Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സീറോ കോവിഡ് ലോകത്തിന്റെ വെറുമൊരു സ്വപ്നം മാത്രം; മനുഷ്യ കുലത്തിനൊപ്പം ഇനി അവനുണ്ടാകും; ദക്ഷിണാഫ്രിക്കൻ വകഭേദം വാക്സിൻ മറികടക്കുമെന്നുറപ്പായതോടെ ആശങ്ക വളരുന്നു; കോവിഡിൽ തന്നെ തീരുമോ നമ്മുടെ സ്വപ്നങ്ങളെല്ലാം?

സീറോ കോവിഡ് ലോകത്തിന്റെ വെറുമൊരു സ്വപ്നം മാത്രം; മനുഷ്യ കുലത്തിനൊപ്പം ഇനി അവനുണ്ടാകും; ദക്ഷിണാഫ്രിക്കൻ വകഭേദം വാക്സിൻ മറികടക്കുമെന്നുറപ്പായതോടെ ആശങ്ക വളരുന്നു; കോവിഡിൽ തന്നെ തീരുമോ നമ്മുടെ സ്വപ്നങ്ങളെല്ലാം?

മറുനാടൻ മലയാളി ബ്യൂറോ

കോവിഡ് മുക്ത ലോകം എന്നത് കേവലമൊരു സ്വപ്നം മാത്രമായി അവശേഷിക്കുമെന്ന് ഇന്നത്തെ സാഹചര്യം നമ്മെ ഓർമ്മപ്പെടുത്തുമ്പോൾ, ജാതിക്കും, മതത്തിനും, രാഷ്ട്രീയത്തിനുമൊക്കെ അതീതമായി അത് ലോകത്തെ ഇന്ന് കേവലം രണ്ട് വിഭാഗങ്ങളായി വിഭജിച്ചിരിക്കുകയാണ്. തന്റെ സ്വന്തം സുരക്ഷയും തനിക്കൊപ്പമുള്ളവരുടെ സുരക്ഷയും കണക്കിലെടുത്ത് സ്വന്തമായി അഭിപ്രായം രൂപീകരിച്ച് അതിനനുസരിച്ച് പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് വാദിക്കുന്നവരും അതല്ല, ഭരണകൂടങ്ങൾ നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുക തന്നെവേണം എന്ന് വാശിപിടിക്കുന്നവരുമായി ലോകജനത വിഭജിക്കപ്പെട്ടുകഴിഞ്ഞു.

വാക്സിനുകളും, അതുപോലെ ഇപ്പോൾ താനെ വന്ന രോഗ്യവ്യാപനത്തിലെ കുറവുമെല്ലാം നൽകുന്ന പ്രത്യാശകൾക്കിടയിലും കടുത്ത നിയന്ത്രണങ്ങൾ കുറേക്കാലത്തേക്ക് കൂടി നിലനിർത്തണമെന്ന ശക്തമായ ആവശ്യം, സ്വാധീനശക്തിയുള്ള കോണുകളിൽ നിന്നും ഉയർന്നു വരാനും തുടങ്ങിയിരിക്കുന്നു. കോവിഡ് മുക്ത ലോകം എന്ന മരീചിക കാണിച്ചാണ് അവർ ഇത് ആവശ്യപ്പെടുന്നത് എന്നതാണ് രസകരമായ കാര്യം. എന്നാൽ, ഇത്തരത്തിലുള്ള കടുത്ത നടപടികൾ ഉപേക്ഷിക്കേണ്ട സമയമായി എന്ന് ചിന്തിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയുമാണ്.

മനുഷ്യനെ മറ്റുള്ള ജീവികളിൽ നിന്നും വ്യത്യസ്തമാക്കുന്ന പലകാര്യങ്ങളിൽ ഒന്ന് അവന്റെ സമൂഹജീവിതമാണ്. മറ്റുള്ളവരുമായി ഇടപഴകി ജീവിക്കുന്ന ഒരു സാഹചര്യം നിഷേധിക്കുക വഴി അവന്റെ മൗലികാവകാശം മാത്രമല്ല, മറിച്ച് പ്രകൃതിയുടെ നിയമവും ലംഘിക്കപ്പെട്ടിരിക്കുകയാണെന്ന് ബ്രിട്ടീഷ് ഗ്രന്ഥകാരനായ ജോനാഥൻ സംപ്ടൺ ചൂണ്ടിക്കാണിക്കുന്നു. അനാവശ്യമായ നടപടികളിലൂടെ ഒരു പൊതു ആരോഗ്യ പ്രശ്നത്തെ സാമൂഹികവും, സാമ്പത്തികവും, മാനസികവും, വിദ്യാഭ്യാസപരവുമായ ഒരു സങ്കീണ്ണ പ്രശ്നമായി മാറ്റിയിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.

സംബദ്ഘടന തകർന്നു. ചെറുകിട വ്യവസായ വാണിജ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിലായി. പലതും ഇപ്പോൾ തന്നെ അടച്ചുപൂട്ടപ്പെട്ടിരിക്കുന്നു. ഒരു തലമുറയുടെ തന്നെ തൊഴിൽ സാധ്യതകളെ ഇല്ലാതെയാക്കി. എന്നിട്ടും എവിടെയും കോവിഡ് വ്യാപനമോ മരണമോ ഉദ്ദേശിച്ച രീതിയിൽ തടയാൻ കഴിഞ്ഞട്ടില്ല. വളരുന്ന നഗരങ്ങളെ അടച്ചുപൂട്ടി വളർച്ചയെ മുരടിപ്പിച്ചു. കലാ കായിക രംഗങ്ങളിൽ ഒരു തലമുറയുടെ സാധ്യത തന്നെ ഇല്ലാതെയാക്കി. ഇതെല്ലാം യുവാക്കളുടെ മാനസിക നിലയെ സാരമായി ബാധിച്ചിട്ടുണ്ട്.

കുട്ടികളുടെ വിദ്യാഭ്യാസം നശിപ്പിച്ചു. വൃദ്ധരുടെ ഏകാന്തതയുടെ ദ്വീപുകളിൽ അടച്ചുപൂട്ടി. ഇത് കോവിഡിനേക്കാൾ വലിയ മരണകാരിയായ ഡൈമെൻഷ്യ പോലുള്ള രോഗങ്ങളുടെ എണ്ണം വർദ്ധിപ്പിച്ചു. ഇതെല്ലാമാണ് ലോക്ക്ഡൗണിലൂടെയും മറ്റ് കർശന നിയന്ത്രണങ്ങളിലൂടെയും നേടാൻ കഴിഞ്ഞത്. കൊറോണയെന്ന സൂക്ഷ്മ ജീവി ഇപ്പോഴും ഒരു യാഥാർത്ഥ്യമായി നമുക്കിടയിൽ കഴിയുന്നു. അതികഠിനമായ ഒരു ശ്വാസകോശ സംബന്ധിയായ രോഗം വന്ന് ലക്ഷക്കണക്കിന് ആളുകൾ മരണമടയും എന്നൊരു അനുമാനത്തിൽ വർഷങ്ങൾക്ക് മുൻപ് ഇത്തരമൊരു സാഹചര്യം നേരിടാൻ രൂപം കൊടുത്ത കർമ്മപദ്ധതികളിൽ നിന്നും വിഭിന്നമായാണ് ലോകം കോവിഡെന്ന മഹാമാരിയെ നേരിട്ടത് എന്നും അദ്ദേഹം പറയുന്നു.

രോഗം എളുപ്പത്തിൽ ബാധിക്കാൻ ഇടയുള്ളവരെയും അപകട സാധ്യത കൂടുതൽ ഉള്ളവരെയും സംരക്ഷിക്കുന്നതിനൊപ്പം പൊതുജീവിതത്തിന് കാര്യമായ തടസ്സങ്ങൾ നേരിടാത്ത ഒരു മാർഗ്ഗമായിരുന്നു അന്ന് രൂപപ്പെടുത്തിയത്. സാധ്യമാവുന്നത്ര കാലം എല്ലാവർക്കും സാധാരണ ജീവിതം നയിക്കുവാൻ സഹായിക്കുന്നതായിരുന്നു അത്തരമൊരു പദ്ധതി. ലോക്ക്ഡൗൺ എന്നത് അതിൽ പ്രതിപാദിക്കുക പോലും ചെയ്യാത്ത ഒന്നായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

രാജ്യത്തെ പൗരന്മാരെ യുക്തിബോധത്തോടെ പ്രവർത്തികൾ ചെയ്യുന്നവരായി കണക്കാക്കണം എന്നാണ് ബിഹേവിയറൽ ശാസ്ത്രജ്ഞർ പറയുന്നത്. അവർക്ക് അവരുടേതായ കാര്യങ്ങളിൽ തീരുമാനമെടുക്കാനും അത് നടപ്പിലാക്കുവാനുമുള്ള ശേഷിയുണ്ട്. എന്നാൽ, ഭരണകർത്താക്കൾ ചിന്തിക്കുന്നത് അവർക്ക് മാത്രമാണ് ജനങ്ങളുടെ ആരോഗ്യത്തിൽ ശ്രദ്ധ എന്നാണ്. അനാവശ്യമായ നിയന്ത്രണങ്ങളിലൂടെയും മറ്റും ജനങ്ങളുടെ മനസ്സിൽ അനാവശ്യ ഭയം ജനിപ്പിച്ച് അവരെ തങ്ങളുടെ തീരുമാനങ്ങൾക്ക് വിധേയരാകാൻ പ്രേരിപ്പിക്കുകയാണ് ഭരണകൂടങ്ങൾ. ഇത് മറ്റൊരു തരത്തിലുള്ള അടിച്ചമർത്തൽ തന്നെയാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

ലോക്ക്ഡൗൺ എന്ന ആശയത്തിന് ഒരു ശാസ്ത്രീയ അടിത്തറയുമില്ലെന്നാണ് അദ്ദെഹം പറയുന്നത്. തികഞ്ഞ ഏകാധിപത്യ ഭരണം നടക്കുന്ന ചൈനയിൽ നടപ്പിലാക്കിയ ഈ മനുഷ്യത്വ രഹിതമായ നടപടി മനുഷ്യാവകാശങ്ങളെക്കുറിച്ച് ഉദ്ഘോഷിക്കുന്ന ജനാധിപത്യ രാജ്യങ്ങളിലും നടപ്പിലാക്കുകയായിരുന്നു. ഭരണകൂടങ്ങൾക്ക് ആവശ്യം ജനങ്ങളൂടെ മനസ്സിൽ അനാവശ്യ ഭയം സൃഷ്ടിക്കുക, അതുവഴി അവരെക്കൊണ്ട് തങ്ങളുടെ തീരുമാനങ്ങൾ ശരിയെന്ന് സമ്മതിപ്പിക്കുക എന്നതൊക്കെ മാത്രമായിരുന്നു എന്ന് അദ്ദെഹം ചൂണ്ടിക്കാണിക്കുന്നു. കോവിഡ് രോഗി എന്നാൽ, അസ്പർശൻ എന്നുവരെ ജനങ്ങൾ ചിന്തിക്കുന്നിടത്തെത്തി നിൽക്കുന്നു വർത്തമാനകാല സാഹചര്യം.

ബ്രിട്ടനിൽ, എൻ എച്ച് എസ് ആശുപത്രികൾക്ക് മീതെയുള്ള സമ്മർദ്ദം ഒഴിവാക്കാൻ എന്നപേരിൽ പ്രഖ്യാപിച്ച ലോക്ക്ഡൗണിനേയും അദ്ദേഹം നിശിതമായി വിമർശിക്കുന്നുണ്ട്. 2000 മുതൽ തന്നെ ഈ ആശുപത്രികളിൽ കിടക്കകളുടെ എണ്ണം കുറച്ചുകൊണ്ടുവരികയായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. എൻ എച്ച് എസ് എന്നത് ആരോഗ്യ സംരക്ഷണത്തിനുള്ള ഉപാധിയാണ്. അതിന്റെ മേൽ സമ്മർദ്ദം ഏറുമ്പോൾ കൂടുതൽ രോഗികളെ കൈകാര്യം ചെയ്യുവാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കേണ്ടത്. അതല്ലാതെ, നാട്ടിലെ സാധാരണക്കാരുടെ ജീവിതം താറുമാറാക്കുകയല്ല വേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കോവിഡ് മുക്ത ലോകം വെറുമൊരു സ്വപ്നം മാത്രമായി അവശേഷിക്കും എന്ന് തെളിയിക്കുന്ന വിധത്തിൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ വാക്സിൻ ദക്ഷിണാഫ്രിക്കൻ ഇനത്തെ തടയാൻ ശേഷിയുള്ളതല്ല എന്ന റിപ്പോർട്ട് പുറത്തുവന്നു. ദക്ഷിണാഫ്രിക്കയിലെ വിറ്റ്‌വാട്ടർസാൻഡ് യൂണിവേഴ്സിറ്റിയും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും സംയുക്തമായി നടത്തിയ പഠനത്തിലാണ് ഇത്തെളിഞ്ഞത്. കേവലം ഒരു വാക്സിന്റെ കാര്യമല്ല ഇത്. ജനിതകമാറ്റം സംഭവിച്ച് പുതിയ ഇനങ്ങൾ പിറവികൊള്ളുമ്പോൾ നിലവിലുള്ള വാക്സിനുകൾ അത്രയ്ക്ക് കാര്യക്ഷമമാവുകയില്ല എന്നാണ് പൊതുവെ ശാസ്ത്രലോകം വിലയിരുത്തുന്നത്. കൊറോണയ്ക്കാണെങ്കിൽ അതിവേഗം ജനിതകമാറ്റം സംഭവിച്ചും കൊണ്ടിരിക്കുന്നു. ഈയൊരവസ്ഥയാണ് കോവിഡ് രഹിത ലോകം കേവലമൊരു സ്വപ്നമാണെന്ന് ചിന്തിക്കാൻ പലരെയും പ്രേരിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP