Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നാലാം ഡോസിലേക്ക് എടുത്ത് ചാടണ്ട; ബൂസ്റ്റർ ഡോസ് എടുത്തവർക്ക് മൂന്ന് മാസം കഴിയുമ്പോഴും കോവിഡിനെ പ്രതിരോധിക്കാൻ കഴിയും; ഓമിക്രോൺ സാദാ പനിയേക്കാൾ പാവം; രണ്ട് റിപ്പോർട്ടുകൾ പറയുന്നത്

നാലാം ഡോസിലേക്ക് എടുത്ത് ചാടണ്ട; ബൂസ്റ്റർ ഡോസ് എടുത്തവർക്ക് മൂന്ന് മാസം കഴിയുമ്പോഴും കോവിഡിനെ പ്രതിരോധിക്കാൻ കഴിയും; ഓമിക്രോൺ സാദാ പനിയേക്കാൾ പാവം; രണ്ട് റിപ്പോർട്ടുകൾ പറയുന്നത്

മറുനാടൻ മലയാളി ബ്യൂറോ

ബൂസ്റ്റർ ഡോസ് പ്രായമായവരിൽ പോലും ഓമിക്രോൺ പോലുള്ള വകഭേദങ്ങളിൽ നിന്നും നല്ല രീതിയിൽ പ്രതിരോധം തീർക്കുന്നതിനാൽ ഒരു നാലാം ഡോസിന്റെ ആവശ്യം ഇപ്പോഴില്ല എന്നാണ് ബ്രിട്ടീഷ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. ബൂസ്റ്റർ ഡോസ് എടുത്തതിനു ശേഷം മൂന്ന് മാസം വരെ 65 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ ആശുപത്രി പ്രവേശനത്തിന് കാരണമാകുന്ന വിധത്തിൽ രോഗം ഗുരുതരമാകാതെ സൂക്ഷിക്കാൻ 90 ശതമാനം വരെ കഴിവുണ്ട് എന്നാണ് യു കെ ഹെൽത്ത് സെക്യുരിറ്റി ഏജൻസി വെളിപ്പെടുത്തിയിരിക്കുന്നത്.

എന്നാൽ, ചെറിയ രീതിയിലുള്ള ലക്ഷണങ്ങൾ കാണിക്കുന്ന വകഭേദത്തിന്റെ ബാധ തടയുന്നതിനുള്ള കഴിവ് മൂന്ന് മാസം കഴിഞ്ഞാൽ30 ശതമാനമായി കുറയുമെന്നും പുതിയ കണക്കുകൾ പറയുന്നു. രണ്ട് ഡോസുകൾ മാത്രം എടുത്തവരിലെ പ്രതിരോധശേഷി മൂന്ന് മാസങ്ങൾക്ക് ശേഷം 70 ശതമാനമായും ആറ് മാസങ്ങൾക്ക് ശേഷം 50 ശതമാനമായും കുറയുന്നതായും തെളിഞ്ഞിട്ടുണ്ട്. ഇത് ബൂസ്റ്റർ ഡോസിന്റെ പ്രാധാന്യം വിളിച്ചോതുന്നു. ഈ കണക്കുകളുടെ അടിസ്ഥാനത്തിൽ നാലാം ഡോസ് ഇപ്പോൾ നൽകേണ്ടതില്ല എന്ന് ജോയിന്റ് കമ്മിറ്റി ഓൺ വാക്സിനേഷൻ ആൻഡ് ഇമ്മ്യുണൈസേഷൻ സർക്കാരിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇപ്പോൾ മുൻഗണന നൽകേണ്ടത് മൂന്നാം ഡോസ് നൽകുന്നതിനായിരിക്കണം എന്നും കമ്മിറ്റി നിർദ്ദേശിച്ചു. അതുപോലെ ഇതുവരെ വാക്സിൻ എടുക്കാത്തവർക്ക് ആദ്യ രണ്ട് ഡോസ് നൽകുന്ന കാര്യവും അതീവ പ്രാധാന്യത്തോടെ പരിഗണിക്കണം എന്നും കമ്മിറ്റി ആവശ്യപ്പെടുന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച് ബ്രിട്ടനിൽ ഇതുവരെ 35 മില്യൺ ബൂസ്റ്റർ ഡോസുകൾ നൽകിക്കഴിഞ്ഞിട്ടുണ്ട്. ബ്രിട്ടനിലെ പ്രതിദിന രോഗികളുടെ എണ്ണം തുടർച്ചയായി രണ്ടാം ദിവസവും കുറഞ്ഞ സാഹചര്യത്തിലാണ് ഈ റിപ്പോർട്ട് പുറത്തുവരുന്നത്. അതേസമയം ഇംഗ്ലണ്ടിൽ ചികിത്സതേടി ആശുപത്രികളിൽ എത്തുന്ന കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്.

ഇന്നലെ ബ്രിട്ടനിൽ 1,78,250 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞയാഴ്‌ച്ചയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 6 ശതമാനത്തിന്റെ കുറവാണ് ദൃശ്യമായിരിക്കുന്നത്. ഇന്നലെ 2 മില്യൺ ആളുകളെയാണ് രോഗ പരിശോധനക്ക് വിധേയരാക്കിയതെന്നതും ശ്രദ്ധിക്കണം. അതിവ്യാപന ശേഷിയുള്ള ഓമിക്രോണിന്റെ വരവിന് ശേഷം ഒരു മാസമായി തുടർച്ചയായി രോഗവ്യാപന തോത് കൂടിവരികയായിരുന്നു. അതാണ് ഇപ്പോൾ രണ്ടു ദിവസമായി കുറയാൻ തുടങ്ങിയിരിക്കുന്നത്.

അതേസമയം മരണനിരക്ക് വർദ്ധിക്കുകയാണ്. ഇന്നലെ 229 കോവിഡ് മരണങ്ങളാണ് ബ്രിട്ടനിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞയാഴ്‌ച്ചയിലേതിനെ അപേക്ഷിച്ച് 13 ശതമാനം കൂടുതലാണിത്. എന്നിരുന്നാൽ പോലും കഴിഞ്ഞ ജനുവരിയിലെ രണ്ടാം തരംഗകാലത്തെ അപേക്ഷിച്ച് മരണനിരക്ക് വളരെ കുറവാണ്. അതുകൊണ്ടു തന്നെ രാജ്യം ഇനി വലിയൊരു ദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടി വരില്ല എന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്. മാത്രമല്ല, ഓമിക്രോൺ ഫ്ളൂവിനോളം പോലും അപകടകാരിയല്ലെന്നും ഇത് അടിവരയിട്ടു പറയുന്നതായി വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ജനുവരി 3 ന് 2434 പേരെയാണ് കോവിഡ് ബാധിച്ച് ബ്രിട്ടനിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. തൊട്ട് മുൻപത്തെ ആഴ്‌ച്ചയിലേതിനേക്കൾ 25 ശതമാനം കൂടുതലാണിത്. എന്നാൽ എൻ എച്ച് എസ് കണക്കുകൾ പറയുന്നത് ഇതിൽ 40 ശതമാനത്തോളം പേരെ പ്രധാനമായും ചികിത്സിക്കുന്നത് കോവിഡേതര രോഗങ്ങൾക്കായിട്ടാണ് എന്നാണ്. എന്നാൽ, ഓമിക്രോണിന്റെ എപ്പിസെന്ററായിരുന്ന ലണ്ടനിൽ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണം കുറഞ്ഞുവരികയാണ്.

പല വിദഗ്ദരും കോവിഡിന്റെ ആരംഭകാലം മുതൽ തന്നെ പറഞ്ഞുകൊണ്ടിരുന്ന ഒരു കാര്യമുണ്ട്. വാക്സിൻ മൂലവും രോഗം വന്ന് ഭേദമായതിലൂടെയും മനുഷ്യർ നേടിയെടുക്കന്ന പ്രതിരോധശേഷിമൂലം ക്രമേണ അത്യന്തം അപകടകാരിയായ കൊറോണ വൈറസ് രൂപാന്തരം പ്രാപിച്ച് ജലദോഷത്തിനു കാരണമാകുന്ന ഒരു സാധാരണ വൈറസിന്റെ നിലയിലേക്കെത്തുമെന്ന്. എന്നാൽ, അതിവ്യാപനശേഷിയുള്ള ഓമിക്രോണിന്റെ ആവിർഭാവം ഇപ്പോൾ ആ പ്രക്രിയ ത്വരിതപ്പെടുത്തിയിരിക്കുന്നു എന്നാണ് ചിലർ പറയുന്നത്.

ഏറ്റവുമധികം ദുരന്തം വിതച്ച രണ്ടാം തരംഗകാലത്ത് കോവിഡ് സ്ഥിരീകരിക്കപ്പെട്ട 33 പേരിൽ ഒരാൾ വീതം മരണമടഞ്ഞപ്പോൾ നിലവിൽ 670 പേരിൽ ഒരാൾ വീതം മാത്രമാണ് മരണമടയുന്നത്. ഈ അന്തരം ഇനിയും വർദ്ധിക്കുമെന്നാണ് വിദഗ്ദർ പറയുന്നത്. കാലാകാലങ്ങളായി എത്തുന്ന ഫ്ളൂവിന്റെ കാര്യത്തിൽ രോഗം ബാധിച്ച 1000 പേരിൽ ഒരാൾ വീതമാണ് മരണമടയുന്നത്. കോവിഡിന്റെ പ്രഹരശേഷി ദുർബലമാകുന്നു എന്നതിന്റെ മറ്റൊരു തെളിവായി വാഷിങ്ടൺ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠന റിപ്പോർട്ടും എത്തിയിട്ടുണ്ട്. ഡെൽറ്റ കൊന്നൊടുക്കിയതിനേക്കാൾ 99 ശതമാനം കുറവ് ആളുകൾ മാത്രമേ ഓമിക്രോൺ മൂലം മരണമടയുകയുള്ളു എന്നാണ് ഈ റിപ്പോർട്ടിൽ പറയുന്നത്. ഇത് സത്യമാണെങ്കിൽ ഭാവിയിൽ കോവിഡ് മൂലമുള്ള മരണനിരക്ക് ഫ്ളൂവിനേതിനേക്കാൾ കുറവായിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP