Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡിൽ ഇന്ത്യയിൽ മരണം കുറഞ്ഞത് ജീവശാസ്ത്ര പ്രത്യേകതകൾ മൂലമെന്ന് പഠനം; ബ്രിട്ടനിലും യൂറോപ്പിലും അടക്കം വിദേശത്ത് ഇന്ത്യക്കാർ കൂടുതൽ മരിക്കാനിടയായതു കാലാവസ്ഥയോട് ഇനിയും പൊരുത്തപ്പെടാത്ത ജനിതക സാഹചര്യം മൂലമെന്നും റിപ്പോർട്ട്; ഐസിഎംആർ നിരീക്ഷണം ശരിയെങ്കിൽ വിദേശ മലയാളികൾ കൂടുതൽ ജാഗ്രത കാട്ടേണ്ടി വരും

കോവിഡിൽ ഇന്ത്യയിൽ മരണം കുറഞ്ഞത് ജീവശാസ്ത്ര പ്രത്യേകതകൾ മൂലമെന്ന് പഠനം; ബ്രിട്ടനിലും യൂറോപ്പിലും അടക്കം വിദേശത്ത് ഇന്ത്യക്കാർ കൂടുതൽ മരിക്കാനിടയായതു കാലാവസ്ഥയോട് ഇനിയും പൊരുത്തപ്പെടാത്ത ജനിതക സാഹചര്യം മൂലമെന്നും റിപ്പോർട്ട്; ഐസിഎംആർ നിരീക്ഷണം ശരിയെങ്കിൽ വിദേശ മലയാളികൾ കൂടുതൽ ജാഗ്രത കാട്ടേണ്ടി വരും

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: ബ്രിട്ടനിൽ കോവിഡ് മരണങ്ങൾ ഒരു ഘട്ടത്തിൽ 15 ശതമാനം നിരക്കിലേക്കും അമേരിക്കയിൽ 10 ശതമാനം എന്ന നിലയിലേക്കും വളർന്നപ്പോൾ ഇന്ത്യയിൽ കോവിഡ് മരണങ്ങൾ വെറും രണ്ടു ശതമാനത്തിൽ പിടിച്ചു കെട്ടുകയാണ്. പല വികസിത രാജ്യങ്ങളും മരണ നിരക്കിൽ പ്രതീക്ഷിച്ചതിന്റെ പലമടങ്ങ് വലിപ്പത്തിൽ മരണ നിരക്ക് ഉയർന്നതിന്റെ കാരണം കണ്ടെത്താൻ സർക്കാരുകൾ വിഷമിക്കുമ്പോഴാണ് ലക്ഷക്കണക്കിന് ആളുകൾ രോഗാതുരമായിട്ടും പറഞ്ഞു നിൽക്കാൻ ഒരു കാരണം എന്ന മട്ടിൽ ഇന്ത്യയിൽ മരണ നിരക്ക് താഴ്ന്നു നിൽക്കുന്നത്.

അനേകം ചേരികളും ദുർബല വിഭാഗം ജനതയും ഉള്ള ഇന്ത്യയിൽ മരണം പടർന്നു പിടിച്ചെങ്കിൽ ഇതിനകം തന്നെ ലക്ഷക്കണക്കിന് ആളുകൾ മരിച്ചു വീഴുമായിരുന്നു. ഏകദേശം 18 ലക്ഷത്തിനു മുകളിൽ ആളുകൾക്ക് കോവിഡ് രോഗബാധ ഉണ്ടായപ്പോഴും മരിച്ചവരുടെ എണ്ണം 38000ൽ നിർത്തുവാനായത് ഇന്ത്യക്കാരുടെ ശരീര ഘടനയുടെ പ്രത്യേകതകൾ മൂലം ആണെന്ന വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്.

എന്നാൽ ഈ വാദത്തിന്റെ അടിസ്ഥാനത്തിൽ ഉയരുന്ന ഒരു പ്രധാന ചോദ്യം യുകെ മലയാളികളെ സംബന്ധിച്ച് ഏറെ പ്രസക്തമാണ്. കാരണം ബ്രിട്ടനും യൂറോപ്പും അടക്കമുള്ള വിദേശ രാജ്യങ്ങളിൽ മരിച്ചു വീണ ഇന്ത്യൻ വംശജർ ആയിരക്കണക്കിനാണ്. ഇന്ത്യക്കാരുടെ ശരീര ഘടനയ്ക്കു കോവിഡ് പ്രതിരോധ ശേഷി ഉണ്ടെങ്കിൽ എങ്ങനെയാണ് ഇത്രയധികം ഇന്ത്യക്കാർ വിദേശത്തു മരിച്ചത്? ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ രണ്ടു മില്യൺ പൗണ്ട് ചെലവാക്കിയാണ് യുകെയിൽ ലെസ്റ്റർ റോയൽ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ പ്രത്യേക പഠനം തന്നെ ആരംഭിക്കുന്നത്.

എൻഎച്ച്എസ് ജീവനക്കാരിൽ ആഫ്രിക്കൻ, ഏഷ്യൻ വംശജർ ബ്രിട്ടീഷുകാരേക്കാൾ രണ്ടിരട്ടിയിലേറെ മരിച്ചുവെന്ന കണക്കിന് ഉത്തരം തേടുകയാണ് ഈ ഗവേഷണം. ഇതിനിടയിലാണ് ഇന്ത്യയിൽ നിന്നും ഐസിഎംആറിന്റെ പ്രസിദ്ധീകരണമായ ഇന്ത്യൻ ജേണൽ ഫോർ മെഡിക്കൽ റിസേർച്ചിലാണ് ഇന്ത്യക്കാരുടെ ആരോഗ്യ ഘടന സംബന്ധിച്ച നിർണായക വെളിപ്പെടുത്തൽ പുറത്തുവന്നിരിക്കുന്നത്. ഇതോടെ ലോകമെങ്ങും ഉള്ള ശാസ്ത്ര ലോകത്തിനും കൗതുകം ഉയരുകയാണ്.

എന്നാൽ ഈ വാദം അംഗീകരിക്കുമ്പോൾ തന്നെ മറ്റൊരു പ്രധാന ചോദ്യത്തിനും ഇന്ത്യൻ ഗവേഷക വിഭാഗം ഉത്തരം നൽകേണ്ടതുണ്ട്. ഇന്ത്യൻ വംശജർക്ക് സ്വാഭാവിക കോവിഡ് പ്രതിരോധ ശേഷി ഉയർന്ന നിലയിൽ ഉണ്ടെങ്കിൽ എന്തുകൊണ്ട് അമേരിക്കയിലും ബ്രിട്ടനിലും യൂറോപ്പിലുമൊക്കെയായി അനേകായിരം ഇന്ത്യക്കാർ മരിച്ചു വീണു? ഇതിനെപ്പറ്റി വ്യക്തമായ കണ്ടെത്തൽ നടത്താൻ പാശ്ചാത്യ ലോകം വിഷമിക്കുമ്പോഴാണ് ഇക്കാര്യത്തിനും ഇന്ത്യയിൽ നിന്നും തന്നെ മറുപടി എത്തുന്നത്.

ഈ രാജ്യങ്ങളിലെ കാലാവസ്ഥയ്ക്ക് മരണവുമായി നേരിട്ടു ബന്ധം ഉണ്ടെന്ന വാദമാണ് ഇന്ത്യൻ ഗവേഷകർ ഉയർത്തുന്നത്. ലോകത്തെല്ലായിടത്തും ഒരേ വൈറസ് തന്നെയാണ് കോവിഡ് പരത്തുന്നത് എന്നതിനാൽ കാലാവസ്ഥ വ്യതിയാനത്തിന് വലിയ പ്രാധാന്യം നൽകേണ്ടതുണ്ട് എന്ന് മുംബൈ ടാറ്റ മെമോറിയൽ സെന്റർ ഡയറക്ടർ ഡോ രാജേന്ദ്ര ബഡൈ്വ പറയുന്നു.

ഒരു പക്ഷെ കടുത്ത ശൈത്യമുള്ള യൂറോപ്യൻ കാലാവസ്ഥ രീതിയുമായി ഇന്ത്യൻ വംശക്കാരുടെ ശരീര ഘടന ഇനിയും പൊരുത്തപ്പെട്ടില്ലായിരിക്കാം എന്ന നിഗമനവും ഇന്ത്യൻ പക്ഷം ഉയർത്തുന്നു. ഇക്കാരണത്താൽ തന്നെ ഇത്തരം രാജ്യങ്ങളിൽ ഉള്ള ഇന്ത്യൻ വംശജരിൽ ആസ്മ അടക്കമുള്ള ശ്വാസകോശ രോഗങ്ങളും ഉയർന്ന നിലയിലാണ് കാണപ്പെടുന്നത് എന്നും ഇന്ത്യ വാദിക്കുന്നു.

ശരീരത്തിൽ രക്തം കട്ടിയാകുന്ന ത്രോമ്പോ എംബോളിസം എന്ന പ്രതിഭാസം ഇന്ത്യക്കാരിൽ കുറഞ്ഞ നിരക്കിലാണ് കാണപ്പെടുന്നത് എന്നതും കോവിഡ് മരണക്കണക്കിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട് എന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഭൂമധ്യ രേഖയോട് ചേർന്ന സ്ഥലം എന്ന നിലയിൽ ഇന്ത്യക്കാരിൽ രക്തം കട്ടപിടിക്കാനുള്ള സാധ്യത സ്വാഭാവികം അല്ലെന്നാണ് ശാസ്ത്രജ്ഞർ കണക്കുകൾ ചൂണ്ടി സൂചിപ്പിക്കുന്നു.

കോശങ്ങളിൽ വാതക വിനിമയം കുറയ്ക്കാൻ കാരണമാകുന്ന ത്രോംബോ എംബോളിസം കോവിഡ് മരണങ്ങളിൽ സുപ്രധാന റോൾ വഹിക്കുന്നുണ്ട് എന്നാണ് ഇന്ത്യൻ ശാസ്ത്ര ലോകത്തിന്റെ വിലയിരുത്തൽ. ഇക്കരണത്താലും തണുപ്പ് കൂടിയ പാശ്ചാത്യ ലോകത്ത് ഇന്ത്യക്കാരുടെ മരണ നിരക്ക് കൂടാനും ഇന്ത്യയിൽ കുറയാനും കാരണമായിരിക്കാം. ഇതോടെ അന്തരീക്ഷ ഊഷ്മാവിന് കോവിഡ് മരണ നിരക്ക് നിശ്ചയിക്കുന്നതിൽ നിർണായക പങ്കുണ്ടെന്ന തുടക്കം മുതൽ ഉള്ള വാദത്തിനു കൂടുതൽ ശാസ്ത്രീയത കൈവരുകയാണ്.

കേരളത്തിൽ ചില രാഷ്ട്രീയ നേതാക്കൾ ഇത്തരത്തിൽ അഭിപ്രായം രേഖപ്പെടുത്തിയപ്പോൾ സോഷ്യൽ മീഡിയ അടക്കം ട്രോൾ മഴ പെയ്തതും ഇതിനൊപ്പം കൂട്ടിവായിക്കണം. ഇന്ത്യയുടെ നാലിൽ ഒന്ന് ജനസംഖ്യയുമുള്ള അമേരിക്കയിൽ മരണ നിരക്ക് അഞ്ചിരട്ടിയിൽ അധികം ആകാനും ഇത്തരം പ്രത്യേകതകൾ കൊണ്ടായിരിക്കണം എന്ന നിഗമനമാണ് ഇപ്പോൾ ശക്തി പ്രാപിക്കുന്നത്.

ഈ ഗവേഷണ ഫലങ്ങളെ കണ്ണടച്ച് വിശ്വസിക്കാമെങ്കിൽ അടുത്ത ശൈത്യകാലം യുകെ മലയാളികളെ സംബന്ധിച്ച് ഏറെ വെല്ലുവിളി നിറഞ്ഞതായിരിക്കും. ശൈത്യം അവസാനിക്കുന്ന സമയത്തു കോവിഡ് യുകെയിൽ എത്തിയിട്ടും അരലക്ഷത്തോളം പേരുടെ ജീവൻ എടുത്തെങ്കിൽ ശൈത്യകാലത്തു തന്നെ വീണ്ടും കോവിഡ് വന്നാൽ എന്താകും സംഭവിക്കുക എന്ന് ഊഹിക്കാവുന്നതേയുള്ളൂ. അതിനാൽ കൂടുതൽ കോവിഡ് മരണം ഉറപ്പാക്കുന്ന ശൈത്യകാലത്തു രോഗം പിടിപെടാനുള്ള സാഹചര്യങ്ങളിൽ നിന്നും പൂർണമായും യുകെ മലയാളികൾ മാറിനിൽക്കണം എന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ഇന്ത്യൻ ഗവേഷകരുടെ കണ്ടെത്തൽ വ്യക്തമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP