Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പലരും ചികിത്സയ്ക്കായി വിദേശത്തു പോയപ്പോഴും അതിനുള്ള സാഹചര്യമുണ്ടായിട്ടും ഇന്നസന്റ് ഇവിടെ തുടർന്നു; നമ്മുടെ നാട്ടിലും ചികിത്സാഫലമുണ്ട് എന്നൊരു സന്ദേശം അതിലൂടെ നമുക്കു കിട്ടി; ഒന്നും രണ്ടും തവണയല്ല; വീട്ടിലെത്തിയ കാൻസർ എന്ന അതിഥിയെ ഇന്നസെന്റ് പറപ്പിച്ചത് മൂന്ന് തവണ; മരണം കോവിഡിൽ എന്ന് ഡോക്ടറും

പലരും ചികിത്സയ്ക്കായി വിദേശത്തു പോയപ്പോഴും അതിനുള്ള സാഹചര്യമുണ്ടായിട്ടും ഇന്നസന്റ് ഇവിടെ തുടർന്നു; നമ്മുടെ നാട്ടിലും ചികിത്സാഫലമുണ്ട് എന്നൊരു സന്ദേശം അതിലൂടെ നമുക്കു കിട്ടി; ഒന്നും രണ്ടും തവണയല്ല; വീട്ടിലെത്തിയ കാൻസർ എന്ന അതിഥിയെ ഇന്നസെന്റ് പറപ്പിച്ചത് മൂന്ന് തവണ; മരണം കോവിഡിൽ എന്ന് ഡോക്ടറും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇന്നസെന്റിന്റെ മരണം കാൻസർ കാരണമല്ലെന്ന് സ്ഥിരീകരിച്ച് ഡോ.വി.പി. ഗംഗാധരൻ. കോവിഡും അനുബന്ധരോഗങ്ങളുമാണ് ആ മഹാ കലാകാരനെ തട്ടിയെടുത്തത്. പലരുടെയും ധാരണ കാൻസർ വീണ്ടും ഇന്നസന്റിനെ കീഴ്‌പ്പെടുത്തിയിരുന്നു എന്നതാണ്. സ്വർഗത്തിൽനിന്ന് ഇന്നസന്റ് ചിരിയോടെ പറയുന്നുണ്ടാകും: പേടിക്കേണ്ട, എന്റെ കാൻസർ മാറിയതാണ്. പലരും ചികിത്സയ്ക്കായി വിദേശത്തു പോയപ്പോഴും അതിനുള്ള സാഹചര്യമുണ്ടായിട്ടും ഇന്നസന്റ് ഇവിടെ തുടർന്നു. നമ്മുടെ നാട്ടിലും ചികിത്സാഫലമുണ്ട് എന്നൊരു സന്ദേശം അതിലൂടെ നമുക്കു കിട്ടി-ഡോക്ടർ പറയുന്നു.

വർഷങ്ങൾക്കു മുൻപ് ബയോപ്‌സിയുടെ ഫലം ഞാനാണ് ഇന്നസന്റിനെ വിളിച്ചറിയിക്കുന്നത്. ഒരു സിനിമയുടെ അവസാന സീനിൽ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു ഇന്നസെന്റ്. ഇരുട്ടിലേക്കു പോകുന്നതായിരുന്നു ആ രംഗം. റിസൽറ്റ് അറിഞ്ഞദിവസം ഇന്നസന്റിന് താൻ ഇരുട്ടിലേക്കു പോകുകയാണോ എന്ന സന്ദേഹം ഉണ്ടായിരുന്നു. എന്നാൽ പിറ്റേദിവസം കാണാനെത്തിയതു മുതൽ വളരെ ലാഘവത്തോടെയാണ് അദ്ദേഹം കാൻസറിനെ നേരിട്ടത്. കാൻസർ മാറില്ലെന്നൊരു ബോധ്യത്തെ ഇന്നസന്റ് ചിരിയോടെ നേരിട്ടു വിജയം വരിച്ചത് ഏറെപ്പേർക്ക് ആത്മവിശ്വാസം നൽകി. രോഗത്തെ ചിരിച്ചുനേരിട്ട അദ്ദേഹത്തിന്റെ പോസിറ്റീവ് മനസ് പഠിക്കേണ്ടതാണ്. ഒറ്റമൂലികൾ, പച്ചമരുന്നുകൾ, ഫലമൂലാദികൾ എന്നിവ അവരിൽ പലരും ഇന്നസന്റിനു നൽകുമായിരുന്നു. എന്നാൽ, ശാസ്ത്രീയ ചികിത്സാമാർഗങ്ങൾ മാത്രമേ തേടൂ എന്ന നിശ്ചയദാർഢ്യം അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ടാണ് കാൻസറിൽനിന്ന് അദ്ദേഹം മോചിതനായത്-ഡോക്ടർ പറയുന്നു.

തന്റെ പോസിറ്റീവ് ചികിത്സാനുഭവം മറ്റു രോഗബാധിതരോടു തുറന്നു പറഞ്ഞ് അവരെ പ്രചോദിപ്പിക്കുന്നതിലും ഇന്നസന്റ് വളരെ കരുതലെടുത്തു. കീമോതെറപ്പിയുടെ സമയത്തുകൊച്ചിൻ കാൻസർ സൊസൈറ്റിയുടെ കളിക്കൂട്ടം പോലുള്ള കൂട്ടായ്മകളിൽ ഇന്നസന്റ് പങ്കെടുക്കുകയും ക്യാംപുകൾക്കാകെ ഉണർവു പകരുകയും ചെയ്തുവെന്ന് കേരളത്തിലെ അതിപ്രശസ്തനായ ക്യാൻസർ ചികിൽസകൻ വിശദീകരിക്കുന്നു. സിനിമയിൽ മാത്രമല്ല ജീവിതത്തിലും സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ സ്വതവേയുള്ള നർമ്മം കടന്നു വരും. ശരീരത്തിൽ കടന്നു കൂടിയ അർബുദത്തെ അദ്ദേഹം നേരിട്ടതും നർമ്മം കലർന്ന വാക്കുകൾ കൊണ്ടായിരുന്നു. മൂന്ന് തവണയാണ് ഇന്നസെന്റിന് അർബുദം പിടിപ്പെട്ടത്.

കുട്ടിക്കാലത്ത് ഒളിച്ചുകളിക്കുമ്പോൾ പുതിയ പുതിയ സ്ഥലങ്ങൾ നമ്മൾ കണ്ടെത്തും. അത് പൊളിയുമ്പോൾ അടുത്ത സ്ഥലം കണ്ടെത്തും. അതുപോലെയാണ് ഡോക്ടർമാർ എന്റെ ശരീരത്തിൽ കാൻസറിനെ കണ്ടുപിടിക്കുന്നത്, കക്ഷി ഒരു സ്ഥലം കണ്ടെത്തും. അവിടെനിന്ന് ഓടിക്കുന്നതോടെ മറ്റൊരു സ്ഥലം കണ്ടെത്തും. ഇപ്പോൾ മൂന്നാം തവണയും കക്ഷി വന്നു, ചികിത്സ തുടരുകയാണ്' എന്നായിരുന്നു ഇന്നസെന്റ് പങ്കുവെച്ചത്. ഡോ. ഗംഗാധരൻ പറഞ്ഞത് ഇന്നസന്റിന്റെ ശരീരത്തിൽ വീണ്ടും 'കോമഡി' വന്നല്ലോ എന്നായിരുന്നു.

അർബുദത്തെ വീട്ടിലെ അതിഥിയായാണ് ഇന്നസന്റ് കണ്ടിരുന്നത്. എന്റെ വീട്ടിൽ 11 വർഷമായി ഒരു അതിഥിയുണ്ട്. എത്രയും ബഹുമാനപ്പെട്ട കാൻസർ. 2020ൽ ഭാര്യ ആലീസിന് കോവിഡ് ബാധിച്ചപ്പോഴും അതു തമാശരൂപേണയാണ് ഇന്നസന്റ് അവതരിപ്പിച്ചത്. 'രണ്ടു ദിവസം മുൻപ് പുതിയ അതിഥി കൂടി വന്നിട്ടുണ്ട്. അതു കോവിഡാണ്. കാൻസർ കൂടെയുള്ളതുകൊണ്ടാകാം, പുതിയ അതിഥി വന്നതു ഭാര്യ ആലീസിനെ അന്വേഷിച്ചാണ്. കോവിഡ് കെട്ടിപ്പിടിച്ച ആലീസ് ആശുപത്രിയിൽ കിടക്കുന്നു, ചിരിച്ച് എല്ലാവരെയും ഫോൺ ചെയ്യുന്നു. ആലീസിനോടു കളിച്ചു തോറ്റുപോയ ആളാണു കാൻസർ. അതുപോലെ ഇതും 10 ദിവസംകൊണ്ടു പോകും' എന്നായിരുന്നു ഇന്നസന്റ് പങ്കുവച്ചത്.

ആശുപത്രിക്കിടക്കയിൽ ആയിരിക്കുമ്പോൾ, സുഖമല്ലേ എന്നൊരു ചോദിക്കുന്നതിന്റെ സന്തോഷം എന്താണെന്ന് എനിക്കറിയാം. അതു മരുന്നുപോലെ ശക്തിയുള്ളതാണ്. മനസ്സിൽ പണ്ടു പറഞ്ഞതു മാത്രം ഓർത്താൽ മതി. 'ഇതല്ല, ഇതിനപ്പുറവും ചാടിക്കടന്നവനാണീ...' നമുക്ക് ഒരുമിച്ചു ചാടിക്കടക്കാം. ഞാൻ പലതവണ ചാടിയതാണ്! കോവിഡ് ബാധിച്ചവർക്ക് ആത്മധൈര്യം പകർന്ന് അന്ന് ഇന്നസന്റ് പറഞ്ഞിരുന്നു. എന്നാൽ മൂന്ന് തവണ വന്ന കോവിഡ് ഇന്നസെന്റിന്റെ രോഗ പ്രതിരോധത്തെ തകർത്തു. അത് ന്യുമോണിയെ അതിജീവിക്കാൻ കഴിയാത്ത ദുർബ്ബലാവസ്ഥയിൽ ശരീരത്തെ എത്തിച്ചു. അങ്ങനെ ആലിസിനെ വിട്ട് ഇന്നസെന്റ് നിത്യതയിലേക്ക് മാഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP