Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നൃത്തം ചെയ്ത് മരണത്തിലേക്ക് നടന്നുനീങ്ങിയവർ നൂറുകണക്കിന്; തികച്ചും ദുരൂഹമായ പകർച്ചവ്യാധിക്ക് ഇന്നും ഉത്തരം കണ്ടുപിടിക്കാനാകാതെ ശാസ്ത്രലോകം. കൊറോണയുടെ കാലത്ത് ചർച്ചയാകുന്ന പതിനാലാം നൂറ്റാണ്ടിലെ ഡാൻസിങ് പ്ലേഗ് എന്ന പകർച്ചവ്യാധി

നൃത്തം ചെയ്ത് മരണത്തിലേക്ക് നടന്നുനീങ്ങിയവർ നൂറുകണക്കിന്; തികച്ചും ദുരൂഹമായ പകർച്ചവ്യാധിക്ക് ഇന്നും ഉത്തരം കണ്ടുപിടിക്കാനാകാതെ ശാസ്ത്രലോകം. കൊറോണയുടെ കാലത്ത് ചർച്ചയാകുന്ന പതിനാലാം നൂറ്റാണ്ടിലെ ഡാൻസിങ് പ്ലേഗ് എന്ന പകർച്ചവ്യാധി

മറുനാടൻ മലയാളി ബ്യൂറോ

ലോകചരിത്രത്തിൽ പകർച്ചവ്യാധികൾ ജനങ്ങളെ കൊന്നൊടുക്കുന്നത് ഇതാദ്യമയൊന്നുമല്ല. വസൂരിയും പ്ലേഗുമൊക്കെ ഒന്നിലേറെ തവണ ലോകമാകെ വ്യാപിച്ച് ലക്ഷക്കണക്കിന് ജീവനുകളെടുത്താണ് മടങ്ങിയിട്ടുള്ളത്. അടുത്ത കാലത്ത് നമ്മൾ കണ്ട എച്ച് ഐ വിയും സാർസുമെല്ലാം ഇന്നും ഓർമ്മകളിൽ നിന്നും മാഞ്ഞുപോയിട്ടില്ല. എന്നാൽ, മരണസംഖ്യ താരതമ്യേന കുറവായതിനാൽ അധികമൊന്നും ചർച്ചചെയ്യപ്പെടാതെ പോയ ഒരു പകർച്ചവ്യാധിയുണ്ട്, 1518 ജൂലായിൽ അന്നത്തെ റോമൻ സാമ്രാജ്യത്തിലെ ഒരു നഗരത്തെ ബാധിച്ച്, ഒരു മാസത്തിനുള്ളിൽ നൂറുകണക്കിന് പേരുടെ ജീവനെടുത്ത ഡാൻസിങ് പ്ലേഗ്

മാരകം എന്നതുമാത്രമല്ല, അതീവ രസകരമായ ഒരു രോഗം കൂടിയാണ് എന്നതാണ് ഇതിനെ മറ്റ് പകർച്ച വ്യാധികളിൽ നിന്നും വ്യത്യസ്തതയുള്ളതാക്കുന്നത്. 1518 ൽ അന്നത്തെ റോമാസാമ്രാജ്യത്തിലെ, ഇന്നത്തെ ഫ്രാൻസിൽ ഉൾപ്പെട്ട സ്ട്രാസ്ബർഗ് നഗരത്തിലെ ഒരു തെരുവിലായിരുന്നു രോഗം പൊട്ടിപ്പുറപ്പെട്ടത്. തെരുവിലൂടെ നടന്നുപോകുകയായിരുന്ന ഒരു സ്ത്രീ (ഫ്രോവ് ട്രോഫിയ എന്നാണ് ഇവരുടെ പേരെന്ന് പറയുന്നുണ്ടെങ്കിലും അത് സ്ഥിരീകരിച്ചിട്ടില്ല) പെട്ടെന്നാണ് നൃത്തം ചെയ്യാൻ ആരംഭിച്ചത്. അധികം താമസിച്ചില്ല, ചെറിയൊരു കൂട്ടം ആളുകൾ, കൂടുതലും ചെറുപ്പക്കാരായ സ്ത്രീകൾ അവരോടൊപ്പം ചേർന്ന് നൃത്തം ചെയ്യാൻ ആരംഭിച്ചു.

സ്ട്രാസ്ബോർഗ് മജിസ്ട്രേറ്റിന്റെയും ബിഷപ്പിന്റെയും ശ്രദ്ധയിൽ ഈ വിവരം എത്തുന്നതുവരെ അവരുടെ നൃത്തം തുടർന്നു. അവർ സ്ഥലത്തെത്തുകയും, ഡോക്ടർമാർ ഉൾപ്പടെ പലരും ഇടപെടുകയും ചെയ്തിട്ടും അവരുടെ നൃത്തം അവസാനിച്ചില്ല. ബലം പിടിച്ച് അവരെ അടുത്തുള്ള ഒരു കെയർ സെന്ററിലേക്ക് മാറ്റിയിട്ടും തുടർന്ന നൃത്തം അവരിൽ പലരേയും മരണത്തിലേക്കാണ് നയിച്ചത്.

ഇത് പിന്നീട് ഒരു തുടർക്കഥയായി മാറുകയായിരുന്നു. തിരക്ക് പിടിച്ച് നഗരവീഥിയിൽ ഏതുനിമിഷവും ഒരാൾ പെട്ടെന്ന് നൃത്തം ചെയ്യാൻ ആരംഭിക്കും. ഒട്ടനവധി പേർ ആ വ്യക്തിക്കൊപ്പം ചേർന്ന് നൃത്തം ചവിട്ടും. തളർന്നാലും നിർത്താത്ത നൃത്തം. ചിലർ ബോധം നശിച്ച് കുഴഞ്ഞ് വീഴും. ചിലർ വീഴുന്നത് മരണത്തിലേക്കായിരിക്കും. 1518 ജൂലായ് പകുതിയിൽ ആരംഭിച്ച ഈ അപൂർവ്വ പകർച്ചവ്യാധി ഒരു മാസത്തിലധികം നീണ്ടുനിന്നു. ചില ദിവസങ്ങളിൽ പതിനഞ്ചും ഇരുപതും പേർ വരെ മരിച്ചുവെന്നാണ് ചില രേഖകളിൽ കാണുന്നത്. ഏറ്റവും രസകരമായ കാര്യം, ഇതിന്റെ ആരംഭ ഘട്ടത്തിൽ ഇത് ഒരു രോഗമാണെന്ന് തിരിച്ചറിയാതെ, നൃത്തത്തെ കൂടുതൽ ആകർഷകമാക്കുവാൻ നഗരവാസികൾ മേളവാദ്യക്കാരേയും സംഗീതജ്ഞരേയുമെല്ലാം വരുത്തി ഇതിന്റെ കൊഴുപ്പ് കൂട്ടിയിരുന്നു എന്നതാണ്.

കോറിയോമാനിയ എന്ന പേരിട്ട് ശാസ്ത്രലോകം വിളിക്കുന്ന ഈ രോഗം, കൃസ്ത്യൻ വിശ്വാസങ്ങളിൽ പരാമർശിക്കപ്പെടുന്ന വിറ്റസ് പുണ്യാളന്റെ ശാപം മൂലമാണെന്ന വിശ്വാസം അക്കാലത്ത് രൂഢമൂലമായിതനാൽ പലരും വിറ്റസ് പുണ്യാളന്റെ പള്ളികൾ സന്ദർശിക്കുകയും നേർച്ചകൾ നടത്തുകയും ചെയ്യുന്നത് പതിവായിരുന്നു. അവരിൽ ചിലർക്ക് രോഗം ഭേദമായത് ഈ വിശ്വാസം കൂടുതൽ ശക്തമാകുവാനും കാരണമായി. മാത്രമല്ല ഈ രോഗത്തിന് സെയിന്റ് വിറ്റസ് ഡാൻസ് എന്ന പേരും വീണു. ഇതേ രോഗനില 1374 ൽ ജർമ്മനി, ഇറ്റലി എന്നിവിടങ്ങളിലും വന്നതായി ചില ചരിത്രകാരന്മാരും എഴുത്തുകാരും സൂചിപ്പിച്ചിട്ടുണ്ടെങ്കിലും അതിനെ കുറിച്ചുള്ള രേഖകളൊന്നും ഇപ്പോൾ ലഭ്യമല്ല.

ഡാൻസിങ് പ്ലേഗിനെ കുറിച്ച് ഏകകണ്ഠമായ ഒരു തീരുമാനത്തിലെത്താൻ ആധുനിക ശാസ്ത്രത്തിനും ഇതുവരെ കഴിഞ്ഞിട്ടില്ല. ശരീരത്തിലെ രക്തത്തിന്റെ ഊഷ്മാവ് വർദ്ധിക്കുന്നത് മുതൽ, ഇത് ത്വക്കിലെ ഒരു അലർജി കൊണ്ട് സംഭവിക്കുന്നതാണ് എന്ന സിദ്ധാന്തം വരെ ഉണ്ടായിട്ടുണ്ട്. മാംസപേശികൾ ചില അജ്ഞാതമായ കാരണങ്ങളാൽ വലിഞ്ഞു മുറുകുന്നതിനാലാണ് ഇത് സംഭവിക്കുന്നത് എന്നും ഇതിന്റെ കാരണമായി പറയുന്നുണ്ട്.

എന്നാൽ, വളരെയധികം പേർ വിശ്വസിക്കുന്നത് ഇത് സംഭവിച്ചത് ഭക്ഷ്യവിഷ ബാധമൂലമാണെന്നാണ്. ഗോതമ്പ് ഇനത്തിൽ പെട്ട സസ്യങ്ങളിൽ സാധാരണയായി കണ്ടുവരുന്ന എർഗോട്ട് എന്ന ഇനം ഫംഗസ് ഉദ്പ്പാദിപ്പിക്കുന്ന ചില രാസവസ്തുക്കൾ മനുഷ്യ മനസ്സിൽ ഉണ്ടാക്കുന്ന സ്വാധീനമാണ് ഈ നൃത്തരോഗത്തിന് കാരണമെന്നാണ് ഇക്കൂട്ടർ പറയുന്നത്. മാരക മയക്കുമരുന്നായ എൽ എസ് ഡി-25 നിർമ്മാണവുമായി ഈ ഫംഗസിന് ബന്ധമുണ്ടെന്നതും ഒരു വസ്തുതയാണ്. മാത്രവുമല്ല, 1692-93 കാലഘട്ടത്തിൽ മസാച്ചുസാറ്റ്സിൽ മന്ത്രവാദ പ്രവർത്തനം നടത്തിയവരെ വിചാരണചെയ്ത സലേം വിച്ച് ട്രയൽ പോലുള്ള, അസാധാരണമായ പല സംഭവങ്ങൾക്ക് പുറകിലും ഈ ഫംഗസിന്റെ സാന്നിദ്ധ്യമുണ്ടെന്ന് തെളിഞ്ഞതും ഈ വിശ്വാസത്തിന് ശക്തി വർദ്ധിപ്പിച്ചു.

എന്നാൽ ജോൺ വേയ്ലറെ പോലുള്ളവർ ഈ വാദത്തിന് എതിരായിരുന്നു. എർഗോട്ടിന്റെ സ്വാധീനം ഒറ്റയടിക്ക് ദിവസങ്ങളോളം നൃത്തം ചെയ്യിക്കുവാൻ തക്കം ശക്തിയുള്ളതല്ലെന്നാണ് അദ്ദേഹത്തെ പോലുള്ളവർ വാദിച്ചത്. മാത്രവുമല്ല, ഇതിന്റെ സ്വാധീനത്തിൽ ഇത്രയധികം പേർ ഒരേ രീതിയിൽ പെരുമാറുന്നതും യുക്തിക്ക് നിരക്കുന്നതല്ല. ഇത്തരത്തിൽ മനസ്സിനെ സ്വാധീനിക്കുന്ന രാസപ്രവർത്തനങ്ങൾ വ്യത്യസ്ത വ്യക്തികളിൽ വ്യത്യസ്ത പെരുമാറ്റങ്ങളാണ് ഉണ്ടാക്കുന്നത്.റൈൻ, മോസെല്ലെ നദികളുടെ തീരങ്ങളിൽ മാത്രം ഇത് കാണപ്പെട്ടതും ഫംഗസ് തീയറിയുടെ വിശ്വാസ്യത കുറച്ചു.

ചില സമ്മർദ്ദങ്ങളുടെ ഫലമായി മാനസിക നില തെറ്റുന്നതുകൊണ്ടുണ്ടാകുന്നതാകാം ഇതെന്നാണ് വെയ്ലർ വാദിച്ചത്.പട്ടിണിയും ദാരിദ്ര്യവും വേട്ടയാടിയിരുന്ന ഒരു പ്രദേശമായിരുന്നു ഇത് എന്നത് ഈ വാദത്തിന് ബലമേകുന്നു. സമൂഹ ഭ്രാന്ത് അഥവാ മാസ് ഹിസ്റ്റീരിയയിൽ സംഭവിക്കുന്ന സൈക്കോജെനിക് മൂവ്മെന്റ് ഡിസോർഡർ (മുഖം, കഴുത്ത്, കൈകാലുകൾ എന്നിവ ആവശ്യമില്ലാതെ ചലിപ്പിക്കുന്ന ഒരു രോഗാവസ്ഥ) മൂലമാകാം ഇതെന്ന ഒരു വാദവും നിലവിലുണ്ട്. മാനസിക സമ്മർദ്ദത്തിന്റെ തലം ഉയരുമ്പോഴാണ് ഇത് സംഭവിക്കാറുള്ളത്. ധാരാളം പേർ ഈ നൃത്തത്തിൽ ഉൾപ്പെട്ടിരുന്നതും മാസ് ഹീസ്റ്റീരിയ തീയറി ശരിവയ്ക്കുന്നു.

രോഗകാരണം ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും ഡാൻസിങ് പ്ലേഗ് പിന്നീട് ഭൂമുഖത്ത് പ്രത്യക്ഷപ്പെട്ടില്ല എന്നത് വളരെ ആശ്വാസകരമായ സംഗതിയാണ്. ഒരു മാസത്തിലധികം നീണ്ടുനിന്ന ഈ രോഗം പെട്ടെന്ന് വന്നതുപോലെ പെട്ടെന്നു തന്നെ അപ്രത്യക്ഷമാവുകയും ചെയ്തു. അതിനു മുൻപായി ഏകദേശം 500 പേരുടെ ജീവനെടുത്തിരുന്നു ഈ അജ്ഞാതരോഗം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP