Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രളയത്തിൽ കേരളത്തിന് രക്ഷാകരം നീട്ടിയ വ്യോമസേനാ ഉദ്യോഗസ്ഥന് നിറകണ്ണുകളോടെ വിട പറഞ്ഞ് രാജ്യം; കശ്മീരിലെ ബദ്ഗാമിൽ വ്യോമസേനാ ഹെലിക്കോപ്റ്റർ തകർന്ന് മരിച്ച സ്‌ക്വാഡ്രൻ ലീഡർ സിദ്ധാർഥ് വസിഷ്ഠിന്റെ സംസ്‌കാരം നടത്തി; ഭാര്യയും സ്‌ക്വാഡ്രൻ ലീഡറുമായ ആരതി സിങ് അന്ത്യോപചാരമർപ്പിച്ചത് യൂണിഫോമണിഞ്ഞ്

പ്രളയത്തിൽ കേരളത്തിന് രക്ഷാകരം നീട്ടിയ വ്യോമസേനാ ഉദ്യോഗസ്ഥന് നിറകണ്ണുകളോടെ വിട പറഞ്ഞ് രാജ്യം; കശ്മീരിലെ ബദ്ഗാമിൽ വ്യോമസേനാ ഹെലിക്കോപ്റ്റർ തകർന്ന് മരിച്ച സ്‌ക്വാഡ്രൻ ലീഡർ സിദ്ധാർഥ് വസിഷ്ഠിന്റെ സംസ്‌കാരം നടത്തി; ഭാര്യയും സ്‌ക്വാഡ്രൻ ലീഡറുമായ ആരതി സിങ് അന്ത്യോപചാരമർപ്പിച്ചത് യൂണിഫോമണിഞ്ഞ്

മറുനാടൻ ഡെസ്‌ക്‌

ചണ്ഡീഗഡ് : കേരളത്തിൽ കഴിഞ്ഞ വർഷമുണ്ടായ മഹാപ്രളയത്തിൽ നൂറുകണക്കിനാളുകൾക്ക് രക്ഷയുടെ കരം നീട്ടിയ വ്യോമ സേനാ ഉദ്യോഗസ്ഥന് നിറ കണ്ണുകളോടെ രാജ്യം വിട ചൊല്ലി. ജമ്മു കശ്മീരിലെ ബദ്ഗാമിൽ വ്യോമസേനാ ഹെലിക്കോപ്റ്റർ തകർന്നു കൊല്ലപ്പെട്ട സ്‌ക്വാഡ്രൻ ലീഡർ സിദ്ധാർത്ഥ് വസിഷ്ഠിന്റെ മൃതദ്ദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കരിച്ചത്. വസിഷ്ഠിന്റെ പിതാവാണ് ചിതയ്ക്ക് തീ കൊളുത്തിയത്. 

ഭാര്യയും സ്വാഡ്രൻ ലീഡറുമായ ആരതി സിങ് യൂണിഫോം അണിഞ്ഞാണ് വസിഷ്ഠിന് അന്ത്യോപചാരമർപ്പിച്ചത്. ചണ്ഡിഗഡിലെ വീട്ടിൽ 2 വയസ്സുകാരൻ അംഗദിന്റെ പിറന്നാളാഘോഷത്തിന്റെ മധുരം മാറും മുമ്പാണ് അച്ഛൻ സിദ്ധാർഥ് വസിഷ്ഠിന്റെ വേർപാട്. മകന്റെ പിറന്നാളാഘോഷം കഴിഞ്ഞ് ഒരാഴ്ച മുമ്പാണ് സിദ്ധാർഥ് വസിഷ്ഠ് ശ്രീനഗറിലേക്ക് മടങ്ങിയെത്തിയത്. 155 ഹെലികോപ്റ്റർ യൂണിറ്റിലെ സ്‌ക്വാഡ്രൺ ലീഡറായിരുന്നു ഇദ്ദേഹം.

മാസങ്ങൾക്ക് മുൻപ് കേരളത്തിലുണ്ടായ മഹാപ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്താനുള്ള ദൗത്യത്തിൽ മികച്ച രീതിയിൽ പങ്കെടുത്തതിന് സിദ്ധാർത്ഥ് സേനയുടെ ബഹുമതി ലഭിച്ചിരുന്നു. 2010ലാണ് സിദ്ധാർഥ് വ്യോമസേനയിൽ ചേർന്നത്. ബദ്ഗാമിൽ വ്യോമസേനാ ഹെലികോപ്റ്റർ തകർന്ന് 2 പൈലറ്റുമാരുൾപ്പെടെ 6 സൈനികരും ഒരു നാട്ടുകാരനുമാണു മരിച്ചത്.

വ്യോമസേനയുടെ എംഐ17 ട്രാൻസ്‌പോർട്ട് ഹെലിക്കോപ്റ്റർ ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയിൽ തകർന്നുവീണത്. 2 പൈലറ്റുമാരും മൂന്ന് പ്രദേശവാസികളും കൊല്ലപ്പെട്ടെന്നായിരുന്നു ആദ്യം പുറത്ത് വന്ന വിവരം.27ന് രാവിലെ 10.05ന് ബുദ്ഗാമിലെ ഗാരെൻഡ് കാലാൻ ഗ്രാമത്തിനു സമീപമുള്ള തുറസ്സായ സ്ഥലത്താണ് ഹെലിക്കോപ്റ്റർ തകർന്നത്. തകർന്നുവീണ ഉടനെതന്നെ തീപിടിത്തമുണ്ടായി. തകർന്നത് മിഗ് വിമാനമാണെന്ന തരത്തിലും റിപ്പോർട്ടുകളുണ്ടായിരുന്നു.

സാങ്കേതിക തകരാറ് കാരണമാണ് ഹെലികോപ്റ്റർ തകർന്നതെന്ന് സൈന്യം വിശദീകരിച്ചിരുന്നു.സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് പാക് മേജർ ജനറൽ ആസിഫ് ഗഫൂർ പറഞ്ഞു.അതേസമയം, ഇന്ത്യ പാക് സംഘർഷം യുദ്ധസമാനമായ നിലയിൽ തുടരുകയാണ്. സംഭവത്തിന് ഏതാനും മണിക്കൂർ മുൻപ് വ്യോമാതിർത്തി ലംഘിച്ച പാക് വ്യോമസേനാ വിമാനം ഇന്ത്യ വെടിവച്ചിട്ടു. അമേരിക്കൻ നിർമ്മിത എഫ്-16 വിമാനമാണ് നൗഷേരയിലെ നാം താഴ്‌വരയിൽ തകർന്നുവീണത്. പൈലറ്റിനെക്കുറിച്ച് വിവരമില്ല. പഠാൻകോട്ട് ജമ്മു ദേശീയപാതയുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു.

പാക് പ്രകോപനത്തെത്തുടർന്ന് ജമ്മുകശ്മീർ, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഹിമാചൽ സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങൾ അടച്ചരുന്നു. ശ്രീനഗർ വിമാനത്താവളത്തിന്റെ നിയന്ത്രണം വ്യോമസേന ഏറ്റെടുത്തിരിക്കുകയാണ്. ഈ പ്രദേശങ്ങൾ വ്യോമനിരോധിതമേഖലയായി പ്രഖ്യാപിച്ചു. അവധിയിലുള്ള വ്യോമസേനാംഗങ്ങളെ തിരിച്ചുവിളിച്ചു. ഏതുസാഹചര്യവും നേരിടാൻ സജ്ജരാകണമെന്ന് അർധസൈനികവിഭാഗങ്ങൾക്കും നിർദ്ദേശം നൽകി.

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായും രഹസ്യാന്വേഷണവിഭാഗങ്ങളുടെ മേധാവികളുമായും അടിയന്തരചർച്ച നടത്തിയിരുന്നു. തിരിച്ചടിയുണ്ടാകാനുള്ള സാധ്യത മുൻനിർത്തി ലഹോർ, ഇസ്ലാമബാദ്, ഫൈസലാബാദ് എയർപോർട്ടുകൾ പാക്കിസ്ഥാനും അടച്ചിട്ടിരിക്കുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP