Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡാനന്തരം ലോകത്തെ കാത്തിരിക്കുന്നതും ​ഗുരുതര ആരോ​ഗ്യ പ്രശ്നങ്ങൾ; തലച്ചോറിനും നാഡീവ്യൂഹത്തിനും മാത്രമല്ല, ഹൃ​ദയത്തിനും വൈറസ് സൃഷ്ടിക്കുക ​ഗുരുതര കേടുപാടുകൾ; കോവിഡ് മുക്തി നേടിയതുകൊണ്ട് മഹാമാരിയെ അതിജീവിക്കില്ലെന്ന് വ്യക്തമാക്കി ശാസ്ത്രലോകം

കോവിഡാനന്തരം ലോകത്തെ കാത്തിരിക്കുന്നതും ​ഗുരുതര ആരോ​ഗ്യ പ്രശ്നങ്ങൾ; തലച്ചോറിനും നാഡീവ്യൂഹത്തിനും മാത്രമല്ല, ഹൃ​ദയത്തിനും വൈറസ് സൃഷ്ടിക്കുക ​ഗുരുതര കേടുപാടുകൾ; കോവിഡ് മുക്തി നേടിയതുകൊണ്ട് മഹാമാരിയെ അതിജീവിക്കില്ലെന്ന് വ്യക്തമാക്കി ശാസ്ത്രലോകം

മറുനാടൻ ഡെസ്‌ക്‌

കോവിഡ് ബാധയെ അതിജീവിച്ചാലും ജീവന് ഭീഷണി നിലനിൽക്കുന്നതായി ​ഗവേഷകർ. ​ഗുരുതരമായ ആരോ​ഗ്യ പ്രശ്നങ്ങൾ കോവിഡ് മുക്തരെ കാത്തിരിക്കുന്നു എന്നാണ് ശാസ്ത്രലോകം ചൂണ്ടിക്കാട്ടുന്നത്. ദി വോൾ സ്ട്രീറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് കോവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങൾ വളരെ വലുതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കോവിഡ് ബാധിച്ച ചില രോഗികളിൽ മാസങ്ങൾക്കു ശേഷവും ഹൃദയത്തിന് വീക്കവും മറ്റ് തകരാറുകളും കാണുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. തലച്ചോറിനും നാഡീവ്യൂഹത്തിനും വൈറസാ ബാധയെ തുടർന്ന് ​ഗുരുതരമായ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാകാം എന്ന് നേരത്തേ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

രോഗം അത്ര ഗുരുതരമല്ലാത്തവരിൽ പോലും രോഗം മാറിയ ശേഷവും ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകൾക്കൊപ്പം ശ്വാസം മുട്ടൽ, കിതപ്പ്, നെഞ്ചിടിപ്പ്, നെഞ്ചുവേദന തുടങ്ങിയവ അലട്ടുന്നതായി പഠനത്തിൽ കണ്ടു. യൂറോപ്യൻ റസ്പിറേറ്ററി സൊസൈറ്റി ഇന്റർനാഷണൽ കോൺഗ്രസ്സിൽ അവതരിപ്പിച്ച മറ്റൊരു പഠനത്തിൽ, കോവിഡ് രോഗികളിൽ ദീർഘകാലത്തേക്ക് ശ്വാസകോശവും ഹൃദയവും തകരാറിലാകുന്നതായും എന്നാൽ പലർക്കും കുറച്ചു കാലം കഴിയുമ്പോൾ ഇവയുടെ ആരോഗ്യം മെച്ചപ്പെടുന്നതായും റിപ്പോർട്ട് ചെയ്തിരുന്നു.

"ജനിക്കുമ്പോഴേ ഉള്ള ഹൃദയ പേശീ കോശങ്ങളാണ് മരണം വരെ നമുക്കുള്ളത്. അതുകൊണ്ടുതന്നെ ഹൃദയ പേശികൾ നശിക്കുന്നത് ഹൃദയത്തിന്റെ പ്രവർത്തനത്തകരാറിനു കാരണമാകും". യൂണിവേഴ്സിറ്റി ഓഫ് വാഷിങ്‌ടൺസ് സെന്റർ ഫോർ കാർഡിയോ വാസ്കുലാർ ബയോളജി ഡയറക്ടർ ചാൾസ് മുറി പറയുന്നു. ഫ്ലൂ, ശ്വസന വൈറസുകൾ തുടങ്ങിയവ ബാധിച്ചതിനുശേഷം ക്രമരഹിതമായ ഹൃദയമിടിപ്പ്, ഹൃദയത്തിന് ഇൻഫ്ലമേഷൻ, ഹൃദയത്തകരാർ തുടങ്ങിയവ ഉണ്ടാകാം.

കോവിഡ് സുഖമായവരിൽ നടത്തിയ പഠനത്തിലൂടെയും, കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ മൃതദേഹപരിശോധനയിലൂടെയും കോവിഡ്, ഹൃദയത്തിന്റെ പേശികളെ എങ്ങനെ ബാധിക്കുന്നു എന്ന് ഗവേഷകർ പരിശോധിച്ചു. ഇത് പ്രാഥമിക പഠനം മാത്രമാണെന്ന് ഗവേഷകർ പറയുന്നു. കൂടുതൽ പഠനങ്ങൾ കോവിഡ് രോഗികളിൽ ആവശ്യമാണെന്നും അവർ പറഞ്ഞു. ഹൃദയത്തിന്റെ ഇൻഫ്ലമേഷനും ഹൃദയ പേശികളുടെ പരിക്കിനും രണ്ടു തരത്തിലാണ് കൊറോണ വൈറസ് കാരണമാകുന്നത്. വൈറസിനോടുള്ള രോഗിയുടെ പ്രതിരോധ പ്രതികരണം മൂലം ഹൃദയത്തിന് കൊളാറ്ററൽ ഡാമേജ് സംഭവിക്കുന്നു എന്നതാണ് ഒരു സാധ്യത.

രണ്ടാമത്തെ സാധ്യത വൈറസ് ഹൃദയ കലകളെ ആക്രമിക്കുന്നു എന്നതാണ്. ACE2 റിസപ്റ്റർ എന്നറിയപ്പെടുന്ന തന്മാത്രകൾ അടങ്ങിയ വൈറസ് ആണ് ഹൃദയകാലകളെ ആക്രമിക്കുന്നത് എന്ന് ഗവേഷകർ കരുതുന്നു. ലാബിൽ നിർമ്മിച്ച ഹൃദയപേശീ കോശങ്ങളെ ബാധിക്കാനും ഇരട്ടിയാക്കാനും കൊറോണ വൈറസിനു കഴിയും എന്ന് കണ്ടു. ഇവ ഹൃദയപേശി കോശങ്ങളുടെ ചുരുങ്ങാനുള്ള കഴിവിനെയും ഹൃദയമിടിപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഇലക്ട്രിക്കൽ സിഗ്നലുകളുടെയും പ്രവർത്തനത്തെയും തകരാറിലാക്കുകയും ക്രമേണ ഈ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു എന്ന് പഠനത്തിൽ കണ്ടു.

ശ്വാസകോശത്തിനും ഹൃദയത്തിനും മാത്രമല്ല തലച്ചോറിനും നാഡീവ്യൂഹത്തിനും ദീർഘകാല പ്രശ്‌നങ്ങളുണ്ടാക്കാമെന്ന് നേരത്തേ തന്നെ ഗവേഷണ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. സ്മൃതിനാശം, ഉന്മാദാവസ്ഥ, പക്ഷാഘാതത്തിനുള്ള സാധ്യത തുടങ്ങിയവയെല്ലാം കോവിഡ് ഭാവിയിൽ രോഗികൾക്കുണ്ടാക്കാമെന്നും ശാസ്ത്രലോകം ചൂണ്ടിക്കാട്ടിയിരുന്നു.

തലച്ചോറിലെ കോശങ്ങൾക്ക് നേരിട്ടുണ്ടാകാവുന്ന അണുബാധ മാത്രമല്ല ഇത്തരം ഗുരുതര പ്രശ്‌നങ്ങളിലേക്ക് നയിക്കുക. തലച്ചോറിലെ കോശങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ന്യൂറോ ഇമ്യൂൺ കോശങ്ങളാണ് ഓർമകളുണ്ടാകാൻ നമ്മെ സഹായിക്കുന്നത്. കോവിഡ് പോലുള്ള രോഗങ്ങളും അണുബാധയും നീർക്കെട്ടുമൊക്കെ ഉണ്ടാകുന്ന സമയത്ത് തലച്ചോറിലെ ഈ പ്രത്യേക പ്രതിരോധ കോശങ്ങൾ ഉത്തേജിക്കപ്പെടും. ഇവയിൽതന്നെ ഒരു കോശമായ മൈക്രോഗ്ലിയക്ക് രൂപമാറ്റം സംഭവിച്ച് അവ തങ്ങളുടെ സഞ്ചാരപാതയിലുള്ള അണുക്കളെയും ചത്ത കോശങ്ങളെയും വിഴുങ്ങാൻ തുടങ്ങും. ഇങ്ങനെ ചെയ്യുന്ന സമയത്ത് ഓർമകൾ സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന നാഡീകോശ ബന്ധനങ്ങളെയും ഇവ ചിലപ്പോൾ നശിപ്പിച്ചെന്ന് വരാം. ഇത് സ്മൃതിനാശത്തിന് കാരണമാകാം. അൽസ്ഹൈമേഴ്‌സ് പോലുള്ള രോഗങ്ങളും കോവിഡ് ബാധയുടെ ഫലമായി പിന്നീട് ഉണ്ടാകാനുള്ള സാധ്യതയും ശാസ്ത്രജ്ഞർ തള്ളിക്കളയുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP