Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സൽമ അണക്കെട്ടിനു നേരെ വെടിവെപ്പ് ഒരു തുടക്കം മാത്രം; പാക്കിസ്ഥാന്റെ പിന്തുണയിൽ താലിബാൻ കാശ്മീരിലേക്കും ഇരച്ചു കയറും; സിഖുകാർ മഞ്ഞ തലപ്പാവണിഞ്ഞ് മുസ്ലിങ്ങളിൽ നിന്ന് വ്യത്യസ്ഥരാവണം; തീവ്രവാദികളുടെ ഭാര്യമാരാക്കാൻ പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകും; അഫ്ഗാനിൽ താലിബാൻ തിരികെ എത്തുമ്പോൾ ഒഴുകുക ചോരപ്പുഴ തന്നെ

സൽമ അണക്കെട്ടിനു നേരെ വെടിവെപ്പ് ഒരു തുടക്കം മാത്രം; പാക്കിസ്ഥാന്റെ പിന്തുണയിൽ താലിബാൻ കാശ്മീരിലേക്കും ഇരച്ചു കയറും; സിഖുകാർ മഞ്ഞ തലപ്പാവണിഞ്ഞ് മുസ്ലിങ്ങളിൽ നിന്ന് വ്യത്യസ്ഥരാവണം; തീവ്രവാദികളുടെ ഭാര്യമാരാക്കാൻ പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകും; അഫ്ഗാനിൽ താലിബാൻ തിരികെ എത്തുമ്പോൾ ഒഴുകുക ചോരപ്പുഴ തന്നെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ നിന്നുള്ള അമേരിക്കയുടെ സേനാ പിന്മാറ്റം ഇന്ത്യ അടക്കമുള്ള അയൽരാജ്യങ്ങളെ സംബന്ധിച്ചിടത്തോളം കടുത്ത ആശങ്ക ഉണ്ടാക്കുന്നതാണ്. അഫ്ഗാനിസ്ഥാൻ ഭരിക്കുന്ന നിലവിലുള്ളവരിൽ നിന്നും തീർത്തും വ്യത്യസ്തരായ പ്രാകൃതരും ക്രൂരരുമായ വിഭാഗമാണ് താലിബാൻ തീവ്രവാദികൾ. ഇങ്ങനെയുള്ളവർ അധികാരത്തിലേക്ക് വഴിയൊരുക്കുന്ന നടപടി ലോകത്തിന് തന്നെ ഭീഷണയാണ്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളാണ് താലിബാന്റെ മടങ്ങിവരവ് വഴിവെക്കുക. അതിന്റെ സൂചനകൾ തന്നെ പുറത്തുവന്നു കഴിഞ്ഞു. അഫ്ഗാനിസ്ഥാനിലെ ഹെറാത് പ്രവിശ്യയിൽ ഇന്ത്യ - അഫ്ഗാൻ സൗഹൃദത്തിന്റെ പ്രതീകമായ സൽമ അണക്കെട്ടിനുനേരെ താലിബാന്റെ വെടിവയ്പ് തന്നെ ഇതിന്റെ ഒരു തുടക്കമാണ്. പ്രവിശ്യയിലെ ചെഷ്ത് ജില്ലയിലെ വൈദ്യുതിയുടെയും ജലസേചനത്തിന്റെയും പ്രധാന സ്രോതസ്സാണ് സൽമ അണക്കെട്ട്.

2016 ജൂണിലാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഘാനിയും സംയുക്തമായി അണക്കെട്ട് ഉദ്ഘാടനം ചെയ്തത്. താലിബാന്റെ ആക്രമണം രൂക്ഷമായാൽ മഹാദുരന്തം ഉണ്ടാകുമെന്ന് അഫ്ഗാൻ നാഷനൽ വാട്ടർ അഥോറിറ്റി മുന്നറിയിപ്പു നൽകി. ഭീകരർ തുടരെത്തുടരെ റോക്കറ്റുകൾ വിക്ഷേപിച്ചാൽ സൽമ അണക്കെട്ട് തകരും. ചില റോക്കറ്റുകൾ അണക്കെട്ടിന് വളരെ അടുത്തായി പതിച്ചിട്ടുണ്ട്. അണക്കെട്ട് തകർന്നാൽ പടിഞ്ഞാറൻ അഫ്ഗാനിലെ വലിയൊരു വിഭാഗം ജനങ്ങളുടെ ജീവനും സ്വത്തിനും നാശനഷ്ടം സംഭവിക്കും.

പ്രവിശ്യയിലെ 8 ജില്ലകളാണ് അണക്കെട്ടിനെ ആശ്രയിച്ചു ജീവിക്കുന്നത്. അണക്കെട്ട് ദേശീയ സ്വത്താണെന്നും അവ യുദ്ധത്തിൽ തകർക്കപ്പെടേണ്ടതല്ലെന്നും അഥോറിറ്റി അറിയിച്ചു. അതേസമയം അന്താരാഷ്ട്ര എതിർപ്പു മറികടക്കാൻ ആരോപണം താലിബാൻ നിഷേധിച്ചിട്ടുണ്ട്. അണക്കെട്ടിനുനേർക്ക് വെടിവച്ചിട്ടില്ലെന്ന നിലപാടാണ് വക്താവ് സബിഹുല്ല മുജാഹിദ് എടുത്തത്. കമൽ ഖാൻ അണക്കെട്ടിന്റെ സുരക്ഷ ഇപ്പോൾ താലിബാന്റെ കൈവശമാണെന്നും മുജാഹിദ് അവകാശപ്പെട്ടു.

ചെഷ്ത് ജില്ലയിൽ ഹരിരോദ് നദിക്കു കുറുകെയാണ് സൽമ അണക്കെട്ട് പണിതിരിക്കുന്നത്. 107 മീറ്റർ ഉയരമുള്ള അണക്കെട്ടിന് 550 മീറ്റർ നീളമുണ്ട്. 42 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാം. 75,000 ഹെക്ടർ ഭൂമിക്ക് ജലം നൽകാം. കുടിവെള്ളവും മറ്റും ഉറപ്പാക്കുകയും ചെയ്യാം. 1970കളിൽ പഠനം നടത്തി പിന്നാലെതന്നെ അണക്കെട്ടിന്റെ പണി ആരംഭിച്ചെങ്കിലും ആഭ്യന്തര സംഘർഷത്തിൽ എല്ലാം മുടങ്ങിപ്പോയി. 2005ൽ ഇന്ത്യയാണ് പദ്ധതിക്ക് സാമ്പത്തിക സഹായം നൽകിയത്. അണക്കെട്ടിനായി 2015 ഡിസംബറിൽ 290 ദശലക്ഷം യുഎസ് ഡോളറിന്റെ ചെലവ് ഇന്ത്യൻ സർക്കാർ അംഗീകരിച്ചിരുന്നു. കഴിഞ്ഞ 20 വർഷത്തിനിടെ അഫ്ഗാൻ സർക്കാരിന്റെ ഏറ്റവും വലിയ പദ്ധതിയായിരുന്നു അത്.

റോയിട്ടേഴ്‌സ് ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖി അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടതും ഒരു സൂചനയാണ്. കാണ്ഡഹാറിലെ സ്പിൻ ബോൾഡക് ജില്ലയിൽ നടന്ന അക്രമണത്തിലാണ് ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ് കൊല്ലപ്പെട്ടത്. സമൂഹ മാധ്യങ്ങളിൽ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ചിത്രങ്ങൾ സിദ്ദിഖി നിരന്തരം പങ്കുവെച്ചിരുന്നു. അഫ്ഗാനിസ്ഥാനിൽ നിന്നും അമേരിക്കൻ സൈന്യം പിൻവാങ്ങിയതിനെ തുടർന്ന് താലിബാൻ കൂടുതൽ പിടിമുറുക്കുന്നു എന്ന റിപ്പോർട്ടുകൾക്കിടെയാണ് സിദ്ദിഖി കൊല്ലപ്പെട്ടെന്ന വാർത്തയും പുറത്തുവന്നത്.

താലിബാനെ പാക്കിസ്ഥാൻ ചട്ടുകമാക്കുമെന്നും ആശങ്ക

പാക്കിസ്ഥാന്റെ ആജ്ഞയ്ക്കനുസരിച്ചാണ് താലീബാൻ പ്രവർത്തിക്കുന്നതെന്ന വെളിപ്പെടുത്തലുമായി അഫ്ഗാനിസ്ഥാൻ മാധ്യമങ്ങൾ രംഗത്തുവന്നത് ഇന്ത്യക്കും ഏറെ അശങ്കയ്ക്ക് വഴിവെക്കുന്നുണ്ട്. പാക്ക് ഭരണകൂടവും ഐഎസ്‌ഐയും താലിബാനെ മറയാക്കി ഇന്ത്യക്കെതിരെ നിഴൽയുദ്ധം കളിക്കാൻ സാധ്യത കൂടുതലാണ്. താലിബാൻ നേതാക്കൾ പാക്കിസ്ഥാനിൽ സ്വാതന്ത്ര്യത്തോടെ ഇറങ്ങി നടക്കുന്നതായും മുസ്ലീമത പ്രാർത്ഥനാ ചടങ്ങുകളിൽ ജിഹാദിനായി പണം പിരിക്കുന്നതായും റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഇതെല്ലാം താലിബാന് പാക്കിസ്ഥാൻ പിന്തുണ നൽകുന്നു എന്നതിന്റെ തെളിവാണ്. ഒസാമ ബിൻലാദൻ അബോട്ടാബാദിലായിരുന്നു ഒളിവിൽ കഴിഞ്ഞത് എന്നതെല്ലാം ഈ ബന്ധത്തിന് തെളിവാണ്.

അഫ്ഗാനിസ്ഥാൻ സേനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരരുടെ മൃതദദേഹങ്ങൾ പാക്കിസ്ഥാനിൽ എത്തിച്ച് സംസ്‌കാരം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. താലീബാൻ കമാൻഡർമാർക്ക് മെഡിക്കൽ സേവനങ്ങൾ നൽകുന്നത് പാക്കിസ്ഥാൻ ആണെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. താലിബാന് വ്യോമസഹായം നൽകുന്നതും പാക്കിസ്ഥാനാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതെല്ലാം ഇന്ത്യ ജാഗ്രത പുലർത്തേണ്ടതിലേക്കാണ് വിരൽ ചൂണ്ടുന്നത്.

കാശ്മീലിലേക്ക് ജിഹാദിനായി താലിബാൻ തീവ്രവാദികളും രംഗത്തിറങ്ങാൻ സാധ്യതയുണ്ട്. ഇതിന് പാക് പിന്തുണയും ലഭിച്ചേക്കാം. അമേരിക്കൻ സൈന്യം അഫ്ഗാനിസ്ഥാനിൽ നിന്നും പിന്മാറിയതിന് പിന്നാലെ, ഇറാൻ, പാക്സ്ഥാൻ, ഉസ്ബകിസ്ഥാൻ, തജക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ അഫ്ഗാൻ അതിർത്തിയിലെ നിരവധി ജില്ലകളുടെ അധിപത്യം താലിബാൻ പിടിച്ചെടുത്തിരുന്നു. ഐഎസ് തീവ്രവാദികൾ അടക്കം ഇന്ത്യക്കെതിരെ തിരിയാനുള്ള സാധ്യതകൾ കൂടി താലിബാന്റെ തിരികെ വരവ് വഴിയൊരുക്കും.

തീവ്രവാദികൾക്ക് ഭാര്യമാരാകാൻ വിധിക്കപ്പെടുന്ന പെൺകുട്ടികൾ

അഫ്ഗാനിൽ ആധിപത്യം സ്ഥാപിക്കുന്ന തീവ്രവാദ സംഘടന താലിബാൻ സ്ത്രീകളെ ലക്ഷ്യമിടുന്നതായി റിപ്പോർട്ടുകളും പുറത്തുവന്നു കഴിഞ്ഞു. പ്രദേശിക മതനേതാക്കളിൽ നിന്ന് 15 ന് മുകളിലുള്ളതും, വിധവകളായ 45 വയസിന് താഴെയുള്ളതുമായ സ്ത്രീകളുടെ വിവരങ്ങൾ നൽകാൻ താലിബാൻ ആവശ്യപ്പെട്ടുവെന്നാണ് പുതിയ വാർത്ത. ഇത് സംബന്ധിക്കുന്ന താലിബാൻ സാംസ്‌കാരിക വിഭാഗത്തിന്റെ നോട്ടീസ് അഫ്ഗാൻ മാധ്യമ പ്രവർത്തകർ അടക്കം പുറത്തുവിട്ടിട്ടുണ്ട്.

ദ സൺ റിപ്പോർട്ട് പ്രകാരം പൊരുതുന്ന പോരാളികൾക്കായി 15 ന് മുകളിലുള്ളതും, 45ന് കീഴിലുള്ള വിധവകളായതുമായ സ്ത്രീകളുടെ ലിസ്റ്റ് ഒരോ സ്ഥലത്തെയും ഇമാമുമാരും, മൊല്ലമാരും നൽകണമെന്ന് താലിബാൻ കൾച്ചറൽ കമ്മീഷൻ നോട്ടീസ് നൽകിയതായി പറയുന്നു. അമേരിക്കൻ സൈന്യം അഫ്ഗാനിസ്ഥാനിൽ നിന്നും പിന്മാറിയതിന് പിന്നാലെ, ഇറാൻ, പാക്സ്ഥാൻ, ഉസ്ബകിസ്ഥാൻ, തജക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ അഫ്ഗാൻ അതിർത്തിയിലെ നിരവധി ജില്ലകളുടെ അധിപത്യം താലിബാൻ പിടിച്ചെടുത്തിരുന്നു. ഇത്തരം സ്ഥലങ്ങളിലാണ് ഈ നോട്ടീസ് നൽകിയിരിക്കുന്നത്. ഒപ്പം തന്നെ ഇവിടങ്ങളിൽ കർശനമായ ഇസ്ലാമിക നിയമം നടപ്പിലാക്കുന്നു എന്ന് പരിശോധിക്കാനുള്ള താലിബാൻ സംവിധാനമാണ് താലിബാൻ കൾച്ചറൽ കമ്മീഷനും നിലവിൽ വരും. .

2001 ലെ അമേരിക്കൻ ആക്രമണത്തിന് മുൻപ് അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണമായിരുന്നു. അന്ന് സ്ത്രീകൾക്ക് ഒറ്റയ്ക്ക് പുറത്തിറങ്ങി നടത്താനോ, വിദ്യാഭ്യാസം നടത്താനോ അവകാശം ഉണ്ടായിരുന്നില്ല. അതിനൊപ്പം തന്നെ പുരുഷനോടൊപ്പം അല്ലാതെ പുറത്തിറങ്ങാനും സാധിക്കില്ലായിരുന്നു. ഈ നിയമങ്ങൾ തെറ്റിച്ചാൽ പൊതുജന മധ്യത്തിൽ താലിബാൻ മതപൊലീസ് ശിക്ഷ നൽകുമായിരുന്നു.

ഫിനാഷ്യൽ ടൈംസിലെ പുതിയ റിപ്പോർട്ട് പ്രകാരം,താലിബാൻ ആധിപത്യം നേടിയ പ്രദേശങ്ങളിലെ പെൺകുട്ടികൾ കടുത്ത ഭീതിയിലാണ്. പെൺകുട്ടികൾ വീട്ടിൽ തന്നെ ഇപ്പോൾ ഉച്ചത്തിൽ ശബ്ദിക്കാറില്ലെന്നും, വെള്ളിയാഴ്ച ചന്തകളിൽ പോകാറില്ലെന്നും, വീട്ടിൽ പോലും സംഗീതം ഒഴിവാക്കിയെന്നും പറയുന്നു. അഫ്ഗാൻ നേതാവ് ഹാജി റോസി ബെയ്ഗിന്റെ വാക്കുകൾ പ്രകാരം, താലിബാന്റെ കണ്ണിൽ പതിനെട്ട് കഴിയും മുൻപ് ഒരു പെൺകുട്ടിയെ വിവാഹം കഴിപ്പിക്കാതിരിക്കുന്നത് പാപമാണ് എന്നാണ് അവർ വിശ്വസിക്കുന്നത് എന്നാണ്.

സ്ത്രീകളുടെ മൂക്കും മുലയും ഛേദിക്കുക, എതിരാളികളെ ജീവനോടെ തൊലിയുരിച്ച് കൊല്ലുക, രോമ വളർച്ചനോക്കി പ്രായപൂർത്തി നിർണ്ണയിച്ച് വെടിവെച്ച് കൊല്ലുക, ഗ്രന്ഥശാലകൾക്ക് തീയിടുക, മറ്റുമതസ്ഥരുടെ ആരാധനാലയങ്ങളും വിഗ്രഹങ്ങളും അടിച്ചുതകർക്കുക.... 90കളിൽ അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭീകരതയുടെ ദിനങ്ങളുടെ ഏറ്റവും വലിയ രക്തസാക്ഷികൾ സ്ത്രീകളും കുട്ടികളും ന്യുനപക്ഷങ്ങളായ ഹിന്ദുക്കളും സിഖുകാരും ബുദ്ധമതക്കാരുമായിരുന്നു. ആയിരക്കണക്കിന് ബുദ്ധ പ്രതിമകളാണ് താലിബാൻ അടിച്ചു തകർത്തത്. നിരവധി ബുദ്ധ വിഹാരങ്ങൾക്കും ഗ്രന്ഥശാലകൾക്കും തീകൊളുത്തി. അമ്പലങ്ങളും സിഖ് ഗുരുദ്വാരകളും വ്യാപകമായി ആക്രമിക്കപ്പെട്ടു. തൊലിയുരിഞ്ഞ് കൊല്ലുക, രോമവളർച്ചനോക്കി വെട്ടിയും വെടിവെച്ചും കൊല്ലുക തുടങ്ങിയ കാര്യങ്ങളും വ്യാപകമായി അരങ്ങേറി. ഇതെല്ലാം ഇനി തിരികെ വരുന്ന അവസ്ഥയായിരിക്കും.

1972ൽ കാബൂളിലെ തെരുവുകളിലൂടെ പാശ്ചാത്യ വസ്ത്രം അണിഞ്ഞ് സ്ത്രീകൾ നീങ്ങുന്ന ചിത്രം ഇന്ന് കൃത്യമായ രാഷ്ട്രീയ പ്രതിരൂപം ആയിരുന്നു. നജീബുള്ളയുടെ കാലത്ത് അതിവേഗം ആധുനികവത്ക്കരിക്കപ്പെട്ട ആ രാഷ്ട്രം താലബാനു കീഴിൽ ഒരു ടിപ്പിക്കൽ മതരാജ്യമായി. വിജ്ഞാന വിരോധികൾ ആയ താലിബാനികൾ സ്‌കൂളുകൾക്കും ലൈബ്രറികൾക്കും നേരെ നടത്തിയ ആക്രമണങ്ങൾ ആയിരുന്നു എറ്റവും ഭീകരം. സ്ത്രീകൾ താലിബാൻ ഭരണത്തിൽ വെറും ശരീരങ്ങൾ മാത്രമാണ്. ഞങ്ങളാണ് യഥാർഥ ഇസ്ലാം എന്നു പറഞ്ഞ് അഫ്ഗാൻ ജനതയുടെ ജീവിതം താലിബാൻ ദുസ്സഹമാക്കുന്നതിനിടയിലാണ് വേൾഡ് ട്രേ്ഡ് സെന്റർ ആക്രമണം ഉണ്ടാവുന്നതും, അമേരിക്ക അഫ്ഗാനിൽ ഇടപെടുന്നതും തുടർന്ന് താലിബാന് അധികാരം നഷ്ടമാവുന്നതും. പിന്നീട് അമേരിക്കൻ നിയന്ത്രണത്തിനുള്ള ഒരു പാവ ഗവൺമെന്റ് തന്നെയാണ് അവിടെ അധികാരമേറ്റത്്.

പക്ഷേ അമേരിക്കയുടെ പിന്മാറ്റത്തിൽ ആശങ്കയിലാവുന്നത് അഫ്ഗാനിസ്ഥാനിലെ ന്യുനപക്ഷങ്ങളാണ്. ഇപ്പോൾ 40 ശതമാനം ഭാഗങ്ങൾ അഫ്ഗാനിൽ താലിബാന്റെ നിയന്ത്രണത്തിലാണ്. ഇവിടെ നിന്നുള്ള മതപീഡനങ്ങളിൽനിന്ന് ന്യൂനപക്ഷങ്ങളെ ഒരു പരിധിവരെ രക്ഷിച്ചത്, യുഎസ് സൈന്യത്തിന്റെ സാന്നിധ്യം തന്നെയായിരുന്നു. പരോക്ഷമായി അവർ തന്നെയായിരുന്നു ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും സംരക്ഷകർ. പ്രസിഡന്റ അഷ്‌റഫ് ഖനിയുടെ നേതൃതത്വത്തിലുള്ള അഫ്ഗാന്റെ ഔദ്യോഗിക സംവിധാനം പലപ്പോഴും നിഷ്‌ക്രിയമാണ്. ഇനിഇപ്പോൾ യുഎസ് സൈന്യം പുർണ്ണമായും പിന്മാറുകയാണെങ്കിൽ എങ്ങനെ അതിജീവിക്കും എന്ന ഭീതിയിലാണ് അഫ്ഗാനിലെ ന്യുനപക്ഷം.തി്കഞ്ഞ ശാസ്ത്രവിരുദ്ധർ കൂടിയാണ് താലിബാനികൾ.

പൾസ്‌പോളിമോ ഇമ്മ്യൂസൈസേഷൻ അടക്കമുള്ള സകല കാമ്പയിനുകളെയും അവർ എതിർക്കുന്നു. അതു്കാണ്ടുതന്നെ ശാസ്ത്രം നിർമ്മാർജ്ജനം ചെയ്ത പോളിയോ അടക്കമുള്ള അസുഖങ്ങളുടെ പ്രഭവ കേന്ദ്രം ഇന്ന് പാക്കിസ്ഥാനിലെയും അഫ്ഗാനിലെയും താലബാൻ കേന്ദ്രങ്ങളാണ്. അതായത് ലോകത്തിലേക്ക് രോഗാണുക്കളെ നിർബാധം സംഭാവന ചെയ്യുകയാണ് താലിബാൻ ചെയ്യുന്നത്. ബിൻ ലാദിനെ യുഎസ് സൈനികർ കണ്ടെത്തിയത്, പോളിയോ നൽകാൻ എത്തിയവരുടെ വേഷത്തിലാണ് എന്നും താലിബാന് വാക്‌സിനേഷൻ കാമ്പയിനുകളോടുള്ള കലി വർധിപ്പിക്കയാണ്. നിരവധി ആരോഗ്യ പ്രവർത്തകരനാണ് പോളിയോ കാമ്പയിനും മറ്റും ഇടയിലായി താലിബാന്റെ വെടിയുണ്ടയേറ്റ് കൊല്ലപ്പെട്ടത്.

മാത്രമല്ല ലോകത്തിന് മറ്റൊരു ഭീതികുടിയുണ്ട്. യുഎസ് സൈന്യം പിടിമുറുക്കിയതോടെ താലബാൻ പൂർണ്ണമായും മയക്കുമരുന്ന്കടത്തിലേക്കാണ് നീങ്ങിയത്. ഇന്ന് യൂറോപ്പിന്റെ അമേരിക്കയുടെയും മാർക്കറ്റുകളിൽ എത്തുന്ന ഹെറോയിനിന്റെ 60 ശതമാനവും താലിബാൻ വഴിയാണെന്ന് വ്യക്തമാണ്. യുഎസ് സൈന്യം പിന്മാറുന്നതോടെ നിർലോഭമായ മയക്കുമരുന്ന് മാഫിയയാണ് അഫ്ഗാനിൽ പടരുക. ഈ ഭീതിയും പക്ഷേ ട്രംപ് അഭിസംബോധന ചെയ്യുന്നില്ല.

അഫ്ഗാനിൽ ന്യുനപക്ഷങ്ങൾ ചുരുങ്ങുമ്പോൾ

ഒരു കാലത്ത് അഫ്ഗാനിസ്ഥാനിലെ നിർണ്ണായക സാമ്പത്തിക ശക്തിയായിരുന്നു ഹിന്ദുക്കളും സിഖുകാരും. എൺപതുകളിൽ ഏതാണ്ട് 2.50 ലക്ഷത്തോളം ഹിന്ദു -സിഖ് ന്യൂനപക്ഷങ്ങൾ ഈ രാജ്യത്ത് ഉണ്ടായിരുന്നു. കാബൂൾ, കാണ്ഡഹാർ, നാഗ്രഹാർ, ഹേർമന്ദ് തുടങ്ങി ഇറാൻ അതിർത്തി വരെയുള്ള പ്രവിശ്യകളിൽ ഇവർ നിർണ്ണായക സ്വാധീനം ചെലുത്തിയിരുന്നു. കച്ചവടത്തിൽ മുന്നിൽ നിന്നിരുന്ന സിഖുകാരുടേയും, ഹിന്ദുക്കളുടേയും നല്ല കാലം അസ്തമിച്ചത് 90കളോടെയാണ്. താലിബാന്റെ വരവോടെ ന്യൂനപക്ഷങ്ങളെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തി തുടങ്ങി. സിഖ്- ഹിന്ദു കൂട്ടക്കൊലയും ക്രൂരമായ ആക്രമണങ്ങളും പതിവായി. ഇതോടെ 15000 ത്തോളം പേർ മാത്രമായി ന്യൂനപക്ഷ ജനസംഖ്യ കുറഞ്ഞു.

കച്ചവടത്തിലും, ട്രക്ക് - പെട്രോൾ വ്യാപാരത്തിലും മുൻപന്തിയിലായിരുന്ന സിഖുകാരെ താലിബാൻ പ്രത്യേകമായി നോട്ടമിട്ടു. പ്രത്യേക മഞ്ഞ കൈപ്പട്ട ധരിക്കണമെന്ന് താലിബാൻ ഉത്തരവിട്ടു.സിഖുകാർ മഞ്ഞ തലപ്പാവണിഞ്ഞ് മുസ്ലിങ്ങളിൽ നിന്ന് വ്യത്യസ്ഥരാകണമെന്ന വ്യവസ്ഥയും താലിബാൻ മുന്നോട്ടുവച്ചു. റിപ്പോർട്ടേഴ്‌സ് ബയോണ്ട് ബോർഡേഴസ് എന്ന സംഘടനയും ബിബിസിയുമൊക്കെ ഇത് പലതവണ ചൂണ്ടിക്കാട്ടിയതാണ്. ഐക്യരാഷ്ട്ര സഭയുടെ റഫ്യൂജി കമ്മീഷന്റെ റിപ്പോർട്ട് വായിച്ചാൽ സത്യത്തിൽ ആരും പേടിച്ചുപോവും. കാരണം സമാനതകളില്ലാത്ത ക്രൂരയാണ് താലിബാൻ ഈ രാജ്യങ്ങളിൽ ന്യുനപക്ഷങ്ങളോട് നടത്തിയത്.

ന്യൂനപക്ഷങ്ങളുടെ ഭൂമിയും, വസ്തുക്കളും കൊള്ളയടിക്കുന്നത് താലിബാൻ ഭരണകാലത്ത് പതിവായിരുന്നു. ഹിന്ദു പെൺകുട്ടികളെ ക്രൂരമായി പീഡിപ്പിക്കുകയും മതപരിവർത്തനവും തുടങ്ങിയതോടെ പ്രാണരക്ഷാർത്ഥം ഇവർ ഇന്ത്യയിലേക്ക് ഓടിപ്പോന്നു. കാബൂൾ, ജലാലാബാദ്, ഗസ്‌നി, കാണ്ഡഹാർ മേഖലകളിൽ മാത്രമാണ് ഇപ്പോൾ ഹിന്ദു - സിഖ് ന്യൂനപക്ഷമുള്ളത്. അവശേഷിക്കുന്നവർ ഇന്ത്യയിൽ അഭയാർത്ഥികളായി കഴിയുകയാണ്.ഇവർക്ക് പൗരത്വം കൊടുക്കുന്ന നിയമ ഭേദഗതിക്കെതിരെയാണ് കേരളം ഉൾപ്പെടുന്ന ഇടങ്ങളിൽ സമരം അരങ്ങേറുന്നത് എന്നത് വിരോധാഭാസമാണ്. രേഖകളില്ലാത്തതിനാൽ വർഷങ്ങളായി ഗുരുദ്വാരകളിലാണ് അഫ്ഗാൻ അഭയാർത്ഥികൾ കഴിയുന്നത്.

അതിക്രൂരമായ പീഡനങ്ങളാണ് അഫ്ഗാനിസ്ഥാനിലുള്ള ഹിന്ദുക്കളും സിഖുകാരും നേരിടുന്നത്.നൂറ്റാണ്ടുകളായി അഫ്ഗാനിസ്ഥാനിൽ താമസിക്കുന്നവരാണെങ്കിലും തുല്യനീതിയോ പരിഗണനയോ ഇവർക്ക് ലഭിക്കുന്നില്ല. ഹിന്ദു - സിഖ് കുട്ടികൾക്ക് വിദ്യഭ്യാസം പോലും നൽകാൻ കഴിയുന്നില്ല എന്നതാണ് വാസ്തവം. സ്‌കൂളുകളിൽ ക്രൂരമായ പീഡനങ്ങൾ മൂലം പലരും കുട്ടികളെ ഡൽഹിയിലും ,പഞ്ചാബിലുമാണ് പഠിപ്പിക്കുന്നത്.ഡ്രൈ ഫ്രൂട്ട് കച്ചവടത്തിന്റെ കുത്തകയുണ്ടായിരുന്ന സിഖുകാരെ സാമുദായികമായി തളർത്താൻ ആസൂത്രിത ശ്രമങ്ങൾ നടന്നുവരികയാണ്. സമുദായ നേതാക്കളേയും പുരുഷന്മാരെയും കൊല ചെയ്യാൻ പ്രത്യേക സംഘങ്ങൾ തന്നെയുണ്ട്. അനാഥരാക്കിയതിനു ശേഷം സ്ത്രീകളെ തട്ടിക്കൊണ്ടു പോകുന്ന സംഭവങ്ങൾ പതിവായപ്പോൾ ബഹുഭൂരിപക്ഷം പേരും അഭയാർത്ഥികളായി ഇന്ത്യയിലേക്കും മറ്റും ഓടിപ്പോയി തുടങ്ങി.

മരിച്ച ശേഷം ശവശരീരം ദഹിപ്പിക്കാൻ അനുവദിക്കാത്ത സാഹചര്യം അഫ്ഗാനിസ്ഥാനിൽ ഇപ്പോൾ നിലനിൽക്കുന്നുണ്ട്. പ്രാർത്ഥനകൾ ഉറുദുവിൽ ചൊല്ലണമെന്ന നിബന്ധനയും നിലനിൽക്കുന്നു. സംസ്‌കൃതവും ഹിന്ദിയും അടക്കമുള്ള ഒരു ഭാഷയും ആരാധനാലയങ്ങിൽപോലും അനുവദിക്കില്ല. മത വിശ്വാസങ്ങളിൽ കർക്കശ നിയന്ത്രണങ്ങളുണ്ട്. പത്ത് ആരാധനാലയങ്ങൾ മാത്രമാണ് അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കൾക്കും സിഖുകാർക്കും സ്വന്തമായുള്ളത്.മത പീഡനം സഹിക്കാൻ വയ്യാതെ മിക്കവരും പലായനം ചെയ്തു തുടങ്ങിയതോടെ അമ്പലങ്ങളും ഗുരുദ്വാരകളും നശിച്ചു തുടങ്ങി.കബൂളിലെ അസ്മയി ക്ഷേത്രവും ജലാലാബാദിലെ ഗുരുദ്വാരയും സജീവമാക്കാൻ അവശേഷിക്കുന്ന ന്യൂനപക്ഷങ്ങൾ ശ്രമിക്കുന്നുണ്ട്. ഈ ഘട്ടത്തിലാണ്

ജീവനോടെ തൊലി ഉരിയൽ

അഫ്ഗാനിൽ യുഎസ് നടത്തിയ ഏറ്റവും വലിയ ക്രൂരതകളിൽ ഒന്നായി പുറംലോകം വിലയിരുത്തിയത് 2016ൽ ഫസൽ അഹമ്മദ് എന്ന 21കാരനെ താലിബാൻ തീവ്രവാദികൾ ജീവനോടെ തൊലിയുരിഞ്ഞ് കൊന്നതായിരുന്നു. അഫ്ഗാനിലെ ഘോർ പ്രവിശ്യയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. കൊല്ലപ്പെട്ട ഫസൽ അഹമ്മദിന്റെ അകന്ന ബന്ധു ഡിസംബറിൽ മുൻ താലിബാൻ കമാൻഡറെ വധിച്ചതിൽ പങ്കാളിയായിരുന്നു. ഇതിനുള്ള പ്രതികാരമായാണ് ഇയാളെ ജീവനോടെ തൊലിയുരിഞ്ഞതെന്നാണ് ലോകമാധ്യമങ്ങൾ പറയുന്നത്. സംഭവം പ്രദേശത്തുനിന്നുള്ള പാർലമെന്റ് അംഗം റുഖിയ നഈൽ സ്ഥിരീകരിച്ചിട്ടുണ്ട്.

ഭർത്താവിന്റെ കൊടിയ പീഡനത്തിനിരയായി മൂക്ക് മുറിഞ്ഞ അഫ്ഗാൻ യുവതിയെ പെട്ടെന്നാരും മറക്കാനിടയില്ല. 2013ൽ ടൈം മാഗസിന്റെ കവർഗേളായി വന്ന ആയിഷ മുഹമ്മദ് സായി. താലിബാൻ ക്രൂരതയുടെ ഭീകരത നിറഞ്ഞ മുഖമാണ് അന്ന് ലോകം ആ ഫോട്ടോയിൽ കണ്ടത്. യുവതിയുടെ മൂക്കും ചെവിയും മുറിച്ചെടുത്തത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഈ സംഭവം കഴിഞ്ഞ് മൂന്ന് വർഷമായെങ്കിലും ആ ചിത്രം ഇന്നും ജനങ്ങളുടെ മനസ്സിൽ മങ്ങാതെ കിടപ്പുണ്ട്..

മൂന്ന് വർഷത്തെ ചികിത്സക്കു ശേഷം കൃത്രിമ മൂക്ക് ഘടിപ്പിച്ച യുവതി വീണ്ടും വാർത്തകളിൽ നിറഞ്ഞു. വാഷിങ്ടണിലെ മേരിലാൻഡ് ഹോസ്പിറ്റലിൽ വച്ചാണ് ഈ 19കാരിക്ക് കൃത്രിമ മൂക്ക് ശസ്ത്രക്രിയ നടത്തിയത്. യുവതിയുടെ നെറ്റിയും മൂക്കുമെല്ലാം ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. ആയിഷയുടെ തൊലിക്ക് ഉള്ളിൽ ഒരു സിലിക്കൺ ഷെൽ വച്ചാണ് പുതിയ ചികിൽസ നടത്തിയതെന്ന് മേരിലാൻഡ് ഹോസ്പിറ്റലിലെ പ്ലാസ്റ്റിക് സർജൻ അറിയിച്ചു. ആ ഷെല്ലിന് ഉള്ളിലേക്ക് ഫൽയിഡ് കടത്തി വിട്ടു മെല്ലെ തൊലി വികസിപ്പിക്കുന്ന ചികിൽസയിലൂടെയാണ് കൃത്രിമ മൂക്ക് സാധ്യമാക്കിയത്. മൂക്കിനു സൗന്ദര്യം നൽകാൻ വേണ്ടി കൂടിയായിരുന്നു ഇങ്ങനെ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കൈത്തണ്ടയിൽ നിന്നും തൊലിയെടുത്തു മുഖത്തും മൂക്കിലും വെച്ച് പിടിപ്പിച്ചു.

പീഡനത്തിന് ഇരയാവുന്ന പെൺകുട്ടികൾ കൂടുതൽ ശക്തരാവണമെന്നാണ് തനിക്ക് ലോകമെമ്പാടുമുള്ള പെൺകുട്ടികളോട് പറയാനുള്ളതെന്ന് ആയിഷ മാധ്യമങ്ങളോട് പറഞ്ഞു. അഫ്ഗാനിസ്താനിലെ അടിച്ചമർത്തപ്പെട്ട സ്ത്രീകളുടെ പ്രതിനിധിയായിട്ടാണ് ലോകം ആയിഷയെ കാണുന്നത്. എല്ലാ ദിവസവും താൻ ഭർത്താവിനാലും അദ്ദേഹത്തിന്റെ കുടുംബത്താലും പീഡിപ്പിക്കപ്പെട്ടിരുന്നു എന്ന് ആയിഷ പറയുന്നു. ഒരു ദിവസം പീഡനം അസഹ്യമായപ്പോൾ മരിക്കണം എന്ന് തീരുമാനിച്ചാണ് വീട് വിട്ട് ഓടി പോയത് എന്നാൽ അവർ തന്നെ പിടിക്കുകയും കൂടുതൽ മർദ്ദനത്തിനിരയാക്കുകയും ചെയ്തതായി ആയിഷ പറഞ്ഞു.

ചാരായവാറ്റുപോലെ ഹെറോയിൻ വാറ്റ്

താലിബാന്റെ , മേൽനോട്ടത്തിലാണ് ഇപ്പോൾ അഫ്ഗാനിൽ വ്യാപകമായി കറുപ്പ് നിർമ്മാണം നടക്കുന്നത്. മലയാളത്തിൽ കറുപ്പ് എന്നും ഇംഗ്ലീഷിൽ ഓപ്പിയം എന്നും ഉർദുവിൽ അഫീം എന്നും പറയുന്ന വസ്തു, കുപ്രസിദ്ധമായ ഒരു ലഹരിപദാർത്ഥമാണ്. ഇതേ ചെടിയിൽ നിന്നാണ് നമ്മൾ പാചകത്തിനുപയോഗിക്കുന്ന കസ്‌കസ് എന്നുപറയുന്ന സാധനം കിട്ടുന്നത്. ഈ ചെടിയുടെ വിത്താണ് കസ്‌കസ്. ഇതേ ചെടിയുടെ പൂക്കൾ കൊഴിഞ്ഞു വീണശേഷം ബാക്കി നിൽക്കുന്ന വിത്തുകളടങ്ങിയിരിക്കുന്ന ഞെട്ടിന്റെ പുറംന്തോടിൽ നിന്ന് ശേഖരിക്കുന്ന കറയിൽ നിന്നാണ് കറുപ്പ് എന്ന ലഹരി വേർതിരിച്ചെടുക്കുന്നത്. അമേരിക്കയെ വളരെയധികം അസ്വസ്ഥമാക്കുന്ന ഒരു മൂല്യവർധിത വസ്തു ഈ ഓപ്പിയം സിറപ്പിൽ നിന്ന് വേർതിരിച്ചെടുക്കാൻ തുടങ്ങിയിട്ടുണ്ട് താലിബാനി ഭീകരവാദികൾ. പേര് നമുക്കൊക്കെ സുപരിചിതമാണിതിന്റെ, ഹെറോയിൻ. അറിയപ്പെടുന്ന ഒരു മയക്കുമരുന്നാണ് ഹെറോയിൻ.

അഫ്ഗാനിസ്ഥാനിലെ താലിബാന്റെ പ്രധാന വരുമാന മാർഗമാണ് കറുപ്പിന്റെ ഉത്പാദനം. ലോകത്ത് ഉപയോഗിക്കപ്പെടുന്ന കറുപ്പിന്റെ 85 ശതമാനവും ഉത്പാദിപ്പിക്കുന്നത് താലിബാൻ നേരിട്ടാണ്. ഓപ്പിയം സിറപ്പ് മറ്റു ലോകരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തുകിട്ടുന്ന പണമുപയോഗിച്ചാണ് താലിബാൻ തങ്ങളുടെ ഭീകരവാദപ്രവർത്തനങ്ങൾക്ക് വേണ്ട ഫണ്ടിങ് കണ്ടെത്തുന്നത്. ഓപ്പിയം സിറപ്പിന്റെയും ഹെറോയിന്റെയും നിർമ്മാണം തടയാൻ വേണ്ടി പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിലൂടെ അമേരിക്ക ചെലവിട്ടിട്ടുള്ളത് എണ്ണൂറു കോടി ഡോളറോളമാണ്. എന്നിട്ടെന്തായി? ഇപ്പോൾ യുദ്ധം തന്നെ വേണ്ടെന്നു വെച്ച് തിരിച്ചുപോരാൻ അമേരിക്കൻ സൈന്യം തയ്യാറെടുക്കുന്ന ഈ വേളയിലും താലിബാനി ഹെറോയിൻ കാർട്ടലുകളുടെ രോമത്തിൽ പോലും തൊടാൻ അമേരിക്കയ്ക്ക് സാധിച്ചിട്ടില്ല.

മുമ്പായിരുന്നെങ്കിൽ ഈ വസ്തുക്കളുടെ കടത്ത് കണ്ടെത്തുക താരതമ്യേന എളുപ്പമായിരുന്നു. കാരണം വലിയ ബാരലുകളിൽ നിറച്ച് ദ്രാവകരൂപത്തിലായിരുന്നു ഓപ്പിയം സിറപ്പ് കടത്തിയിരുന്നത്. എന്നാൽ, കാലം മാറി. താലിബാനി ഭീകരവാദികളും അതിനൊത്ത് മാറി. ഇങ്ങനെ മറ്റുരാജ്യങ്ങൾക്ക് ഓപ്പിയം സിറപ്പ് തുച്ഛമായ വിലയ്ക്ക് വിറ്റഴിക്കുന്നതിൽ ലാഭം കുറവാണ് എന്ന സത്യം അവർ തിരിച്ചറിഞ്ഞു. ഒപ്പം അതിലുള്ള റിസ്‌കും. ഇപ്പോൾ, ഓപ്പിയം സിറപ്പിനെ പ്രോസസ് ചെയ്ത്, അതിൽ നിന്ന് ഹെറോയിൻ എന്ന വിലപിടിപ്പുള്ള മയക്കുമരുന്ന് നിർമ്മിക്കാനുള്ള ഫോർമുല താലിബാൻ തീവ്രവാദികൾ വികസിപ്പിച്ചെടുത്തുകഴിഞ്ഞു. അതോടെ കയറ്റുമതി ചെയ്തിരുന്ന അസംസ്‌കൃത ഓപ്പിയത്തിന്റെ അളവ് പാതിയായി കുറഞ്ഞു. ഒന്നുകിൽ മോർഫിൻ അല്ലെങ്കിൽ ഹെറോയിൻ ആക്കി അതിനെ മാറ്റി കുറേക്കൂടി എളുപ്പത്തിലാണ് ഇന്ന് താലിബാനി ഭീകരവാദികൾ തങ്ങളുടെ ഉത്പന്നം വിൽക്കുന്നത്. ഈ സാങ്കേതികവിദ്യ അവർക്ക് നൽകുന്നത് ചുരുങ്ങിയത് അറുപതു ശതമാനമെങ്കിലും കൂടുതൽ ലാഭമാണ്.

ഗവൺമെന്റിനോട് പോരാടി താലിബാനികൾ പിടിച്ചെടുത്ത പ്രദേശങ്ങൾ പലതും അവർ പ്രയോജനപ്പെടുത്തുന്നത് പോപ്പി വിത്തുകൾ കൃഷിചെയ്യാനാണ്. സാങ്കേതിക വിദ്യയിൽ താലിബാനികൾ നേടിയ മുന്നേറ്റം കാരണം ഇന്ന് അഫ്ഗാനിസ്ഥാനിൽ ചുരുങ്ങിയത് 400-500 ഹെറോയിൻ പ്രോസസിങ് ലാബുകളെങ്കിലുമുണ്ട്. ലാബ് എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് വരിക വളരെ സങ്കീർണ്ണമായ ഉപകരണങ്ങൾ നിറഞ്ഞ, ടെക്‌നീഷ്യന്മാർ കോട്ടും മാസ്‌കും ഒക്കെയിട്ട് ടെസ്റ്റ് ട്യൂബുകളിലും, ബ്യൂററ്റുകളിലും ഒക്കെ രാസവസ്തുക്കൾ കൈകാര്യം ചെയ്യുന്ന എയർ കണ്ടീഷൻഡ് മുറികളാവും. എന്നാൽ താലിബാന്റെ ഹെറോയിൻ ലാബുകൾ അത്രയ്ക്ക് ഹൈട്ടക്ക് അല്ല. ഒരു കൊച്ചു കുടിൽ, ചായ്‌പ്പ് അതുമല്ലെങ്കിൽ ഒരു ഗുഹ ഇതിനുള്ളിൽവെച്ച് ഹെറോയിൻ തയ്യാർ ചെയ്തെടുക്കാവുന്ന ഉപകരണങ്ങളാണ് ഈ ലാബിലുള്ളത്. മിക്‌സിംഗിനായി പത്തുപന്ത്രണ്ടു ബാരലുകൾ. ഓപ്പിയം സിറപ്പിൽ നിന്ന് ഹെറോയിൻ വേർതിരിച്ചെടുക്കുന്ന പ്രക്രിയക്ക് വേണ്ട ചില രാസവസ്തുക്കൾ. വാറ്റിയെടുക്കാൻ വേണ്ട വിറക്. ഒരു പ്രെസ്സിങ് മെഷീൻ, ഒരു ജനറേറ്റർ, അടുത്തുള്ള കുഴൽക്കിണറിൽ നിന്ന് വെള്ളമെടുക്കാൻ ഒരു പമ്പ്. ഇത്രയും ആയാൽ ഒരു ഹെറോയിൻ ലാബ് തയ്യാറായി. മൂന്നാംലോക രാജ്യങ്ങളിലെ ചാരായം വാറ്റുപോലെയാണിതെന്നാണ് ഇവിടം സന്ദർശിച്ച ബിബിസി ലേഖകൻ ചൂണ്ടിക്കാട്ടുന്നത്.

അഫ്ഗാൻ പൊലീസും, അമേരിക്കൻ സ്‌പെഷ്യൽ ഫോഴ്സസും ചേർന്ന് പരമാവധി റെയ്ഡുകൾ നടത്തിയിട്ടുണ്ട്. നശിപ്പിക്കാവുന്നത്ര ലാബുകൾ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, വരുമാനം ഇരട്ടിപ്പിക്കുന്ന ഈ പുതിയ പ്രോസസിങ് ടെക്‌നോളജി മനസ്സിലായതോടെ താലിബാന്റെ മുൻകൈയിൽ കൂണുകൾ പോലെ രാജ്യത്തിന്റെ പലഭാഗത്തും മുളച്ചുപൊന്തിയിട്ടുണ്ട് ഇങ്ങനെയുള്ള ലാബുകൾ. ഇവിടെ നിന്ന് ഏഷ്യയിലെയും, യൂറോപ്പിലെയും, ആഫ്രിക്കയിലെയും അമേരിക്കയിലെയും മറ്റും സപ്ലൈ ചെയിനുകളിലേക്ക് ഇപ്പോൾ നേരിട്ടാണ് ഹെറോയിൻ വിതരണം ചെയ്യപ്പെടുന്നത്. കാനഡയിലെ തെരുവുകളിലെത്തുന്ന ഹെറോയിന്റെ 90 ശതമാനവും, ബ്രിട്ടന്റെ തെരുവുകളെ അക്രമാസക്തമാക്കുന്ന ഹെറോയിന്റെ 85 ശതമാനവും പുറപ്പെടുന്നത് അഫ്ഗാനിസ്ഥാനിലെ താലിബാനി ഹെറോയിൻ ലാബുകളിൽ നിന്നാണ്.

അമേരിക്കൻ സൈന്യം കൂടെയുണ്ടായിരുന്നിട്ടും നിയന്ത്രിക്കാൻ സാധിക്കാതിരുന്ന അനധികൃത ഹെറോയിൻ നിർമ്മാണത്തിന് ഇനി അവർ പൂർണ്ണമായും പിന്മടങ്ങിക്കഴിഞ്ഞ് എങ്ങനെ തടയിടും എന്ന ആശങ്ക അഫ്ഗാനിസ്ഥാൻ ഗവൺമെന്റിനുണ്ട്. അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്‌റഫ് ഗനി പറഞ്ഞത്, 'താലിബാനികൾക്ക് മയക്കുമരുന്ന് ഉത്പാദിപ്പിക്കാൻ അറിയില്ലായിരുന്നു എങ്കിൽ എന്നേ തീരേണ്ട യുദ്ധമാണിത്' എന്നാണ്. ഒപ്പിയത്തിൽ നിന്ന് ഹെറോയിൻ ഉത്പാദിപ്പിച്ചെടുക്കുന്ന സാങ്കേതികവിദ്യ മനസ്സിലാക്കിയത് ഭീകരവാദപ്രവർത്തനങ്ങൾക്ക് പൂർവാധികം ശക്തിയോടെ ഉയിർത്തെഴുന്നേൽക്കാനുള്ള കെൽപ്പ് പകരുന്നുണ്ട്. അതിനെ നേരിടാൻ പ്രദേശത്തെ സർക്കാരിനോ ഭീകരവാദവിരുദ്ധ സേനകൾക്കോ ഒക്കെ എന്തുചെയ്യാൻ സാധിക്കും എന്നത് കാത്തിരുന്ന് കാണാം.

യുഎസ് സൈനിക പിന്മാറ്റത്തിനുശേഷം എന്തു സംഭവിക്കുമെന്ന ആശങ്കകളാണ് അഫ്ഗാനിൽ എങ്ങും. ഇപ്പോൾതന്നെ അഫ്ഗാനിസ്ഥാന്റെ പകുതിയിലേറെ തിരിച്ചുപിടിച്ചു കഴിഞ്ഞിട്ടുള്ള താലിബാൻ കാബൂളിൽ വീണ്ടും അധികാര ത്തിലെത്തുമോയെന്ന ഭയം അവരെ നടുക്കുന്നു. 1996 മുതൽക്കുള്ള അഞ്ചു വർഷത്തെ അവരുടെ ഭരണം ആ വിധത്തിലുള്ളതായിരുന്നു. പാശ്ചാത്യ രാജ്യങ്ങൾക്ക് നേരെ ഇസ്ലാമിക് തീവ്രവാദ സംഘങ്ങളുടെ ആക്രമണം വർധിപ്പിക്കുമെന്ന ഭീതിയും നിലവിലുണ്ട്. 2001ൽ യുഎസ് കടന്നു ചെല്ലുമ്പോൾ താലിബാന്റെ കൈവശമുണ്ടായിരുന്നതിനെക്കാൾ പ്രദേശം ഇപ്പോൾ അവരുടെ കീഴിലുണ്ട്. സൈന്യത്തിന്റെ പിന്മാറ്റം താലിബാന്റെ ശക്തമായ തിരിച്ചുവരവിനും മനുഷ്യാവകാശ ലംഘനങ്ങൾ കൂടുതൽ ശക്തമാകുന്നതിനും കാരണമാകുമെന്ന് ചിലർ ഭയപ്പെടുന്നു. താലിബാൻ തിരിച്ചുവരുന്നത് ആഗോള ഭീകരവാദത്തിന് വളം വെക്കും. രണ്ട അത് ആഗോള മയക്കുമരുന്ന് മാഫിയയെ ശക്തിപ്പെടുത്തുമെന്നതും ഉറപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP