Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആവശ്യത്തിന് ഉറങ്ങിയില്ലെങ്കിൽ ശരീരത്തിന് എന്തു സംഭവിക്കും? നമ്മുടെ ശരീരം ഉറക്കമില്ലായ്മയോട് പ്രതികരിക്കുന്ന ആറു വഴികൾ ഇങ്ങനെ

ആവശ്യത്തിന് ഉറങ്ങിയില്ലെങ്കിൽ ശരീരത്തിന് എന്തു സംഭവിക്കും? നമ്മുടെ ശരീരം ഉറക്കമില്ലായ്മയോട് പ്രതികരിക്കുന്ന ആറു വഴികൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

രു ദിവസത്തിന്റെ തുടക്കം നന്നായി തുടങ്ങണമെങ്കിൽ തലേദിവസത്തെ ഉറക്കം നന്നായിരിക്കണം. ശരിയായ ഉറക്കം കിട്ടിയില്ലെങ്കിൽ രാവിലെ ബെഡിൽ നിന്നും എഴുന്നേൽക്കുന്നത് തന്നെ തലവേദനയോടെ ആയിരിക്കും. പിന്നീടുള്ള ആ ദിവസത്തെ എല്ലാ കാര്യങ്ങളും കുഴഞ്ഞുമറിഞ്ഞ് താളം തെറ്റി ഒരു പരുവമാകും. അതുകൊണ്ടുതന്നെ ശരിയായ ഉറക്കം ആരോഗ്യത്തോടെ ഇരിക്കുന്നതിന് വളരെ പ്രധാനമാണ്. ആവശ്യത്തിന് ഉറക്കം കിട്ടിയില്ലെങ്കിൽ ശരീരത്തിന്റെ സ്വാഭാവിക പ്രവർത്തനം തന്നെ താളംതെറ്റുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിക്കുകയും ചെയ്യും.

വ്യായാമം, പോഷകാഹാരം എന്നിവയ്‌ക്കൊപ്പം നമ്മുടെ ശരീരത്തിന് ഊർജ്ജം നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് ഉറക്കം. ശരിയായ ഉറക്കം നാം ആരോഗ്യത്തോടെയും സന്തോഷത്തോടെയുമാണ് ജീവിക്കുന്നത് എന്നതിനുള്ള തെളിവ് കൂടിയാണ്. ഇപ്പോഴിതാ, നമ്മുടെ എൻഡോക്രൈൻ സിസ്റ്റത്തെ ഉറക്കക്കുറവ് ഏതൊക്കെ തരത്തിൽ ബാധിക്കുമെന്ന് വ്യക്തമാക്കുകയാണ് ഹോർമോൺ ഡോക്ടറായ മാർട്ടിൻ കിൻസെല്ല.

നമ്മുടെ ശരീരത്തിലെ കോശങ്ങളും ഹോർമോണുകളും എല്ലാം ചേർന്നാണ് അവയവങ്ങളുടെയും ശരീരത്തിന്റെയും എല്ലാ പ്രവർത്തനങ്ങളും സുഗമമാക്കുന്നത്. എന്നാൽ, ഹോർമോണിൽ വരുന്ന ചെറിയ മാറ്റങ്ങൾ പോലും ഉറക്കമില്ലായ്മയ്ക്ക് കാരണമാകും. അതുപോലെ തന്നെ കൃത്യസമയത്ത് ഉറങ്ങാത്തതും ഹോർമോണുകളുടെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകും.

പ്രായപൂർത്തിയായ ഒരു മനുഷ്യൻ ഏഴു മണിക്കൂർ ഉറങ്ങണമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. ഏഴു മണിക്കൂറിൽ താഴെ മാത്രം ഉറങ്ങുന്നവർക്ക് ഭാരം കൂടാനുള്ള സാധ്യതയും ഉണ്ട്. ഉറക്കം ഒന്നോ രണ്ടോ തവണയിൽ കൂടുതൽ മുറിഞ്ഞു പോകുന്നത് ക്ഷീണം വർധിപ്പിക്കുകയും ദേഷ്യവും വിശപ്പും ഉണ്ടാക്കുകയും അതു മറ്റു പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. എന്നാൽ ദീർഘനാളത്തെ ഉറക്കക്കുറവ് എന്ത് മാറ്റമാണ് ഉണ്ടാക്കുകയെന്ന് വിശദീകരിക്കുകയാണ് ഡോ.കിൻസെല്ല.

മാനസിക സമ്മർദ്ദം വർധിക്കാം

ഉറക്കക്കുറവ് നമ്മുടെ രക്തത്തിലെ കോർട്ടിസോളിന്റെ അളവ് ഉയരാൻ കാരണമാകും. നന്നായി ഉറങ്ങുമ്പോൾ കോർട്ടിസോളിന്റെ അളവ് കുറയുകയും ചെയ്യും. കോർട്ടിസോൾ എന്നു പറയുന്നത് ഒരു സ്ട്രെസ് ഹോർമോണാണ്, അതിനാൽ ഉയർന്ന കോർട്ടിസോളിന്റെ അളവ് ശരീരത്തിന് വളരെ ദോഷകരമാണ്, മാത്രമല്ല ശരീരത്തെ ഒരു കാറ്റബോളിക് അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യും.

പേശികളുടെ പ്രവർത്തനം തകരാറിലാകും

ക്രമാതീതമായി വർധിക്കുന്ന കോർട്ടിസോൾ പേശികളിലെ കോശങ്ങളെ തകർക്കും. അതുവഴി പേശികളുടെ പ്രവർത്തനത്തിന് ആവശ്യമായ ഗ്ലൂക്കോസിന്റെയും അമിനോ ആസിഡുകളുടെയും പ്രവർത്തനവും സ്തംഭനാവസ്ഥയിലാകും. പേശി കോശങ്ങൾ നിർമ്മിക്കുന്ന ബ്ലോക്കുകളായാണ് അമിനോ ആസിഡുകൾ പ്രവർത്തിക്കുന്നത്. അതിനാൽ അമിനോ ആസിഡിന്റെ പ്രവർത്തനത്തിൽ തകരാർ സംഭവിക്കുമ്പോൾ പേശികൾ നിർമ്മിക്കുന്നത് ശരീരത്തിന് ബുദ്ധിമുട്ടാണ്.

മാനസികാവസ്ഥയിൽ പ്രശ്നങ്ങൾ

ഒരു രാത്രി മോശം ഉറക്കമോ മതിയായ ഉറക്കമോ ലഭിച്ചില്ലെങ്കിൽ അടുത്ത ദിവസത്തെ പ്രവർത്തനങ്ങൾ മുഴുവൻ താളം തെറ്റും. 'കോർട്ടിസോളിന്റെ അളവ് വർദ്ധിക്കുന്നത് തലച്ചോറിനെ സ്വാധീനിക്കും, ഇത് തലച്ചോറിലെ ന്യൂറോ ട്രാൻസ്മിറ്ററുകളിൽ മാറ്റങ്ങൾക്ക് കാരണമാകും, അതിനാൽ നിങ്ങൾക്ക് മസ്തിഷ്‌ക ഹോർമോണുകളിൽ അസന്തുലിതാവസ്ഥ ഉണ്ടാക്കാം. അതിലൂടെ സമാധാനമായി ഇരിക്കേണ്ടുന്ന മാനസികാവസ്ഥയിലും മാറ്റങ്ങൾ സൃഷ്ടിക്കും.

ലൈംഗികബന്ധത്തിൽ താൽപര്യകുറവ്

ശരീരത്തിൽ ഉയർന്ന അളവിൽ കോർട്ടിസോൾ ലഭിക്കുമ്പോൾ, അത് നിങ്ങളുടെ ടെസ്റ്റോസ്റ്റിറോൺ, ഡിഎച്ച്ഇഎ ലെവൽ തുടങ്ങിയ മറ്റ് അനാബോളിക് ഹോർമോണുകൾ കുറയാൻ കാരണമാകും. ശരീരത്തിലെ അഡ്രീനൽ ഗ്രന്ഥിയിൽ സ്വാഭാവികമായി ഉത്പാദിപ്പിക്കുന്ന ഒരു ഹോർമോണാണ് ഡിഹൈഡ്രോപിയാൻഡ്രോസ്റ്ററോൺ (ഡിഎച്ച്ഇഎ). ടെസ്റ്റോസ്റ്റിറോൺ, ഈസ്ട്രജൻ എന്നിവയുൾപ്പെടെ മറ്റ് ഹോർമോണുകൾ ഉത്പാദിപ്പിക്കാൻ ഡിഎച്ച്ഇഎ സഹായിക്കുന്നു. പ്രായപൂർത്തിയാകുമ്പോൾ ഡിഎച്ച്ഇഎ അളവ ഉയർന്നുവരും, തുടർന്ന് പ്രായത്തിനനുസരിച്ച് പതുക്കെ കുറയുകയും ചെയ്യും. എന്നാൽ ഉയർന്ന അളവിലുള്ള കോർട്ടിസോളിന് അഡ്രീനൽ ഗ്രന്ഥികളുടെ അസന്തുലിതാവസ്ഥയും ഉൽപ്പാദിപ്പിക്കുന്ന ഹോർമോണിന്റെ അളവ് കുറയ്ക്കാനും അതു വഴി ലൈംഗികബന്ധത്തിൽ താൽപര്യകുറവ് വരുത്താനും കഴിയും.

വിശപ്പ് വർദ്ധിപ്പിക്കും

ഉറക്കക്കുറവ് വിശപ്പിനെ ബാധിക്കുന്ന ലെപ്റ്റിന്റെ അളവ് കുറയ്ക്കുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ നിർത്തേണ്ട സമയം ആയെന്ന് ശരീരത്തെ അറിയിക്കുന്നത് ലെപ്റ്റിൻ ആണ്. എന്നാൽ ലെപ്റ്റിനിൽ കുറവ് വരുമ്പോൾ ഇത്തരമൊരു നിർദ്ദേശം ശരീരത്തിന് നൽകാൻ സാധിക്കാതെ വരികയും കൂടുതൽ വിശപ്പ് അനുഭവപ്പെടുകയും ചെയ്യും. അതുപോലെ ആമാശയത്തിൽ ഉൽപ്പാദിപ്പിക്കുന്ന ഗ്രെലിൻ, ഉറക്കക്കുറവ് ബാധിക്കുന്ന മറ്റൊരു ഹോർമോണാണ്. വിശപ്പ് തലച്ചോറിനെ അറിയിക്കുന്ന ഉത്തരവാദിത്വമാണ് ഗ്രെലിന് ഉള്ളത്. ലെപ്റ്റിന്റെ അളവ് കുറയുമ്പോൾ ഗ്രെലിന്റെ അളവ് ഉയരുന്നത് കൂടുതൽ വിശപ്പുണ്ടാക്കുന്നതിന് കാരണമാകും.

മുടികൊഴിച്ചിലിന് കാരണമാകും

കൃത്യമായ ഉറക്കമില്ലായ്മ തൈറോയ്ഡ് ഗ്രന്ഥികളുടെ പ്രവർത്തനത്തേയും ബാധിക്കും. ഇത് ടിഎസ്എച്ച് (തൈറോയ്ഡ് ഉത്തേജിപ്പിക്കുന്ന ഹോർമോൺ) ഇത് മെറ്റബോളിസത്തെ മന്ദഗതിയിലാക്കുകയും ഇത് തൈറോയ്ഡ് പ്രവർത്തനരഹിതമാക്കുകയും ചെയ്യും. അതിന്റെ ഭാഗമായി ക്ഷീണം, ജലദോഷം, മുടികൊഴിച്ചിൽ, ഭാരം കൂടൽ, വിഷാദം എന്നിവയെല്ലാം ഉണ്ടായേക്കാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP