Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

യസീദി പെൺകുട്ടികളെ ചന്തയിലും വാട്‌സ് ആപ്പിലും ടെലിഗ്രാമിലും ലേലം ചെയ്ത് വിറ്റുകോടികൾ സമ്പാദ്യം; കോടീശ്വരന്മാരിൽ നിന്നും സംഘടനകളിൽ നിന്നും ചില രാജ്യങ്ങളിൽ നിന്നും സംഭാവനയായി ശതകോടികൾ; പെട്രോൾ കള്ളക്കടത്തിലൂടെ പ്രതിദിനം പത്തു ലക്ഷം യുഎസ് ഡോളർ; മോചനദ്രവ്യമായി പ്രതിവർഷം വാരിക്കൂട്ടിയിരുന്നത് 20 ദശലക്ഷം ഡോളർ; എല്ലാം സ്വരുക്കൂട്ടിയിട്ടും യുദ്ധമുഖത്ത് ഭക്ഷണം നൽകാൻപോലും കഴിയാതെ ഐഎസ് പൊളിഞ്ഞത് എങ്ങനെ?

യസീദി പെൺകുട്ടികളെ ചന്തയിലും വാട്‌സ് ആപ്പിലും ടെലിഗ്രാമിലും ലേലം ചെയ്ത് വിറ്റുകോടികൾ സമ്പാദ്യം; കോടീശ്വരന്മാരിൽ നിന്നും സംഘടനകളിൽ നിന്നും ചില രാജ്യങ്ങളിൽ നിന്നും സംഭാവനയായി ശതകോടികൾ; പെട്രോൾ കള്ളക്കടത്തിലൂടെ പ്രതിദിനം പത്തു ലക്ഷം യുഎസ് ഡോളർ; മോചനദ്രവ്യമായി പ്രതിവർഷം വാരിക്കൂട്ടിയിരുന്നത് 20 ദശലക്ഷം ഡോളർ; എല്ലാം സ്വരുക്കൂട്ടിയിട്ടും യുദ്ധമുഖത്ത് ഭക്ഷണം നൽകാൻപോലും കഴിയാതെ ഐഎസ് പൊളിഞ്ഞത് എങ്ങനെ?

മറുനാടൻ ഡെസ്‌ക്‌

ഡമാസ്‌ക്കസ്: ലോകമെമ്പാടും ഭീകരതയുടെ വിത്ത് വിതറിക്കൊണ്ട് വളർന്നുവന്ന ഇസ്ലാമിക് സ്റ്റേറ്റ് എന്നു കൂടി അറിയപ്പെടുന്ന ഐഎസ്‌ഐഎസ് ഇപ്പോൾ മരണാസന്നമായ അവസ്ഥയിലാണെന്നാണ് മാധ്യമങ്ങൾ പറയുന്നത്. ന്യൂയോർക്ക് ടൈസും ബിബിസിയും പോലുള്ള പാശ്ചാത്യ മാധ്യമങ്ങൾ മാത്രമല്ല അൽജസീറ പോലുള്ള ചാനലുകളും ഇക്കാര്യം ശരിവെക്കുന്നു. അമേരിക്കയുയെും റഷ്യയുടെയും നേതൃത്വത്തിൽ പാശ്ചാത്യ ശക്തികൾ സിറിയയിലും ഇറാഖിലും നടത്തുന്ന വൻ മുന്നേറ്റങ്ങളിൽ അക്ഷരാർഥത്തിൽ തകർന്നടിഞ്ഞിരിക്കുകയാണ്, ലോകമെമ്പാടും ഇസ്ലാമിന്റെ രാജ്യം ഉണ്ടാക്കുമെന്ന് പ്രതിഞ്ജയെടുത്ത് മുന്നോട്ടുവന്ന ഈ സംഘടന.

യമൻ, സിറിയ, ഇറാഖ് എന്നീ രാജ്യങ്ങളിൽ മാത്രമല്ല അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും പോലും ഐഎസിന് കനത്ത തിരിച്ചടിയുണ്ടാകുന്നു. കടുത്ത ദാരിദ്രമാണ് സംഘടനക്ക് നിലവിലുള്ളതെന്ന് പാശ്ചത്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുദ്ധകേന്ദ്രങ്ങളിൽ കഴിക്കാൻ ഭക്ഷണംപോലുമില്ലാത്ത അവസ്ഥയാണ്. അതുപോലെ ഇസ്ലാമിക് സ്റ്റേറ്റിനെ പിന്തുണക്കുന്ന മുഴുവൻ സംഘടനകൾക്കും പ്രവർത്തന ഫണ്ട് ഇല്ലാതായിരിക്കയാണ്. സൈനിക നടപടിയേക്കാൾ ഐഎസിന്റെ സാമ്പത്തിക നാഡി ( ecnomic vein) മുറിച്ചെടുക്കാനായതാണ് ഭീകരവിരുദ്ധ പ്രവർത്തനത്തിൽ നിർണ്ണായകമായതെന്ന് ഈ മേഖലയിൽ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. മുമ്പ് പലതവണയുണ്ടായ ഭീകരവിരുദ്ധ മുന്നേറ്റങ്ങൾ പരാജയപ്പെടാനുള്ള കാരണവും ഈ സാമ്പത്തിക ഞരമ്പ് അറുത്തുമാറ്റാൻ കഴിഞ്ഞതായിരുന്നെന്നും സിഎൻഎൻ ലേഖകൻ ഇയാൻ വിൽമൂർ ചൂണ്ടിക്കാട്ടുന്നു.

ശരിക്കും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ് നിലവിൽ ഐഎസ് പ്രവർത്തനം. ജിഹാദിനായി ലോകമെമ്പാടുംനിന്നും ആകർഷിച്ച നൂറുകണക്കിന് ചെറുപ്പക്കാർക്ക് അടിസ്ഥാന സൗകര്യം പോലും കൊടുക്കാൻ സംഘടനയ്ക്ക് ആവുന്നില്ല. സിറിയയിലും യമനിലും എന്നുവേണ്ട അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലുമുള്ള ഐഎസ് കേന്ദ്രങ്ങളിൽ വരെ കൊടിയ ദാരിദ്രത്തിന്റെ കഥകളാണ്. ചില സലഫി പണ്ഡിതരുടെയൊക്കെ തീവ്രമായ പ്രസംഗങ്ങളിൽ ആകൃഷ്ടരായി, ആടുമേക്കാനെന്നും പ്രവാചകചര്യയിൽ ജീവിക്കാനെന്നും പറഞ്ഞ് പോയ മലയാളികളിൽ ചിലർ വരെ ഭക്ഷണം പോലും കിട്ടാതായതോടെ, തിരിച്ചുവരവ് അന്വേഷിക്കുന്നുണ്ട്. കാസർകോട് നിന്ന് ഐഎസിൽ ചേർന്ന ഒരാൾ തിരിച്ചുവരാനുള്ള താൽപ്പര്യം പറഞ്ഞ് ബന്ധുക്കൾക്ക് സന്ദേശം അയച്ചതും വലിയ വാർത്തയായിരുന്നു. എന്നാൽ ഇത് ഒറ്റപ്പെട്ട കാര്യമല്ലെന്നാണ് ബിബിസിയടക്കമുള്ള ലോക മാധ്യമങ്ങൾ പറയുന്നത്. ഫണ്ടിന്റെ വരവ് നിലച്ചതുമൂലം നിരവധി പേർ ഐഎസിൽ നിന്ന് തിരിച്ചുപോയതായി ബിബിസിയുടെ സൗത്ത് എഷ്യാ കറസ്പോണ്ടന്റ് ലിയാൻ മക്കി റിപ്പോർട്ട് ചെയ്യുന്നു.

മുതലെടുത്ത് ഡ്രഗ് മാഫിയയും

യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെന്റ് പ്രത്യേക സാമ്പത്തിക വിഭാഗം രൂപവത്ക്കരിച്ച് നടത്തിയ അന്വേഷണമാണ് സത്യത്തിൽ ഐഎസിന്റെ സാമ്പത്തികാടിത്തറ തകർത്തതെന്നാണ് സിഎൻഎൻ റിപ്പോർട്ടിൽ പറയുന്നത്. യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെന്റ് സെക്രട്ടറി ഡേവിഡ് കോഹെനായിരുന്നു ഈ ദൗത്യത്തിന്റെ ചുമതല. കായികമായ യുദ്ധത്തിലൂടെ മാത്രം ഐഎസ് ഭീകരതയെ തുരത്താൻ കഴിയില്ലെന്നും അവരുടെ വിശാലമായ സാമ്പത്തിക കണ്ണികൾ കണ്ടുപിടിക്കണമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നേരത്തെ അറിയിച്ചിരുന്നു. ഇതേ തുടർന്നുള്ള അന്വേഷണത്തിൽ ഞെട്ടിപ്പിക്കുന്ന കണക്കാണ് ഇവർക്ക് കിട്ടിയത്.

എണ്ണയുടെ കരിഞ്ചന്ത വിൽപ്പനയിലൂടെ മാത്രം പ്രതിദിനം പത്തു ലക്ഷം യുഎസ് ഡോളറാണ് ഐഎസ് ഭീകരർക്ക് ലഭിച്ചിരുന്നത്. തങ്ങളുടെ നിയന്ത്രണ മേഖലയിലുള്ള എണ്ണപ്പാടങ്ങളിൽ നിന്നെടുക്കുന്ന പ്രെട്രോൾ കള്ളക്കടത്തുകാർക്ക് മറിച്ചു വിറ്റാണ് ഇവർ പണം കൊയ്യുന്നത്. ഇത് മേഖലയിൽ വലിയൊരു മാഫിയക്കുകൂടി വകവെച്ചു. കാരണം മെക്‌സിക്കോയിലും ഇറ്റലിയിലും ഉള്ള മയക്കുമരുന്ന് മാഫിയകളിൽ ഒരു വിഭാഗം ഇതൊരു സൈഡ് ബിസിനസായും ഏറ്റെടുത്തു. ഈ ബന്ധം വെച്ച് അഫ്ഗാനിലെ ഐഎസ് മേഖലയിൽ നിന്ന് ഇവർ വൻതോതിൽ ഓപ്പിയം കടത്തിയതായും റിപ്പോർട്ടുണ്ട്. മെക്്സിക്കോയിലെയും ഇറ്റലിയിലെയും മയക്കുമരുന്നു മാഫിയയുടെ ഉപഭോക്താക്കൾ ഏറെയും യുഎസ്, കാനഡ പോലുള്ള രാജ്യങ്ങളായിരുന്നു. ഇതും അമേരിക്കയ്ക്ക് കൂടുതൽ ഭീഷണിയായി. യാക്കൂസ, എൻദാങ്ങ്ഗ്രത്തെ തുടങ്ങിയ ലോകത്തെ വിറപ്പിക്കുന്ന അധോലോക സംഘങ്ങൾ കൂടി ഈ മാഫിയയിൽ കണ്ണിയായി. ഇറാഖിലെയും സിറിയയിലെയും ഐസിസ് അധിനിവേശ പ്രദേശങ്ങൾ തിരിച്ചുപിടിച്ചതോടെ ഈ വിപത്തിന് തടയിടാൻ പാശ്ചാത്യ രാജ്യങ്ങൾക്കായി.

തട്ടിക്കൊണ്ടു പോകലും അതിലൂടെയുള്ള മോചന ദ്രവ്യങ്ങളുമായിരുന്നു ഐസിസിന്റെ മറ്റൊരു വരുമാനമാർഗം. ലോകമെമ്പാടും ഇവർ നന്നായി നടപ്പാക്കിയ പദ്ധതിയായിരുന്നു ഇത്. 20 ദശലക്ഷം ഡോളറാണ് ഇതുവഴി ഐഎസിന് പ്രതിവർഷ വരുമാനം എന്നായിരുന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ കണക്ക്. സുരക്ഷ ശക്തമായി വർധിപ്പിക്കുകയും അതുവഴി തട്ടിക്കൊണ്ട് പോകപ്പെടാനുള്ള സാധ്യത കുറക്കുകയുമാണ് ഇതിനായി പാശ്ചാത്യ ശക്തികൾ ആദ്യമായി ചെയ്തത്. അടുത്തത് തട്ടിക്കൊണ്ടപോയാൽ യാതൊരു രീതിയിലുള്ള മോചനദ്രവ്യവും കിട്ടില്ല എന്നും ഉറപ്പുവരുത്തി. ചില രാജ്യങ്ങൾ ഇതിനായി നിയമ നിർമ്മാണവും നടത്തി. ഇതോടെ വൻ തോതിലാണ് ഐഎസിന്റെ വിലപേശൽ സാധ്യതകൾ ഇടിഞ്ഞത്.

കന്യകയായ യസീദി പെൺകുട്ടിക്ക് വില 12,500 ഡോളർ!

യസീദി പെൺകുട്ടികളെ ചന്തയിൽ വെച്ച് വിറ്റും, വാട്‌സ് ആപ്പിലൂടെയും ടെലിഗ്രാമിലൂടെയും ലേലം ചെയ്ത് വിറ്റും ഐഎസ് കോടികൾ സമ്പാദിച്ചിരുന്നു. (അൽജസീറയടക്കമുള്ള മാധ്യമങ്ങൾ ഇക്കാര്യം നിഷേധിക്കയാണ്. ഇസ്ലാമോ ഫോബിയ തലയ്ക്കുപിടിച്ച പാശ്ചാത്യ മാധ്യമങ്ങളുടെ സൃഷ്ടിയാണ് ഇതെന്നാണ് അവർ പറയുന്നത്) പക്ഷേ യസീദി സ്ത്രീകളെ പെൺകുട്ടികളെ പരസ്യമായി വിൽക്കുന്നുവെന്നതിന്റെ വീഡിയോകൾ നേരത്തെ പുറത്തുവന്നിരുന്നു. ഐഎസിന്റെ തടവിൽനിന്ന് രക്ഷപ്പെട്ട് പുറത്തുവന്ന നൂറുകണക്കിന് സ്ത്രീകളും തങ്ങളെ ലൈംഗിക അടിമകളാക്കിയതിന്റെയും വിറ്റതിന്റെയും വിവരങ്ങൾ കണ്ണീരോടെ ലോകത്തെ അറിയിച്ചിരുന്നു. ആദ്യകാലങ്ങളിൽ തങ്ങളുടെ അധീനമേഖലകളിൽവെച്ച് പരസ്യമായി ലേലം ചെയ്തായിരുന്നു യസീദി സ്ത്രീകളെ ഇസ്ലാമിക ഭീകരർ വിറ്റിരുന്നത്. എന്നാൽ അഞ്ചു വർഷം മുമ്പ് ഇവർ വിൽപ്പന ഓൺലൈനിലേക്ക് മാറ്റി. മൊബൈൽ മെസേജിങ് സേവനമായ ടെലിഗ്രാമിലൂടെ പ്രചരിച്ച ഐഎസിന്റെ അറബി ഭാഷയിലുള്ള ഒരു പരസ്യം ഇങ്ങനെയായിരുന്നു.'കന്യകയും സുന്ദരിയുമായ പെൺകുട്ടി, 12 വയസ്സ്. വില 12,500 ഡോളർ. ഉടൻ തന്നെ വിൽക്കപ്പെടും'.

സ്മാർട് ഫോൺ ആപ്പുകളിലൂടെയാണ് ആവശ്യക്കാർക്ക് പെൺകുട്ടിയെക്കുറിച്ചുള്ള വിവരങ്ങൾ ഭീകരർ കൈമാറിയിരുന്നത്. പെൺകുട്ടിയുടെ ചിത്രങ്ങൾ, അവളെ അടിമയാക്കി വച്ചിരിക്കുന്ന ഉടമയുടെ പേര്, വിലയെത്ര തുടങ്ങിയ വിവരങ്ങളാണ് കൈമാറുക. ഇതിനായി ഇവർ ഇരകളുടെ പേരും ഫോട്ടോഗ്രാഫുകളും ഉൾപ്പെടെയുള്ള വിശദമായ ഡേറ്റാബേസും സൂക്ഷിച്ചിരുന്നു. ഐഎസ് ചെക്ക്പോസ്റ്റുകൾ വഴി ഇവർ രക്ഷപ്പെടുന്നതിന് തടയുന്നതിന് വേണ്ടിയാണിത്. ഇവയെല്ലാം നുണകളാണെന്ന് ഇസ്ലാമിക മാധ്യമങ്ങൾ പറയുമ്പോഴും സത്യമാണെന്നതിന് യസീദി പെൺകുട്ടികളുടെ അനുഭവ സാക്ഷ്യമുണ്ട്. ഇടനിലക്കാർ യസീദി സ്ത്രീകളെ വാങ്ങി മറ്റ് രാജ്യങ്ങളിലെ വേശ്യാലയങ്ങളിൽ പാർപ്പിച്ചതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പെൺകുട്ടികളെ വിൽപ്പന നടത്താൻ അനേകം പരസ്യങ്ങളാണ് ടെലിഗ്രാം, വാട്സ്ആപ്പ്, ഫേസ്‌ബുക്ക് തുടങ്ങിയവയിലൂടെ വന്നിരുന്നത്്. 12 വയസ്സിന് താഴേയ്ക്കുള്ളവർക്കാണ് ഉയർന്ന വില. മൂന്നും ഏഴും വയസ്സുകളുള്ള രണ്ടു കുഞ്ഞുങ്ങളുടെ അമ്മയായ യുവതിക്ക് 3,700 ഡോളറായിരുന്നു വില. ഇവരുടെ ഉടമ വിൽക്കാൻ പരസ്യം നൽകിയത് ഇവരുടെ ഫോട്ടോയോടൊപ്പമായിരുന്നു

രണ്ടുവർഷം മുമ്പ് സിറിയയിൽ നിന്ന് രക്ഷപ്പെട്ട ലാമിയ എന്ന യസീദി പെൺകുട്ടിക്ക് പറയാനുണ്ടായിരുന്നത് തന്നെ ഓൺലൈനിൽ വിറ്റ കഥയായിരുന്നു. ഒരു കള്ളക്കടത്തുകാരന്റെ സഹായത്തോടെ, ഐഎസ് നിയന്ത്രിത മേഖലയിൽ നിന്നും സർക്കാർ അധീന പ്രദേശത്തേക്ക് ഇവർക്ക് കടക്കാനായി. ഇവർക്കൊപ്പം രക്ഷപ്പെട്ട എട്ടു വയസ്സുകാരി അൽമാസും 20കാരി കാതറീനും മൈൻ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു.സ്ഫോടനം ലാമിയയുടെ വലം കണ്ണ് തകർത്തു. മുഖം വടുക്കൾ കൊണ്ട് വികൃതമാകുകയും ചെയ്തു. എന്നാലും ലൈംഗിക അടിമത്വത്തിൽനിന്ന് രക്ഷപ്പെട്ടതിൽ ഇവർ ആശ്വസിക്കുന്നു.

സമൂഹമാധ്യമങ്ങൾ വഴി ഐസ് അനുകൂല ഗ്രൂപ്പുകളെ നിരീക്ഷിച്ചും ഇത്തരം പരസ്യങ്ങൾ കണ്ടെത്തി നീക്കം ചെയ്തുമാണ് പാശ്ചാത്യ സംയുക്ത സേനയുടെ ഇന്റലിജൻസ് വിഭാഗം ഇതിനെ നേരിട്ടത്. പരസ്യം കണ്ട് വാങ്ങാനെന്നപേരിൽ എത്തിയ കമാൻഡോകൾ മൊസൂളിലെ ഒരു കേന്ദ്രം ആക്രമിച്ചാണ് മടങ്ങിയത്. ഒപ്പം മനുഷ്യക്കടത്ത് സംഘങ്ങൾക്കുനേരെയും പിടിമുറുക്കി. ഇതോടെ തങ്ങളുടെ അധിനിവേശ മേഖലക്ക് പുറത്തേക്ക് യുവതികളെ കൊണ്ടുപോകൻ കഴിയാതെ ഐഎസ് കുടുങ്ങുകയായിരുന്നു. അമേരിക്കയുടെയും റഷ്യയുടെയും നേതൃത്വത്തിലുള്ള സേനയും ഇറാഖ്- സിറിയൻ സൈന്യവും കൈകോർത്തതോടെ ആയിരക്കണക്കിന് യസീദി സ്ത്രീകളെയാണ് ഐഎസിന്റെ അടിമച്ചന്തയിൽനിന്ന് രക്ഷിക്കാനായത്. പ്രത്യേക ഗോത്ര വിഭാഗമായ യസീദികളെ, ഇസ്ലാമിക ഭീകരർ മുസ്ലീങ്ങളായി പരിഗണിക്കുന്നില്ല. ഇവരെ കൊന്നു തിന്നാൽ പോലും പ്രശ്്നമില്ല എന്നപേരിൽ മത ശാസനകൾ പോലും ചില ഐഎസ് അനുകൂല പണ്ഡിതർ ഇറക്കിയിരുന്നു.

ഖത്തർ ഉപരോധവും നിർണ്ണായകം

പക്ഷേ ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ പ്രധാന വരുമാന മാർഗം ഇതൊന്നുമല്ല. ശതകോടീശ്വരന്മാരിൽ നിന്നും സംഘടനകളിൽനിന്നും ചില രാജ്യങ്ങളിൽനിന്നും സംഭാവനകളായി വൻതോതിൽ ഇവർക്ക് പണം ലഭിക്കുന്നൊണ് ഭീകരരുടെ സാമ്പത്തിക ഭദ്രത തകർക്കാനുള്ള യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെന്റ് നീക്കത്തിന് നേതൃത്വം നൽകുന്ന ഡേവിഡ് കോഹെൻ എഴുതുന്നത്. ഈ നെറ്റ് വർക്ക് അറുത്തെടുക്കാൻ കഴിഞ്ഞതാണ് ഭീകരതക്കെതിരായ പോരാട്ടത്തിൽ നിർണ്ണായകമായത്. ഇക്കാര്യത്തിൽ സൗദിയടക്കമുള്ള അറേബ്യൻ രാഷ്ട്രങ്ങൾ വലിയ പിന്തുണയാണ് അമേരിക്കയ്ക്ക് നൽകിയത്. സൗദിയടക്കമുള്ള രാജ്യങ്ങൾ ഖത്തറിനെ ഉപരോധിക്കാനുള്ള പ്രധാനകാരണവും ഐഎസ് ഫണ്ടിങ്ങ് തന്നെയായിരുന്നു. ഇസ്ലാമിക മതപ്രബോധന പ്രവർത്തനങ്ങൾക്ക് പരസ്യമായും, തീവ്രാവാദ സംഘടനകൾക്ക് രഹസ്യമായും, ഫണ്ട് നൽകുന്ന രാജ്യമാണ് ഖത്തർ എന്നത് പരസ്യമായ രഹസ്യമാണ്. ഖത്തറിൽ നിന്നുള്ള ഫണ്ടിന്റെ വരവ് നിലച്ചതാണ് ഐസിന്റെ അടിവേരിളക്കിയത്. ഇന്ന് പാക്കിസ്ഥാനിൽനിന്നുപോലും ഡയറക്ട ഫണ്ടിങ്ങ് ഐഎസിന് സാധ്യമല്ല. മാത്രമല്ല തീവ്രവാദ സംശയമുള്ള മുഴുവൻ സംഘടനകളെയും നിരീക്ഷിക്കാനും അതാത് രാജ്യങ്ങളിലെ ഏജൻസികളെ കൊണ്ട് നിയമ നടപടി എടുപ്പിക്കാനും അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിനായി. സംശയം ഉണ്ടെങ്കിൽ കരിമ്പട്ടികയിൽ പെടും എന്നതിനാൽ സൗദിയും യുഎഇയും അടക്കമുള്ള രാജ്യങ്ങളിലെ കോർപ്പറേറ്റ് കമ്പനികൾ തീവ്രവാദ സ്വഭാവം സംശയിക്കുന്ന സംഘടനകളുമായി ബന്ധം പുലർത്താറുമില്ല.

അതുപോലെതന്നെ തീവ്രവാദികളെ സഹായിക്കുന്ന ശതകോടീശ്വരന്മാരെയും സംഘടനകളെയും പ്രത്യേകം നോട്ടമിട്ടുള്ള അന്വേഷണവും നല്ല ഫലം ചെയ്തുവെന്നണ് ഡേവിഡ് കോഹെൻ പറയുന്നത്.

എല്ലാകണ്ണുകളും ബാഗ്ദാദിയെ തേടി

സിറിയയിൽ നിന്നും ഇറാഖിൽ നിന്നും ഐഎസിനെ എതാണ്ട് പൂർണമായും ഇല്ലാതാക്കി എന്നാണ് അമേരിക്ക അനൗദ്യോഗികമായി അവകാശപ്പെടുന്നുണ്ട്. പക്ഷേ പോരാട്ടം അവസാനിച്ചിട്ടില്ലെന്നയാണ് അവർ പറയുന്നത്. മത ഭീകരതയായതിനാൽ ഇത് ഉടനെയൊന്നും അവസാനിക്കില്ലെന്നും പ്രഹരശേഷി കുറക്കാൻ മാത്രമേ കഴിയൂ എന്നുമാണ് ഡാനിയൻ ഡെന്നറ്റിനെപോലുള്ള എഴുത്തുകാരും ചൂണ്ടിക്കാട്ടുന്നത്. 'ഐസിസ് അവകാശപ്പെടുന്നത് തങ്ങൾ ശുദ്ധമായ മതമാണ് നടപ്പാക്കുന്നത് എന്നാണ്. അതായത്് ഇത്തരം മത സാഹിത്യങ്ങൾ നിലനിൽക്കുന്നിടത്തോളം കാലം മത ഭീകരത തുടച്ചു നീക്കാൻ കഴിയില്ല'- ഫോക്സ് ടെലിവിഷന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ഡെന്നറ്റ് പറഞ്ഞു. അതേമസയം ഐഎസ് തലവൻ അബൂബക്കർ അൽ ബഗ്ദാദി എവിടെയാണെന്ന് ഇനിയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ജീവനോടെയോ അല്ലാതെയോ ബഗ്ദാദിയെ പിടിക്കാൻ കഴിഞ്ഞിട്ടില്ലെന്നതാണു വിവരം. ബഗ്ദാദി ഇറാഖിൽ ഉണ്ടെന്നാണ് യുഎസിന്റെ കണക്കുകൂട്ടൽ. ബാഗ്ദാദിയെ പിടിക്കുന്നതോടെ മാത്രമേ ഈ പോരാട്ടം അവസാനിക്കൂവെന്നും യുഎസും ബ്രിട്ടനും റഷ്യയും ഒരുപോലെ കരുതുന്നു.

മുൻപു നടന്ന ആക്രമണങ്ങളിൽ ബാഗ്ദാദിക്ക് പലതവണ പരുക്കു പറ്റിയിട്ടുണ്ട്. ജീവനോടെ പിടിക്കാനുള്ള ശ്രമങ്ങളും വിജയിച്ചില്ല. 25 മില്യൻ ഡോളറാണ് ബഗ്ദാദിയെ പിടികൂടുന്നവർക്കു യുഎസ് പ്രഖ്യാപിച്ച പാരിതോഷികം. ബഗ്ദാദിയുടെ ശക്തി എന്നു വിശേഷിപ്പിക്കപ്പെടുന്ന മൂന്നു പേരെ - സഹോദരൻ ജുമ, ഡ്രൈവറും ബോഡിഗാർഡുമായ അബ്ദുൽലത്തീഫ് അൽ-ജുബുറി, കൂട്ടുകാരൻ സൗദ്-അൽ-ഖുർദി - പിടികൂടാനായതും നേട്ടമായി.ഐഎസിന്റെ ഒളിത്താവളമായ ബാദിയ മരുഭൂമി ഇറാഖുമായി കിഴക്ക് അതിർത്തി പങ്കിടുന്നുണ്ട്. ഇവിടെവച്ചാണ് ബഗ്ദാദിയുടെ മകനെ 2014ൽ റഷ്യ വധിച്ചത്. എന്നാൽ ബഗ്ദാദി രക്ഷപ്പെട്ടതായാണ് വിവരം. നിരവധി ലൈംഗിക അടിമകളെയും ബഗ്ദാദിയുടെ താവളത്തിൽനിന്നു മോചിപ്പിച്ചിരുന്നു. തലവനായ അബൂബക്കർ അൽ ബഗ്ദാദി പിടിക്കപ്പെട്ടാൽ ബിൻ ലാദനില്ലാത്ത അൽ ഖായിദ പോലെ, മുല്ലാ ഉമറില്ലാത്ത താലിബാൻ പോലെ ഐഎസും ചിതറിപ്പോകുമെന്നാണു നീരീക്ഷകർ പറയുന്നത്.

അമേരിക്കയുടെ ആക്രമണത്തിൽ നിന്ന് പലപ്പോഴും അതിജീവിച്ച ഐഎസ് റഷ്യയുടെ ശക്തമായ ആക്രമണത്തിന് മുന്നിലാണ് സത്യത്തിൽ തകർന്നത്. ഭീകരരുടെ സങ്കേതങ്ങളും വാഹനങ്ങളും തകർക്കാൻ റഷ്യക്ക് കഴിഞ്ഞതാണ് ഐഎസിന്റെ ശക്തി തകരുന്നതിന് പ്രധാന കാരണമായി ലോകമാധ്യമങ്ങൾ കണക്കാക്കുന്നത്. ആൾനാശത്തിനൊപ്പം വാഹനങ്ങളും സങ്കേതങ്ങളും റഷ്യ നശിപ്പിച്ചു. ആയുധപ്പുരകളും പണം സൂക്ഷിച്ചുവച്ചിരുന്ന കെട്ടിടങ്ങളും തകർക്കപ്പെട്ടതോടെ ഐഎസിന്റെ സാമ്പത്തിക ശക്തി തകർന്നു.ഇറാഖിലെയും സിറിയയിലേയും വലിയൊരു ഭൂപ്രദേശത്ത് ഭീകര മുന്നേറ്റം നടത്തി ആധിപത്യം സ്ഥാപിച്ച് സ്വന്തമായി ഭരണകൂടം സ്ഥാപിച്ച ഐഎസ്‌ഐഎസ് ചരിത്രത്തിൽ മൺമറഞ്ഞു പോയ സ്വർണ വെള്ളി ദിനാർ നാണയങ്ങൾ വീണ്ടും നടപ്പിലാക്കിയിരുന്നു. ഇങ്ങനെ ശരിക്കും ഖലീഫയുടെ സ്വന്തം ഭരണം നടപ്പിലാക്കാൻ ശ്രമിച്ച മതഭീകരരാണ് ഈ രീതിയിൽ ഇല്ലാതാവുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP