Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കരിപ്പൂർ വിമാനത്താവളം കേന്ദ്രമാക്കിയതു കൊടുവള്ളി സ്വർണ്ണ മാഫിയ; ഒത്താശ ചെയ്ത ലീഗുകാർ അധികാര കേന്ദ്രം അല്ലാതായപ്പോൾ ചെങ്കൊടി തണലാക്കി; മൂർഖൻ പറമ്പ് വളമായതെടെ കണ്ണൂർ മാഫിയയുടെ ഉദയം; സ്വർണ്ണക്കടത്തും തട്ടലും എത്തിച്ചേർന്നത് ഗ്യാങ് വാറിൽ; ഒരു ആയങ്കിക്ക് പകരം ആയിരം ആയങ്കിമാരെ സൃഷ്ടിക്കുന്ന സൃംഖലകൾ; അധികാരവഴിയിലെ കനക മാഫിയയുടെ കഥകൾ ഞെട്ടിക്കുന്നത്

കരിപ്പൂർ വിമാനത്താവളം കേന്ദ്രമാക്കിയതു കൊടുവള്ളി സ്വർണ്ണ മാഫിയ; ഒത്താശ ചെയ്ത ലീഗുകാർ അധികാര കേന്ദ്രം അല്ലാതായപ്പോൾ ചെങ്കൊടി തണലാക്കി;  മൂർഖൻ പറമ്പ് വളമായതെടെ കണ്ണൂർ മാഫിയയുടെ ഉദയം; സ്വർണ്ണക്കടത്തും തട്ടലും എത്തിച്ചേർന്നത് ഗ്യാങ് വാറിൽ; ഒരു ആയങ്കിക്ക് പകരം ആയിരം ആയങ്കിമാരെ സൃഷ്ടിക്കുന്ന സൃംഖലകൾ; അധികാരവഴിയിലെ കനക മാഫിയയുടെ കഥകൾ ഞെട്ടിക്കുന്നത്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ദാവൂദ് ഇബ്രാഹിം, ഛോട്ടാരാജൻ, ഹാജി മസ്താൻ, വരദരാജൻ മുദലിയാർ തുടങ്ങിയ അധോലോക നായകർ തോക്കിൻ കുഴലിൽ നിർത്തി ബോംബെ മഹാനഗരം ഭരിച്ചൊരു കാലമുണ്ടായിരുന്നു. ഈ സംഘത്തിന്റെ പിടി എത്താത്ത മേഖലകൾ ഉണ്ടായിരുന്നില്ല. ബോളിവുഡ് സിനിമാ രംഗം മുതൽ അന്ന് സ്വന്തമായി മന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും സൃഷ്ടിക്കാൻ കെൽപ്പുള്ളവരായിരുന്നു ഈ അധോലോക സംഘം. കുറച്ചു കാലമാമായി കേരളക്കരയിൽ നിന്നും സ്വർണ്ണമാഫിയയുടെ കഥകൾ കേൾക്കുമ്പോൾ കേരളം ഓർക്കുന്നത് ആ പഴയ ബോംബെ അധോലോകത്തെയാണ്.

മുഖ്യമന്ത്രിയുടെ ഓഫീസിൽ പോലും എത്തി നിൽക്കുന്നു കനക മാഫിയയുടെ നയതന്ത്ര ബന്ധങ്ങൾ. കേരളത്തിൽ ഏറ്റവും ശക്തമായ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ യുവജന സംഘടനയെ പരസ്യമായി വെല്ലുവിളിക്കാൻ ഈ കണ്ണിയിലെ ഒരു ചെറു ഗുണ്ടക്ക് പോലും സാധിക്കുന്ന സ്ഥിതി. ചെറിയ രീതിയിൽ സ്വർണം കടത്തിയ രീതി മാറി ഇപ്പോൾ നിരവധി ഗ്യാങുകൾ തന്നെ സ്വർണ്ണക്കടത്തിലും കവർച്ചയിലും ഉൾപ്പെട്ടിരിക്കുന്നു. ഒരു അർജുൻ ആയങ്കി പിടിക്കപ്പെടുമ്പോൾ ആയിരം ആയങ്കിമാരെ സൃഷ്ടിക്കാൻ കരുത്തുള്ളവരായി മാറിയിട്ടുണ്ട് കേരളത്തിലെ സ്വർണ മാഫിയ.

ഈ പ്രാദേശിക കൂട്ടായ്മയിലെ കണ്ണിയാണ് കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ഇപ്പോൾ കസ്റ്റംസ് പിടിയിലായ അർജുൻ ആയങ്കി. ഇയാളുടെ കൊടുവള്ളി ബന്ധങ്ങൾ പൊലീസും കസ്റ്റംസും തിരയുകയാണിപ്പോൾ. കൊടുവള്ളി കേന്ദ്രമാക്കി നടക്കുന്ന സ്വർണക്കടത്ത് സംഘങ്ങളുടെ കുടിപ്പകയിൽ രാമനാട്ട്കരയിൽ പൊലിഞ്ഞത് അഞ്ച് ചെറുപ്പക്കാരുടെ ജീവൻ പൊലിഞ്ഞ വാർത്തയുടെ പിന്നാമ്പുറം തിരയുമ്പോഴാണ് സ്വർണ്ണ മാഫിയയുടെ ഞെട്ടിക്കുന്ന കുടിപ്പകയുടെ കഥകൾ പുറത്തായത്.

അർജുൻ ആയങ്കിയെ പെട്ടെന്ന് കൈയൊഴിയാൻ സിപിഎമ്മിനാവില്ല. പാർട്ടിയുടെ പ്രാദേശിക ഫണ്ടറായ സജേഷിന്റെ സാമ്പത്തിക സ്രോതസാണ് അർജുനെന്നും പോലും ആരോപണങ്ങൾ. തന്നെയുമല്ല, സിപിഎം അനുകൂല സൈബർ സംഘത്തിന്റെ തലവൻ. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അർജുൻ ഉപയോഗിച്ചിരുന്നത് സജേഷിന്റെ കാർ. താൻ പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ അർജുൻ ഓടിയെത്തിയത് ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി ഷാഫിയുടെ നാട്ടിൽ. കാർ ഒളിപ്പിച്ചത്, മറ്റാർക്കും പ്രവേശനമില്ലാത്ത പാർട്ടി ഗ്രാമത്തിൽ. അർജുൻ ബന്ധപ്പെട്ടതെല്ലാം സിപിഎമ്മിന്റെ ഉന്നതരുമായി. സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും എം. ശിവശങ്കറെയും ഒക്കെപ്പോലെ കാരാട്ട് ഫൈസലിനെയും സജേഷിനെയും അർജുനെയും ഒന്നും സിപിഎമ്മിനു കൈവിടാനാവില്ല. അത്രമാത്രം അടുത്ത ബന്ധമുണ്ട്, ഈ കണ്ണികളുമായി പാർട്ടിക്ക് എന്ന് പറയേണ്ടി വരും.

ഒന്നാം പിണറായി സർക്കാറിലെ സ്വർണ്ണക്കടത്തു ബന്ധം സ്വപ്‌നയിലൂടെയും ശിവശങ്കരനിലൂടെയുമാണ് എത്തിയത്. അതൊരു ട്രെയിലർ മാത്രമായിരുന്നോ എന്നു തോന്നിപോകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. സംസ്ഥാനത്തിന്റെ ഓരോ മുക്കും മൂലയും അധോലോകത്തിന്റെ അധീനതയിലാക്കുന്ന അപകടത്തിലേക്കാണ് രണ്ടാം പിണറായി ഭരണം സംസ്ഥാനത്തെ നയിക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കാസർഗോഡ് മുതൽ നെയ്യാറ്റിൻകര വരെ നീളുന്ന സ്വർണക്കടത്തു സംഘങ്ങളുടെ നീരാളിപ്പിടിത്തത്തിലാണു കേരളം. നെയ്യാറ്റിൻകരയിലെ സന്ദീപ് നായരിൽ തുടങ്ങി കണ്ണൂരിലെ അർജുൻ ആയങ്കിയിലെത്തി നിൽക്കുന്ന സ്വർണക്കടത്ത് മാഫിയാ സംഘങ്ങളുടെയെല്ലാം പിന്നിൽ സിപിഎമ്മിന്റെ സദൃശ്യപങ്കാളിത്തമുണ്ട്. അതൊന്നും നിസാര ബന്ധങ്ങളുമല്ലെന്നാതാണ് ഏറെ പ്രധാനം. അത്രതന്നെ അപകടകരമാണ് താനും.

എവിടെയും പിടിയുള്ള മഞ്ഞലോഹ മാഫിയ

പക്ഷേ കേരളത്തിലെ സ്വർണ്ണക്കടത്തിന്റെ മൂൻകാല ചരിത്രം അറിയുന്നവർക്ക് ഇതൊന്നും അത്ര പുതുമയുള്ള കാര്യമല്ല. കേരളത്തിലെ ഏറ്റവും ശക്തമായ മാഫിയ ഏതാണെന്ന് ചോദിച്ചാൽ അത് ഈ മഞ്ഞലോഹ മാഫിയ തെന്നയാണ്. ചലച്ചിത്രതാരങ്ങൾ തൊട്ട് വീട്ടമ്മമാർവരെ കണ്ണിയായ ഇത്രയും ജനകീയമായ മാഫിയ വേറെയില്ല. തിരുവനന്തപുരത്ത് കഴിഞ്ഞവർഷം പിടിയിലായ സ്വർണ്ണക്കടത്തിൽ ആരോപിതർ ആയത് ചില അഭിഭാഷകർ ആയിരുന്നു. വയലിസിസ്റ്റ് ബാലബാസ്‌ക്കറിന്റെ മരണത്തിൽ ഇപ്പോഴും അവശേഷിക്കുന്ന ദൂരൂഹത നോക്കുക. നെടുമ്പാശ്ശേരി സ്വർണ്ണക്കടത്തിന്റെ അന്വേഷണം നീണ്ടത് ചലച്ചിത്രമേഖലയിലേക്കായിരുന്നു. മലബാറിലേക്ക് വന്നാൽ സ്വന്തം നിയമം നടപ്പാക്കുന്ന സാഗർ എലീയാസ് ജാക്കിമാരുടെയും വിൻസന്റ് ഗോമസുമാരുടെയും നിങ്ങൾക്കവിടെ കാണാം. കാലാകാലങ്ങളിൽ രാഷ്ട്രീയക്കാരെയും ഉദ്യോഗ്ഥരെയും അവർ വിലക്കെടുക്കുന്നു. കൊടുവള്ളിയിലെ ഒരു സ്വർണ്ണക്കടത്തുകാരന്റെ അരക്കോടി വിലമതിക്കുന്ന, കൂപ്പറിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി കയറിതിന്റെ വിവാദങ്ങൾ വർഷങ്ങൾക്ക് മുമ്പ് നാം ഏറെ ചർച്ച ചെയ്തതാണ്.

ടി പി വധക്കേസിൽ ജയിലിയായ സിപിഎം നേതാവ് മോഹന്മാസ്റ്ററെ കാണാനായി അറബിവേഷത്തിലാണ് സ്വർണ്ണക്കടത്തുരാജാവ് ഫായിസ് ജയിലിലെത്തിയത്. അത് എന്തിനായിരുന്നു എന്ന ഉത്തരം കൂടിയാണ് ഇപ്പോൾ പുറത്തുവരുന്നത്. കൊടുവള്ളി സംഘത്തിൽ നിന്നും സ്വർണം തട്ടിയെടുക്കുകയും വീതം വെക്കുകയും ചെയ്യുന്നതിൽ എല്ലാം തന്നെ കൊടി സുനിയുടെയും കൂട്ടരുടെയും പങ്കുണ്ട്. ഇതിന്റെ വിഹിതം പറ്റുന്നവർ പാട്ടിക്കാർ വരെയുണ്ട് എന്നതിൽ നിന്നാണ് കാര്യങ്ങളെല്ലാം തെളിയുന്നത്.

കരിപ്പൂർ വിമാനത്താവളം കേന്ദ്രമാക്കി കൊടുവള്ളി സ്വർണ്ണ മാഫിയയാണ് ആദ്യം കൊഴുത്തിരുന്നത്. അന്ന് ഇതിന് വേണ്ട എല്ലാ ഒത്താശയം ചെയ്തത് മുസ്ലിംലീഗായിരുന്നു. അധികാരം മാറിയപ്പോൾ സ്വർണ്ണക്കടത്തു ബന്ധമുള്ളവർ ലീഗിൽ നിന്നും ചെങ്കൊടി തണലിലേക്ക് എത്തി. കാരാട്ട് ഫൈസലിനെതിരെ മത്സരിച്ച ഇടതു മുന്നണി സ്ഥാനാർത്ഥി പൂജ്യരായ അവസ്ഥയിൽ സിപിഎം പോലും ഞെട്ടിയിരുന്നു. അതയത് എല്ലാ തത്വങ്ങൾക്കും അപ്പുറത്തേക്ക് ്കനകമാഫിയ പിടി മുറുക്കുകയും ചെയ്തു.

മൂർഖൻ പറമ്പിൽ വിമാനത്താവളം എത്തിയതോടെ ഇവിടെയും സ്വർണ്ണ മാഫിയ പിടി മുറുക്കി. കഴിഞ്ഞ സാമ്പത്തിക വർഷം ഇവിടെ അഞ്ചു കോടിയുടെ കള്ളക്കടത്ത് സ്വർണ്ണമാണ് പിടികൂടിയത്. ഇവിടെയാണ് അർജുൻ ആയങ്കിയും ആകാശ് തില്ലങ്കേരിയും തങ്ങളുടെ ഭാവിയും കണ്ടത്. കടത്തി കൊണ്ടു വരുന്ന സ്വർണം ഏതു വിധേനയും അടിച്ചു മാറ്റി വീതം വെക്കുന്ന മറ്റൊരു ഗുണ്ടാ സംഘവും ഇതിനൊപ്പം വളർന്നു. കൊടുവള്ളിപോലുള്ള മണ്ഡലങ്ങളിൽ ആര് സ്ഥാനാർഥലയാവണമെന്നും ആര് ജയിക്കണം എന്നുവരെ ഈ മാഫിയ തീരുമാനിക്കുന്ന നിലയിൽ കാര്യങ്ങൾ എത്തിയരുന്നു. അതായത് 1980 മുതലുള്ള സ്വർണ്ണക്കടത്തിന്റെ ചരിത്രം നോക്കിയാൽ, പടിപടിയായി കയറിക്കയറി അവർ മുഖ്യമന്ത്രിയുടെ ഓഫീസിൽ വരെ എത്തുകയാണ്.

70കളിൽ തുടങ്ങിയ സ്വർണ്ണക്കടത്തിന്റെ ചരിത്രം

ഇറ്റലിയിലെ സിസിലി ദ്വീപിൽ ഉടലെടുത്ത മാഫിയകൾ ജനങ്ങളെ സഹായിച്ചുകൊണ്ടാണ് തുടങ്ങിയത്. ആദ്യ കാലത്ത് അവർ അങ്ങനെയായിരുന്നു. എല്ലാ വിഷയത്തിലും ജനങ്ങളെ സഹായിച്ചു. അങ്ങനെ പതുക്കെ പതുക്കെ വിശ്വാസമാർജ്ജിച്ചാണ് അത് നിങ്ങൾ അറിയാതെതന്നെ ഒരു മാഫിയായി മാറുക. കേരളത്തിൽ സ്വർണ്ണക്കടത്ത് ഒരു മാഫിയയായ ക്ലച്ചുപടിച്ചതും, പ്രവാസികളായ പാവങ്ങളെ സഹായിച്ചുകൊണ്ടായിരുന്നു. 70 കളിലെ അവസാനകാലത്തൊക്കെ മലയാളികൾക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള ജോലികളിൽ ഒന്നായിരുന്നു നാട്ടിലേക്ക് പണം അയക്കൽ. സൗദിയിലെ വിദൂര ഗ്രാമങ്ങളിൽ ജോലി ചെയ്തിരുന്നവർക്ക് നഗരത്തിലെത്തി ബാങ്കുവഴി പണം അയക്കുക എന്നതൊക്കെ തന്നെ ഒരു ദിവസം നഷ്ടമാക്കുന്ന ഏർപ്പാടായിരുന്നു. ഈ സമയത്താണ് നാട്ടിലേക്ക് ഒട്ടും ട്രാൻസഫർ മണിയില്ലാതെ പണം അയക്കാൻ കഴിയുന്ന ഒരു സംവിധാനം ചിലർ ഉണ്ടാക്കുന്നത്. അതാണ് കുഴൽപ്പണം. നിങ്ങൾ ഗൾഫിലെ ഒരു എജന്റിന്റെ കൈയിൽ പണം ദിർഹമായി കൊടുത്താൽ മതി, മിനുട്ടുകൾക്കുള്ളിൽ അത് നാട്ടിലെ നിങ്ങളുടെ വീട്ടിൽ സമാനമായ രൂപയായി എത്തിയിരിക്കും. സമയം ലാഭം, ട്രാൻസ്ഫർ തുകയില്ല. എന്തൊരു സഹായം!

പക്ഷേ ഇതൊരു മാഫിയയുടെ തുടക്കമാണെന്ന് അവർ അറിഞ്ഞിരുന്നില്ല. ഗൾഫ് കറൻസിയുടെയും ഇന്ത്യൻ രൂപയുടെയും വിനിമയ വ്യത്യാസം മുതലെടുത്ത് നടത്തുന്ന വലിയകളികളായിരുന്നു ഇതിന്റെ പിന്നിൽ. ഈ കുഴൽപ്പണ ലോബി തന്നെയാണ്, ബോംബെ വിമാനത്താവളം വഴി കേരളത്തിലേക്കുള്ള സ്വർണ്ണക്കടത്തിന് തുടക്കമിട്ടതും. കഴൽപ്പണ ലോബിയുടെ കസ്റ്റമേഴസ് ഇഷ്ടംപോലെ ഉണ്ടായിരുന്നതിനാൽ, അവർക്ക് കാരിയേഴിസിനെ കാശുകൊടുത്ത് കണ്ടെത്തേണ്ടിയും വന്നില്ല.

പക്ഷേ ഇന്ന് കാണുന്നപോലുള്ള പ്രൊഷഷണൽ സ്വർണ്ണക്കടത്ത് സംഘങ്ങൾ കേരളത്തിൽ എത്തിയത് 91നു ശേഷമാണ്. മന്മോഹൻസിങ്ങിനെ സാമ്പത്തിക ഉദാരീകരണത്തോടൊപ്പം നാട്ടിൽ ജൂവലറികൾ ഇഷ്ടംപോലെ മുളച്ചുപൊന്തി. ഇതോടൊപ്പം സ്വർണത്തിന്റെ തീരുവയും ഉയർന്നു. പിന്നീടങ്ങോട്ട് സ്വർണം-കുഴൽപ്പണം കടത്തിന്റെ സുവർണ്ണകാമായിരുന്നു കേരളത്തിൽ. നോട്ടുനിരോധനത്തിന്റെ തൊട്ടുമുമ്പുവരെ കോഴിക്കോട് ജില്ലയിലെ കൊടുവള്ളിപോലുള്ള ഒരു ചെറിയ ഗ്രാമത്തിൽ മാത്രം ഉണ്ടായിരുന്നത് അയ്യായിരത്തോളം വരുന്ന കുഴൽപ്പണ കാരിയർമാർ ആയിരുന്നു. നോട്ടുനിരോധനം കുഴൽപ്പണ ബിസിനസിന് വലിയ പരായായപ്പോൾ അവരും സ്വർണ്ണക്കടത്തിലേക്ക് തിരിഞ്ഞു.

രഹസ്യഭാഗങ്ങളിൽ സ്വർണം കടത്താൻ പരിശീലനം

ഒറ്റപ്പോക്കിന് പതിനായിരം രൂപവരെ തങ്ങൾക്ക് കിട്ടുമെന്നാണ് ഒരു മൂൻകാരിയർ മറുനാടൻ മലയാളിയോട് പ്രതികരിച്ചത്. കാഠ്മണ്ഡും എയർപോർട്ട് വഴിയാണ് ഇയാൾ സ്വർണം കടത്തിയിരുന്നത്. പതിനായിരം രൂപയേക്കാൾ ദുബൈയിലെ ഡാൻസും പാർട്ടിയും അടങ്ങുന്ന ആഡംബര നിശാ ജീവിതം ആയിരുന്നുതന്റെ പ്രലോഭനം എന്നും ഇയാൾ പറയുന്നു. വീട്ടമ്മമാർ മുതൽ എയർഹോസ്റ്റസുമാരും ചലച്ചിത്ര നടന്മാർ വരെ ഉൾപ്പെടുന്ന വൻ റാക്കാറ്റായി ഇത് മാറിക്കഴിഞ്ഞു. അഞ്ചുവർഷംമുമ്പ് കരിപ്പൂരിൽ ഫിറമോസ സെബാസ്‌ററ്യൻ എന്ന എയർഹോസ്റ്റസ് ഗുഹ്യഭാഗങ്ങളിൽ ഒളിപ്പിച്ചുവെച്ച് സ്വർണം കടത്തിയതിന് പിടിയിലായതും തുടർന്നുള്ള വിവാദവും ഓർത്തുനോക്കുക. കള്ളക്കടത്തുസംഘവുമായി ചേർന്ന് വിമാനത്താവളങ്ങൾ വഴി ഫിറമോസ കടത്തിയത് കോടികൾ വിലമതിക്കുന്ന സ്വർണം. ഫിറമോസ സെബാസ്റ്റ്യനോപ്പം സന്തതസഹചാരിയായ റാഹിലയും പിടിയിലായി. ഇരുവർക്കുമെതിരേ കോഫേപോസ നിയമം ചുമത്തിയിരുന്നു.

സ്റ്റേജ് ഷോകളുടെയും ഇവന്റ്മാനേജ്‌മെന്റ് ഗ്രൂപ്പുകളുടെ മറവിൽ നടക്കുന്ന സ്വർണ്ണകള്ളക്കടത്ത് അടക്കമുള്ള കാര്യങ്ങൾ വിശദമായി അന്വേഷണിക്കണമെന്ന് അന്ന് ആവശ്യം ഉയർന്നെങ്കിലും ഒന്നും ഉണ്ടായില്ല. ഷംനാ കാസിമിന്റെ കേസിലും സമാനമായ സ്വർണ്ണക്കടത്തുസംഘങ്ങളിലേക്കാണ് അന്വേഷണം നീളുന്നത്. പുരുഷന്മാർ പലരും സ്വർണ്ണവുമായി മുങ്ങുന്ന അവസ്ഥയൊക്കെ ഉണ്ടായതോടെയാണ് ഇപ്പോൾ സ്ത്രീകളെയാണ് ഇവർ കൂടുതലും ഉപയോഗിക്കുന്നത്. ശരീരത്തിലും അടിവസ്ത്രങ്ങളിലും ഒളിപ്പിച്ചാണ് സ്വർണക്കടത്ത്. യാത്രയിൽ ധരിക്കേണ്ട വസ്ത്രം പോലും തീരുമാനിക്കുന്നത് കള്ളക്കടത്തുസംഘമാണെന്ന് കാരിയറായി പ്രവർത്തിച്ചിട്ടുള്ള ഒരു യുവതി മറുനാടൻ മലയാളിയോട് വെളിപ്പെടുത്തി. സിനിമാക്കാർക്കുള്ള സ്വാധീനവും ഇവർക്ക് തുണയാവും.

ഇതിനായി പ്രത്യക പരിശീലനം നൽകുന്ന സംഘങ്ങളുമുണ്ട്. ഒരു സ്റ്റേജ് ഷോയുടെയും മറ്റും മറവിലെത്തുന്ന നടിമാർക്കും ഡാൻസേഴ്‌സിനുമെല്ലാം എങ്ങനെ സ്വർണം കടത്തണമെന്ന് ഗൾഫിൽവെച്ചുതന്നെ പ്രത്യേക പരിശീലനം കൊടുക്കും. യോനിയിലും മലദ്വാരത്തിലുമെല്ലാം ഒളിപ്പിച്ച് കാപ്‌സ്യൂൾ പരുവത്തിൽ എങ്ങനെ ്‌സ്വർണം കടത്താമെന്ന് പഠിപ്പിക്കുന്നത് അവിടെയുള്ള അറബി സ്ത്രീകൾ തന്നെ. ഇതിനു കഴിയാത്തവർക്കാണ് അടിവസ്ത്രത്തിൽ സ്വർണം ഒളിപ്പിക്കുന്ന രീതി പഠിപ്പിക്കുന്നത്.

തരിയാക്കിയതോ മിശ്രിത രൂപത്തിലുള്ളതോ ആയ സ്വർണം അടിവസ്ത്രത്തിലെ പ്രത്യേക അറയിലാക്കിയാണ് കള്ളക്കടത്ത് സംഘങ്ങൾ കൈമാറുക. കസ്റ്റംസ് ദേഹപരിശോധനയിൽ അത്രവേഗത്തിൽ പിടിവീഴില്ല. ചുരിദാർ പോലെയുള്ള വസ്ത്രങ്ങൾ ധരിക്കാൻ സ്വർണക്കടത്തു സംഘം പ്രോൽസാഹിപ്പിക്കാറില്ല. ഗൾഫിൽ നിന്നുള്ള യാത്രയിൽ ധരിക്കേണ്ട വസ്ത്രമേതെന്നു പോലും സ്വർണമാഫിയ തീരുമാനിക്കും. കുഴമ്പു രൂപത്തിലാക്കിയ സ്വർണക്കടത്താണ് സുരക്ഷിതം. രൂപമാറ്റം വരുത്തിയ സ്വർണം സ്ത്രീകളുടെ ദേഹത്തോട് ചേർത്ത് ഉറപ്പിച്ചു വക്കുകയാണ് പതിവ്. വിമാനത്താവളങ്ങളിലെ മെറ്റൽ ഡിറ്റക്ടറടക്കമുള്ള സുരക്ഷാ പരിശോധന സംവിധാനങ്ങൾക്ക് സമാന്തരമായ പരിശോധന സംവിധാനം സ്വർണക്കടത്ത് സംഘങ്ങളുടെ ഗൾഫിലെ കേന്ദ്രങ്ങളിലുണ്ട്. ഇതിൽ ട്രയൽ എടുത്ത് വിജയിക്കുന്നവരെയാണ് നാട്ടിലേക്ക് അയക്കുക. സ്വർണം വിഴുങ്ങലും മറ്റൊരു രീതിയാണ്. പക്ഷേ ഇത് റിസ്‌ക്കുള്ളതിനാൽ ഇപ്പോൾ അങ്ങനെ പ്രോൽസാഹിപ്പിക്കാറില്ല.

അടിവസ്ത്രത്തിൽ തൊട്ട് ബ്രായ്ക്കുള്ളിൽ വരെ

ചോക്ലേറ്റിൽ ഒളിപ്പിച്ച സ്വർണം, ഗർഭനിരോധന ഉറയിലാക്കി വിഴുങ്ങിയത്, ഇലട്രോണിക്ക് സാധനങ്ങൾക്കുള്ളിൽ വിളക്കിച്ചേർത്തത്... അങ്ങനെ പോകുന്നു. എയർപോർട്ടുകളിൽ പിടിക്കുന്നതിൽ ഇപ്പോൾ തൂണിലും തുരുമ്പിലും സ്വർണ്ണമാണ്. ഇപ്പോൾ സ്വർണം ഉരുക്കി കടത്തുന്ന രീതിയും വ്യാപകമാണ്.

ഗൾഫിൽ നിന്ന് വിമാനത്താവളങ്ങൾ വഴി നടത്തുന്ന സ്വർണക്കടത്തിന് സ്വർണക്കടത്ത് മാഫിയ എന്നും പുതുവഴികളാണു സ്വീകരിച്ചുവരുന്നത്. നേരിട്ട് സ്വർണക്കട്ടികളും ബിസ്‌ക്കറ്റുകളും കൊണ്ടുവരുന്നതിനു പകരും കഷ്ണങ്ങളാക്കി നുറുക്കിയും പൊടിച്ചും പരത്തിയും ലോഹത്തിൽ കലർത്തിയും അതിവിദഗ്ധ തന്ത്രങ്ങളിലൂടെയാണ് കള്ളക്കടത്തുകാർ കാരിയർമാർ മുഖേന സ്വർണം കടത്തുന്നത്. കരിപ്പൂർ, നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ അടുത്തകാലത്തായി പിടിക്കപ്പെട്ട സ്വർണക്കടത്തിന്റെ രീതികളാണ് കസ്റ്റംസ് ഉന്നതരേയും ഞെട്ടിപ്പിച്ചിരിക്കുന്നത്.

ഇപ്പോൾ സ്വർണം മണ്ണ് രൂപത്തിലുള്ള മിശ്രിതമാക്കി മാറ്റിയുള്ള സ്വർണക്കടത്ത് വ്യാപകമായതായാണ് റിപ്പോർട്ട്. ആദ്യം സ്വർണം മണ്ണ് രൂപത്തിലുള്ള മിശ്രിതമാക്കി മാറ്റും, പിന്നെ ബെൽറ്റ്രൂപത്തിലാക്കി അരയിൽകെട്ടും, അല്ലെങ്കിൽ അല്ലെങ്കിൽ കാലിന്റെ തുടയിലും, അടിവസ്ത്രത്തിനകത്തുംഒളിപ്പിക്കും, സ്ത്രീകളാണെങ്കിൽ അവരുടെ ബ്രാക്ക് ഉള്ളിൽ പ്രത്യേക പൊതിയാക്കി അതേ വലുപ്പത്തിൽ പതിച്ച് ഒളിപ്പിക്കും, സ്ത്രീകളുടെ നാപ്കിൻ പാഡ്പോലെ രൂപംമാറ്റിയും വെള്ളപൊതിയിൽ മണ്ണ് രൂപത്തിലുള്ള സ്വർണം ഒളിപ്പിച്ചുവെക്കും, ഇത്തരത്തിൽ ഗൾഫിൽനിന്നും നാട്ടിലേക്ക് വ്യാപകമായി സ്വർണം ഒഴിക്കുന്നതായാണ് റിപ്പോർട്ട്,

ബ്രാക്കുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണവും, നാപ്കിൻ പാഡ് രൂപത്തിലാക്കിയും, അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചും കടത്താൻ ശ്രമിച്ച സ്വർണം കരിപ്പൂരിൽ നിന്നും കഴിഞ്ഞ മാസങ്ങൾക്കുള്ളിൽ പിടികൂടിയിരുന്നു. സ്വർണം മണ്ണ്രൂപത്തിലുള്ള മിശ്രിതമാക്കി ഒളിപ്പിച്ചു കടത്തുന്ന സ്വർണം പിടികുടാനുള്ള നൂതന സംവിധാനങ്ങളും വിമാനത്തവളങ്ങളിൽ കുറവാണ്, കരിപ്പൂർവിമാനത്താവളം വഴി ഇത്തരം സ്വർണക്കടത്ത് വ്യാപകമായി നടക്കുന്നുണ്ട്, വിമാനത്തവളത്തിൽ പിടികൂടുന്നത് പലപ്പോഴും പിടികൂടുന്നത് സംശയാസ്പദമായി കാണുന്നവരേയും, രഹസ്യവിവരം ലഭിക്കുന്നവരെയും മാത്രമാണ്,

കുറച്ചു കാലം മുമ്പ് എയർഇന്ത്യ എക്സപ്രസിന്റെ ഐ.എക്സ്-348 വിമാനത്തിൽ കരിപ്പൂരിലെത്തിയ നാദാപുരം ജൻഷീർ(22)എന്ന യാത്രക്കാരനിൽനിന്നാണ് കാലിൽവെച്ചുകെട്ടിയ സ്വർണം പിടികൂടിയത്. വിമാനമിറങ്ങി കസ്റ്റംസ് ഹാളിൽ പരിശോധനക്കെത്തിയപ്പോൾ ഇയാളുടെ നടത്തത്തിൽ തോന്നിയ സംശയത്തിലാണ് ഇയാളെ കൂടുതൽ ചോദ്യം ചെയ്തത്. രണ്ട് കാലുകളിൽ എട്ടുപൊതികളിലായി മിശ്രിത രൂപത്തിലായിരുന്നു സ്വർണ്ണുണ്ടായിരുന്നത്.ഓരോ കാലിലും നാലു പൊതുകൾ വീതം വെച്ചുകെട്ടി അതിനു മുകളിൽ ബാൻഡേജിട്ടാണ് ഇയാൾ വന്നിരുന്നത്.കളിമണ്ണ് രൂപത്തിലുള്ള എട്ടു പ്ലാസ്റ്റിക് കവറിൽ നാലര കിലോ മിശ്രിതമാണുണ്ടായിരുന്നത്. പിടികൂടിയ പ്ലാസ്റ്റിക്ക് കവർ പൊതികൾ മരുന്നാണെന്ന് പറഞ്ഞ് കസ്റ്റംസിനെ കബളിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇവ ലാബിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്.മൂന്ന് കിലോ സ്വർണമാണ് മിശ്രിതത്തിൽ നിന്ന് വേർതിരിച്ചെടുത്തത്. മിശ്രിതത്തിൽ സ്വർണം പൊടിച്ച് കലർത്തിയാണ് ഇയാൾ കൊണ്ടുവന്നത്.സാധാരണ പരിശോധനകളിൽ കണ്ടെത്താൻ കഴിയാത്ത രീതിയിലായിരുന്നു സ്വർണം. ഇവക്ക് ഇന്ത്യൻ മാർക്കറ്റിൽ 80 ലക്ഷം രൂപ വിലലഭിക്കും.

സൗദിയിൽനിന്നും എമർജൻസി വിളക്കിനുള്ളിൽ കൊണ്ടുവന്ന 80 ലക്ഷം രൂപയുടെ സ്വർണം കരിപ്പൂർ വിമാനത്താവളത്തിൽ പിടിച്ചു. 2.4 കിലോ തൂക്കംവരുന്ന സ്വർണം പിടികൂടിയത് കരിപ്പൂരിലെ എയർകസ്റ്റംസ് വിഭാഗമാണ്. സൗദി എയർലൈൻസ് വിമാനത്തിൽ ജിദ്ദയിൽ നിന്നുമാണ് സ്വർണംകൊണ്ടുവന്നത്. ചുനങ്ങാട് മുള്ളത്തൂർ പുത്തൻ പീടികക്കൽ കാസിമാണ് സ്വർണവുമായി പിടിയിലായത്, എമർജൻസി വിളക്കിനുള്ളിൽ 21 സ്വർണ ബിസ്‌ക്കറ്റുകളായാണ് 80 ലക്ഷം രൂപയുടെ സ്വർണം ഒളിപ്പിച്ചിരുന്നത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് അധികൃതർ വിളക്ക് പൊളിച്ചു പരിശോധിച്ചതോടെയാണ് സ്വർണം കണ്ടെത്തിയത്

മറ്റ് പദാർത്ഥങ്ങളുമായി ചേർത്ത് ഉരുക്കി തരിരൂപത്തിലാക്കിയാൽ പിന്നെ സ്വർണമാണെന്ന് തിരിച്ചറിയാനാവില്ല. പൊടിയാക്കിയ സ്വർണം കളിമണ്ണിനൊപ്പം ചേർത്ത് ഗ്രീസുമായി കുഴച്ച് കുഴമ്പു രൂപത്തിലാക്കിയതാണിത്. കുഴമ്പു രൂപത്തിലാക്കിയ സ്വർണം അടിവസ്ത്രങ്ങളിൽ ഒളിപ്പിച്ചും മറ്റുമാണ് കടത്തുന്നത്.ബെൽറ്റു രൂപത്തിലാക്കി ഇരുകാലുകളിലും വെച്ചു കെട്ടി ഒന്നുമറിയാത്ത പോലെ നടന്നുപോകും. കുഴമ്പാക്കിയ സ്വർണം സ്ത്രീകളുടെ ദേഹത്ത് ഒളിപ്പിച്ചാൽ പിടിക്കപ്പെടാനുള്ള സാധ്യത കുറവാണ്.മിശ്രിത രൂപത്തിലാക്കിയ സ്വർണം സ്‌കാനിങ് യന്ത്രങ്ങളിൽ കണ്ടെത്താനും പിടിക്കപ്പെടാനുമുള്ള സാധ്യതയില്ലെന്ന് ഗൾഫിൽ നിന്ന് പുറപ്പെടും മുൻപ് സ്വർണമാഫിയ കാരിയർമാരെ ബോധ്യപ്പെടുത്തും. മിശ്രിതത്തിലെ സ്വർണത്തിന്റെ അനുപാതം 50 ശതമാനത്തിൽ താഴെയാണെങ്കിൽ കാരിയർമാർ പിടിക്കപ്പെടാറില്ല.

ആക്ടിങ് വിത്ത് ബെഡിന്റെ പിറകിലും അവർ

സ്വർണക്കടത്തിനുവേണ്ടി മാത്രം സിനിമയെടുത്ത് നടീ നടന്മാരുമായി ബന്ധം സ്ഥാപിക്കുന്നവർ ഉണ്ട്. നടി ംനാകാസിമിന്റെ പരാതിയിൽ പൊലീസ് ഇക്കാര്യം അന്വേഷിച്ച് വരികയാണ്.വ്യക്തമായ ഒരു റാക്കറ്റ് തന്നെയാണിത്. ഒരു തവണ പെട്ടുപോയാൽ അവർ പിന്നെ നിങ്ങളെ ബ്ലാക്ക്‌മെയിൽ ചെയ്യും. ക്വട്ടേഷൻ സംഘങ്ങളെയായിരിക്കും പിന്നെ നിങ്ങൾക്ക് കണികാണേണ്ടി വരിക. പുരുഷന്മാരെ സ്വർണ്ണക്കടത്തിന് വച്ചാൽ അതിൽ പല പ്രശ്‌നങ്ങളും കടുന്നുകൂടാം. എപ്പോഴും അവർ ഭീഷണിക്ക് വഴങ്ങിയെന്ന് വരില്ല. ലാഭത്തിന്റെ കാര്യത്തിലും തർക്കമുണ്ടാവും. എന്നാൽ ചെറിയ വേഷങ്ങളിൽ അഭിനയിക്കുന്ന നടിമാരെയടക്കം ചാക്കിട്ടാൽ അത്തരം പ്രശ്‌നങ്ങൾ ഒന്നുമില്ല. അത് മുൻകൂട്ടി കണ്ടുകൊണ്ട് ഇത്തരം കാരിയർ സുന്ദരിമാർക്കുവേണ്ടി മാത്രം പടം പിടിക്കുന്നവരുമുണ്ട്. പിന്നെ സിനിമാ താരം എന്ന അഡ്രസിൽ പറക്കാം. 'ഒറ്റപ്പടം നായികമാർ' എന്ന പ്രയോഗം തന്നെ മലയാളത്തിൽ വന്നു കഴിഞ്ഞു. ഒന്നോ രണ്ടോ സിനിമകളിൽ മുഖം കാണിക്കും. പിന്നെ ഒരു വിവരവും ഉണ്ടാകില്ല. ഇവർ എവിടെ പോകുന്നു. ആരാണ് ഇവർക്ക് പിന്നിൽ. ഈ കാര്യങ്ങളിലെല്ലാം അന്വേഷണം വേണം.

2013ലെ നെടുമ്പാശ്ശേരി സ്വർണ്ണക്കടത്ത് വിവാദത്തിൽ ഒരു പ്രമുഖ നടിയുടെ പാസ്‌പോർട്ട് പരിശോധിച്ച് പൊലീസ് ഞെട്ടിയിരുന്നു. ആറുമാസത്തിനുള്ളിൽ 18 തവണയാണ് അവർ ദൂബൈ സന്ദർശിച്ചത്. മറുപടിയാവട്ടെ തന്റെ അവിടെ ജോലിചെയ്യുന്ന തന്റെ കസിനെ സന്ദർശിക്കാൻ ആണെന്നും ആയിരുന്നു! അ്രതുപോലെ ഒരു കൊടുവള്ളിക്കാരൻ കാഠ്മണ്ഡു സന്ദർശിച്ചത് വർഷത്തിൽ 20 തവണതാണ്.)

നടിയും മോഡലും മുൻ ബിഗ്‌ബോസ് താരവുമായ ഹിമ വെളിപ്പെടുത്തിതുപോലുള്ള ആക്റ്റിങ്ങ് വിത്ത് ബെഡ് എന്ന പരിപാടി ഈ മാഫിയാ സംഘങ്ങൾ ആണ് മലയാള സിനിമയിൽ കൊണ്ടുവന്നത്. ഒരു പ്രതീക്ഷയുമില്ലാതെ അവർ ചെലവിടുന്ന ലക്ഷങ്ങൾക്കുള്ള അനൗദ്യോഗിക പ്രതിഫലം ഇതുതന്നെയാണെന്നത് പരസ്യമായ രഹസ്യമാണ്. ഈ ഒരു ഏർപ്പാട് തന്നെയാണ് പിന്നെ ബ്ലാക്ക് മെയിലിങ്ങിലേക്കും ആജീവാന്ത ട്രാപ്പിലേക്കും നീങ്ങുന്നത്.

2013ൽ ആയിരുന്നു മലയാള സിനിമയിൽ സ്വർണ്ണക്കടത്ത്-ക്വട്ടേഷൻ വിവാദം ശക്തമായത്. കോഴിക്കോട്ടെ സ്വർണ്ണക്കള്ളക്കടത്ത് രാജാവ് ഫായിസുമായി മലയാളത്തിലെ പ്രമുഖ നടികൾക്ക് ബന്ധമുണ്ടെന്നാണ് അന്ന് ആരോപണം ഉയർന്നത്. ഫയാസ് സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് തന്നെ വഞ്ചിച്ചുവെന്ന് പ്രമുഖ് തെന്നിന്ത്യൻ മോഡൽ ശ്രവ്യ സുധാകർ പറഞ്ഞിരുന്ന്. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിബിഐയുടെ ചോദ്യം ചെയ്യലിനിടെയായിരുന്നു ശ്രവ്യയുടെ വെളിപ്പെടുത്തൽ.

താൻ പ്രൊഫഷണലി ഒരു മോഡൽ ആണെന്നും സിനിമയിൽ അഭിനയിപ്പിക്കാം എന്ന് വാഗ്ദാനം നൽകിയതിനാലാണ് ഫയാസുമൊത്ത് കൂടുതൽ അടുത്തതെന്നും ശ്രവ്യ വെളിപ്പെടുത്തി.ശൃഗാരവേലനിൽ നായികയാക്കാമെന്ന് പറഞ്ഞ് ഫയാസ് സമീപിച്ചിരുന്നു. എന്നാൽ പിന്നീടാണ് ചിത്രത്തിൽ വളരെ ചെറിയ വേഷമാണ് തന്റേതെന്ന് മനസിലാക്കിയത്. അതിന്റെ പേരിൽ ഫയാസിനോട് പിണങ്ങിയിരുന്നുവെന്നും ശ്രവ്യ പറഞ്ഞു.പിന്നീട് ഫായ്സ് വന്ന് കാലുപിടിച്ചതുകൊണ്ടാണ് ആ സിനിമയിൽ അഭിനയിച്ചത്. ഫയാസിന്റെ സ്വർണ്ണക്കടത്ത് ബന്ധങ്ങൾ തനിക്കറിയില്ലായിരുന്നുവെന്നും ശ്രവ്യ കൂട്ടിച്ചേർത്തു.

ഫയാസുമായി താൻ നിരവധി തവണ വിദേശ യാത്ര നടത്തിയിട്ടുണ്ടെന്നും ശ്രവ്യ അന്വേഷണോദ്യോഗസ്ഥരോട് പറഞ്ഞു.വിദേശത്ത് സ്റ്റേജ് ഷോയ്ക്കിടെ ഒരു പ്രമുഖ നടിയാണ് തന്നെ ഫയാസിന് പരിചയപ്പെടുത്തിയത്. ഒരു മാസത്തിൽ അഞ്ചിൽ കൂടുതൽ പ്രാവശ്യം ഫയാസുമൊത്ത് വിദേശാത്ര നടത്തിയിട്ടുണ്ടെന്നും ശ്രവ്യ പറഞ്ഞു.തുടക്കം മുതൽ കേസിൽ ശ്രവ്യ സുധാകറും ഫയാസും തമ്മിലുള്ള ബന്ധത്തിൽ അന്വേഷണ സംഘത്തിന് സംശയമുണ്ടായിരുന്നു.

സ്വർണ്ണക്കടത്തിന് ഫയാസ് ശ്രവ്യയെ ഉപയോഗിച്ചിരുന്നോ എന്നും പൊലീസ് അന്വേഷിച്ചുവരുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് എട്ടുമണിക്കൂറോളമാണ് പൊലീസ് ശ്രവ്യയെ ചോദ്യം ചെയ്തിരുന്നു്ഫയാസും ശ്രവ്യയുമായുള്ള ടെലിഫോൺ സംസാരത്തിന്റെ രേഖകൾ സിബിഐ പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ സ്വർണ്ണക്കടത്തിലെ കൂടുതൽ സിനിമാ ബന്ധങ്ങൾ പുറത്താകുമെന്ന് മാധ്യമങ്ങൾ എഴുതിയിരുന്നു. പക്ഷേ ഒന്നും നടന്നില്ല. നടി മൈഥിലിക്ക് ഫയാസുമായുള്ള ബന്ധങ്ങളും അവർ നടത്തിയ വിദേശയാത്രകളും അന്ന് വിവാദമായിരുന്നെങ്കിലും അതിലും കൂടുതൽ അന്വേഷണം ഉണ്ടായില്ല.

അറബി വേഷത്തിൽ ജയിലിൽ എത്തിയ ഫായിസ്

സ്വർണം കള്ളക്കടത്ത്, കുഴൽപ്പണം മേഖലകളിൽ ടി.കെ ഫായിസ് എന്ന നവാബിന്റെ പേര് മലയാളി കൂട്ടിവായിക്കാൻ തുടങ്ങിയത് അയാൾ അറബി വേഷം ധരിച്ച് ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ ചില പ്രതികളെ കാണാനായി ജയിലിൽ എത്തിയ വാർത്ത പുറത്തു വന്നതിനു ശേഷമാണ്.സത്യത്തിൽ രാഷ്ട്രീയക്കാർക്കും സിനിമാക്കാർക്കും ഒരേപോലെ പ്രിയങ്കരനായ ഈ ഫായിസ് ആരാണ് എന്ന അന്വേഷണം കൊണ്ടുചെന്നെത്തിക്കുക മാഹിയിലേക്കാണ്. മാഹിയിൽ ഒരു സാധാ ഡ്രൈവർ ആയിരുന്നു ഫായിസിന്റെ ഉപ്പ. സ്‌കൂൾ പഠനകാലത്തു തന്നെ സിനിമ തലയ്ക്കു പിടിച്ച ഫായിസ് പഠനം നിറുത്തി ഹോട്ടലുകളികളിലും ബേക്കറിയിലുമൊക്കെ ചെറിയ ചെറിയ ജോലികൾ ചെയ്തു. കാലം ചെല്ലേ ഫായിസ് ഒരു ബേക്കറിയിൽ പാർട്ണർ ആയി. ഇതോടൊപ്പം കാറുകൾ വാടകയ്ക്ക് കൊടുക്കുന്ന സ്ഥാപനങ്ങളിലും കയറിപ്പറ്റി. ഇക്കാലത്താണ് കുഴൽപ്പണം വിതരണം ചെയ്യുന്ന ശൃംഖലയുമായും സ്വർണ കള്ളക്കടത്തുകാരുമായും ബന്ധം സ്ഥാപിക്കുന്നത്. കാരിയർ ആയി പിന്നീട് വലിയ സ്വർണക്കടത്തുകാരനായി മാറിയപ്പോഴും സിനിമ സ്വപ്നം വിടാതെ മനസ്സിൽ കൊണ്ട് നടന്നു. അങ്ങനെ, നടൻ ദിലീപിന്റെ ശിങ്കാരവേലൻ എന്ന സിനിമയിൽ മുഖം കാണിക്കുക മാത്രമല്ല, അതിൽ ദിലീപ് ഉപയോഗിച്ച ബിഎംഡബ്ല്യൂ കാറും ഇയാളുടേതായിരുന്നു. ഇത് പിന്നീട് ദിലീപിനും വലിയ പാരയായി മാറി.

ആരെയും എളുപ്പത്തിൽ കയ്യിലെടുക്കുന്ന സ്വഭാവമുള്ള ഫായിസിന് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പേഴ്‌സണൽ സ്റ്റാഫിൽപ്പെട്ടവരുമായി ബന്ധമുണ്ടായിരുന്നുവെന്നതും അന്നത്തെ ഒരു കെപിസിസി ജനറൽ സെക്രട്ടറിയുമായി വളരെ അടുപ്പമുണ്ടായിരുന്നുവെന്നും ഇയാൾ അറസ്റ്റിലായ കാലത്തു പുറത്തു വന്ന കാര്യങ്ങളാണ്. എങ്കിലും ഇവയ്‌ക്കൊന്നും മതിയായ തെളിവുകൾ ഇല്ലെന്നത് പൊലീസിലും ബ്യൂറോക്രസിയിലും ഫായിസിനുള്ള സ്വാധീനം എത്ര വലുതെന്നു കാണിക്കുന്ന ഒന്ന് തന്നെ.

ഫായിസിന്റെ പേര് പിന്നീട് ഉയർന്നു കേട്ടത് സിനിമ -സീരിയൽ നടി പ്രിയങ്കയുടെ ദുരൂഹമരണവും സ്വർണം കള്ളക്കടത്തു സംഘത്തിൽ കാരിയർമാരായി പ്രവർത്തിച്ചിരുന്ന രണ്ടു യുവാക്കളുടെ കൊലപാതകവുമായി ബന്ധപ്പെട്ടായിരുന്നു. തലശ്ശേരി സ്വദേശി നാഫിറും കോഴിക്കോട് സ്വദേശി ഫാഹിമും തങ്ങളെ ഏല്പിച്ച സ്വർണവുമായി മുങ്ങുകയായിരുന്നു. മംഗലാപുരത്തിനടത്ത് ഒളിവിൽ താമസിച്ചിരുന്ന ഇവരെ വക വരുത്തി ചാക്കിൽ കെട്ടി കുഴിച്ചിട്ടത് മറ്റൊരു സംഘമാണെന്ന് പൊലീസ് വരുത്തിത്തീർക്കുകയായിരുന്നുവെന്ന് അവരുടെ ബന്ധുക്കൾ പറയുന്നു.

ഇപ്പോൾ ഷംനാം കാസിമം പുറത്തുവിട്ട ക്വട്ടഷൻ- ക്രിമിനിൽ- ബ്ലാക്ക്‌മെയിൽ സംഘങ്ങൾ ദീർഘകാലമായി മലയാള സിനിമയിൽ ഉണ്ടെന്ന് ഈ കേസകളിൽനിന്നൊക്കെ വ്യക്തമാണ്. ഉന്നതമായ രാഷ്ട്രീയ സംരക്ഷണം അവർക്കുണ്ട്. അതായത് പ്രതികൾ ചെറിയ മീനുകൾ അല്ലെന്ന് വ്യക്തം. അടിത്തട്ടിലുള്ള ഗുണ്ടകളെ പിടികൂടം എന്നല്ലാതെ മേൽത്തട്ടിലുള്ളവരെ ആരും തൊടാറില്ല. അതുകൊണ്ടുതന്നെ സമഗ്രമായ ഒരു അന്വേഷണമാണ് ഇക്കാര്യത്തിൽ അനിവാര്യം. ഒപ്പം ഇത്തരക്കാരെ സിനിമാമേഖലയിൽനിന്ന് ഒഴിവാക്കാൻ ചലച്ചിത്ര പ്രവർത്തകരും ആത്മാർഥമായി ശ്രമിക്കണം. അല്ലെങ്കിൽ ബോളിവുഡിൽ കണ്ടതുപോലുള്ള മാഫിയാ വിളയാട്ടത്തിനായിരിക്കും മലയാള സിനിമയും സാക്ഷ്യം വഹിക്കുക.

കൂപ്പറിലേറി കോടിയേരി കുടുങ്ങിയപ്പോൾ

ഇത്തരം കള്ളക്കടത്തുകാർക്ക് ഉള്ള സ്വാധീനത്തിന്റെ തെളിവായിരുന്നു കുറച്ചുകാലം മുമ്പ് കോടിയേരിയുടെ പേരിലുണ്ടായ കൂപ്പർ വിവാദം. ജനജാഗ്രതാ യാത്രയിൽ കോഴിക്കോട് കൊടുവള്ളിയിൽവെച്ച് ആഡംബര വാഹനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ യാത്ര നടത്തിയ സംഭവം വൻ വിവാദമായിരുന്നു. കാരട്ട് ഫൈസൽ എന്ന പ്രമാണിയൂടെതായിരുന്നു ഈ വാഹനം. സ്വർണക്കടത്ത് കേസിൽ കാരാട്ട് ഫൈസൽ ബിസിനസ് പങ്കാളിയാണെന്ന് കേസിൽ ഒന്നാം പ്രതിയായ ഷഹബാസ് വെളിപ്പെടുത്തിയതോടെ വിവാദം കത്തി.

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ കാരാട്ട് ഫൈസൽ ഏഴാം പ്രതിയാണെന്നും ഫൈസൽ തന്നോടൊപ്പം കാക്കനാട്ട് സബ് ജയിലിൽ കഴിഞ്ഞിട്ടുണ്ടെന്നുമാണ് ഷഹബാസ് വെളിപ്പെടുത്തിയത്. സ്വർണക്കടത്ത് കേസിൽ പ്രതികളിലൊരാളായ എയർഹോസ്റ്റസ് ഹിറമോസ സെബാസ്റ്റ്യൻ ഡിആർഐക്ക് നൽകിയ മൊഴിയിലും കാരാട്ട് ഫൈസലിനെക്കുറിച്ച് പറയുന്നുണ്ട്. ഷഹബാസും കാരാട്ട് ഫൈസലും ബിസിനസ് പങ്കാളികളാണെന്നാണ് ഫിറമോസ മൊഴി നൽകിയിരിക്കുന്നത്.

കോഫെ പോസെ ചുമത്തിയിട്ടില്ലെങ്കിലും ഫൈസലിനെതിരെ ഇപ്പോഴും കേസുണ്ടെന്നും ഏഴാം പ്രതിയാണെന്നും ഡിആർഐ വൃത്തങ്ങളും വ്യക്തമാക്കുന്നു.സിപിഎം നടത്തുന്ന ജനജാഗ്രതാ യാത്ര കൊടുവള്ളിയിലെത്തിയപ്പോൾ ഫൈസലിന്റെ ഉടമസ്തതയിലുള്ള മിനി കൂപ്പർ കാറിലായിരുന്നു ജാഥ നയിക്കുന്ന കോടിയേരി ബാലകൃഷ്ണൻ സഞ്ചരിച്ചത്. സ്വർണക്കടത്ത് കേസിലെ പ്രതിയുടെ വാഹനത്തിലാണ് കോടിയേരി യാത്ര നയിച്ചതെന്ന് ചൂണ്ടിക്കാട്ടി ബിജെപി, മുസ്ലിംലീഗ് നേതാക്കൾ രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായത്. എന്നാൽ കൊടുവള്ളിയുടെയും മലബാറിന്റെയും രാഷ്ട്രീയം അറിയുന്നവർക്ക് ഇതൊന്നു പുത്തരില്ല. കള്ളക്കടത്തുകാരിലെ പ്രബമായ ഒരു വിഭാഗം ഇന്നും മുസ്ലിം ലീഗിന്റെ കൂടയാണ്. കുറേപ്പേർ ലീഗിൽനിന്ന് കാലുമാറിയപ്പോൾ, ആ മണ്ഡലം ലീഗിന് നഷ്ടമാവുകയും ചെയ്തു. അതാണ് മലബാറിലെ ഗോൾഡ് പൊളിറ്റികസ്.

കോഴിക്കോട് ജില്ലയിലെ ഒരു മലയോര പട്ടണമായ കൊടുവള്ളി നഗരത്തിന്റെ ഇരുവശങ്ങളിലുമായി 750 മീറ്റർ ദൂരപരിധിയിൽ ഇരുന്നൂറിലധികം സ്വർണ്ണക്കടകളാണുള്ളത്. ഒരു പക്ഷേ രാജ്യത്ത് തന്നെ ഇത്രയും ചെറിയൊരു പട്ടണത്തിൽ ഇത്രയധികം ജൂവലറികളുള്ള മറ്റൊരു സ്ഥലമുണ്ടാകില്ല. എവിടെ സ്വർണ്ണക്കടത്ത് പിടിക്കെപ്പെട്ടാലും അവിടെ ഒരു കൊടുവള്ളിക്കാരനുണ്ടാവുമെന്നാണ് അനൗദ്യോഗിക വിവരം. സ്വർണ്ണക്കടത്തിന് നിരോധനമുണ്ടായിരുന്ന കാലത്ത് പോലും അതിസാഹസികമായി കൊടുവള്ളയിൽ സ്വർണ്ണമെത്തിച്ചിരുന്നു. ഹവാല, കുഴൽ പണമിടപാടുകാളും ഈ പട്ടണത്തിന് പുതുമല്ല.

പല ചരക്ക് കടകളേക്കാളേറെ സ്വർണ്ണക്കടകളുള്ള നാടിനെ അത് ഇവിടുത്തെ സംസ്‌കാരത്തിനപ്പുറമൊന്നുമല്ലന്ന് പറഞ്ഞ് ന്യായീകരിക്കുന്ന ജനപ്രതിനിധകളാണ് ഇവിടെയുള്ളത്. ഏറ്റവുമൊടുവിൽ ജനജാഗ്രതാ യാത്രയിൽ സി പി എം സംസ്്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സഞ്ചരിച്ച മിനികൂപ്പർ വാഹനത്തെ ചുറ്റിപ്പറ്റിയാണ് കൊടുവള്ളി വാർത്തകളിൽ നിറഞ്ഞത്. അതിനെ പ്രതിരോധിക്കാൻ സി പി എം പ്രവർത്തകർ പുറത്ത് വിട്ട ചിത്രങ്ങളും വാർത്തകളും വ്യക്തമാക്കിയത് ഇതൊരു വിഭാഗത്തിന്റെ മാത്രം സംരക്ഷണയിലല്ലെന്നാണ്. കാരാട്ട് ഫൈസലും, കാരാട്ട് റസാഖും, ഫയാസും, അബൂലൈസുമെല്ലാം ഏതാനും ചിലപേരുകൾ മാത്രം.

സഹകരണ ബാങ്കുകളെയും മറയാക്കുന്നോ?

അർജുൻ ആയങ്കിമാരുമായി ബന്ധപ്പെട്ട സ്വർണക്കടത്ത് വിവാദം പുറത്തുവരുമ്പോൾ കണ്ണൂരിലെ ചില സഹകരണ സംഘങ്ങളും സംശയത്തിലാണ്. പാർട്ടി നിയന്ത്രിത സഹകരണ ബാങ്കുകളിലെ സ്വർണ പണയ പരിശോധകരുമായി അർജുൻ ആയങ്കിക്കുള്ള അടുത്ത ബന്ധമുണ്ട്. സ്വർണക്കടത്തിന്റെ വേരുകൾ സഹകരണ ബാങ്കുകളിലേക്ക് എത്തിയിരുന്നോയെന്ന കാര്യമാണ് അന്വേഷിക്കുന്നത്. സ്വർണ പരിശോധകരായി ഇവർ ജോലി ചെയ്യുന്ന സഹകരണ ബാങ്കുകളോട് കുറ്റാരോപിതർ നടത്തിയ സർവ്വ ഇടപാടുകളും അന്വേഷിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.നേരത്തെ കണ്ണുർ ജില്ലയിലെ ഒരു പ്രമുഖ സഹകരണ ബാങ്കിൽ നിന്നും പത്തുലക്ഷം രൂപയുടെ മുക്കുപണ്ട പണയ തട്ടിപ്പ് നടന്നിരുന്നു. സഹകരണ രജിസ്ട്രാർ നടത്തിയ പരിശോധനയിലാണ് ബാങ്കിൽ പണയം വെച്ചത് മുക്കുപണ്ടമാണെന്ന് വ്യക്തമായത്.

സിപിഎം പ്രാദേശിക നേതാക്കളുടെ പേരിലാണ് തട്ടിപ്പ് നടന്നത്.സംഭവം രാഷ്ട്രീയ വിവാദമായതിനെ തുടർന്ന് ബാങ്ക് ജീവനക്കാർ കൈയിൽ നിന്നും പത്തുലക്ഷം രൂപയെടുത്ത് അടച്ച് പ്രശ്നം പരിഹരിക്കുകയായിരുന്നു. അർജുൻ ആയങ്കിക്ക് ഗൾഫിൽ നിന്നും സ്വർണം കടത്താനായി സഹകരണ ബാങ്കുകളിൽ നിന്നും പണം റോൾ ചെയ്തുവോയെന്ന കാര്യമാണ് സിപിഎം അന്വേഷിക്കുന്നത്.കഴിഞ്ഞ മെയ് 26 വരെ പാർട്ടിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഇയാൾ സാമ്പത്തിക ഇടപാടുകൾക്ക് സഹകരണ ബാങ്കുകളെയും പാർട്ടി ബന്ധങ്ങളെയും മറയാക്കിയെന്ന ആശങ്കയാണ് സിപിഎം നേതൃത്വത്തിനുള്ളത്.

സഹകരണ ബാങ്കുകൾ നിയമ വിധേയമാണ് പ്രവർത്തിക്കുന്നതെന്നും വെറുതെ സംശയത്തിന്റെ നിഴലിൽ നിർത്തരുതെന്നും സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പുറമേക്ക് പറയുന്നുണ്ടെങ്കിലും കാര്യങ്ങൾ അത്ര ശരിയായ രീതിയിലല്ല പോകുന്നതെന്നാണ് സൂചന. സ്വർണക്കടത്ത് - ക്വട്ടേഷൻ സംഘങ്ങളെ കുറിച്ച് ദേശിയ അന്വേഷണ ഏജൻസി അന്വേഷിക്കണമെന്ന ബിജെപിയുടെ ത്തവശ്യം സിപിഎം നേതൃത്വത്തിന് കടുത്ത തലവേദനയാണ് സൃഷ്ടിക്കുന്നത്.നോട്ടു നിരോധനത്തിന് കാരണം ഇടപാടുകൾക്ക് കെ.വൈ.സിയും പാൻ കാർഡും നിർബന്ധിതമാക്കിയിട്ടുണ്ടെങ്കിലും ഇതൊന്നും ചില പ്രമുഖ ബാങ്കുകൾ പാലിക്കുന്നില്ലെന്ന വിമർശനമുയർന്നിട്ടുണ്ട്.

കേരളാ ബാങ്കിൽ അഫിലിയേറ്റു ചെയ്യാത്ത പ്രാഥമിക സഹകരണ സംഘങ്ങൾ വഴിയാണ് കള്ളപ്പണം പുഴ്‌ത്തലും നികുതി വെട്ടിപ്പും നടക്കുന്നതെന്നാണ് സൂചന് സിപിഎമ്മിന്റെ അതിശക്തമായ സാമ്പത്തിക സ്രോതസും അടിത്തറയും പാർട്ടി സഹയാത്രികർക്കുള്ള തൊഴിൽദായക സ്ഥാപനവുമാണ് സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ 'സ്വർണ കടത്ത് വിവാദം സഹകരണ ബാങ്കുകളിൽ മുട്ടി നിന്നാൽ പിന്നെ കേന്ദ്ര ഏജൻസികൾ തോണ്ടിയെടുക്കുന്നത് മറ്റു പലതുമായിരിക്കുമെന്ന ഭീതി സിപിഎം നേത്യത്വത്തിനുണ്ട്.ഇ തൊഴിവാക്കുന്നതിനാണ് ഒരു മുഴം നീട്ടിയെറിഞ്ഞ് സമാന്തര അന്വേഷണത്തിനായി പാർട്ടി കോപ്പുകൂട്ടുന്നത്.ഇതിനിടെ സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതി അർജുൻ ആയങ്കിയുടെ ഹവാല ഇടപാടുകൾ കസ്റ്റംസ് അന്വേഷിക്കുമെന്ന സൂചനയും പുറത്തു വന്നിട്ടുണ്ട്.

ആകാശ് തില്ലങ്കേരിയുമായുള്ള അർജുന്റെ ബന്ധവും അന്വേഷിക്കുമെന്നാണ് വിവരം. കേസിൽ അർജുൻ ആയങ്കിയെയും മുഹമ്മദ് ഷെഫീഖിനെയും കസ്റ്റംസ് ചോദ്യംചെയ്യുന്നത് വരും ദിവസങ്ങളിലും തുടരുമെന്നാണ് സൂചന. അർജുൻ ആയങ്കിയെ കസ്റ്റംസ് തുടർച്ചയായിമൂന്ന് ദിവസം ചോദ്യംചെയ്തെങ്കിലും സ്വർണക്കടത്തിലെ പങ്കാളിത്തം അർജുൻ ഇതുവരെസമ്മതിച്ചിട്ടില്ല. അർജുൻ അന്വേഷണത്തോട് സഹകരിക്കാത്തതാണ് കസ്റ്റംസിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. അർജുനെതിരെയുള്ള കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനൊപ്പം ഹവാല ഇടപാടുകളിലെ പങ്കാളിത്തവും കസ്റ്റംസ് അന്വേഷിക്കുമെന്നാണ് സൂചന.

സ്വർണ്ണക്കള്ളക്കടത്തിന്റെ സാമ്പത്തിക സൂത്രം

ഇപ്പോൾ നോക്കുക, ഈ കോവിഡ് കാലത്തും സ്വർണ്ണകടത്ത് നടക്കുന്നു. ചാർട്ടേഡ് വിമാനത്തിലൂടെ സ്വർണ്ണക്കടത്ത് നടത്തിയതിന് നാലുപേരെയാണ് എയർ കസ്റ്റംസ് ഈയിടെ പിടികൂടിയത്. ഇവർ രണ്ടു ചാർട്ടേഡ് വിമാനങ്ങളിൽ വന്നവരാണ്. കോറോണ കാലത്ത് വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയിൽ നൽകുന്ന ഇളവ് സ്വർണ്ണ വേട്ടക്കാർ കാര്യമായി ഉപയോഗിക്കുന്നുവെന്നാണ് ഇതിൽനിന്നും വ്യക്തമാകുന്നത്. പ്രവാസികളെ നാട്ടിലെത്തിക്കാൻ എറപ്പെടുത്തിയിട്ടുള്ള ചാർട്ടേഡ് വിമാനത്തിലൂടെയാണ് ഈ സ്വർണ്ണക്കടത്ത് നടന്നിരിക്കുന്നത് എന്നതാണ് ശ്രേദ്ധേയം.

നിലവിൽ ആറുമാസത്തിൽ കുറയാതെ വിദേശത്ത് തങ്ങുന്നവർക്കാണ് നിയമം അനുശാസിക്കും വിധം സ്വർണംകൊണ്ടുവരാൻ അനുമതിയുള്ളത്. നികുതിയില്ലാതെ സ്ത്രീകൾക്ക് ഒരുലക്ഷം രൂപയുടെയും പുരുഷന്മാർക്ക് അരലക്ഷം രൂപയുടെയും സ്വർണം കൊണ്ടുവരാം. അതിൽ കൂടുതലാണെങ്കിൽ സ്വർണ്ണ ബിസ്‌ക്കറ്റിന് 10 ശതമാനവും ആഭരണത്തിന് 15 ശതമാനവും നികുതിയടക്കണം. 20 ലക്ഷത്തിനു മുകളിലാണ് കൈവശമുള്ള സ്വർണ്ണത്തിന്റെ വിലയെങ്കിൽ കടത്തുന്നയാളെ ഇപ്പോൾ അറസ്റ്റ് ചെയ്യുന്നുണ്ട്. നേരത്തെ ഒരു കോടിയുടെ സ്വർണം പിടിച്ചാലേ അറസ്റ്റുണ്ടായിരുന്നുള്ളൂ. ഇതും സ്വർണ കടത്തുകാർക്ക് തുണയാവുന്നു. പെനാൽട്ടിയടച്ച് അവർക്ക് തടിയൂരാൻ എളുപ്പം കഴിയും.

രാജ്യത്ത് സ്വർണ്ണക്കടത്ത് വർദ്ധിച്ചത് ഇറക്കുമതിചുങ്കം വർദ്ധിപ്പിച്ചതോടെയാണ്. ഇറക്കുമതിച്ചുങ്കം പത്തിൽ നിന്ന് 12.5% ആയി ഉയർത്തിയതോടെയാണു കള്ളക്കടത്തു വർധിച്ചത്. കള്ളക്കടത്തിന്റെ വിവരങ്ങൾ പരിശോധിച്ചാൽ ഒരു വർഷം 200 ടൺ സ്വർണം ഇന്ത്യയിൽ കള്ളക്കടത്തു വഴി എത്തുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഇതിൽ നല്ലൊരു പങ്കും എത്തുന്നത് കേരളത്തിലേക്കാണ്. കാരണം ഇവിടെ സ്വർണ്ണ ഉപഭോഗം കൂടുതലാണ്. ഗുജറാത്തിലെ തുറമുഖം വഴി സ്വർണം കടത്തിയ കഥ അടുത്തിടെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഡിപ്ലോമാറ്റിക് കാർഗോ വഴിയുള്ള സ്വർണ്ണക്കടത്ത് വിവരവും പുറത്തുവരുന്നത്. ഇത്തരം സ്വർണ്ണക്കടത്ത് രാജ്യത്ത് തന്നെ ആദ്യമായാണ്. അതുകൊണ്ട് തന്നെയാണ് ഈ തിരുവനന്തപുരത്ത് സ്വപ്ന ആരോപണ വിധേയയായ കേസ് ഏറെ ചർച്ച ചെയ്യുന്നതും.

സർക്കാരിന്റെ കണക്കു പ്രകാരം രാജ്യത്തേക്ക് 800 ടൺ സ്വർണമേ ഇറക്കുമതി ചെയ്യുന്നുള്ളൂ. എന്നാൽ ഓരോ വർഷവും 1000 ടൺ സ്വർണമെങ്കിലും വിപണിയിലെത്തുന്നു. ബാക്കിയുള്ളവ കള്ളക്കടത്തിലൂടെയാണ് വരുന്നത്. ഇന്ത്യയിലെ നോട്ട് നിരോധനം സ്വർണത്തിന്റെ ഡിമാൻഡ് ഉയരാൻ കാരണമായി. ഇതോടെ സ്വർണത്തിൽ നിക്ഷേപം നടത്തുന്നവരുടെ എണ്ണം ഉയർന്നു. ഓഹരി വിപണിയിലെ അനിശ്ചിതത്വവും സ്വർണത്തിന്റെ പ്രിയം വർധിപ്പിക്കാനിടയാക്കി. കോവിഡ് കാലത്തു പോലും സ്വർണവില ഉയർന്നു നിൽക്കുന്നതിന് ഇതാണു കാരണം.

ഇതിനിടെ, ചരക്ക്-സേവന നികുതി നടപ്പിലായ ശേഷം അതിർത്തികളിൽ ചെക്ക് പോസ്റ്റുകൾ ഇല്ലാതായതോടെ വാഹനങ്ങളിലൂടെയുള്ള സ്വർണ്ണക്കടത്ത് വർദ്ധിച്ചതായുള്ള വിവരവും പുറത്തുവന്നു. ഏപ്രിൽ മുതൽ ജൂൺവരെ അതിർത്തി കടന്നെത്തിയത് 25 കിലോ അനധികൃത സ്വർണ്ണമായിരുന്നെങ്കിൽ ജി എസ് ടി നടപ്പായി മൂന്നുമാസം പിന്നിട്ടപ്പോൾ ഇത് 65 കിലോയായി വർദ്ധിച്ചതായാണ് കണക്ക്.

ഒരുകിലോ സ്വർണം എത്തിച്ചാൽ എങ്ങനെപോയാലും അഞ്ചുലക്ഷം രൂപ ലാഭുണ്ടെന്നാണ് കണക്ക്. അതുകൊണ്ടുതന്നെയാണ് കള്ളക്കടത്ത് മാഫിയയ വളരുന്നതും. ഇതിന് പോംവഴി തീരുവ കുറക്കുകയാണെന്ന് ചില സാമ്പത്തിക വിദഗധർ പറയുന്നുണ്ട്. പക്ഷേ അത് ഇന്ത്യാഗവൺമെന്റിന് ഭീമമായ നഷ്ടം ഉണ്ടാക്കും. മറ്റൊന്ന് പിരിശോധന കർശനമാക്കുകയും ഇതിന്റെ പിന്നിലുള്ള ആസൂത്രകരെ കണ്ടെത്തുകയുമാണ്. കേരളത്തിലെ പ്രമുഖരായ ജൂവലറി ഉടമകളും ബിസിസസ് മാഗ്റ്റുകളായി രാജ്യം ആദരിച്ചവരുമൊക്കെയാണ് ഈ നിയമ വിരുദ്ധ പ്രവർത്തത്തിന് പിന്നിൽ എന്ന് എല്ലാവർക്കും അറിയാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP