Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കള്ളുഷാപ്പിൽ ജോലി; ഒഴിവു സമയങ്ങളിലെല്ലാം പശ്ചിമഘട്ട മലനിരകളിലേക്ക് ഒറ്റയ്ക്കും കൂട്ടായുമുള്ള യാത്രകൾ നടത്തിയത് പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാൻ; വാൽപ്പാറയിൽ എത്തിയപ്പോൾ ആത്മഹത്യാ കുറിപ്പ് തയ്യാറാക്കി; വീട്ടിലെത്തി കഴിച്ചത് തെങ്ങിനുള്ള കീടനാശിനി; ബഫർസോൺ ചർച്ചകൾക്കിടെ 'പോറ്റമ്മയ്ക്ക്' വേണ്ടി രക്തസാക്ഷിത്വം വരിച്ച് ജയപാലൻ; നെല്ലിയാമ്പതിയുടെ സംരക്ഷകൻ മായുമ്പോൾ

കള്ളുഷാപ്പിൽ ജോലി; ഒഴിവു സമയങ്ങളിലെല്ലാം പശ്ചിമഘട്ട മലനിരകളിലേക്ക് ഒറ്റയ്ക്കും കൂട്ടായുമുള്ള യാത്രകൾ നടത്തിയത് പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാൻ; വാൽപ്പാറയിൽ എത്തിയപ്പോൾ ആത്മഹത്യാ കുറിപ്പ് തയ്യാറാക്കി; വീട്ടിലെത്തി കഴിച്ചത് തെങ്ങിനുള്ള കീടനാശിനി; ബഫർസോൺ ചർച്ചകൾക്കിടെ 'പോറ്റമ്മയ്ക്ക്' വേണ്ടി രക്തസാക്ഷിത്വം വരിച്ച് ജയപാലൻ; നെല്ലിയാമ്പതിയുടെ സംരക്ഷകൻ മായുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: ബഫർസോണിലെ കർഷക ആശങ്കകൾ ചർച്ചയാകുമ്പോൾ പശ്ചിമഘട്ട മലനിരകളെ പോറ്റമ്മയായി കരുതണമെന്നും സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ആത്മഹത്യാ കുറിപ്പെഴുതി സമൂഹ മാധ്യമങ്ങളിലൂടെ സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്ത് പരിസ്ഥിതി പ്രവർത്തകൻ ജീവനൊടുക്കിയത് ചർച്ചകൾക്ക് പുതിയ തലം നൽകുന്നു. നല്ലേപ്പിള്ളി അഞ്ചാം മൈൽ അയ്യാവുചള്ള പരേതനായ വേലായുധന്റെ മകൻ കെ.വി.ജയപാലൻ (53) ആണ് ഇന്നലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ലോക പൈതൃക പട്ടികയിൽ ഇടം നേടിയ പശ്ചിമഘട്ട മലനിരകളെ സംരക്ഷിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഉൾപ്പെടുത്തണമെന്നും അതു നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാക്കി മാറ്റണമെന്നും ജയപാലൻ ആത്മഹത്യാ കുറിപ്പിൽ പറയുന്നു.

''പശ്ചിമഘട്ടമലനിരകളിൽ മാലിന്യം വലിച്ചെറിയുന്നവർ ഒന്നോർക്കുക, അമ്മയുടെ മുഖത്ത് ചവിട്ടുന്നതിന് സമമാണിത്''-വിനോദസഞ്ചാരകേന്ദ്രങ്ങളിലെ മാലിന്യനിക്ഷേപത്തിനെതിരേ കെ.വി. ജയപാലന്റെ ഉറച്ച ശബ്ദമായിരുന്നു അത്. ''സ്വന്തം അമ്മ കഴിഞ്ഞാൽ തന്റെ മറ്റൊരമ്മ പശ്ചിമഘട്ടമാണ്'' എന്ന് വാക്കിലും പ്രവൃത്തിയിലും തെളിയിച്ച പരിസ്ഥിതിപ്രവർത്തകനായിരുന്നു ജയപാലൻ. മരിക്കുന്നതിനുമുമ്പ് തയ്യാറാക്കിയ കുറിപ്പിലും ജയപാലൻ ആഹ്വാനം ചെയ്തത് പശ്ചിമഘട്ടസംരക്ഷണത്തിനായി അണിചേരാനായിരുന്നു. ഒരു സമരമുറയെന്ന രീതിയിൽ താൻ തിരഞ്ഞെടുക്കുന്ന ഈ മാർഗം, പശ്ചിമഘട്ടത്തിനായുള്ള മുറവിളി കേൾക്കേണ്ടവരുടെ കാതിലെത്തണമെന്നും ജയപാലൻ കുറിപ്പിൽ പറയുന്നു.

'ഗ്രീനറി ഗാർഡ്‌സ് ഓഫ് ഇന്ത്യ' എന്ന പരിസ്ഥിതി സംഘടനയുടെ സ്ഥാപകനാണു ജയപാലൻ. പശ്ചിമഘട്ടസംരക്ഷണത്തിനായി താൻ നടത്തിയ നിരന്തരയാത്രകളും ശുചീകരണപ്രവർത്തനങ്ങളും ലക്ഷ്യത്തിലെത്തിക്കാനാണ് ജീവനൊടുക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് ആത്മഹത്യാക്കുറിപ്പ്. അവസാനം സന്ദർശിച്ച വാൽപ്പാറ അക്കാമല പുല്ലുമേട്ടിൽവച്ചാണ് മൊബൈൽ ഫോണിൽ കുറിപ്പ് തയ്യാറാക്കിയത്. ഇതിനുശേഷം വെള്ളിയാഴ്ച വീട്ടിൽ തിരിച്ചെത്തി ഉച്ചയോടെ വിഷം കഴിക്കുകയായിരുന്നു. വാൽപ്പാറയിൽ വച്ച് എന്താണ് സംഭവിച്ചതെന്ന് പൊലീസും അന്വേഷിക്കുന്നുണ്ട്. അസ്വാഭാവികമായതൊന്നും ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ.

പശ്ചിമഘട്ട ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിനായി പരിസ്ഥിതിപ്രവർത്തകർക്കിടയിലും സുഹൃത്തുക്കൾക്കിടയിലും നിരന്തര ബോധവത്കരണം നടത്തിയിരുന്ന ജയപാലൻ അതിന്റെ പ്രാധാന്യം സമൂഹം വേണ്ടവിധം തിരിച്ചറിയാതെ പോകുന്നതിൽ ദുഃഖിതനായിരുന്നു. ആറുവർഷംമുമ്പ് രൂപവത്കരിച്ച പരിസ്ഥിതിപ്രവർത്തകരുടെ സാമൂഹികമാധ്യമക്കൂട്ടായ്മയാണ് 'ഗ്രീൻ ഗാഡ്‌സ് ഓഫ് ഇന്ത്യ'. നെല്ലിയാമ്പതിയിലെത്തുന്ന വിനോദസഞ്ചാരികൾ പുറന്തള്ളുന്ന പ്ലാസ്റ്റിക് അടക്കമുള്ള അജൈവമാലിന്യങ്ങൾ ശേഖരിച്ച് നടത്തിയ ശ്രമങ്ങളിലൂടെ സംഘടന ജനശ്രദ്ധ നേടി. പിന്നീട് 'നേച്വർ ഗാഡ്‌സ് ഓഫ് ഇന്ത്യ' എന്ന് പേര് മാറ്റിയ കൂട്ടായ്മ പശ്ചിമഘട്ടമലനിരകളിലെ മറ്റ് വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു. പ്രകൃതിസംരക്ഷണപ്രവർത്തനങ്ങൾ നടത്താനും വനഭാഗങ്ങളിൽ വന്യമൃഗങ്ങൾക്ക് ദോഷമാകുന്ന മാലിന്യങ്ങൾ നീക്കാനുമാണ് സംഘടന തുടങ്ങിയത്.

നെല്ലിയാമ്പതിയിൽ 'സീറോ പ്ലാസ്റ്റിക്' എന്ന ലക്ഷ്യവുമായി എല്ലാ മാസവും ചുരം പാതയോരങ്ങളിലും വനഭാഗങ്ങളിലും പ്ലാസ്റ്റിക് കുപ്പികൾ, ചില്ലുകുപ്പികൾ, കവറുകൾ എന്നിവ ശേഖരിച്ചുനീക്കാൻ സംഘം മുന്നിട്ടിറങ്ങി. നെല്ലിയാമ്പതിയിൽ തുടക്കത്തിൽ ദിവസം 140-ലധികം ചാക്ക് മാലിന്യമാണ് ശേഖരിച്ചിരുന്നത്. ഇതുവരെ ഏഴ് ടണ്ണിലധികം ശേഖരിച്ചു. ഇപ്പോൾ 25 ചാക്കിലും താഴെയായി കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. വാൽപ്പാറ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 'ടാർഗറ്റ് സീറോ' കൂട്ടായ്മയുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലേക്കും പരിസ്ഥിതിപ്രവർത്തനം വ്യാപിപ്പിച്ചിരുന്നു.

ശനിയാഴ്ച ഉച്ചയോടെയാണു തെങ്ങിനുള്ള കീടനാശിനി കഴിച്ചതിനെത്തുടർന്നു ബന്ധുക്കളും നാട്ടുകാരും ചേർന്നു നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച ജയപാലൻ ഇന്നലെ രാവിലെ 8 മണിയോടെ മരിച്ചു. അസ്വസ്ഥത പ്രകടിപ്പിച്ച ജയപാലനെ വീട്ടുകാർ ആദ്യം കൊഴിഞ്ഞാമ്പാറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധചികിത്സയ്ക്കായി പാലക്കാട് യാക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഞായറാഴ്ച രാവിലെ മരിച്ചു. കരിക്കുതെങ്ങിലെ കീടാക്രമണം തടയാനുപയോഗിക്കുന്ന കീടനാശിനിയാണ് ജയപാലന്റെ ഉള്ളിൽ ചെന്നതെന്ന് ലാബ് പരിശോധനാറിപ്പോർട്ടിൽ വ്യക്തമായതായി ആശുപത്രി അധികൃതർ പറയുന്നു.

കൊഴിഞ്ഞാമ്പാറ കുന്നങ്കാട്ടുപതി കള്ളുഷാപ്പിലെ തൊഴിലാളിയാണ് ജയപാലൻ. കള്ളുഷാപ്പ് തൊഴിലാളിയായി പ്രവർത്തിക്കുന്നതിനിടെ ഒഴിവുസമയങ്ങളിലെല്ലാം പശ്ചിമഘട്ടമലനിരകളിലേക്ക് ഒറ്റയ്ക്കും കൂട്ടായുമുള്ള യാത്രകൾ ജയപാലൻ നടത്തിയിരുന്നു. പരിസ്ഥിതിലോലവിഷയത്തിലടക്കം പശ്ചിമഘട്ടസംരക്ഷണ പ്രവർത്തനങ്ങൾക്കുള്ള തടസ്സങ്ങൾ നീക്കാൻ മടിക്കരുതെന്നാണ് ആത്മഹത്യാ കുറിപ്പിലൂടെ ജയപാലൻ ആഹ്വാനം ചെയ്യുന്നത്. ''ജൂണിൽ ആരംഭിക്കുന്ന മഴയുടെ ദൈർഘ്യവും അതിതീവ്രമഴയും പ്രളയസാഹചര്യവും നമ്മോടു പറയുന്നത്, നമ്മുടെ പോറ്റമ്മയായ പശ്ചിമഘട്ടമലനിരകൾ മതിയായ മഞ്ഞുകാലമോ വേനൽക്കാലമോ ഇല്ലാതെ സ്വാഭാവികത നഷ്ടപ്പെട്ട് അത്യാസന്നനിലയിലേക്ക് നീങ്ങുകയാണെന്നാണ്''-ജയപാലൻ വ്യക്തമാക്കുന്നു.

ഭാര്യ: ലത. മക്കൾ: ജയേഷ് (കോയമ്പത്തൂർ സ്വകാര്യ കോളേജ് വിദ്യാർത്ഥി), പൂജ. മരുമകൻ: ഹരിപ്രസാദ്. സംസ്‌കാരം ഞായറാഴ്ച വൈകീട്ട് ചിറ്റൂർ പുഴയോരത്തെ ശോകശാന്തികവാടത്തിൽ നടന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP