Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മറു ഗോത്രക്കാരുടെ തലവെട്ടിക്കൊണ്ടുവരുന്ന ഹെഡ് ഹണ്ടിങിന്റെ നാട്; പട്ടാള ബാരക്കിനുമുന്നിൽ തുണിയുരിഞ്ഞ് പ്രതിഷേധിച്ച അമ്മമാരുടെ നാട്; ലോകത്തിന്റെ നർക്കോട്ടിക്ക് ക്യാപിറ്റലിലും ചില പ്രദേശങ്ങൾ; റേപ്പിസ്റ്റുകളെ വെടിവെച്ച് കൊല്ലുന്ന സംഘടനകൾ; ഇപ്പോഴത്തേത് ഹിന്ദു-ക്രിസ്ത്യൻ വർഗീയ കലാപമോ? ചോര മണക്കുന്ന മണിപ്പൂരിന്റെ കഥ!

മറു ഗോത്രക്കാരുടെ തലവെട്ടിക്കൊണ്ടുവരുന്ന ഹെഡ് ഹണ്ടിങിന്റെ നാട്; പട്ടാള ബാരക്കിനുമുന്നിൽ തുണിയുരിഞ്ഞ് പ്രതിഷേധിച്ച അമ്മമാരുടെ നാട്; ലോകത്തിന്റെ നർക്കോട്ടിക്ക് ക്യാപിറ്റലിലും ചില പ്രദേശങ്ങൾ; റേപ്പിസ്റ്റുകളെ വെടിവെച്ച് കൊല്ലുന്ന സംഘടനകൾ; ഇപ്പോഴത്തേത് ഹിന്ദു-ക്രിസ്ത്യൻ വർഗീയ കലാപമോ? ചോര മണക്കുന്ന മണിപ്പൂരിന്റെ കഥ!

എം റിജു

'ഹെഡ് ഹണ്ടിങ്' എന്ന് നാം കാണുക, പലപ്പോഴും 17ാം നൂറ്റാണ്ടിലെയൊക്കെ യൂറോപ്യൻ ഗ്രോതയുദ്ധങ്ങളുടെ കഥകൾ വായിക്കുമ്പോളാണ്. ഇവിടെ എത്ര പേരുടെ തലയെടുക്കുന്നോ അവനാണ് ഹീറോ. പക്ഷേ നമ്മുടെ നാട്ടിലും ഇതുപോലെ ഗ്രോത്രയുദ്ധങ്ങൾ ഉണ്ടായിട്ടുണ്ട്. മണിപ്പൂരിലെയും നാഗാലാൻഡിലെയും നാഗന്മ്മാരുടെയും കുക്കികളുടെയുമൊക്കെ ചരിത്രം എടുത്തുനോക്കിയാൽ, അത് പ്രകടമാണ്. എന്തിന് 1960വരെയും ഇവിടെയും ഹെഡ് ഹണ്ടിങ്ങ് നടന്നിട്ടുണ്ട്. അതായത് നേരെ ആയുധവുമായി എതിർഗോത്രത്തിന്റെ പാളയത്തിലേക്ക് പോവുക, അവരുടെ തലവെട്ടിക്കൊണ്ടുവരിക. ഇതിൽ എത്രപേരുടെ തലവെട്ടി എന്നതിന് അനുസരിച്ച് വെട്ടിയവന്റെ സ്റ്റാറ്റസും അധികാരചിഹ്നങ്ങളും മാറും. പ്രത്യേക ആടായഭരണങ്ങൾ ഉള്ള ഒരു യോന്ധാവ് ആയിട്ടാണ്, അയാൾ പരിഗണിക്കപ്പെടുക. ജീവിതാവസാനംവരെ അയാൾ സ്വന്തം ഗ്രോത്രത്തിന്റെ ഹീറോയുമായിക്കും. മണിപ്പൂരിലെ നാഗാലാൻഡിലെയും മലമുടക്കുകളിൽ ഇന്നും 'തലവെട്ടികളാണെന്ന്' അഭിമാനത്തോടെ പറയുന്ന വൃദ്ധരെ കാണാം! അവരെ സംബന്ധിച്ച് അവർ കൊല്ലുന്നത് ഒരു മനുഷ്യനെയല്ല. എതിർ ഗോത്രക്കാരനെയാണ്.

ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഉണ്ടായിരുന്നു ഗോത്രയുദ്ധത്തിന്റെ കഥകൾ വായിച്ചാൽ ചോര മരവിപ്പിച്ച് പോകുന്ന ക്രൂരതയാണ് കാണാൻ കഴിയുക. മനുഷ്വത്വവും മനുഷ്യാവകാശവും അവിടെ തൊട്ടുതീണ്ടിയിട്ടില്ല. മൃതദേഹത്തോട് ക്രുരത കാട്ടരുത് എന്നത് പ്രാഥമികമായ യുദ്ധ നീതിയാണെല്ലോ. എന്നാൽ ഇത്തരം ഗോത്രയുദ്ധങ്ങിൽ അതില്ല. ചത്തവന്റെയും തലവെട്ടിയെടുക്കും. സ്ത്രീകളുടെ മുലകൾ ഛേദിക്കും. പ്രത്യേക ആടയാഭരങ്ങൾ ഉണ്ടെങ്കിൽ കൈയും വെട്ടും. പലപ്പോഴും സ്ത്രീകളെയും കൂട്ടികളെയും അടക്കം കുടിലുകൾ കൂട്ടത്തോടെ കത്തിച്ച് കൊന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

കാലം എത്രമാറിയിട്ടും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്ന് ഇപ്പോഴും ആ ഗോത്രീയത പുർണ്ണമായും മാറി എന്ന് പറയാൻ കഴിയില്ല. അതുകൊണ്ടാണ് മണിപ്പൂരിൽ, നാഗകളും, കുക്കികളും, മെയ്ത്തി വിഭാഗക്കാരും ആയുധ എടുക്കുന്നു എന്ന് കേൾക്കുമ്പോൾ തന്നെ ഞെട്ടൽ ഉണ്ടാവുന്നത്. കഴിഞ്ഞ മെയ് 3ന് തുടങ്ങിയ മണിപ്പുർ കലാപം ഇപ്പോൾ നിയന്ത്രണ വിധേയം ആയിട്ടുണ്ടെങ്കിലും, അറുപതോളം ജീവനുകൾ അപ്പോഴേക്കും നഷ്ടപ്പെട്ടു കഴിഞ്ഞു.

പക്ഷേ കേരളത്തിൽ പ്രചരിക്കുന്നതുപോലെ ക്രിസ്ത്യാനികൾക്കെതിരെയുള്ള ബിജെപി അജണ്ടയല്ലിത്. ഇത് ഒരു ഗോത്ര പോരാട്ടമാണ്. ഇരു വിഭാഗത്തും ക്രിസ്ത്യാനികളും ഹിന്ദുക്കളുമുണ്ട്. അവർ കൈകോർത്താണ് എതിർവിഭാഗത്തേ നേരിടുന്നത്. ഇവിടുത്തെ പ്രധാന പ്രശ്നം, ഹിന്ദുവും ക്രിസ്ത്യാനിയും തമ്മിലല്ല. ആഴത്തിൽ വേരുറച്ചിരിക്കുന്ന വംശീയതയും ഗ്രോത്രീയതയും മണ്ണിന്റെ മക്കൾ വാദവുമാണ്. മാറിമാറിവന്ന സർക്കാരുകൾ ആവട്ടെ നമ്മൾ എല്ലാവരും ഒന്നാണ് എന്ന് പഠിപ്പിക്കുന്നതിന് പകരം ഭിന്നിപ്പിച്ച് ഭരിക്കാനാണ് നോക്കിയതും.

സംവരണ പ്രീണനം കലാപത്തിലേക്ക്

തദ്ദേശീയരായ മെയ്ത്തി വംശജരും പല കാലങ്ങളായി അവിടേക്ക് കുടിയേറിയ കുക്കി, നാഗ ഗോത്രങ്ങളും തമ്മിലുള്ള സംഘർഷമാണ് മണിപ്പൂരിൽ നടക്കുന്നത്. ഈ മൂന്ന് വിഭാഗങ്ങൾക്കും സ്വന്തമായി സായുധ സംഘങ്ങൾ ഉണ്ട്. ഇവർ തമ്മിലുള്ള സംഘർഷത്തിനും രക്തച്ചൊരിച്ചലുകൾക്കു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.

മണിപ്പൂരിലെ ജനസംഖ്യ 29 ലക്ഷമാണ്. ഇതിൽ ഇവിടുത്തെ പ്രബല വിഭാഗമായ മെയ്ത്തി ജനത 53% ഉം, ബാക്കിയുള്ള വിവിധ പട്ടിക വർഗ വിഭാഗങ്ങൾ എല്ലാം കൂടി 47% ഉം ആണ് ഉള്ളത്. മണിപ്പൂരിന്റെ വെറും 10% മാത്രമാണ് സമതലമായുള്ളത്. ബാക്കിയുള്ള 90% ഉം മലമ്പ്രദേശങ്ങളാണ്. ഈ മലമ്പ്രദേശം 10% സമതലത്തെ ചുറ്റി നിൽക്കുന്നു. സമതലത്തിലാണ് തലസ്ഥാനമായ ഇംഫാൽ ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളൊക്കെയും. മണിപ്പൂർ ജനതയുടെ 65% , ഈ 10% സമതലത്തിലാണ്. ബാക്കിയുള്ള 90% മലനിരകളിൽ വസിക്കുന്നത് വെറും 35% ജനങ്ങളുമാണ്.

മണിപ്പൂരിലെ പ്രബല വിഭാഗമായ മെയ്ത്തി പട്ടിക വിഭാഗമല്ല. മെയ്ത്തി ഭാഷ സംസാരിക്കുന്ന, ഔദ്യോഗിമായി പറഞ്ഞാൽ മണിപ്പൂരി ഭാഷ സംസാരിക്കുന്നവരാണ് ഇവർ. എന്നാൽ മലനിരകളിൽ താമസിക്കുന്ന മറ്റ് വിഭാഗങ്ങളായ ആദിവാസി ഗോത്ര വിഭാഗങ്ങൾ എല്ലാം പട്ടിക വർഗക്കാരാണ്. ഇതിൽ പ്രധാനപ്പെട്ട രണ്ട് പട്ടിക വർഗ വിഭാഗങ്ങളാണ് കുക്കിയും, നാഗയും. ഈ രണ്ട് വിഭാഗങ്ങളിലാണ് മേൽപ്പറഞ്ഞ 47% ത്തിൽ കൂടുതൽ പേരും ഉൾപ്പെട്ടിട്ടുള്ളത്.

കാലങ്ങൾക്കു മുമ്പ് ബർമയിൽ നിന്നും മറ്റു പ്രദേശങ്ങളിൽ നിന്നും പലായനം ചെയ്ത് മണിപ്പൂരിലെത്തിയ കുക്കിവംശജർ. അവരെ ഇരു കൈയും നീട്ടി സ്വീകരിച്ചവരാണ് മണിപ്പൂരിലെ മെയ്ത്തികൾ. മലമടക്കുകളിൽ അതിജീവനം നടത്തിയിരുന്നവരാണ് നാഗാവംശജർ. മൂന്നു വിഭാഗത്തിലും ക്രിസ്താനികളുണ്ട്, ഹിന്ദുക്കളുണ്ട്. പക്ഷേ കുക്കികളും, നാഗകളും, ഭൂരിഭാഗവും ക്രിസ്ത്യൻ വിഭാഗമാണ്. എന്നാൽ മെയ്തികളിൽ ഭൂരിഭാഗവും ഹിന്ദുക്കളാണ്. ബാക്കി മെയ്തെയ് പംഗൽ എന്നറിയപ്പെടുന്ന മുസ്ലിംകളുമാണ്.

മെയ്ത്തി വിഭാഗം പ്രധാനമായും മണിപ്പൂർ താഴ്‌വരയിലാണ് താമസിക്കുന്നത്. നിലവിലുള്ള നിയമമനുസരിച്ച്, മലയോര മേഖലകളിൽ മെയ്ത്തികൾക്ക് താമസിക്കാൻ അനുവാദമില്ല. സംസ്ഥാനത്തെ ഭൂമിയിൽ ആകെ പത്ത് ശതമാനമാണ് ഇവരുടെ കൈവശമുള്ളത്. അവർക്ക് വനമേഖലയിൽ ഭുമി വാങ്ങിക്കാൻ കഴിയില്ല. പക്ഷേ ഗോത്രവിഭാഗങ്ങളായി കണക്കാക്കപ്പെടുന്ന കുക്കികൾക്കും നാഗകൾക്കും മെയ്ത്തികളുടെ സമതലങ്ങളിൽ ഭൂമി വാങ്ങിക്കാനും കഴിയും. എന്നാൽ, പട്ടിക വർഗ പദവി മെയ്ത്തികൾക്കം കിട്ടുന്നതോടെ ഈ നിയന്ത്രണം ഇല്ലാതാകും. ഇതാണ് വലിയ ഏറ്റുമുട്ടലിനുള്ള പ്രധാന കാരണം.

ഇത്തരം ഒരു വാർത്ത പരന്നതോടെ കലാപമായി. ഇരു വിഭാഗങ്ങളും തങ്ങൾക്ക് ആധിപത്യമുള്ള ഇടങ്ങളിൽ മറ്റുള്ളവരെ അക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. തങ്ങൾക്ക് ഭൂരിപക്ഷമുള്ള മല പ്രദേശങ്ങളിൽ കുക്കികൾ മെയ്ത്തികളുടെ ഭവനങ്ങൾ കത്തിക്കുന്നു. കൊള്ളയടിക്കുന്നു. സമതലത്തിൽ മൈത്തീസ് തിരിച്ചടിക്കുന്നു. ആരും മണിപ്പൂരിന് പുറത്തേക്ക് പലായനം ചെയ്യുന്നില്ല. സമതലത്തിലുള്ള കുക്കികൾ മലംപ്രദേശങ്ങളിലേക്കും, മെയ്തികൾ സമതലത്തിലേക്കും പോകുന്നു. തങ്ങൾക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ നിന്ന് ഇതര വിഭാഗത്തേ ആട്ടിപ്പായിക്കാനുള്ള ശ്രമത്തിലാണ് ഇരുകൂട്ടരും. തങ്ങൾ മാത്രമായാൽ സുരക്ഷിതരായിരിക്കുമെന്നുള്ള വിശ്വാസമാണ് ഇവരെ ഭരിക്കുന്നത്. ഭവനങ്ങൾ കത്തിച്ച്, സ്വത്തു വകകൾ കൊള്ളയടിച്ച്, സ്ഥാപനങ്ങൾ തകർത്ത് തുടർന്നവിടെ തുടരാൻ പറ്റാത്ത രീതിയിൽ ആവാസവ്യവസ്ഥ തകർക്കുക. അതാണ് തന്ത്രം.

ദ നർക്കോട്ടിക്ക് ക്യാപിറ്റിൽ

1947 ൽ സ്വതന്ത്ര ഇന്ത്യ രൂപീകൃതമാകുമ്പോൾ മണിപ്പൂരും രാജ ഭരണത്തിലുള്ള ഒരു നാട്ട് രാജ്യമായിരുന്നു. ഇവരും, നമ്മുടെ തിരുവിതാംകൂർ പോലെ ആദ്യ സമയത്ത് ഇന്ത്യയിൽ ചേരാൻ വിസമ്മതിച്ചു. പിന്നീട് ഇന്ത്യൻ സർക്കാരിന്റെ ശക്തമായ നിർബന്ധത്തിനും, അവിടുത്തെ സാഹചര്യങ്ങൾക്കും വഴങ്ങി ഇന്ത്യയിൽ ചേരാൻ അവർ സമ്മതിച്ചു. 1972 ലാണ് മണിപ്പുരിന് സമ്പൂർണ സംസ്ഥാന പദവി ലഭിക്കുന്നത്.

എന്നാൽ, മണിപ്പൂരിൽ ജനാധിപത്യ സംവിധാനം വരുമ്പോൾ വലിയൊരു പ്രശ്നം വരുമെന്ന് ഭരണഘടനാ നിർമ്മാതാക്കൾ വിലയിരുത്തി. മണിപ്പൂർ ജനസംഖ്യയിലെ പ്രബല വിഭാഗമായ മെയ്ത്തികൾ 53% ആയതിനാൽ തിരഞ്ഞെടുപ്പിലും, ഭരണത്തിലും അധികാരത്തിലും അവർ മുന്നിൽ വരും. സ്വാഭാവികമായും 47% വരുന്ന പട്ടിക വർഗ വിഭാഗക്കാർക്ക് പലതരം പ്രശ്നങ്ങൾ ഉണ്ടാകും. അവർ തഴയപ്പെടുകയും, ഒതുക്കപ്പെടുകയും ചെയ്യാം.

അതിനാൽ ഇന്ത്യൻ ഭരണഘടനയിൽ മണിപ്പുർ സംസ്ഥാനത്തിന് ചില പ്രത്യേക പദവികൾ നൽകാനായി 371 ഇ എന്ന ആർട്ടിക്കിൾ എഴുതി ചേർക്കപ്പെട്ടു. ഈ ആർട്ടിക്കിൾ പ്രധാനമായും പട്ടിക വർഗ വിഭാഗ സംരക്ഷണമാണ് ഉദ്ദേശിച്ചിട്ടുള്ളത്.
മണിപ്പൂരിൽ 9 ജില്ലകളാണ് ഉള്ളത്. നിയമസഭയിൽ 60 സീറ്റുകൾ ഉള്ളതിൽ 40 സീറ്റുകളിലും മെയത്തി വിഭാഗ പ്രതിനിധികളാണ്. 20 സീറ്റുകളിൽ മാത്രമാണ് മറ്റ് വിഭാഗങ്ങളിലെ പട്ടിക വർഗ പ്രതിനിധികൾ വരുന്നതും.

പട്ടികവർഗ സംരക്ഷണ നിയമപ്രകാരമാണ് നിലവിലുള്ള മലമേഖകളിലേക്ക് മെയ്ത്തികൾക്ക് പ്രവേശനം നിഷേധിച്ചത്. എന്നാൽ കാലം കടന്നുപോയതോടെ രണ്ടുപേരും ഇരവാദം ഇറക്കുകയാണ് ചെയ്തത്. ഭൂരിപക്ഷം വരുന്ന മെയ്ത്തികളുടെ ഭരണത്തിൽ തങ്ങൾക്ക് യാതൊരു രക്ഷയുമില്ലെന്നാണ് നാഗ-കുക്കി നേതാക്കൾ പറയുക. മെയ്ത്തികൾ തിരിച്ചും.

പക്ഷേ കുടിയേറി സമതലങ്ങളിൽ എത്തിയ കുക്കികൾക്ക് വൻ പുരോഗതിയുണ്ടായി എന്നാണ് പൊതുവേ പറയുന്നത്. ഇവർ കൃഷിയും കച്ചവടവും നടത്തി സമ്പന്നരായി. വിദ്യാഭ്യാസത്തിൽ മുൻപന്തിയിലെത്തി. മ്യാന്മ്മാറിൽ നിന്നുള്ള സ്വർണ കടത്തും, കഞ്ചാവ് മാഫിയകളുടെ അരങ്ങേറ്റവും അവരുടെ സാമ്പത്തിക മുന്നേറ്റത്തിന് കാരണമായെന്ന് വിമർശനമുണ്ട്. ലോകത്തിന്റെ നർക്കോട്ട്ക്ക് ക്യാപിറ്റൽ, എന്ന് അറിയപ്പെടുന്ന ദ ഗോൾഡൻ ട്രയാംഗിൾ മ്യാന്മ്മാർ അതിർത്തിയിലാണ്. അതിന്റെ ഒരു ഭാഗം മണിപ്പൂരിലും വന്നു.

കേന്ദ്രത്തിലും സംസ്ഥാനത്തും മാറി മാറി വന്ന സർക്കാരുകൾ സംവരണം നൽകുവാനും പ്രീണിപ്പിക്കാനും മത്സരിച്ചപ്പോൾ എല്ലാ മേഖലകളിലും കുക്കി-നാഗാ വിഭാഗങ്ങൾ പ്രബലരായി മാറി. അതേ സമയം, പരമ്പരാഗത കൈത്തൊഴിലുകളും കൃഷിയും ശീലമാക്കിയിരുന്ന മെയ്ത്തി വിഭാഗത്തിന്റെ വളർച്ച അത്ര ശോഭനീയമായിരുന്നില്ലെന്ന് നിഷ്പക്ഷ നിരീക്ഷകർ പലരും പറയുന്നു. അതോടെയാണ് മണ്ണിന്റെ മക്കൾ വാദം ശക്തിപ്പെട്ടത്.

എല്ലാം സംവരണക്കെണി

ഇപ്പോഴത്തെ മണിപ്പൂർ കലാപത്തിന്റെ അടിസ്ഥാനം സംവരണം തന്നെയാണെന്നതിൽ ഒരു തകർക്കവുമില്ല. 17ാം നൂറ്റാണ്ടിൽ ഹിന്ദുമതം സ്വീകരിച്ച തദ്ദേശീയരാണ് മെയ്ത്തി വിഭാഗം. തങ്ങൾ പിന്തള്ളപ്പെടുന്ന എന്ന വാദം ഇവർ ഇറക്കിയപ്പോൾ, കേന്ദ്രം മണ്ഡൽ കമ്മിഷൻ ശുപാർശകൾ നടപ്പാക്കിയതോടെ മെയ്ത്തി വിഭാഗത്തെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തി. അതോടെ സംവരണ ആനുകൂല്യം അവർക്കും ലഭ്യമായി. മണിപ്പൂരിൽ 21% സംവരണം പട്ടികവർഗക്കാർക്കും 17% ഒബിസിക്കാർക്കും രണ്ടു ശതമാനം പട്ടികജാതിക്കാർക്കുമാണ്.

മെയ്ത്തി വിഭാഗക്കാരെ ഒബിസി, പട്ടികജാതി വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതു മാറ്റി തങ്ങളെ പട്ടികവർഗ വിഭാഗമാക്കണം എന്ന് കുറേക്കാലമായി ഇവർ ആവശ്യപ്പെടുന്നത്. 1949 ൽ ഇന്ത്യയിൽ ലയിക്കുന്നതിനു മുൻപ് തങ്ങൾക്ക് പട്ടികവർഗ പദവി ഉണ്ടായിരുന്നുവെന്നും എന്നാൽ ലയനശേഷം അത് നഷ്ടപ്പെട്ടു എന്നും ഇവർ പറയുന്നു. തങ്ങളെ ഉന്നതജാതി ഹിന്ദുക്കളായി പരിഗണിച്ചാണ് അങ്ങനെ ചെയ്തത്. എന്നാൽ കാലക്രമേണ കാര്യങ്ങളിൽ മാറ്റമുണ്ടാവുകയും അർഹിക്കുന്ന ആനുകൂല്യങ്ങൾ പോലും ലഭിക്കുന്നില്ല എന്നും ചൂണ്ടിക്കാട്ടിയാണ് മെയ്ത്തി ട്രൈബ് യൂണിയൻ ഹൈക്കോടതിയെ സമീപിച്ചത്.

ജോലിക്കോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനോ നികുതി ഇളവിനോ യല്ല, പട്ടികവർഗ പദവി ആവശ്യപ്പെടുന്നത് എന്നാണ് മെയ്ത്തിക്കാർ പറയുന്നത്. മറിച്ച് ഈ പദവി ലഭിച്ചാൽ മാത്രമേ സംരക്ഷിത പദവി ലഭിക്കൂ എന്നും അതു വഴി മാത്രമേ തങ്ങളുടെ ഭൂമിയും സംസ്‌കാരവും ജനങ്ങളുടെ സ്വത്വവും നിലനിർത്താൻ സാധിക്കൂ എന്നാണ്. ഇതിന് വെല്ലുവിളിയാകുന്ന വിധത്തിൽ മ്യാന്മറിൽനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും അനധികൃത കുടിയേറ്റമുണ്ടാകുന്നു എന്ന് അവർ പറയുന്നു. മാത്രമല്ല, തങ്ങൾക്ക് മലമ്പ്രദേശങ്ങളിൽ ഭൂമി വാങ്ങാൻ വിലക്കുള്ളപ്പോൾ താഴ്‌വരയിൽ ഭൂമി വാങ്ങുന്നതിന് ഗോത്രവർഗക്കാർക്ക് യാതൊരു വിലക്കുമില്ല എന്നും അവർ വാദിക്കുന്നു.

കുറച്ചു നാളുകളായി മെയ്ത്തി വിഭാഗക്കാർ മുന്നോട്ടു വയ്ക്കുന്ന മറ്റൊരു ആവശ്യമാണ് സംസ്ഥാനത്ത്, എൻആർസി നടപ്പാക്കണം എന്നത്. സിഎഎയുടെ പേരിൽ രാജ്യത്ത് മുസ്ലിം ഫിൽട്ടറിനെതിരെയാണ് പ്രതിഷേധം ഉണ്ടായത്. എന്നാൽ മണിപ്പൂരിലടക്കം നേരെ തിരിച്ചാണ്. മ്യാന്മ്മാറിൽനിന്നും ബംഗ്ലാദേശീൽനിന്നുമുള്ള കുടിയേറ്റക്കാരെ ഒഴിവാക്കണം, എന്നും എൻആർസി നടപ്പാക്കണം എന്നു പറഞ്ഞാണ് ഇവിടെ പ്രക്ഷോഭം ഉണ്ടായത്. ഗോത്രവർഗമായ കുക്കികളാണ് ഈ അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കുന്നത് എന്നും അവർ ആരോപിക്കുന്നു. എന്നാൽ കുക്കികൾ ഇത് നിഷേധിക്കയാണ്. തങ്ങളെ ഭരണകൂടത്തിന്റെ ഒത്താശയോടെ അവർ ആട്ടിപ്പായിപ്പിക്കാൻ ശ്രമിക്കയാണെന്നാണ് കുക്കി നേതാക്കൾ പറയു

കുറഞ്ഞത് ഒരു ദശകമായെങ്കിലും, തങ്ങളെ പട്ടികവർഗ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് മെയ്ത്തി സമുദായത്തിലെ രണ്ടു വിഭാഗങ്ങളും ആവശ്യപ്പെടുന്നുണ്ട്. ഷെഡ്യൂൾഡ് ട്രൈബ്സ് ഡിമാൻഡ് കമ്മിറ്റി ഓഫ് മണിപ്പുരിന്റെ നേതൃത്വത്തിലായിരുന്നു ഇത്. 2012 ൽ ഇവർ തങ്ങളുടെ ആവശ്യവുമായി അന്നത്തെ മുഖ്യമന്ത്രി ഇബോബി സിങ്ങിനെ കണ്ടിരുന്നു. പിന്നാലെ പ്രധാനമന്ത്രി ഡോ. മന്മോഹൻ സിങ്ങിനും നിവേദനം നൽകി. സംസ്ഥാന മന്ത്രിസഭ ഇക്കാര്യം പരിഗണിക്കാനായിരുന്നു അന്ന് പ്രധാനമന്ത്രിയുടെ നിർദ്ദേശം. പക്ഷേ ഒന്നും ഉണ്ടായില്ല.

മെയ്ത്തി സമുദായത്തെ പട്ടികവർഗ പട്ടികയിൽ ഉൾപ്പെടുത്താൻ കേന്ദ്ര ആദിവാസി മന്ത്രാലയത്തിന് ശുപാർശ നൽകാൻ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകണമെന്നായിരുന്നു ഈയിടെ ഹൈക്കോടതിയിലെത്തിയ ഹർജി. ഇതോടെ
സംസ്ഥാനത്തെ പട്ടിക വർഗ വിഭാഗ പട്ടികയിൽ മെയ്ത്തി വിഭാഗത്തെക്കൂടി ഉൾപ്പെടുത്തിക്കൂടെ എന്ന് മാർച്ച് 17ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഇതോടെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്.

മനോരമ മുതൽ ഇറോം ശർമ്മിള വരെ

ഗോത്രകലാപങ്ങളിലുടെ ഒരുപാട് ചോര ഒഴുകിപ്പോയ മണ്ണാണ് മണിപ്പുർ. പണ്ട് പതിവായിരുന്നു ഗോത്രയുദ്ധങ്ങൾക്ക് ഇന്ത്യൻ യൂണിയൻ ഉണ്ടായതോടെ ഒരു പരിധിവരെ പരിഹാരം ആയിരുന്നു. പക്ഷേ മെയ്ത്തികൾക്കിടയിൽ വീണ്ടും തീവ്രവാദ സംഘങ്ങൾ തലപൊക്കി.

1964 ൽ രൂപം കൊണ്ട യുണൈറ്റഡ് നാഷനൽ ലിബറേഷൻ ഫ്രണ്ട് (യുഎൻഎൽഎഫ്) ആയിരുന്നു ഇതിൽ പ്രധാനം. പിന്നീട് ഈ സംഘടന പിളർന്ന് റവല്യൂഷനറി ഗവൺമെന്റ് ഓഫ് മണിപ്പൂർ എന്ന മറ്റൊരു സായുധ സംഘമുണ്ടായി. എന്നാൽ 1971ൽ ബംഗ്ലാദേശ് മോചിപ്പിക്കപ്പെടുന്ന സമയത്ത് മിക്ക സായുധ സംഘടനാ നേതാക്കളും അറസ്റ്റ് ചെയ്യപ്പെട്ടു. അതിലൊരാളാണ് എൻ. ബിശ്വേശ്വർ സിങ്. ആ ജയിൽ ജീവിത കാലഘട്ടത്തിൽ പരിചയപ്പെട്ട നക്സലൈറ്റ് സംഘടനകളിൽപ്പെട്ട പ്രവർത്തകരിൽനിന്ന് ഊർജമുൾക്കൊണ്ട് ബിശ്വേശ്വർ സിങ് രൂപം കൊടുത്ത സായുധ സംഘടനയാണ് പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ). സായുധ സമരത്തിലൂടെ ഇന്ത്യയിൽനിന്ന് സ്വാതന്ത്ര്യം എന്നതായിരുന്നു സംഘടനയുടെ ലക്ഷ്യം.

ഈ സംഘടനയുടെ പ്രവർത്തകയും സ്ഫോടക വസ്തു വിദഗ്ധയുമാണെന്ന് ആരോപിച്ചാണ് 32കാരിയായ തങ്ജം മനോരമയെ 2004ൽ അസം റൈഫിൾസ് പിടിച്ചു കൊണ്ടു പോയത്. പിറ്റേന്ന് കണ്ടെടുത്തത് വെടിയുണ്ടകളേറ്റ് തുളഞ്ഞ അവരുടെ മൃതദേഹമായിരുന്നു. ഇതിനു പിന്നാലെയാണ് മണിപ്പൂരിലെ അമ്മമാർ അസം റൈഫിൾസ് ആസ്ഥാനത്തിനു മുൻപാകെ പ്രതിഷേധിച്ചത്. സൈന്യം ബലാത്സഗം ചെയ്യുന്നുവെന്ന വാർത്തകൾ പുറത്തവന്നപ്പോൾ നഗ്നരായി പട്ടാള ബാരിക്കിലേക്ക് പ്രകടന നടത്തിയവരാണ് മണിപ്പൂരിലെ യുവതികൾ. പിന്നീട് അഫപ്സയെന്ന കരിനിയമത്തിലൂടെയാണ് മണിപ്പുർ കടന്നുപോയത്. ഇറോം ശർമിള വെള്ളംപോലും കുടിക്കാതെ ദശകങ്ങൾ നീണ്ട അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയതും. പക്ഷേ തിരുഞ്ഞുനോക്കുമ്പോൾ ഇത്രയും അക്രമാസ്‌ക്തരായ ഒരു കൂട്ടത്തെ നിയന്ത്രിക്കാൻ ഇതുപോലുള്ള നിയമങ്ങൾ അല്ലാതെ മറ്റ് എന്ത് പോംവഴി എന്ന ചോദ്യവും ഉയരുന്നുണ്ട്.

റേപ്പിസ്റ്റുകളെ വെടിവെച്ച് കൊല്ലും

പിഎൽഎയ്ക്കു പിന്നാലെ പ്രിപാക്, കെസിപി തുടങ്ങി അനേകം സായുധ സംഘങ്ങൾ മെയ്തെയ് സമുദായത്തിൽ നിന്ന് മുളപൊട്ടി. 1980കളുടെ തുടക്കത്തിൽ ഇവയുടെ പ്രവർത്തനം കൂടുതൽ ശക്തമായി. ബാങ്കുകൾ ആക്രമിച്ചും സുരക്ഷാ സൈനികരെ കൊന്നും പിഎൽഎയും മറ്റ് സംഘടനകളും പ്രവർത്തനം വ്യാപിപ്പിച്ചു. എന്നാൽ വൈകാതെ സംഘടനകൾ തളർന്നു, നേതാക്കൾ അറസ്റ്റിലാവുകയോ കൊല്ലപ്പെടുകയോ ചെയ്തു. 1980കളുടെ ഒടുക്കവും 90കളുടെ ആദ്യവുമായി ഈ സംഘടനകൾ വീണ്ടും ശക്തി പ്രാപിച്ചു. പിഎൽഎ വീണ്ടും ശക്തമായി. വിവിധ മെയ്തെയ് വിഘടനവാദ സംഘടനകളുമായി ചേർന്ന് ബംഗ്ലാദേശിലും മ്യാന്മാറിലുമായി പരിശീലന കേന്ദ്രങ്ങളും മറ്റും തുറന്നു. റവല്യൂഷനറി പീപ്പിൾസ് ഫ്രണ്ട് എന്ന രാഷ്ട്രീയ സംഘടനയും ഇവർക്കുണ്ടായിരുന്നു. മദ്യ നിരോധനം, ലഹരിമരുന്നിനെതിരെയുള്ള പോരാട്ടം, എന്നിവ ഇവർ നടത്തി. ബലാത്സംഗം ഉൾപ്പെടെ നടത്തി മുങ്ങുന്നവരെ വെടിവച്ചു കൊല്ലൽ സംഘടനയുടെ കീർത്തി വർധിപ്പിച്ചു.

ഇതേസമയത്താണ് പിഎൽഎ തങ്ങളുടെ മെയ്ത്തി സ്വത്വം തിരികെപ്പിടിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുന്നതും. മെയ്തെയ് സംസ്‌കാരത്തെ കാർന്നു തിന്നുന്നത് ബംഗാളി ഭാഷയും സംസ്‌കാരവും ആണെന്നായിരുന്നു ഇവരുടെ പരാതി. അതുകൊണ്ട് ഭാഷയ്ക്ക് ബംഗാളി ലിപിക്ക് പകരം സ്വന്തം ലിപി വീണ്ടെടുത്തു. മെയ്തെയ് സമുദായത്തിന്റെ പഴയകാല മതമായ സനാമഹി പുനരുജ്ജീവിപ്പിച്ചതും ഇക്കാലത്താണ്. മുഖ്യമന്ത്രിയായിരിക്കെ, സനാമഹി മതത്തിലെ ക്ഷേത്രങ്ങളുടെ വികസന കാര്യങ്ങൾക്കായുള്ള ബോർഡിന്റെ പ്രസിഡന്റായിരുന്നയാളാണ് എൻ. ബിരേൻ സിങ്.

ഇതേസമയത്തു തന്നെ, മെയ്ത്തി വിഭാഗക്കാരായ മണിപ്പൂരിലെ മുസ്ലിം സമുദായവുമായും സായുധ സംഘടനകൾ സംഘർഷത്തിലായി. 'മെയ്ത്തി പംഗൽസ്' എന്നറിയപ്പെട്ട ഈ മെയ്ത്തി മുസ്ലീങ്ങളെ കുടിയേറ്റക്കാരയാണ് ഇവർ വിശേഷിപ്പിച്ചത്. തുടർന്ന് 1993ൽ നടന്ന സംഘർഷത്തിൽ 100 മുതൽ 130 പേർ വരെ കൊല്ലപ്പെട്ടു എന്നാണ് കണക്ക്.

മണിപ്പൂരിന്റെ മലമ്പ്രദേശങ്ങളിൽ ഈ സമയത്താണ് നാഷനൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡ് തങ്ങളുടെ ആക്രമണങ്ങൾ അഴിച്ചുവിടുന്നത്. നാഗാലാൻഡിലെയും മണിപ്പൂരിലെയുമെല്ലാം നാഗാ ഭൂരിപക്ഷ പ്രദേശങ്ങൾ കൂട്ടിച്ചേർത്ത് നാഗകൾക്കായി സ്വതന്ത്ര പ്രദേശം എന്നതായിരുന്നു ഇവരുടെ ആവശ്യം. മണിപ്പൂരിലെ അഞ്ച് മലമ്പ്രദേശ ജില്ലകളിൽ നാഗകൾക്കാണ് ഭൂരിപക്ഷം. മാത്രമല്ല, എൻഎസ്സിഎൻഐഎം തലവൻ മുയ്വ ജനിച്ചതും മണിപ്പൂരിലെ ഉഖ്റുൾ ജില്ലയിലാണ്. ഇവർ നൂറുകണക്കിന് സുരക്ഷാ ഭടന്മാരെ ഉൾപ്പെടെ കൊന്നുതള്ളി.

ഇതിനൊപ്പമായിരുന്നു നാഗകളും കുക്കികളും തമ്മിലുള്ള വംശീയ വൈര്യം. ഇവർ തമ്മിലുള്ള സംഘർഷത്തിൽ ആയിരക്കണക്കിന് പേരാണ് മരിച്ചത്. വൈരത്തിന് കുറവില്ലെങ്കിലും സംഘർഷത്തിന് പിൽക്കാലത്ത് കുറച്ച് അയവ് വന്നു. കുക്കികളും പെയ്ത്തെ സമുദായവും തമ്മിലും വലിയ സംഘർഷം നിലനിൽക്കുകയും നൂറുകണക്കിന് ജീവൻ നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. പക്ഷേ 1990കളുടെ ഒടുവിൽ ഇരു സംഘടനകളും വെടിനിർത്തൽ കരാറിലെത്തി. ഇങ്ങനെ സായുധ സംഘങ്ങളുടെയും രക്തച്ചൊരിച്ചിലിന്റെയും അനേകം കഥകൾ മണിപ്പൂരിന് പറയാറുണ്ട്.

ബിജെപിയുടെ റോൾ

ഈ കലാപത്തിൽ നേരിട്ട് ബിജെപിക്ക് പങ്കൊന്നും ഇല്ലെങ്കിലും കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ അവർ ശ്രമിക്കുന്നുണ്ട്. മെയ്ത്തികളെ തങ്ങളുടെ വോട്ട് ബാങ്കാക്കാനാണ് ബിജെപി നീക്കം. കുതിര കച്ചവടത്തിലുടെയും, പണക്കെഴുപ്പിലും കോൺഗ്രസ്സ് എംഎൽ മാരെ വിലയ്ക്കെടുത്ത് രൂപീകരിക്കപ്പെട്ട മണിപ്പൂരിൽ ആദ്യ ബിജെപി സർക്കാർ രൂപീകരിക്കപ്പെട്ടത്. പക്ഷേ അവർ ചില കാര്യങ്ങൾ ചെയ്തു. മ്യാന്മ്മാറിൽനിന്നുള്ള സ്വർണ കടത്തിന് കടിഞ്ഞാണിട്ടു. വ്യാപകമായി കഞ്ചാവ് കൃഷി നശിപ്പിക്കപ്പെട്ടു. മയക്കുമരുന്ന് മാഫിയയെ വേട്ടയാടി.

വികസനമെന്നത് എന്താണെന്ന് മണിപ്പൂർ നിവാസികൾ തിരിച്ചറിഞ്ഞ സമയമായിരുന്നു ആ അഞ്ച് വർഷങ്ങളെന്നാണ് മണിപ്പൂരിലുള്ള നിഷ്പക്ഷരായ മാധ്യമ പ്രവർത്തകർ എഴുതന്നത്. വീതിയേറിയ റോഡുകൾ, പാലങ്ങൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ, മെഡിക്കൽ കോളേജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയെല്ലാം ഉണ്ടായി. കേന്ദ്രം നിർലോഭം പണം നൽകി. സംസ്ഥാനം അത് ഫലപ്രദമായി വിനിയോഗിച്ചു.

ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 60ൽ 32 സീറ്റുകൾ നേടിയാണ് ബിരേൻ സിങ്ങിന്റെ നേതൃത്വത്തിൽ ബിജെപി രണ്ടാം തവണയും അധികാരം പിടിച്ചത്. 2016 വരെ കോൺഗ്രസ് എംഎൽഎയും മന്ത്രിയുമായിരുന്ന ബിരേൻ സിങ് മുഖ്യമന്ത്രിയായിരുന്ന ഒക്രാം ഇബോബി സിങ്ങുമായി ഉടക്കിയാണ് ബിജെപിയിൽ ചേരുന്നത്. 2017ൽ 21 സീറ്റുകൾ നേടിയ ബിജെപി 28 സീറ്റുകൾ നേടിയ കോൺഗ്രസിനെ അട്ടിമറിച്ച് സഖ്യകക്ഷികളുടെ സഹായത്തോടെ ബിരേൻ സിങ്ങിനെ മുഖ്യമന്ത്രിയാക്കി സർക്കാർ രൂപീകരിക്കുകയായിരുന്നു. ഇത്തവണയാകട്ടെ സീറ്റുകളുടെ എണ്ണം 32 ആക്കി വർധിപ്പിച്ചു.

ബീരേൻ സിങ് സർക്കാർ വിമർശനങ്ങളിൽ ആടി ഉലയേവായാണ് പുതിയ സംഘർഷങ്ങൾ ഉണ്ടാവുന്നത്. നാല് ബിജെപി എംഎൽഎമാർ തങ്ങൾക്ക് അനുവദിച്ചിട്ടുള്ള വിവിധ പദവികളിൽനിന്ന് ഏപ്രിൽ പകുതിയോടെ രാജി വച്ചിരുന്നു. മുഖ്യമന്ത്രി ഒരു കുടുംബസ്വത്ത് പോലെ പാർട്ടിയും സർക്കാരും കൊണ്ടു നടക്കുന്നു തുടങ്ങിയ ആരോപണങ്ങളായിരുന്നു ഇവർക്കുണ്ടായിരുന്നത്. ഇതിനിടെ, കുക്കി സായുധ സംഘങ്ങളും സർക്കാരും തമ്മിൽ 2008ൽ ഒപ്പുവച്ച വെടിനിർത്തൽ കരാറിൽനിന്ന് പിന്മാറാൻ മാർച്ച് മാസത്തിൽ ബിരേൻ സിങ് സർക്കാർ തീരുമാനിച്ചതും സർക്കാരിനുള്ളിൽ പ്രശ്നമായി.

കുക്കി സംഘങ്ങൾക്കെതിരെ നടപടികൾ തുടങ്ങിയതോടെ ഇത് എംഎൽഎമാരെയും ബാധിച്ചു. തുടർന്ന് മുഖ്യമന്ത്രിക്കെതിരെ 12ഓളം എംഎൽഎമാർ ബിജെപി കേന്ദ്രനേതൃത്വത്തെ സമീപിച്ചിരുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ മന്ത്രിസഭയിൽ പ്രശ്നങ്ങളുണ്ട് തുടങ്ങിയ കാര്യങ്ങൾ ബിരേൻ സിങ് നിഷേധിക്കുകയായിരുന്നു. ഈ സംഘർഷങ്ങൾക്കിടെയാണ് മെയ്ത്തികളുടെ പട്ടിക വർഗ പ്രശ്നവും കലാപവം ഉണ്ടാവുന്നത്.

വാൽക്കഷ്ണം: കലാപത്തിന് കാരണം ബിജെപിയാണെന്നൊന്നും പറയാൻ കഴിയില്ലെങ്കിലും അത് നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. അതുപോലെ മെയ്ത്തിവോട്ട് ബാങ്ക് സൃഷ്ടിക്കാനുള്ള ബിജെപിയുടെ ശ്രമവും വിമർശിക്കപ്പെടേണ്ടതാണ്. പക്ഷേ കേരളത്തിൽ സൃഷ്ടിക്കപ്പെട്ട നരേറ്റീവ് പോലെ ഹിന്ദു- ക്രിസ്ത്യൻ ലഹളയല്ല അത്. മണിപ്പൂരിൽനിന്ന് കേരളത്തിന് ഒരുപാട് പഠിക്കാനുണ്ട് എന്ന പറഞ്ഞുകൊണ്ടുള്ള ടി എം തോമസ് ഐസക്കിന്റെ പോസ്റ്റ് ബാലിശമാണ്. മണിപ്പൂരിലെ ഗോത്രീയതപോലെയല്ല കേരളം എന്ന് അർക്കാണ് അറിയാത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP