Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വാർഷിക ശമ്പളം നാലുലക്ഷം ഡോളർ; താമസത്തിന് 70000 സ്‌ക്വയർ ഫീറ്റുള്ള വൈറ്റ്ഹൗസ്; എയർഫോഴ്‌സ് വൺ എന്ന അത്യാധുനിക വിമാനവും ബീസ്റ്റ് എന്ന ലോകത്തിലെ ഏറ്റവും സുരക്ഷിതകാറും ഔദ്യോഗിക വാഹനങ്ങൾ; ഒപ്പം മറൈൻ വൺ എന്ന ഹെലികോപ്റ്ററും; അമേരിക്കൻ പ്രസിഡന്റാകുന്ന വ്യക്തിയെ കാത്തിരിക്കുന്നത് വൻ സൗഭാഗ്യങ്ങൾ

വാർഷിക ശമ്പളം നാലുലക്ഷം ഡോളർ; താമസത്തിന് 70000 സ്‌ക്വയർ ഫീറ്റുള്ള വൈറ്റ്ഹൗസ്; എയർഫോഴ്‌സ് വൺ എന്ന അത്യാധുനിക വിമാനവും  ബീസ്റ്റ് എന്ന ലോകത്തിലെ ഏറ്റവും സുരക്ഷിതകാറും ഔദ്യോഗിക വാഹനങ്ങൾ; ഒപ്പം മറൈൻ വൺ എന്ന ഹെലികോപ്റ്ററും; അമേരിക്കൻ പ്രസിഡന്റാകുന്ന വ്യക്തിയെ കാത്തിരിക്കുന്നത് വൻ സൗഭാഗ്യങ്ങൾ

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടു ദിവസം കഴിഞ്ഞിട്ടും ആരാണ് ജയിച്ചതെന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ലഭ്യമായ കണക്കുകൾ പ്രകാരം ഡെമോക്രാറ്റിക്ക് സ്ഥാനാർത്ഥി ജോ ബൈഡൻ വിജയത്തിന് അടുത്ത് നിൽക്കയാണ്. ലോകത്തിലെ ഏറ്റവും ശക്തമായ അധികാര പദവിയാണ് അമേരിക്കൻ പ്രസിഡന്റ് സ്ഥാനം. എന്നാൽ ഈ സ്ഥാനത്ത് എത്തുന്ന ഒരാൾക്ക് ലഭിക്കുന്നത് വലിയ സാമ്പത്തിക നേട്ടങ്ങളും കൂടിയാണ്. നാല് ലക്ഷം ഡോളറാണ് അമേരിക്കൻ പ്രസിഡന്റിന്റെ പ്രതിവർഷ വേതനം. വൈറ്റ് ഹൗസ് എന്ന ഔദ്യോഗിക വസതിയും ഒരു വിമാനവും ഹെലികോപ്റ്ററും ഔദ്യോഗിക കാറും തുടങ്ങി ഈ സ്ഥാനത്ത് എത്തുന്നവരെ കാത്തിരിക്കുന്ന നേട്ടങ്ങൾ പലതാണ്.

1800ലാണ് വൈറ്റ് ഹൗസ് നിർമ്മിച്ചത്. ആറ് നിലകളുള്ള ഈ കെട്ടിടത്തിന്റെ വിസ്തൃതി 55000 സ്‌ക്വയർ ഫീറ്റാണ്. 132 മുറികളും 35 ശുചിമുറികളും ഈ കെട്ടിടത്തിലുണ്ട്. ഇവിടെയൊരു ടെന്നിസ് കോർട്ടും ബൗളിങ് അല്ലീയും സിനിമ തിയേറ്ററും വ്യായാമം ചെയ്യാനുള്ള ട്രാക്കും നീന്തൽക്കുളവും ഉണ്ട്. അഞ്ച് പാചകക്കാരും ഒരു സോഷ്യൽ സെക്രട്ടറിയും ചീഫ് കലിഗ്രാഫറും തുടങ്ങി ജീവനക്കാരുടെ നീണ്ട നിര തന്നെയുണ്ട്.ബ്ലെയർ ഹൗസ് എന്നാണ് പ്രസിഡന്റിന്റെ ഔദ്യോഗിക അതിഥി മന്ദിരത്തിന്റെ പേര്. ഇത് വൈറ്റ് ഹൗസിനേക്കാൾ വലിയ കെട്ടിടമാണ്. 70000 സ്‌ക്വയർ ഫീറ്റാണ് ഇതിന്റെ വലിപ്പം. 119 മുറികളുണ്ട്. 20 കിടപ്പുമുറികളുണ്ട്. 35 ശുചിമുറികളും നാല് ഡൈനിങ് റൂമുകളും ജിമ്മും പൂക്കടയും ഒരു ഹെയർ സലൂണും ഇതിനകത്തുണ്ട്.

അമേരിക്കൻ പൗരനും 14 വർഷമായി അമേരിക്കയിൽ സ്ഥിരമായി താമസിക്കുന്ന 35 വയസിലേറെ പ്രായമുള്ള ഒരാൾക്കാണ് പ്രസിഡന്റാവാൻ കഴിയുക. നാല് ലക്ഷം ഡോളർ ശമ്പളത്തിന് പുറമെ ചെലവുകൾക്കായി 50000 ഡോളർ വേറെയും നൽകും. നികുതിയടക്കേണ്ടാത്ത ഒരു ലക്ഷം ഡോളർ യാത്രക്കായി നൽകും. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് വിരമിച്ചാൽ രണ്ട് ലക്ഷം ഡോളർ വീതം പ്രതിവർഷം പെൻഷനായി ലഭിക്കും. രണ്ട് ലക്ഷം ഡോളർ വീതം ആനുകൂല്യങ്ങളായും ലഭിക്കും.

എയർ ഫോഴ്‌സ് വൺ എന്നാണ് പ്രസിഡന്റിന്റെ വിമാനത്തിന്റെ പേര്. നൂതന സാങ്കേതിക വിദ്യയുള്ള ഈ വിമാനം അടിയന്തിര ഘട്ടത്തിൽ ആക്രമണത്തിനും സജ്ജമാണ്. ആകാശത്തിൽ വച്ച് ഇതിനകത്ത് ഇന്ധനവും നിറയ്ക്കാം. മറൈൻ വൺ എന്നാണ് പ്രസിഡന്റിന്റെ ഹെലികോപ്റ്ററിന്റെ പേര്. ഇതിന് അകമ്പടിയായി അഞ്ച് ഹെലികോപ്റ്ററുകളും ഉണ്ടാവും. മണിക്കൂറിൽ 150 മൈൽ വേഗത്തിൽ പറക്കാനാവും. ഇതിന് പുറമെ ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന കാറാണ് അമേരിക്കൻ പ്രസിഡന്റ് ഉപയോഗിക്കുന്ന ബീസ്റ്റ്. രാസായുധം ഉപയോഗിച്ചുള്ള ആക്രമണങ്ങളെ വരെ ഇതിന് ചെറുക്കാനാവും. അഞ്ച് പാളികളുള്ളതാണ് ജനൽ ചില്ല്. കാറിനകത്ത് ഓക്‌സിജൻ ലഭ്യമാക്കാനുള്ള സൗകര്യവും ഉണ്ട്.ഇതിനുപുറമെ ആമേരിക്കൻ ആണവ കോഡും പ്രസിഡന്റിന്റെ കൈയിലാണ്. പ്രസിഡന്റ് എവിടെപ്പോയാലും ഒപ്പം കൊണ്ടുപോകുന്ന ഒരു ബാഗിലാണ് ഈ സുരക്ഷാകോഡും ഉള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP