Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒരു ദിവസം ആറു മണിക്കൂർ ഉറങ്ങിയില്ലെങ്കിൽ നിങ്ങളുടെ ശരീരത്തിന് എന്ത് സംഭവിക്കും? നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഒരു ആരോഗ്യ കുറിപ്പ്

ഒരു ദിവസം ആറു മണിക്കൂർ ഉറങ്ങിയില്ലെങ്കിൽ നിങ്ങളുടെ ശരീരത്തിന് എന്ത് സംഭവിക്കും? നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഒരു ആരോഗ്യ കുറിപ്പ്

നുഷ്യജീവിതത്തിൽ മറ്റെന്ത് സുഖസൗകര്യങ്ങളുണ്ടായാലും സുഖമായി ഉറങ്ങാൻ സാധിച്ചിട്ടില്ലെങ്കിൽ എന്ത് കാര്യം..? ആരോഗ്യകരമായ മനസിനും ശരീരത്തിനും ഏവർക്കും മതിയായ അളവിലും വേണ്ടരീതിയിലുമുള്ള ഉറക്കം അനിവാര്യമാണ്. എന്നാൽ ഇന്നത്തെ യാന്ത്രിക ജീവിതത്തിൽ ഉറങ്ങാൻ പോലും സമയമില്ലാത്തവരാണ് ഭൂരിഭാഗവുമെന്ന് കാണാം. വെറുതെ ഉറങ്ങി സമയം പാഴാക്കാതെ ആ സമയം കൂടി ഉപയോഗിച്ച് എങ്ങനെ കൂടുതൽ പണമുണ്ടാക്കാമെന്നാണ് മിക്കവരും ചിന്തിക്കുന്നത്. എന്നാൽ ഉറക്കത്തിന്റെ അപര്യാപ്ത സൃഷ്ടിക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് മിക്കവർക്കും അറിയില്ലെന്നതാണ് ദുഃഖകരമായ സത്യം. ഒരു ദിവസം ആറുമണിക്കൂറെങ്കിലും ഉറങ്ങിയില്ലെങ്കിൽ നിങ്ങളുടെ ശരീരത്തിന് എന്ത് സംഭവിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ...?  ഉറക്കവുമായി ബന്ധപ്പെട്ട് നിങ്ങൾ അറിഞ്ഞിരിക്കേണ്ട സുപ്രധാനമായ ഒരു ആരോഗ്യ കുറിപ്പാണിത്.

ലോകത്തിന്റെ മിക്കഭാഗങ്ങളിലുമുള്ള പലർക്കും വേണ്ടത്ര ഉറക്കം ഒരു കിട്ടാക്കനിയായിത്തീർന്നിരിക്കുന്നു. അമേരിക്കയിലെ മൂന്നിലൊന്ന് പേർക്കും രാത്രിയിൽ വേണ്ടത്ര ഉറക്കം ലഭിക്കുന്നില്ലെന്നാണ് തെളിഞ്ഞിട്ടുള്ളത്. മുതിർന്നവരിൽ 30 ശതമാനം പേർക്കും രാത്രിയിൽ ആറ് മണിക്കൂറിൽ താഴെ മാത്രമെ ഉറങ്ങാൻ സാധിക്കുന്നുള്ളുവെന്നാണ് സെന്റേർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ചൂണ്ടിക്കാട്ടുന്നത്. ആരോഗ്യമുള്ള ഒരു മനസും ശരീരവും കാത്ത് സൂക്ഷിക്കാൻ എല്ലാവരും ചുരുങ്ങിയത് ഏഴ് മണിക്കൂറെങ്കിലും ഉറങ്ങണമെന്നാണ് ദി അമേരിക്കൻ അക്കാദമി ഓഫ് സ്ലീപ് മെഡിസിനും സ്ലീപ് റിസർച്ച് സൊസൈറ്റിയും ഏർപ്പെടുത്തിയ ഒരു ജോയിന്റ് പാനൽ നിർദേശിക്കുന്നത്. ഉറക്കത്തിന് അത്രയ്ക്ക് പ്രാധാന്യം നൽകാത്ത മുതിർന്നവരെ ഈ ശീലം ദോഷകരമായി ബാധിക്കുമെന്നാണ് യാഹൂ ഹെൽത്ത് മുന്നറിയിപ്പ് നൽകുന്നത്. ഇക്കാര്യം കൂടുതൽ വ്യക്തമാക്കാനായി ഒരു ഇൻഫോഗ്രാഫിക്കും യാഹൂ ഹെൽത്ത് പുറത്തിറക്കിയിട്ടുണ്ട്. ഉറക്കത്തിന്റെ അപര്യാപ്ത ശരീരത്തിന്റെ സുപ്രധാന ഭാഗങ്ങളെ എങ്ങനെയാണ് പ്രതികൂലമായി ബാധിക്കുന്നെതെന്നതാണ് ഇതിലൂടെ വ്യക്തമാക്കിയിട്ടുള്ളത്.

നിങ്ങളുടെ ലുക്ക്, മൂഡ്, ആരോഗ്യം തുടങ്ങിയവയെ നിർണയിക്കുന്നതിൽ ഉറക്കത്തിന് അനിവാര്യമായ സ്ഥാനമുണ്ടെന്നും അതിനാൽ ടിവി, സ്മാർട്ട്‌ഫോൺ, ടാബ്ലററുകൾ തുടങ്ങിയവ സ്വിച്ച് ഓഫ് ചെയ്ത് നല്ലൊരു ഉറക്കം പാസാക്കണമെന്നുമാണ് യാഹൂ ഹെൽത്ത് നിർദേശിക്കുന്നത്. ഉറക്കം കുറഞ്ഞാൽ കണ്ണുകൾ ക്ഷീണിക്കുകയും കൺപോളകൾ ക്ഷീണിച്ച നിലയിലാവുകയും കണ്ണിന് താഴെ കറുത്ത വലയങ്ങൾ ഉണ്ടാവുകയും ചെയ്യുമെന്ന് ഈ ഇൻഫോഗ്രാഫിക് ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിന് പുറമെ ഉറക്കക്കുറവ് ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെയും തകരാറിലാക്കും. തൽഫലമായി അണുബാധയ്‌ക്കെതിരെ പോരാടുന്നതിൽ ശരീരം ദുർബലമാകുകയും രോഗം എളുപ്പത്തിൽ ബാധിക്കുകയും ചെയ്യും.

മസ്തിഷ്‌കത്തിന്റെ പ്രവർത്തനത്തെയും ഉറക്കക്കുറവ് ദോഷകരമായി ബാധിക്കുമെന്ന് ഇൻഫോഗ്രാഫിക് മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇതിനാൽ തീരുമാനങ്ങളെടുക്കാൻ കാലതാമസമുണ്ടാകും. അതിന് പുറമെ ഏകാഗ്രത നഷ്ടപ്പെടുകയും കാര്യങ്ങൾ ഓർത്തെടുക്കാൻ ബുദ്ധിമുട്ട് നേരിടുകയും പ്രതികരണത്തിനെടുക്കുന്ന സമയത്തിൽ കാലതാമസമുണ്ടാവുകയും ചെയ്യുമെന്ന് ഇൻഫോഗ്രാഫിക് ഓർമിപ്പിക്കുന്നു. വേണ്ടത്ര ഉറക്കമുണ്ടായില്ലെങ്കിൽ നിങ്ങളുടെ തൊലിയും അതിനോട് പ്രതികരിക്കുന്നതാണ്. തൽഫലമായി തൊലി ചുക്കിച്ചുളിയുന്നതാണ്. ഉറങ്ങുന്ന സമയം കുറഞ്ഞാൽ ശരീരത്തിലെ ഉപാപചയപ്രവർത്തനം താറുമാറാകുകയും വിശപ്പ് വർധിക്കുകയും ചെയ്യും. തൽഫലമായി നിങ്ങൾക്ക് ആവശ്യമില്ലാത്ത അളവിലുള്ള കലോറി ലഭ്യമാകുന്ന വിധം വാരിവലിച്ച് തിന്നാൻ ഇടയാകും. ഇത് തൂക്കം വർധിപ്പിക്കുകയും അതുമായി ബന്ധപ്പെട്ട നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് വഴിമരുന്നിടുകയും ചെയ്യുന്നതാണ്.

ആറ് മണിക്കൂറോ അതിൽ കുറവോ ഉറങ്ങുന്നവർക്ക് ജലദോഷം പോലുള്ള രോഗങ്ങൾ പിടിപെടാനുള്ള സാധ്യത മറ്റുള്ളവരേക്കാൾ നാലിരട്ടിയാണെന്ന് സമീപകാലത്ത് നടന്ന ഒരു പഠനത്തിലൂടെ തെളിഞ്ഞിട്ടുണ്ട്. നല്ല രീതിയിൽ ഉറങ്ങുന്നവർക്ക് ജലദോഷമുണ്ടാക്കുന്ന വൈറസിനോട് നല്ല രീതിയിൽ പൊരുതി രോഗം ഇല്ലാതാക്കാൻ സാധിക്കുമെന്നാണ് ഇതു സംബന്ധിച്ച പഠനത്തിന് നേതൃത്വം നൽകിയ സാൻഫ്രാൻസിസ്‌കോ യൂണിവേഴ്‌സിറ്റി കോളജിലെ സൈക്യാട്രി അസിസ്റ്റന്റ് പ്രഫസറായ അറിക് പ്രാതെർ പറയുന്നത്. ഉറക്കക്കുറവ് മൂലം ദീർഘകാലാടിസ്ഥാനത്തിലുള്ള നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുമുണ്ടാകുന്നുണ്ടെന്ന ് കണ്ടെത്തിയിട്ടുണ്ട്. ഉറക്കം കുറവായവർക്ക് പിൽക്കാലത്ത് ഹേർട്ട് അറ്റാക്ക് അല്ലെങ്കിൽ സ്‌ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജി ഒരു പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. അപര്യാപ്തമായ ഉറക്കം മൂലം രക്തസമ്മർദം ഉയരുകയും അത് പ്രമേഹത്തിനുള്ള സാധ്യതയ്ക്ക് വഴിയൊരുക്കുമെന്നും വിവിധ പഠനങ്ങളിലൂടെ കണ്ടെത്തിയ വസ്തുതയാണ്.

ഉറക്കക്കുറവ് ശരീരത്തിന്റെ ആരോഗ്യത്തെ മാത്രമല്ല മാനിസികാരോഗ്യത്തെയും ദോഷകരമായി ബാധിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഉറക്കം കുറഞ്ഞവർക്ക് എളുപ്പത്തിൽ ദേഷ്യപിടിക്കുമെന്നും അതിവൈകാരികമായി പെരുമാറുന്നവരാണെന്നും വിവിധ പഠനങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്. ഉറക്കമില്ലാത്തവർക്ക് ഉത്കണ്ഠയും വിഷാദവും മറ്റും അധികരിക്കുമെന്നും തെളിഞ്ഞിട്ടുണ്ട്. ഉറക്കം മസ്തിഷ്‌കത്തിന്റെ ധർമമാണെന്നാണ് അമേരിക്കൻ അക്കാദമി ഓഫ് സ്ലീപ് മെഡിസിന്റെ വക്താവായ ഷാലിനി പാരുതി എംഡി യാഹൂ ഹെൽത്തിനോട് പറഞ്ഞിരിക്കുന്നത്. അതിനാൽ ഉറക്കം നഷ്ടപ്പെടുത്തുന്നതിലൂടെ ഏകാഗ്രതക്കുറവ്, ഓർമയുടെ പ്രവർത്തനത്തിൽ മാന്ദ്യം, മെല്ലെയുള്ള പ്രതികരണം തുടങ്ങിയവയ്ക്ക് വഴിയൊരുക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. ഉറക്കം കുറഞ്ഞാൽ ആദ്യം നമ്മുടെ വേഗവും പിന്നീട് കൃത്യതയും നഷ്ടപ്പെടുമെന്നാണ് ഷാലിനി പറയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP