Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൊബൈൽ ഫോൺ കിടയ്ക്കകരുകിൽ വച്ചുറങ്ങിയ മുഖ്യമന്ത്രി ഫയലിൽ ഒപ്പിട്ടത് രാത്രി ഒന്നേമുക്കാലിന്; നാലു മണി മുതൽ ലൈവ് സംപ്രേഷണവുമായി ചാനലുകൾ; ലിസി ആശുപത്രി വരെ റോഡൊരുക്കി പൊലീസ്; കേരളം ഒറ്റക്കെട്ടായി നീല പാത്രത്തിൽ സൂക്ഷിച്ച ഹൃദയത്തിന് വേണ്ടി പ്രാർത്ഥിച്ചത് ഇങ്ങനെ

മൊബൈൽ ഫോൺ കിടയ്ക്കകരുകിൽ വച്ചുറങ്ങിയ മുഖ്യമന്ത്രി ഫയലിൽ ഒപ്പിട്ടത് രാത്രി ഒന്നേമുക്കാലിന്; നാലു മണി മുതൽ ലൈവ് സംപ്രേഷണവുമായി ചാനലുകൾ; ലിസി ആശുപത്രി വരെ റോഡൊരുക്കി പൊലീസ്; കേരളം ഒറ്റക്കെട്ടായി നീല പാത്രത്തിൽ സൂക്ഷിച്ച ഹൃദയത്തിന് വേണ്ടി പ്രാർത്ഥിച്ചത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൂട്ടായ പ്രയത്‌നം വിഫലമായില്ല. ഡോക്ടർമാരും ആശുപത്രിയും സർക്കാരും പൊതു ജനങ്ങളും എല്ലാം മറന്ന് ഒന്നിച്ചപ്പോൾ തിരുവനന്തപുരത്തുനിന്നെത്തിച്ച ഹൃദയം മാറ്റിവയ്ക്കാൻ ലിസി ആശുപത്രിയിൽ നടക്കുന്ന ശസ്ത്രക്രിയ പൂർണ്ണ വിജയം. ഹൃദ്രോഗബാധിതനായ ചാലക്കുടി പരിയാരം ആച്ചാടൻ വീട്ടിൽ മാത്യു ആന്റണിക്കയ്ക്ക് ഇനി ജീവിതത്തിൽ പുതു തുടക്കം. ആന്റണിയിൽ തുന്നിച്ചേർത്ത അഡ്വ. നീലകണ്ഠ ശർമയുടെ ഹൃദയം യന്ത്രസഹായമല്ലാതെ പ്രവർത്തിച്ചു തുടങ്ങി.

ഡോ.ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തിൽ നടന്ന ശസ്ത്രക്രിയയുടെ മൂന്നാം ഘട്ടവും വിജയകരമായി അവസാനിച്ചു. ഇതോടെ മലയാളിയുടെ ആകാംഷയോടെയുള്ള കാത്തിരിപ്പിനും അവസാനിമായി. ആറ് മണിക്കൂറിലേറെ സമയമെടുത്താണ് ഡോ.ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തിൽ സങ്കീർണ്ണമായ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പൂർത്തിയാക്കിയത്. ശസ്ത്രക്രിയയ്ക്ക് വിധേയനായ മാത്യു അച്ചാടനെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. മലയാളിയുടെ മണിക്കൂറുകൾ നീണ്ട പ്രാർത്ഥനയാണ് ഫലം കാണുന്നത്.

തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ മസ്തിഷ്‌ക മരണം സംഭവിച്ച അഡ്വ. നീലകണ്ഠ ശർമയുടെ ഹൃദയമാണു നാവിക സേനയുടെ ഡ്രോണിയർ വിമാനത്തിൽ കൊച്ചിയിലെത്തിച്ചു മാറ്റിവച്ചത്. എയർ ആബുലൻസിന്റെ സഹായത്തോടെ കേരളത്തിൽ നടക്കുന്ന ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയയാണ് ഇത്. ചാലക്കുടിയിലെ ഓട്ടോറിക്ഷാഡ്രൈവറായ മാത്യുവിന് മാറ്റിവെയ്ക്കാനുള്ള ഹൃദയം കണ്ടെത്തുന്നതിനായി സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയിൽ അപേക്ഷ നൽകി ഇരിക്കുകയായിരുന്നു. മസ്തിഷ്‌കമരണം സംഭവിച്ച നീലകണ്ഠ ശർമയുടെ ബന്ധുക്കൾ സമ്മതം അറിയിച്ചതോടെ മാത്യുവിനായി ജീവൻ തുടിക്കുന്ന ഈ ഹൃദയം കൊച്ചിയിലേക്ക് എത്തിക്കുകയായിരുന്നു. ഇതിനായി പൊലീസും നാട്ടുകാരും എല്ലാ പിന്തുണയുമായി അണിനിരന്നു.

മസ്തിഷ്‌ക മരണം സംഭവച്ച ഒരാളുടെ ഹൃദയം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്താൽ നാല് മണിക്കൂർ മാത്രമേ ജീവന്റെ തുടിപ്പ് അതിൽ അവശേഷിക്കൂ. അതുകൊണ്ട് തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിൽ മസ്തിഷ്‌ക മരണമുണ്ടായാൽ മാത്രമേ രോഗികൾക്ക് ഗുണം ചെയ്യൂ. ഇതാണ് ഇവിടെ മാറ്റി മറിക്കപ്പെട്ടത്. എല്ലാ സംവിധാനങ്ങളും ഒരുമിച്ചപ്പോൾ കേരളത്തിലെ ആരോഗ്യ രംഗത്ത് പുതിയൊരു തുടക്കമായി അത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ളവരുടെ കൈയൊപ്പും ഇതിന് തുണയായി.

ഹൃദയത്തിന്റെ ആകാശയാത്രയ്ക്ക് മുഖ്യമന്ത്രി ഒപ്പിട്ടത് രാത്രി 1.45ന്

നിർണ്ണായക നേട്ടത്തിന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തുടക്കമിട്ടത് വെള്ളിയാഴ്ച പുലർച്ചെ ഒന്നേമുക്കാലിന്. അവയവമാറ്റത്തിനു നാവികസേനയിൽ നിന്നു വിമാനം വിട്ടുകിട്ടാൻ കൊച്ചിയി!ലെ ലിസി ആശുപത്രി അധികൃതർ മുഖ്യമന്ത്രിയുടെ സഹായം തേടിയതു വ്യാഴാഴ്ച രാത്രി 12 മണിയോടെയായിരുന്നു. ഉടൻ തന്നെ മുഖ്യമന്ത്രി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി നാവികസേനയ്ക്കുള്ള അപേക്ഷ തയാറാക്കാൻ നിർദ്ദേശം നൽകി.

കിടക്കയ്ക്കരികിൽ മൊബൈൽ ഫോണും വച്ചാണു മുഖ്യമന്ത്രി കിടന്നുറങ്ങിയത്. അപേക്ഷയുടെ ഫയലുമായി ക്ലിഫ് ഹൗസിലെത്തിയ ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ വിളിച്ചുണർത്തി ഒപ്പിട്ടുവാങ്ങി. അപ്പോൾ തന്നെ എറണാകുളം കലക്ടർക്ക് അതു ഫാക്‌സ് ചെയ്തു. കലക്ടർ എം. രാജമാണിക്യവുമായി നേരത്തെ മുഖ്യമന്ത്രി സംസാരിച്ചിരുന്നു. ഹെലികോപ്റ്റർ ആംബുലൻസിനാണ് ആദ്യം അപേക്ഷ നൽകിയതെങ്കിലും ഇന്നലെ ഉച്ചയോടെ മുഖ്യമന്ത്രി തന്നെ ഇടപെട്ടു തീരുമാനം മാറ്റി. ഇവിടേയും ഉമ്മൻ ചാണ്ടി ടച്ചുണ്ടായിരുന്നു.

ഒന്നര മണിക്കൂറോളം സമയമെടുക്കുമെന്നതും കാലാവസ്ഥ മോശമായാൽ യാത്ര റദ്ദാക്കേണ്ടിവരുമെന്നതും പരിഗണിച്ചാണു ഡോണിയർ വിമാനം തന്നെ ആംബുലൻസ് ആയി ഉപയോഗിക്കാൻ തീരുമാനിച്ചത്. നിയമസഭയിലെ തിരക്കുകൾ മാറ്റിവച്ചും ആംബുലൻസുമായി ബന്ധപ്പെട്ട ഓരോ നീക്കവും മുഖ്യമന്ത്രി തന്നെ നേരിട്ട് നിരീക്ഷിച്ചു. എല്ലാം ഭംഗിയാണെന്ന് ഉറപ്പാക്കി. അതിന്റെ ഫലവും കണ്ടു. തിരുവനന്തപുരത്തെ ശ്രീ ചിത്രാ ആശുപത്രിയിൽ നിന്ന് ഒരു മണിക്കൂർ 15 മിനിറ്റുകൊണ്ട് ഹൃദയം കൊച്ചിയിലെ ലിസി ആശുപത്രിയിലെത്തിച്ചു. കേരളത്തിന്റെ ആരോഗ്യരംഗത്ത് ചരിത്ര നേട്ടമാണ് ഈ ദൗത്യം.

അടിയന്തരഘട്ടങ്ങളിൽ അവയവദാനത്തിനു റോഡ് വഴിയുള്ള ആംബുലൻസ് യാത്രയിലെ പ്രയാസങ്ങൾ ഈ രംഗത്തു പ്രവർത്തിക്കുന്ന ഡോക്ടർമാർ സർക്കാരിനെ അറിയിച്ചിരുന്നു. എയർ ആംബുലൻസിന്റെ സാധ്യതകൾ പരിശോധിച്ചു. എന്നാൽ നാവികസേന കൃത്യസമയത്ത് സഹായവുമായി എത്തി. വിദേശരാജ്യങ്ങളിലൊക്കെ എയർ ആംബുലൻസ് സാധാരണമായിക്കഴിഞ്ഞു. കേരളത്തിൽ തുടർന്നും ഇത്തരം ഘട്ടങ്ങളിൽ എയർ ആംബുലൻസ് സേവനം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മലയാളി നെഞ്ചിടിപ്പോടെ പ്രാർത്ഥിച്ചു, ഏല്ലാവരും ഒറ്റക്കെട്ടായി

ന്നു രാവിലെയായിരുന്നു അഡ്വ. നീലകണ്ഠ ശർമയുടെ മസ്തിഷ്‌ക മരണം. ഡോക്ടർമാർ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതിനെത്തുടർന്നു കൊച്ചിയിൽനിന്നുള്ള ഡോക്ടർമാരുടെ സംഘം തിരുവനന്തപുരത്തേക്കു തിരിച്ചു. മുഖ്യമന്ത്രിയുടെ പ്രത്യേക ആവശ്യപ്രകാരം സജ്ജമാക്കിയ നാവികസേനയുടെ 244 ഡോണിയർ വിമാനത്തിൽ ഉച്ചയ്ക്ക് 1 മണിയോടെ സംഘം കൊച്ചിയിൽ നിന്ന് തിരിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെ ഒരിക്കൽ കൂടി പരിശോധന നടത്തി. തുടർന്നാണ് ഹൃദയം എടുക്കാനുള്ള ശസ്ത്രക്രിയ ആരംഭിച്ചത്. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ നിന്നുമുള്ള ഡോക്ടർമാരുടെ സംഘം കൂടി ശ്രീചിത്രയിലെത്തി 2.45 ഓടെ ശസ്ത്രക്രിയ തുടങ്ങി.

കരളിന് ക്ഷതം സംഭവിച്ചതിനാൽ ഹൃദയവും വൃക്കളും ശസ്ത്രക്രയിലുടെ പുറത്തെടുക്കാൻ തീരുമാനിക്കുകയായിരുന്നു. ഹൃദയം എടുത്തത് ലിസി ആശുപത്രിയിലെ ഡോ. ജോസ് ചാക്കോ പെരിയപ്പുറവും വൃക്കകൾ എടുത്തത് കിംസ് ആശുപത്രിയിലെ ഡോ. വേണുഗോപാലുമായിരുന്നു. ശ്രീചിത്രയിലെ ന്യൂറോ സർജന്മാരായ മാത്യു എബ്രഹാമും ഡോ. ഈശ്വറും നേതൃത്വം നൽകി. ഡോ. ജേക്കബാണ് അനസ്‌തേഷ്യയ്ക്ക് നേതൃത്വം നൽകിയത്. ആറരയോടെ ശസ്ത്രക്രിയ പൂർത്തിയായി. 6.35ന് അവയങ്ങൾ ആശുപത്രിയിൽ നിന്ന് പുറപ്പെട്ടു. 6.35 ന് ഹൃദയം വഹിച്ചുകൊണ്ടുള്ള വാഹനം വിമാനത്താവളത്തിലേക്ക് തിരിച്ചു. 7.52ന് എറണാകുളത്ത് ലിസി ആശുപത്രിയിലെത്തി. ശസ്ത്രക്രിയ പൂർത്തിയായി രാത്രി 10.25ന് ഹൃദയം പുതിയ ശരീരത്തിൽ സ്പന്ദിച്ചു തുടങ്ങി.

വൈകിട്ട് നാല് മുതൽ ചാനലുകൾ ലൈവായി മരണത്തിൽ നിന്ന് ജീവനിലേക്കുള്ള ആ യാത്രയുടെ വിശേഷങ്ങൾ പങ്കുവച്ചതോടെ കേരളം മൊത്തം പ്രാർത്ഥനയിലായി. ഓഫീസിലും വാഹനത്തിലുമൊക്കെയായിരുന്നവർ ഫോണിലൂടെയും വാട്‌സ്ആപ്പിലൂടെയും ദൗത്യത്തിൽ പങ്കാളിയായി. എഫ്.എം. റേഡിയോ നിലയങ്ങളും മറ്റും ഗതാഗത ക്രമീകരണങ്ങളുടെ വിശദാംശങ്ങൾ അതിവേഗം ജനങ്ങളിലേക്ക് എത്തിച്ചു. 'ട്രാഫിക്ക്' സിനിമയിലേതിന് സമാനമായ രംഗങ്ങളാണ് പിന്നീട് അരങ്ങേറിയത്. തിരുവനന്തപുരത്ത് യാത്രയ്ക്ക് ഒരുക്കങ്ങൾ തുടങ്ങിയപ്പോൾ തന്നെ കൊച്ചിയിലും ചർച്ചകൾ തുടങ്ങി. ജില്ലാ കളക്ടർ എം.ജി. രാജമാണിക്യത്തിന്റെ നേതൃത്വത്തിൽ സർക്കാർ സംവിധാനങ്ങൾ പെട്ടെന്ന് ഉണർന്ന് പ്രവർത്തിച്ചു. പൊലീസിന്റെ ഗതാഗത ക്രമീകരണങ്ങൾ പലർക്കും അസൗകര്യങ്ങൾ സൃഷ്ടിച്ചെങ്കിലും എല്ലാവരും ഏകമനസ്സോടെ സഹകരിച്ചു. വാഹനമൊഴുകുന്ന എറണാകുളം എം.ജി. റോഡ് പെട്ടെന്നുതന്നെ ഒഴിപ്പിക്കപ്പെട്ടു. 90 കിലോ മീറ്റർ വേഗത്തിലാണ് ഹൃദയവും വഹിച്ചുള്ള വാഹനം ലിസി ആശുപത്രിയിലേക്ക് പറന്നത്.

രാത്രി 7.39 ന് തിരുവനന്തപുരത്ത് നിന്ന് ഹൃദയവുമായി എയർ ആംബുലൻസ് വെല്ലിങ്ടൺ ഐലന്റിലെ നാവികസേനയുടെ വിമാനത്താവളത്തിലേക്ക് പറന്നിറങ്ങി. എറണാകുളം ലിസി ആശുപത്രിയിലേക്ക് ഹൃദയം റോഡ് മാർഗം കൊണ്ടുപോകാനുള്ള ആംബുലൻസും എസ്‌കോർട്ട് പോകാനുള്ള പൊലീസ് വാഹനങ്ങളും ഒരു മണിക്കൂർ മുമ്പേ സജ്ജമായി വിമാനത്താവളത്തിലെത്തിയിരുന്നു.

രാത്രി 7.39 നാവികസേനയുടെ വിമാനത്താവളത്തിനു പുറത്തേക്ക് ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനവ്യൂഹം ചീറിയെത്തി. ഈ സമയം തേവര മുതൽ കലൂർ വരെയുള്ള റോഡിന്റെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു. റോഡിലെ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന സമയമായിട്ടുപോലും എം.ജി റോഡ് ഒഴിച്ചെടുക്കാൻ പൊലീസ് പ്രത്യേകം ശ്രദ്ധിച്ചു. നാവികസേന വിമാനത്താവളം മുതൽ ലിസി ആശുപത്രി വരെ എട്ടു കിലോമീറ്റർ ദൂരം. വഴിക്കണ്ണുമായി നാട്ടുകാർ എം.ജി റോഡിലേക്ക്....

രാത്രി 7.40 ഹൃദയവുമായി വാഹനവ്യൂഹം അറ്റ്‌ലാന്റിസ് ജംഗ്ഷൻ കടന്നു. വഴിയോരത്തു കാണാൻ നിന്നവരുടെ മൊബൈൽഫോണുകൾ മിന്നിത്തെളിഞ്ഞു. ചിത്രങ്ങളുടെ വെള്ളിവെളിച്ചവും കടന്ന് ആംബുലൻസുൾപ്പെട്ട വാഹനവ്യൂഹം എം.ജി റോഡിലൂടെ പാഞ്ഞു. ലിസി ആശുപത്രിയിലെ ആന്റണി ജോസഫായിരുന്നു ആംബുലൻസിന്റെ ഡ്രൈവർ. 80 90 കിലോ മീറ്റർ വേഗത്തിലാണ് ആംബുലൻസ് പാഞ്ഞത്.

രാത്രി 7.41 ഉച്ചത്തിലുള്ള സൈറണിന്റെ അകമ്പടിയോടെ വാഹനവ്യൂഹം വുഡ് ലാന്റ് ജംഗ്ഷനും മഹാരാജാസ് കോളേജ് ഗ്രൗണ്ടും പിന്നിടുന്നു. ഈ സമയം വഴിയിൽ വന്നുപെട്ട ഒരു കെ.എസ്.ആർ.ടി.സി ബസ് വഴിയൊരുക്കി മാറി നിന്നു.

രാത്രി 7.42 വാഹനവ്യൂഹം ഷേണായീസ് ജംഗ്ഷൻ പിന്നിട്ട് പത്മ ജംഗ്ഷനിലേക്ക് നീങ്ങുന്നു. ഈ സമയത്തുകൊച്ചി മെട്രോയുടെ പണികൾക്കു വേണ്ടിയുള്ള തിരക്കുകളും നിലച്ചു. ഇടുങ്ങിയ വഴിയിലെങ്ങും യാത്രയ്ക്ക് തടസമുണ്ടാക്കുന്ന വാഹനങ്ങളില്ലെന്ന് വഴിയോരങ്ങളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ ഉറപ്പു വരുത്തിയിരുന്നു.

രാത്രി 7.43 ഹൃദയവുമായി വാഹനവ്യൂഹം എം.ജി റോഡിൽ നിന്ന് ബാനർജി റോഡിലേക്ക് പ്രവേശിച്ചു. സിഗ്‌നൽ ലൈറ്റുകൾ പോലും ഈ സമയം ആകാംക്ഷയോടെ കാത്തു നിന്നു. വാഹനവ്യൂഹം നോർത്ത് പാലത്തിലേക്ക് കുതിക്കുന്നു.

രാത്രി 7.44 നോർത്ത് പാലം കടക്കുന്ന വാഹനം ലിസി ആശുപത്രിയിലേക്കുള്ള റോഡിലേക്ക് തിരിഞ്ഞു. ഇവിടെ വാഹന വ്യൂഹത്തിന് വേഗം അല്പമൊന്നു കുറഞ്ഞു. ബാനർജി റോഡിൽ നിന്ന് ലിസി ആശുപത്രിയിലേക്കുള്ള വഴിയിലൂടെ പിന്നെയും ആംബുലൻസ് പാഞ്ഞു.

രാത്രി 7.45 തിരുവനന്തപുരത്ത് ശ്രീചിത്രയിൽ നിന്ന് ഹൃദയവുമായി കൊച്ചി നാവിക വിമാനത്താവളത്തിലെത്തിയ വിദഗ് ദ്ധ സംഘം എറണാകുളം ലിസി ആശുപത്രിയുടെ കവാടത്തിലേക്ക് എത്തിക്കഴിഞ്ഞു. പാരാമെഡിക്കൽ സംഘം എല്ലാ സജ്ജീകരണങ്ങളുമായി അത്യാഹിത വിഭാഗത്തിന് മുന്നിൽ കാത്തുനിന്നിരുന്നു.

രാത്രി 7.47 ലിസി ആശുപത്രിയിൽ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആരംഭിച്ചു. 15 അംഗ സംഘത്തിന്റെ നേതൃത്വത്തിലുള്ള ശസ്ത്രക്രിയ പൂർത്തിയാകാൻ നാലു മണിക്കൂറിലേറെ സമയം വേണ്ടി വരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആറു മണിക്കൂർ കൊണ്ട് എല്ലാം ഭംഗയായതോടെ പുതിയ ചരിത്രവുമായി.

ഡയലേറ്റഡ് കാർഡിയോ മയോപ്പതി എന്ന രോഗാവസ്ഥയെ തുടർന്ന് ചാലക്കുടി പരിയാപുരം സ്വദേശി മാത്യു അച്ചാടനാണ് (47) ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ഹൃദയം ക്രമാതീതമായി വികസിക്കുന്നതിനാൽ രോഗി അവശ നിലയിലായിരുന്നു. അനുയോജ്യമായ ഹൃദയം ലഭിച്ചതോടെ ഇന്നലെ രാവിലെ മാത്യുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനകൾ മുഴുവൻ പൂർത്തിയാക്കി ശസ്ത്രക്രിയയ്ക്ക് തയ്യാറാക്കി.

ഈ മാസം ആറിനാണ് കുളിമുറിയിൽ കുഴഞ്ഞ് വീണതിനെ തുടർന്ന് നീലകണ്ഠ ശർമയെ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലച്ചോറിൽ രക്തസ്രാവത്തെ തുടർന്ന് വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന ശർമ്മയുടെ ആരോഗ്യനില 17ന് വഷളായി. 22ാം തീയതി ശർമ്മയുടെ മസ്തിഷ്‌ക മരണം ചിത്രയിലെ ഡോക്ടർമാർ സ്ഥിരീകരിച്ചു. മസ്തിഷ്‌കമരണം സ്ഥിരീകരിക്കാനുള്ള അപ്നിയ ടെസ്റ്റിന്റെ ഫലം രണ്ട് തവണ നെഗറ്റീവായിരുന്നു. പിന്നീടാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്.

തുടർന്ന് ശർമയുടെ അവയവങ്ങൾ ദാനം ചെയ്യാനുള്ള സാധ്യതയെക്കുറിച്ച് ഡോക്ടർമാർ ബന്ധുക്കളുമായി ചർച്ച നടത്തി. അവയവദാനത്തിന് ശർമയുടെ ഭാര്യ ലത സമ്മതം അറിയിച്ചു. തുടർന്നാണ് ഹൃദയംമാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിൽ ലിസി ആശുപത്രിയിലെ നാലംഗ ഡോക്ടർമാരുടെ സംഘം കൊച്ചിയിൽ നിന്ന് പുറപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP