Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് പിടിപെട്ടാൽ ഒരിക്കലും മോചനമില്ലേ ? വൈറസ് തലച്ചോറിൽ എത്തുന്നു എന്ന പഠനവുമായി ജർമ്മൻ ശാസ്ത്രജ്ഞർ

കോവിഡ് പിടിപെട്ടാൽ ഒരിക്കലും മോചനമില്ലേ ? വൈറസ് തലച്ചോറിൽ എത്തുന്നു എന്ന പഠനവുമായി ജർമ്മൻ ശാസ്ത്രജ്ഞർ

മറുനാടൻ ഡെസ്‌ക്‌

കൊറോണയെക്കുറിച്ചുള്ള പഠനം ലോകമാകമാനം തുടരുകയാണ്. ഓരോ പുതിയ കാര്യങ്ങളും വെളിപ്പെടുമ്പോഴും അറിഞ്ഞതിനേക്കാളേറെ ഇനി അറിയാനുണ്ട് എന്ന തരത്തിലാണ് ഈ കുഞ്ഞൻ വൈറസിന്റെ കാര്യങ്ങളുടെ പോക്ക്. ശ്വാസോച്ഛാസത്തിന്റെ ഭാഗമായി മൂക്കിലൂടെ മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്ന കൊറോണ, നാസാരന്ധ്രത്തിലെ മ്യുക്കസിൽ കുറച്ച് സമയം ചെലവഴിച്ചശേഷം മനുഷ്യന്റെ തലച്ചോറിൽ എത്തിച്ചേരാമെന്നാണ് ഒരു പുതിയ പഠനം വ്യക്തമാക്കിയിരിക്കുന്നത്. മ്യുക്കോസൽ പാത്ത് വേയിലൂടെ കൊറോണവൈറസിന് മനുഷ്യ തലച്ചോറിലെ ന്യുറോണുകളെ ബാധിക്കാം എന്നതിന് ആദ്യമായി ലഭിക്കുന്ന തെളിവുകൂടിയാണിത്.

ഈ മഹാമാരിയുടെ ആരംഭകാലം മുതൽക്കെ പലയിടങ്ങളിൽനിന്നായി റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു വസ്തുതയുണ്ട്. അതായത്, സാർസ്-കോവ്-2 എന്ന ശാസ്ത്രീയ നാമമുള്ള കൊറോണ വൈറസ് ശ്വാസസംബന്ധിയായ പ്രശ്നങ്ങൾ മാത്രമല്ല നാഢീവ്യവസ്ഥയേയും തകരാറിലാക്കുന്നുണ്ട് എന്ന വാർത്ത പല ഭാഗങ്ങളിൽ നിന്നായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. കൂടുതൽ വിശദമായി പറഞ്ഞാൽ, ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ലക്ഷണങ്ങളിൽ മൂന്നിൽ ഒന്ന്, രുചി, ഗന്ധം എന്നിവ തിരിച്ചറിയാതിരിക്കുക, തലവേദന, ക്ഷീണം, തളർച്ച, ശർദ്ദി എന്നിവയയിരുന്നു.

കോവിഡ് മൂലം മരണമടഞ്ഞ 33 പേരുടെ മൃതദേഹങ്ങളിൽ ഒട്ടോപ്സി നടത്തിക്കൊണ്ടായിരുന്നു ജർമ്മനിയിലെ ശാസ്ത്രജ്ഞർ ഈ പഠനം നടത്തിയത്. മൂക്കിന് പുറകിലെ മ്യുക്കസിനെ കുറിച്ചായിരുന്നു പ്രധാനമായും പഠനം നടത്തിയത്. അതായത്, തൊണ്ടയും നാസാരന്ധ്രത്തിൽ നിന്നുള്ള നാളിയും ഒരുമിക്കുന്നിടത്തുള്ള മ്യുക്കസ്. അതിനൊപ്പം തലച്ചോറിലെ കോശങ്ങളുടെ സാമ്പിളുകളും പഠനവിധേയമാക്കി.

കൊറോണ വൈറസിന്റെ ജനിതക ഘടകങ്ങൾ വലിയ തോതിൽ തന്നെ നാസാരന്ധ്രത്തിലെ മ്യുക്കസിൽ അടങ്ങിയിരുന്നു. അതേസമയം, മനുഷ്യകോശങ്ങളിൽ അള്ളിപ്പിടിച്ച് അവയെ ബാധിക്കുവാൻ കൊറോണവൈറസിനെ സഹായിക്കുന്ന സാർസ്-കോവ്-2 വിന്റെ പ്രോട്ടീൻ കുന്തമുനകൾ തലച്ചോറിലെ കോശങ്ങളിലും കാണപ്പെട്ടു. മ്യുക്കോസയുടെ അകത്ത് എത്തിക്കഴിഞ്ഞാൽ ഈ വൈറസ് ഓൾഫാക്ടറി നാഡിപോലുള്ള ന്യുറോ അനാട്ടോമിക്കൽ കണക്ഷൻസ് വഴി തലച്ചോറിൽ എത്തിച്ചേരുന്നു എന്നാണ് പഠനം നടത്തിയ ശാസ്ത്രജ്ഞർ അനുമാനിക്കുന്നത്.

ഈ പഠനത്തിന്റെ ഭാഗമായി, ഇതാദ്യമായി മ്യുക്കസിലെ കൊറോണ വൈറസ് ഘടകങ്ങളുടെ ഇലക്ട്രോൺ മൈക്രോസ്‌കോപ് ചിത്രങ്ങൾ എടുക്കുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, ഈ വൈറസുകൾ തലച്ചോറിൽ എത്തുന്നത് എങ്ങനെയെന്ന് കൃത്യമായി കണ്ടെത്താനായിട്ടില്ല. അതിന് കൂടുതൽ പരീക്ഷണങ്ങളും പഠനങ്ങളും ആവശ്യമാണെന്നും ഇവർ പറയുന്നു. ഒരു നാഢീകോശത്തിൽ നിന്നും മറ്റൊരു നാഢീകോശത്തിലേക്ക്, അങ്ങനെയങ്ങനെ സഞ്ചരിച്ചാണ് വൈറസ് തലച്ചോറിലെത്തുന്നത് എന്നാണ് ഇതുവരെ ലഭ്യമായ വിവരങ്ങളിൽ നിന്നും അനുമാനിക്കാവുന്നത്.

എന്നാൽ, രക്തധമനികളുടെ ഭിത്തികളിലും വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതിനാൽ, രക്തചംക്രമണത്തിലൂടെയും വൈറസ് തലച്ചോറിലെത്താൻ സാധ്യതയുണ്ടെന്നും പഠനം നടത്തിയ ശാസ്ത്രജ്ഞർ പറയുന്നു. തലച്ചോറിനെ ബാധിക്കുന്ന ഒരേയൊരു വൈറസല്ല ഇതെന്നും അവർ പറയുന്നു. ഫ്ളൂ, പേവിഷ ബാധ എന്നിവയ്ക്ക് കാരണമാകുന്ന വൈറസുകൾക്കും തലച്ചോറിനെ ബാധിക്കാൻ കഴിയും. നേച്ചർ ന്യുറോസയൻസിൽ ഇന്നലെ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ വൈറസ് ബാധയുണ്ടായതിനെ തുടർന്ന് സെറിബ്രൽ ദ്രവത്തിൽ പ്രതിരോധ കോശങ്ങൾ രൂപപ്പെട്ടതായി കണ്ടുപിടിച്ചതായും പറയുന്നുണ്ട്.

ഇത്തരത്തിൽ തലച്ചോറിനെ ബാധിക്കുന്ന വൈറസുകൾ ശ്വാസോഛാസ പ്രക്രിയയ്ക്ക് കൂടുതൽ തടസ്സമുണ്ടാക്കിയേക്കാം. അതുപോലെ ഹൃദയസംബന്ധിയായ ആരോഗ്യത്തെയും ഇത് വിപരീതമായി ബാധിക്കും. മാത്രമല്ല, തലച്ചോറിന്റെ ചില സുപ്രധാന മേഖലകളിൽ വൈറസ് ബാധയുണ്ടായാൽ അത് ചിത്തഭ്രമത്തിനു തന്നെ കാരണമായേക്കാം എന്നും ഇവർ പറയുന്നു. എന്നാൽ, ഇത് ഒരുപക്ഷെ വൈറസിന്റെ നേരിട്ടുള്ള പ്രഭാവം കോണ്ടായിരിക്കില്ല എന്നും, ശ്വാസോഛാസം തടസ്സപ്പെടുന്നതുമൂലം തലച്ചോറിലേക്കുള്ള രക്തത്തിൽ ഓക്സിജന്റെ അളവ് കുറയുന്നത് മൂലമാകാമെന്നുമാണ് ഇവർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP