Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അന്ന് കുർബാനയിൽ വിശ്വാസികളുടെ പ്രാർത്ഥനകളിലൊന്ന് ചൊല്ലിയത് മലയാളത്തിൽ; രണ്ടു കർദിനാൾമാരെ വാഴിച്ച് കേരളസഭയ്ക്ക് വത്തിക്കാനിൽ പ്രാതിനിധ്യം ഉറപ്പാക്കി; പുതുതലമുറയുമായി സംവദിച്ചത് ട്വിറ്റർ അടക്കമുള്ള സമൂഹ മാധ്യമങ്ങളിലൂടെ; ബെനഡിക്ട് പതിനാറാമന്റെ സംസ്‌കാരം വ്യാഴാഴ്ച

അന്ന് കുർബാനയിൽ വിശ്വാസികളുടെ പ്രാർത്ഥനകളിലൊന്ന് ചൊല്ലിയത് മലയാളത്തിൽ; രണ്ടു കർദിനാൾമാരെ വാഴിച്ച് കേരളസഭയ്ക്ക് വത്തിക്കാനിൽ പ്രാതിനിധ്യം ഉറപ്പാക്കി;  പുതുതലമുറയുമായി സംവദിച്ചത്  ട്വിറ്റർ അടക്കമുള്ള സമൂഹ മാധ്യമങ്ങളിലൂടെ;  ബെനഡിക്ട് പതിനാറാമന്റെ സംസ്‌കാരം വ്യാഴാഴ്ച

മറുനാടൻ മലയാളി ബ്യൂറോ

വത്തിക്കാൻ സിറ്റി: കാലംചെയ്ത പോപ്പ് എമിരറ്റ്സ് ബനഡിക്ട് പതിനാറാമന്റെ സംസ്‌കാരച്ചടങ്ങുകൾ വ്യാഴാഴ്ച നടക്കും. ഇതിന് മുന്നോടിയായി അദ്ദേഹത്തിന്റെ ഭൗതിക ശരീരം സെയ്ന്റ് പീറ്റേഴ്സ് ബസിലിക്കയിൽ തിങ്കളാഴ്ച മുതൽ പൊതുദർശനത്തിന് വെക്കും. റോമിലെ സെയ്ന്റ് പീറ്റേഴ്സ് സ്‌ക്വയറിൽ നടക്കുന്ന സംസ്‌കാരച്ചടങ്ങിന് ഫ്രാൻസിസ് മാർപാപ്പ നേതൃത്വം നൽകുമെന്നാണ് വത്തിക്കാൻ വക്താവ് അറിയിച്ചിട്ടുള്ളത്.

ശനിയാഴ്ച പ്രാദേശികസമയം 9.34-നാണ് വത്തിക്കാനിലെ മേറ്റർ എക്ലീസിയാ മൊണാസ്ട്രിയിൽവെച്ച് ബനഡിക്ട് പതിനാറാമൻ കാലം ചെയ്തത്. 2005 മുതൽ 2013 വരെ മാർപാപ്പയായിരുന്ന ബനഡിക്ട് പതിനാറാമൻ 2013 ഫെബ്രുവരി 28-നാണ് സ്ഥാനം രാജിവെച്ചത്.

ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ പിൻഗാമിയായി 2005 ഏപ്രിൽ 19 ന് സ്ഥാനമേറ്റ അദ്ദേഹം അനാരോഗ്യം മൂലം 2013 ഫെബ്രുവരി 28 ന് സ്ഥാനത്യാഗം ചെയ്തിരുന്നു. തുടർന്ന് പോപ് എമെരിറ്റസ് എന്ന പദവിയിൽ വത്തിക്കാൻ ഗാർഡൻസിലെ വസതിയിൽ വിശ്രമജീവിതത്തിലായിരുന്നു അദ്ദേഹം. ആറു നൂറ്റാണ്ടുകൾക്കുള്ളിൽ ആദ്യമായായിരുന്നു ഒരു മാർപാപ്പയുടെ സ്ഥാനത്യാഗം.

ജർമൻ പൗരനായ കർദ്ദിനാൾ ജോസഫ് റാറ്റ്സിങ്ങറാണ് ബനഡിക്ട് പതിനാറാമൻ എന്ന സ്ഥാനപ്പേരിൽ മാർപാപ്പയായത്. ഒരേസമയം, യാഥാസ്ഥിതികനും പുരോഗമനവാദിയുമായ മാർപാപ്പ എന്നറിയപ്പെട്ട ബനഡിക്ട് പതിനാറാമൻ ധാർമികതയുടെ കാവലാൾ എന്നും വിശേഷിപ്പിക്കപ്പെട്ടിരുന്നു.

നിലപാടുകളുടെ കാർക്കശ്യം കൊണ്ട് പലപ്പോഴും വിമർശിക്കപ്പെട്ടിട്ടുണ്ട് ബനഡിക്ട് പതിനാറാമൻ. സ്ത്രീകൾ വൈദികരാകുന്നതിനും ഗർഭച്ഛിദ്രത്തിനും വിവാഹേതര ബന്ധങ്ങൾക്കുമെതിരെ അദ്ദേഹം ശക്തമായിത്തന്നെ നിലപാടെടുത്തിരുന്നു. കൃത്രിമ ഗർഭധാരണ മാർഗങ്ങൾ ഉപേക്ഷിക്കണമെന്നു വിശ്വാസികളോട് ആഹ്വാനം ചെയ്ത അദ്ദേഹം, അതേസമയം പുതുതലമുറയുമായി സംവദിക്കാൻ ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങളും ഉപയോഗിച്ചു. ക്യൂബയിൽ ഫിഡൽ കാസ്‌ട്രോയെ സന്ദർശിച്ചതിനെ 'വിപ്ലവകരം' എന്നാണ് രാജ്യാന്തര നിരീക്ഷകരും മാധ്യമങ്ങളും അടക്കം വിലയിരുത്തിയത്.

ഭാരതസഭയിലെ ആദ്യവിശുദ്ധയായി സിസ്റ്റർ അൽഫോൻസാമ്മയെ നാമകരണം ചെയ്തത് ബനഡിക്ട് പതിനാറാമൻ മാർപാപ്പയായിരുന്നു. സിറോ മലബാർ സഭയിലും സിറോ മലങ്കര സഭയിലും രണ്ടു കർദിനാൾമാരെ വാഴിച്ചുകൊണ്ട് കേരളസഭയ്ക്കു വത്തിക്കാനിൽ ഉചിതമായ പ്രാതിനിധ്യവും നൽകി.

ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ ദൈവശാസ്ത്ര പരിജ്ഞാനത്തിന്റെ അലകൾ മലയാളംവരെ എത്തിയിരുന്നുവെന്ന് വത്തിക്കാൻ റേഡിയോ മലയാളവിഭാഗം മേധാവിയായിരുന്ന ഫാദർ വില്യം നെല്ലിക്കൽ പറയുന്നു. മാർപാപ്പയ്‌ക്കൊപ്പം വത്തിക്കാനിൽ പ്രവർത്തിച്ചിരുന്നത് അനുഗ്രഹമായി കാണുകയാണ് ഈ വൈദികൻ.

2010ൽ കുർബാനയ്ക്കിടെ വിശ്വാസികളുടെ പ്രാർത്ഥനകളിലൊന്ന് മാർപാപ്പ ചൊല്ലിയതു മലയാളത്തിലായിരുന്നു. വത്തിക്കാൻ റേഡിയോ മലയാളവിഭാഗം മേധാവിയായിരുന്ന ഫാ. വില്യം നെല്ലിക്കലാണ് പ്രാർത്ഥന തയാറാക്കിയത്. നേരിൽ സംസാരിക്കാൻ അവസരം കിട്ടിയപ്പോഴും ഭാരതത്തോടുള്ള അടുപ്പം മാർപ്പാപ്പ പ്രകടിപ്പിച്ചു.

ഇതേ കാലത്ത് റാറ്റ്‌സിങ്ങർ ഫൗണ്ടേഷനും വത്തിക്കാൻ മാധ്യമ വിഭാഗവും ചേർന്ന് ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ കൃതികളുടെ പ്രദർശനമൊരുക്കി. ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ കാലത്ത് കത്തോലിക്കാ സഭാപത്രം ഒസർവത്താരോ റൊമാനോയുടെ മലയാളം പതിപ്പിറക്കിയത് ഫാ. വില്യമാണ്.

1927 ഏപ്രിൽ 16നു ജർമനിയിലെ ബവേറി പ്രവിശ്യയിലെ മാർക്ക്ത്തലിൽ പൊലീസ് ഓഫിസറായ ജോസഫ് റാറ്റ്സിങ്ങർ സീനിയറിന്റെയും മരിയയുടെയും മൂന്നാമത്തെ മകനായാണ് ജോസഫ് റാറ്റ്‌സിങ്ങർ ജനിച്ചത്. 14 വയസ്സുള്ളപ്പോൾ 1941 ൽ ഹിറ്റ്ലറുടെ യുവസൈന്യത്തിൽ ചേർക്കപ്പെട്ടെങ്കിലും സജീവമായി പ്രവർത്തിച്ചില്ല. 1945 ൽ സഹോദരൻ ജോർജ് റാറ്റ്സിങ്ങറിനൊപ്പം കത്തോലിക്കാ സെമിനാരിയിൽ ചേർന്നു. 1951 ജൂൺ 29 നു വൈദികനായി. 1977 ൽ മ്യൂണിക്കിലെ ആർച്ച്ബിഷപ്പായി.

1980 ൽ ബിഷപ്പുമാരുടെ സിനഡുകളിൽ മാർപാപ്പ അവതരിപ്പിക്കേണ്ട റിപ്പോർട്ടുകൾ തയാറാക്കുന്ന ചുമതല ലഭിച്ചു. 1981 നവംബർ 25നു 'ഡൊക്ട്രിൻ ഓഫ് ഫെയ്ത്' സമൂഹത്തിന്റെ പ്രിഫെക്ടായി ചുമതലയേറ്റു. 2002 ൽ കർദിനാൾ തിരുസംഘത്തിന്റെ ഡീൻ ആയി. ജർമനിയിലെ ഓസ്റ്റിയ ആർച്ച് ബിഷപ്പായിരിക്കെ, വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ പിൻഗാമിയായി 2005 ഏപ്രിൽ 19 നു മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. ജോസഫ് റാറ്റ്സിങ്ങർ എന്ന പേര് ഉപേക്ഷിച്ചു ബനഡിക്ട് പതിനാറാമൻ എന്ന പേരു സ്വീകരിച്ചു. 2013 ഫെബ്രുവരി 28നു സ്ഥാനത്യാഗം ചെയ്തു.

കാലഘട്ടത്തിന്റെ വെല്ലുവിളികൾ നേരിടാൻ അടിസ്ഥാന ക്രൈസ്തവ മൂല്യങ്ങളിലേക്കും പ്രാർത്ഥനയിലേക്കും തിരിച്ചുവരണമെന്നാണ് സഭാ തലവനായിരുന്ന സമയത്ത് ബെനഡിക്ട് പതിനാറാമൻ കത്തോലിക്കാ സമൂഹത്തെ ഉദ്ബോധിപ്പിച്ചത്.

ജോൺ പോൾ രണ്ടാമന്റെ അടുത്ത സഹായിയായിരുന്ന അദ്ദേഹം മാർപാപ്പയാകുന്നതിനുമുമ്പ്് രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ദൈവശാസ്ത്ര ഉപദേഷ്ടകൻ, മ്യൂണിക് ആൻഡ് ഫ്രയ്സിങ് അതിരൂപതാ മെത്രാപ്പൊലീത്ത, കർദിനാൾ, വിശ്വാസ തിരുസംഘത്തിന്റെ തലവൻ, കർദിനാൾ സംഘത്തിന്റെ ഡീൻ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. ദൈവശാസ്ത്ര താത്ത്വിക-ധാർമിക മേഖലകളിൽ 160 ഗ്രന്ഥങ്ങളുടെ രചയിതാവാണ്.

കൗമാരത്തിൽത്തന്നെ ഹിറ്റ്ലറുടെ യുവസൈന്യത്തിൽ നിർബന്ധപൂർവം ചേർക്കപ്പെട്ട അദ്ദേഹം നാത്സി സൈന്യത്തിന്റെ കോൺസൻട്രേഷൻ ക്യാംപുകളിൽ യഹൂദർ അനുഭവിച്ച പീഡനങ്ങൾക്കു സാക്ഷിയായി. അതിന്റെ വേദനയാണ് അദ്ദേഹത്തെ ദൈവവഴിയിലേക്കു നയിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP