Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മൂന്നുവർഷം പ്രണയിച്ചശേഷം വിവാഹം കഴിച്ചിട്ട് വെറും മൂന്നുമാസം; വിമാനത്തിൽ കയറിയുടൻ ഭർത്താവിന് എസ്.എം.എസ്. അയച്ചു; മറുപടിക്ക് മുമ്പ് മരണത്തിന്റെ ആഴത്തിലേക്ക് വീണുപോയി; നയ്‌റോബിയിൽ അപകടത്തിൽപ്പെട്ട വിമാനത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരിയായ യു.എൻ ഉദ്യോഗസ്ഥ ശിഖയുടെ ജീവിതകഥ സങ്കടത്തോടെ ഏറ്റുപാടി ലോകമാധ്യമങ്ങൾ

മൂന്നുവർഷം പ്രണയിച്ചശേഷം വിവാഹം കഴിച്ചിട്ട് വെറും മൂന്നുമാസം; വിമാനത്തിൽ കയറിയുടൻ ഭർത്താവിന് എസ്.എം.എസ്. അയച്ചു; മറുപടിക്ക് മുമ്പ് മരണത്തിന്റെ ആഴത്തിലേക്ക് വീണുപോയി; നയ്‌റോബിയിൽ അപകടത്തിൽപ്പെട്ട വിമാനത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരിയായ യു.എൻ ഉദ്യോഗസ്ഥ ശിഖയുടെ ജീവിതകഥ സങ്കടത്തോടെ ഏറ്റുപാടി ലോകമാധ്യമങ്ങൾ

മറുനാടൻ ഡെസ്‌ക്‌

നയ്‌റോബി: എത്യോപ്യയിൽ തകർന്നുവീണ ബോയിങ് വിമാനത്തിനൊപ്പം കത്തിയമർന്നത് ഒട്ടേറെപ്പേരുടെ സ്വപ്‌നങ്ങൾകൂടിയാണ്. അക്കൂട്ടത്തിൽ യു.എന്നിൽ ഉദ്യോഗസ്ഥയായ ശിഖ ഗാർഗുമുണ്ടായിരുന്നു. മൂന്നുവർഷത്തോളം പ്രണയിച്ചശേഷം മൂന്നുമാസം മുമ്പ് വിവാഹം കഴിച്ച ശിഖ, വിമാനത്തിൽക്കയറിയശേഷം ആദ്യം ചെയ്തത് ഭർത്താവ് സൗമ്യ ഭട്ടാചാര്യക്ക് മെസ്സേജ് അയക്കുകയായിരുന്നു. വിമാനമിറങ്ങിയിട്ട് വിളിക്കാമെന്ന ശിഖയുടെ സന്ദേശത്തിന് മറുപടി അയക്കാൻ സൗമ്യക്ക് സാധിക്കുന്നതിന് മുന്നെ, വിമാനവും അവരുടെ സ്വപ്‌നങ്ങളും കത്തിയമർന്നു.

കെനിയയിലെ നയ്‌റോബിയിൽ യു.എൻ. യോഗത്തിനുപോകുന്നതിനുവേണ്ടിയാണ് ശിഖ ദുരന്തത്തിൽപ്പെട്ട വിമാനത്തിൽ യാത്ര ചെയ്തത്. സൗമ്യയും ശിഖയ്‌ക്കൊപ്പം നയ്‌റോബിയിലേക്ക് പോകാനിരുന്നതായിരുന്നു. അവസാന നിമിഷം യാത്രാപദ്ധതികൾ മാറ്റിവെച്ചതോടെ, സൗമ്യ ന്യൂഡൽഹിയിൽത്തന്നെ തങ്ങി. മറ്റൊരു യോഗത്തിൽ പങ്കെടുക്കേണ്ടതിനാൽ ടിക്കറ്റ് ക്യാൻസൽ ചെയ്യുകയായിരുന്നുവെന്ന് സൗമ്യ പറഞ്ഞു.

'ഞാൻ വിമാനത്തിൽക്കയറി, ലാൻഡ് ചെയ്തശേഷം വിളിക്കാം'- എന്നായിരുന്നു ശിഖയുടെ സന്ദേശം. അതിന് മറുപടി അയക്കാൻ സാധിക്കുന്നതിന് മുന്നെ, വിമാനദുരന്തത്തിന്റെ വാർത്ത സൗമ്യയുടെ ഫോണിലെത്തി. ശിഖ നയ്‌റോബിയിൽനിന്ന് തിരിച്ചെത്തിയശേഷം മധുവിധു ആഘോഷിക്കാൻ പോകാനിരിക്കുകയായിരുന്നു ഇരുവരും. യു.എന്നിന്റെ പരിസ്ഥിതി സമ്മേളനത്തിൽ പങ്കെടുക്കുന്നതിനുവേണ്ടിയാണ് ശിഖ നയ്‌റോബിയിലേക്ക് പോയത്.

ഇന്ത്യൻ പരിസ്ഥിതി മന്ത്രാലയത്തിന്റെ കൺസൾട്ടന്റായ ശിഖ 2015-ലെ പാരീസ് കാലാവസ്ഥാ ഉടമ്പടിക്കായുള്ള ചർച്ചകളിലും പങ്കെടുത്തിരുന്നു. കരിയറിന്റെ ഔന്നത്യത്തിൽനിൽക്കെയാണ് ശിഖയെ വിമാനദുരന്തത്തിന്റെ രൂപത്തിൽ മരണം കൂട്ടിക്കൊണ്ടുപോയത്. ശിഖയുടെ കുടുംബാംഗങ്ങളെ വിളിച്ച് കഴിഞ്ഞദിവസം വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അനുശോചനം രേഖപ്പെടുത്തിയിരുന്നു.

എത്യോപ്യയിലെ അഡിസ് അബാബയിൽനിന്ന് ഞായറാഴ്ച പുലർച്ച പറന്നുയർന്നയുടെനെയാണ് ബോയിങ് 737 മാക്‌സ് എട്ട് വിമാനം ദുരന്തത്തിൽപ്പെട്ടത്. 35 രാജ്യങ്ങളിൽനിന്നുള്ളവർ വിമാനത്തിൽ യാത്രക്കാരായുണ്ടായിരുന്നു. ബോയിങ് 737 മാക്‌സ് എട്ട് വിമാനത്തിന്റെ സുരക്ഷയെക്കുറിച്ചും ഈ അപകടം ചോദ്യങ്ങളുയർത്തിയിരുന്നു. ഒക്ടോബറിൽ ഇൻഡോനേഷ്യയിൽ തകർന്നുവീണ ലയൺ എയർ വിമാനവും ബോയിങ് 737 മാക്‌സ് എട്ട് വിഭാഗത്തിൽപ്പെട്ടതായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP