Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡിന്റെ മരുന്ന് വിതരണത്തിന് റെഡി; മരണസംഖ്യ പകുതിയായി കുറയ്ക്കുമെന്ന് പ്രതീക്ഷ; ഓമിക്രോൺ അപകടകാരിയല്ലെന്ന പുതിയ റിപ്പോർട്ടുകൾക്ക് പിന്നാലെ മരുന്നു കൂടി ശരിയായതോടെ കോവിഡിനെ മെരുക്കാനായേക്കും; കോവിഡിലെ ബ്രിട്ടീഷ് മാതൃകയിൽ പ്രതീക്ഷ

കോവിഡിന്റെ മരുന്ന് വിതരണത്തിന് റെഡി; മരണസംഖ്യ പകുതിയായി കുറയ്ക്കുമെന്ന് പ്രതീക്ഷ; ഓമിക്രോൺ അപകടകാരിയല്ലെന്ന പുതിയ റിപ്പോർട്ടുകൾക്ക് പിന്നാലെ മരുന്നു കൂടി ശരിയായതോടെ കോവിഡിനെ മെരുക്കാനായേക്കും; കോവിഡിലെ ബ്രിട്ടീഷ് മാതൃകയിൽ പ്രതീക്ഷ

മറുനാടൻ മലയാളി ബ്യൂറോ

കൊറോണയെന്ന കുഞ്ഞൻ വൈറസിന് ഇനി പഴയതുപോലെ മനുഷ്യരെ വലയ്ക്കാൻ ആകില്ലെന്നതിന്റെ ചില സൂചനകൾ പുറത്തുവരുന്നു. കഴിഞ്ഞയാഴ്‌ച്ച പ്രസിദ്ധീകരിച്ച അഞ്ച് പഠന റിപ്പോർട്ടുകളും സ്ഥാപികുന്നത് ഓമിക്രോൺ അത്ര അപകടകാരിയല്ലെന്നു തന്നെയാണ്. ഇതിൽ മൂന്ന് പഠനങ്ങൾ നടന്നത് ബ്രിട്ടനിലാണ്. എന്നിരുന്നാലും വരും നാളുകളിൽ ആശുപത്രികളിൽ തിരിക്ക് വർദ്ധിക്കുമെന്ന ആശങ്ക ഇപ്പോഴും നിലനിൽക്കുന്നു. ഓമിക്രോണിന്റെ വ്യാപനശേഷി തർക്കമറ്റ സംഗതിയാണ്. പ്രതിദിനം 1,20,000 ൽ അധികം പേരെ ഇത് ബാധിക്കും എന്നാണ് കണക്കുകൂട്ടുന്നത്.

ഇതിൽ ചെറിയൊരു ശതമാനത്തിനു തന്നെ രോഗം ഗുരുതരമായി ആശുപത്രിയെ സമീപിക്കേണ്ട സാഹചര്യമുണ്ടായാൽ എൻ എച്ച് എസിന് മേൽ സമ്മർദ്ദം ഏറുമെന്നത് ഉറപ്പാണ്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടേ എണ്ണം അഭൂതപൂർവ്വമായി കുതിച്ചുയരും എന്നുതന്നെയാണ് ചിലർ ഇപ്പോഴും പ്രവചിക്കുന്നത്. ചില റിപ്പോർട്ടുകൾ പറയുന്നത് ഇതിന്റെ സൂചനകൾ ഇപ്പോൾ തന്നെ കണ്ടുതുടങ്ങി എന്നാണ്. സർക്കാരിന്റെ ശാസ്ത്രോപദേശക സമിതിയുടെ, ജനുവരി അവസാനമാകുമ്പോഴേക്കും പ്രതിദിനം 10,000 പേരെങ്കിലും ആശുപത്രികളിൽ കോവിഡിന് ചികിത്സതേടിയെത്തുമെന്നും പ്രതിദിന മരണസംഖ്യ 6000 ആയി ഉയരുമെന്ന നിഗമനത്തെ ഇതുവരെ ആരോഗ്യരംഗത്തെ പ്രമുഖർ ആരും തന്നെ ഖണ്ഡിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ആശുപത്രി പ്രവേശനം എത്രകണ്ട് വർദ്ധിച്ചാലും 2020 മാർച്ചിലും 2021 ജനുവരിയിലും ദൃശ്യമായത്ര ഭീകരദൃശ്യങ്ങൾ ഇനി ആവർത്തിക്കില്ല എന്ന് ഏതാണ്ട് ഉറപ്പാണ്. രാജ്യത്താകമാനമുള്ള ആശുപത്രികളിൽ നടക്കുന്ന ഒരു നിശബ്ദ വിപ്ലവത്തിന്റെ ഫലമാണിത്. അതിഗുരുതരമായ കോവിഡ് ബാധിച്ചവരെ പോലും രക്ഷിച്ചെടുക്കാനായ ചില ഫലവത്തായ ചികിത്സകൾ ഇവിടങ്ങളിൽ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടക്കുകയാണ്. റിക്കവറി പോലുള്ള ക്ലിനിക്കൽ ട്രയലുകളിൽ ബ്രിട്ടനിൽ നിന്നും 45,000 എൻ എച്ച് എസ് രോഗികളിൽ വിവിധ മരുന്നുകൾ പ്രയോഗിക്കുകയും അതിൽ ചിലത് ആയിരക്കണക്കിന് ആളുകളുടേ ജീവൻ രക്ഷിക്കുകയും ചെയ്തെന്ന് റിപ്പോർട്ടുകൾ പറയുന്നു.

നിലവിൽ, ആരോഗ്യ രംഗത്തിന്റെ കൈവശം ചില മികച്ച ചികിത്സാ രീതികളും മരുന്നുകളും ഉണ്ടെന്നും അതുകൊണ്ടു തന്നെ മരണം ഒഴിവാക്കാം എന്നുമാത്രമല്ല, ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരെ രോഗം ഭേദമാക്കി എത്രയും പെട്ടെന്ന് പറഞ്ഞു വിടാനും കഴിയുമെന്ന് റോയൽ ഡെവൺ ആൻഡ് എക്സീറ്റർ എൻ എച്ച് എസ് ഫൗണ്ടേഷനിലെ കോവിഡ് വിഭാഗം മേധാവി ഡോ. ഡേവിഡ് സ്ട്രെയിൻ പറയുന്നു. വെറും മരുന്നുകൾ മാത്രമല്ല, ഡോക്ടർമാരും നഴ്സുമാരും പറയുന്നത് അവർ കോവിഡിനെ കൂടുതലായി മനസ്സിലാക്കിയിരിക്കുന്നു എന്നാണ്.

പലരും കഴിഞ്ഞ 18 മാസങ്ങളായി നിത്യവും കോവിഡ് രോഗികളെ ചികിത്സിക്കുന്നവരാണ്. അതുകൊണ്ട് തന്നെ അതിന്റെ ഗതിവിഗതികൾ ഇവർ നന്നായി മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു. ബാർട്സ് ഹെൽത്ത് എൻ എച്ച് എസ് ട്രസ്റ്റിലെ ഒരു ഡോക്ടർ പറഞ്ഞത് അവരുടെ ആശുപത്രിയിൽ ഓമിക്രോൺ ബാധിച്ച നിരവധി പേരുണ്ടെന്നാണ്. അതിൽ ഒരു അർബുധ രോഗിയും ഉൾപ്പെടുന്നു. എന്നിരുന്നാലും അവരാരും തന്നെ ഇപ്പോൾ അതിതീവ്ര പരിചരണ വിഭാഗത്തിലോ കൃത്രിമ ശ്വാസം ആവശ്യമായ നിലയിലോ അല്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കോവിഡ് കേസുകൾ പെരുകി വരുന്ന ലണ്ടൻ നഗരത്തിൽ കഴിഞ്ഞ ഒരാഴ്‌ച്ചയിൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ എത്തുന്ന കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നു എന്നാണ് കണക്കുകൾ കാണിക്കുന്നത്.

സ്വഭാവത്തിൽ ചില മാറ്റങ്ങൾ വരുത്തിയ ചില കോവിഡ് ചികിത്സരീതികൾ ഇപ്പോൾ ബ്രിട്ടീഷ് ആശുപത്രികളിൽ മരണസംഖ്യ കാര്യമായി കുറയ്ക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.അക്യുട്ട് മെഡിസിനിൽ വിദഗ്ദരായ ചിലർ ഇത്തരത്തിൽ കാര്യക്ഷമമായ രീതിയിൽ കോവിഡ് ചികിത്സിക്കാൻ ഉപയോഗിക്കാവുന്നചില മരുന്നുകളെ കുറിച്ചും പറഞ്ഞു. ഇംപീരിയൽ കോളേജ് ലണ്ടനിലെ ഒരു ഇന്റൻസീവ് കെയർ സ്പെഷ്യലിസ്റ്റായ പ്രോഫസർ ആന്റണി ഗോർഡോൻ പറഞ്ഞത് സാധാരണയായി ഹൃദ്രോഗത്തിന് ഉപയോഗിക്കുന്ന ഒരു മരുന്ന് പരീക്ഷണങ്ങളിൽ ഫലം കണ്ടു എന്നാണ്.

കൊളസ്ട്രോൾ കുറയ്ക്കുവാനായി ഇപ്പോൾ തന്നെ ബ്രിട്ടനിൽ നിരവധിപേർക്ക് നിർദ്ദേശിക്കുന്ന പ്രതിദിനം ഒരു ഗുളികവീതം കഴിക്കേണ്ടുന്ന ഈ മരുന്ന രക്തക്കുഴലുകളിലെ വീക്കവും രക്തം കട്ടപിടിക്കുന്നതും തടയുന്നു. കോവിഡ് ബാധയുടെ ഏറ്റവും സങ്കീർണ്ണമായ അവസ്ഥകളാണിവ രണ്ടും. സ്റ്റാറ്റിൻസ് എന്ന ഈ മരുന്ന് ഫലവത്താണെന്ന് യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിലെ സാൻ ഡീഗോ സ്‌കൂൾ ഓഫ് മെഡിസിൻ, 10,000 കോവിഡ് രോഗികളിൽ നടത്തിയ പരീക്ഷണത്തിലും വിജയിച്ചതായി കഴിഞ്ഞ ജൂലായിൽ തന്നെ വാർത്ത പുറത്തുവന്നിരുന്നു.

പ്രൊഫസർ ഗോർഡോൻ പറയുന്നതനുസരിച്ച് ഇപ്പോൾ ആശുപത്രികളിലുള്ള 2,500 രോഗികൾക്കാണ് സ്റ്റാറ്റിൻ നൽകുന്നത്. ഒരു മെഡിക്കൽ ട്രയലിന്റെ ഭാഗമായിട്ടാണ് ഇത് നൽകുന്നത്. ഒരു വർഷത്തിനകം ഇതിന്റെ ഫലം ലഭിക്കും. ഇത് പൂർണ്ണമായും വിജയിക്കുകയാണെങ്കിൽ കോവിഡിന്റെ ചികിത്സ എളുപ്പമായി തീരും. വിലക്കുറഞ്ഞതും ലഭിക്കാൻ എളൂപ്പമുള്ളതുമായ ഈ മരുന്ന് ഒരുപക്ഷെ മാനവരാശിയുടെ രക്ഷകനായി മാറിയേക്കാം. മറ്റു ചില ചികിത്സാ രീതികളും പരീക്ഷണ ഘട്ടത്തിലുണ്ട്. സാധാരണയായി അധിക ഓക്സിജൻ ആവശ്യമായി വരുന്ന കോവിഡ് രോഗികൾക്ക് നൽകുന്ന വിലകുരാഞ്ഞ സ്റ്റിറോയ്ഡിന്റെ കൂടുതലളവിലുള്ള ഡോസ് നൽകിക്കൊണ്ടുള്ള ചികിത്സാ രീതിയാണ് യൂണീവേഴ്സിറ്റി ഓഫ് ഓക്സ്ഫോർഡ് പരീക്ഷിക്കുന്നത്.

ശ്വാസകോശത്തിലെ വീക്കം തടയുകയും തന്മൂലം ഓക്സിജൻ ഉള്ളിലേക്കെടുക്കുന്ന പ്രക്രിയ സുഗമമാക്കുകയുമാണ് ഈ മരുന്ന് ചെയ്യുന്നത്. നിലവിൽ നൽകുന്ന അളവിൽ നൽകിയാൽ തന്നെ മരണസംഖ്യ മൂന്നിലൊന്നോളം കുറയ്ക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അളവ് വർദ്ധിപ്പിക്കുകയാണെങ്കിൽ ഇനിയും മരണസംഖ്യ കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ. ദക്ഷിണാഫ്രിക്കയിൽ കോവിഡ് ചികിത്സയുടെ ഭാഗമായി ഈ മരുന്ന് കൂടിയ അളവിൽ ഉപയോഗിക്കുന്നുണ്ടെങ്കിലും, ഇതിന്റെ ഫലസിദ്ധിയെ കുറിച്ച് ഒരു അനുമാനത്തിലെത്താൻ ഇനിയും കുറച്ചുനാൾ കൂടി കാത്തിരിക്കേണ്ടിവരും.

കോവിഡിനെ ചെറുക്കാനുള്ള പുതിയ മരുന്നുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് മരുന്നുദ്പാദകർ. എന്നാൽ, വളരെ ഫലവത്തായ രണ്ടു മരുന്നുകൾ ഇപ്പോൾ തന്നെ ലഭ്യമാണെന്നാണ് ചില ഡോക്ടർമാർ പറയുന്നത്. അർത്രിറ്റിസിന്റെ ചികിത്സയിൽ ഉപയോഗിക്കുന്ന ടോസിലിസുമാൻ, സാരിലുമാബ് എന്നീ മരുന്നുകൾ കോവിഡ് രോഗികളെ മരണത്തിൽ നിന്നും രക്ഷിക്കുമെന്ന് ഇവർ പറയുന്നു. ഈ രണ്ടു മരുന്നുകളും സൈറ്റോകിൻ കോശങ്ങൾ ശരീരത്തിൽ വ്യാപിക്കുന്നതിനെ തടയും. പ്രതിരോധസംവിധാനം ആക്രമിക്കപ്പെട്ടു എന്ന് ബോദ്ധ്യമാകുമ്പോൾ അത് പുറത്തുവിടുന്ന, വീക്കത്തിനു കാരണമാകുന്ന കോശങ്ങളാണ് സൈറ്റോകിൻ കോശങ്ങൾ.

ശരീരത്തിലെ പ്രതിരോധ സംവിധാനം കോവിഡിനെതിരെ അമിതമായി പ്രതികരിച്ചാൽ ശരീരത്തിനകത്ത് ഒരു സൈറ്റോകിൻ സുനാമി തന്നെ ഉണ്ടാകാൻ ഇടയുണ്ട്. അത് ആത്യന്തികമായി അവയവങ്ങളെ പ്രവർത്തന രഹിതമാകും. ഈ രണ്ടു മരുന്നുകൾ, സൈറ്റോകിനിന്റെ വ്യാപനം തടഞ്ഞ് അത്തരമൊരു അവസ്ഥ വരാതെ നോക്കുന്നു. ഈ രണ്ടു മരുന്നുകളും സാധാരണയായി നൽകുന്ന ചില സ്റ്റിരോയ്ഡുകളൂം ചേർത്ത് നൽകുമ്പോൾ മരണസംഖ്യ മൂന്നിലൊന്നോളം കുറയ്ക്കാൻ കഴിഞ്ഞു എന്നാണ് എൻ എച്ച് എസ് വൃത്തങ്ങൾ പറയുന്നത്.

കോവിഡ് ചികിത്സയെ കുറിച്ച് ശുഭകരമായ വാർത്തകൾ പുറത്തുവരുമ്പോഴും വാക്സിന്റെ കാര്യത്തിൽ ഒരു അലംഭാവവും ബ്രിട്ടൻ കാണിക്കുന്നില്ല. വീടുകൾ കയറിയിറങ്ങിയുള്ള വാക്സിൻ പദ്ധതിക്ക് ഒരുങ്ങുകയാണ് ബ്രിട്ടീഷ് സർക്കാർ. രാജ്യവ്യാപകമായി തന്നെ ഇത്തരത്തിലുള്ള ഒരു പദ്ധതി തുടങ്ങുന്നകാര്യം ആരോഗ്യവകുപ്പും, എൻ എച്ച് എസും പ്രധാനമന്ത്രിയുടെ ഓഫീസും നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. ഇതോടെ വാക്സിൻ കേന്ദ്രങ്ങളിലേക്ക് എത്താൻ ബുദ്ധിമുട്ടുള്ള, ഉൾനാടൻ പ്രദേശങ്ങളിൽ താമസിക്കുന്നവർക്കും വാക്സിൻ ലഭിക്കുന്ന സാഹചര്യമുണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP