Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202117Monday

സംഭവിച്ചിരിക്കുന്നത് അപൂർവ്വമായ ഇരട്ട ജനിതകമാറ്റം; വ്യാപനശേഷി വർദ്ധിക്കുന്നതിനൊപ്പം ഭാഗികമായെങ്കിലും വാക്സിനെയും പ്രതിരോധിക്കാനാകും; കൊറോണയുടെ ഇന്ത്യൻ വകഭേദത്തെ കുറിച്ചറിയാം

സംഭവിച്ചിരിക്കുന്നത് അപൂർവ്വമായ ഇരട്ട ജനിതകമാറ്റം; വ്യാപനശേഷി വർദ്ധിക്കുന്നതിനൊപ്പം ഭാഗികമായെങ്കിലും വാക്സിനെയും പ്രതിരോധിക്കാനാകും; കൊറോണയുടെ ഇന്ത്യൻ വകഭേദത്തെ കുറിച്ചറിയാം

മറുനാടൻ മലയാളി ബ്യൂറോ

ബ്രിട്ടനിൽ 73 കോവിഡ് രോഗികളിൽ ഇന്ത്യ ഇനം കൊറോണയുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള യാത്രികർക്ക് ബ്രിട്ടനിൽ വിലക്ക് ഏർപ്പെടുത്തി. മാത്രമല്ല, ഈ മാസം 25 ന് ബ്രിട്ടീഷ് പ്രധാനമന്ത്രി നടത്താനിരുന്ന ഇന്ത്യൻ സന്ദർശനവും റദ്ദ് ചെയ്തിരിക്കുന്നു. ഇത്രയും കർശന നടപടികൾ സ്വീകരിക്കാൻ മാത്രം അപകടകാരിയാണോ ഇന്ത്യൻ വകഭേദം?

ജിനൊമിക് സ്വീക്വെൻസിങ്, ജനിതക ഘടന, ജനിതകമാറ്റം

ഒരു ജീവിയുടെ ജനിതക ഘടന പഠിക്കുന്ന പ്രക്രിയയാണ് ജീനോമിക് സ്വീക്വെൻസിങ് എന്നത്. ലോകത്തിൽ തന്നെ ഇതിനുള്ള കഴിവു നേടിയ അഞ്ചാമത്തെ രാജ്യമാണ് ഇന്ത്യ. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള 10 ദേശീയ ലബോറട്ടറികൾ ചേർന്ന ഇന്ത്യൻ സാർസ്-കോവ്-2 കൺസോർഷ്യം ഓൺ ജിനോമിക്സ് (ഐ എൻ എസ് എ സി ഒ ജി) എന്ന സംഘമാണ് ഇന്ത്യയിൽ ജിനോമിക് സ്വീക്വെൻസിങ് ചെയ്യുന്നത്.

ഏതൊരു ജീവിയിയുടെയും സ്വഭാവസവിശേഷതകളും അതുപോലെ പെരുമാറ്റ രീതികളുമൊക്കെ തീരുമാനിക്കുന്നത് അതിന്റെ ജനിതക ഘടനയാണ്. ഇക്കാര്യത്തിൽ കോവിഡിന് കാരണമാകുന്ന സാർസ്-കോവ്-2 എന്ന് ഔദ്യോഗിക നാമമുള്ള കൊറോണ വൈറസിന്റെ കാര്യത്തിലും അതുതന്നെയാണ് യാഥാർത്ഥ്യം. എന്നാൽ, വൈറസുകളെ പോലെയുള്ള സൂക്ഷ്മ ജീവികളുടെ ജനിതകഘടനയിൽ കൂടെക്കൂടെ ചില മാറ്റങ്ങൾ സംഭവിക്കും. ഒരു വ്യക്തിയിൽ നിന്നും മറ്റൊരു വ്യക്തിയിലേക്ക് പടരുമ്പോൾ, പുതിയ സാഹചര്യങ്ങൾക്ക് അനുസരിച്ച് ജീവിക്കുവാനുള്ള പ്രകൃതിദത്തമായ ഒരു കഴിവാണ് ഈ ജനിതകമാറ്റം.

തികച്ചും സ്വാഭാവികമായ ജനിതകമാറ്റം സാധാരണയായി ഒരു വൈറസിന്റെയും പെരുമാറ്റ രീതികളിലോ സ്വഭാവ സവിശേഷതകളിലോ കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കാറില്ല. പുതിയ ആവാസകേന്ദ്രവുമായി പൊരുത്തപ്പെട്ടുപോകാൻ ഒന്നുകൂടി എളുപ്പമാകും എന്നതല്ലാതെ കാര്യമായ പ്രസക്തി ഇതിനില്ല താനും. എന്നാൽ, ജനിതകഘടനയിൽ വരുന്ന ചില സുപ്രധാന മാറ്റങ്ങൾ വൈറസിന്റെ സ്വഭാവത്തിൽ കാര്യമായ മാറ്റങ്ങൾ തന്നെ വരുത്തും. നേരത്തേ ബ്രിട്ടനിലെ കെന്റിൽ കണ്ടെത്തിയതും, ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയതുമൊക്കെ ഇത്തരത്തിലുള്ള നിർണ്ണായക ജനിതകമാറ്റങ്ങൾ സംഭവിച്ചവയാണ്.

ഇന്ത്യയിൽ ജനിതക മാറ്റം സംഭവിച്ച വൈറസ്

കോവിഡിന്റെ ആദ്യ വ്യാപനകാലം മുതൽ തന്നെ ഈ വിഷയത്തിൽ ഏറെ ഗവേഷണങ്ങൾ നടത്തിയ രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. രണ്ടാം വരവിലെ ഹോട്ട്സ്പോട്ടായ മഹാരാഷ്ട്രയിൽ നിന്നും ശേഖരിച്ച സാമ്പിളുകളിൽ നടത്തിയ ജിനോമിക് സ്വീക്വെൻസിംഗാണ് ഈ പുതിയ ഇനത്തിന്റെ കണ്ടെത്തലിന് കാരണമായത്. മഹാരാഷ്ട്രയിലെ മൊത്തം കേസുകളിൽ ഏകദേശം 15 നും 20 ഇടയിൽ ശതമാനം ഈ ഇനത്തിൽ പെട്ട വൈറസ് മൂലം ഉണ്ടായതാണെന്നാണ് ഇപ്പോഴത്തെ നിഗമനം.

സാധാരണയായി സംഭവിക്കുന്ന ജനിതകമാറ്റം ഏറെ അപകടകരമാകാറില്ല. എന്നാൽ, കെന്റ് ഇനത്തേയും, ദക്ഷിണാഫ്രിക്കൻ ഇനത്തെയും പോലെ ഇവിടെയും ജനിതകമാറ്റം സംഭവിച്ചിരിക്കുന്നത് വൈറസിന്റെ സ്പൈക്ക് പ്രോട്ടീനിലാണ്. മനുഷ്യ ശരീരത്തിൽ പ്രവേശിച്ചുകഴിഞ്ഞാൽ, കോശങ്ങളി കടിച്ചുതൂങ്ങിക്കിടക്കാനും പിന്നീട് കോശങ്ങൾക്കുള്ളിലേക്ക് പ്രവേശിക്കുവാനും വൈറസുകളെ സഹായിക്കുന്നത് കുന്തമുനകളുടെ ആകൃതിയിലുള്ള സ്പൈക്ക് പ്രോട്ടീനുകളാണ്. അതായത്, വൈറസ് വ്യാപനത്തിൽ നിർണ്ണായക പങ്ക് വഹിക്കുന്ന ഭാഗത്താണ് ജനിതകമാറ്റം സംഭവിച്ചിരിക്കുന്നത് എന്നർത്ഥം. ഓരോ ജനിതകമാറ്റവും വൈറസിൽ സംഭവിക്കുന്നത് അതിന്റെ നിലനിൽപ്പിനായാണ് എന്ന പ്രകൃതി നിയമം കണക്കിലെടുത്താൽ, സ്പൈക്ക് പ്രോട്ടീനിൽ സംഭവിച്ച മാറ്റം വൈറസിന്റെ വ്യാപനശേഷി വർദ്ധിപ്പിക്കുംഎന്ന അനുമാനത്തിലായിരിക്കും എത്തിച്ചേരുക.

വാക്സിനെ പ്രതിരോധിക്കാൻ ഇതിനാകുമോ?

ഒരിക്കൽ രോഗം വന്ന് സുഖപ്പെട്ടാലും അല്ലെങ്കിൽ വാക്സിൻ സ്വീകരിക്കുമ്പോഴും മനുഷ്യ ശരീരത്തിൽ, വൈറസുകളെ ചെറുക്കുന്നതിനുള്ള ന്യുട്രൽ ആന്റിബോഡികൾ എന്ന പ്രതിരോധ സൈന്യം രൂപപ്പെടുകയാണ് ചെയ്യുക. ഇത്തരത്തിൽ, വ്യത്യസ്തമായ രോഗകാരികളെ പ്രതിരോധിക്കാൻ വ്യത്യസ്ത തരത്തിലുള്ള ആന്റിബോഡികളായിരിക്കും ഉണ്ടാവുക. മനുഷ്യ ശരീരത്തിൽ പുറത്തുനിന്നും പ്രവേശിക്കുന്ന ഒരു സൂക്ഷ്മാണുവിന്റെ ജനിതകഘടന മനസ്സിലാക്കിയാണ് ആന്റിബോഡികൾ അവയെ തിരിച്ചറിയുന്നതും പ്രതിരോധിക്കുന്നതും.

മനുഷ്യകോശങ്ങൾക്കുള്ളിലേക്ക് പ്രവേശിക്കുവാൻ സഹായിക്കുന്ന സ്പൈക്ക് പ്രോട്ടീനുകളിലെ ജനിതകമാറ്റം, ആന്റിബോഡികൾക്ക് ഇവയെ തിരിച്ചറിയുവാൻ ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കും. അതുകൊണ്ടുതന്നെ ആന്റിബോഡികളെ കബളിപ്പിച്ച് ഇവയ്ക്ക് കോശങ്ങൾക്കുള്ളിൽ പ്രവേശിക്കാൻ കഴിഞ്ഞെന്നുവരാം. അതുകൊണ്ടാണ് സുപ്രധാന ജനിതകമാറ്റങ്ങൾ സംഭവിച്ച വൈറസുകൾ ഭാഗികമായിട്ടാണെങ്കിലും വാക്സിനുകൾക്കെതിരെ പ്രതിരോധശേഷി കൈവരിക്കുന്നത്.

ഇ 484 ക്യൂ, എൽ 425 എന്നീ രണ്ട് തരത്തിലുള്ള ജനിതകമാറ്റങ്ങളാണ് ഇന്ത്യൻ വകഭേദത്തിൽ കണ്ടെത്തിയിരിക്കുന്നത്. അതായത്, ബി. 1.617 എന്ന് ഔദ്യോഗികമായി നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന ഈ വൈറസിൽ നടന്നിരിക്കുന്നത് ഇരട്ട ജനിതകമാറ്റമാണെന്നർത്ഥം. അതായത്, വ്യാപന ശേഷിക്കൊപ്പം പ്രഹരശേഷിയും വർദ്ധിച്ചിട്ടുണ്ടാകാം എന്ന അനുമാനത്തിൽ എത്തിച്ചേരാൻ ഈ സാഹചര്യം നിർബന്ധിതമാക്കുന്നു എന്നർത്ഥം. ദക്ഷിണാഫ്രിക്കൻ-ബ്രസീൽ ഇനങ്ങളിൽ കണ്ടെത്തിയ ഇ 484 കെ എന്ന ജനിതകമാറ്റത്തോട് സമാനതകളുള്ളതാണ് ഇന്ത്യൻ ഇനത്തിലെ ഇ 484 ക്യൂ എന്ന ജനിതകമാറ്റം.

ഇരട്ട ജനിതകമാറ്റം ആശങ്കപ്പെടേണ്ട ഒന്നാണോ?

വൈറസുകളിൽ ജനിതകമാറ്റം സാധാരണമായ ഒന്നാണ്. അത് കാര്യമായ വ്യത്യാസങ്ങൾ ഒന്നും ഉണ്ടാക്കത്തതിനാൽ അതിനെ കാര്യമായി പരിഗണിക്കാറുമില്ല. എന്നാൽ, ചില സുപ്രധാന ജനിതകമാറ്റങ്ങൾ, വൈറസിന്റെ സ്വഭാവസവിശേഷതകളിലും പെരുമാറ്റ രീതികളിലും കാതലായ മാറ്റങ്ങൾ വരുത്തും അത്തരം ജനിതകമാറ്റങ്ങളാണ് സാധാരണയായി പഠന വിഷയമാക്കാറുള്ളത്. ഇത്തരത്തിലുള്ളജനിതകമാറ്റങ്ങളെ കുറിച്ചുള്ള പഠനങ്ങളുടെ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കുന്ന പ്ലാറ്റ്ഫോം ആയ ജിസെഡിൽ ഇത്തരത്തിൽ സംഭവിച്ച ജനിതകമാറ്റങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.

ഇരട്ടവ്യതിയായം വിരളമെങ്കിലും തീർത്തും അസാധാരണമല്ല, ജിസെഡിൽ ഇത്തരത്തിൽ ഇരട്ടവ്യതിയാനം സംഭവിച്ച 43 വൈറസുകൾ പരാമർശിക്കപ്പെടുന്നുണ്ട്. സാധാരണയായി ഇരട്ട ജനിതകമാറ്റം എന്നു പറയുമ്പോൾ, അത് കേവലം രണ്ട് ജനിതകമാറ്റങ്ങൾ മാത്രം സംഭവിച്ചു എന്നല്ല വിവക്ഷിക്കുന്നത്. സുപ്രധാനമായ രണ്ട് ജനിതകമറ്റങ്ങൾ സംഭവിച്ചു എന്നാണ്. ബ്രിട്ടനിൽ കണ്ടെത്തിയ കെന്റ് ഇനത്തിൽ രണ്ട് പ്രധാന മാറ്റങ്ങൾ ഉൾപ്പറെ ഒമ്പത് ജനിതകമാറ്റങ്ങളാണ് സംഭവിച്ചിരുന്നത്. ഇന്ത്യൻ ശാസ്ത്രജ്ഞന്മാരുടേ കണ്ടെത്തലുകൾ ഇനിയും ജിസെഡിൽ അപ്ലോഡ് ചെയ്തിട്ടില്ല. അതിനു ശേഷമായിരിക്കും ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർ ഇതിനെ കുറിച്ച് കൂടുതൽ വിശദമായി പഠിക്കുക.

ഇന്ത്യയിലെ രണ്ടാം വരവിനു പുറകിൽ ഈ പുതിയ ഇനമാണോ?

ഇന്ത്യയിൽ കൊറോണയുടെ രണ്ടാം വരവ് അതിവേഗം ശക്തിപ്രാപിക്കുകയാണ്. ഒന്നാം വരവിലും തീവ്രതയാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. ഇതിനു കാരണം ജനിതകമാറ്റം സംഭവിച്ച പുതിയ വൈറസ് ആണെന്ന അഭ്യുഹങ്ങളും പരക്കുന്നുണ്ട്. എന്നാൽ, അങ്ങനെയല്ല എന്നാണ് ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യൂലാർ ബയോളജിയിലെ ഡയറക്ടർ ഡോ. രാകേഷ് മിശ്ര പറയുന്നത്. മഹാരഷ്ട്രയിൽ നിന്നെടുത്ത സാമ്പിളുകളിൽ 15 മുതൽ 20 ശതമാനം വരെ മാത്രം സാമ്പിളുകളിലാണ് ഈ ഇനത്തിലെ പെട്ട വൈറസുകളുടെ സാന്നിദ്ധ്യം കണ്ടെത്തിയത്.

ആയിരക്കണക്കിന് സാമ്പിളുകൾ ജിനോമിക് സ്വീക്വെൻസിംഗിന് വിധേയമാക്കിയപ്പോൾ 230 പേരിൽ മാത്രമായിരുന്നു ഈ ഇനം വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. എന്നിരുന്നാലും അതീവ ജാഗ്രത ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP