Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇഷ്ടമില്ലെന്ന് കരുതി കഴിക്കാതിരുന്നാൽ നഷ്ടം നമ്മൾക്ക് തന്നെ! പ്രമേഹവും രക്ഷസമ്മർദ്ദവും പോലെ ജീവിതശൈലി രോഗങ്ങൾക്ക് ഉത്തമ ഔഷധമായിട്ടും അറിയാതെ പോകരുത് പാവയ്ക്കയുടെ ഗുണങ്ങൾ; കണ്ണൂർ അഞ്ചരക്കണ്ടി ഹയർസെക്കണ്ടറി സ്‌കൂളിൽ നടന്ന പാവയ്ക്ക മഹോത്സവം പകർന്ന അറിവുകൾ ഇങ്ങനെ

ഇഷ്ടമില്ലെന്ന് കരുതി കഴിക്കാതിരുന്നാൽ നഷ്ടം നമ്മൾക്ക് തന്നെ! പ്രമേഹവും രക്ഷസമ്മർദ്ദവും പോലെ ജീവിതശൈലി രോഗങ്ങൾക്ക് ഉത്തമ ഔഷധമായിട്ടും അറിയാതെ പോകരുത് പാവയ്ക്കയുടെ ഗുണങ്ങൾ; കണ്ണൂർ അഞ്ചരക്കണ്ടി ഹയർസെക്കണ്ടറി സ്‌കൂളിൽ നടന്ന പാവയ്ക്ക മഹോത്സവം പകർന്ന അറിവുകൾ ഇങ്ങനെ

ആർ പീയൂഷ്

അഞ്ചരക്കണ്ടി: ഭക്ഷണപ്രിയർക്ക് സ്വതവേ ഇഷ്ടമല്ലാത്ത ഒരുവിഭവമാണ് പാവയ്ക്ക ഉപയോഗിച്ചുള്ള കറികൾ. എന്നാൽ ഇതിന്റെ ഗുണങ്ങൾ കേട്ടാൽ ആരായാലും ഒന്നു ഞെട്ടും. പരമ്പരാഗതമായി പല അസുഖങ്ങൾക്കും ഒരു പരിഹാരമായി പാവയ്ക്ക ഉപയോഗിക്കുന്നു. ധാരാളം വൈറ്റമിനുകളും മിനറലുകളുമുള്ള പാവയ്ക്കയിൽ കലോറിയും ഫാറ്റും നന്നെ കുറവാണ്. രോഗപ്രതിരോധ ശക്തി, കരൾ സംബന്ധിയായ അസുഖങ്ങൾ, രക്തസമ്മർദം തുടങ്ങി പല അസുഖങ്ങൾക്കും പാവയ്ക്ക ഒരു പരിഹാരമാർഗം എന്ന നിലയിൽ കാണുന്നുണ്ട്. എങ്കിലും പ്രമേഹരോഗികൾക്കിടയിലാണ് ഇവയ്ക്ക് കൂടുതൽ പ്രാധാന്യം ലഭിച്ചുവരുന്നത്.

പുതു തലമുറയ്ക്ക് ഇക്കാര്യങ്ങളൊന്നും തന്നെ അറിയില്ല. എന്നാൽ അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്‌ക്കൂളിലെ കുട്ടികൾക്ക് ഇപ്പോൾ പാവയ്ക്കയുടെ ഗുണങ്ങളൊക്കെ അറിയാം. കാരണം കഴിഞ്ഞ ദിവസം പ്രവൃത്തി പരിചയ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു പാവയ്ക്ക മഹോൽസവം നടത്തി. എട്ടാം ക്ലാസ്സിലെ കുട്ടികളാണ് അപൂർവ്വമായ ഈ ഭക്ഷ്യമേള ഒരുക്കിയത്. പാവയ്ക്ക കൊണ്ടുള്ള വിവിധ തരം വിഭവങ്ങളാണ് കുട്ടികൾ മുതിർന്നവരുടെ സഹായത്തോടെ തയ്യാറാക്കിയത്. തോരൻ, കറി, തീയൽ, കൊണ്ടാട്ടം, അച്ചാർ, ചമ്മന്തി, പച്ചടി തുടങ്ങീ ഇരുപതിലധികം വിഭവങ്ങളാണ് മേളയിൽ ഉണ്ടായത്. മേലയിൽ പാവയ്ക്കയുടെ ഔഷധ ഗുണങ്ങളെ പറ്റി അദ്ധ്യാപകരും വിദ്യാർത്ഥികളും വിശദീകരിച്ചു.

മേളയിൽ ചോദ്യോത്തരങ്ങൾക്കുള്ള വേദിയും ഉണ്ടായിരുന്നു. കൂടുതലും ഉയർന്നു വന്നത് പാവയ്ക്ക കഴിച്ചാൽ പ്രമേദം ഇല്ലാതാവുമോ എന്ന ചോദ്യമാണ്. പാവയ്ക്കയിൽ അടങ്ങിയിരിക്കുന്ന Vicine, Charantin, Poly peptide എന്നീ ഘടകങ്ങളാണ് രക്തത്തിലെ പഞ്ചസാരയെ കുറയ്ക്കാൻ സഹായിക്കുന്നത് എന്ന് ഒരു പഠനത്തിൽ പറയുന്നു. ഇവയുടെ ഒരുമിച്ചുള്ള പ്രവർത്തനം രക്തത്തിലേക്ക് പഞ്ചസാര വരുന്നതു നിയന്ത്രിക്കാനും രക്തത്തിലുള്ള പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കഴിയും എന്നും പറയുന്നുണ്ട്. മറ്റൊരു പഠനത്തിൽ പാവയ്ക്കായിലുള്ള ഒരു Lactin രക്തത്തിലെ പഞ്ചസാരയെ കുറയ്ക്കാൻ സഹായിക്കും എന്നു പറയുന്നു. 2011ൽ നാല് ആഴ്ച തുടർച്ചയായി നടന്ന പഠനത്തിൽ പാവയ്ക്കയുടെ ഉപയോഗ ശേഷം പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാര കുറയുന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ പാവയ്ക്കയുടെ ഉപയോഗ ശേഷവും രക്തത്തിലെ പഞ്ചസാരയുടെ അളവ് മാറ്റമില്ലാതെ തുടരുന്നു എന്നു കാണിക്കുന്ന പഠനങ്ങളും ഉണ്ട്. ഇവയ്ക്ക് ഉദാഹരണമാണ് ഇന്ത്യയിൽ തന്നെ നടന്ന രണ്ടുപഠനങ്ങൾ. ഇവയിൽ പാവയ്ക്കയുടെ ഉപയോഗ ശേഷവും രക്തത്തിലെ പഞ്ചസാരയുടെ നിലയ്ക്ക് കാര്യമായ മാറ്റം ഉണ്ടാകുന്നില്ല എന്നു പറയുന്നു. പാവയ്ക്ക നീരിന് പാവയ്ക്കയെക്കാൾ ഗുണമുള്ളതായി തെളിയിക്കപ്പെട്ടിട്ടില്ല. ചില പഠനങ്ങളിൽ പാവയ്ക്കാ നീരിന്റെ ദോഷവശങ്ങളെക്കുറിച്ചും പറയുന്നു. ഗർഭാവസ്ഥയിൽ പാവയ്ക്ക നീരു ചിലരിൽ ദോഷകരമായ ഫലങ്ങൾ ഉണ്ടാക്കുന്നതായി കണ്ടുവരുന്നു. അതിനാൽതന്നെ ഗർഭിണിയായ പ്രമേഹരോഗികൾ പാവയ്ക്കാ നീര് ഒഴിവാക്കുന്നതാണ് ഉത്തമം.

ഇന്ത്യയിലും ലോകത്തിന്റെ പല കോണിലുമായി പാവയ്ക്കയെയും പ്രമേഹത്തെയും കുറിച്ചുള്ള പല പഠനങ്ങളും നടന്നു വരുന്നു. പ്രമേഹം ശരിയായ ചികിത്സയും ഭക്ഷണ ക്രമീകരണവും വ്യായാമവും കൊണ്ടുമാത്രം നിയന്ത്രണ വിധേയമാകുന്ന ഒന്നാണ്. പ്രമേഹരോഗികൾക്ക് അവരുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ് പാവയ്ക്ക. എന്നാൽ പാവയ്ക്കായോ പാവയ്ക്കാ നീരോ കൊണ്ടു മാത്രം പ്രമേഹത്തെ നിയന്ത്രിക്കാം എന്നുള്ളതിന് മതിയായ തെളിവുകളില്ല. കിഡ്നി സംബന്ധമായ രോഗമുള്ളവർ ഡോക്ടറുടെയോ ഡയറ്റീഷന്റെയോ നിർദ്ദേശ പ്രകാരമേ പാവയ്ക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്താവൂ എന്നും വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു നൽകി.

ശരീരത്തിനാവശ്യമായ നിരവധി ആന്റിഓക്‌സിഡന്റുകളും അവശ്യവിറ്റാമിനുകളും പാവയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. പാവയ്ക്ക കൊണ്ട് അച്ചാറും ജ്യൂസും ഉണ്ടാക്കുന്നതിന് പുറമെ വിവിധ വിഭവങ്ങളും ഉണ്ടാക്കാം. ആസ്മ, ജലദോഷം, ചുമ എന്നിവയ്ക്കുള്ള മികച്ച പ്രതിവിധിയാണ് പാവയ്ക്ക. ഒരു ഗ്ലാസ്സ് പാവയ്ക്ക ജ്യൂസ് ദിവസം കുടിക്കുന്നത് കരൾരോഗങ്ങൾ ഭേദമാകാൻ സഹായിക്കും. പാവലിന്റെ ഇലയോ കായോ വെള്ളത്തിലിട്ട് തിളപ്പിച്ച് ദിവസവും കഴിക്കുന്നത് അണുബാധയെ പ്രതിരോധിക്കാൻ സഹായിക്കും. രോഗ പ്രതിരോധ ശേഷി ഉയർത്താനും ഇത് സഹായിക്കും. പാവയ്ക്ക കഴിക്കുന്നത് മുഖക്കുരുവിൽ നിന്നും രക്ഷ നൽകുകയും ചർമ്മ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.

.പാവക്ക നീര് നാരങ്ങനീരുമായി ചേർത്ത് വെറും വയറ്റിൽ ആറ് മാസം സ്ഥിരമായി കഴിച്ചാൽ ഫലം ഉണ്ടാകും. ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ പാവയ്ക്ക നീര് ദഹന പ്രക്രിയ എളുപ്പമാക്കും. ആഹാരം ദഹിക്കുകയും മാലിന്യം ശരീരത്ത് നിന്ന് പുറം തള്ളുകയും ചെയ്യും ഇത്. ദഹനക്കേടും മലബന്ധവും ഭേദമാകാൻ സഹായിക്കും. വൃക്ക, മൂത്രാശയ ആരോഗ്യം നിലനിർത്താൻ പാവയ്ക്ക സഹായിക്കും. വൃക്കയിലെ കല്ല് ഭേദമാക്കാനും ഇത് സഹായിക്കും. പാവയ്ക്ക ഹൃദയത്തിന് പല രീതിയിൽ നല്ലതാണ്. അനാവശ്യമായി കൊഴുപ്പ് ധമനി ഭിത്തികളിൽ അടിഞ്ഞു കൂടാന്നത് കുറയാൻ ഇത് സഹായിക്കും. ഇത് ഹൃദയസ്തംഭനത്തിനുള്ള സാധ്യത കുറയ്ക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നതിലൂടെ ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്തും. പാവയ്ക്കയിൽ ഉള്ള ആന്റിഓക്‌സിഡന്റുകൾ ശരീരത്തിന്റെ പ്രവർത്തനങ്ങളും ദഹനസംവിധാനവും മെച്ചപ്പെടാൻ സഹായിക്കും. വളരെ വേഗം ശരീര ഭാരം കുറയ്ക്കാൻ ഇത് സഹായിക്കും. എന്നിങ്ങനെയുള്ള വിരങ്ങളും കുട്ടികൾക്ക് വിശദമാക്കി കൊടുത്തു.

പുതിയ തലമുറയിലെ കുട്ടികൾ പാവക്ക ഇഷ്ടപ്പെടുന്നില്ലെന്ന തിരിച്ചറിവാണ് ഈ മേള സംഘടിപ്പിക്കുന്നതിന് പ്രചോദനമായത്. പാവക്ക(കയ്പക്ക)യുടെ ഔഷധഗുണവും ,സ്വാദും കുട്ടികൾക്ക് ഉൾക്കൊള്ളാൻ മേള കൊണ്ട് സാധിച്ചു.സ്‌കൂൾ ഹെഡ്‌മിഹ്ട്രസ് രമാദേവി ,എ പി എം അദ്ധ്യാപകരായ പി വി ജ്യോതി, പി വി ഉല്ലാസ് എന്നിവർ നേതൃത്വം നൽകി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP