്തിലെ നിലവിലുള്ള ചിലരുടെ ഡി എൻ എയുമായും താരതമ്യപഠനങ്ങൾ നടത്തി, ഈ അസ്ഥികൂടം റിച്ചാർഡ് മൂന്നാമന്റെതു തന്നെ എന്ന് ഉറപ്പുവരുത്തിയിരുന്നു.

അതേസമയം, റിച്ചാർഡിന്റെ പിതൃകുടുംബത്തിലെ, അതായത് ബ്രിട്ടീഷ് രാജകുടുംബത്തിലെ അംഗങ്ങളുടെ ഡി എൻ എയുമായി യാതൊരു സാമ്യവും ഇത് കാണിച്ചില്ല. ഇതാണ് ബ്രിട്ടീഷ് രാജകുടുംബത്തിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്തത്. രജപാരമ്പര്യത്തിൽ എവിടെയോ മായം കലർന്നിട്ടുണ്ടാകാം എന്നാണ് ഗവേഷകർ പറയുന്നത്. പിതാവ് വഴിയാണ് കുടുംബ പരമ്പര തുടരുന്നത് എന്നതിനാൽ തന്നെ, പിന്നീടുള്ള ഹെന്റി അഞ്ചാമൻ, ഹെന്റി ആറാമൻ തുടങ്ങി ഇപ്പോഴുള്ള അംഗങ്ങളെ വരെ ശാസ്ത്രീയമായി, രാജകുടുംബാംഗങ്ങളായി അംഗീകരിക്കാനാവില്ലെന്ന വാദം ഉയർന്നുവന്നു.

റിച്ചാർഡ് മൂന്നാമന്റെ സിംഹാസനാരോഹണത്തിലെ നിഗൂഢതകളും സഹോദര പുത്രന്മാരുടെ തിരോധാനവും

ഏഡ്വേർഡ് അഞ്ചാമൻ രാജ്യം ഭരിച്ചിരുന്ന സമയത്ത് ദൂരൂഹമായ രോഗത്താൽ 1483-ൽ മരണപ്പെടുകയായിരുന്നു. അന്ന് രോഗിയായ രാജാവിനു വേണ്ടി റീജന്റായി രാജ്യം ഭരിച്ചിരുന്നത് സഹോദരനായ റിച്ചാർഡ്, ദി ഡ്യുക്ക് ഓഫ് ഗ്ലസ്റ്റർ ആയിരുന്നു. അതിശക്തനായ റിച്ചാർഡായിരുന്നു രാജവ് ഉണ്ടായിരുന്ന കാലത്തും സുപ്രധാന തീരുമാനങ്ങൾ എല്ലാം എടുത്തിരുന്നത്. രാജാവിന്റെ മരണശേഷം മൂത്ത പുത്രനായ എഡ്വേഡ് അഞ്ചാനെയാണ് രാജാവായി വാഴിക്കുവാൻ തീരുമാനിച്ചത്.

എന്നാൽ, പിതാവിന്റെ മരണശേഷം, കൗമാരക്കാരായ ഏഡ്വേഡും സഹോദരനും അവരുടെ അമ്മയായ എലിസബത്ത് വുഡ്വില്ലീസിന്റെ സഹോദരന്റെ സംരക്ഷണയിലായിരുന്നു. എന്നാൽ, റിച്ചാർഡ് മൂന്നാമൻ, എലിസബത്തിന്റെ സഹോദരനായ ആന്റണി വുഡ്വില്ലീസിനേയും അർദ്ധസഹോദരനായ സർ റിച്ചാർഡ് ഗ്രേയേയും അറസ്റ്റ് ചെയ്ത് പോണ്ടെൻഫ്രാക്ട കോട്ടയിൽ തടവിൽ സൂക്ഷിച്ചു. പിന്നീട് അവരെ വധിക്കുകയും ചെയ്തു. അതിനുശേഷം എലിസബത്ത് വുഡ്വില്ലീസിനേയും കുട്ടികളേയും കൂട്ടി റിച്ചാർഡ് വെസ്റ്റ്മിനിസ്റ്ററിലേക്ക് മടങ്ങി.

ലണ്ടനിൽ എത്തിയ ഉടൻ റിച്ചാർഡ് പ്രഖ്യാപിച്ചത് എഡ്വേർഡ് അഞ്ചാമന്റെ കിരീട ധാരണമായിരുന്നു. 1483 മെയ്‌ 19 ന് നിശ്ചയിച്ചിരുന്ന കിരീടധാരണം പിന്നീട് ജൂൺ 25 -ലേക്ക് മാറ്റി. അതിനുശേഷം എഡ്വേർഡ് അഞ്ചാമനെ ടവർ ഓഫ് ലണ്ടനിലേക്ക് മാറ്റി. പാരമ്പര്യമനുസരിച്ച് കിരീടധാരണത്തിനു മുൻപായി കിരീടാവകാശികൾ ഇവിടെ താമസിക്കണം. കിരീടധാരണത്തിനുള്ള ചടങ്ങുകൾ ഒന്നൊന്നായി നടന്നുവരുന്ന സമയത്താണ് അതിൽ പ്രതിഷേധവുമായി ഒരു കൂട്ടം പ്രഭുക്കന്മാരും പ്രമാണിമാരും എത്തുന്നത്. എലിസബത്ത് വുഡ്വില്ലീസിനെ വിവാഹം കഴിക്കുന്നതിനു മുൻപ് എഡ്വേർഡ് നാലമന് എലീനർ ബട്ലർ പ്രഭ്വിയുമായി ഒരു ബന്ധം ഉണ്ടായിരുന്നു.

ആ ബന്ധം നിയമ പ്രകാരം വേർപെടുത്താതിനാൽ, എലിസബത്തുമായുള്ള വിവാഹത്തിന് സാധുതയില്ലെന്നും അതുകൊണ്ടുതന്നെ എഡ്വേർഡ് നാലാമന്റ മക്കൾക്ക് ബ്രിട്ടീഷ് സിംഹാസനത്തിൽ നിയമപരമായ അവകാശമില്ലെന്നുമായിരുന്നു അവരുടെ വാദം. ഇതിനിടയിൽ എഡ്വേർഡ് നാലമന്റെ ഇളയ മകനെയും റിച്ചാർഡ് ടവർ ഓഫ് ലണ്ടനിൽ എത്തിച്ചിരുന്നു. അതിനുശേഷം സഭ ചേർന്ന് എഡ്വേർഡ് അഞ്ചാമന് നിയമപരമായി കിരീടത്തിന് അവകാശമില്ലെന്ന് പ്രമേയം പാസ്സാക്കി റിച്ചാർഡ് മൂന്നാമനെ രാജാവായി വാഴിക്കുകയായിരുന്നു.

അതിനുശേഷം എഡ്വേർഡ് നാലാമന്റെ മക്കളെ കുറിച്ച് ആരും ഒന്നും കേട്ടിട്ടില്ല. അതുമായി ബന്ധപ്പെട്ട് നിരവധി കഥകൾ പുറത്തുവന്നു. റിച്ചാർഡ് മൂന്നാമൻ തന്നെ തന്റെ സ്ഥാനത്തിന് എതിർപ്പുവരാതിരിക്കാൻ അവരെ കൊന്നതാണെന്നായിരുന്നു ഒരു കഥ. അതേസമയം, കുടുംബത്തിലെ തന്നെ ചിലരുടെ സഹായത്തോടെ ഈ രാജകുമാരന്മാർ ടവർ ഓഫ് ലണ്ടനിൽ നിന്നും രക്ഷപ്പെട്ടതിനുശേഷം എവിടെയോ അജ്ഞാത ജീവിതം നയിക്കുകയാണെന്നുള്ള വാർത്തയും പടർന്നിരുന്നു.

ഏതായാലും ഇവരുടെ ദുരൂഹമായ അപ്രത്യക്ഷമാകലിനെ കുറിച്ച് ഇതുവരെ കരുത്തുറ്റ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. പിന്നീട് വർഷങ്ങൾക്ക് ശേഷം ടവർ ഓഫ് ലണ്ടനിലെ ചവിട്ടുപടികൾക്കടിയിൽ നിന്ന് രണ്ട് കുട്ടികളുടെ അസ്ഥികൂടങ്ങൾ കണ്ടെത്തി. ഇത് പിന്നീട് വെസ്റ്റ്മിനിസ്റ്റർ അബിയിൽ അടക്കം ചെയ്തെങ്കിലും ഇത് എഡ്വേർഡ് നാലമന്റെ മക്കളുടെതാണെന്ന് ഇതുവരെ തെളിയിക്കാനായിട്ടില്ല.

ജോർജ്ജ് രാജകുമാരന്റെ കാമലീലകളും ദുരൂഹമരണവും

എഡ്വേർഡ് എട്ടാമന്റെയും ജോർജ്ജ് ആറമന്റെയും സഹോദരനായിരുന്നു ഡ്യുക്ക് ഓഫ് കെന്റ് എന്നപേരിൽ അറിയപ്പെട്ടിരുന്ന ജോർജ്ജ് രാജകുമാരൻ. പാർട്ടികളുടെ രാജകുമാരൻ എന്ന് അന്ന് വിളിക്കപ്പെട്ടിരുന്ന ജോർജ്ജ് രാജകുമാരൻ അമിതമായ ലൈംഗികാസക്തിയുള്ള വ്യക്തിയായിരുന്നു. ഇരട്ട ലൈംഗിക താത്പര്യങ്ങൾ ഉണ്ടായിരുന്ന ജോർജ് സ്ത്രീകളുമായും പുരുഷന്മാരുമായും ഒരുപോലെ രമിച്ചിരുന്നു. മയക്കുമരുന്നിന് അടിമയായിരുന്ന ജോർജ്ജ് രാജകുമാരൻ നിരവധി തട്ടിപ്പുകളിലും ഉൾപ്പെട്ടിരുന്നു.

രാജ്കുടുംബാംഗങ്ങൾക്ക് പാരമ്പര്യമായി നിശ്ചയിക്കപ്പെട്ടിട്ടുള്ള പെരുമാറ്റ ചട്ടങ്ങളെയൊന്നിനേയും ബഹുമാനിക്കാതെ തന്റേതായ സ്വതന്ത്ര ജീവിതം നയിച്ച വ്യക്തികൂടിയായിരുന്നു ഇയാൾ. അദ്ദേഹം ഒരു വിമാനാപകടത്തിൽ മരണമടയുമ്പോൾ അവിഹിത ബന്ധത്തിൽ കുറഞ്ഞത് രണ്ട് കുട്ടികളെങ്കിലു അദ്ദേഹത്തിനുണ്ടെന്ന വാർത്ത പരന്നിരുന്നു. 1920-ൽ സ്വവർഗ്ഗ രതിയുമായി അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴാണ് ജോർജ് രാജകുമാരന്റെ യഥാർത്ഥ മുഖം പുറത്തുവന്നത്. എന്നാൽ, രാജകുടുംബത്തിന് ചീത്തപ്പേരുണ്ടാക്കുമെന്ന ഭയത്താൽ മാധ്യമങ്ങൾ അത് റിപ്പോർട്ട് ചെയ്തില്ല. 1942-ൽ മുപ്പത്തൊമ്പതാം വയസ്സി ഒരു വിമാനപകടത്തിലായിരുന്നു ജോർജ്ജ് രാജകുമാരൻ മരണമടയുന്നത്. ഇയാളുടെ ചെയ്തികൾ രാജകുടുംബത്തിന്റെ യശ്ശസിന് കൂടുതൽ കളങ്കംവരുത്തിവയ്ക്കും എന്നതിനാൽ ഒരു അട്ടിമറിയിലൂടെ ഉണ്ടാക്കിയ വിമാനാപകടമാണ് അതെന്ന ആരോപണവും അക്കാലത്ത് നിലനിന്നിരുന്നു.

രോഗബാധിതനായ മകനെ ഒളിപ്പിച്ച് ജോർജ്ജ് അഞ്ചാമൻ രാജാവ്

താൻ മാനസികമായി തകർന്നിരുന്ന സമയത്ത് ഒരു കൗൺസിലറുടെ സഹായം സ്വീകരിക്കുന്നതിൽ നിന്നും രാജകുടുംബം തന്നെ വിലക്കി എന്നൊരു ആരോപണം ഒപ്രാ വിൻഫ്രിയുമായുള്ള അഭിമുഖത്തിൽ മേഗൻ ഉന്നയിച്ചിരുന്നു. ഇക്കാര്യം പുറത്തറിഞ്ഞാൽ രാജകുടുംബത്തിന്റെ യശ്ശസ്സ് തകരും എന്നായിരുന്നു അത്രെ കാരണമായി പറഞ്ഞത്. ഇത് പലരുടെയും നെറ്റിചുളിപ്പിച്ചു. പലരും ഇതിനെ അപലപിച്ചപ്പോൾ ചിലരെങ്കിലും അങ്ങനെ സംഭവിച്ചിട്ടുണ്ടാകില്ല എന്നും മേഗൻ കള്ളം പറയുകയാണെന്നും കുറ്റപ്പെടുത്തി.

മേഗന്റെ കാര്യത്തിലെ വാസ്തവം എന്താണെന്നറിയില്ലെങ്കിലും സമാനമായ മറ്റൊരു കാര്യം രാജകുടുംബത്തിൽ നടന്നിട്ടുണ്ട്. ജോർജ്ജ് അഞ്ചാമൻ രാജാവിന്റെയും മേരിയുടെയും ഏറ്റവും ഇളയമകന് വളരെ ചെറുപ്പത്തിൽ തന്നെ അപസ്മാരരോഗം പിടിപെട്ടിരുന്നു. ഇത് രാജകുടുംബത്തിന് കളങ്കമുണ്ടാക്കും എന്നതിനാൽ ഈ പുത്രനെ അവർ പൊതുജനങ്ങളിൽ നിന്നും മറച്ചുപിടിക്കുകയായിരുന്നു. ജോൺ എന്ന് പേരുള്ള ഇയാൾ ഡോക്ടറെ കാണുവാനായി മാത്രമായിരുന്നു കൊട്ടാരത്തിന് വെളീയിൽ ഇറങ്ങിയിരുന്നത്. അപ്പോഴെല്ലാം, ജനൽ മറച്ച കാറിലായിരുന്നു യാത്ര. രാജകുടുംബത്തിന്റെ പല ജീവചരിത്രങ്ങളിൽ നിന്നും ഫോട്ടോകളിൽ നിന്നും ജോൺ രാജകുമാരനെ ഒഴിവാക്കിയിട്ടുമുണ്ട്. കൗമാരപ്രായത്തിൽ തന്നെ ഈ രാജകുമാരൻ മരണത്തിനു കീഴടങ്ങുകയും ചെയ്തു.

ഡയാനാ രാജകുമാരിയുടേ, വിവാഹശേഷമുള്ള പ്രണയവും, അപകടമരണവും അതുപോലെ ലൈംഗിക കുറ്റവാളിയാന ജെഫ്രി എപ്സ്റ്റീനുമായുൾല ആൻഡ്രൂ രാജകുമാരന്റെ സൗഹൃദവുമെല്ലാം അടുത്തകാലത്ത് രാജകുടുംബത്തിനു മേൽ പതിച്ച കളങ്കങ്ങളായിരുന്നു.ഫിലിപ്പ് രാജകുമാരനും എന്തിനധികം ഹാരി പോലും സ്വകാര്യ സംഭാഷണങ്ങൾ വംശീയ വെറിയോടെയുള്ള പദങ്ങൾ ഉപയോഗിച്ച് വിവാദത്തിലായിട്ടുണ്ട്. ഇത്തരം നിരവധി കറുത്തകഥകളുണ്ട് ഈ രാജകുടുംബത്തിന്റെ പേരിൽ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP