Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗർഭക്കേസും മാല മോഷണവും തൊട്ട് നോക്കിപ്പേടിപ്പിച്ചെന്നു വരെ 18 കള്ളക്കേസുകൾ; 12 വർഷത്തെ പൊലീസ് വേട്ടക്കൊടുവിൽ എല്ലാ കേസും ജയിച്ച് ഡിജിപിയെ മാപ്പു പറയിച്ചു; നേടിയത് പ്രൊട്ടക്ഷൻ ഫ്രം പൊലീസ് എന്ന ചരിത്ര വിധി; സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പനും പൃഥ്വീരാജിന്റെ കടുവയ്ക്കും ആധാരം; കടുവാക്കുന്നേൽ കുറുവച്ചൻ അനീതിക്കെതിരെ പൊരുതുന്ന കടുവ!

ഗർഭക്കേസും മാല മോഷണവും തൊട്ട് നോക്കിപ്പേടിപ്പിച്ചെന്നു വരെ 18 കള്ളക്കേസുകൾ; 12 വർഷത്തെ പൊലീസ് വേട്ടക്കൊടുവിൽ എല്ലാ കേസും ജയിച്ച് ഡിജിപിയെ മാപ്പു പറയിച്ചു; നേടിയത് പ്രൊട്ടക്ഷൻ ഫ്രം പൊലീസ് എന്ന ചരിത്ര വിധി; സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പനും പൃഥ്വീരാജിന്റെ കടുവയ്ക്കും ആധാരം; കടുവാക്കുന്നേൽ കുറുവച്ചൻ അനീതിക്കെതിരെ പൊരുതുന്ന കടുവ!

എം റിജു

കേരളത്തിൽ ഏറ്റവും വലിയ പൊലീസ് പീഡനങ്ങൾക്ക് ഇരയായ വ്യക്തി ആരാണെന്ന് ചോദിച്ചാൽ നമ്മുടെ മനസ്സിൽ ആദ്യം ഓടിയെത്തുക, അടിയന്തരാവസ്ഥക്കാലത്ത് പൊലീസ് തല്ലിക്കൊന്ന് ഇന്നും മൃതദേഹം കിട്ടാത്ത രാജന്റെയും, മകനുവേണ്ടി നിയമവ്യവഹാരങ്ങൾ നടത്തിയ പ്രൊഫസർ ഈച്ചരവാര്യരുടെയും മുഖങ്ങൾ ആയിരിക്കും. അങ്കമാലി വെടിവെപ്പ്, തങ്കമണി ബലാത്സംഗം, കിള്ളി, പൂന്തുറ തുടങ്ങിയ നിരവധി സ്ഥലങ്ങളിലെ പൊലീസ് അതിക്രമങ്ങൾ തൊട്ട് ഉദയകുമാറിന്റെ ഉരുട്ടിക്കൊലയും, ഏറ്റവും ഒടുവിൽ പിങ്ക് പൊലീസ് കൊച്ചുകുട്ടിയെ കള്ളിയാക്കിയത്വരെയുള്ള നിരവധി സംഭവങ്ങളും, കേരളത്തിലെ പൊലീസ് ഭീകരതയുടെ നേർസാക്ഷ്യമായി പറയാനുണ്ട്. പക്ഷേ പൃഥീരാജിന്റെ കടുവ, സുരേഷ്ഗോപിയുടെ ഒറ്റക്കൊമ്പൻ എന്നീ ചിത്രങ്ങൾക്ക് ആധാരമായ കുരുവിനാക്കുന്നേൽ കുറുവച്ചൻ എന്ന, നാട്ടുകാർ കടുവാക്കുന്നേൽ കുറുവച്ചനാക്കിയ വ്യക്തിയുടെ ജീവിതം എടുത്താൽ മേൽപ്പറഞ്ഞതൊന്നും ഒന്നുമല്ല.

ഒന്നും രണ്ടും വർഷമല്ല 12വർഷത്തിലേറെയാണ്, പാലാക്കാരൻ കുറവച്ചനെ കേരളാ പൊലീസ് പീഡിപ്പിച്ചത്. റബ്ബർ ചിരട്ടയും മാലമോഷണവും തൊട്ട് അവിഹിത ഗർഭംവരെ പൊലീസ് കള്ളക്കേസായി ഉണ്ടാക്കി! അന്നത്തെ ഐ.ജിയും കുറവച്ചന്റെ ബന്ധുവുമായ ജോസഫ് തോമസ് ഐ.പി.എസാണ് ഈ കള്ളക്കേസുകൾക്ക് നേതൃത്വം കൊടുത്തത്. ഒന്നും രണ്ടുമല്ല 18 കള്ള കേസുകളാണ് കുറുവച്ചനെതിരെ പൊലീസ് എുടുത്തത്. ഒരു കേസ് കഴിയുമ്പോൾ ഉടൻ അടുത്തത്. ഒടുവിൽ സിറ്റിങ്ങിന് ലക്ഷങ്ങൾ ഫീസ് വാങ്ങുന്ന സാക്ഷാൽ രാംജത്മലാനിയെ വരെ ഇറക്കി കുറുവച്ചൻ 18 കേസുകളും ജയിച്ചു. പിന്നീട് ഡി.ജി.പിയായ, ഈ ഐ.ജിയെക്കൊണ്ട് മാപ്പും പറയിപ്പിച്ചു. പൃഥ്വീരാജിന്റെ കടുവ സിനിമയടെ ടീസർ കാണുമ്പോൾ തോന്നുക, ആളുകളെ വിറപ്പിച്ചിരുന്ന മംഗലശ്ശേരി നീലക്ണ്ഠൻ സ്*!*!*െൈ!റ്റലിലുള്ള ഒരു ഫ്യൂഡൽ മാടമ്പിയായിരുന്നു കുറുവച്ചൻ എന്നാണ്. പക്ഷേ കേരളത്തിലെ പൊലീസ് പീഡനങ്ങളുടെ ഏറ്റവും വലിയ ഇരയാണ് ഇദ്ദേഹം എന്നതാണ് യാഥാർഥ്യം.

ജീവിതത്തിന്റെ നല്ലൊരുഭാഗവും കോടതിയിലും പൊലീസ് സ്റ്റേഷനിലുമായി ചെലവിടേണ്ടി വന്ന ഹതഭാഗ്യനാണ്, പാലായിലെ സ്വവസതിയിൽ വിശ്രമജീവിതം നയിക്കുന്ന കുറുവച്ചൻ എന്ന വയോധികൻ. ഒടുവിൽ കുറുവച്ചന്റെ ജീവിതം എന്ന് പറഞ്ഞ് സിനിമയെടുത്തമ്പോൾ അത് രണ്ടും കോടതി കയറി! സുരേഷ് ഗോപിയെ നായകനാക്കി എടുക്കുന്ന ഒറ്റക്കൊമ്പന്, പൃഥീരാജിന്റെ കടുവയുടെ അണിയറ പ്രവർത്തകർ സ്റ്റേവാങ്ങി ഷൂട്ടിങ്ങ് മുടക്കി. ഷൂട്ടിങ്ങ് പൂർത്തിയായ ഷാജികൈലാസിന്റെ സംവിധനത്തിൽ പൃഥ്വീരാജ് നായകനാവുന്ന കടുവക്കെതിരെ കുറുവച്ചൻ തന്നെ സ്റ്റേ വാങ്ങിയിരിക്കയാണ്. തന്റെ അനുമതിയില്ലാതെയും തനിക്ക് പ്രതിഫലം തരാതെയുമാണ് തന്റെ ജീവിതം സിനിമാക്കിയിരിക്കുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. കുറവച്ചൻ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പകുതി തമാശയായി ഇങ്ങനെ പറയുന്നു. '' ജീവിതത്തിൽ മൊത്തം കേസായിരുന്നു. ഇപ്പോൾ വയസ്സാൻ കാലത്ത് ഒരു സിനിമയെടുത്തപ്പോൾ അതും കേസാവുന്നു''.

പള്ളിയും പൊലീസും ചേർന്ന് പീഡനം

കടുവ, ഒറ്റക്കൊമ്പൻ വിവാദങ്ങളെ തുടർന്ന്, ആരെടാ ഈ കുറുവച്ചനെന്ന് മലയാളി സംശയിച്ചുനിൽക്കുന്ന സമയത്താണ്, സിനിമയെ തോൽപ്പിക്കുന്ന മാസ് എൻട്രി പാലായിൽനിന്ന് ഉണ്ടായത്. ഇരട്ടക്കുഴൽ തോക്കും കൈയിൽപ്പിടിച്ച്, വെള്ള ജുബ്ബയും മുണ്ടുമുടുത്ത് യഥാർഥ കുറുവച്ചൻ രംഗപ്രവേശം ചെയ്തു. നടപ്പിലും ഇരുപ്പിലും പ്രൗഢിയും ഗാംഭീര്യവുമുള്ള ഒരു ഒന്നൊന്നര പാലാക്കാരൻ അച്ചായൻ. പാലാ ഇടമറ്റത്താണ് കുരുവിനാക്കുന്നേൽ കുറുവച്ചൻ എന്ന യഥാർഥ കുറുവച്ചൻ ഉള്ളത്. മ്ലാപ്പറമ്പിൽ ഔസേപ്പച്ചന്റെ മകൻ ജോസ് കുരുവിനാക്കുന്നേൽ എന്ന കുറുവച്ചനെ നാട്ടുകാർ കടുവാക്കുന്നേൽ കുറുവച്ചൻ എന്ന് ഓമനപ്പേരിട്ട് വിളിച്ചത് അദ്ദേഹത്തിന്റെ സമാന്യ ധൈര്യവും പോരാട്ട വീര്യവും ഒന്നുകൊണ്ട് മാത്രമായിരുന്നു. എതിർപക്ഷത്ത് സ്വന്തക്കാരോ പള്ളിയോ ആരുവന്നാലും അവസാനംവരെ പോരാടിയ ചരിത്രമാണ് കുറുവച്ചനുള്ളത്.

ചെറുപ്പകാലം തൊട്ടുതന്നെ അനീതികണ്ടാൽ മുഖത്തുനോക്കി പ്രതികരിക്കുന്ന പ്രകൃതമായിരുന്നു. നീതിയുടെ ഭാഗത്ത് നിൽക്കാൻ കഴിയാത്ത പൊലീസിനെയും, പള്ളിയെയും കത്തനാരെയുമൊന്നും അദ്ദേഹം വകവെച്ചില്ല. ഈ രണ്ട് അധികാര കേന്ദ്രങ്ങളാണ് ജീവിത്തത്തിൽ ഉടനീളം കുറുവച്ചനെ പീഡിപ്പിച്ചത്. പരമ്പരാഗതമായി ഉണ്ടായിരുന്ന റബ്ബറും മറ്റ് കൃഷികളും, പള്ളിഭരണവും, അൽപ്പം പൊതുപ്രവർത്തനവും, ബിസിനസുമൊക്കെയായി കുറുവച്ചൻ അങ്ങനെ ജീവിച്ചു പോരുകയായിരുന്നു.  ബാറും റബ്ബറും ഒക്കെയായി കച്ചവടം നല്ല രീതിയിൽപോകുന്ന സമയം.

അപ്പോഴാണ്, ഭാര്യുടെ ബന്ധുവായ എംഎ‍ൽഎക്കെതിരെ ഒരു പഞ്ചായത്ത് മെമ്പർ കേസ് കൊടുത്തത്. കുറുവച്ചൻ സാക്ഷി. പക്ഷേ പിന്നീട് ഇത്് ധാരണയിലെത്തി കേസ് പിൻവലിച്ചു. പക്ഷേ എംഎ‍ൽഎയുടെ രോഷത്തിന് ഇത് ഇടയാക്കി. ആ ഇടക്കാണ് പള്ളിയിലെ ഒരു പിയാനോ വികാരിയച്ചൻ മോഷ്ടിച്ചതിന്റെ പേരിൽ കുറുവച്ചൻ കേസിന് പോകുന്നത്. ഇതോടെ പൊലീസിനെയും മതമേലധ്യക്ഷമാരെയൊന്നും മാനിക്കാത്ത ഒരു റെബൽ ആണ് ഇദ്ദേഹം എന്ന ധാരണ അവർക്ക് ഉണ്ടായി.

പാലാ പൂവരുണിക്കടുത്ത് ജോസഫ് തോമസ് ഐ.പി.എസ് എന്ന ഐ.ജി പൊലീസും പള്ളിയും പറഞ്ഞിട്ട് കേൾക്കാത്ത ഈ ധിക്കാരിയെ ഒതുക്കുവാൻ തീരുമാനിച്ചു. എന്നാൽ താൻ നിയമവിരുദ്ധമായി ഒന്നും ചെയ്യില്ലെന്നും അധ്വാനിച്ചാണ് ജീവിക്കുന്നതെന്നും ഒരാളെയും പേടിക്കുന്നില്ലെന്നു കുറുവച്ചൻ തിരിച്ചടിച്ചു. അതോടെ 12വർഷം നീണ്ടുനിന്ന പൊലീസ് വേട്ടക്കാണ് തുടക്കമായത്.

മാല മോഷണക്കേസുമുതൽ ഗർഭക്കേസു വരെ

കേരളാപൊലീസിന്റെ ചരിത്രത്തിന്റെ ഏറ്റവും കുപ്രസിദ്ധമായ അധ്യായമായി മാറി, അവർ കുറുവച്ചനെതിരെ എടുത്ത കേസുകൾ. ഐ.ജി ജോസഫ് തോമസിനെ പ്രീണിപ്പിക്കാൻ പൊലീസ് മത്സരിക്കയായിരുന്നു. മാത്രമല്ല ജോസഫ് തോമസിന്റെ സഹോദരനാണ് പിന്നീട് നെടുമ്പാശ്ശേരി എയർപോർട്ടിന്റെ എം.ഡിയൊക്കെയായ വി.ജെ കുര്യൻ ഐ.എസ്.എസ്. അതായത് ഒരു വീട്ടിൽ തന്നെ ഐ.എ.എസും ഐ.പി.എസും ഉള്ളപ്പോൾ അവർ എത്രതെന്ന ശക്തർ ആയിരിക്കു. പക്ഷേ കുറുവച്ചൻ ഇവരെയൊന്നും തരിമ്പും വകവെച്ചില്ല. ഇതും അധികാരികളുടെ ഈഗോക്ക് ആക്കം കൂട്ടി.

കുറവച്ചനെതിരെ പൊലീസ് എടുത്തകേസുകൾ പരിശോധിച്ചാൽ അധികാര ദുർവിനിയോഗത്തിന്റെ വ്യാപ്തി കണ്ട് നാം നടങ്ങിപ്പോകും. തൊട്ടടുത്ത പറമ്പിൽനിന്ന് റബ്ബർ ചിരട്ട മോഷ്ടിച്ചു, അനധികൃതമായി തോക്ക് കൈവശം വെച്ചു. വെടിമരുന്ന് നിയമംലംഘിച്ച് സൂക്ഷിച്ചു, തൊട്ട് ഭീകരപ്രവർത്തനംവരെ. ഒരിക്കൽ ഒരു ദലിത് സ്ത്രീയെ പീഡിപ്പിച്ചുവെന്നും കേസ് എടുത്തു. ഒരു മാലമോഷണക്കേസിലും പ്രതിയാക്കി. നോക്കിപ്പേടിപ്പിച്ചെന്നായിരുന്നു ഒരു കേസ്. പക്ഷേ കോടതിയിൽ എല്ലാം പൊളിഞ്ഞു. കുറുവച്ചൻ കോട്ടയം രാമപുരത്ത്വെച്ച് തോക്കുചൂണ്ടിയെന്ന പൊലീസ് ഒരു കള്ളക്കേസ് എടുത്തിരുന്നു. ഇതിലെ പ്രതി കോടതിയിൽവെച്ച് താൻ കുറവച്ചനെ അറിയില്ലെന്നും ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ല എന്ന് പറയുകയും ചെയ്തു. ഇതോടെ കോടതി പൊലീസിനെ നന്നായി കൊട്ടി. അപ്പോഴും പൊലീസിന് വാശിയും വൈരാഗ്യവും കൂടിയായിരുന്നു. ജീപ്പുമായി റോഡിലിറങ്ങിയാൽ അപ്പം പാലാ പൊലീസ് പൊക്കുമെന്ന അവസ്ഥയായി.

ഒരിക്കൽ കുറുവച്ചൻ കോട്ടയം റെയിൽവേസ്റ്റേഷനടുത്ത് തന്റെ അംബാസിഡർ കാർ പാർക്ക് ചെയ്ത് തിരുവനന്തപുരത്തിന് പോയി. തിരിച്ചുവന്നപ്പോൾ വണ്ടി കാണാനില്ല. പൊലീസ് അത് മോഷ്ടിച്ച കാറാണെന്ന് കള്ളക്കേസുണ്ടാക്കി. അങ്ങനെയല്ലെന്ന് കുറുവച്ചൻ രേഖകൾ കാണിച്ചപ്പോൾ എഞ്ചിൻ മോഷ്ടിച്ചതാണെന്നായി കള്ളക്കേസ്. പതിവുപോലെ കോടതിയിൽ പോയാണ് കുറുവച്ചൻ കാർ തിരിച്ചുപടിച്ചത്.

ബിസിനസ് തകർത്ത് പാപ്പരാക്കാനുള്ള നീക്കവും ഇക്കാലത്ത് ഉണ്ടായി. അദ്ദേഹത്തിന്റെ തൃശൂർ മണ്ണുത്തിയിലെ മയൂര എന്ന ബാറിൽ ഗുണ്ടകളെ വിട്ട് അടിയുണ്ടാക്കിപ്പിക്കും. പക്ഷേ പൊലീസ് വന്ന് അക്രമികളെയല്ല കസ്റ്റഡിയിലെടുക്കുക. അവർ കുറവച്ചനെയും സ്റ്റാഫിനെയുമാണ് കൊണ്ടുപോവുക. ഒരിക്കൽ നികുതി കുടിശ്ശികയുണ്ടെന്ന് പറഞ്ഞ് ബാർ പൂട്ടിച്ചു. അവിടെയും കോടതിയിൽ പോയി കുറുവച്ചൻ സ്റ്റേവാങ്ങി.പിന്നീട് ഒരു ബന്ധുവിന്റെ വിവാഹപാർട്ടിയിൽ 9 കുപ്പി മദ്യം സൂക്ഷിച്ചുവെന്നും പറഞ്ഞ് കേസ് എടുത്തു.

ഒടുവിൽ കഞ്ചാവ് കേസിൽ പൂട്ടാനും പൊലീസ് പദ്ധതിയിട്ടിരുന്നു. ഒരു ചാക്ക് കഞ്ചാവ് കുറുവച്ചന്റെ വീട്ടിൽ കൊണ്ട്വന്ന് സൂക്ഷിച്ചശേഷം പിടികൂടാനായിരുന്നു തീരുമാനം. നാർക്കോട്ടിക്ക് കേസായതുകൊണ്ട് കുറേക്കാലം അകത്തിടാമല്ലോ. പക്ഷേ പൊലീസിലെ തന്നെ നല്ലവരായ ചിലർ നേരത്തെ ഈ വിവരം കുറുവച്ചന് ചോർത്തിക്കൊടുത്തു. അതുകൊണ്ട് വീട് പൂട്ടി കുറുവച്ചൻ മുങ്ങിയതിനാൽ അറസ്റ്റ് നടന്നില്ല. ലൈസൻസുള്ള തോക്കിന് ഉടമായ, ആജാനബാഹുവായ കുറുവച്ചനെ നേരിട്ട് തല്ലാൻ പൊലീസിന് പേടിയായിരുന്നു. കുറുവച്ചന്റെ മേൽ കൈവെച്ചിട്ട് ആ നാട്ടിൽ ജീവിക്കാൻ കഴിയില്ല എന്ന് അവർക്ക് അറിയാമായിരുന്നു. നാട്ടുകാർ അദ്ദേഹത്തിന്റെ കുടെയായിരുന്നു. അങ്ങനെയാണ് ചില ഗുണ്ടകളെ വാടകക്ക് എടുത്തത്. ഒരിക്കൽ പെയിന്റ് വാങ്ങാൻ അങ്ങാടിയിൽ എത്തിയ അദ്ദേഹത്തിന്റെ തല രണ്ട് ഗുണ്ടകൾ അടിച്ചുപൊട്ടിച്ചു. പക്ഷേ കേസ് ഉണ്ടായത് കുറുവച്ചന് എതിരെയും!

സഹായിച്ചത് ജയറാം പടിക്കലും നായനാരും

ഇന്നത്തെപ്പോലെ മനുഷ്യാകാശ പ്രസഥാനങ്ങൾ ഒന്നും അത്രമേൽ സജീവമായിട്ടില്ലാത്ത 70കളിലെ അവസാനം തൊട്ടുള്ള രണ്ട് ദശാബ്ദക്കാലമാണ് ഈ പീഡനങ്ങൾ ഏറെയും നടക്കുന്നത്. ഒരിക്കൽ പാലയിലെ ഒരു മനുഷ്യാവകാശ പ്രവർത്തകൻ ഇയാളെ എന്തിനാണ് ഇങ്ങനെ പൊലീസ് കൊണ്ടുപോകുന്നത് എന്ന് അറിയാനായി പൊലീസ് ജീപ്പിന് പിന്നാലെ ഒരു ഓട്ടോയിൽ കുറുവച്ചന്റെ വീട്ടിൽ എത്തി. പക്ഷേ അയാളെയും പിടിച്ച അകത്തിടുകയാണ് പൊലീസ് ചെയ്തത് എന്ന് കുറുവച്ചൻ ദ ഹിന്ദുവിന് അനുവദിച്ച അഭിമുഖത്തിൽ പറയുന്നു. ഓട്ടോയും കസ്റ്റഡിയിലെടുത്തു.

അതുപോലെ നമ്മുടെ രാഷ്ട്രീയ നേതൃത്വം ഇതുപോലുള്ള പ്രശ്നത്തിൽ എത്രമാത്രം നിഷ്‌ക്രിയമായിരുന്നുവെന്ന് കുറുവച്ചന്റെ അനുഭവം ചൂണ്ടിക്കാട്ടുന്നു. തന്നെ കള്ളക്കേസിൽ കുടുക്കുന്നുവെന്ന് പറഞ്ഞ് കുറുവച്ചൻ അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരനെ പോയി കണ്ടു. നാട്ടുകാരായ 101 പേർ ഒപ്പിട്ട നിവേദനവും നൽകി. പക്ഷേ ആശ്രിതവത്സലനും, എന്നും ക്രിമിനൽ സ്വഭാവമുള്ള പൊലീസുകാരെ സംരക്ഷിക്കുകയും ചെയ്തിരുന്ന കരുണാകരൻ ആ പരാതി മുഖവിലക്ക് എടുത്തില്ല. പിന്നീട് എ.കെ ആന്റണി മുഖ്യമന്ത്രി ആയിരിക്കുമ്പോഴും കുറുവച്ചൻ പരാതി നൽകി. ആന്റണി തന്റെ പി.എ ആയിരുന്ന പണിക്കരെ കാണാൻ പറയുകയാണ് ചെയ്തത്. പണിക്കർക്ക് വേണ്ടപ്പെട്ട ആളായിരുന്നു ഐ.ജി ജോസഫ് തോമസ്. അതോടെ ആ പരാതിയും ആവിയായി.

പക്ഷേ തനിക്ക് തീർത്തും പ്രതീക്ഷിക്കാത്ത ഒരു ഉയർന്ന പൊലീസ് ഉദ്യോഗസ്ഥനിൽനിന്ന് സഹായം കിട്ടിയത് കുറുവച്ചൻ പറയുന്നുണ്ട്. എറണാകുളത്ത് ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കവേ, എതിർവശത്ത് ഇരുന്ന ആളെ നോക്കി ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞ് കുറുവച്ചന്റെ പേരിൽ കള്ളക്കേസ് എടുത്തിരുന്നു. ഈ സമയത്ത് കുറുവച്ചന്റെ ഭാര്യ മറിയാമ്മ അന്നത്തെ പൊലീസ് മേധാവി ജയറാം പടിക്കലിനെ കണ്ടു. അദ്ദേഹം പറഞ്ഞത് താൻ ഇത്തരം അനീതികൾ വെച്ചുപൊറുപ്പിക്കില്ല എന്നതാണ്. ഉടൻ തന്നെ പടിക്കൽ, അന്ന് എറണാകുളം എസ്‌പിയായിരുന്നു ലോക്നാഥ് ബെഹ്റയെ വിളിച്ച് കേസ് ഒഴിവാക്കാൻ പറഞ്ഞു.

പിന്നീട് നായനാർ മുഖ്യമന്ത്രിയായപ്പോഴും ജോസഫ് തോമസിന് പണികിട്ടി. തന്നെ ഡി.ജി.പിയാക്കണം എന്ന് പറയാനായി വന്നുകണ്ട ജോസഫ്് തോമസിനോട് 'താൻ പാലയിൽ ഒരാൾക്കെതിരെ കള്ളക്കേസ് എടുത്തില്ലേ, ആദ്യം അത് ഒത്ത്തീർപ്പാക്കിയിട്ട് വരു,' എന്ന് അറുത്തുമുറിച്ച് പറഞ്ഞു. നായനാരുടെ കലാവധി അവസാനിക്കുന്നതുവരെ അയാളെ ഡി.ജി.പി ആക്കിയതുമില്ല.

പ്രൊട്ടക്ഷൻ ഫ്രം പൊലീസ് എന്ന ചരിത്ര വിധി

കുറവച്ചനെ സഹായിച്ചവരെയും പൊലീസ് വെറുതെ വിട്ടില്ല. ഇന്ന് ചാനൽ ചർച്ചകളിൽ പൊലീസുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വമാണ് റിട്ടയേഡ് എസ്‌പി ജോർജ് ജോസഫ്. ഒരു എസ്‌ഐയായാണ് അദ്ദേഹം സർവീസ് തുടങ്ങിയത്. കുറുവച്ചന് കള്ളക്കേസുകളിൽനിന്നുള്ള മോചനത്തിനായുള്ള നിയമോപദേശവും നടപടികളും പറഞ്ഞുകൊടുത്ത് അദ്ദേഹം ആയിരുന്നു. ഈ വൈരാഗ്യം വെച്ച് ജോർജ് ജോസഫിന്റെ വീട് പൊലീസ് റെയ്ഡ് ചെയ്തു. പൊലീസിനും പൊലീസ് പീഡനം! 12 മണിക്കൂർ ഭാര്യയെയും കുട്ടികളെയും പുറത്തിരുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച റെയ്ഡിൽ അദ്ദേഹത്തിന്റെ സർവീസ് റിവോൾവറാണ് കള്ളത്തോക്കാണെന്ന് പറഞ്ഞ് പിടികൂടിയത്! ജോർജ് ജോസഫിന് ഒന്നര വർഷം സസ്പെൻഷനും കിട്ടി. പിന്നീട് ഉന്നത അന്വേഷണത്തിലാണ് പിടിച്ചെടുത്തത് സർവീസ് റിവോൾവർ ആണെന്ന് അറിയുന്നത്. ഒരു സർവീസ് റിവോർവർ പോലും തിരിച്ചറിയാൻ കഴിയാത്ത പൊലീസിന്റെ അവസ്ഥ നോക്കുക.

പ്ലാന്റർ, ബിസിനസുകാരൻ എന്ന നിലയിൽ വരുമാനമുള്ളതുകൊണ്ടാണ് താൻ പിടിച്ചുനിന്നതെന്ന് കുറുവച്ചൻ സമ്മതിക്കുന്നു. ഒരു സാധാരണക്കാരൻ ആയിരുന്നെങ്കിൽ എന്തുചെയ്യുമായിരുന്നു. രാംജത്മലാനിയെ കൊണ്ട് വന്നുവരെ അദ്ദേഹം കേസ് നടത്തി. അന്നത്തെ 50ലക്ഷം രൂപയോളം കുറവച്ചന് കേസിന് ചെലാവായിട്ടുണ്ട്.

ഈ കേസുകൾക്ക് ഓരോന്നിനും എതിരെ കുറുവച്ചൻ കൗണ്ടർ കേസുകളും കൊടുത്തിരുന്നു. വർഷങ്ങൾ അങ്ങനെ കഴിഞ്ഞു. അപ്പോഴേക്കും ഐ.ജി, ഡി.ജി.പിയുമായി. അയാൾക്കും നടന്ന് മടുത്തു. ഒരുകേസിലും ജയിക്കുന്നുമില്ല. അങ്ങനെ അവസാനം കുറുവച്ചനുമായി ഒത്തു തീർപ്പിൽ എത്താമെന്ന് ധാരണയായി. അങ്ങനെ ക്ഷമ പറയാം. പക്ഷേ കേസുകൾ ഒഴിവാക്കണം എന്ന ധാരണയിൽ ഒരു ഞായറാഴ്ച ഡി.ജി.പി പാലായിലെ കുറുവച്ചന്റെ വീട്ടിലെത്തി. കുറുവച്ചൻ ഈ 18 കേസിൽ ഓരോ കേസുകളും എടുത്തുവായിച്ചു. അത് ഞാൻ തന്നെ ചെയ്യിച്ചതാണ് ക്ഷമിക്കണം എന്ന് ജോസഫ് തോമസും. കുറുവച്ചന്റെ മകൾ റോസ് മേരി അന്ന് അവിടെ ഉണ്ടായിരുന്നു. ഇംഗ്ലണ്ടിൽനിന്നുള്ള ക്യാമറ അവിടെ ഉണ്ടായിരുന്നതായി അവൾക്ക് അറിയാം. അവർ അത് ഓൺ ചെയ്തു, ഡി.ജി.പി മാപ്പുപറയുന്ന് അങ്ങനെ ക്യമാറയിൽ പതിച്ചു. പിന്നെ ഇത് ടോമിൻ ജെ തച്ചങ്കരിയുടെ റിയാൻ സ്റ്റുഡിയോയിൽ കോപ്പികൾ എടുത്ത് കോടതിയിൽ ഹാജരാക്കി! അങ്ങനെ പൊലീസ് വീണ്ടും നാറി.

കുറവാച്ചൻ കേസിൽ ഹൈക്കോടതി വിധിച്ച പ്രാട്ടക്ഷൻ ഫ്രം പൊലീസ് എന്ന പരമാർശം, കേരള നീതിന്യായ ചരിത്രത്തിൽ സമാനതകൾ ഇല്ലാത്തതാണ്. ഇതേക്കുറിച്ച് കുറുവാച്ചൻ മലയാള മനോരമക്ക് നൽകിയ ഒരു അഭിമുഖത്തിൽ ഇങ്ങനെ പറയുന്നു.'' എനിക്ക് അനുകൂലമായി വിധി പ്രസ്താവിച്ച സമയത്ത് കോടതിയാണ് പൊലീസ് പ്രൊട്ടക്ഷന് പകരം പ്രൊട്ടക്ഷൻ ഫ്രം പൊലീസ് എന്ന് പറഞ്ഞത്. പൊലീസിനെക്കൊണ്ട് എന്തെങ്കിലും ശല്യമുണ്ടെങ്കിൽ വീണ്ടും കോടതിയെ സമീപിക്കാമെന്നു ജഡ്ജി പറഞ്ഞു. ''

'മെത്രാന്റെ കൈ മുത്തില്ല, പിതാവ് എന്ന് വിളിക്കില്ല'

അന്യായമായി ഇമ്പോസിഷൻ തന്നെ അദ്ധ്യാപകനെ പുസ്തകം കൊണ്ട് അടിച്ച് ഇറങ്ങിപ്പോന്ന കഥ കുട്ടിയായ ജോസിന് പറയാനുണ്ട്. ചെറുപ്പം മുതലേ ആ പ്രകൃതം അങ്ങനെയാണ്. എങ്ങനെയാണ് പള്ളിയോട് ഉടക്കിയത് എന്ന ചോദ്യത്തിന് കുറുവച്ചൻ ഒരു അഭിമുഖത്തിൽ ഇങ്ങനെ പറയുന്നു.''നീതിക്കുവേണ്ടി പോരാടുന്നവർ ഭാഗ്യവാന്മാർ കാരണം സ്വർഗരാജ്യം അവർക്കുള്ളതാവുന്നു'- മത്തായിയുടെ ഈ സുവിശേഷം അനുസരിച്ചയാണ് ഞാൻ ജീവിക്കുന്നത്. അതല്ലാതെ പള്ളിയെയോ, പ്രമാണിമാരെയോ ഒന്നും ഞാൻ പേടിക്കില്ല. ഞാൻ പള്ളിക്കമ്മറ്റിയിൽ ട്രഷറർ ആയിരുന്ന സമയത്ത് ഒരു സംഭവം ഉണ്ടായി. പള്ളിക്ക് ഒരു കുടുംബം സംഭാവന ചെയ്ത പിയാനോ, വികാരിയച്ചൻ മോഷ്ടിച്ചു. ഞാൻ ഇതിനെതിരെ ശബ്ദമുയർത്തുകയും കേസിന് പോവുകയും ചെയ്തു.

തുടർന്ന് മെത്രാന്റെ അടുത്തുവരെ എന്നെ വിളിപ്പിച്ചു. പള്ളിയിൽനിന്ന് പുറത്താക്കാനുള്ള തീരുമാനംവരെ അന്ന് അവർ എടുത്തിട്ടുണ്ട്. അരമനക്കോടതിയിൽനിന്ന് പള്ളിയിലെ ഔദ്യോഗിക പദവികൾ വഹിക്കാൻ അനുവാദമില്ലെന്ന് കത്തുതന്നു. അതിനുള്ള മറുപടിയായി സന്തോഷം എന്ന് പറഞ്ഞ് ഞാൻ ഇറങ്ങിപ്പോന്നു. എന്നോട് പള്ളിക്കും പൊലീസിനുമൊക്കെ കടുത്ത വൈരാഗ്യം തോന്നാനുള്ള ഒരു കാരണം ഇതായിരുന്നു. പൊലീസുമായുള്ള പ്രശ്നത്തിന്റെ പേരിൽ എനിക്ക് കുറച്ചുകാലം ഒളിവിൽ കഴിയേണ്ടിവന്നിട്ടുണ്ട്. ആ കാലഘട്ടത്തിൽ എന്റെ വീട്ടിൽ സ്ത്രീകൾക്ക് കൂട്ടുകിടന്ന ഒരു സ്ത്രീ മരിച്ചപ്പോൾ പള്ളിയിൽ അടക്കിയില്ല. അവർ പണ്ട് കൊലപാതകക്കേസിൽ പ്രതിയായിരുന്നെന്നാണ് കാരണം പറഞ്ഞത്. സത്യത്തിൽ അത് എന്നോടുള്ള വൈരാഗ്യം ആയിരുന്നു. ഞാൻ കെഞ്ചാനൊന്നും പോയില്ല. അന്ന് പള്ളീലച്ചന്റെ സ്ഥാനത്തുനിന്ന് മണിയൊക്കെ കിലുക്കി ഒപ്പീസ് ചൊല്ലി, കുഴിവെട്ടി അവരെ അടക്കം ചെയ്തത്, ഞാനും സുഹൃത്തുക്കളും കൂടിയാണ്. ''- കുറുവച്ചൻ പറയുന്നു.

ഈ ജീവിത സായാഹ്നത്തിലും അതേ നിലപാടാണ് അദ്ദേഹത്തിന്. ''ഇവർ കർത്താവേ കർത്താവേ എന്ന് വിളിച്ചാൽ സ്വർഗരാജ്യം കിട്ടില്ല. ഞാൻ ഒരുത്തനെയും പിതാവ് എന്ന് വിളിക്കില്ല. എൻെർ അപ്പനെയും ഒടേ തമ്പുരാനെ മാത്രമേ പിതാവേ എന്ന് വിളിക്കു. മെത്രാന്റെ കൈമുത്തില്ല. ഇന്നും അങ്ങനെതന്നെയാണ്.''- കുറുവച്ചൻ പറയുന്നു.

തോക്കുകളും കാറുകളോടും ഒടുങ്ങാത്ത കമ്പം

അതുപോലെ തോക്കുകളോടും വാഹനങ്ങളോടും വലിയ കമ്പമുള്ള വ്യക്തിയാണ് കുറുവച്ചൻ. പാലായിലെ കുരുവിനാക്കുന്നേൽ വീട്ടിൽ ഭാര്യ മറിയാമ്മയൊത്തിരുന്ന് കുറുവച്ചൻ ഒരു പത്രത്തിന് ഈയിടെ അഭിമഖം നൽകയിരുന്നു.''ലൈസൻസുള്ള തോക്കാണ് എനിക്കുള്ളത്. എണ്ണയൊക്കെയിട്ട് ഭംഗിയായിട്ടാണ് ഇത് സൂക്ഷിക്കുന്നത്. തോക്ക് നന്നായി നോക്കുന്നതിന് പൊലീസ് അഭിനന്ദിച്ചിട്ടുണ്ട്. എനിക്ക് വാഹനങ്ങളോട് വല്ലാത്ത ഭ്രമമാണ്. വീട്ടിലെ ബെൻസ് കടൽകടന്നുവന്നതാണ്. 86മോഡലാണ് എന്റെ ബെൻസ്. അംബാസഡർ കാറാണ് കഥ നടക്കുന്ന കാലത്ത് എന്റെ സന്തതസഹചാരി. എൻഡവറുള്ളത് തമിഴ്‌നാട്ടിൽ ഹൈറേഞ്ചിൽ പോകുമ്പോൾ ഉപയോഗിക്കുന്നതായിരുന്നു. ഇത് എത് കാട്ടിൽകൂടിയും കയറിപ്പോയിക്കോളും. ഒപ്പം മഹീന്ദ്ര ജീപ്പുമുണ്ട്. ''- കുറുവച്ചൻ പറയുന്നു. ഇന്നും പാലായിലെ കൊട്ടാര സമാനമായ കുറുവച്ചന്റെ വീട്ടിൽ പഴയ വിന്റേജ് മോഡൽ കാറുകളുടെ നീണ്ട നിര കാണാം.

സാമൂഹിക പ്രവർത്തന രംഗത്തും അദ്ദേഹം സജീവമാണ്.-''ഇന്നും അന്നത്തെ ശൈലിതന്നെയാണ് ഞാൻ പിന്തുടരുന്നത്. എനിക്ക് ആരെയും പേടിക്കേണ്ട കാര്യമില്ല. തെറ്റായ രീതിയിൽ യാതൊന്നും ചെയ്യാറില്ല. പെൺകുട്ടികൾക്ക് വിവാഹത്തിനും വിദ്യാഭ്യാസത്തിനും സ്‌കുളുകൾക്കുമൊക്കെ സഹായം ചെയ്യുന്നത് എന്റെ അധ്വാനത്തിൽനിന്ന് ഒരു വിഹിതം എടുത്തിട്ടാണ്. എന്റെ മകളുടെ കല്യാണം നടത്തിയതുപോലും, അയൽവാസികളായ നിർധന കുടുംബങ്ങൾക്ക് വീട്വെച്ചുകൊടുക്കുയും, രണ്ട് പെൺകുട്ടികളുടെ വിവാഹം നടത്തിക്കൊടുക്കുകയും ചെയ്തതിന് ശേഷമാണ്.''- കുറുവച്ചൻ പറയുന്നു. ഇങ്ങനെ കുറുവച്ചൻ ഇടപെട്ട ഓരോ സംഭവങ്ങളും ഓരോ സിനിമയാക്കാൻ പോന്നതാണെന്നാണ് നാട്ടുകാരും സുഹൃത്തുക്കളും പറയുന്നത്.

വ്യാഘ്രവും ഒറ്റക്കൊമ്പനും പിന്നെ കടുവയും

2001ൽ വ്യാഘ്രം എന്ന പേരിൽ കുറുവച്ചന്റെ ജീവിതം സിനിമയാക്കാനാണ് ഷാജി കൈലാസും രഞ്ജി പണിക്കറും പാലായിൽ അദ്ദേഹത്തിന്റെ വസതിയിൽ എത്തുന്നത്. രഞ്ജി പണിക്കർക്ക് കുറുവച്ചനെ നേരത്തെ അറിയാമായിരുന്നു. മോഹൻലാൽ ആയിരുന്നു അന്ന് അവരുടെ മനസ്സിൽ. പക്ഷേ എന്തുകൊണ്ടോ ആ പ്രൊജക്റ്റ് നടന്നില്ല. 'രഞ്ജിപ്പണിക്കർക്കാണ് സിനിമക്കായി ഞാൻ വാക്കുകൊടുത്തത്. അദ്ദേഹത്തിന്റെ ഡയലോഗിന് ഒരു പ്രത്യേക ശക്തിയുണ്ട്'- കുറുവാച്ചൻ ഒരു അഭിമുഖത്തിൽ പറഞ്ഞു. അതിനുശേഷമാണ് കടുവയുടെയും ഒറ്റക്കൊമ്പന്റെയും വാർത്തകൾ പുറത്തുവരുന്നത്. പക്ഷേ ഇവർ രണ്ടുപേരും കുറുവച്ചനോട് നേരിട്ട് കണ്ട് പ്രതിഫലം നൽകി കഥയുടെ റൈറ്റ് വാങ്ങിയിട്ടില്ല.

നേരത്തെ വ്യാഘ്രം പ്രൊജക്റ്റിന്റെ സമയത്ത്, കഥയുടെ പ്രതിഫലമായി ഒരു കോടി രുപയാണ് കുറുവച്ചൻ ചോദിച്ചത് എന്നും വാർത്തകൾ വന്നിരുന്നു. ഒന്നും വെറുതെ കൊടുക്കാൻ ആവില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പക്ഷേ അത് ഷാജികൈലാസും കൂട്ടരും ചർച്ചയിൽ അമ്പതുലക്ഷമാക്കി കുറച്ചിരുന്നു. അന്ന് രഞ്ജിപ്പണിക്കർക്കും, ഷാജികൈലാസിനും ഒപ്പം കുറുവച്ചന്റെ പാലായിലെ വീട്ടിൽ എത്തിയ മൂന്നാമനാണ് ഇപ്പോൾ കുടുവയുടെ തിരക്കഥാകൃത്തായ ജിനു എബ്രഹാം. അന്ന് അയാൾ വീട്ടിൽ കയറാതെ പ്രദേശത്തൊക്കെ ചുറ്റിയടിച്ച് നടക്കുകയായിരുന്നെന്നാണ് കുറുവച്ചൻ പിന്നീട് പറഞ്ഞത്. ഇയാൾ കുറുവച്ചനെകുറിച്ച് നാട്ടുകാരിൽനിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞും, ഹിന്ദുവിൽ അദ്ദേഹത്തെക്കുറിച്ച് വന്ന വിശദമായ ലേഖനവും നോക്കിയാണത്രേ കടുവ എഴുതിയത്.

കടുവയുടെ ചിത്രീകരണം നടക്കുന്ന സമയത്താണ് സുരേഷ് ഗോപിയുടെ 250ാം ചിത്രമായി ഒറ്റക്കൊമ്പൻ അനൗൺസ് ചെയ്യുന്നത്. പക്ഷേ ആ സിനിമ കോടതി സ്റ്റേ ചെയ്തു. ഇതിന് 'കടുവ'യുമായി സാമ്യമുണ്ടെന്ന് പറഞ്ഞ് അതിന്റെ തിരക്കഥാകൃത്ത് ജിനു എബ്രഹാം നൽകിയ ഹർജിയിലാണ് എറണാകുളം ജില്ലാ കോടതിയുടെ നടപടി. ഒറ്റക്കൊമ്പന്റെ തിരക്കഥാകൃത്തായ തന്റെ അസിസ്റ്റന്റ് ഇത് കോപ്പിയടിക്കയാണെന്നാണ് ജിനു ആരോപിക്കുന്നത്. സുരേഷ് ഗോപിക്ക് ഏറെ പ്രതീക്ഷയുള്ള കഥാപാത്രമായിരുന്നു ഇത്. സുരേഷ് ഗോപിയുടെ ഡയലോഗുകൾ ഇഷ്ടമാണെന്നും, പൃഥ്വീരാജിന്റെ പ്രായം തന്റെ കഥാപാത്രത്തോട് യോജിക്കാൻ സാധ്യതയില്ലെന്നും നേരത്തെ കുറുവച്ചൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. സുരേഷ് ഗോപിയാവട്ടെ തന്റെ 250ാമത്തെ ചിത്രമായി ഇതുതന്നെ മതി എന്ന നിലപാടിലാണ്. അത് കുറുവച്ചനായി ഒഴിച്ചിട്ടിരിക്കയാണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഇനി എത്ര സിനിമയിൽ അഭിനയിച്ചാലും 251, 252 എന്ന ഗണത്തിലേ കണക്കാക്കുവെന്നാണ് അദ്ദേഹം പറയുന്നത്.

പക്ഷേ പൃഥ്വീരാജ് ചിത്രം കടുവയെ ചിത്രീകരണം ഏതാണ്ട് തീർന്ന അവസ്ഥയിൽ കടുക്കിയത് സാക്ഷൽ കടുവ തന്നെയാണ്. തന്റെ കഥ തന്റെ സമ്മതമല്ലാതെ ചിത്രീകരിക്കുന്നുവെന്ന് പറഞ്ഞ് കുറുവച്ചൻ സ്റ്റേ വാങ്ങി. ഈ ഹർജിയിൽ തീർപ്പാകുന്നതുവരെ 'സിനിമ പ്രദർശിപ്പിക്കുന്നത് കോടതി വിലക്കി. സിനിമ മുഴുവനായോ ഭാഗികമായോ പ്രദർശിപ്പിക്കുന്നതും തിരക്കഥ പ്രസിദ്ധീകരിക്കുന്നതും വിലക്കിയിട്ടുണ്ട്. സാമൂഹികമാധ്യമങ്ങളിലും ഒ.ടി.ടി.യിലും വിലക്കുണ്ട്. ജീവതം മുഴുവൻ കേസ് ഇപ്പോൾ ജീവിതം സിനിമാക്കിയപ്പോഴും കേസ് എന്നാണ് കുറുവച്ചൽ ഇതിനോട് പ്രതികരിച്ചത്. 'അഭിനയം അറിയാമായിരുന്നെങ്കിൽ ഞാൻ തന്നെ ഇത് ചെയ്തേനേ' എന്നും അദ്ദേഹം സരസമായി പ്രതികരിക്കുന്നു. കേസുകൾക്കായി കുറുവച്ചന്റെ ജീവിതം പിന്നെയും ബാക്കിയെന്ന് ചുരുക്കം.

കടപ്പാട്: ദ കേരളാ ടൈഗർ- ലേഖനം- ഹിന്ദു

കുറവച്ചൻ അഭിമുഖം- മാതൃഭൂമി ഓൺലൈൻ, മനോരമ

ശാന്തിവിള ദിനേശ്- ന്യൂസ് സ്റ്റോറി- ലൈറ്റ്സ് ക്യാമറ ആക്ഷൻ ചാനൽ. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP