Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202103Wednesday

കോവിഡ് വാക്സിൻ ആശുപത്രികളിലേക്ക് എത്തി തുടങ്ങി; കെയർ ഹോം താമസക്കാർക്ക് ഈ ആഴ്‌ച്ച തന്നെ വിതരണം; നേരത്തേ കോവിഡ് വന്നവർക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭിക്കില്ല; യു കെയിലെ കോവിഡ് വാക്സിനേഷനേറ്റവും പുതിയ വിവരങ്ങൾ

കോവിഡ് വാക്സിൻ ആശുപത്രികളിലേക്ക് എത്തി തുടങ്ങി; കെയർ ഹോം താമസക്കാർക്ക് ഈ ആഴ്‌ച്ച തന്നെ വിതരണം; നേരത്തേ കോവിഡ് വന്നവർക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭിക്കില്ല; യു കെയിലെ കോവിഡ് വാക്സിനേഷനേറ്റവും പുതിയ വിവരങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ബ്രിട്ടന് ആശ്വാസമേകുന്ന വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. കോവിഡിന്റെ രണ്ടാം വരവ് കനക്കുകയും ശൈത്യകാലം എത്തുകയും ചെയ്തതോടെ എൻ എച്ച് എസ് ആശുപത്രികളെല്ലാം നിറഞ്ഞു കവിയും എന്ന ആശങ്കയ്ക്ക് അറുതി വന്നിരിക്കുന്നു.

ശത്യകാലത്തോടൊപ്പം എത്തിയിരുന്ന ഫ്ളൂവിനെ കാര്യമായി തടയുവാൻ കഴിഞ്ഞു എന്നതാണ് അതിൽ ഒരു പ്രധാന കാരണം. ഫ്ളൂ ബാധ 90 ശതമാനത്തോളം തടയുവാൻ കഴിഞ്ഞു എന്നാണ് ആരോഗ്യ വകുപ്പ് വൃത്തങ്ങൾ വെളിപ്പെടുത്തുന്നത്. ഇതിനുപുറമേ, ബ്രിട്ടനെ മുൾമുനയിൽ നിർത്തിയിരുന്ന കോവിഡിനെ പ്രതിരോധിക്കുവാനുള്ള വാക്സിനേഷന്റെ ആദ്യ സ്റ്റോക്കും എത്തിച്ചേർന്നിരിക്കുന്നു.

ഫ്ളൂവിനെ തകർത്തത് കോവിഡിനെതിരെയുള്ള മുൻകരുതലുകൾ

രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും, എല്ലാ പ്രായക്കാരിലും കോവിഡ് വ്യാപന നിരക്കിൽ കാര്യമായ കുറവ് ദൃശ്യമാകുന്നുണ്ട്. രണ്ടാം വരവിന്റെ മൂർദ്ധന്യഘട്ടം പിന്നിട്ടുകഴിഞ്ഞു എന്നുതന്നെയാണ് ഈ രംഗത്തെ പ്രമുഖർ വിശ്വസിക്കുന്നത്. അതേസമയം, സാധാരണ ശൈത്യകാലങ്ങളിൽ എൻ എച്ച് എസ് ആശുപത്രികൾക്ക് മീതെ അശനിപാതമായി എത്താറുള്ള ഫ്ളൂ ഇത്തവണ കാര്യമായിട്ടില്ല എന്നത് മറ്റൊരു ആശ്വാസദായകമായ കാര്യമാണ്. ഫ്ളൂവിന്റെ വ്യാപനവും കോവിഡിന്റെ രണ്ടാം വരവു ചേർന്ന് ഈ ശൈത്യകാലം നരകതുല്യമാക്കുമെന്നായിരുന്നു പലരും പ്രകടിപ്പിച്ചിരുന്ന അശങ്ക.

ഈ ആശങ്ക അകന്നതോടെ ടയർ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ക്രിസ്ത്മസ്സിന് പ്രഖ്യാപിച്ചിരിക്കുന്ന ഇളവുകൾ കോവിഡ് വ്യാപനം ത്വരിതപ്പെടുത്തിയേക്കാം എന്നൊരു ഭയവും നിലനിൽക്കുന്നു. വാക്സിൻ വിതരണം ശരിയായി നടക്കുകയും, ക്രിസ്ത്മസ്സിനു ശേഷം കോവിഡ് വ്യാപനത്തിൽ കാര്യമായ വർദ്ധനവ് ഇല്ലാതെയിരിക്കുകയും ചെയ്താൽ ജനുവരി മദ്ധ്യത്തോടെ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തി തുടങ്ങിയേക്കും.

പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ കണക്ക് പ്രകാരം ഇന്നലെ 1 ലക്ഷം പേരിൽ 1.2 പേർ മാത്രമാണ് ഫ്ളൂ ബാധിച്ച് ഡോക്ടർമാരെ കാണാൻ എത്തിയത്. താരതമ്യേന ഫ്ളൂ ബാധ കുറവായിരുന്ന കഴിഞ്ഞ വർഷം ഇതേ സമയത്ത് ഇത് 1 ലക്ഷം പേരിൽ 10.6 പേർ എന്നനിരക്കിലായിരുന്നു. കഴിഞ്ഞയാഴ്‌ച്ച ബ്രിട്ടനിൽ ആകമാനം 600 ഫ്ളൂ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഒമ്പത് മാസത്തെ സാമൂഹിക അകലം പാലിക്കൽ, കൂടുതൽ വൃത്തിയോടെയുള്ള ജീവിതശൈലി, ഫേസ് മാസ്‌ക് തുടങ്ങിയ കോവിഡ് പ്രതിരോധ ഉപാധികളാണ് ഫ്ളൂവിന്റെ വ്യാപനത്തെ ഇത്രയും ഫലവത്തായി തടഞ്ഞതെന്ന് ആരോഗ്യ രംഗത്തെ വിദഗ്ദർ പറയുന്നു.

കൂടുതൽ പേർ ഈ വർഷം ഫ്ളൂവിനുള്ള വാക്സിൻ എടുത്തു എന്നതും ഒരു കാരണമായേക്കാം. ബ്രിട്ടനിൽ മാത്രമല്ല, ആസ്ട്രേലിയയിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. കോവിഡിന്റെ ഭീതി ഡെമോക്ലീസിന്റെ വാൾ പോലെ തലയ്ക്ക് മീതെ തൂങ്ങുമ്പോഴും, ഫ്ളൂവിനെ കാര്യമായി ഭയക്കേണ്ടതില്ലാത്ത ഒരു ശൈത്യകാലമാണ് ഈ വർഷം യൂറോപ്പിലാകെ.

കോവിഡ് വാക്സിനേഷൻ ആദ്യം നൽകുന്നത് കെയർഹോം അന്തേവാസികൾക്ക്

ഫൈസറിന്റെ കൊറോണാ വാക്സിന്റെ ആദ്യ ബാച്ച് ബ്രിട്ടനിൽ എത്തിയതോടെ ഇത് നൽകേണ്ടുന്നവരുടെ മുൻഗണനാ ക്രമവും നിശ്ചയിക്കപ്പെട്ടു. ഇത് ആദ്യമായി നൽകുക കെയർഹോം അന്തേവാസികൾക്കായിരിക്കും എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഏതാനും ദിവസങ്ങൾക്കുള്ളിൽ വിതരണം ആരംഭിക്കും. വിതരണം എളുപ്പത്തിലാക്കുന്നതിനായി, ഇപ്പോൾ വന്നിരിക്കുന്ന പാക്കറ്റുകൾ പൊട്ടിച്ച് ചെറിയ പാക്കുകൾ ആക്കുകയാണിപ്പോൾ

സോഷ്യൽ കെയർ അന്തേവാസികൾക്ക് ആദ്യം വാക്സിൻ നൽകുവാനുള്ള പദ്ധതി വാക്സിൻ ഒരു സ്ഥലത്തുനിന്നും മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതിനുള്ള നിയന്ത്രണങ്ങൾ മൂലം പാളം തെറ്റിയിരുന്നു. വളരെ കനം കുറഞ്ഞ ആർ എൻ എ സ്ട്രാൻഡുകളാണ് ഈ വാക്സിനിൽ ഉള്ളത്. ഇതിന്റെ ഒരു തുള്ളി കൊഴുപ്പിൽ പൊതിഞ്ഞിരിക്കുകയാണ്.അതായത്, വളരെയധികം അസ്ഥിരമായ ഒരു ഘടനയാണ് ഈ വാക്സിനുള്ളത്. അതുകൊണ്ടു തന്നെ വളരെയധികം തണുത്ത അന്തരീക്ഷത്തിൽ (70 ഡിഗ്രി) വേണം ഇത് സൂക്ഷിക്കുവാൻ. അല്ലെങ്കിൽ, നേർത്ത ഡി എൻ എ സ്ട്രാൻഡ് പൊട്ടിപ്പോകുവാൻ ഇടയുണ്ട്.

ഇത്തരമൊരു അന്തരീക്ഷത്തിൽ സൂക്ഷിക്കേണ്ടിവരുന്നതിനാലും, ഇത് വിവിധ സഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളും കണക്കാക്കി ഇപ്പോൾ ഇംഗ്ലണ്ടിലെ പ്രധാനപ്പെട്ട 50 ആശുപത്രികളിലായിരിക്കും ഈ വാക്സിൻ വിതരണം ചെയ്യുവാനാണ് തീരുമാനിച്ചത്. അതായത്, കെയർ ഹോം അന്തേവാസികൾക്ക് ആദ്യം നൽകുക എന്ന പദ്ധതി ഉപേക്ഷിക്കേണ്ടതായി വരും. എന്നാൽ ആരോഗ്യ വകുപ്പ് അധികൃതർ ഇപ്പോൾ പുതിയൊരു രീതി ആവിഷ്‌കരിച്ചിരിക്കുകയാണ്. ഹെൽത്ത് കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി അഥോറിറ്റിയുടെ അംഗീകാരത്തോടെ ഏതാനും ദിവസങ്ങൾക്കുള്ളിൽ കെയർ ഹോമുകളിൽ വാക്സിനേഷൻ വിതരണം ചെയ്തു തുടങ്ങും.

കോവിഡ് വന്ന് സുഖം പ്രാപിച്ചവർക്ക് ഇമ്മ്യുണിറ്റി പാസ്സ്പോർട്ട് നൽകരുതെന്ന് ലോകാരോഗ്യ സംഘടന

കൊറോണാ വാക്സിൻ യാഥാർത്ഥ്യമായ സാഹചര്യത്തിൽ വാക്സിൻ എടുത്തവർക്ക് നിയന്ത്രണങ്ങൾ ഇല്ലാതെ യാത്രചെയ്യാൻ സഹായിക്കുന്ന ഇ-വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ നൽകാൻ ലോകാരോഗ്യ സംഘടന ഉദ്ദേശിക്കുന്നു. അതേസമയം, രോഗം വന്ന് ഭേദമായവരിൽ രൂപപ്പെടുന്ന ആന്റിബോഡികൾ ഇത്തരത്തിലുള്ള ഇമ്മ്യുണിറ്റി പാസ്സ്പോർട്ടുകൾ നൽകാനൊരു കാരണമാക്കരുതെന്നും യു എൻ പറഞ്ഞു.അത് രോഗവ്യാപനം തടയുന്നതിൽ ഫലവത്തായ പങ്ക് വഹിക്കുന്നില്ല എന്നതാൺ കാരണം.

ഫൈസറിന്റെ വാക്സിൻ ഒരു യാഥാർത്ഥ്യമാവുകയും, മൊഡേണയും ആസ്ട്രാസെനേകയും അവരുടെ അന്തിമ പരീക്ഷണത്തിന്റെ വിവരങ്ങൾ സഹിതം അംഗീകാരത്തിനായി അപേക്ഷിക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിൽ, പക്ഷെ അമിതാവേശം കാണിച്ച് യാത്രാ നിയന്ത്രണങ്ങൾ ഉൾപ്പടെയുള്ളവയൊന്നും തന്നെ പെട്ടെന്ന് നീക്കം ചെയ്യരുത് എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP