Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202203Saturday

മുടികൊഴിച്ചിൽ തടയുന്ന മിനോക്സിഡിൽ നഷ്ടപ്പെട്ട മുടി വീണ്ടെടുക്കുമെന്ന് പഠന റിപ്പോർട്ട്; കഷണ്ടിക്ക് മരുന്നു കണ്ടു പിടിച്ചതിന്റെ സൂചനയുമായി ശാസ്ത്രലോകം; മുടി കിളിർപ്പിക്കാൻ പക്ഷെ ലോഷനു പകരം ഗുളിക വേണം

മുടികൊഴിച്ചിൽ തടയുന്ന മിനോക്സിഡിൽ നഷ്ടപ്പെട്ട മുടി വീണ്ടെടുക്കുമെന്ന് പഠന റിപ്പോർട്ട്; കഷണ്ടിക്ക് മരുന്നു കണ്ടു പിടിച്ചതിന്റെ സൂചനയുമായി ശാസ്ത്രലോകം; മുടി കിളിർപ്പിക്കാൻ പക്ഷെ ലോഷനു പകരം ഗുളിക വേണം

മറുനാടൻ മലയാളി ബ്യൂറോ

തിറ്റാണ്ടുകളായി ഡോക്ടർമാർ മുടികൊഴിച്ചിൽ തടയാൻ നൽകിയിരുന്ന ഒരു മരുന്ന്, കൊഴിഞ്ഞ മുടി കിളിർക്കുവാനും സഹായിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നു. എന്നാൽ, നിലവിൽ അത് ഉപയോഗിക്കുന്നത് പോലെ ലോഷനായോ ഓയന്റ്മെന്റായോ അല്ല ഉപയോഗിക്കേണ്ടത് മറിച്ച് ഗുളികകളായി കഴിക്കണം എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

റോഗെയ്ൻ എന്ന ബ്രാൻഡ് നെയിം ഉള്ള മിനോക്സിഡിൽ 1980 കൾ മുതൽ തന്നെ വിപണിയിൽ ലഭ്യമാണ്. തലയോട്ടിയിൽ ഈ ലോഷൻ തേയ്ക്കുന്നത് മുടികൊഴിച്ചിൽ വലിയൊരു പരിധിവരെ തടയുകയും ചെയ്യുന്നുണ്ട്. എപ്പോൾ ഈ ഔഷധം കുറഞ്ഞ ഡോസിലുള്ള ഗുളികകളായി ഡോക്ടർമാർ നിർദ്ദേശിക്കാൻ തുടങ്ങിയതായി ന്യുയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ മുടികൊഴിച്ചിൽ തടയുമെന്ന് അവകാശപ്പെടുന്ന നിരവധി ഉത്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ്. അവയുടെ ഫലക്ഷമത ഉറപ്പില്ലെങ്കിലും അവയെല്ലാം തന്നെ വിറ്റു പോകുന്നുമുണ്ട്.

എന്നാൽ, മിനോക്സിഡിലിന്റെ വിജയകഥകൾക്ക് കൂടുതൽ പ്രചാരണം ലഭിക്കാൻ തുടങ്ങിയതോടെ കൂടുതൽ കൂടുതൽ ഡോക്ടർമാർ ഇത് നിർദ്ദേശിക്കുവാൻ തുടങ്ങിയതായി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഇത് ഗുളികയായി ഉപയോഗിക്കുന്നതിന് ഇതുവരെയും ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷന്റെ അംഗീകാരം ലഭിച്ചട്ടില്ല. 1988-ൽ കൊഴിഞ്ഞ മുടിവളരാൻ പുരുഷന്മാരെ സഹായിക്കുന്ന ഒരു ലോഷൻ ആയി മിനോക്സിഡിലിന് അംഗീകാരം ലഭിച്ചിരുന്നു. 1992-ൽ ഇത് സ്ത്രീകളിൽ ഉപയോഗിക്കുന്നതിനുള്ള അനുമതിയും ലഭിച്ചു.

ഹെയർ ഫോളിക്കിളുകളിലുള്ള എൻസൈം ഉപയോഗിച്ച് ഔഷധത്തെ വിഘടിപ്പിക്കുകയും പുതിയ മുടികൾ മുളപ്പിക്കുന്നതിന് ഉത്തേജനം നൽകുന്ന രൂപത്തിലാക്കുകയുമാണ് ഇതിന്റെ പ്രവർത്തന രീതി. എന്നാൽ, ഇത് തലയോട്ടിയിൽ എത്തിയാൽ മാത്രമെ ഇത്തരത്തിൽ പ്രവർത്തിക്കാൻ കഴിയുകയുള്ളു. നിലവിലുള്ള മുടി തലയോട്ടിക്ക് ആവരണം തീർക്കുന്നതിനാൽ ഇത് പലപ്പോഴും സംഭവിക്കാറില്ല. മാത്രമല്ല, പ്രതിദിനം ഈ മരുന്ന് തലയോട്ടിയിൽ ചുരുങ്ങിയത് നാലു മണിക്കൂർ നേരമെങ്കിലും പറ്റിപ്പിടിച്ചിരിക്കണം. ഇത് മിക്ക ഉപഭോക്താക്കളും ഇഷ്ടപ്പെടാത്ത കാര്യവുമാണ്.

അതേസമയം, ഇത് ഗുളികയായി ഉപയോഗിച്ചാൽ അതിവേഗം വിഘടനം സംഭവിച്ച് മുടി വളർച്ചയെ സഹായിക്കുന്ന രൂപത്തിൽ എത്തുമെന്നാണ് ഡോക്ടർമാർ കണ്ടെത്തിയിരിക്കുന്നത്. ആസ്ട്രേലിയയിലെ യൂണിവേഴ്സിറ്റി ഓഫ് മെൽബോണിലെ ത്വക്ക് രോഗ വിദഗ്ദനായ ഡോ. റോഡ്നി സിൻക്ലെയർ ആണ് ഇക്കാര്യം ആദ്യം കണ്ടുപിടിച്ചത്. മുടികൊഴിച്ചിൽ ബാധിച്ച ഒരു വനിതക്ക് റോഗെയ്ൻ ലോഷൻ പുരട്ടുമ്പോൾ ഉണ്ടാകുന്ന അലർജിയായിരുന്നു അദ്ദേഹത്തെ ഈ കണ്ടുപിടുത്തത്തിന് പ്രേരിപ്പിച്ചത്.

അലർജി ഒഴിവാക്കാനായി മിനോക്സിഡിൽ ഗുളികൾ നാലായി മുറിച്ച് ഓരോ കഷ്ണം വീതം രോഗിക്ക് നൽകുകയായിരുന്നു. ഇതുവഴി മുടി വളരുകയും അലർജി ബാധിക്കാതിരിക്കുകയും ചെയ്തു. യഥാർത്ഥ ഗുളികയിൽ ഉള്ളതിന്റെ ഡോസ് നാല്പതിൽ ഒന്നായി കുറച്ചാൽ അത് മുടികൊഴിച്ചിലിന് ഫലപ്രദമാണെന്ന് അകണ്ട് അദ്ദേഹം അത് നിർദ്ദേശിക്കാൻ തുടങ്ങുകയായിരുന്നു. രക്തസമ്മർദ്ദവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾക്കും ഈ ഗുളിക നിർദ്ദേശിക്കപ്പെടുന്നുണ്ട്.

നൂറിലധികം വനിതകളിൽ നടത്തിയ പരീക്ഷണം വിജയം കണ്ടതിനു ശേഷം 2015-ൽ മിയാമിയിൽ നടന്ന ഒരു ശാസ്ത്രസമ്മേളനത്തിൽ അദ്ദേഹം ഇതു സംബന്ധിച്ച തന്റെ പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു. ഇതുവരെ 10,000 അധികം രോഗികൾക്ക് അദ്ദേഹം ഈ ഗുളിക നിർദ്ദേശിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. തുടർന്ന് മറ്റു പല ഡോക്ടർമാരും ഇത് നിർദ്ദേശിക്കാൻ തുടങ്ങി.

എന്നാൽ, ഇത്തരത്തിൽ ഈ ഗുളിക ഉപയോഗിച്ച് ചികിത്സ നടത്തുന്നതിന് എഫ് ഡി എ അംഗീകാരമില്ല. വളരെ ചെറിയ അളവിൽ മാത്രമാണ് ഇത് ഉപയോഗിക്കുന്നത് എന്നതിനാൽ, ഉത്പാദകർക്ക് കാര്യമായ ലാഭം കിട്ടുകയില്ല. അതിനാൽ തന്നെ എഫ് ഡി എ നിർദ്ദേശപ്രകാരമുള്ള ഗവേഷണങ്ങൾക്കൊന്നും അവർ മുതിരാൻ ഇടയില്ല. എന്നാൽ, ഡോക്ടർമാർ പറയുന്നത് പരമാവധി 1 മില്ലി ഗ്രാം വരെയുള്ള ഡോസ് ഉപയോഗിക്കുന്നതുകൊണ്ട് പ്രശ്നങ്ങൾ ഒന്നുമില്ലെന്നാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP