Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗദ്ദാഫിയുടെ മകൻ വിഐപി മോഡലുകൾക്കൊപ്പം രാത്രി ചെലവിട്ടതടക്കമുള്ള രണ്ടുമില്യൺ ഡോളർ ലാവലിൻ കമ്പനി അടച്ചത് എന്തിന്? വിവാദത്തിൽ പണികിട്ടിയത് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക്; ലിബറൽ പാർട്ടിയുടെ സീറ്റുകൾ കുത്തനെ കുറഞ്ഞിന് പിന്നിൽ ലാവലിനുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൂടിയെന്ന് വിദേശ മാധ്യമങ്ങൾ; പിണറായി വിജയന് പണികൊടുത്ത കനേഡിയൻ കമ്പനി സ്വന്തം രാജ്യത്തും തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചത് ഇങ്ങനെ

ഗദ്ദാഫിയുടെ മകൻ വിഐപി മോഡലുകൾക്കൊപ്പം രാത്രി ചെലവിട്ടതടക്കമുള്ള രണ്ടുമില്യൺ ഡോളർ ലാവലിൻ കമ്പനി അടച്ചത് എന്തിന്? വിവാദത്തിൽ പണികിട്ടിയത് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക്; ലിബറൽ  പാർട്ടിയുടെ സീറ്റുകൾ കുത്തനെ കുറഞ്ഞിന് പിന്നിൽ ലാവലിനുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൂടിയെന്ന് വിദേശ മാധ്യമങ്ങൾ; പിണറായി വിജയന് പണികൊടുത്ത  കനേഡിയൻ കമ്പനി സ്വന്തം രാജ്യത്തും തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ഒട്ടാവ: കേരള രാഷ്ട്രീയത്തിൽ വൻ ചലനങ്ങൾ സൃഷ്ടിച്ച ലാവലിൻ കമ്പനി ഇത്തവണ ഇളക്കി മറിച്ചത് കനേഡിയൻ തെരഞ്ഞെടുപ്പിനെ. കാനഡയിൽ തിങ്കളാഴ്ച നടന്ന പൊതുതിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ലിബറൽ പാർട്ടി കഷ്ടിച്ച് അധികാരം നിലനിർത്തുകയായിരുന്നു. ഇതിന്റെ കാരണങ്ങളിൽ ഒന്നായി വിലയിരുത്തപ്പെടുന്നത് ട്രൂഡൊക്കെതിരെ ഉയർന്ന ലാവലിൻ വിവാദമായി ബന്ധപ്പെട്ടത് അടക്കമുള്ള ആരോപണങ്ങളാണെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പൊതുവെ ജനകീയനായി അറിയപ്പെട്ടിരുന്ന ട്രൂഡോ ലാവലിൻ കമ്പനിയെ സഹായിച്ചുവെന്നതും, വംശീയ നിലപാടുകൾ സ്വീകരിച്ചെന്ന വിവാദവുമാണ് പ്രതിപക്ഷം കാര്യമായി ഉയർത്തിയത്.

കനേഡിയൻ തെരഞ്ഞെടുപ്പിന്റെ അന്തിമ ചിത്രം പുറത്തുവരുമ്പോൾ കേവല ഭൂരിപക്ഷത്തിന് 13 സീറ്റുകളുടെ കുറവാണ് ലിബറൽ പാർട്ടിക്കുള്ളത്. 338 അംഗങ്ങളുള്ള സഭയിൽ 170 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. എന്നാൽ 157 സീറ്റുകൾ നേടാനേ ലിബറൽ പാർട്ടിക്ക് സാധിച്ചുള്ളൂ. ട്രൂഡോവിന്റെ നേതൃത്വത്തിലുള്ള ലിബറൽ പാർട്ടിയും കൺസർവേറ്റീവ് പാർട്ടിയും സിഖ് നേതാവ് ജഗ്മീത്സിങ്ങിന്റെ ന്യൂ ഡെമോക്രാറ്റിക് പാർട്ടിയും തമ്മിലായിരുന്നു പ്രധാന പോരാട്ടം. കൺസർവേറ്റീവ് പാർട്ടിക്ക് 122 സീറ്റ് ലഭിച്ചു. ന്യൂ ഡെമോക്രാറ്റിക് പാർട്ടിക്ക് 24 സീറ്റുകളും ലഭിച്ചു. ആൻഡ്രൂ ഷീർ നയിക്കുന്ന കൺസർവേറ്റീവ് പാർട്ടിക്കായിരുന്നു അഭിപ്രായസർവേകളിൽ മുൻതൂക്കം. കേവല ഭൂരിപക്ഷമില്ലാതെ പ്രധാനമന്ത്രി പദത്തിലെത്തുന്ന ട്രൂഡോയ്ക്ക് വലിയ വെല്ലുവിളികൾ നേരിടേണ്ടിവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2015-ൽ 184 സീറ്റുനേടിയാണ് ലിബറൽ പാർട്ടി അധികാരത്തിലേറിയത്.

പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയൻ കമ്പനിയായ എസ്എൻസി ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് കേസിന് അടിസ്ഥാനമായത്. കരാർ ലാവലിൻ കമ്പനിക്ക് നൽകുന്നതിന് പ്രത്യേക താല്പര്യം കാണിക്കുക വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടായിരിക്കാമെന്നാണ് അന്നുയർന്നുവന്ന പ്രധാന ആരോപണം. ഇതിലാണ് അന്നത്തെ വൈദ്യതി മന്ത്രിയായ പിണറായി വിജയൻ പ്രതിയാവുന്നത്. പിണറായിയുടെ രാഷ്ട്രീയ ജീവതത്തിനുനേരെ ഉയർന്ന എറ്റവും വലിയ കരിനിഴൽ ആയിരുന്നു ഈ കേസ്. പിന്നീട് സിബിഐ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയായിരുന്നു. ഈ കേസിന്റെ അപ്പീൽ അടുത്തമാസം പരിഗണിക്കുന്നുണ്ട്.

അഴിമതി ഇല്ലാതാക്കാൻ ലാവലിന്റെ സമ്മർദം

ലിബിയയിൽ നടത്തിയ അഴിമതിയുടെ ഭാഗമായ നിയമനപടികളിൽനിന്ന്, എസ്എൻസി ലാവലിൻ എന്ന കമ്പനിയെ രക്ഷപ്പെടുത്താൻ സഹായിച്ചു എന്നതാണ് ട്രൂഡോയുടെ ഓഫീസിനെതിരെ ഉയർന്ന പ്രധാന പരാതി. ഇതേതുടർന്ന് ട്രൂഡോയുടെ പ്രിൻസിപ്പൽ പ്രൈവറ്റ് സെക്രട്ടറിയായ ജെറാൾഡ് ബട്ട്‌സ് ആണ് രാജിവെച്ചിരുന്നു. 2015 ലെ ലിബറൽ പാർട്ടിയുടെ തെരഞ്ഞെടുപ്പ് വിജയത്തിന് ചുക്കാൻ പിടിച്ച വ്യക്തിയാണ് ജെറാൾഡ് ബട്ട്‌സ്. നേരത്തെ ലാവ്‌ലിൻ വിവാദത്തിലകപ്പെട്ട് കനേഡിയൻ മന്ത്രിയും രാജിവെച്ചിരുന്നു. എസ്എൻസി ലാവലിൻ ഗ്രൂപ്പുമായി കരാറിലേർപ്പെടാൻ ട്രൂഡോയുടെ ഓഫീസ് നിയമ മന്ത്രിയിൽ സമ്മർദ്ദം ചെലുത്തുകയും സഹായങ്ങൾ ചെയ്തുവെന്നുമായിരുന്നു സെക്രട്ടറിക്കെതിരെ ഉയർന്ന ആരോപണം. എന്നാൽ താൻ നിയമ മന്ത്രിക്ക് മേൽ യതൊരു സമ്മർദ്ദവും ചെലുത്തിയില്ലെന്ന് പറഞ്ഞുകൊണ്ടാണ് സെക്രട്ടറിയുടെ രാജി.

കാനഡയിലെ മോൺട്രിയോൾ ആസ്ഥാനമായുള്ള ലാവലിൻ കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതുൾപ്പെടെയുള്ള നടപടികൾക്ക് സർക്കാർ ഒരുങ്ങവെ, ഇതിൽ നിന്ന് ഒഴിവാക്കാൻ പബ്‌ളിക് പ്രോസിക്യൂഷൻസ് ഡയറക്ടർ കാത്‌ലീൻ റോസലിനോട് ആവശ്യപ്പെടാൻ അറ്റോർണി ജനറലായിരുന്ന വിൽസണുമേൽ സമ്മർദമുണ്ടായെന്ന 'ഗ്ലോബ് ആൻഡ് മെയിൽ' പത്രത്തിലെ വാർത്തയായിരുന്നു സംഭവം പുറത്തുകൊണ്ടു വന്നത്. തുടർന്നാണ് കനേഡിയൻ പാർലമെന്റിന്റെ എത്തിക്സ് കമ്മീഷണറായ മരിയോ ഡിയോൺ വളരെ സ്ഫോടനാത്മകമായ കണ്ടെത്തൽ നടത്തിയത്. പ്രധാനമന്ത്രി ട്രൂഡോയുടെ ഓഫീസ്, നീതിന്യായവകുപ്പ് മന്ത്രിയും അറ്റോർണി ജനറലുമായ ജോഡി വിൽസൺ റെയ്‌ബോൾഡിനെ നിയമവിരുദ്ധമായ രീതിയിൽ സ്വാധീനിച്ചുകൊണ്ട്, ലാവലിൻ എന്ന കമ്പനിയെ നിയമനടപടികളിൽ നിന്ന് ഒഴിവാക്കാൻ സഹായിച്ചു എന്നതാണ് ആ കണ്ടെത്തൽ. ലിബിയയിൽ കോടിക്കണക്കിന് ഡോളർ കൈക്കൂലി നൽകിയ കുറ്റത്തിനാണ് ലാവലിൻ കമ്പനി കാനഡയിൽ നിയമനടപടികൾ നേരിടാനിരുന്നത്.

എന്നാൽ ആരോപണങ്ങളൊക്കെയും ശക്തിയുക്തം നിഷേധിച്ച ട്രൂഡോ പറയുന്നത്, തനിക്ക് ലാവലിൻ കമ്പനിയുടെ പക്ഷത്തുനിന്ന് യാതൊരു വിധത്തിലുള്ള സമ്മർദ്ദവും ഈ വിഷയത്തിൽ ഉണ്ടായിരുന്നില്ല എന്നും, താൻ രാജ്യത്തെ ഒരു നിയമവും ലംഘിച്ചിട്ടില്ല എന്നുമാണ്. ഒരു കുറ്റവും ചെയ്യാത്ത നൂറുകണക്കിന് കനേഡിയൻ പൗരന്മാരുടെ ജോലി നഷ്ടപ്പെടും, പെൻഷനേഴ്‌സിന് ബുദ്ധിമുട്ടുണ്ടാകും എന്നൊക്കെ കരുതി മാത്രമാണ് താൻ ഈ കേസിൽ ഇടപെട്ട് ലാവലിൻ കമ്പനിക്ക് ഒരു ഡിഫേർഡ് പ്രോസിക്യൂഷൻ എഗ്രിമെന്റിനുള്ള സൗകര്യം ഒരുക്കിക്കൊടുത്തതെന്ന് ട്രൂഡോ അവകാശപ്പെടുന്നു. എന്നാൽ, വിഷയത്തിൽ എസ്എൻസി ലാവലിൻ കമ്പനി തന്നോട് വേണ്ടത്ര സത്യസന്ധത പുലർത്തിയില്ല, ആദ്യകാലത്ത് കാണിച്ച ആത്മാർത്ഥത പിന്നീടങ്ങോട്ടുണ്ടായില്ല എന്ന് ട്രൂഡോ സമ്മതിക്കുന്നുമുണ്ട്.

കനേഡിയൻ പാർലമെന്റിൽ ജസ്റ്റിസ് കമ്മിറ്റി മൂന്നുതവണ ഹിയറിങ് നടത്തി. ലാവലിൻ കമ്പനിക്ക് ഡിഫേർഡ് പ്രോസിക്യൂഷൻ അനുവദിച്ചുനൽകാൻ തന്റെമേൽ ട്രൂഡോയുടെ ഓഫീസിൽ നിന്ന് അസാധാരണമായ രാഷ്ട്രീയസമ്മർദ്ദമുണ്ടായിരുന്നതായി അറ്റോർണി ജനറൽ എത്തിക്സ് കമ്മിറ്റിക്ക് മൊഴി നൽകി. ഈ സമ്മർദ്ദങ്ങൾ ഫോൺകോളുകൾ, ഇ മെയിലുകൾ, ടെക്സ്റ്റ് മെസേജുകൾ, നേരിട്ടുള്ള സംഭാഷണങ്ങൾ അങ്ങനെ പലവിധേനയാണ് തനിക്ക് അനുഭവിക്കേണ്ടി വന്നതതെന്നും അവർ മൊഴിനൽകി. അതോടെ ട്രൂഡോ ക്യാമ്പ് പ്രതിരോധത്തിലായി. പാർലമെന്റിൽ ട്രൂഡോയുടെ രാജിക്കായുള്ള മുറവിളികൾ മുഴങ്ങി. ഈ വിഷയത്തിൽ തുടരന്വേഷണം വേണമെന്ന് പ്രതിപക്ഷം ഇപ്പോഴും ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.

പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ 2018 -ൽ കനേഡിയൻ പാർലമെന്റിൽ അവതരിപ്പിച്ചു പാസാക്കിയെടുത്ത ഡിഫേർഡ് പ്രോസിക്യൂഷൻ എഗ്രിമെന്റിന്റെ മറപിടിച്ചാണ് ലാവലിൻ രക്ഷപ്പെട്ടത്. ഇത് നിലവിൽ വന്നതോടെ കനേഡിയൻ ക്രിമിനൽ കോഡിൽ ഒരു പുതിയ സൗകര്യം എഴുതിച്ചേർക്കപ്പെട്ടു. അതിൻപ്രകാരം അഴിമതി/കൈക്കൂലി കേസുകളിൽ പെടുന്ന കമ്പനികൾക്ക്, അറ്റോർണി ജനറൽ ശുപാർശ ചെയ്താൽ 'നല്ലനടപ്പ്' ശിക്ഷ ഏറ്റുവാങ്ങി ക്രിമിനൽ നടപടിക്രമങ്ങളിൽ നിന്ന് രക്ഷപ്പെടാനാകും. സാമ്പത്തിക കുറ്റങ്ങൾക്ക് മാത്രമാണ് ഈ നിയമം ബാധകമാകുക എങ്കിലും, ഇത് അഴിമതിയെ വ്യാപകമായി പ്രോത്സാഹിപ്പിക്കുന്ന ഒന്നാണെന്ന് നിയമം വന്ന സമയത്തുതന്നെ ആക്ഷേപമുണ്ടായിരുന്നു.

ലിബിയയിൽ നിന്ന് ലാവലിൻ കൊയ്തത് കോടികൾ

എസ്്എൻസി ലാവലിന്റെ ലിബിയൻ കണക്ഷനാണ് കാനഡയിൽ വിവാദമായത്. ലിബിയയിൽനിന്ന് ലാവലിൻ കമ്പനി സമ്പാദിച്ചതും കോടികൾ ആയിരുന്നു. 2009 -ലാണ് ഈ സംഭവം പുറത്തുവരുന്നത്. ഗദ്ദാഫിയുടെ മകനായ അൽ സാദി ഗദ്ദാഫി 2008 ൽ കാനഡയിലേക്ക് നടത്തിയ സന്ദർശനത്തിന്റെ മൊത്തം ചെലവും വഹിച്ചത് എസ്എൻസി ലാവലിൻ കമ്പനിയായിരുന്നു. ഏകദേശം രണ്ടുമില്യൺ ഡോളറായിരുന്നു അൽ സാദിയുടെ സന്ദർശനത്തിന് ചെലവായ തുക. തന്റെ സന്ദർശനത്തിനിടെ അൽ സാദി ഗദ്ദാഫി പ്രധാനമായും പണം ചെലവിട്ടത് വിഐപി എസ്‌കോർട്ട് മോഡലുകൾക്കൊപ്പം രാത്രി ചെലവിടാനാണ്. സെഷനൊന്നിന് പതിനായിരം ഡോളർ വരെ ചാർജ്ജ് ചെയ്യുന്ന വാൻകൂവർ എസ്‌കോർട്ട് ഏജൻസിക്ക് തന്നെ ഏതാണ്ട് 30,000ഡോളറിന്റെ ബില്ലുണ്ടായിരുന്നു. ഏതാണ്ട് പത്തുകോടിയോളം രൂപ ഒരൊറ്റ ട്രിപ്പിൽ ഗദ്ദാഫിയുടെ മകൻ പൊട്ടിച്ചു. അതൊക്കെ അടച്ചത് എസ്എൻസി ലാവലിൻ കമ്പനിയാണ്.

പക്ഷേ, കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടർമാരുടെ മീറ്റിംഗിൽ ഈ ചെലവ് വലിയ തർക്കത്തിന് കാരണമായി. അക്കാലത്ത് കമ്പനിയുടെ ലിബിയൻ ഓഫീസിൽ സൂക്ഷിച്ചിരുന്ന പണത്തിന്റെ പേരിലും മീറ്റിംഗിൽ പ്രശ്നങ്ങളുണ്ടായി. ഏകദേശം പത്തു മില്യൺ ഡോളറോളം പണമായി ലാവലിൻ കമ്പനിയുടെ ലിബിയൻ ഓഫീസിൽ സൂക്ഷിച്ചിരുന്നു അന്ന്. ഒരു മില്യണിലധികം ഡോളർ കറൻസിയായ സൂക്ഷിക്കരുത് എന്ന് മീറ്റിംഗിൽ തീരുമാനമായി. കമ്പനിക്കുള്ളിൽ നടന്ന ഈ തർക്കങ്ങൾ താമസിയാതെ ഗവണ്മെന്റ് ഏജൻസികളുടെ ശ്രദ്ധയിൽ പെടുന്നു. അവർ എസ്എൻസി ലാവലിൻ കമ്പനിയെ തങ്ങളുടെ നിരീക്ഷണത്തിലാക്കുന്നു. ഒടുവിൽ 2015 -ൽ ഇതേ വിഷയത്തിൽ ലാവലിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യപ്പെടുന്നു. കറപ്ഷൻ ഓഫ് ഫോറിൻ പബ്ലിക് ഒഫീഷ്യൽസ് ആക്റ്റ് പ്രകാരമായിരുന്നു നടപടി. 2001 -നും 2011 -നുമിടയിലെ ലിബിയയിലെ തങ്ങളുടെ പ്രവർത്തനങ്ങൾക്കിടെ കമ്പനി ഗദ്ദാഫി ഗവണ്മെന്റിലെ പലർക്കുമായി 48 മില്യൺ കനേഡിയൻ ഡോളർ (ഏകദേശം 260 കോടി രൂപ) കൈക്കൂലിയായി നൽകി എന്നതായിരുന്നു ആരോപണം. അതേ സമയം ലാവലിൻ കമ്പനി ലിബിയയിലെ പല സ്ഥാപനങ്ങളിൽ നിന്നായി ഏകദേശം 130 മില്യൺ(700 കോടി രൂപ) കനേഡിയൻ ഡോളർ തട്ടിച്ചു എന്നും ആരോപണമുണ്ടായി.

ലാവലിൻ കമ്പനി തങ്ങളുടെ മേൽ ആരോപിക്കപ്പെട്ടിരുന്ന കുറ്റങ്ങൾ നിഷേധിച്ചു. എന്നാൽ, ആ കേസ് അവരെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമായിരുന്നു. കുറ്റം തെളിഞ്ഞാൽ കോടതിക്ക് കമ്പനിയെ പൊതുടെണ്ടറുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് പത്തുവർഷത്തേക്ക് വിലക്കാം.അതിനിടെയാണ് 2015 -ലെ പൊതുതെരഞ്ഞെടുപ്പിൽ ജസ്റ്റിൻ ട്രൂഡോ അധികാരത്തിലേറുന്നത്. തങ്ങളുടെ നിലനില്പിനുവേണ്ടി സകല തന്ത്രവും പയറ്റിയ എസ്എൻസി ലാവലിൻ കാനഡയിലെ ക്രിമിനൽ കോഡ് വരെ ട്രൂഡോയെക്കൊണ്ട് തിരുത്തിയെഴുതിച്ചു. അങ്ങനെ 2018 -ൽ ഡിഫേർഡ് പ്രോസിക്യൂഷൻ എഗ്രിമെന്റിനുള്ള നിയമഭേദഗതി കനേഡിയൻ പാർലമെന്റിൽ പാസാക്കപ്പെട്ടു. ഇതാണ് വൻ വിവാദമായതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP