Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

തലസ്ഥാനത്തെ സൂപ്പർമാർക്കറ്റിൽ ഫുഡ് കോർട്ട് തുടങ്ങി മാജിക് കിച്ചൺ ഫെയിം ലക്ഷമി നായർ; ചാനൽ അവതാരക തന്നെ വിളമ്പുകാരിയായപ്പോൾ ആദ്യ ദിവസം ഉഗ്രൻ തിരക്ക്

തലസ്ഥാനത്തെ സൂപ്പർമാർക്കറ്റിൽ ഫുഡ് കോർട്ട് തുടങ്ങി മാജിക് കിച്ചൺ ഫെയിം ലക്ഷമി നായർ; ചാനൽ അവതാരക തന്നെ വിളമ്പുകാരിയായപ്പോൾ ആദ്യ ദിവസം ഉഗ്രൻ തിരക്ക്

അരുൺ ജയകുമാർ

തിരുവനന്തപുരം: മലയാളത്തിലെ മിക്ക ചാനലുകളിലും ദൂരദർശന്റെ കാലം മുതൽ ജനകീയമായ പരിപാടിയാണ് കുക്കറി ഷോ. എന്നാൽ, ഇപ്പോൾ കുക്കറി ഷോ അവതരിപ്പിക്കുന്നരുടെ എണ്ണത്തിലെ ബാഹുല്യം കൊണ്ട് പലരെയും ആരും അത്രയ്ക്ക് ഓർക്കാറില്ല. എന്നാൽ, ഇപ്പറഞ്ഞതിൽ നിന്നും വിപരീതമാണ് മാജിക് കിച്ചൺ ഫെയിം ലക്ഷമി നായരുടേത്. വീട്ടമ്മമാരോടും കൊച്ചു കുട്ടികളോടും പോലും ചോദിച്ചാൽ ലക്ഷ്മി നായർ എന്ന പാചക വിദഗ്ധയെ പരിചയമുണ്ടാകും. തന്റേതായ ശൈലി കൊണ്ട് പാചക കലയിലെ വിദഗ്ദ്ധയായി മാറിയിട്ടുണ്ട് ലക്ഷ്മി നായർ. ഇപ്പോൾ ഇതാ തലസ്ഥാന നഗരത്തിലെ പോത്തീസ് സൂപ്പർമാർക്കറ്റിൽ ലക്ഷമി നായർ തന്റെ ഫുഡ്‌കോർട്ട് തുറന്നിരിക്കുകയാണ്. ലക്ഷമി നായർസ് മാജിക് കിച്ചൺ എന്ന് പേരിട്ടിരിക്കുന്ന ഫുഡ്‌കോർട്ടിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുകയാണെന്ന് ലക്ഷമി നായർ മറുനാടൻ മലയാളിയോട് പറഞ്ഞു.

ലക്ഷമി നായരുടെ അടുക്കളയിൽ രുചികരമായി പാചകം ചെയ്യുന്ന ഭക്ഷണ വിഭവങ്ങളാണ് ഇനി മുതൽ പോത്തീസിലെ ഫുട്‌കോർട്ടിൽ ലഭിക്കുക. പേരൂർക്കടയിലുള്ള തന്റെ അടുക്കളയിൽ നിന്നുമുള്ള വിഭവങ്ങൾ രാവിലെ 10 മണി മുതൽ രാത്രി 10 മണിവരെ ഇവിടെ ലഭ്യമാകുമെന്ന് ലക്ഷ്മി നായർ പറഞ്ഞു. ഫുഡ്‌കോർട്ടിൽ ഇരുന്നു കഴിക്കുന്നതിനൊപ്പം പാഴ്‌സലായും ഭക്ഷണം ലഭിക്കും. ആദ്യ ദിവസം ലക്ഷമി നായർ നേരിട്ടെത്തിയാണ് വിഭവങ്ങൾ ആവശ്യക്കാർക്ക് വിളമ്പിയത്.

തന്റെ അടുക്കളയിൽ നിന്നും രണ്ട് തവണയായിട്ടാണ് ഇവിടെ ഫുഡ്‌കോർട്ടിൽ ഭക്ഷണമെത്തിക്കുന്നത്. സെൻട്രൽ കിച്ചണിൽ താനും മറ്റ് അഞ്ച് പേരും ചേർന്നാണ് ഭക്ഷണം ഉണ്ടാക്കുക, തലസ്ഥാനത്തെ തിരക്കേറിയ ജീവിതത്തിൽ നിന്നും ഇവിടേക്കെത്തുന്നവർക്ക് സ്വാദിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്‌ച്ചയും ചെയ്യേണ്ടിവരില്ലെന്ന് അവർ ഉറപ്പ് നൽകുന്നു. ഓണതിരക്ക് പരിഗണിച്ചാണോ ഇപ്പോൾ ഇങ്ങനെയൊരു സംരംഭം എന്ന ചോദ്യത്തിന് ഓണം കഴിഞ്ഞാലും തലസ്ഥാന നഗരവാസികൾക്ക് ഇവിടെയെത്തി ഭക്ഷണം കഴിക്കാനാകുമെന്നും ഇത് സ്ഥിരമായി ഇവിടെയുണ്ടാകുമെന്നും ലക്ഷ്മി പറഞ്ഞു.

ലക്ഷ്മി നായർ സ്‌പെഷ്യൽ വിഭവങ്ങളായ ചിക്കൻ ഉള്ളി പെരട്ട,് ഇറച്ചി ചോറ്, ചിക്കൻ അമ്മച്ചിക്കറി, ഫ്രൈഡ് റൈസ് എന്നിവയും ഇതിന് പുറമെ ചപ്പാത്തി, ഇടിയപ്പം നെയ്‌ചോറ് എന്നിവയും മിതമായ നിരക്കിൽ ഇവിടെ നിന്നും ലഭിക്കുമെന്നും അവർ പറയുന്നു. ഓണത്തിന് പായസം ഉൾപ്പടെ പ്രത്യേക വിഭവങ്ങൾ നൽകണമെന്നാണ് ആഗ്രഹം. പക്ഷേ, തിരക്ക് കൂടുതലായതിനാൽ അത് നടക്കുമോ എന്ന് ഉറപ്പില്ലെന്നും അവർ പറയുന്നു.

ലക്ഷ്മിയുടെ വഴിയെ മിക്ക ചാനലുകളും പാചക പ്രോഗ്രാമുകൾ തുടങ്ങുകയും അനേകം സെലിബ്രറ്റി ഷെഫുമാർ ഉദയം ചെയ്യുകയും ചെയ്തു. ഒന്നര പതിറ്റാണ്ടിലേറെയായി കൈരളി ടിവിയിൽ കുക്കറി ഷോ ചെയ്യുന്ന ലക്ഷ്മിയുടെ മാജിക് ഓവനും പരിചയമില്ലാത്ത മലയാളികൾ ഉണ്ടാവില്ല. കൈരളി ചാനലിലെ കുക്കറി ഷോ അവതാരിക എന്നതിനപ്പുറം കേരളത്തിലെ ഏറ്റവും വലിയ സെലിബ്രറ്റികളുടെ കൂടെ ഇടം പിടിച്ച ഒരുപാട് പ്രത്യേകതകൾ ലക്ഷ്മി നായർക്കുണ്ട്.

സ്വന്തം കാറ്ററിങ് ബിസിനസ് നടത്തി വരുന്നതിനിടയിൽ കൈരളി ചാനൽ അന്വേഷിച്ചെത്തിയതാണ് ലക്ഷ്മി നായരെ. ഒട്ടും ജനകീയമല്ലാത്ത ഒരു ഷോ ഏറ്റവും പോപ്പുലർ ഷോയാക്കി മാറ്റി എന്നതാണ് ലക്ഷ്മിയുടെ കരവിരുത്. നീണ്ട 17 കൊല്ലമായി മലയാളികൾക്ക് മലയാളികളുടെ സ്വീകരണ മുറിയിൽ സ്വാദിഷ്ടമായ വിഭവങ്ങളുടെ ടിപ്‌സ് എത്തിക്കുന്ന ലക്ഷ്മി ഏവർക്കും പ്രിയങ്കരിയാണ്. കാറ്ററിങ് ബിസിനസും, കുക്കറി ഷോയും മാത്രമല്ല കേരളം അറിയപ്പെടുന്ന ഒരു നിയമജ്ഞ കൂടിയാണ് നിയമത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുള്ള ലക്ഷ്മി നായർ. കേരളത്തിലെ ഏറ്റവും വലിയ ലോ കോളേജുകളിൽ ഒന്നായ കേരള ലോ അക്കാദമിയുടെ പ്രിൻസിപ്പൽ കൂടിയാണ് ലക്ഷ്മി നായർ. നിയമത്തിൽ ബിരുദാനന്തര ബിരുദം എടുത്ത ശേഷം ഡോക്ടറേറ്റും നേടിയ ശേഷമാണ് ലക്ഷ്മി കേരള ലോ അക്കാദമിയുടെ പ്രിൻസിപ്പൽ സ്ഥാനം ഏറ്റെടുത്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP