Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അമിതമായി മദ്യം കഴിക്കുന്നവർ പൊടുന്നനെ മദ്യം നിർത്തിയാൽ അവർക്ക് വിഭ്രാന്തിയുണ്ടാകുന്നത് എന്തുകൊണ്ട്? മരുന്ന് കഴിച്ച് മദ്യം നിർത്തിയവർ വീണ്ടും മദ്യം കഴിച്ചാൽ എന്തു സംഭവിക്കും?

അമിതമായി മദ്യം കഴിക്കുന്നവർ പൊടുന്നനെ മദ്യം നിർത്തിയാൽ അവർക്ക് വിഭ്രാന്തിയുണ്ടാകുന്നത് എന്തുകൊണ്ട്? മരുന്ന് കഴിച്ച് മദ്യം നിർത്തിയവർ വീണ്ടും മദ്യം കഴിച്ചാൽ എന്തു സംഭവിക്കും?

മിതമദ്യപാനമുള്ളവർ പൊടുന്നനെ കുടിനിർത്തുമ്പോൾ സംജാതമാവാറുള്ള ഡെലീരിയം ട്രെമൻസ് (ഡി.റ്റി.) എന്ന രോഗാവസ്ഥക്ക് ഈയിടെ പല സംഭവങ്ങളിലായി വാർത്താപ്രാധാന്യം കിട്ടുകയുണ്ടായി. കണ്ണൂർ സബ്'ജയിലിലൊരു തടവുകാരൻ മദ്യംകിട്ടാതെ ഡി.റ്റി. ബാധിച്ചു മരിച്ചതിനെത്തുടർന്ന് ജയിലാശുപത്രികളിലെല്ലാം ഡീഅഡിക്ഷൻ സൗകര്യം ലഭ്യമാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജനുവരിയിൽ ആവശ്യപ്പെടുകയുണ്ടായി. സമ്പൂർണ മദ്യനിരോധനം പ്രഖ്യാപിച്ച ബീഹാറിൽ ഡി.റ്റി.ക്കിരയായി രണ്ടുപേർ മരിച്ചത് ഏപ്രിലിലാണ്. ഏറ്റവുമൊടുവിൽ, ആസാമിൽ നിന്നു കേരളത്തിലേക്കുള്ള നീണ്ട ട്രെയിൻയാത്രക്കിടയിൽ മദ്യം കഴിക്കാതെ ഡി.റ്റി. ബാധിച്ച യുവാവ് കോട്ടയത്തിനടുത്ത് മനോവിഭ്രാന്തി കാണിക്കുകയും നാട്ടുകാരുടെ മർദ്ദനമേറ്റു കൊല്ലപ്പെടുകയുമുണ്ടായി.

വിരളമായേ ഇങ്ങനെ വാർത്തകളിൽ സ്ഥാനംപിടിക്കാറുള്ളൂവെങ്കിലും ഡി.റ്റി. നമ്മുടെ നാട്ടിലൊരു നിത്യസംഭവമാണ്. മദ്യം നിർത്താനുള്ള ആഗ്രഹത്തോടെ ധ്യാനകേന്ദ്രങ്ങളിലും മറ്റും പോവുന്നവരും വല്ല ഓപ്പറേഷനും വിധേയരാവേണ്ടിവരുന്ന മദ്യപാനശീലക്കാരും നാട്ടിലെ അവധിക്കാലം കുടിച്ചുതിമിർത്താഘോഷിച്ച് മദ്യം കിട്ടാത്ത വിദേശനാടുകളിലേക്കു തിരിച്ചുപോവുന്നവരുമെല്ലാം പലപ്പോഴും രണ്ടുമൂന്നു നാൾ തികയുമ്പോഴേക്ക് ഡി.റ്റി.യുടെ ഭാഗമായ വിഭ്രാന്തികൾ കാണിച്ചുതുടങ്ങാറുണ്ട്. മദ്യാസക്തിക്കു ചികിത്സയെടുക്കുന്നവരിൽ തന്നെ അഞ്ചു ശതമാനത്തോളം പേർക്ക് ഡി. റ്റി. യിലൂടെ കടന്നുപോവേണ്ടി വരാറുണ്ട്.

മനോവിഭ്രാന്തിക്കുപരിയായ ഒരു മാനവും ഡി.റ്റി.ക്കുണ്ട് - ചികിത്സയൊന്നും ലഭിക്കാതെ പോവുന്ന ഡി.റ്റി. ബാധിതരിൽ മുപ്പത്തഞ്ചു ശതമാനത്തോളവും ചികിത്സ കിട്ടുന്നവരിൽപ്പോലും അഞ്ചു ശതമാനത്തോളവും പേർ രോഗമദ്ധ്യേ മരണപ്പെടാമെന്നതാണത്. ഭീതിജനകമായ ഈ സ്ഥിതിവിവരക്കണക്ക് ഡി.റ്റി.യെ തടയേണ്ടതും തിരിച്ചറിയേണ്ടതും ചികിത്സിപ്പിക്കേണ്ടതും സുപ്രധാനമാക്കുന്നുണ്ട്.

ബാധിക്കുന്നതാരെ?

കുടി നിയന്ത്രിക്കുകയോ നിർത്തുകയോ ചെയ്യുമ്പോൾ എന്തെല്ലാമസ്വാസ്ഥ്യങ്ങളാണു നേരിടേണ്ടിവരികയെന്നത് ആ വ്യക്തിയുടെ അഡിക്ഷൻ എത്രത്തോളം തീവ്രമാണ് എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. നേരിയ അഡിക്ഷൻ മാത്രമുള്ളവർക്ക് മൂന്നുനാലു നാൾ നീളുന്ന കൈവിറയൽ, ഉറക്കക്കുറവ്, അമിതവിയർപ്പ്, ഉത്ക്കണ്ഠ, വിശപ്പില്ലായ്ക, ഓക്കാനം, ഛർദ്ദിൽ, ദുസ്വപ്നങ്ങൾ എന്നിങ്ങനെ ചില ലഘുലക്ഷണങ്ങളേ കണ്ടേക്കൂ. എന്നാൽ അഡിക്ഷൻ കുറച്ചുകൂടി പുരോഗമിച്ചിട്ടുള്ള ചിലർക്ക് ഒന്നോ രണ്ടോ തവണ അപസ്മാരവും വന്നേക്കാം. ഡി.റ്റി. ബാധിക്കാറുള്ളതോ, അഡിക്ഷൻ അതിന്റെ പാരമ്യത്തിലെത്തിയവരെയുമാണ്.

സ്ഥിരം മദ്യപിക്കുന്നവരിൽ അഞ്ചു തൊട്ടു പത്തു വരെ ശതമാനം പേർക്ക് ജീവിതത്തിലൊരിക്കലെങ്കിലും ഡി.റ്റി. പിടിപെടാമെന്നാണു കണക്ക്. ഈ റിസ്‌കു കൂടുതലുള്ളത് താഴെപ്പറയുന്നവർക്കാണ്:

  • വയസ്സ് നാല്പത്തഞ്ചു കഴിഞ്ഞവർ
  • പത്തുവർഷത്തിലധികമായി വല്ലാതെ മദ്യപിക്കുന്നവർ
  • കുടി പലവുരു നിർത്തുകയും പിന്നെയും തുടങ്ങുകയും ചെയ്തിട്ടുള്ളവർ
  • കരളിന്റെയോ പാൻക്രിയാസിന്റെയോ രോഗങ്ങളോ എന്തെങ്കിലും അണുബാധകളോ മറ്റു ശാരീരികപ്രശ്‌നങ്ങളോ ബാധിച്ചവർ
  • തലക്കു പരിക്കേറ്റിട്ടുള്ളവർ
  • കുടിനിർത്തുമ്പോൾ അപസ്മാരമുണ്ടായിട്ടുള്ളവർ
  • മദ്യം നിർത്തുന്നതിനു തൊട്ടുമുൻദിവസങ്ങളിൽ ഏറെയളവിൽ കഴിപ്പുണ്ടായിരുന്നവർ

ഡി.റ്റി. ഒരിക്കൽ വന്നിട്ടുള്ളവർക്ക് പിന്നീടെപ്പോഴെങ്കിലും കുടിനിർത്തുമ്പോഴും അതാവർത്തിക്കാൻ സാദ്ധ്യതയേറെയുണ്ട്. കോലഞ്ചേരി എം.ഓ.എസ്.സി. മെഡിക്കൽകോളേജിൽ ഡീഅഡിക്ഷനു വേണ്ടി അഡ്‌മിറ്റായ 104 രോഗികളിൽ നടത്തപ്പെട്ട കഴിഞ്ഞ വർഷം പ്രസിദ്ധീകൃതമായ പഠനത്തിന്റെ കണ്ടെത്തൽ, അക്കൂട്ടത്തിൽ മുമ്പു ഡി.റ്റി. വന്ന പതിനാറുപേർ ഉണ്ടായിരുന്നതിൽ മുഴുവനും പേർക്കും ആ തവണയും ഡി.റ്റി. പിടിപെട്ടുവെന്നാണ്.

ലക്ഷണങ്ങളെന്തൊക്കെ?

കൈകാലുകൾ ശക്തിയായി വിറക്കുക, വല്ലാതെ വിയർക്കുക, തീരെ ഉറക്കമില്ലാതാവുക, ചുറ്റുമുള്ള ശബ്ദങ്ങളും വെളിച്ചങ്ങളും ഏറെ കഠോരമായിത്തോന്നുക, അശരീരിശബ്ദങ്ങൾ കേൾക്കുക, പേടിപ്പെടുത്തുന്ന മായക്കാഴ്ചകൾ കാണുക, ശരീരത്തിൽ ജീവികളും മറ്റും പാഞ്ഞുനടക്കുന്നതായിത്തോന്നുക, സ്ഥലകാലബോധം നഷ്ടമാവുക, അടുത്ത ബന്ധുക്കളെപ്പോലും തിരിച്ചറിയാനാവാതിരിക്കുക, പരസ്പരബന്ധമില്ലാതെ സംസാരിക്കുക, ആരോ കൊല്ലാൻ വരുന്നെന്നും മറ്റും അകാരണമായി പേടിക്കുക എന്നിവയാണ് ഡി.റ്റി.യുടെ മുഖ്യലക്ഷണങ്ങൾ. അടങ്ങിയിരിക്കായ്കയും അമിതകോപവും അക്രമാസക്തതയും കാണപ്പെടുകയുമാവാം. ശ്വാസോച്ഛ്വാസമോ ഹൃദയമിടിപ്പോ രക്തസമ്മർദ്ദമോ പരിധിവിട്ടുയരാം. നേരിയ പനി കണ്ടേക്കാം. ഇടക്ക് അൽപനേരമൊക്കെ നോർമലായിപ്പെരുമാറുകയും പിന്നീട്, പ്രത്യേകിച്ച് നേരമിരുട്ടിക്കഴിഞ്ഞാൽ, പ്രശ്‌നങ്ങൾ വീണ്ടും പ്രകടമാവുകയും ചെയ്യാം.

മരണത്തിനിടയാക്കുന്നതെങ്ങനെ?

പകടങ്ങൾക്കും ചില ശാരീരികപ്രശ്‌നങ്ങൾക്കും ഇടയൊരുക്കിക്കൊണ്ടാണ് ഡി.റ്റി. മരണനിമിത്തമാവാറുള്ളത്. നിർജലീകരണമോ ലവണങ്ങളുടെ അപര്യാപ്തതയോ ഹൃദയതാളത്തിൽ വ്യതിയാനങ്ങൾ വരുത്തുന്നതും, ബോധക്കുറവു മൂലം ഭക്ഷണമോ വെള്ളമോ വഴിതെറ്റി ശ്വാസകോശത്തിലെത്തി ന്യൂമോണിയ ഉളവാക്കുന്നതും, ശ്വാസോച്ഛ്വാസത്തെ നിയന്ത്രിക്കുന്ന മസ്തിഷ്‌കകേന്ദ്രങ്ങളെ മന്ദത ബാധിക്കുന്നതും, ശരീരോഷ്മാവ് ക്രമാതീതമാവുന്നതുമൊക്കെ ഡി.റ്റി. രോഗികളുടെ ജീവനെടുക്കാം.

വരുന്നതെന്തുകൊണ്ട്?

റക്കത്തിന്റെയും ഉണർവിന്റെയും ചാക്രികതയിലൂടെ നമ്മെ ചുവടുപിഴക്കാതെ വഴിനടത്തുന്നതു മുഖ്യമായും ഗാബ, ഗ്ലൂട്ടമേറ്റ് എന്നീ നാഡീരസങ്ങളാണ്. ഗാബ ഉറക്കത്തിനും ഗ്ലൂട്ടമേറ്റ് ഉണർവിനുമാണ് സഹായകമാവുന്നത്. മദ്യം തലച്ചോറിൽ പ്രവർത്തിക്കുന്നതു ഗാബയെപ്പോലാണ് എന്നതിനാൽ ഒരാൾ ദിനംപ്രതി മദ്യമെടുക്കുമ്പോൾ അത് ഗാബക്കു ഗ്ലൂട്ടമേറ്റിന്മേൽ ഒരു മേൽക്കൈ കിട്ടാനിടയാക്കുന്നുണ്ട്. അത്തരമൊരു സാഹചര്യത്തിൽ ബാലൻസ് പുനഃസ്ഥാപിക്കേണ്ടതുള്ളതിനാൽ തലച്ചോർ കാലക്രമത്തിൽ ഗാബയുടെ പ്രവർത്തനക്ഷമത കുറക്കുകയും ഗ്ലൂട്ടമേറ്റിന്റേതു കൂട്ടുകയും ചെയ്യും. ഇതിനൊക്കെ ശേഷം പെട്ടെന്നൊരു മുഹൂർത്തത്തിൽ മദ്യം കളമൊഴിയുമ്പോൾ തലച്ചോറിങ്ങനെ ശക്തിമത്താക്കി നിർത്തിയിരിക്കുന്ന ഗ്ലൂട്ടമേറ്റിന് എതിരാളിയില്ലാത്ത അവസ്ഥ വരുന്നതാണ് ഉറക്കക്കുറവിനും കൈവിറയലിനും തൊട്ട് അപസ്മാരത്തിനും ഡി.റ്റി.ക്കും വരെ അടിസ്ഥാനമാവുന്നത്.

മറ്റു സമാനപ്രശ്‌നങ്ങൾ

ദ്യപാനമുള്ളൊരാൾ പെരുമാറ്റക്കുഴപ്പങ്ങൾ കാണിച്ചാൽ അതെപ്പോഴും ഡി.റ്റി. മൂലം തന്നെയാവണമെന്നില്ല; താഴെക്കൊടുത്തതിലേതെങ്കിലും പ്രശ്‌നം കൊണ്ടുമാവാം.

പാതോളജിക്കൽ ഇൻടോക്‌സിക്കേഷൻ: ചെറിയ അളവിൽ മദ്യപിക്കുമ്പോൾപ്പോലും കടുത്ത അക്രമാസക്തതയും നശീകരണസ്വഭാവവും പ്രകടമാവുന്നു. മദ്യമിറങ്ങിയ ശേഷം ആൾക്ക് അതൊന്നും ഓർമയില്ലാതിരിക്കുകയും ചെയ്യാം.

ആൽക്കഹോളിക് ഹാലൂസിനോസിസ്: മദ്യലഹരിയിലുള്ളപ്പോഴോ അതിറങ്ങിയ ഉടനെയോ ഭീഷണിപ്പെടുത്തുന്ന അശരീരി ശബ്ദങ്ങൾ കേട്ടുതുടങ്ങുന്നു. അവ യഥാർത്ഥമാണെന്നു ധരിച്ച് രോഗി ഭയചകിതനാവുന്നു.

വെർണിക്കീസ് എൻകെഫലോപതി: അമിതമദ്യപാനവും പോഷകാഹാരമെടുക്കായ്കയും തയമിൻ എന്ന വിറ്റമിന്റെ അപര്യാപ്തതക്കിടയാക്കുന്നു. ഓർമക്കുറവും നടക്കുമ്പോൾ വേച്ചുപോവലും മറ്റും രൂപപ്പെടുന്നു.

ഹെപ്പാറ്റിക് എൻകെഫലോപതി: മദ്യത്താൽ കേടുപാടുകൾ വരുന്ന കരളിന് വിഷപദാർത്ഥങ്ങളെ ദഹിപ്പിക്കാൻ പറ്റാതാവുന്നു. അവ ശരീരത്തിൽ കുമിഞ്ഞുകൂടി തലച്ചോറിനെ ഗ്രസിച്ച് ഓർമക്കുറവും ഉറക്കക്കൂടുതലും മറ്റും സംജാതമാക്കുന്നു.

തടയാനെന്തുചെയ്യാം?

ഡി.റ്റി. വരാതെ സ്വയംകാക്കാനുള്ള ഏറ്റവും നല്ല ഉപായം, സ്വാഭാവികമായും, അമിതമദ്യപാനം ഒഴിവാക്കുകയെന്നതു തന്നെയാണ്. മദ്യപാനം നിയന്ത്രണാതീതമാവുന്നതിനു മുന്നേതന്നെ ചികിത്സയെടുത്തോ അല്ലാതെയോ അതിൽനിന്നു പിൻവാങ്ങുന്നതു പരിഗണിക്കുക.

മദ്യത്തിനടിപ്പെട്ടുകഴിഞ്ഞവർ, പ്രത്യേകിച്ച് ഡി.റ്റി. വരാൻ സാദ്ധ്യത കൂടുതലുണ്ടെന്ന് മുമ്പുസൂചിപ്പിച്ച വിഭാഗങ്ങളിൽപ്പെടുന്നവർ, മദ്യപാനം കുറക്കാനോ നിർത്താനോ തീരുമാനിച്ചാൽ അത് ഡോക്ടർമാരുടെ മേൽനോട്ടത്തിൽ, മരുന്നുകളുടെ സഹായത്തോടെ മാത്രമാവാൻ ശ്രദ്ധിക്കുക. മറ്റെന്തെങ്കിലും പ്രശ്‌നത്തിനായാണ് അഡ്‌മിറ്റാവുന്നത് എങ്കിലും മദ്യപാനക്കാര്യം ഡോക്ടർമാരോടു നിശ്ചയമായും വെളിപ്പെടുത്തുക. മദ്യംനിർത്തുന്നതിന്റെ ആദ്യ ദിവസങ്ങളിൽ നന്നായി വിശ്രമിക്കുകയും ആഹാരം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്യുക. അസാധാരണ ശബ്ദങ്ങളോ ദൃശ്യങ്ങളോ സ്പർശങ്ങളോ അനുഭവപ്പെട്ടു തുടങ്ങുന്നെങ്കിൽ ഡോക്ടറെയോ നഴ്‌സുമാരെയോ അറിയിക്കുക.

കുടി നിർത്തുന്ന ആരെങ്കിലും വല്ല അസ്വസ്ഥതകളും വെളിപ്പെടുത്തിയാൽ അത് ''വീണ്ടും കഴിക്കാനുള്ള ആശകൊണ്ടു തോന്നുന്നതാണ്'' എന്നും മറ്റും പരിഹസിക്കാതെ അതിനെ മുഖവിലക്കെടുക്കുകയും വിദഗ്ദ്ധാഭിപ്രായം തേടാൻ പ്രേരിപ്പിക്കുകയും ചെയ്യുക.

ഹാനികരമാവാറുള്ള തെറ്റിദ്ധാരണകൾ

ദ്യംനിർത്തുന്ന ഒരാൾക്ക് ശരിക്കൊന്നുറങ്ങാനാവാൻ എന്തളവിൽ മരുന്നുകൾ ആവശ്യമായേക്കുമെന്നു മുൻകൂട്ടി പ്രവചിക്കുക എളുപ്പമല്ല. അതുകൊണ്ടുതന്നെ, ഫലംചെയ്‌തേക്കാമെന്നനുമാനിക്കുന്ന ഒരു ഡോസ് കുറിക്കുകയും, ഉറക്കക്കുറവുണ്ടെങ്കിൽ ആവശ്യാനുസരണം കൂടുതൽ മരുന്നു നൽകാൻ നഴ്‌സുമാരോടു നിർദ്ദേശിക്കുകയുമാണ് മിക്ക ഡോക്ടർമാരും ചെയ്യാറ്. എന്നാൽ ഉറക്കംവരാത്ത കാര്യം പക്ഷേ പലരും നഴ്‌സുമാരെ അറിയിക്കാറില്ല. മരുന്നുകൾക്ക് അഡിക്ഷനായിപ്പോവും എന്ന പേടിയാണ് പലപ്പോഴും ഇതിനുപിന്നിലുണ്ടാവാറുള്ളത്. ഉറക്കക്കുറവ് ഇത്തരത്തിൽ യഥാവിധി ചികിത്സിക്കപ്പെടാതെ പോവുന്നത് അപസ്മാരത്തിനും ഡി.റ്റി.ക്കും സാദ്ധ്യതയേറ്റുമെന്നും, രണ്ടോ മൂന്നോ രാത്രി വിദഗ്ദ്ധ മേൽനോട്ടത്തിൽ ഉറക്കമരുന്നുകളെടുത്തെന്നുവച്ച് അവക്ക് അഡിക്ഷനൊന്നുമാവില്ലെന്നും ഓർക്കുക.

ആശുപത്രിയിൽ പ്രവേശിച്ചു രണ്ടാമത്തെയോ മൂന്നാമത്തെയോ നാൾ ഡി.റ്റി. പ്രത്യക്ഷമാവുമ്പോൾ അത് അവിടെനിന്നു നൽകപ്പെട്ട എന്തോ മരുന്നോ ഇഞ്ചക്ഷനോ മൂലം സംഭവിച്ചതാണ് എന്ന അനുമാനത്തിലെത്തുകയോ അതിന്റെ പേരിൽ ചികിത്സകരുമായി വഴക്കിനു ചെല്ലുകയോ ചെയ്യാതിരിക്കുക.

ഡി.റ്റി. മാറിക്കഴിഞ്ഞാൽ മദ്യാസക്തിക്കുള്ള തുടർചികിത്സയെടുക്കേണ്ടത് അതിപ്രധാനമാണെങ്കിലും പലപ്പോഴും രോഗികളും ബന്ധുക്കളും അതിനോടു മുഖംതിരിക്കാറുണ്ട്. ഡീഅഡിക്ഷൻചികിത്സയെടുത്താൽ ജീവിതത്തിലൊരിക്കലുംപിന്നെ അൽപംപോലും മദ്യം തട്ടാൻ പറ്റില്ലെന്നും അഥവാ അങ്ങിനെ സംഭവിച്ചാൽ മനോരോഗമാവുകയോ മരിച്ചുപോവുകയോ ചെയ്യുമെന്നുമൊക്കെയുള്ള ഭീതികളാണ് പൊതുവെയിതിനു നിമിത്തമാവാറ്. അവ പക്ഷേ അടിസ്ഥാനരഹിതമാണ്.

പ്രതിവിധിയെന്താണ്?

ഡി.റ്റി. തന്നെയാണ്, മറ്റസുഖങ്ങളൊന്നുമല്ല എന്നുറപ്പുവരുത്താൻ ചില ടെസ്റ്റുകൾ ആവശ്യമായേക്കാം. കരളിന്റെയോ വൃക്കയുടെയോ മറ്റോ കുഴപ്പങ്ങളുണ്ടോ, സോഡിയവും പൊട്ടാഷ്യവും പോലുള്ള ലവണങ്ങളുടെ പോരായ്മയുണ്ടോ എന്നൊക്കെയറിയാൻ രക്തം പരിശോധിക്കേണ്ടതായി വരാം. ശ്വാസംമുട്ടുള്ളവർക്ക് ന്യൂമോണിയയോ മറ്റോ പിടിപെട്ടിട്ടുണ്ടോ എന്നറിയാൻ നെഞ്ചിന്റെ എക്‌സ്‌റേയും, അപസ്മാരമിളകുകയോ തലക്കു പരിക്കേൽക്കുകയോ ചെയ്തവർക്ക് തലയുടെ സ്‌കാനിംഗും വേണ്ടിവന്നേക്കാം.

ഡി.റ്റി. ബാധിച്ചവർക്കു കിടത്തിച്ചികിത്സ കൂടിയേതീരൂ. വലിയ ബഹളങ്ങളില്ലാത്ത, ആവശ്യത്തിനു വെളിച്ചമുള്ള ഇടങ്ങളാണ് ഇത്തരം രോഗികൾക്കു വേണ്ടത്. മുറിക്കകത്തുനിന്ന് ഒരാക്രമണത്തിനുപയോഗിച്ചേക്കാവുന്ന വസ്തുക്കളൊക്കെ മാറ്റേണ്ടതുമുണ്ട്.

ഡി.റ്റി.യുടെ ലക്ഷണങ്ങൾക്കു ശമനമുണ്ടാക്കുക, മരണമടക്കമുള്ള സങ്കീർണതകൾ വരാതെ കാക്കുക, മദ്യപാനം പിന്നെയും തുടങ്ങാതിരിക്കാൻ രോഗിയെ പ്രാപ്തനാക്കുക എന്നിങ്ങനെ മൂന്ന് ഉദ്ദേശങ്ങളാണ് ചികിത്സക്കുണ്ടാവുക. ഉറക്കക്കുറവും വിറയലും പോലുള്ള, ഗ്ലൂട്ടമേറ്റിന്റെ അതിപ്രവർത്തനം മൂലമുളവാകുന്ന, ലക്ഷണങ്ങളെ മയപ്പെടുത്താൻ ഗാബയെപ്പോലെ പ്രവർത്തിക്കുന്ന ''ബെൻസോഡയാസെപിൻസ്'' എന്ന ഗണത്തിൽപ്പെട്ട മരുന്നുകളാണ് ഉപയോഗിക്കാറ്. അശരീരികൾക്കും മായക്കാഴ്ചകൾക്കും അനാവശ്യ ഭീതികൾക്കും ''ആന്റിസൈക്കോട്ടിക്‌സ്'' എന്ന തരം മരുന്നുകൾ വേണ്ടിവരാം. ആവശ്യത്തിനു ശ്വാസവും ഭക്ഷണപാനീയങ്ങളും കിട്ടുന്നുണ്ടെന്നുറപ്പുവരുത്തുക, ആവശ്യമെങ്കിൽ ഓക്‌സിജൻ നൽകുകയോ ഡ്രിപ്പിടുകയോ മൂക്കിലൂടെ ആഹാരം കൊടുക്കുകയോ ചെയ്യുക, ഗ്ലൂക്കോസും തയമിനും കയറ്റുക, വയറ്റിൽനിന്നു പോവുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നീ നടപടികളും പ്രധാനമാണ്.

സാധാരണ നിലക്ക് ഡി.റ്റി. അഞ്ചോളം ദിവസമേ നീളൂ. അപൂർവം ചിലരിൽ പക്ഷേയത് ആഴ്ചകളോളം തുടരുകയും ചെയ്യാം. ഡി.റ്റി.യുടെ ലക്ഷണങ്ങൾ വിട്ടുപോവുന്നതുവരെയേ മുമ്പുപറഞ്ഞ ബെൻസോഡയാസെപിൻസോ ആന്റിസൈക്കോട്ടിക്‌സോ കൊടുക്കേണ്ടതുള്ളൂ.

മദ്യം മുടങ്ങിയതാണു പ്രശ്‌നനിമിത്തമായത് എന്നയനുമാനത്തിൽ തിരിച്ചു മദ്യം കഴിക്കാനോ കൊടുക്കാനോ തുടങ്ങുന്നതു ബുദ്ധിയല്ല - എന്തുതന്നെ ചെയ്താലും പ്രത്യക്ഷപ്പെട്ടു കഴിഞ്ഞ ലക്ഷണങ്ങൾ തിരിച്ചുപോവാൻ അതിന്റേതായ സമയമെടുക്കുമെന്നും, ഇങ്ങിനെയൊരു നടപടി മദ്യം ഉളവാക്കിക്കഴിഞ്ഞ ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങൾ കൂടുതൽ തീവ്രമാവാനും പിന്നീടെപ്പോഴെങ്കിലും മദ്യം നിർത്താൻ നോക്കിയാൽ കൂടുതൽ വേഗത്തിൽ, കൂടുതൽ രൂക്ഷതയോടെ ഡി.റ്റി. വീണ്ടും വരാനും വഴിയൊരുക്കുമെന്നും ഓർക്കുക.

ഡി.റ്റി. കലങ്ങിത്തെളിഞ്ഞ ശേഷം മദ്യപാനം പുനരാരംഭിക്കാതിരിക്കാൻ വേണ്ട മരുന്നുകളും കൗൺസലിംഗും ലഭ്യമാക്കേണ്ടത് ഏറെ പ്രധാനമാണ്. ഡി.റ്റി.വേളയിൽ പ്രകടിപ്പിച്ച പെരുമാറ്റ വൈകല്യങ്ങൾ വീഡിയോയിൽപ്പിടിച്ച് ഡി.റ്റി. മാറിക്കഴിഞ്ഞിട്ടു കാണിച്ചുകൊടുക്കുന്നത് മദ്യത്തിലേക്കു വീണ്ടും മടങ്ങാതിരിക്കാൻ രോഗിക്കു പ്രചോദനമേകുമെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നുമുണ്ട്.

(2016 സെപ്റ്റംബർ ലക്കം മനോരമ ആരോഗ്യത്തിൽ പ്രസിദ്ധീകരിച്ചത്)

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP