Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അരിയാഹാരം ഭക്ഷിക്കുന്നവർക്ക് ബുദ്ധികൂടും എന്ന് മലയാളികൾ; ബുദ്ധികൂടിയാലും ഇല്ലെങ്കിലും ആയുസ്സ് കുറയാമെന്ന് പഠന റിപ്പോർട്ട്; മലയാളിയുടെ ഭക്ഷണശീലം അപകടകരമോ?

അരിയാഹാരം ഭക്ഷിക്കുന്നവർക്ക് ബുദ്ധികൂടും എന്ന് മലയാളികൾ; ബുദ്ധികൂടിയാലും ഇല്ലെങ്കിലും ആയുസ്സ് കുറയാമെന്ന് പഠന റിപ്പോർട്ട്; മലയാളിയുടെ ഭക്ഷണശീലം അപകടകരമോ?

സ്വന്തം ലേഖകൻ

ദിവസവും ഒരുനേരമെങ്കിലും അരിയാഹാരം കഴിക്കണമെന്നത് മലയാളികൾക്ക് നിർബന്ധമുള്ള കാര്യമാണ്. അതുകൊണ്ടാണല്ലോ പണ്ടൊരു മന്ത്രി അരി മാറ്റി മുട്ടയും പാലും പതിവാക്കാൻ പറഞ്ഞപ്പോൾ ഏറെ വിവാദമായത്. ഉച്ച ഭക്ഷണത്തിന് മാത്രമല്ല, പ്രാതലിനും വൈകീട്ടത്തെ ലഘു ആഹാരത്തിനും അത്താഴത്തിനുമൊക്കെ മലയാളികൾ ഏറെ ആശ്രയിക്കുന്നത് അരിയെ തന്നെയാണ്. ഉപ്പിട്ട പഴങ്കഞ്ഞിയുടെ മഹത്വം വിളമ്പുന്നവർ ഇന്നും നാട്ടിൻപുറത്ത് കുറവല്ല.

എന്നാലിതാ കേട്ടോളൂ, നമ്മുടെ ഭക്ഷണശീലം അടിമുടി മാറ്റേണ്ട സമയമായെന്നാണ് ബ്രിട്ടീഷ് ശാസ്ത്രജ്ഞർ പറയുന്നത്. അരിയിൽ സ്വാഭാവികമായി അടങ്ങിയ ആഴ്സനിക് എന്ന രാസപദാർത്ഥം ഗുരുതരമായ ഹൃദ്രോഗങ്ങൾക്ക് വഴിതെളിക്കുമെന്ന് ഒരു പഠന റിപ്പോർട്ട് വെളിപ്പെടുത്തിയിരിക്കുന്നു. ബ്രിട്ടനിൽ അരി കൂടുതലായി ഉപയോഗിക്കുന്നവർക്ക് ഹൃദ്രോഗം മൂലം മരണമടയുവാനുള്ള സാധ്യത മറ്റുള്ളവരേക്കാൾ 6 ശതമാനം കൂടുതലാണെന്നാണ് ഈ റിപ്പോർട്ടിൽ പറയുന്നത്.

നെന്മണികളിൽ സ്വാഭാവികമായി ഊറിക്കൂടുന്ന ഒരു രാസവസ്തുവാണ് ആഴ്സനിക്. അത് ഭക്ഷണക്രമവുമായി ബന്ധപ്പെട്ട അർബുദങ്ങൾ, കരൾ രോഗം എന്നിവയ്ക്ക് കാരണമാകുന്നു. ഗുരുതരമായ അവസ്ഥയിൽ മരണം തന്നെ സംഭവിക്കുവാനും ഇടയുണ്ട്. ലോകത്തിലെ തന്നെ പ്രധാന ഭക്ഷണ പദാർത്ഥമാണ് അരി. ആവശ്യമായ കലോറികൾക്കും മറ്റ് പോഷണങ്ങൾക്കുമായി വികസ്വര രാജ്യങ്ങളിലെ ജനങ്ങളിൽ ഭൂരിഭാഗവും ആശ്രയിക്കുന്നതും അരിയെ തന്നെയാണ്.

എന്നാൽ ഇന്ന് ലോകത്തിൽ ഓരോ വർഷവും സംഭവിക്കുന്ന 50,000 ത്തോളം അകാലമരണങ്ങൾക്ക് പ്രധാന കാരണം അരിയിലെ ആഴ്സനിക് ആണെന്നാണ് ഇപ്പോൾ കണക്കാക്കപ്പെടുന്നത്. മണ്ണിൽ സ്വാഭാവികമായും ഉള്ള ഒരു വസ്തുവാണ് ആഴ്സനിക്. ആഴ്സനിക് അടിസ്ഥാനമായ കളനാശിനികൾ ഉപയോഗിക്കുകയോ അല്പം വിഷാംശം കലർന്ന ജലം ജലസേചനത്തിനായി ഉപയോഗിക്കുകയോ ചെയ്യുന്ന സ്ഥലങ്ങളിൽ ഇതിന്റെ അളവ് വർദ്ധിച്ച തോതിലായിരിക്കും.

സാധാരണയായി, വെള്ളം കെട്ടിനിർത്തിയ നിലങ്ങളിലാണ് നെല്ല് വളർത്തുന്നത്. ഇത്, ആഴ്സനിക് മണ്ണിൽ നിന്നും വേർപെട്ട് ജലത്തിൽ കലരാനും അവിടെ നിന്നും ചെടികളിലേക്ക് വേഗത്തിൽ ആഗിരണം ചെയ്യപ്പെടാനും ഇടയാക്കുന്നു. നെല്ല് ആഗിരണം ചെയ്യുന്ന മറ്റ് രാസപദാർത്ഥങ്ങളെ നിർവീര്യമാക്കുകയും അതുവഴി സസ്യത്തിന്റെ പ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുകയും ചെയ്യുന്നതിനാൽ ആഴ്സനിക് നെല്ലിന് കൂടുതൽ അപകടകാരിയാണ്.

മാഞ്ചസ്റ്ററിലേയും സാൽഫോർഡിലേയും സർവ്വകലാശാലകളിലെ ഗവേഷകരാണ് ഇംഗ്ലണ്ടിലേയും വെയിൽസിലേയും ജനങ്ങളുടെ അരിയുടെ ഉപയോഗവും ആഴ്സനിക്കിന്റെ സാന്നിദ്ധ്യം മൂലമുണ്ടാകുന്ന ഹൃദ്രോഗങ്ങളേയും കുറിച്ച് പഠനം നടത്തിയത്. കൂടുതലായി അരിയാഹാരം കഴിക്കുന്നവരിൽ ഹൃദ്രോഗം മൂലമുള്ള മരണത്തിന് 6 ശതമാനം വരെ സാധ്യത കൂടുതലാണെന്നാണ് ഈ ഗവേഷണത്തിന് നേതൃത്വം നൽകിയ മാഞ്ചസ്റ്റർ സർവകലാശാലയിലെ പ്രൊഫസർ ഡേവിഡ് പോല്യ പറയുന്നത്.

അതേസമയം അരിയാഹാരം തീർത്തും ഒഴിവാക്കരുത് എന്നും ഇവർ പറയുന്നു. അതിൽ ഫൈബർ സുലഭമായി ഉള്ളതിനാൽ വളരെയധികം ഗുണങ്ങളും ഉള്ള ഒന്നാണ് അരി. അതിനു പകരമായി ബസ്മതി പോലുള്ള, ആഴ്സനികിന്റെ അംശം കുറവുള്ള അരികളുടെ ഇനങ്ങൾ ഉപയോഗിക്കുവാൻ ശ്രമിക്കണം എന്നും ശാസ്ത്രജ്ഞർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP