Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

2001ൽ പാർലമെന്റ് ഭീകരാക്രമണത്തിന് ഇരയായപ്പോൾ തലകുനിച്ച രാജ്യം; തുടർച്ചയായ ഭൂചലനങ്ങളും ഭീതി ഉയർത്തി; ഇപ്പോൾ 1200 കോടി ചെലവിൽ റെക്കോർഡ് വേഗതയിൽ ആധുനിക മന്ദിരം; കല്ലുകടിയായി രാഷ്ട്രപതി - ചെങ്കോൽ വിവാദങ്ങൾ; സെൻട്രൽ വിസ്ത പദ്ധതി രാജ്യതലസ്ഥാനത്തിന്റെ മുഖഛായ മാറ്റുന്നു; പുതിയ പാർലമെന്റ് മന്ദിരം തുറക്കുമ്പോൾ ഇന്ത്യ തിളങ്ങുന്നു!

2001ൽ പാർലമെന്റ് ഭീകരാക്രമണത്തിന് ഇരയായപ്പോൾ തലകുനിച്ച രാജ്യം; തുടർച്ചയായ ഭൂചലനങ്ങളും ഭീതി ഉയർത്തി; ഇപ്പോൾ 1200 കോടി ചെലവിൽ റെക്കോർഡ് വേഗതയിൽ ആധുനിക മന്ദിരം; കല്ലുകടിയായി രാഷ്ട്രപതി - ചെങ്കോൽ വിവാദങ്ങൾ; സെൻട്രൽ വിസ്ത പദ്ധതി രാജ്യതലസ്ഥാനത്തിന്റെ മുഖഛായ മാറ്റുന്നു; പുതിയ പാർലമെന്റ് മന്ദിരം തുറക്കുമ്പോൾ ഇന്ത്യ തിളങ്ങുന്നു!

എം റിജു

സ്വതന്ത്ര ഇന്ത്യയൂടെ ചരിത്രത്തിൽ ഒരിക്കലും മറുന്നപോവാത്ത ദിവസമാണ്, 2001 ഡിസംബർ 13. അന്നാണ് ലഷ്‌കറെ തൊയിബ, ജെയ്ഷെ മുഹമ്മദ് ചാവേറുകൾ ഇന്ത്യയുടെ പാർലമെന്റ് മന്ദിരം ആക്രമിച്ചത്. സുരക്ഷാ ജീവനക്കാരടക്കും പൊലീസുകാരുമടക്കം ഒമ്പതുപേർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടു. അഞ്ച് ഭീകരവാദികളെയും ഏറ്റുമുട്ടലിൽ വധിച്ചു. പക്ഷേ ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗം നടുങ്ങിപ്പോയ ദിവസം ആയിരുന്നു അത്. ത്രിതല സുരക്ഷയുള്ള പഴുതടച്ച ഒരു പാർലിമെന്റ് മന്ദിരം എന്ന ആശയം അന്നു തന്നെ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് നൽകിയിരുന്നു. പക്ഷേ അന്ന് കാര്യങ്ങൾ ഒന്നും മുന്നോട്ട് പോയില്ല. അതിനിടെയാണ് ഡൽഹിയിൽ പലപ്പോഴായി ഭൂകമ്പങ്ങൾ റിപ്പോർട്ട് ചെയ്തത്. അതോടെയും പാർലമെന്റ് മന്ദിരത്തിന്റെ ഉൾപ്പെടെ സുരക്ഷയെപ്പറ്റിയും ചോദ്യമുയർന്നു.

ഇതൊക്കെ മുന്നിൽ കണ്ടാണ്, 2012ൽ യുപിഎ ഭരണകാലത്ത് പാർലമെന്റിന്റെ നവീകരണം സംബന്ധിച്ച പരിശോധനയ്ക്കായി സ്പീക്കർ മീരാകുമാർ സമിതിയെ നിയോഗിച്ചെങ്കിലും പുരോഗതിയുണ്ടായില്ല. 2014ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയതോടെ കാര്യങ്ങൾ വീണ്ടും ചൂടുപിടിച്ചു. ഡൽഹിയെ മോടി പിടിപ്പിക്കാനുള്ള പ്രധാനമന്ത്രിയുടെ സെൻട്രൽ വിസ്ത പദ്ധതിക്ക് 2019 സെപ്റ്റംബറിൽ മാസ്റ്റർപ്ലാൻ തയാറായതോടെയാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണത്തിനും വേഗം കൂടിയത്. അതിപ്പോൾ റെക്കോർഡ് വേഗത്തിൽ പണി പൂർത്തിയായി ഉദ്ഘാടന സജ്ജമായിരിക്കയാണ്. പക്ഷേ ഇന്ത്യയിൽ എന്തുകാര്യത്തിലുമെന്നപോലെ അപ്പോഴും ഇവിടെ വിവാദമാണ് നിറഞ്ഞുനിൽക്കുന്നത്.

എ ഐ സുരക്ഷ, ഭൂകമ്പ ഭീതി വേണ്ട

ഇത്രയധികം പട്ടിണിപ്പാവങ്ങളുള്ള ഒരു രാജ്യത്തിന് എന്താണ് 1200 കോടിയൊക്കെ മുടങ്ങിയുള്ള പാർലിമെന്റ് മന്ദിരം എന്ന ചോദ്യം ഇപ്പോൾ വ്യാപകമായിട്ടുണ്ട്. ഇത്രയും പാവങ്ങൾ ഉള്ള രാജ്യം എന്തിനാണ് ചാന്ദ്രയാൻ പോലുള്ള പദ്ധതികൾ ഏറ്റെടുക്കുന്നത് എന്ന ചോദ്യം പോലെ വ്യാജമാണ് അത്. ഒന്നാമത് ഇന്ത്യ പഴയതുപോലെ പട്ടിണി രാജ്യമല്ല. ലോകത്തെ വളരുന്ന സാമ്പത്തിക- സൈനിക ശക്തിയാണ്. ഈയിടെയാണ് ജി ഡി പിയുടെ കാര്യത്തിൽ ബ്രിട്ടനെ പിന്തള്ളി ഇന്ത്യ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായത്. ആ ഇന്ത്യയുടെ പ്രൗഡിക്കും സുരക്ഷക്കും ഒക്കുന്നനിലയിൽ ഒരു മന്ദിരം എന്നത് ആഡംബരമല്ല അത്യാവശ്യം തന്നെയാണ്.

സുരക്ഷിതത്വം നോക്കുകയാണെങ്കിൽ, ഒരു വെൽ പ്ലാൻഡ് ആധുനിക മന്ദിരമാണിത്. എമർജൻസി എക്സിറ്റുകളെക്കുറിച്ചും, ഫയർ അടക്കമുള്ള മറ്റ് ആക്സ്ഡന്റുകളിൽനിന്ന് രക്ഷപ്പെടുന്നതിനുള്ള ആധുനിക സുരക്ഷാ കാഴ്ചപ്പാട് രൂപപ്പെടുത്തിന് എത്രയോ മുമ്പ് 1921ലാണ് നമ്മുടെ പഴയ പാർലിമെന്റ് മന്ദിരം ഉണ്ടാക്കിയിരിക്കുന്നത്. ഡിജറ്റൽ സാങ്കേതിക വിദ്യയുടെയും, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും സാധ്യതകൾ ഉപയോഗിച്ച് പഴുതടച്ച സുരക്ഷ ഉറപ്പുവരുത്തുന്നതാണ് നമ്മുടെ പുതിയ മന്ദിരം. പഴയ മന്ദിരത്തിൽ അടിയന്തിര സാഹചര്യം വന്നാൽ രക്ഷാപ്രവർത്തനത്തിന്, പ്രത്യേകിച്ചും സെൻട്രൽ ഹാളിൽ സൗകര്യമില്ല. എന്നാൽ പുതിയ മന്ദിരത്തിൽ അതുണ്ട്.



ഇനി ഭൂകമ്പ സാധ്യതയിലേക്ക് വന്നാൽ ഏത് കടുത്ത ചലനത്തെയും അതിജീവിക്കുന ്ിലയിലാണ് ഇതിന്റെ നിർമ്മിതി. ഭൂചലന സാധ്യതയനുസരിച്ച് ഇന്ത്യയിലെ വിവിധ മേഖലകളെ രണ്ടു മുതൽ അഞ്ചു വരെ സൈസ്മിക് സോണുകളായി തിരിച്ചിട്ടുണ്ട്. അതിതീവ്രമായ ഭൂകമ്പത്തിനു സാധ്യതയുള്ള സൈസ്മിക് സോൺ നാലിലാണ് ഡൽഹിയുടെ സ്ഥാനം. എന്നാൽ സൈസ്മിക് സോൺ അഞ്ചിലുള്ള ഒരു കെട്ടിടത്തിനു വേണ്ട സുരക്ഷയാണ് പുതിയ പാർലമെന്റിൽ ഒരുക്കിയിരിക്കുന്നത്.

സ്ഥല പരിമിതി പരിഹരിക്കുന്നു.

നിലവിലെ പാർലമെന്റ് കെട്ടിടത്തിന് നൂറ് വർഷത്തോളം പഴക്കമായി. മാത്രമല്ല, ജോലിക്കാരുടെയും സന്ദർശകരുടെയും എണ്ണം പലമടങ്ങ് വർധിച്ചുവരികയാണ്. അതിനാൽ സ്ഥലവും സൗകര്യവും സാങ്കേതികവിദ്യയും അപര്യാപ്തം. ഭാവി ആവശ്യങ്ങൾ കൂടി കണക്കിലെടുത്ത് അത്യാധുനിക സംവിധാനങ്ങളോടെയാണ് പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. നിലവിൽ 440 പേർക്ക് മാത്രം ഇരിക്കാൻ സൗകര്യമുള്ള സെൻട്രൽ ഹാളിൽ പാർലമെന്റിന്റെ സംയുക്ത സമ്മേളനം നടക്കുമ്പോൾ തിങ്ങിനിറച്ചാണ് ഇരിപ്പിടമൊരുക്കുന്നത്. ലോക്സഭാ സീറ്റുകളുടെ എണ്ണവും ഭാവിയിൽ വർധിച്ചേക്കാം. ഇപ്പോഴത്തെ സീറ്റുകളുടെ എണ്ണത്തിന് 2026 വരെയാണ് കാലാവധി.മണ്ഡല പുനർ നിർണയമുണ്ടായാൽ സീറ്റെണ്ണം മാറും. അപ്പോൾ ജനപ്രതിനിധികൾ എവിടെയിരിക്കും.

ഈ പ്രശ്നമെല്ലാം പുതിയ മന്ദിരം പരിഹരിക്കുന്നുണ്ട്. നിലവിൽ രാജ്യസഭയിൽ പരമാവധി 250 അംഗങ്ങളാണു വേണ്ടത്. ലോക്സഭയിലാകട്ടെ പരമാവധി 550 പേരും. പഴയ പാർലമെന്റ് മന്ദിരത്തിലെ രാജ്യസഭാ ഹാളിൽ 250 പേർക്കും ലോക്സഭാ ഹാളിൽ 543 പേർക്കും ഇരിക്കാനുള്ള സൗകര്യമേയുള്ളൂ. എന്നാൽ പുതിയ മന്ദിരത്തിന്റെ രാജ്യസഭാ ഹാളിൽ മുന്നൂറിലേറെ അംഗങ്ങൾക്കുള്ള സീറ്റുണ്ട്. ലോക്സഭാ ഹാളിലാകട്ടെ 888 അംഗങ്ങൾക്ക് സുഖമായിരിക്കാം. 2026ൽ മണ്ഡല പുനർനിർണയം മുന്നിൽ കണ്ടാണിത്. ആളു കൂടിയാലും ഇനി സീറ്റന്വേഷിച്ച് നടക്കേണ്ടി വരില്ലെന്നു ചുരുക്കം.

മറ്റൊന്നു കൂടിയുണ്ട്. നിലവിൽ പാർലമെന്റിന്റെ സംയുക്ത സമ്മേളനം നടക്കുന്നത് സെൻട്രൽ ഹാളിലാണ്. രാജ്യസഭയിലെയും ലോക്സഭയിലെയും അംഗങ്ങൾ അവിടെ കൂടിച്ചേർന്നാൽ എഴുന്നൂറിലേറെപ്പേർ വരും. ഇവർക്കെല്ലാം കൂടി ആകെയുള്ളത് 440 സീറ്റും. സംയുക്ത സമ്മേളന സമയത്ത് കൂടുതൽ സീറ്റുകൾ കൊണ്ടു വന്ന് ഹാളിൽ കുത്തിനിറച്ചാണ് ഇതിനു പരിഹാരം കണ്ടിരുന്നത്. ഇനി പക്ഷേ അതിനും അവസാനമാകും. കാരണം, പുതിയ മന്ദിരത്തിൽ സംയുക്ത സമ്മേളനത്തിനായി സെൻട്രൽ ഹാളില്ല, പകരം ലോക്സഭാ ഹാളിലായിരിക്കും സമ്മേളനം നടക്കുക. അത്തരം ഘട്ടത്തിൽ 1272 എംപിമാർക്കു വരെ സീറ്റിങ് സൗകര്യമൊരുക്കാൻ സാധിക്കുന്ന വിധത്തിലാണ് ഹാളിന്റെ രൂപകൽപന.

ലോകസഭ മയിൽ, രാജ്യസഭ താമര!

2020 സെപ്റ്റംബറിലാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണക്കരാർ ടാറ്റാ പ്രോജക്ട്സ് കമ്പനിക്കു കൈമാറുന്നത്. 3 മാസത്തിനിപ്പുറം 2020 ഡിസംബർ 10ന് പ്രധാനമന്ത്രി മോദി മന്ദിരത്തിനു തറക്കല്ലിട്ടു. ഇന്ത്യൻ തലസ്ഥാനത്തിന്റെ മുഖച്ഛായതന്നെ മാറ്റുന്ന പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണം റെക്കോർഡ് സമയത്തിൽ, രണ്ടര വർഷംകൊണ്ട് പൂർത്തിയാക്കി.

ദേശീയ പക്ഷിയായ മയിലിനെ പ്രമേയമാക്കിയാണ് പുതിയ ലോക്സഭാ ഹാൾ നിർമ്മിച്ചിരിക്കുന്നത്, രാജ്യസഭാ ഹാളാകട്ടെ ദേശീയ പുഷ്പമായ താമരയുടെ മാതൃകയിലും. നാലു നിലയിൽ ത്രികോണാകൃതിയിലാണ് പുതിയ പാർലമെന്റ് മന്ദിരം. പരമാവധി സ്ഥലം പ്രയോജനപ്പെടുത്താനാണ് ത്രികോണാകൃതി സ്വീകരിച്ചതെന്നു പറയുന്നു നിർമ്മാതാക്കൾ. തൊട്ടടുത്തുതന്നെയാണ് വൃത്താകൃതിയിലുള്ള പഴയ പാർലമെന്റ് മന്ദിരവും. 971 കോടി രൂപയ്ക്കാണ് പുതിയ പാർലമെന്റ് നിർമ്മാണ പദ്ധതി കരാർ ടാറ്റ പ്രോജക്ട്സിനു നൽകിയത്. എന്നാൽ കോവിഡ് ലോക്ഡൗണും രൂപരേഖയിൽ ചില മാറ്റങ്ങളും വന്നതോടെ ചെലവ് 1200 കോടി കടന്നതായാണ് റിപ്പോർട്ടുകൾ. ഗുജറാത്തിൽനിന്നുള്ള ആർക്കിടെക്ട് ബിമൽ പട്ടേലാണ് പുതിയ പാർലമെന്റ് മന്ദിരം ഡിസൈൻ ചെയ്തത്.

150 വർഷത്തെ ആയുസ്സ് ഉറപ്പുതരുന്ന മന്ദിരം ഇന്ത്യയുടെ പാരമ്പര്യത്തനിമ വിളിച്ചോതുന്ന വിധത്തിലാണ് രൂപകൽപന. 65,000 ത്തിലേറെ ചതുരശ്ര മീറ്ററിലായുള്ള മന്ദിരത്തിലെ ഓഫിസ് മുറികളിലും യോഗഹാളുകളിലുമെല്ലാം അത്യാധുനിക സൗകര്യങ്ങളാണ്. പാർലമെന്റിന്റെ വിവിധ സമിതികൾക്കായുള്ള മുറികളുമൊരുക്കിയിട്ടുണ്ട്. ഒപ്പം വിശാലമായ ലൈബ്രറി, ഭക്ഷണശാല എന്നിവയും.

അംഗങ്ങൾക്കു വിശ്രമിക്കാനും വിശേഷങ്ങൾ കൈമാറാനുമുള്ള ഇടവുമുണ്ട്. സെൻട്രൽ ലോഞ്ച് എന്നറിയപ്പെടുന്ന ഇവിടെ തുറസ്സായ മുറ്റത്ത് ദേശീയ വൃക്ഷമായ ആൽമരവും നിഴൽവിരിച്ചുണ്ടാകും. ഇന്ത്യയുടെ ജനാധിപത്യപരമായ പാരമ്പര്യം ലോകത്തിനു മുന്നിൽ വിളിച്ചോതുന്ന വിശാലമായ ഭരണഘടനാ ഹാളും പുതിയ മന്ദിരത്തിന്റെ പ്രത്യേകതയാണ്. ശക്തിദ്വാർ, ജ്ഞാനദ്വാർ, കർമദ്വാർ എന്നിങ്ങനെയാണ് പ്രധാന കവാടങ്ങളുടെ പേരുകൾ. വിഐപികൾക്കും എംപിമാർക്കും സന്ദർശകർക്കും പ്രത്യേക പ്രവേശന കവാടങ്ങളായിരിക്കും. വിശാലമായ പാർക്കിങ് സൗകര്യവും ഉറപ്പാക്കിയിട്ടുണ്ട്. പാർലമെന്റിലെ ജീവനക്കാരുടെ വേഷവിധാനത്തിനുമുണ്ടാകും ഇനി വൈവിധ്യം.

1947 ഓഗസ്റ്റ് 14ന് അർധരാത്രി ബ്രിട്ടൻ ഇന്ത്യയ്ക്ക് അധികാരം കൈമാറിയതിന്റെ ഓർമയുണർത്തുന്ന സ്വർണ ചെങ്കോലും പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കുന്നുണ്ട്. ലോക്സഭാ സ്പീക്കറുടെ ചേംബറിലായിരിക്കും ചെങ്കോലിന്റെ സ്ഥാനം. ഈ പ്രഖ്യാപനവും വൻ വിവാദം ഉണ്ടാക്കി. ഉദ്ഘാടന ദിവസമായി സവർക്കറുടെ ജന്മദിനമായ മെയ് 28 തെരഞ്ഞെടുത്തതും വിവാദമായി.

രാഷ്ട്രപതിയെ ചൊല്ലി വിവാദം

ചുരുക്കിപ്പറഞ്ഞാൽ ഇന്ത്യക്ക് എന്തുകൊണ്ടും അഭിമാനമാവേണ്ട, ഒരു കെട്ടിടം തന്നെയായിരുന്ന ഇത്. പക്ഷേ അവിടെയും വിവാദങ്ങൾ വേട്ടയാടി. ഉദ്ഘാടനത്തിന് രാഷ്ട്രപതിയെ ക്ഷണിച്ചില്ല എന്നതായിരുന്നു പ്രധാന വിവാദം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇമേജ് ഉയർത്തിക്കാട്ടുന്നതിനായി 'ഒരു രാജ്യം ഒറ്റ നേതാവ്' എന്ന ആശയം അടിവരയിട്ട് ഉറപ്പിക്കുന്നതിനായുള്ള ചില കാമ്പയിനുകൾ ഇതിന്റെ ഭാഗമായി നടക്കുന്നുണ്ടെന്നുള്ള പ്രതിപക്ഷ ആരോപണത്തിൽ കഴമ്പില്ലാതില്ല. നിയമപരമായി പ്രധാനമന്ത്രിക്ക് മന്ദിരം ഉദ്ഘാടനം ചെയ്യുന്നതിൽ യാതൊരു പ്രശ്നവുമില്ല. കോടതിയും കഴിഞ്ഞ ദിവസം അത് അംഗീകരിക്കയുണ്ടായി. പക്ഷേ ധാർമ്മികമായി അത് ശരിയാണോ എന്ന ചോദ്യം ഉയരുന്നുണ്ട്. ഇന്ത്യയുടെ ഭരണഘടനാ തലവൻ എന്ന നിലയിൽ രാഷ്ട്രപതി അത് ഉദ്ഘാടനം ചെയ്യുകയും, പ്രധാനമന്ത്രി ഒപ്പം ഇരിക്കുകയും ചെയ്തിരുന്നുവെങ്കിൽ ഈ മഹാരാജ്യത്തിന്റെ യശസ്സ് എത്രയോ ഉയർന്നേനെ.

പക്ഷേ രാഷ്ട്രപതി ആദിവാസിയായതുകൊണ്ടാണ് അവഗണിച്ചത് എന്ന് നമ്മുടെ ടി എൻ പ്രതാപൻ എം പിയൊക്കെ പറയുന്നത് ശുദ്ധ കുത്തിത്തിരിപ്പ് മാത്രമാണ്. ദ്രൗപതി മുർമു എന്ന ഗോത്രവർഗക്കാരി തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ, അവർക്ക് കേരളത്തിൽനിന്ന് എത്ര വോട്ട് കിട്ടിയിരുന്നു. ഒരു ഗോത്ര വനിത രാജ്യത്തിന്റെ പ്രസിഡന്റ് ആവട്ടെ എന്ന് എത്രപേർ കരുതി. അതുപോലെ രാഷ്ട്രപതിയെപ്പോലെ, ഭരണഘടനപരമായി സ്റ്റേറ്റ് ഹെഡ് ആണല്ലോ ഗവർണ്ണറും. പക്ഷേ ആരിഫ് മുഹമ്മദ്ഖാൻ കേരളത്തിൽ എത്ര ചടങ്ങുകളിൽ ക്ഷണിക്കപ്പെടാറുണ്ട്. കേരളത്തിൽ എല്ലാം പിണറായിയാണ്. അദ്ദേഹത്തിന്റെ ക്യാപ്റ്റൻ ഇമേജിലാണ് പാർട്ടിയുടെ ശ്രദ്ധ. കേന്ദ്രത്തിൽ അതേ തന്ത്രം തന്നെ, തീവ്രമായ ദേശീയത കലർത്തി ബിജെപി പുറത്തെടുക്കുന്നുവെന്ന് മാത്രം.

ചെങ്കോലിന് ചരിത്ര പിൻബലമുണ്ടോ ?

അതിനിടെ സ്പീക്കറുടെ ചേംബറിന് മുകളിലായി പഴയ ചെങ്കോൽ സ്ഥാപിക്കുമെന്ന് അമിത്ഷായുടെ പ്രസ്താവനെയെ തുടർന്നും വൻ വിവാദം ഉണ്ടായി. ചരിത്ര രേഖകളിൽ അങ്ങേനെ ഒരു കാര്യം ഇല്ല എന്ന് പറഞ്ഞ്, കോൺഗ്രസ് വക്തവ് ജയാറം രമേഷ് അടക്കമുള്ളവർ ബിജെപി നേതാക്കളെ വെല്ലുവിളിച്ചു. എന്നാൽ ബിജെപിയാവട്ടെ കോൺഗ്രസ് ചോളരാജവംശത്തെയും ഇന്ത്യൻ പാരമ്പര്യത്തെയും അപമാനിക്കുന്നുവെന്ന മറുവാദമാണ് ഉയർത്തിയത്.

സത്യത്തിൽ ഇന്ത്യൻ ജ്യോതിഷികളുടെയും വിശ്വാസികളുടെയും സമ്മർദത്തിന്റെ ഭാഗമായാണ് ഈ ചെങ്കോൽ അടക്കം ഉണ്ടായത് എന്നാണ് നിഷ്പക്ഷരായ ചരിത്രകാന്മ്മാർ പറയുന്നത്. 1945 ഓഗസ്റ്റ് 15ന് ജപ്പാൻ രണ്ടാം ലോകമഹായുദ്ധത്തിൽ കീഴടങ്ങിയ ചരിത്ര പ്രസിദ്ധമായ ആ ദിവസത്തിന്റെ ഓർമ്മയ്ക്കാണ് അതേ ദിവസം മൗണ്ട്ബാറ്റൻ പ്രഭു ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നൽകാനുള്ള ദിവസമായി തെരഞ്ഞെടുത്തത്. പക്ഷേ അതിന് അദ്ദേഹം ഏറെ പഴികേട്ടു. കാരണം ഓഗസ്റ്റ് 15 ഒരു വെള്ളിയാഴ്ചയായിരുന്നു. ഇന്ത്യയിൽ ഒരു ശുഭകാര്യവും വെള്ളിയാഴ്ച നടക്കാറില്ല. പുതിയ രാജ്യത്തിന്റെ ഭാവിയോർത്ത് ജ്യോതിഷികൾ വിലപിച്ചു. അതോടെ വലിയ ആശങ്ക പൊതുസമൂഹത്തിലും ഉണ്ടായി. എന്നാൽ പുരോഗമനവാദിയായ നെഹ്‌റു മൗണ്ട് ബാറ്റണു പിന്നിൽ ഉറച്ചുനിന്നു. പക്ഷേ വെള്ളിയാഴ്ചപ്പേടി ഗാന്ധിജി അടക്കമുള്ള കോൺഗ്രസ് നേതാക്കളിലേക്ക് പടർന്നു. എവിടെയും ഇതുതന്നെയായി ചർച്ച. അപ്പോഴാണ് ഒരു സവവായം എന്ന നിലയിൽ ഓഗസ്റ്റ് 14 അർധരാത്രി അധികാരക്കെമാറ്റമാക്കാൻ നിർദ്ദേശം വന്നത്. അങ്ങനെയാണ് ഇന്ത്യക്ക് അർധരാത്രിയിൽ സ്വാതന്ത്ര്യം കിട്ടിയത്. ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് എന്ന പുസ്തകത്തിൽ ലാറി കോളിൻസും ഡൊമനിക്ക് ലാപ്പിയറും ഇതു വിശദമായി എഴുതിയിട്ടുണ്ട്.

അതുപോലെ തന്നെ വിശ്വാസപരമായ മറ്റൊരു പ്രശ്‌നമായിരുന്നു, യാന്ത്രികമായി ഒപ്പിട്ട് ഹസ്തദാനം നൽകുന്നതിന് പകരം, അധികാരക്കെമാറ്റത്തിന് ആചാരപരവും വിശ്വാസപരവുമായ ഒരുപാരമ്പര്യം ഉയർത്തിപ്പടിക്കണം എന്നത്. ജ്യോതിഷികൾ ഇക്കാര്യത്തിലും ശക്തമായ സമ്മർദം ഉയർത്തി. മുഗൾ രാജാക്കന്മാരുടെ കിരീടം തൊട്ട് രജപുത്രന്മാരുടെ തലപ്പാവുവരെയുള്ള പല അധികാര ചിഹ്നങ്ങളും ഇതിനായി ചർച്ചയിൽ വന്നു. പക്ഷേ ഒന്നിലും സവവായം ഉണ്ടായില്ല. അപ്പോഴാണ്, നേരത്തെ അർധരാത്രിയിൽ സ്വാതന്ത്ര്യം വാങ്ങാനുള്ള ഫോർമുലയുണ്ടാക്കിയവരിൽ പ്രധാനിയായ സി രാജഗോപാലാചാരി അതിലും ഇടപെട്ടത്്. അദ്ദേഹത്തിന്റെ നിർദ്ദേശമായിരുന്നു ചെങ്കോൽ എന്ന അധികാര ചിഹ്നത്തിന്റെ കൈമാറ്റം. അങ്ങനെ മൗണ്ട് ബാറ്റണും നെഹ്‌റുവും ചെങ്കോൽ കൈമാറിയാണ് ഈ രാജ്യം പിറന്നത്.

ചോളരാജവംശത്തിന്റെ അധികാര ചിഹ്മായ ചെങ്കോൽ സി രാജഗോപാചാരിയാണ് കൊണ്ടുവന്നത്. അഞ്ചടി നീളമുള്ള ചെങ്കോലിന്റെ മുകളറ്റത്ത് ശിവവാഹനമായ നന്ദിയുടെ രൂപം കൊത്തിയിട്ടുണ്ട്. ഇതു നീതിയെ പ്രതിനിധീകരിക്കുന്നു എന്നാണ് പറയുക.നെഹ്‌റുവിന് ഇത്തരം ചടങ്ങുകളോട് പൊതുവിൽ യോജിപ്പുണ്ടായിരുന്നില്ല. പക്ഷേ നെഹ്‌റുവിന്റെ വീട്ടിൽ ഇത് എത്തിക്കാമെന്ന് അവർ തീരുമാനിക്കുന്നു. 1947 ഓഗസ്റ്റ് 14ന് തമിഴ്‌നാട്ടിൽ നിർമ്മിച്ച ചെങ്കോലുമായി മൂന്നുപേർ ഡൽഹിയിലെത്തി. തിരുവാവടുതുറൈ അധീനം മഠത്തിന്റെ പൂജാരി, നാദസ്വരം വായനക്കാരനായ രാജരത്തിനം പിള്ള, പാട്ടുകാരൻ എന്നിവരാണ് ചെങ്കോലുമായി വന്നത്. ഇവരുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്.

പൂജാരി ചെങ്കോൽ എടുത്ത് ആദ്യം മൗണ്ട്ബാറ്റൻ പ്രഭുവിന് കൈമാറി. പിന്നാലെ തിരിച്ചെടുത്തു. തുടർന്ന് ഗംഗാജലം തളിച്ച് ചെങ്കോൽ ശുദ്ധീകരിച്ചശേഷം ആദ്യ പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുക്കുന്ന ജവാഹർലാൽ നെഹ്‌റുവിന്റെ വീട്ടിലേക്കു ഘോഷയാത്രയായി കൊണ്ടുപോയി. അവിടെവച്ച് പൂജാരി നെഹ്‌റുവിനു ചെങ്കോൽ കൈമാറി. നെഹ്‌റു അത് ഏറ്റുവാങ്ങിയതോടെ അധികാരക്കൈ മാറ്റമായി ഇപ്പോഴിതാ പുതിയ പാർലമെന്റ് മന്ദിരത്തിൽ ചെങ്കോൽ കൈമാറ്റം വീണ്ടും നടക്കുകയാണ്. തമിഴ്‌നാട്ടിൽ നിന്നുള്ള പൂജാരിമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇത് കൈമാറുമെന്നാണ് അറിയുന്നത്. അതിന് ശേഷം സ്പീക്കറുടെ കസേരയ്ക്ക് സമീപം സൂക്ഷിക്കും.

കാലം എത്ര കഴിഞ്ഞാലും ഇന്ത്യയിൽ വിശ്വാസങ്ങൾക്ക് യാതൊരു മാറ്റവുമില്ലെന്ന് ഈ അനുഭവം അടിവരയിടുന്നു. പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനത്തിന് മുന്നോടിയായി ഹവനവും, പൂജകളും നടുക്കുന്നുണ്ട്. വിവിധ മതപണ്ഡിതന്മാർ പങ്കെടുക്കുന്ന ചടങ്ങിൽ, നാണയങ്ങളും, സ്റ്റാമ്പുകളും പുറത്തിറക്കും. രാവിലെ 7.30 മുതൽ 8.30 വരെ വൈദിക ആചാരങ്ങളോടെ ഹവനവും പൂജകളും നടക്കുക.

എന്താണ് സെൻട്രൽ വിസ്ത പദ്ധതി?

പുതിയ പാർലമെന്റിനു നൽകിയിരിക്കുന്ന പേരാണ് സെൻട്രൽ വിസ്തയെന്ന് ചിലരെങ്കിലും കരുതിയിട്ടുണ്ടാകും. എന്നാൽ ഏകദേശം 20000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയുടെ പേരാണ് സെൻട്രൽ വിസ്ത. പുതിയ പാർലമെന്റുൾപ്പെടെയുള്ള മന്ദിരങ്ങളും വിവിധ കേന്ദ്ര സർക്കാർ ഓഫിസുകളുമെല്ലാം ഉൾപ്പെടുന്നതാണ് ഭരണസിരാകേന്ദ്രത്തിലെ ഈ മുഖം മിനുക്കൽ പദ്ധതി. ഇതു യാഥാർഥ്യമാകുന്നതോടെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയും ഓഫിസും രാഷ്ട്രപതി ഭവനും ഉപരാഷ്ട്രപതി ഭവനുമെല്ലാം അടുത്തടുത്താകും.

രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യാഗേറ്റ് വരെയുള്ള രാജ്പഥിലെ 3.5 കിലോമീറ്റർ ദൂരത്തെ കെട്ടിടങ്ങളെല്ലാം പദ്ധതി പ്രകാരം പൊളിച്ചു പണിയാനാണു തീരുമാനം. രാജ്പഥിന്റെ പേര് കർത്തവ്യപഥ് എന്നാക്കി മാറ്റി മോടിപിടിപ്പിച്ചുകഴിഞ്ഞു. നിലവിലെ പാർലമെന്റ് മന്ദിരവും നോർത്ത്സൗത്ത് ബ്ലോക്കുകളും പൈതൃക സംരക്ഷണ കേന്ദ്രങ്ങളായി സൂക്ഷിക്കാനാണു തീരുമാനം. രാഷ്ട്രപതി ഭവനിലും മാറ്റങ്ങളുണ്ടാകില്ല.

രാജ്യം കടുത്ത പ്രതിസന്ധി നേരിടുമ്പോൾ അമിത ആർഭാടമാണ് ഈ വികസന പദ്ധതിയെന്നതു തുടക്കത്തിലെ വിമർശനം ഉയർന്നിരുന്നു. പക്ഷേ ക്രമേണെ അതെല്ലാം മറികടക്കാൻ അധികൃതർക്ക് ആയി. 1962ലെ ഡൽഹി മാസ്റ്റർ പ്ലാൻ അനുസരിച്ചു പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയതാണു ലട്യൻസ് ഡൽഹിയുടെ ഭാഗമായ ഈ സ്ഥലങ്ങളെല്ലാം. അതിനാൽ ഈ ഭാഗങ്ങളിൽ നിർമ്മാണപ്രവർത്തനം നടക്കുമ്പോൾ പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാവും എന്നും അതിനെ കുറിച്ച് പഠനങൾ നടത്തണം എന്നും വിദഗ്ദ്ധർ ആവശ്യപ്പെട്ടിരുന്നു.വായു മലിനീകരണം ഗുരുതരമായ നഗരത്തിന് മറ്റൊരു ഈ നിർമ്മാണ പ്രവർത്തനം എന്ന് കേട്ടപ്പോൾ നെറ്റി ചുളിച്ചവർ ഉണ്ട്. പക്ഷേ പദ്ധതി ഇപ്പോളും കാര്യമായ പ്രശ്നങ്ങൾ ഇല്ലാതെ സുഖമമായി മുന്നോട്ട് പോവുകയാണ്.

രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം രൂക്ഷമാവുകയും ഡൽഹിയിൽ ലോക്കഡൗണും ഓക്സിജൻ ക്ഷാമം ഉണ്ടാവുകയും ചെയ്ത സാഹചര്യത്തിലും അവശ്യസേവനങ്ങൾ എന്ന വിഭാഗത്തിൽപ്പെടുത്തിയാണ് വിസ്ത പദ്ധതി മുന്നേറിയത്. ഇതിനെതിരെ കോടതിയിൽ ഹരജി എത്തിയെങ്കിലും, അതിനെയും മറികടക്കാൻ സർക്കാറിനായി. വിസ്തപദ്ധതി പൂർത്തിയാവുന്നതോടെ ഡൽഹിയുടെ മുഖം മാറുമെന്നാണ് വിലയിരുത്തൽ.

പഴയ പാർലിമെന്റ് മന്ദിരം എന്തുചെയ്യും?

1921നാണ് ഇന്ത്യയുടെ പാർലമെന്റ് മന്ദിരം തറക്കല്ലിട്ടത്. 1927ൽ നിർമ്മാണം പൂർത്തിയാക്കി. ബ്രിട്ടീഷ് ഭരണകാലത്ത്, വാസ്തുശിൽപ്പികളായ എഡ്വിൻ ലുട്യൻസും ഹെർബർട് ബേക്കറും ചേർന്നാണ് ഈ മന്ദിരം രൂപകല്പന ചെയ്തത്. കൽക്കട്ടയിലെ ഇംപീരിയൽ ക്യാപ്പിറ്റൽ ഡൽഹിയിലേക്ക് മാറ്റിയപ്പോൾ ഇവർ ഡൽഹിക്കുള്ളിൽ പുതിയ നഗരമായി ന്യൂഡൽഹിയും പുതിയ ഭരണസിരാകേന്ദ്രമായി പാർലമെന്റ് മന്ദിരവും നിർമ്മിക്കുകയായിരുന്നു. പിന്നീട് രാഷ്ട്രപതിഭവനായി മാറിയ വൈസ്രോയിയുടെ ബംഗ്ലാവും നോർത്ത്, സൗത്ത് ബ്ലോക്കുകളടങ്ങുന്ന മന്ദിര സമുച്ചയങ്ങളും നിർമ്മിച്ചതും അവർതന്നെ. പാർലമെന്റ് മന്ദിരത്തിന് 1921 ഫെബ്രുവരി 12-നാണ് തറക്കല്ലിട്ടത്. ആറുവർഷമെടുത്ത് 1927 ജനവരി 18-ന് നിർമ്മാണം പൂർത്തിയായി.

അന്നത്തെ ഇന്ത്യൻ വൈസ്രോയ് ലോർഡ് ഇർവിനാണ് ഉദ്ഘാടനം ചെയ്തത്. ബ്രിട്ടീഷ് ഇന്ത്യൻ ഭരണകാലത്തെ സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയുടെ മൂന്നാമത്തെ സമ്മേളനം 1927 ജനുവരി 19-ന് ഈ മന്ദിരത്തിലായിരുന്നു ചേർന്നത്. 1947 ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യം നേടിയപ്പോൾ ബ്രിട്ടീഷുകാർ സ്വതന്ത്ര ഇന്ത്യയുടെ നേതാക്കൾക്ക് ഭരണക്കൈമാറ്റം നടത്തിയത് പാർലമെന്റിന്റെ മധ്യഭാഗത്തുള്ള സെൻട്രൽ ഹാളിൽവച്ചായിരുന്നു. സ്വാതന്ത്ര്യാനന്തരം ഡോ. ബി.ആർ. അംബേദ്കറുടെ നേതൃത്വത്തിൽ ഭരണഘടന തയ്യാറാക്കാനുള്ള നടപടിക്രമങ്ങളും ചർച്ചകളും അരങ്ങേറിയതും സെൻട്രൽ ഹാളിലാണ്. ഇതുവരെ 17 ലോക്സഭകൾ ഇവിടെ ചേർന്നു കഴിഞ്ഞു. പഴയപാർലമെന്റ് വളപ്പിന് ആറേക്കറോളം സ്ഥലമുണ്ട്. വൃത്താകൃതിയിലുള്ള പമന്ദിരത്തിന് 12 പ്രവേശന കവാടങ്ങളാണുള്ളത്. ലോക്സഭ, രാജ്യസഭ ഹാളുകൾക്ക് പുറമെ ഇരുസഭകളുടെയും സംയുക്ത സമ്മേളനം നടക്കുന്ന സെൻട്രൽ ഹാളുമുണ്ട്. മന്ദിരത്തിന്റെ മധ്യത്തിലാണ് സെൻട്രൽ ഹാൾ സ്ഥിതി ചെയ്യുന്നത്.



സ്ഥലപരിമിതി കാരണം 1956-ൽ രണ്ടുനിലകൾകൂടി നിർമ്മിച്ചു. വശങ്ങളിലെ വലിയ തൂണുകൾ മന്ദിരത്തിന് അലങ്കാരമാണ്.144 കൽതൂണുകളാണ് പാർലമെന്റ് മന്ദിരത്തിന്റെ മറ്റൊരു സവിശേഷത.പരവതാനിയുടെ നിറത്തിൽനിന്ന് ലോക്സഭയെയും രാജ്യസഭയെയും തിരിച്ചറിയാം. ലോക്സഭയിൽ പച്ച നിറത്തിലും രാജ്യസഭയിൽ ചുവന്ന നിറത്തിലുമുള്ള പരവതാനിയാണ് വിരിക്കുന്നത്. കുതിരാലയത്തിന്റെ മാതൃകയിലാണ് ലോക്സഭയിലെ സീറ്റുകളുടെ രൂപകല്പന. 550-ലേറെ അംഗങ്ങൾക്ക് ഇരിപ്പിടമുണ്ട്. ഭരണകക്ഷി അംഗങ്ങൾ സ്പീക്കറുടെ ചേംബറിന് അഭിമുഖമായി വലതുഭാഗത്തും പ്രതിപക്ഷ അംഗങ്ങൾ ഇടതുഭാഗത്തും ഇരിക്കും. സ്പീക്കറാണ് ലോക്സഭാധ്യക്ഷൻ.

അർധ വൃത്താകൃതിയിലാണ് രാജ്യസഭയിലെ സീറ്റുകളുടെ ക്രമീകരണം. 250-ഓളം അംഗങ്ങൾക്ക് ഇരിക്കാനുള്ള സൗകര്യമാണ് പഴയ മന്ദിരത്തിലുള്ളത്. ഉപരാഷ്ട്രപതിയാണ് രാജ്യസഭയുടെ അധ്യക്ഷൻ.ഇരുസഭകൾക്കും നിശ്ചിത കാലയളവിൽ സമ്മേളനമുണ്ട്. എല്ലാ വർഷവും ആദ്യത്തെ പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗമുണ്ടാകും. സെൻട്രൽ ഹാളിലാണ് ഇതിനായി സംയുക്ത സമ്മേളനം ചേരുന്നത്.രണ്ട് സഭകൾക്കുള്ളിലും സന്ദർശകർക്കും വിശിഷ്ടാതിഥികൾക്കും ഉദ്യോഗസ്ഥർക്കും മാധ്യമപ്രവർത്തകർക്കും പ്രത്യേകം ഇരിപ്പിടങ്ങളുണ്ട്. അംഗങ്ങളുടെ ഇരിപ്പിടങ്ങൾക്ക് മുകളിൽ വശങ്ങളിലായാണ് ഈ ഗ്യാലറികൾ സജ്ജീകരിച്ചിരിക്കുന്നത്. പാർലമെന്റ് വളപ്പിനുള്ളിൽ മഹാത്മാ ഗാന്ധി, ജവാഹർലാൽ നെഹ്രു, ഡോ. ബി. ആർ. അംബേദ്കർ തുടങ്ങിയ മഹദ് വ്യക്തിത്വങ്ങളുടെ ബൃഹദ് പ്രതിമകളും സ്ഥാപിച്ചിട്ടുണ്ട്.

ഇതെല്ലാം അതുപോലെ തന്നെ നിലനിർത്തി ഈ ചരിത്രമുറങ്ങുന്ന മന്ദിരത്തെ, മ്യൂസിയം ആക്കാനാണ് ഇപ്പോൾ ആലോചിക്കുന്നത്. അത് പൊളിച്ച് കളയുകയൊന്നും ചെയ്യുന്നില്ല. നമ്മുടെ പുതിയ തലമുറ ഇന്ത്യാ ചരിത്രം ഈ മന്ദിരം കണ്ട് പഠിക്കട്ടെ.

വാൽക്കഷ്ണം: മുൻ ലോക്സഭാ സെക്രട്ടറി പി. ശ്രീധരൻ ഇങ്ങനെ പറയുന്നു. ''രാജ്യത്തിന്റെ ചരിത്രം പറയുന്ന നിലവിലെ പാർലമെന്റ് മന്ദിരം ഒരു സാസ്‌കാരിക പ്രതീകമാണ്. ആ മന്ദിരത്തിന്റെ ഓരോ ഭാഗത്തിനും ഓരോ കഥ പറയാനുണ്ടാകും. മറ്റു പല രാജ്യങ്ങളിലും ചെയ്തപോലെ ഇവിടെയും നിലവിലെ മന്ദിരത്തെ ഇനി മ്യൂസിയമാക്കി നിലനിർത്തുമെന്ന് പ്രതീക്ഷിക്കാം. പുതിയ മന്ദിരം തയ്യാറായെന്നത് നല്ല കാര്യംതന്നെ. ഇന്ത്യൻ പാർലമെന്ററി ചരിത്രത്തിൽ ഒട്ടേറെ ചർച്ചകൾക്കും സംവാദങ്ങൾക്കും വഴിവെച്ചിട്ടുള്ള സെൻട്രൽ ഹാൾ പുതിയ മന്ദിരത്തിലുണ്ടാവില്ലെന്നത് വലിയ നഷ്ടം തന്നെയാകും''.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP