Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആത്മ സംഘർഷങ്ങളുടെ കഥാകാരി കഥകളൊഴിഞ്ഞ ലോകത്തേക്ക് മടങ്ങി; സാംസ്‌കാരിക നഗരി അഷിതക്ക് വിട നൽകിയത് ഔദ്യോഗിക ബഹുമതികളോടെ; വായനക്കാരുടെ മനസ്സ് തൊട്ട എഴുത്തുകാരിയേയാണ് നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; ബാലകൃതികളുടെ അമ്മ ഇനി ഓർമ്മത്താളുകളിൽ

ആത്മ സംഘർഷങ്ങളുടെ കഥാകാരി കഥകളൊഴിഞ്ഞ ലോകത്തേക്ക് മടങ്ങി; സാംസ്‌കാരിക നഗരി അഷിതക്ക് വിട നൽകിയത് ഔദ്യോഗിക ബഹുമതികളോടെ; വായനക്കാരുടെ മനസ്സ് തൊട്ട എഴുത്തുകാരിയേയാണ് നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; ബാലകൃതികളുടെ അമ്മ ഇനി ഓർമ്മത്താളുകളിൽ

കെ.എം.അക്‌ബർ

തൃശൂർ: ആത്മ സംഘർഷങ്ങളുടെ കഥാകാരി കഥകളൊഴിഞ്ഞ ലോകത്തേക്ക് മടങ്ങി. സാംസ്‌കാരിക നഗരം അഷിതയെ കണ്ണീരോടെ യാത്രയാക്കി. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാര ചടങ്ങുകൾ. പാറമേക്കാവ് ശാന്തിഘട്ടിൽ ഭൗതീക ശരീരം സംസ്‌കരിച്ചു. കിഴക്കുമ്പാട്ടുകരയിലെ വസതിയായ അന്നപൂർണ്ണയിൽ, കഴിഞ്ഞിരുന്ന അഷിത(63) പുലർച്ചെ ഒരു മണിയോടെയാണ് അശ്വനി ആശുപത്രിയിൽ അന്തരിച്ചത്. വിവരമറിഞ്ഞ നിരവധി എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരും രാഷ്ട്രീയ-പൊതു പ്രവർത്തകരും കഥാകാരിക്ക് അന്തിമോപചാരമർപ്പിക്കാനെത്തിയിരുന്നു. പഴയന്നൂരിൽ കെ ബാലചന്ദ്രന്റെ മകളായ അഷിത 2012ൽ അർബുദ ബാധയെ തുടർന്ന് കുടലിൽ ശസ്ത്രക്രിയക്ക് വിധേയയായി.

തുടർന്ന് കിഴക്കുമ്പാട്ടുകരയിലെ വസതിയായ അന്നപൂർണ്ണയിൽ പൂർണ്ണമായും സാഹിത്യരചനയിലായിരുന്നു. മഹാരാജാസ് കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ അഷിത ജേർണ്ണലിസത്തിലും ഡിപ്ലോമനേടിയിരുന്നു. ചെറുകഥക്കുള്ള സാഹിത്യ അക്കാദമി അവാർഡ് ഇടശ്ശേരി അവാർഡ്, അങ്കണം അവാർഡ്, തോപ്പിൽ രവി അവാർഡ്, ലളിതാംബിക അന്തർജനം അവാർഡ് തുടങ്ങി അനേകം പുരസ്‌കാരങ്ങൾ നേടി. 'ദേവ മനോഹരി നീ' എന്ന കഥ ടി.വി സീരിയലായി സംപ്രേഷണം ചെയ്തിട്ടുണ്ട്. ഇംഗ്ലീഷിലും കവിതകൾ എഴുതിയിട്ടുള്ള അഷിത നിരവധി ഇംഗ്ലീഷ് ഗ്രന്ഥങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരുന്നു. കുട്ടികൾക്ക് വേണ്ടി രാമായണം കഥകളും ഹൈകുകവിതകളും എഴുതി. വായനക്കാരുടെ മനസ്സ് തൊട്ട എഴുത്തുകാരിയായിരുന്നു അഷിതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ലിംഗസമത്വത്തിന് വേണ്ടി കഥകൾ ഉപയോഗിച്ച എഴുത്തുകാരിയായിരുന്നു അഷിതയെന്നും മുഖ്യമന്ത്രി അനുശോചിച്ചു. മന്ത്രി വി എസ്.സുനിൽകുമാറും സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖനും മൃദേഹത്തിൽ റീത്ത് സമർപ്പിച്ചു. അനിൽ അക്കര എംഎ‍ൽഎ, സാഹിത്യ അക്കാദമി സെക്രട്ടറി ഡോ.കെ.പി.മോഹനൻ, അഷ്ടമൂർത്തി, എൽ.ഡി.എഫ് സ്ഥാനാർത്ഥി രാജാജി മാത്യു തോമസ്, വിനയകുമാർ, ഐ.ഷൺമുഖദാസ്, പൊന്ന്യം ചന്ദ്രൻ, പി.എൻ.ഗോപികൃഷ്ണൻ, പി.കെ.ഷാജൻ, പ്രൊഫ.ആർ.ബിന്ദു, സി.ആർ.ദാസ്, എ.എസ്.പ്രിയ തുടങ്ങി വിവിധമേഖലകളിലുള്ളവരും കഥാകാരിയുടെ സൗഹൃദങ്ങളും ആദരാഞ്ജലികളർപ്പിക്കാനെത്തിയിരുന്നു.

ചെറുകഥകളിൽ തുറന്നുപറച്ചിലിന്റെ പുതിയൊരു ലോകം സൃഷ്ടിച്ച അഷിത ബാലസാഹിത്യ കൃതികളുടെ കർത്താവാണ്. പരിഭാഷയിലൂടെ മറ്റു ഭാഷാസാഹിത്യം മലയാളത്തിനു പരിചയപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ച അഷിതയാണ് ഹൈക്കു കവിതകൾ മലയാളത്തിൽ പരിചിതയാക്കിയത്. തൃശൂർ കിഴക്കുംപാട്ടുകര സ്ട്രീറ്റ് നമ്പർ 13, ലക്ഷ്മി നാരായണ എൻക്ലേവിലെ അന്നപൂർണയിലായിരുന്നു താമസം.

മലയാളത്തിലെ അധുനികാനന്തര തലമുറയിലെ സ്ത്രീ കഥാകൃത്തുക്കളിൽ പ്രമുഖയായിരുന്നു അഷിത. കവയിത്രികൂടിയായിരുന്ന അഷിത, അക്‌സാണ്ടർ പുഷ്‌കിന്റെ കവിതകൾ അടക്കമുള്ള റഷ്യൻ കവിതകൾ മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. കുട്ടികൾക്കായി രാമായണം, ഐതിഹ്യമാല എന്നിവയും പുനരാഖ്യാനം ചെയ്തു.

1956 ഏപ്രിൽ 5-നു തൃശൂർ ജില്ലയിലെ പഴയന്നൂരിലാണു ജനിച്ചത്. ഡിഫൻസ് റിട്ട. അക്കൗണ്ട്‌സ് ഓഫിസർ കെ.ബി. നായരുടെയും (കഴങ്ങോടത്ത് ബാലചന്ദ്രൻ നായർ) തെക്കേ കറുപ്പത്ത് തങ്കമണിയമ്മയുടെയും മകളാണ്. ഭർത്താവ് പ്രഫ. രാമൻകുട്ടി (ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ ഡിപ്പാർട്‌മെന്റ്, കേരള സർവകലാശാല). മകൾ: ഉമ.

സ്‌കൂൾ വിദ്യാഭ്യാസം ഡൽഹിയിലും മുംബൈയിലുമായിരുന്നു. എറണാകുളം മഹാരാജാസ് കോളജിൽനിന്ന് ഇംഗ്ലിഷിൽ ബിരുദാനന്തര ബിരുദം നേടി. വിസ്മയചിഹ്നങ്ങൾ, അപൂർണവിരാമങ്ങൾ, അഷിതയുടെ കഥകൾ, മഴമേഘങ്ങൾ, ഒരു സ്ത്രീയും പറയാത്തത്, മയിൽപ്പീലി സ്പർശം, കല്ലുവച്ച നുണകൾ, ശിവേന സഹനർത്തനം, വിവാഹം ഒരു സ്ത്രീയോടു ചെയ്യുന്നത് തുടങ്ങിയവയാണു കൃതികൾ. അടുത്തിടെ പ്രസിദ്ധീകരിച്ച, അഷിതയുടെ ആത്മകഥാപരമായ അഭിമുഖം തുറന്നുപറച്ചിലുകളുടെ പുതിയൊരു ലോകമാണു തുറന്നിട്ടത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP