Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫൈസറിനും മോഡേണക്കും പിന്നാലെ ഓക്സ്ഫഡ് വാക്സിനും വിജയത്തിലേക്ക്; പരീക്ഷണങ്ങളിൽ 90% വരെ ഫലപ്രാപ്തി; പാർശ്വഫലങ്ങളും ഇല്ല; സെറം ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് ഇന്ത്യയിലും വൻ തോതിൽ ഉത്പാദനം നടത്തും; ആദ്യഘട്ടത്തിൽ തന്നെ ഉണ്ടാക്കുന്നത് നൂറു കോടി ഡോസ്; ചെലവു കുറഞ്ഞ വാക്സിൻ എന്ന ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളുടെ ആഗ്രഹവും പൂവണിയുന്നു

ഫൈസറിനും മോഡേണക്കും പിന്നാലെ ഓക്സ്ഫഡ് വാക്സിനും വിജയത്തിലേക്ക്; പരീക്ഷണങ്ങളിൽ 90% വരെ ഫലപ്രാപ്തി; പാർശ്വഫലങ്ങളും ഇല്ല; സെറം ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് ഇന്ത്യയിലും വൻ തോതിൽ ഉത്പാദനം നടത്തും; ആദ്യഘട്ടത്തിൽ തന്നെ ഉണ്ടാക്കുന്നത് നൂറു കോടി ഡോസ്; ചെലവു കുറഞ്ഞ വാക്സിൻ എന്ന ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളുടെ ആഗ്രഹവും പൂവണിയുന്നു

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ലക്ഷങ്ങളുടെ ജീവനെടുത്ത മഹാമാരിക്കാലത്ത് ഇതാ ലോകം കാത്തിരുന്ന ഒരു വാർത്തകൂടി. ഫൈസർ, മോഡേണ എന്ന ബഹുരാഷ്ട്ര മരുന്നു കമ്പനികൾക്ക് പിന്നാലെ ഇന്ത്യയിലെ സിറം ഇൻസിറ്റിറ്റിയൂട്ടുമായി സഹകരിച്ച് ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയുമായി ചേർന്ന് ആസ്ട്രസെനേക എന്ന ഔഷധ നിർമ്മാണ കമ്പനി വികസിപ്പിക്കുന്ന കോവിഡ് വാക്സനിനും 90 ശതമാനം വരെ ഫലപ്രാപ്തി. ഇത് ഓക്സ്ഫഡ് വാക്സിൻ എന്നാണ് പൊതുവെ അറിയപ്പെടുന്നത്.

ഈ വാക്‌സിന് ഗുരുതര പാർശ്വഫലങ്ങളൊന്നും ഇല്ലെന്ന് മൂന്നാംഘട്ട പരീക്ഷണത്തിൽ വ്യക്തമായതായി കമ്പനി പറഞ്ഞു. ഇന്ത്യടക്കുമുള്ള വികസ്വര രാജ്യങ്ങൾക്ക് താങ്ങാൻ കഴിയുന്ന രീതിയിൽ കുറഞ്ഞ തുകക്ക് ഈ വാക്സിൻ ലഭിക്കും. നേരത്തെ മോഡേണയുടെ വാ്ക്സിനെക്കെ ഒറ്റ ഡോസിന് 1800 മുതൽ 2700 രൂപ ആകും എന്നായിരുന്ന കണ്ടിരുന്നത്. അതായത് 150 കോടി ജനസംഖ്യയുള്ള ഇന്ത്യയെപ്പോലൊരു രാജ്യത്ത് ഇത് എങ്ങിനെ താങ്ങും എന്ന ചർച്ച വരുമ്പോഴാണ് ഓക്സ്ഫഡ് വാക്സിനും വിജയത്തിലേക്ക് അടുക്കുന്നത്.

ഒരു മാസത്തെ ഇടവേളയിൽ ആദ്യം പകുതി ഡോസും പിന്നീട് മുഴുവൻ ഡോസും നൽകിയപ്പോൾ ഓക്സ്ഫഡ് വാക്സിന് ഫലപ്രാപ്തി 90% ആണെന്ന് കണ്ടെത്തി. ഒരുമാസം ഇടവിട്ടുള്ള രണ്ട് പൂർണ്ണ ഡോസുകൾ നൽകിയപ്പോൾ 62% ആയിരുന്നു ഫലപ്രാപ്തി. പരീക്ഷണത്തിന്റെ ശരാശരി ഫലപ്രാപ്തി 70 ശതമാനമാണ്. രണ്ട് തരത്തിലുള്ള ഡോസുകളിലും ഗുരുതരമായ പാർശ്വഫലങ്ങളൊന്നും കണ്ടെത്താനായില്ലെന്നും കമ്പനി പറയുന്നു.

കോവിഡ് 19-നെ പ്രതിരോധിക്കാൻ വളരെയധികം ശേഷിയുള്ളതാണ് ഈ വാക്‌സിനെന്ന് ഇതിന്റെ ഫലപ്രാപ്തിയും സുരക്ഷാ പരിശോധനകളും ഉറപ്പുനൽകുന്നതായി ആസ്ട്രസെനേക മേധാവി പാസ്‌കൽ സോറിയോട്ട് പ്രസ്താവനയിൽ അറിയിച്ചു. ലോകത്തെങ്ങുമുള്ള വിതരണത്തിന് ഇന്ത്യയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് നൂറു കോടി ഡോസ് ഉൽപാദിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.അമേരിക്കൻ കമ്പനിയായ ഫൈസർ വികസിപ്പിക്കുന്ന വാക്‌സിൻ 90 ശതമാനം ഫലപ്രദമാണെന്ന് കഴിഞ്ഞ ദിവസം കമ്പനി വ്യക്തമാക്കിയിരുന്നു. മറ്റൊരു അമേരിക്കൻ കമ്പനിയായ മൊഡേർണ വികസിപ്പിക്കുന്ന വാക്‌സിന് 94.5 ശതമാനം ഫലപ്രാപ്തിയുണ്ടെന്നും കഴിഞ്ഞദിവസം കമ്പനി പ്രസ്താവനയിൽ അറിയിച്ചിരുന്നു.

കോവാക്സിനും വിജയത്തിലേക്ക്

ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന വാക്‌സിനായ കോവാക്‌സിനും വിജയത്തിലേക്കെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. കോവാക്‌സീന് ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ പ്രകാരം 60% ഫലപ്രാപ്തിയുണ്ട്്. ഭാരത് ബയോടെക് ആണ് കോവാക്‌സീൻ വികസിപ്പിക്കുന്നത്. 50 ശതമാനത്തിലേറെ ഫലമുണ്ടെങ്കിലാണ് ലോകാരോഗ്യ സംഘടന, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷൻ (യുഎസ്എഫ്ഡിഎ), സെൻട്രൽ ഡ്രഗ്‌സ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്സിഒ) എന്നിവയുടെ അംഗീകാരം ലഭിക്കുകയെന്ന് ഭാരത് ബയോടെക് ക്വാളിറ്റി ഓപ്പറേഷൻസ് പ്രസിഡന്റ് സായ് ഡി. പ്രസാദ് പറഞ്ഞു.

ഫലപ്രാപ്തി 50 ശതമാനത്തിൽ താഴെയാകാൻ സാധ്യത വളരെ കുറവാണെന്ന് പരീക്ഷണങ്ങൾ തെളിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. അനുമതി ലഭിക്കുന്നതനുസരിച്ച് 2021 മധ്യത്തോടെ വാക്‌സീൻ വിതരണം ആരംഭിക്കാൻ സാധിച്ചേക്കുമെന്നും അധികൃതർ പറഞ്ഞു. ഭാരത് ബയോടെക് ആണ് ഇന്ത്യയിൽ ആദ്യമായി കോവിഡ് വാക്‌സീൻ നിർമ്മിക്കുന്നത്. ഈ മാസം ആദ്യം പരീക്ഷണം മൂന്നാം ഘട്ടത്തിലേക്ക് കടന്നു. രാജ്യത്തെ 25 കേന്ദ്രങ്ങളിലായി 26,000 ആൾക്കാരിലാണ് പരീക്ഷണം നടത്തുന്നത്. ഐസിഎംആർ (ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്) പങ്കാളിത്തത്തോടെയാണ് പരീക്ഷണം.

അതേ സമയം വാക്‌സീനെക്കുറിച്ച് സംശയമുന്നയിച്ച് എഐഡിഎഎൻ (ഓൾ ഇന്ത്യ ഡ്രഗ് ആക്ഷൻ നെറ്റ്‌വർക്ക്) കോ കൺവീനർ മാലിനി ഐസോള രംഗത്തെത്തി. ഒന്ന്, രണ്ട് ഘട്ടങ്ങളിലെ പരിശോധനാ ഫലങ്ങൾ പുറത്തു വിട്ടില്ലെന്ന് അവർ ആരോപിച്ചു. വാക്‌സീൻ വിദഗ്ധ സമിതി മെംബർ ഡോ.വി.കെ. പോൾ ആരോപണം തള്ളി. മൂന്നു ഘട്ടവും പൂർത്തിയാക്കിയ ശേഷമേ വിവരങ്ങൾ പുറത്തുവിടുകയുള്ളു. സംശയാസ്പദമായി യാതൊന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP