Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കസേര പോയപ്പോൾ 'ചാമിങ് ചാംലിങ്' എങ്ങനെ തോറ്റുവെന്ന് എല്ലാവരും; ഒന്നുമില്ല...കാലത്തിന്റെ കാവ്യനീതി മാത്രമെന്ന് സിക്കിം ജനത; പ്രേം സിങ് തമാങ് ചോദിച്ചത് മന്ത്രി സ്ഥാനം കിട്ടാത്ത കണക്കുമാത്രമെന്ന് എങ്ങനെ കരുതാൻ? സ്വന്തം രാഷ്ട്രീയ ഗുരുവിനെ മലർത്തിയടിച്ച് അധികാരം പിടിച്ച ചാംലിങ്ങിന് അതേനാണയത്തിൽ തിരിച്ചടി നൽകി പി.എസ് ഗോലെ; ശിഷ്യൻ ഗുരുവിനെ വീഴ്‌ത്തുമ്പോൾ പഴയ അട്ടിമറിക്കഥ ഓർത്ത് ചാംലിങ്

കസേര പോയപ്പോൾ 'ചാമിങ് ചാംലിങ്' എങ്ങനെ തോറ്റുവെന്ന് എല്ലാവരും; ഒന്നുമില്ല...കാലത്തിന്റെ കാവ്യനീതി മാത്രമെന്ന് സിക്കിം ജനത; പ്രേം സിങ് തമാങ് ചോദിച്ചത് മന്ത്രി സ്ഥാനം കിട്ടാത്ത കണക്കുമാത്രമെന്ന് എങ്ങനെ കരുതാൻ? സ്വന്തം രാഷ്ട്രീയ ഗുരുവിനെ മലർത്തിയടിച്ച് അധികാരം പിടിച്ച ചാംലിങ്ങിന് അതേനാണയത്തിൽ തിരിച്ചടി നൽകി പി.എസ് ഗോലെ; ശിഷ്യൻ ഗുരുവിനെ വീഴ്‌ത്തുമ്പോൾ പഴയ അട്ടിമറിക്കഥ ഓർത്ത് ചാംലിങ്

മറുനാടൻ ഡെസ്‌ക്‌

ഗാങ്ടോക്: സിക്കിമിൽ പവൻ കുമാർ ചാംലിങ്ങിനും കാലിടറി അധികാരക്കസേര വിട്ടിറങ്ങുമ്പോഴും അദ്ദേഹത്തിന്റെ പരാജയ കാരണം കാലത്തിന്റെ കാവ്യനീതി മാത്രമാണെന്ന് വിശ്വസിക്കുകയാണ് ഒരു ജനത. ഭരണവിരുദ്ധ വികാരം ഉണ്ടാകേണ്ട ഒരു ഘടകവും സിക്കിമിൽ ഉണ്ടായിരുന്നില്ല. അത്രയേറെ ജനകീയനും സാധാരണക്കാരനുമായിരുന്നു സിക്കിമിന്റെ 'ചാമിങ്' ചാംലിങ്ങ്.

കർഷകനായിരുന്നു പവൻ കുമാർ ചാംലിങ്. കവിയും. 25 വർഷമായി സജീവ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുമ്പോഴും സാധാരണക്കാരുമായി ഇടപഴകുമ്പോൾ ആ കർഷക പ്രതിച്ഛായ നിലനിർത്താൻ ശ്രദ്ധിച്ചു; ജനങ്ങളുമായി നിരന്തരം നേരിട്ടുള്ള സമ്പർക്കത്തിലൂടെ ജനകീയൻ. വിവാദങ്ങൾ മാറിനിന്ന ഭരണ കാലത്ത് സംസ്ഥാനത്ത് എല്ലാ മേഖലയിലും വളർച്ചയുണ്ടായി.

പിന്നാക്ക സംസ്ഥാനം എന്ന നിലയിൽനിന്ന് സുസ്ഥിര സാമ്പത്തിക വളർച്ചയുള്ള വികസിത സംസ്ഥാനങ്ങളുടെ നിരയിലേക്ക് സിക്കിമിനെ ഉയർത്താൻ ചാംലിങ്ങിനായിരുന്നു. തന്റെ ഭരണകാലത്ത് സംസ്ഥാനം പ്രകൃതിസൗഹൃദമായി. കൃഷിയിടങ്ങളിൽ രാസവളങ്ങളും രാസ കീടനാശിനികളും പൂർണമായി നിരോധിച്ചു. അടിത്തട്ടിൽവവരെ ജനങ്ങളുമായി നേരിട്ട് ബന്ധം. സാധാരണക്കാരനാണെന്നും കർഷകനാണെന്നും അവസരം കിട്ടുമ്പോഴൊക്കെ ഓർമിപ്പിക്കുന്നു; ആ പ്രതിച്ഛായയിൽ തന്നെ ജനങ്ങളുമായി നേരിട്ടിടപെടാനും കാൽ നൂറ്റാണ്ടോളം സംസ്ഥാനം ഭരിച്ച മുഖ്യമന്ത്രിക്ക് കഴിഞ്ഞിരുന്നു.

രാഹുൽ ഗാന്ധി 'ന്യായ്' പദ്ധതി പ്രഖ്യാപിക്കുന്നതിനും മുൻപേ അതു നടപ്പാക്കിയ സംസ്ഥാനമാണ് സിക്കിം. അടിസ്ഥാന വരുമാന പദ്ധതിയനുസരിച്ച് എല്ലാവർക്കും സ്ഥിര വരുമാനം ഉറപ്പാക്കി. ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ളവരുടെ എണ്ണം 2014ലെ 40%ൽ നിന്ന് 2019 ആയപ്പോൾ 8% എത്തി. ന്യൂനപക്ഷ വിഭാഗങ്ങളെ ചേർത്തു നിർത്താനും കഴിഞ്ഞിരുന്നു. എന്നിട്ടും എന്തുകൊണ്ടു പവൻകുമാർ ചാലിംങ്ങിനും സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിനും ഇത്തവണ കാലിടറി എന്നു ചോദിച്ചാൽ രാഷ്ട്രീയ കേന്ദ്രങ്ങൾ 'മാറ്റമില്ലാത്തതായി ഒന്നേയുള്ളു, അതാണ് മാറ്റം എന്ന മാർക്‌സിസ്റ്റ് പ്രത്യയ ശാസ്ത്രം പറയും. തത്വശാസ്ത്രം പറയുന്നവർ' വൻ മരങ്ങൾ പോലും കടപുഴകണം' എന്ന പ്രകൃതി നിയമം നറയും. എന്നാൽ സിക്കിമിലെ ജനത പറയുക കാലം കണക്കു ചോദിക്കുന്ന കാവ്യനീതിയെ കുറിച്ചാണ്.

പവൻകുമാർ ചാലിംങ് എന്ന നേതാവിന്റെ ജനനം

1950-ൽ ജനിച്ച അദ്ദേഹം മുൻ മുഖ്യമന്ത്രി നർ ബഹാദൂർ ഭണ്ഡാരിയുടെ സിക്കിം സംഗ്രാം പരിഷതിലൂടെ സജീവരാഷ്ട്രീയത്തിലെത്തി. 1985-ൽ ആദ്യമായി നിയമസഭയിൽ. 1989-92 കാലയളവിൽ ഭണ്ഡാരിയുടെ സർക്കാരിൽ വ്യവസായമന്ത്രിയായിരുന്നു. രാഷ്ട്രീയഭിന്നതകളെത്തുടർന്ന് 1993 മാർച്ച് നാലിന് എസ്.ഡി.എഫ്. രൂപവത്കരിച്ചു. '94-ലെ തിരഞ്ഞെടുപ്പിൽ തന്റ രാഷ്ട്രീയ ഗുരുവായ ഭണ്ഡാരിയെ തന്നെ പരാജയപ്പെടുത്തി മുഖ്യമന്ത്രിപദത്തിലെത്തി. തുടർന്നിങ്ങോട്ട് പവൻ കുമാർ ചാലിംങിന്റെ കവിതകളും ഭരണവും കൃഷിയും സിക്കിം ജനതയുടെ അന്നവും ആശ്രയവുമായിരുന്നു.

എന്നാൽ സ്വന്തം നേതാവിനെ വെല്ലുവിളിച്ച് പുത്തൻ പാർട്ടിയുണ്ടാക്കി മുഖ്യമന്ത്രി പദവിയിലെത്തിയ പവൻകുമാർ ചാലിംങിനോട് കണക്കു ചോദിക്കാൻ കാലം കാത്തുവെച്ചത് പി എസ് ഗോലെ എന്ന പ്രേം സിങ് തമാങിനെയായിരുന്നു. ചരിത്രം ആവർത്തിക്കും എന്നും കാലം തന്നോട് കണക്കു ചോദിക്കും എന്നും ചാലിംങ് സ്വപ്‌നത്തിൽ പോലും കരുതിയിട്ടുണ്ടാകില്ല എന്നാണ് സിക്കിം ജനത പറയുന്നത്.

കാലം കണക്കു ചോദിക്കുന്നു

സ്വന്തം രാഷ്ട്രീയ ഗുരുവിനെ പരാജയപ്പെടുത്തിയ പവൻകുമാർ ചാലിംങ് തന്നെ പരാജയപ്പെടുത്താനുള്ള നേതാവിനെയും വളർത്തിക്കൊണ്ടു വരുന്നുണ്ടായിരുന്നു. 1968 ഫെബ്രുവരി അഞ്ചിനാണു പ്രേം സിങ് തമാങ് എന്ന പി.എസ്. ഗോലേയുടെ ജനനം. ബിരുദം പൂർത്തിയാക്കിയശേഷം സർക്കാർ സ്‌കൂളിൽ അധ്യപകനായി ചേർന്നെങ്കിലും മൂന്നു വർഷത്തിനുശേഷം ജോലി ഉപേക്ഷിച്ച് സാമൂഹിക പ്രവർത്തനത്തിനിറങ്ങി. പിന്നീടാണു സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിനൊപ്പം ചേരുന്നത്. മൂന്നു പതിറ്റാണ്ടുകൾ നീണ്ട ഗോലേയുടെ രാഷ്ട്രീയ ജീവിതം സംഭവബഹുലമായിരുന്നു. 1994 മുതൽ തുടർച്ചയായി അഞ്ചു തവണ സിക്കിം നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, 2009വരെ മൂന്നു തവണ ചാംലിങ് സർക്കാരിൽ മന്ത്രിയുമായി. 2009-ലെ തെരഞ്ഞെടുപ്പിൽ എതിരാളികളില്ലാതെ നിയമസഭയിലെ എല്ലാ സീറ്റുകളിലേക്കും എസ്.ഡി.എഫ്. വിജയിച്ചു. എന്നാൽ, സർക്കാരുണ്ടാക്കിയപ്പോൾ ഗോലേയെ പവൻ കുമാർ ചാംലിങ് അവഗണിച്ചു. മന്ത്രിസ്ഥാനം നിഷേധിക്കപ്പെട്ടതോടെ പാർട്ടിയിൽ കലാപക്കൊടി ഉയർത്തിയ ഗോലേ ഒടുവിൽ എസ്.ഡി.എഫ്. വിട്ടു.

2013-ൽ സിക്കിം ക്രാന്തി മോർച്ച രൂപീകരിച്ചു. തൊട്ടടുത്ത വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എസ്.കെ.എം. പത്തു സീറ്റുകൾ നേടി ചാംലിങ്ങിന്റെ ഏകാധിപത്യത്തിന് വെല്ലുവിളിയുയർത്തി. അഞ്ചു വർഷത്തിനിപ്പുറം 17 സീറ്റുകൾനേടി സർക്കാർ രൂപീകരിക്കുമ്പോൾ, ഒരിക്കൽ മന്ത്രിസ്ഥാനം നിഷേധിച്ച പവൻ കുമാർ ചാംലിങ്ങിനോടുള്ള ഗോലേയുടെ മധുരപ്രതികാരം മാത്രമല്ല, സ്വന്തം രാഷ്ട്രീയ ഗുരുവിനെ വെല്ലുവിളിച്ചു പരാജയപ്പെടുത്തിയ പാപഭാരത്തിൽ നിന്നും തന്റെ രാഷ്ട്രീയ ഗുരുവായ പവൻ കുമാർ ചാലിംഗിന് മോചനം നൽകുക കൂടിയാണ് പ്രേം സിംങ് തമാങ് ചെയ്തത്.

പരാജയത്തിലും തല താഴ്‌ത്താതെ ചാംലിങ്

2009ൽ മുഴുവൻ സീറ്റും തൂത്തുവാരി പ്രതിപക്ഷമില്ലാതെ അധികാരമേറ്റ പാർട്ടിയാണ് എസ്ഡിഎഫ്. 2014ൽ ചാംലിങ്ങിന് വൻ വെല്ലുവിളിയുയർത്തിയ എസ്‌കെഎം 10 സീറ്റ് നേടിയിരുന്നു. എന്നാൽ ഇത്തവണ ചാംലിങിന് അധികാരം തന്നെ നഷ്ടമായി. മുൻ ഭരണകാലത്തെക്കാളെല്ലാം വെല്ലുവിളികൾ ആറാമൂഴത്തിൽ ചാംലിങ്ങിനു നേരിടേണ്ടി വന്നു. സർക്കാരിനെതിരെ മുൻപില്ലാത്ത വിധം അഴിമതിയാരോപണങ്ങളുണ്ടായി. തൊഴിലില്ലായ്മയും യുവാക്കളിലെ ലഹരി ഉപയോഗവും രൂക്ഷമായി. പ്രതിപക്ഷം ഇതെല്ലാം ആയുധമാക്കി.

ഒരു വർഷം മുൻപു രൂപീകരിച്ച ഹംരോ സിക്കിം പാർട്ടി(എച്ച്എസ്‌പി)യുമായി രാജ്യത്തിന്റെ ഫുട്‌ബോൾ അഭിമാനം ബൈചുങ് ബൂട്ടിയ ശക്തമായ മൽസരത്തിന് അരങ്ങൊരുക്കിയിരുന്നു. പ്രചാണത്തിൽ അവർ എസ്‌കെഎമ്മിനെക്കാൾ ഒരുപടി മുന്നിലായിരുന്നുതാനും. ചാംലിങ് സർക്കാരിനെതിരെ തുടരെ ആരോപണ ശരങ്ങളുമായി പ്രചാരണകാലത്തുടനീളം സജീവമായിരുന്ന എച്ച്എസ്‌പിയെ പക്ഷേ, വോട്ടർമാർ തുണച്ചില്ല. നിയമസഭയിലേക്കു മൽസരിച്ച രണ്ടു മണ്ഡലത്തിലും ജനം ബൂട്ടിയയെ കൈവിട്ടു. ബൂട്ടിയയുടെ അധ്വാനത്തിന്റെ ഫലം എസ്‌കെഎം കൊയ്‌തെന്നു പറയാം.

ചാംലിങ്ങിന്റെ സഹോദരൻ രൂപ് നാരായൺ ചാംലിങ് 2017ൽ രൂപീകരിച്ച സ്വന്തം പാർട്ടി(സിക്കിം രാജ്യ മഞ്ച്എസ്ആർഎം) ടിക്കറ്റിൽ ഇത്തവണ മൽസരിച്ചിരുന്നു. എസ്ഡിഎഫിന്റെയും സഹോദരന്റെയും സർവാധിപത്യം അവസാനിപ്പിക്കുകയായിരുന്നു ലക്ഷ്യം.

ഇങ്ങനെയൊക്കെയാണെങ്കിലും രാജ്യത്ത് ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന മുഖ്യമന്ത്രി, എടുത്തുകാട്ടാൻ തന്നെപ്പോലൊരു നേതാവുതന്നെയില്ലാത്ത എതിർ കക്ഷിക്കു മുന്നിൽ കീഴടങ്ങിയത് ഇഞ്ചോടിഞ്ച് പോരാട്ടത്തിനു ശേഷമാണ്. മൽസരിച്ച രണ്ടു സീറ്റിലും തിളക്കമേറിയ വിജയം സ്വന്തമാക്കിയതും എതിരാളികൾക്കു നേടാനായത് കൃത്യം 'പാസ് മാർക്ക്' മാത്രമാണെന്നതും ഒരു തരത്തിൽ പവൻ കുമാർ ചാംലിങ്ങിന്റെ വിജയം തന്നെയാണ്. 25 വർഷത്തെ തുടർ ഭരണത്തിൽ ശക്തമായൊരു ഭരണവിരുദ്ധ വികാരം ഇതുവരെയുണ്ടായിട്ടില്ലല്ലോ.

ഒരിക്കൽ ചാംലിങ്ങിന്റെ സർക്കാരിൽ മന്ത്രിയായിരുന്നു എസ്‌കെഎം അധ്യക്ഷൻ പി.എസ്. ഗോലെ. പശുക്കടത്തുമായി ബന്ധപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ടതോടെ എംഎൽഎ സ്ഥാനം രാജിവയ്‌ക്കേണ്ടിവന്നു. ഒരു വർഷത്തെ തടവിനു ശേഷം ജയിലിൽനിന്നിറങ്ങിയത് കഴിഞ്ഞ ഓഗസ്റ്റിലാണ്. അതുകൊണ്ടുതന്നെ, തിരഞ്ഞെടുപ്പ് ചട്ടമനുസരിച്ച് ഇത്തവണ മൽസരിക്കാനായില്ല. മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം പി എസ് ഗോലെയെ കാത്തിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഉപതെരഞ്ഞെടുപ്പിലൂടെ നിയമസഭയിലെത്തുക എന്നതാണ്.

ജനപ്രിയ പദ്ധതികൾ തുടക്കം മുതലേ

നിയമസഭയിലെത്താനുള്ള പണി ആദ്യ ദിവസം തന്നെ സിക്കിമിന്റെ പുതിയ മുഖ്യമന്ത്രി തുടങ്ങിക്കഴിഞ്ഞു. മുൻ മുഖ്യമന്ത്രി 25 വർഷം കൊണ്ട് നേടിയ ജനസമ്മിതി ഏതാനും മാസങ്ങൾ കൊണ്ട് ആർജ്ജിക്കുവാനാണ് പ്രേംസിങ് ശ്രമിക്കുന്നത്. ഉപതെരഞ്ഞെടുപ്പിലൂടെ നിയമസഭയിൽ എത്തണമെങ്കിൽ അത് ആവശ്യമാണ് എന്ന് അദ്ദേഹത്തിന് നല്ല ബോധ്യമുണ്ട്.

തന്റെ സർക്കാർ കർക്കശമായ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണെന്ന് സത്യപ്രതിജ്ഞയ്ക്കുശേഷം പ്രേംസിങ് തമാങ് മാധ്യമങ്ങളോട് പറഞ്ഞു. താനടക്കമുള്ള ഒരു മന്ത്രിയും ആഡംബര കാറുകളിൽ സഞ്ചരിക്കില്ല. കാറുകളിൽ ബീക്കണുകൾ ഉപയോഗിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തൊഴിലവസരങ്ങൾ, ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധയൂന്നിയ പ്രവർത്തനമായിരിക്കും സർക്കാരിന്റേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിവസം ആഴ്‌ച്ചയിൽ അഞ്ചു ദിവസമായി നിജപ്പെടുത്തി ഉത്തരവും ഇറക്കി പുതിയ മുഖ്യമന്ത്രി.

സിംക്കിം ക്രാന്തികാരി മോർച്ചയുടെ 11 എംഎൽഎമാരാണ് കഴിഞ്ഞ ദിവസം മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. എസ് കെ എമ്മിന്റെ ആക്ടിങ് പ്രസിഡന്റ് കുംഗ നിമ ലെപ്ച പ്രമുഖ എസ് കെ എം നേതാക്കളായ അരുൺ ഉപേർതി, സോനം ലാമ എന്നിവരും മന്ത്രിമാരായി ചുമതലയേറ്റു. ബുദ്ധ സന്യാസിമാർക്കായി സംവരണമേർപ്പെടുത്തിയ സംഘ മണ്ഡലത്തിൽ നിന്ന് വിജയിച്ച് എംഎൽഎ ആയ ആളാണ് സോനം ലാമ.

സിക്കിം

ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനങ്ങളിലൊന്നാണ് സിക്കിം. 1975വരെ ചോഗ്യാൽ രാജവംശത്തിന്റെ കീഴിലായിരുന്നു ഈ പ്രദേശം. ലിംബൂ ഭാഷയിലെ സു, ഖ്യീം എന്നിങ്ങനെ രണ്ടുപദങ്ങൾ ചേർന്നാണ് സിക്കിം എന്ന പേരുണ്ടായത്. സു എന്നാൽ പുതിയത്; ഖ്യിം എന്നാൽ കൊട്ടാരം. സിക്കിമിന്റെ ആദ്യത്തെ രാജാവായ ഫുൺസ്‌തോക്ക് നംഗ്യാൽ പണികഴിപ്പിച്ച കൊട്ടാരമാണ് സിക്കിം എന്ന പേരുലഭിക്കാൻ നിമിത്തമായതെന്നു കരുതപ്പെടുന്നു.

1975ൽ നടന്ന ഹിതപരിശോധനയിൽ തൊണ്ണൂറു ശതമാനത്തിലേറെ ജനങ്ങളും ആവശ്യപ്പെട്ടപ്രകാരം സിക്കിമിനെ ഇരുപത്തിരണ്ടാമതു സംസ്ഥാനമായി ഇന്ത്യൻ യൂണിയനിൽ ചേർക്കുകയായിരുന്നു. ഹിമാലയൻ താഴ്‌വാരങ്ങളിൽ സ്ഥിതിചെയ്യുന്ന ഈ ചെറുസംസ്ഥാനം പ്രകൃതിരമണീയദൃശ്യങ്ങളാൽ സമ്പന്നമാണ്. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ മൂന്നാമത്തെ കൊടുമുടിയായ കാഞ്ചൻജംഗ സിക്കിമിലാണ് സ്ഥിതിചെയ്യുന്നത്. നേപ്പാൾ, പശ്ചിമ ബംഗാൾ, ഭൂട്ടാൻ, ചൈന എന്നിവയാണ് അതിർത്തി പ്രദേശങ്ങൾ.

സിക്കിമിന് 2012 ൽ പഞ്ചായത്ത് രാജ് സ്ഥാപനങ്ങളെ ശക്തിപ്പെടുത്തിയ പ്രവർത്തനങ്ങൾ കാഴ്ചവച്ചതിന് ഏറ്റവും നല്ല സംസ്ഥാനത്തിനുള്ള അവാർഡ് ലഭിച്ചിരുന്നു.

1947നു ശേഷം

ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടതോടെ സിക്കിമുൾപ്പെടെയുള്ള ഇന്ത്യയിലെ നാട്ടുരാജ്യങ്ങൾ സ്വതന്ത്രരായി. സിക്കിം ഇന്ത്യൻ യൂണിയന്റെ ഭാഗമാകണോ എന്നറിയാൻ ജനങ്ങളിൽ നിന്ന് അഭിപ്രായവോട്ട് തേടിയിരുന്നു. ജനങ്ങൾ ഈ അഭിപ്രായത്തിനെതിരായാണ് അന്ന് വോട്ട് ചെയ്തത്. 1950 വരെ സിക്കിം സ്വതന്ത്ര രാഷ്ട്രമായി തന്നെ നിലകൊണ്ടു. 1950ൽ വന്ന ഇന്തോ സിക്കിം ഉടമ്പടിക്ക ശേഷമാണ് കാര്യങ്ങൾ മാറിമറയുന്നത്. ജവഹർലാൽ നെഹ്രുവാണ് ഉടമ്പടി കൊണ്ടു വന്നത്. ഈ ഉടമ്പടി പ്രകാരം സിക്കിമിന് സംരക്ഷണം നൽകാനുള്ള ബാധ്യത മാത്രമാണ് ഇന്ത്യയ്ക്കുണ്ടായിരുന്നത്. സിക്കിം പരമാധികാര രാഷ്ട്രമായി തുടരുമെന്നും വിദേശ കാര്യങ്ങളുടെയും പ്രതിരോധത്തിന്റെയും വാർത്താ വിനിമയത്തിന്റെയും കാര്യത്തിൽ മാത്രം പരമാധികാരത്തിന്റെ കാര്യത്തിൽ ഇളവുണ്ടാകുമെന്നും ഉടമ്പടി വ്യക്തമാക്കുന്നു.

സിക്കിമിന്റെ ലയനം

ഇന്ത്യയോട് അനുകൂല സമീപനം പുലർത്തിയിരുന്ന സിക്കിം നാഷണൽ കോൺഗ്രസ്സ് സിക്കിമിലെ രാജ ഭരണത്തിൽ ശക്തമായ എതിർപ്പുകളുമായി മുന്നോട്ടു വന്നു. തുടർന്ന് 1975ൽ സിക്കിമിനെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കണമെന്ന ആവശ്യം ആ രാജ്യത്തെ പ്രധാനമന്ത്രി ഉന്നയിക്കുകയായിരുന്നു. ഏപ്രിലിൽ ഇന്ത്യൻ പട്ടാളം ഗാങ്ടോക്കിൽ പ്രവേശിച്ച് കൊട്ടാര ഭടന്മാരെ നിരായുധരാക്കി. അന്ന് നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ 97.5% സിക്കിം ജനതയും ഇന്ത്യൻ യൂണിയനിൽ ലയിക്കണമെന്ന ആവശ്യത്തെ പിന്തുണച്ചു. അങ്ങനെ മെയ് 1975ൽ സിക്കിം 22ാമത്തെ സംസ്ഥാനമായി ഇന്ത്യയുടെ ഭാഗമായി.

എന്നാൽ ഇന്ത്യ നടത്തിയ അഭിപ്രായ വോട്ടെടുപ്പ് സൈന്യത്തിന്റെ ഭീഷണിയോടെയായിരുന്നെന്നും ഇന്ത്യ സിക്കിം കയ്യേറുകയായിരുന്നുവെന്നുമാണ് ചൈന അന്ന് വാദിച്ചത്. അന്ന് ചൈന സിക്കിമിനെ സ്വതന്ത്ര രാജ്യമായി മാത്രമേ കാണാൻ കൂട്ടാക്കിയുള്ളൂ.

ദീർഘ നാളായുള്ള വിയോജിപ്പ്

സിക്കിം ഇന്ത്യയുടെ ഭാഗമായ ശേഷം ചൈനയും ഇന്ത്യയും തമ്മിൽ വിഷയവുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകൾ നടത്തി. 2003ലാണ് സിക്കിം വിഷയത്തിൽ ചൈനയ്ക്കും ഇന്ത്യയ്ക്കുമിടയിലെ മഞ്ഞുമല ഉരുകുന്നത്. ടിബറ്റിനെ ചൈനയുടെ ഭാഗമായി ഇന്ത്യ കണക്കാക്കുന്നതിന്റെ അടിസ്ഥാനത്തിൽ സിക്കിമിനെ ഇന്ത്യയുടെ ഭാഗമായി ചൈന കാണുമെന്നായിരുന്നു ഇന്ത്യയും ചൈനയും തമ്മിലുള്ള ധാരണ. എന്നാൽ പ്രശ്നങ്ങൾ ഇടക്കിടെ പൊന്തി വന്നു.

2003ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പയിയുടെ ചൈന സന്ദർശന വേളയിൽ നാഥുലയിലൂടെ ഇന്ത്യ ചൈന ബന്ധം വീണ്ടും ഈഷഷ്മളമാവുന്നത്. 2004ലെ ഗാന്ധി ജയന്തി ദിനത്തിൽ, നാഥുല കവാടം തുറന്നു പ്രവർത്തിപ്പിക്കാനായി ഇന്ത്യയും ചൈനയും തമ്മിൽ ഏകദേശ ധാരണയിലെത്തിയെങ്കിലും ചില സാങ്കേതിക തടസ്സങ്ങൾ ഉണ്ടായി. പിന്നീട് രണ്ടു വർഷം കഴിഞ്ഞ് 2006 ജൂലായ് ആറാം തീയ്യതി ഇപ്പോഴത്തെ ദലൈലാമയുടെ ജന്മദിനാഘോഷ വേളയിൽ നീണ്ട 44 വർഷങ്ങൾക്ക് ശേഷം ഈ പാത വീണ്ടും സന്ദർശകർക്കായി തുറന്നു കൊടുക്കുകയായിരുന്നു. പിന്നീട് സിക്കിമിൽ ചൈന റോഡ് നിർമ്മിച്ചതോടെയാണ് വീണ്ടും ബന്ധം വഷളായത്.

കോൺഗ്രസ് കൈവിട്ട സംസ്ഥാനം

ഇന്ത്യൻ യൂണിയനിൽ ലയിക്കുന്നതോടെ സംസ്ഥാനത്തെ പ്രധാന പാർട്ടിയായി കോൺഗ്രസ് മാറിയിരുന്നു. സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രിയും കോൺഗ്രസുകാരനായിരുന്നു. കാസി ലെൻഡുപ് ഡോർജി എന്ന കോൺഗ്രസ് നേതാവായിരുന്നു ആദ്യ മുഖ്യമന്ത്രി. എന്നാൽ 1979ൽ അധികാരം നഷ്ടമാക്കിയ കോൺഗ്രസ് പിന്നീട് 1984ൽ 14 ദിവസം കൂടി മാത്രമാണ് സംസ്ഥാനത്തിന്റെ അധികാരം കയ്യാളിയത്. നിലവിൽ സംസ്ഥാനത്ത് തീർത്തും അപ്രസക്തമായിരിക്കുകയാണ് പാർട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP