Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മഹാ ഇടയന് കേരളത്തിന്റെ അന്ത്യാഞ്ജലി; കാതോലിക്കാ ബാവായ്ക്ക് കണ്ണീർപ്പൂക്കളോടെ വിട ചൊല്ലി വിശ്വാസസമൂഹം; കോട്ടയം ദേവലോകം അരമനയിൽ ഔദ്യോഗിക ബഹുമതികളോടെ ഭൗതികശരീരം കബറടക്കി; ആദരാഞ്ജലി അർപ്പിച്ച് വിവിധ സഭ മേലധ്യക്ഷന്മാരും ജനപ്രതിനിധികളും

മഹാ ഇടയന് കേരളത്തിന്റെ അന്ത്യാഞ്ജലി; കാതോലിക്കാ ബാവായ്ക്ക് കണ്ണീർപ്പൂക്കളോടെ വിട ചൊല്ലി വിശ്വാസസമൂഹം; കോട്ടയം ദേവലോകം അരമനയിൽ ഔദ്യോഗിക ബഹുമതികളോടെ ഭൗതികശരീരം കബറടക്കി; ആദരാഞ്ജലി അർപ്പിച്ച് വിവിധ സഭ മേലധ്യക്ഷന്മാരും ജനപ്രതിനിധികളും

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പരിശുദ്ധ ബാവായ്ക്ക് വിട ചൊല്ലി വിശ്വാസസമൂഹം. കാലം ചെയ്ത മലങ്കര ഓർത്തഡോക്‌സ് സഭാ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ കബറടക്കം നടന്നു. ഓർത്തഡോക്‌സ് സഭാ ആസ്ഥാനമായ ദേവലോകം അരമനയിൽ നടന്ന ചടങ്ങുകളിൽ വിവിധ സഭകളിലെ മേലധ്യക്ഷന്മാരും മന്ത്രിമാർ അടക്കമുള്ള ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും പങ്കെടുത്തു.

ഔദ്യോഗിക ബഹുമതികളോടെ കോട്ടയത്തെ ദേവലോകം അരമനയിലാണ് ചടങ്ങുകൾ നടന്നത്. അരമനയിലെ ചാപ്പലിനോടുചേർന്നുള്ള പരിശുദ്ധ കാതോലിക്കാ ബാവാമാരുടെ കബറിടത്തിനോടുചേർന്ന് ഭൗതികശരീരം സംസ്‌കരിച്ചു.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പേരാണ് അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. സഭയിലെ തന്നെ മുതിർന്ന മെത്രോപൊലീത്ത ആയ കുര്യാക്കോസ് മാർ ക്ലിമ്മീസിന്റെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്.

തിങ്കളാഴ്ച രാത്രിയിൽ ദേവലോകത്ത് എത്തിച്ച ഭൗതിക ശരീരം ചാപ്പലിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ കുർബാനയ്ക്കു ശേഷം 10.30നു പുറത്തു തയാറാക്കിയ പന്തലിലേക്കു ഭൗതിക ശരീരം എത്തിച്ചു. ഇവിടെ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു അന്ത്യാഞ്ജലി അർപ്പിക്കാൻ അവസരം ഒരുക്കിയിരുന്നു. സംസ്‌കാര ശുശ്രൂഷകളുടെ ഭാഗമായുള്ള നാല് ക്രമങ്ങൾ പന്തലിൽ പൂർത്തിയാക്കി. തുടർന്ന് ഉച്ചകഴിഞ്ഞു മൂന്നരയോടെ പൊലീസ് സംസ്ഥാന ഔദ്യോഗിക ബഹുമതികൾ അർപ്പിച്ചു.

തുടർന്നു അരമന ചാപ്പലിലേക്കു മാറ്റിയ ഭൗതിക ശരീരം മദ്ബഹയോട് അടക്കം വിടചൊല്ലി പൂർവപിതാക്കന്മാരെ അടക്കം ചെയ്ത കബറിനു സമീപത്ത് എത്തിച്ചു തൈലം അഭിഷേകം ചെയ്ത ശേഷം കബറിലേക്ക് ഇരുത്തി. കുന്തിരിക്കം നിറച്ചാണു കബർ തയാറാക്കിയത്. ധൂപപ്രാർത്ഥനയ്ക്കു ശേഷം വിശ്വാസികൾക്കും കബറിൽ കുന്തിരിക്കം ഇട്ടു പ്രാർത്ഥിക്കാൻ അവസരമുണ്ടായിരുന്നു.

ബാവായുടെ വിയോഗത്തിൽ ഫ്രാൻസിസ് മാർപ്പാപ്പ അനുശോചന സന്ദേശം അയച്ചു. മലങ്കര അസോസിയേഷൻ അധ്യക്ഷന്റെ ചുമതല വഹിക്കുന്ന കുര്യാക്കോസ് മാർ ക്ലീമീസ് മുഖ്യ കാർമികത്വം വഹിച്ചു. സിറോ മലബാർ സഭാ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ എന്നിവരുടെ നേതൃത്വത്തിലും പ്രാർത്ഥനകൾ നടന്നു.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രിമാരായ വി.എൻ.വാസവൻ, വീണാ ജോർജ്, ആന്റണി രാജു, മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തോമസ് ചാഴികാടൻ എംപി, എൻ.കെ.പ്രേമചന്ദ്രൻ എംപി, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ജോബ് മൈക്കിൾ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവർ ആദരാഞ്ജലി അർപ്പിച്ചു.

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ (75) തിങ്കളാഴ്ച പുലർച്ചെ 2.40ഓടെയാണ് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ കാലംചെയ്തത്. ബാവയുടെ ഭൗതികശരീരം രാവിലെ ആറുമണിയോടെ പരുമല പള്ളിയിലെത്തിച്ചു. മദ്ബഹയ്ക്കുമുൻപിൽ പൊതുദർശനത്തിനായി എംബാംചെയ്ത ശരീരം കണ്ണാടിക്കൂട്ടിലെ സിംഹാസനത്തിലിരുത്തി.

രാവിലെമുതൽ വിശ്വാസികൾ ബാവയെ കാണാനായി പരുമലയിലേക്കൊഴുകിയെത്തിയിരുന്നു. പരുമലപ്പള്ളിയിലെ വിടവാങ്ങൽ പ്രാർത്ഥനയ്ക്കുശേഷം തിങ്കാഴ്ച രാത്രി എട്ടുമണിയോടെയാണ് ഭൗതികശരീരം കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിലേക്കു വിലാപയാത്രയായി എത്തിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP