Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തോറ്റമ്പിയിട്ടും ഒരുളുപ്പുമില്ലാതെ വിജയപ്രഖ്യാപന റാലിക്കൊരുങ്ങി ട്രംപ്: തോറ്റിടത്തെല്ലാം അട്ടിമറിയെന്ന് ട്രംപ് വിശ്വസിക്കുന്നത് ആത്മാർത്ഥമായി; നിയമപോരാട്ടം തീരും മുൻപ് വരെ വൈറ്റ്ഹൗസിൽ നിന്നിറങ്ങില്ല; ഇവങ്കയെ പോലെ ആരെക്കൊണ്ടെങ്കിലും കാര്യം പറഞ്ഞ് മനസ്സിലാക്കി പടിയിറക്കാൻ ആലോചിച്ച് സ്വന്തം പാർട്ടിക്കാർ

തോറ്റമ്പിയിട്ടും ഒരുളുപ്പുമില്ലാതെ വിജയപ്രഖ്യാപന റാലിക്കൊരുങ്ങി ട്രംപ്: തോറ്റിടത്തെല്ലാം അട്ടിമറിയെന്ന് ട്രംപ് വിശ്വസിക്കുന്നത് ആത്മാർത്ഥമായി; നിയമപോരാട്ടം തീരും മുൻപ് വരെ വൈറ്റ്ഹൗസിൽ നിന്നിറങ്ങില്ല; ഇവങ്കയെ പോലെ ആരെക്കൊണ്ടെങ്കിലും കാര്യം പറഞ്ഞ് മനസ്സിലാക്കി പടിയിറക്കാൻ ആലോചിച്ച് സ്വന്തം പാർട്ടിക്കാർ

മറുനാടൻ മലയാളി ബ്യൂറോ

നാലു വർഷത്തെ അധികാരം നൽകിയ മതിഭ്രമമോ അതോ തോൽവിയുടെ ആഘാതത്തിൽ നിന്നുണ്ടായ വിഭ്രാന്തിയോ, ട്രംപിന്റെ പ്രകടനങ്ങൾ ഇന്ന് ഏറെ വിഷമിപ്പിക്കുന്നത് സ്വന്തം പാർട്ടിക്കാരെ.

തെരഞ്ഞെടുപ്പിൽ താൻ തോറ്റെന്ന സത്യം ഇനിയും അംഗീകരിക്കാൻ ട്രംപ് തയ്യാറായിട്ടില്ല. ഈ സത്യം അദ്ദേഹത്തെ ഒന്ന് പറഞ്ഞുമനസ്സിലാക്കാൻ ആരെ ആശ്രയിക്കണമെന്ന ആശയക്കുഴപ്പത്തിലാണ് ഇന്ന് റിപ്പബ്ലിക്കൻ പാർട്ടിയുടെ ഉന്നത നേതാക്കൾ. ഇന്നലെ രാത്രിയോടെ വോട്ടെണ്ണൽ പൂർത്തിയാക്കിയ പെൻസിൽവാനിയയിലും ജോർജിയയിലുംജോ ബൈഡൻ വ്യക്തമായ ലീഡ് കരസ്ഥമാക്കിയതോടെ ട്രംപിനുണ്ടായിരുന്ന വിദൂര സാധ്യതകൾ പോലും അസ്തമിച്ചിരിക്കുകയാണ്.

എന്നാൽ താൻ തോൽവി സമ്മതിക്കാൻ തയ്യാറല്ലെന്നാണ് ട്രംപ് തന്റെ അനുചരന്മാരോട് വ്യക്തമായി പറയുന്നത്. അതായത്, ട്രംപ് ഇപ്പോഴും ആത്മാർത്ഥമായും സത്യസന്ധമായും വിശ്വസിക്കുന്നത് അദ്ദേഹം തെരഞ്ഞെടുപ്പിൽ വിജയിച്ചു എന്നുതന്നെയാണ്. ഇതാണ് റിപ്പബ്ലിക്കൻ പാർട്ടി നേതൃത്വത്തെ കുഴപ്പിക്കുന്നത്. വൈറ്റ്ഹൗസിൽ ഉപദേശകരായി സേവനമനുഷ്ഠിച്ച, ട്രംപിന്റെ മകൾ ഇവങ്ക, മരുമകൻ ജാരേഡ് കുഷ്നർ എന്നിവരുടെ പേരാണ് ഇപ്പോൾ ആദ്യ പരിഗണനയിലുള്ളത്.

എന്നാൽ, ഇവരുടെ മാനസിക നിലയും എപ്രകാരമാണെന്നതിന് ഒരു വ്യക്തതയുമില്ല. ഇവങ്ക, ഏറ്റവും ഒടുവിൽ ട്വീറ്റ് ചെയ്തത് തന്റെ പിതാവിനെ അനുകൂലിച്ചു കൊണ്ടായിരുന്നു. മാത്രമല്ല, ഇവങ്കയുടേ മൂത്ത മകൾ അരബെല്ല, അമ്മയോടൊപ്പം അവരുടെ വാഷിങ്ടൺ ഡി സിയിലെ വീട് വിട്ടിറങ്ങുന്ന നേരം ഇരുവിരലുകൾ ഉയർത്തി വിജയചിഹ്നം കാണിക്കുകയും ചെയ്തിരുന്നു. രണ്ടാം ലോക മഹായുദ്ധകാലത്ത് വിൻസ്റ്റൺ ചർച്ചിലാണ് വിജയ സൂചകമായി ഈ ചിഹ്നത്തെ ഏറെ പ്രശസ്തമാക്കിയത്. പ്രചാരണത്തിന്റെ അവസാന നാളുകളിൽ ഇവങ്ക തന്റെ പിതാവിനെ ചർച്ചിലുമായാണ് ഉപമിച്ചിരുന്നത്.

ട്രംപിന്റെ ഈ സമീപനം ഏറെ വിഷമത്തിലാക്കിയിരിക്കുന്നത് റിപ്പബ്ലിക്കൻ പാർട്ടി നേതൃത്വത്തെയാണ്. തെരഞ്ഞെടുപ്പ് തോൽവിയെ കുറിച്ച് ട്രംപിനെ എങ്ങനെ പറഞ്ഞു മനസ്സിലാക്കുമെന്നതാണ് ഇപ്പോൾ അവർ നേരിടുന്ന പ്രധാന പ്രശ്നം. ഇപ്പോൾ ശാന്തനായി തോൽവി സമ്മതിച്ചതിനു ശേഷം 2024-ൽ വീണ്ടും മത്സരിച്ച് ജയിക്കാം എന്ന് അദ്ദേഹത്തോട് പറയാനാണ് ഇപ്പോൾ ആലോചിക്കുന്നത്. മാത്രമല്ല, വോട്ടെണ്ണലിന്റെ അന്തിമ ഫലം പുറത്തുവന്നില്ലെങ്കിൽ ഈ വാരാന്ത്യത്തിൽ ട്രംപ് ഒരു റാലി കൂടി സംഘടിപ്പിക്കാൻ പരിപാടി ഇടുന്നുണ്ട്.

നിയമപരമായ എല്ലാ വോട്ടുകളും എണ്ണിക്കഴിയുമ്പോൾ താൻ തന്നെയായിരിക്കും വിജയി എന്നാണ് ട്രംപ് വീണ്ടും വീണ്ടും അവകാശപ്പെടുന്നത്. നിയമവിധേയമല്ലാത്ത വോട്ടുകൾ പരിഗണിക്കരുതെന്ന് ഇവങ്ക ട്വീറ്റ് ചെയ്തിട്ടുമുണ്ട്. അതേസമയം, ട്രംപ് ഇപ്പോഴും നേരിയ ഭൂരിപക്ഷത്തിന് മുന്നിട്ട് നിൽക്കുന്ന ജോർജിയയിൽ നടത്തിയ ഒരു പ്രസംഗത്തിൽട്രംപിനോട് മരണം വരെ പോരാടാൻ ആവശ്യപ്പെട്ടുകൊണ്ട് മകൻ ഡൊണാൾഡ് ട്രംപ് ജൂനിയർ രംഗത്തെത്തി. തെരഞ്ഞെടുപ്പിലെ കൃത്രിമത്വവും അഴിമതിയും തുറന്നുകാണിക്കാൻ ഒരു യുദ്ധം നയിക്കേണ്ടിവന്നാലും ട്രംപ് അതിനും തയ്യാറാകുമെന്ന് മകൻ വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.

റിപ്പബ്ലിക്കൻ ക്യാമ്പിൽ കാര്യങ്ങൾ കുഴഞ്ഞുമറിയുമ്പോൾ കാത്തിരുന്നു കാണാം എന്ന നിലപാടിലാണ് ഡെമോക്രാറ്റുകൾ. ക്ഷമയോടെ കാത്തിരിക്കാനാണ് ജോ ബൈഡൻ തന്റെ അനുയായികളോട് ആവശ്യപ്പെട്ടത്. ജനാധിപത്യത്തിൽ ഏറ്റവും അത്യാവശ്യമായത് ക്ഷമയാണെന്നും അദേഹം ഓർമ്മിപ്പിച്ചു. ഏതായാലും, വരും നാളുകൾ അമേരിക്കയേ ലോകത്തിനു മുന്നിൽ അപഹാസ്യമാക്കുമോ എന്ന ആശങ്കയിലാണ് സാധാരണക്കാരായ അമേരിക്കക്കാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP