Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഉള്ളുലയ്ക്കുന്ന നിലവിളികളും തേങ്ങലും അടങ്ങുന്നില്ല! കൃപേഷിനും ശരത് ലാലിനും ആയിരങ്ങളുടെ അന്ത്യാഞ്ജലി; കല്യോട്ട് കൂരാങ്കരിയിൽ അടുത്തടുത്ത് ഇരുവർക്കും അന്ത്യവിശ്രമം; വിലാപയാത്രയ്ക്കിടെ പരക്കെ അക്രമം; എകെജി ഭവനും സിപിഎം പ്രവർത്തകരുടെ വീടുകൾക്ക് നേരേയും ആക്രമണം; സംഘർഷം നിയന്ത്രിക്കാൻ വൻപൊലീസ് സന്നാഹം; യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകം ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി; കുറ്റവാളികൾക്കെതിരെ ശക്തമായി നടപടി സ്വീകരിക്കുമെന്ന് പിണറായി വിജയൻ

ഉള്ളുലയ്ക്കുന്ന നിലവിളികളും തേങ്ങലും അടങ്ങുന്നില്ല! കൃപേഷിനും ശരത് ലാലിനും ആയിരങ്ങളുടെ അന്ത്യാഞ്ജലി; കല്യോട്ട് കൂരാങ്കരിയിൽ അടുത്തടുത്ത് ഇരുവർക്കും അന്ത്യവിശ്രമം; വിലാപയാത്രയ്ക്കിടെ പരക്കെ അക്രമം; എകെജി ഭവനും സിപിഎം പ്രവർത്തകരുടെ വീടുകൾക്ക് നേരേയും ആക്രമണം; സംഘർഷം നിയന്ത്രിക്കാൻ വൻപൊലീസ് സന്നാഹം; യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകം ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി; കുറ്റവാളികൾക്കെതിരെ ശക്തമായി നടപടി സ്വീകരിക്കുമെന്ന് പിണറായി വിജയൻ

രഞ്ജിത്ത് ബാബു

 കാസർഗോഡ്: ആയിരങ്ങളുടെ അന്ത്യാഞ്ജലി ഏറ്റുവാങ്ങി യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരായിരുന്ന ശരത്ത് ലാലിന്റേയും കൃപേഷിന്റേയും മൃതശരീരങ്ങൾ ജന്മനാടായ പെരിയ കല്യോട്ട് സംസ്‌ക്കരിച്ചു. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും പോസ്റ്റുമോർട്ടത്തിന് ശേഷം കോൺഗ്രസ്സ് വർക്കിങ് പ്രസിഡണ്ടുമാരായ കെ.സുധാകരന്റേയും കൊടിക്കുന്നിൽ സുരേഷിന്റേയും നേതൃത്വത്തിൽ മൃതദേഹങ്ങൾ ഏറ്റുവാങ്ങി. വിലാപയാത്രയായി കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂരിലും ചെറുവത്തൂർ മയ്യീച്ചയിലും നീലേശ്വരത്തും മൃതദേഹങ്ങൾ പൊതു ദർശനത്തിന് വെച്ചു. കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനത്തിലെത്തിച്ചപ്പോഴേക്കും ആയിരങ്ങളാണ് യുവ പ്രവർത്തകർക്ക് അന്തിമാഞ്ജലി അർപ്പിക്കാനെത്തിയത്. യു.ഡി.എഫ് പ്രവർത്തകരുടേയും നേതാക്കളുടേയും ബാഹുല്യം കാരണം മൃതദേഹങ്ങൾ താഴെയിറക്കാനായില്ല. മൃതദേഹത്തിൽ ആബുലൻസിൽ കയറിയാണ് റീത്തുകൾ അർപ്പിച്ചത്.

തുടർന്ന് ശരത്ത് ലാലിന്റേയും കൃപേഷിന്റേയും പ്രവർത്തന മേഖലയായ പെരിയയിൽ മൃതദേഹങ്ങൾ എത്തിച്ചു. കണ്ണീർ തൂകിയാണ് ആയിരങ്ങൾ ആദരാഞ്ജലികളർപ്പിക്കാൻ ഇവിടെ എത്തിയത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പ്രാദേശിക നേതാക്കൾ ഉൾപ്പെടെയുള്ളവർ ഏറെ പാടുപെടേണ്ടി വന്നു. പെരിയ ഇന്ദിര ഭവനിൽ പൊതു ദർശനത്തിന് വെച്ച മൃതദേഹം കാണാൻ വേണ്ടി നാടിന്റെ നാനാ ഭാഗത്തു നിന്നും സ്ത്രീ പുരുഷ ഭേദമെന്യേ ജനങ്ങൾ എത്തിയിരുന്നു. ഇരുവരുടേയും വീടുകളിൽ മൃതദേഹങ്ങൾ എത്തിച്ചപ്പോൾ കരച്ചിലടക്കാനാവാതെ മാതാപിതാക്കളും ബന്ധുക്കളും വിങ്ങിപ്പൊട്ടുകയായിരുന്നു.

ഇരുവരുടെയും വീടുകളിൽ വെച്ച ശേഷം അവസാനം കല്ല്യോട്ട് ഭജനമഠത്തിനടുത്ത് ഇരുവർക്കും ചിതയൊരുക്കുകയായിരുന്നു. കോൺഗ്രസ്, യു.ഡി.എഫ് നേതാക്കളായ രമേശ് ചെന്നിത്തല, മുല്ലപള്ളി രാമചന്ദ്രൻ, കെ.സി. ജോസഫ്, കെ.സി വേണുഗോപാൽ, ശബരിനാഥ്, ഷാഫി പറമ്പിൽ, എൻ.എ നെല്ലിക്കുന്ന്, അൻവർ സാദാത്ത്, കെ.പി. അനിൽകുമാർ, കെ. സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്,എം.സി ഖമറുദ്ദീൻ, രാജ് മോഹൻ ഉണ്ണിത്താൻ, ഷാനി മോൾ ഉസ്മാൻ, എം.കെ. രാഘവൻ എംപി, കെ.എസ്.യു സ്ംസ്ഥാന പ്രസിഡന്റ് അഭിജിത്ത്, യൂത്ത്് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് തുടങ്ങിയവരും അന്തിമോപചാരമർപ്പിക്കാനെത്തിയിരുന്നു.

യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരുടെ കൊലപാതകത്തെ തുടർന്ന് സിപിഎം. ലോക്കൽ കമ്മിറ്റി അംഗം പീതാംബരനു നേരെ സംശയത്തിന്റെ മുൾമുനകൾ ഉയർന്നിട്ടുണ്ട്. പീതാംബരൻ ഒളിവിൽ പോയതായാണ് വിവരം. നേരത്തെ കസ്റ്റഡിയിലെടുത്ത രണ്ട് പേരെ ചോദ്യം ചെയ്ത് വരികയാണ്.

അതേസമയം, മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്കിടെ പരക്കെ അക്രമമുണ്ടായി. വിലാപയാത്ര കടന്നു പോയ വഴികളിലെ കടകൾ ഒരു സംഘം ആളുകൾ അടിച്ചു തകർത്തു. ഒരു ഫർണീച്ചർ കടയ്ക്ക് സംഘം തീയിടുകയും ചെയ്തു. വിലാപയാത്ര കടന്നു പോയതിനു പിന്നാലെയാണ് അക്രമം ഉടലെടുത്തത്. നൂറുകണക്കിന് ആളുകളാണ് വിലാപയാത്രയെ അനുഗമിച്ചത്. പെരിയ ബസാറിൽ എ കെ ജി ഭവൻ തീയിട്ടു നശിപ്പിച്ചു. ഗ്രന്ഥശാല പൂർണമായും കത്തി നശിച്ചു. തൊട്ടടുത്തുള്ള വനിതാ സർവീസ് സഹകരണ സംഘത്തിന്റെ ഓഫീസിനു നേരെയും അക്രമം ഉണ്ടായി. പ്രദേശത്തെ നാല് സിപിഎം പ്രവർത്തകരുടെ വീടുകൾക്ക് നേരെയും ആക്രമണം നടന്നു. വാഹനങ്ങളും അടിച്ചു തകർത്തു. സ്ഥലത്ത് വൻ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. സംഘർഷത്തിന് അയവ് ഉണ്ടായില്ലെങ്കിൽ 144 പ്രഖ്യാപിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

കാസർകോട് പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകം അത്യന്തം ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കുറ്റവാളികൾക്കെതിരെ ശക്തമായി നടപടി സ്വീകരിക്കും. പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നിർദ്ദേശം നൽകി. ഊർജിതമായ അന്വേഷണം നടത്തണമെന്നും പൊലീസിനോട് പിണറായി ആവശ്യപ്പെട്ടു.

അതേസമയം, കാസർകോട് പെരിയയിലെ ഇരട്ടക്കൊലപാതകത്തിൽ രണ്ട് സിപിഎം അനുഭാവികൾ കസ്റ്റഡിയിൽ. കൃപേഷിനെ ഭീഷണിപ്പെടുത്തിയവരെയും വൈരാഗ്യമുണ്ടായിരുന്ന സിപിഎം പ്രവർത്തകരെയും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കൊലയാളികൾ അതിർത്തി കടന്നെന്ന സംശയത്തെ തുടർന്ന് കർണാടക പൊലീസിന്റെ സഹായം തേടിയതിനൊപ്പം അന്വേഷണസംഘം വിപുലീകരിക്കുകയും ചെയ്തു

രാഷ്ട്രീയ കൊലപാതകമെന്നും പിന്നിൽ സിപിഎം എന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് പ്രാദേശിക സിപിഎം പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നത്. കൊലനടന്ന പ്രദേശത്തിന് സമീപത്ത് നിന്ന് രണ്ട് ബൈക്കുകളും മൊബൈലുകളും കണ്ടെടുത്തു. നിലവിൽ കസ്റ്റഡിയിലുള്ളവരുടേതാണ് ഈ ബൈക്കെന്നാണ് സൂചന.

അങ്ങിനെയെങ്കിൽ ഇവർക്ക് കൊലയിൽ പങ്കോ അറിവോ ഉണ്ടെന്നാണ് സംശയം. കൃപേഷിന്റെയും ശരത് ലാലിന്റെയും മൊബൈലിലേക്ക് 12 മണിക്കൂറിനിടെയെത്തിയ ഫോൺവിളികളും പരിശോധിച്ച് വരികയാണ്. കൊലയിലേക്ക് നയിച്ച കാരണമെന്ന നിലയിൽ രണ്ട് സാഹചര്യങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്. ഒന്ന് കഴിഞ്ഞ ഫെബ്രൂവരി ജൂലൈ മാസങ്ങളിൽ പ്രാദേശിക സിപിഎം പ്രവർത്തകരായ നിധിൻ, അരുണേഷ്, നീരജ് എന്നിവർ സമൂഹമാധ്യമങ്ങളിലൂടെ കൃപേഷിന് വധഭീഷണി മുഴക്കിയത്.

കൃപേഷ് പരാതിയിൽ കേസെടുത്ത ഇവർ ഇപ്പോഴും നിരീക്ഷണത്തിലാണ്. ജനുവരി 5, 6 തീയതികളിൽ സിപിഎം നിയന്ത്രണത്തിലെ ക്ലബ് ആക്രമിച്ചതിനും പീതാംബരൻ എന്നയാളെ ആക്രമിച്ചതിനും കൃപേഷിനും ശരതിനുമെതിരെ കേസുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യം കൊലയിൽ കലാശിച്ചോയെന്നതാണ് മറ്റൊരു സംശയം.

കൊലയാളി സംഘം കർണാടക അതിർത്തി ഗ്രാമങ്ങളിലേക്ക് കടന്നിരിക്കാമെന്ന വിലയിരുത്തലിൽ അന്വേഷണത്തിന് കർണാടക പൊലീസിന്റെ സഹായം ഡി.ജി.പി തേടി. ജില്ലാ ക്രൈംബ്രാഞ്ചിനെ ഉൾപ്പെടുത്തി അന്വേഷണസംഘം വിപുലീകരിച്ചു. ഡിവൈ.എസ്‌പി എം. പത്മകുമാറിന്റെ നേതൃത്വത്തിലാണ് സംഘം. എ.ഡി.ജി.പി അനിൽ കാന്ത് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും കാസർകോഡ് ക്യാംപ് ചെയ്യുന്നതായും ഡി.ജി.പി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP