Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202124Saturday

24 മണിക്കൂറും വാക്സിനേഷൻ വിതരണം; ദിവസവും കുത്തിവയ്പെടുക്കുന്നത് ലക്ഷങ്ങൾ; അംഗീകാരത്തിന് മുൻപ് വാക്സിനുകൾ സ്റ്റോക്ക് ചെയ്യുന്നതും പ്രതിരോധത്തിന്റെ ഭാഗം; വാക്സിനേഷൻ നൽകുന്ന കാര്യത്തിലും ലോകത്തെ അത്ഭുതപ്പെടുത്തി ഇസ്രയേലിന്റെ മുന്നേറ്റം

24 മണിക്കൂറും വാക്സിനേഷൻ വിതരണം; ദിവസവും കുത്തിവയ്പെടുക്കുന്നത് ലക്ഷങ്ങൾ; അംഗീകാരത്തിന് മുൻപ് വാക്സിനുകൾ സ്റ്റോക്ക് ചെയ്യുന്നതും പ്രതിരോധത്തിന്റെ ഭാഗം; വാക്സിനേഷൻ നൽകുന്ന കാര്യത്തിലും ലോകത്തെ അത്ഭുതപ്പെടുത്തി ഇസ്രയേലിന്റെ മുന്നേറ്റം

മറുനാടൻ മലയാളി ബ്യൂറോ

പ്രതികൂല സാഹചര്യങ്ങളെ അനുകൂലിക്കുക എന്നത് ഇസ്രയേലിന്റെ രക്തത്തിൽ അലിഞ്ഞുചേർന്നിട്ടുള്ള ഒന്നാണ്. എന്നും പ്രതിസന്ധികളേയും പ്രതികൂല സാഹചര്യങ്ങളേയും മറികടക്കുക എന്നത് അവർക്ക് ഒരു ഹരവും. കോവിഡ് പ്രതിസന്ധിയിലും അവരുടെ പോരാട്ട മികവ് പ്രദർശിപ്പിക്കുകയാണ് ഇസ്രയേൽ. കോവിഡ് വാക്സിൻ നൽകുന്ന കാര്യത്തിൽ ലോക രാഷ്ട്രങ്ങളേയെല്ലാം അദ്ഭുതപ്പെടുത്തിക്കൊണ്ട് മുന്നേറുകയാണ് ഇസ്രയേൽ ഇപ്പോൾ. സൈന്യത്തിന്റെ സഹായത്തോടെ 24 മണിക്കൂറും വാക്സിനുകൾ നൽകിക്കൊണ്ടിരിക്കുന്നു.

ഇതുവരെ ഏകദേശം 1.4 ദശലക്ഷത്തോളം ഇസ്രയേലുകാർ പ്രതിരോധ കുത്തിവയ്പ് എടുത്തുകഴിഞ്ഞിരിക്കുന്നു. ഫൈസർ/ബയോ എൻ ടെക് വാക്സിനാണ് ഇസ്രയേലിൽ നൽകുന്നത്. ഇതോടെമൂന്നാഴ്‌ച്ചയിൽ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ മൊത്തം ജനസംഖ്യയുടെ ആറിലൊരാൾക്ക് വാക്സിൻ നൽകിക്കഴിഞ്ഞു. ഇക്കഴിഞ്ഞ തിങ്കളാഴ്‌ച്ച മാത്രം 1,46,000 പേർക്കാണ് പ്രതിരോധ കുത്തിവയ്പ് നടത്തിയത്. ഇറ്റലി, സ്പെയിൻ, കാനഡ തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങൾ ഇത്രയധികം വാക്സിനുകൾ ഇതുവരെ മൊത്തത്തിൽ നൽകിയിട്ടില്ലെന്നോർക്കണം.

സ്പോർട്സ് വേദികളിൽ സൈന്യത്തിന്റെ സഹായത്തോടെയാണ് വ്യാപകമായ തോതിൽ പ്രതിരോധ കുത്തിവയ്പ് നടത്തുന്നത്. നിലവിൽ ഫൈസറിന്റെ വാക്സിനാണ് നൽകുന്നതെങ്കിലും മൊഡേണ ആസ്ട്രാ സെനെക എന്നിവരുടെ വാക്സിനുകളും ഇസ്രയേൽ സ്റ്റോക്ക് ചെയ്തുകഴിഞ്ഞു. അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് അവ നൽകും. വിദൂര സ്ഥലങ്ങളിൽ നൽകേണ്ട വാക്സിനുകൾ ഇപ്പോൾ തന്നെ മാറ്റി വച്ചുകഴിഞ്ഞു. ഇതിനു പുറമേ വാക്സിൻ എടുത്തവർക്ക്‌ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ചില ഇളവുകൾ നൽകുന്ന ഡിജിറ്റൽ ഗ്രീൻ പാസ്സ്പോർട്ടും തയ്യാറാക്കിയിട്ടുണ്ട്. വാക്സിന്റെ രണ്ടു ഡോസുകളും എടുത്തവർക്കാണ് ഇത് നൽകുക.

ഈ മാസം അവസാനത്തോടെ മൊത്തം ഇസ്രയേൽ ജനതയുടെ അഞ്ചിലൊരു ഭാഗം ആളുകൾക്ക് രണ്ടു ഡോസുകളും നൽകിക്കഴിയുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ഹെസി ലെവി പറഞ്ഞു. ഇവരിൽ അധികവും പ്രായമേറിയ ആളുകളായിരിക്കും എന്നും അദ്ദേഹം സൂചിപ്പിച്ചു. വളരെയധികം കണക്കുകൂട്ടലുകളോടെയാണ് ഇസ്രയേൽ ഈ വാക്സിൻ മാമാങ്കത്തെ സമീപിച്ചിരിക്കുന്നത്. വരുന്ന ഫൈസർ വാക്സിനുകളിലെ ചെറിയ അളവിൽ വരുന്ന ബാച്ചുകൾ വിദൂര സ്ഥലങ്ങളിലേക്കായി മാറ്റി വയ്ക്കുകയാണ്. ചില ആരോഗ്യ പ്രവർത്തകർ ഓരോ വയലിൽ നിന്നും ആറ് ഡോസുകൾ വരെ എടുക്കുവാനുള്ള സാമർത്ഥ്യം കാണിച്ചിട്ടുണ്ട്. ഒരു വയലിൽ അഞ്ച് ഡോസുകൾ എന്നാണ് കണക്ക്.

അതുപോലെ മിച്ചം വരുന്ന മരുന്ന് പാഴായിപ്പോകാതിരിക്കാൻ അപകട സാധ്യതയുള്ള വിഭാഗത്തിന് പുറത്തുള്ള ചിലർക്കും വാക്സിൻ നൽകിയിട്ടുണ്ട്. ഇത്തരത്തിൽ വയലിൽ മിച്ചം വരുന്ന തുള്ളികൾ ചേർത്ത് ഒരു ഡോസാക്കിയാണ് ഇത്തരക്കാർക്ക് നൽകുന്നത്. അതായത്, ഒരു തുള്ളി മരുന്നു പോലും ഇസ്രയേലുകാർ പാഴാക്കുന്നില്ല എന്നർത്ഥം. ഇതുവരെ ഇങ്ങനെ 20 നും 40 നും ഇടയിൽ പ്രായമുള്ള 1 ലക്ഷത്തോളം പേർക്കാണ് പ്രതിരോധ കുത്തിവയ്പ് നൽകിയിരിക്കുന്നത്.

ഇതിനു വിരുദ്ധമായി യൂറോപ്പിലും അമേരിക്കയിലും ചില മണ്ടൻ സമീപനങ്ങൾ മൂലം ഫൈസർ വാക്സിൻ ഭേദപ്പെട്ട അളവിൽ പാഴായിപ്പോകുന്നുണ്ട്. ബ്രിട്ടനിൽ ഇപ്പോൾ ഒരു ഡോസ് മാത്രം നൽകുവാനാണ് തീരുമാനിച്ചിട്ടുള്ളതെങ്കിൽ, ഇസ്രയേൽ എല്ലാവർക്കും രണ്ടു ഡോസും നൽകുവാനാണ് തീരുമാനിച്ചിരിക്കുന്നത്. നിലവിൽ പാശ്ചാത്യ രാജ്യങ്ങളിൽ ഉപയോഗിക്കുന്ന മൂന്ന് വാക്സിനുകൾക്കും ഇസ്രയേൽ ഓർഡർ നൽകിക്കഴിഞ്ഞു. സത്യത്തിൽ അവയെല്ലാം അംഗീകരിക്കപ്പെടുന്നതിനു മുൻപ് തന്നെ ഇസ്രയേൽ ഓർഡർ നൽകിയതാണ്.

ഇതിൽ മൊഡേണയുമായുള്ള കരാർ ഒപ്പ് വച്ചത് ഫേസ് 3 പരീക്ഷണം ആരംഭിക്കുന്നതിനു പോലും മുൻപായി കഴിഞ്ഞ ജൂണിലായിരുന്നു. അതേസമയം ബ്രിട്ടന് മൊഡേണയുടെ വാക്സിൻ ലഭിക്കാൻ ഇനിയും കാത്തിരിക്കേണ്ടതുണ്ട്. ഫൈസറിന്റെ എട്ട് മില്ല്യൺ ഡോസുകൾക്ക് ഇസ്രയേൽ ഓർഡർ നൽകിയത് അവർ അവരുടെ പരീക്ഷണങ്ങളുടെ ഫലം പ്രഖ്യാപിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ്. തൊട്ടടുത്ത ആഴ്‌ച്ച ഓക്സ്ഫോർഡ് വാക്സിനും അവർ ഓർഡർ നൽകി. ഇത് രണ്ടും നടന്നത് കഴിഞ്ഞ നവംബറിൽ ആയിരുന്നു. അതായത്, വാക്സിന് അംഗീകാരം ലഭിക്കുന്നതിനും വളരെ മുൻപ്.

ശത്രുവിന്റെ അവന്റെ മടയിൽ പോയി ആക്രമിച്ചും, ശത്രുവിന് ആസൂത്രണം ചെയ്യുവാനുള്ള സമയം പോലും നൽകാതെ തിരിച്ചടിച്ചും യുദ്ധമികവ് തെളിയിച്ചിട്ടുള്ള ഇസ്രയേൽ ഇക്കാര്യത്തിലും തങ്ങളുടെ നൈപുണ്യം തെളിയിച്ചു. മറ്റ് രാഷ്ട്രങ്ങൾ അംഗീകാരത്തിനായി കാത്തിരിക്കുന്ന സമയത്ത് ഇസ്രയേൽ അതിന്റേതായ വഴിക്ക് നീങ്ങി. ഇപ്പോൾ, ഈ മാസം അവസാനത്തോടെ മൊത്തം ജനസംഖ്യയുടെ അഞ്ചിലൊരാൾക്ക് രണ്ട് ഡോസുകളും നൽകി തീർക്കും.

ഇതിനോടൊപ്പം ഇസ്രയേലിന്റെ മികച്ച ആരോഗ്യ സംരക്ഷണ സംവിധാനവും ഇത്രയെളുപ്പത്തിൽ പ്രതിരോധ കുത്തിവയ്‌പ്പുകൾ നടത്തുവാൻ സഹായിക്കുന്നു. 2020-ൽ ബ്ലൂംബെർഗ് ഹെൽത്ത് എഫിഷ്യൻസി സൂചികയിൽ ലോകത്തിൽ അഞ്ചാം സ്ഥാനത്താണ് ഇസ്രയേൽ. സിംഗപ്പൂർ, ഹോങ്കോംഗ്, തായ്വാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങൾ മാത്രമാണ് ഇക്കാര്യത്തിൽ ഇസ്രയേലിനു മുന്നിലുള്ളത്. ഇതിനൊപ്പം വാക്സിനെതിരെയുള്ള പ്രചാരണങ്ങൾ തടയുവാനുള്ള ശക്തമായ നടപടികളും ഇസ്രയേൽ ഭരണകൂടം സ്വീകരിച്ചിട്ടുണ്ട്.

വാക്സിൻ വിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന നാല് പേജുകൾ നീക്കം ചെയ്യാൻ ഫേസ്‌ബുക്കിനോട് ആവശ്യപ്പെട്ടു. അവർ അത് ചെയ്യുകയും ചെയ്തു. അതുപോലെ മനുഷ്യ ശരീരത്തിൽ രഹസ്യങ്ങൾ ചോർത്താനുള്ള ചിപ്പുകൾ വയ്ക്കുവാനാണ് വാക്സിനേഷൻ എന്നു തുടങ്ങിയുള്ള വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിലപാട് എടുക്കാനും സർക്കാർ മടിച്ചില്ല. ഇത്തരത്തിലുള്ള സന്ദേശങ്ങൾ പ്രചരിപ്പിച്ചിരുന്ന, ഹീബ്രു ഭാഷയിലുള്ള നാല് ഗ്രൂപ്പുകൾ ഫേസ്‌ബുക്ക് നീക്കം ചെയ്യുകയുണ്ടായി.

അങ്ങനെ മറ്റൊരു പ്രതിസന്ധിയിൽ കൂടി ഇസ്രയേൽ തെളിയിക്കുകയാണ് തങ്ങൾക്ക് സമന്മാരായി ലോകത്ത് മറ്റാരുമില്ലെന്ന്. ചുറ്റും ശത്രുക്കളാൽ വലയം ചെയ്യപ്പെട്ടിട്ടും കാര്യമായ ഒരു പോറൽ പോലും ഇതുവരെ ഏൽക്കാതെ പിടിച്ചു നിന്ന ഇസ്രയേൽ അധികം വൈകാതെ ലോകത്തെ ദുരിതത്തിലാഴ്‌ത്തിയ ഈ കുഞ്ഞ് രാക്ഷസ വൈറസിനേയും നിയന്ത്രണത്തിലാക്കുവാനുള്ള ശ്രമത്തിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP