Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരളം ഉള്ളിടത്തോളം ഏറ്റുപാടുന്ന വരികളെഴുതി; പരീക്ഷിച്ച സംഗീത സംവിധായകർക്ക് മറുപടി നൽകിയത് അവർ പോലും പ്രതീക്ഷിക്കാത്ത വരികളിലൂടെ; എന്നിട്ടും പാട്ടെഴുത്തിലൂടെ സമ്പാദിച്ചത് 60,000 രൂപ മാത്രം; പണത്തിനപ്പുറം ബന്ധങ്ങൾക്ക് വില കൊടുത്ത ബീയാറിന് ഒടുവിൽ കൈത്താങ്ങായതും സുഹൃത്തുക്കൾ; സിനിമാ മോഹം ബാക്കിയാക്കി കുട്ടനാട്ടിന്റെ പാട്ടെഴുത്തുകാരൻ മടങ്ങുമ്പോൾ

കേരളം ഉള്ളിടത്തോളം ഏറ്റുപാടുന്ന വരികളെഴുതി; പരീക്ഷിച്ച സംഗീത സംവിധായകർക്ക് മറുപടി നൽകിയത് അവർ പോലും പ്രതീക്ഷിക്കാത്ത വരികളിലൂടെ; എന്നിട്ടും പാട്ടെഴുത്തിലൂടെ സമ്പാദിച്ചത് 60,000 രൂപ മാത്രം; പണത്തിനപ്പുറം ബന്ധങ്ങൾക്ക് വില കൊടുത്ത ബീയാറിന് ഒടുവിൽ കൈത്താങ്ങായതും സുഹൃത്തുക്കൾ; സിനിമാ മോഹം ബാക്കിയാക്കി കുട്ടനാട്ടിന്റെ പാട്ടെഴുത്തുകാരൻ മടങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കേര നിരകളാടും ഒരു ഹരിത ചാരു തീരം..ഒരിക്കലെങ്കിലും ഈ വരി മൂളാത്തതോ ഏറ്റുപാടാത്തതോ ആയ മലയാളി ഉണ്ടാകുമോ എന്നത് തന്നെ സംശയമാണ്.കേരളവും മലയാളിയും ഉള്ളിടത്തോളം കാലം ഈ പാട്ടും പാട്ടെഴുത്തുകാരനും മായാതെ നിൽക്കും.ഒപ്പം മഴത്തുള്ളികൾ നനയുന്ന നാട്ടുവഴികളിൽ കുടക്കുള്ളിലേക്ക് ഓടിയെത്തിയ പ്രണയിനെയും മലയാളി മറക്കില്ല..അത്രയേറെ മലയാളിത്തം തുളുമ്പുന്ന വരികളായിരുന്നു ബീയാറിന്റെ പ്രത്യേകത.

എന്നാൽ ഇത്രയും ഹിറ്റുകൾക്ക് പിന്നിൽ തൂലിക ചലിപ്പിക്കുമ്പോഴും അതിനൊന്നും പണം ഒരു ഘടകമായിരുന്നില്ല ബിയാറിന്.പണത്തിനും മേലെ ബന്ധങ്ങളായിരുന്നു അദ്ദേഹം പ്രധാന്യം നൽകിയത്.ഗാനരചനയിൽ നിന്ന് അദ്ദേഹം കണ്ടെത്തിയ പണത്തിന്റെ കണക്ക് കേട്ടാൽ മാത്രം മതിയാകും ഈ മനുഷ്യൻ സുഹൃത് ബന്ധങ്ങൾക്ക് എത്രത്തോളം പ്രാധാന്യം നൽകിയെന്ന് മനസിലാക്കാൻ. ഒരുപിടി ഹിറ്റ് ഗാനങ്ങൾ മലയാളിക്ക് സമ്മാനിച്ച ബീയാർ പ്രസാദിന്, ഗാനരചനയിലൂടെ ആകെ സമ്പാദിക്കാനായത് വെറും അറുപതിനായിരം രൂപ മാത്രമാണെന്ന് പറഞ്ഞാൽ ആരും അദ്ഭുതപ്പെടും.

സൗഹൃദങ്ങളുടെ ലഹരിയിൽ പണമെന്നോ, പ്രൊഫഷനെന്നോ ചിന്തിക്കാതെ ജീവിച്ച ആ കലാകാരന് വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ വേണ്ടിവന്നപ്പോൾ കൈകോർത്തത് സാധാരണക്കാരായ കുറേ നാട്ടുകാരും സുഹൃത്തുക്കളുമാണ്. ജീവിതത്തിലേക്ക് മടങ്ങിവന്ന ബീയാർ, മാതൃഭൂമി പ്രസിദ്ധീകരിച്ച ചന്ദ്രോത്സവം എന്ന നോവലിലൂടെ സാഹിത്യലോകത്തേക്ക് മടങ്ങിവന്നു. സഞ്ജീവ് ശിവൻ സംവിധാനം ചെയ്ത്, പ്രദർശനത്തിനൊരുങ്ങുന്ന ഒഴുകി ഒഴുകി ഒഴുകി എന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള സിനിമയുടെ കഥ ബീയാർ പ്രസാദ് കൂടി ചേർന്നാണ് എഴുതിയിരിക്കുന്നത്.

റസൂൽ പൂക്കുട്ടി, ശ്രീകർ പ്രസാദ്, കാന്തലിനെൻ തുടങ്ങിയ വമ്പൻ ടീമിനൊപ്പമായിരുന്നു ബീയാറും കൈകോർത്തത്.ആരോഗ്യം വീണ്ടെടുത്ത ശേഷം പ്രൊഫഷൻ തിരിച്ചുപിടിക്കണമെന്ന അതിയായ ആഗ്രഹത്തിൽ നടന്ന ബീയാർ, സഞ്ജീവിനോട് കഥ പറയുകയായിരുന്നു. മടങ്ങിവരവിലെ ആദ്യ പ്രതിഫലവും ആ ആഴ്ച തന്നെ ബീയാറിന് ലഭിച്ചു. പൂർണമായി കഥ എഴുതാനുള്ള ആരോഗ്യം ഇല്ലാത്തതിനാൽ ഇരുവരും ചേർന്നാണ് എഴുതിയത്.

ആശുപത്രിയിൽനിന്നിറങ്ങിയാൽ ബീയാറിന് വേണ്ടി പ്രത്യേക ഷോ സജ്ജീകരിക്കാനിരിക്കേയാണ് ഈയൊരു വിയോഗമെന്ന് സഞ്ജീവ് പറഞ്ഞു.ആഴമേറിയ ധാരാളം വിഷയങ്ങൾ ബീയാറിന്റെ മനസ്സിലുണ്ടായിരുന്നെന്നും അതെല്ലാം സിനിമയാക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.സഞ്ജീവിന്റെ മകൻ സിധാൻഷു ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. സൗബിൻ, നരേൻ, ബൈജു തുടങ്ങിയ നടന്മാരും ഒപ്പമുണ്ട്.

കുട്ടനാട്ടിലെ ലൊക്കേഷനുകൾ കാണാൻ ഇരുവരും ഒരുമിച്ചാണ് പോയിരുന്നത്. ചിത്രീകരണം കാണാൻ ആരോഗ്യപ്രശ്നങ്ങൾ മൂലം അദ്ദേഹത്തിനായില്ല. ഷൂട്ട് ചെയ്ത രംഗങ്ങൾ വാട്സാപ്പിലൂടെയും മറ്റും നിരന്തരം സംവിധായകൻ ബീയാറിന് അയച്ചുകൊടുക്കുമായിരുന്നു.കൊച്ചുപ്രേമന്റെയും അവസാന ചിത്രമാണിത്. സിനിമയുടെ ട്രെയിലർ ഏതാനും ആഴ്ചകൾക്കുമുമ്പാണ് പുറത്തിറങ്ങിയത്. അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കാനൊരുങ്ങുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP