Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ആദ്യനീക്കം പാക്കിസ്ഥാനെ അന്താരാഷ്ട്ര സമൂഹത്തിൽ ഒറ്റപ്പെടുത്തി പരിപൂർണ പിന്തുണ ഉറപ്പിക്കൽ; ജെയ്‌ഷെ തലവൻ മസൂദ് അസറെ പിടികൂടുന്നതിനുള്ള നീക്കങ്ങൾ അമേരിക്കയുടെയും റഷ്യയുടെയും പിന്തുണയോടെ ഊർജ്ജസ്വലമാക്കും; രണ്ടാംഘട്ടത്തിൽ മറ്റൊരു സർജിക്കൽ സ്‌ട്രൈക്കിലൂടെ പാക് അധിനിവേശ കാശ്മീർ കടന്നുകയറി ജെയ്ഷ താവളങ്ങൾ തകർക്കും; യുദ്ധത്തിലേക്ക് നീങ്ങിയാൽ അതിനും തയ്യാറാവാൻ സൈന്യത്തിന് നിർദ്ദേശം; തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രാഷ്ട്രസുരക്ഷയുടെ പേരിൽ ഉറച്ച നിലപാടുമായി കേന്ദ്രം മുൻപോട്ട്

ആദ്യനീക്കം പാക്കിസ്ഥാനെ അന്താരാഷ്ട്ര സമൂഹത്തിൽ ഒറ്റപ്പെടുത്തി പരിപൂർണ പിന്തുണ ഉറപ്പിക്കൽ; ജെയ്‌ഷെ തലവൻ മസൂദ് അസറെ പിടികൂടുന്നതിനുള്ള നീക്കങ്ങൾ അമേരിക്കയുടെയും റഷ്യയുടെയും പിന്തുണയോടെ ഊർജ്ജസ്വലമാക്കും; രണ്ടാംഘട്ടത്തിൽ മറ്റൊരു സർജിക്കൽ സ്‌ട്രൈക്കിലൂടെ പാക് അധിനിവേശ കാശ്മീർ കടന്നുകയറി ജെയ്ഷ താവളങ്ങൾ തകർക്കും; യുദ്ധത്തിലേക്ക് നീങ്ങിയാൽ അതിനും തയ്യാറാവാൻ സൈന്യത്തിന് നിർദ്ദേശം; തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രാഷ്ട്രസുരക്ഷയുടെ പേരിൽ ഉറച്ച നിലപാടുമായി കേന്ദ്രം മുൻപോട്ട്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: 39 സൈനികരുടെ ജീവനാണ് തീവ്രവാദികൾ ഇന്നലെ കവർന്നെടുത്തത്. ഈ തിരിച്ചടി പൊറുക്കില്ലെന്ന് രാഷ്ട്രീയ നേതാക്കളെല്ലാം ഒറ്റക്കെട്ടായി വ്യക്തമാക്കി കഴിഞ്ഞു. ഇന്ത്യ എങ്ങനെയാകും ഈ അതിർത്തി കടന്നുള്ള തീവ്രവാദ പ്രവർത്തനത്തെ നേരിടുക? ഈ ചോദ്യം വിവിധ കോണുകളിൽ നിന്നും ഉയർന്നു കഴിഞ്ഞു. എന്തായാലും പാക്കിസ്ഥാനെ പാഠം പഠിപ്പിക്കാൻ വേണ്ടി ഒരുങ്ങി തന്നെയാണ് ഇന്ത്യ രംഗത്തിറങ്ങുന്നത്. ഇതിലെ ആദ്യ നീക്കം ഒരു പരിധിവരെ വിജയിച്ചു എന്നാണ് പ്രതീക്ഷിക്കുന്നത്. പാക്കിസ്ഥാൻ ചാരസംഘടന ഊട്ടി വളർത്തിയ ജെയ്‌ഷെ മുഹമ്മദിനെ ഇല്ലാതാക്കാനാനുള്ള പരിശ്രമത്തിലേക്ക് രാജ്യം കടുക്കുകയാണ്.

പാക്കിസ്ഥാനെ ലോകരാജ്യങ്ങൾക്കിടയിൽ ഒറ്റപ്പെടുത്തുമെന്നാണ് ഇന്ത്യ നിലവിൽ വ്യക്തമാക്കിയിരിക്കുന്നത്. ഭീകരതയുടെ ഇരയാണ് ഇന്ത്യയെന്ന കാര്യം ആവർത്തിച്ച് ഓർമ്മപ്പെടുത്തി ലോകരാജ്യങ്ങളുടെ പിന്തുണ ആർജ്ജിക്കും. ഇപ്പോൾ തന്നെ ലോകരാജ്യങ്ങൾ ഈ വിഷയത്തിൽ ഇന്ത്യയ്‌ക്കൊപ്പമാണ്. അമേരിക്കയും ഇസ്രയേലും അടങ്ങുന്ന സൈനിക ശക്തികൾ ഇന്ത്യക്കൊപ്പം എന്നു തന്നെ അറിയിച്ചിട്ടുണ്ട്. റഷ്യയും ഭീകരതക്കെതിരായ പോരാട്ടത്തിന് പിന്തുണ അർപ്പിച്ചു. നിലവിൽ പാക്കിസ്ഥാന് പിന്തുണയുമായി രംഗത്തുള്ളത് ചൈന മാത്രമാണ്. ചൈനയും ഭീകരാക്രമണത്തെ അപലപിച്ചു രംഗത്തുവന്നിട്ടുണ്ട്. എങ്കിലും മസൂദ് അസറിനെതിരെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തിന് ചൈന പിന്തുണച്ചിട്ടില്ല. ഇനി ചൈനയെ വരുതിയിൽ നിർത്തുന്നതിൽ വിജയിച്ചാൽ ഇന്ത്യക്ക് പാക്കിസ്ഥാന് മേൽ വിജയം നേടാൻ സാധിക്കും.

അതിനുള്ള നീക്കങ്ങളിലേക്ക് കടക്കുകയാണ് ഇന്ത്യ. പാക്കിസ്ഥാനെ പലപ്പോഴും പിന്തുണച്ചു കൊണ്ടിരിക്കുന്നത് ചൈനയാണ്. അങ്ങനെയുള്ള ചൈനക്ക് മേൽ വാണിജ്യപരമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി വരുതിയിൽ നിർത്താകാനും ഇന്ത്യ ശ്രമിക്കുക. പാക്കിസ്ഥാനെ സഹായിക്കുന്ന ചൈനയുടെ ഉൽപ്പന്നങ്ങൾക്ക് ഭാഗികമായി ബഹിഷ്‌ക്കരണം ഏർപ്പെടുത്തുന്ന നിലപാട് സ്വീകരിച്ചാൽ ചൈനയെയും വരുതിയിൽ നിര്ത്താം. എന്നാൽ, സാമ്പത്തിക അവസ്ഥയെ ബാധിക്കുമെന്നതിൽ എത്രകണ്ട് ആ നീക്കത്തിലേക്ക് പോകുമെന്ന് അറിയില്ല.

രണ്ടാമത്തെ നീക്കമെന്ന നിലയിൽ ഇന്ത്യ ലക്ഷ്യമിടുന്നത് ഇന്ത്യൻ സൈന്യത്തിനെതിരെ ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ ഇന്ത്യക്ക് കൈമാറാൻ പാക്കിസ്ഥാന് മേൽ സമ്മർദ്ദം ശക്തമാക്കുക എന്നതാണ്. ഇതിന് വേണ്ടി അമേരിക്കയുടെയും റഷ്യയും വഴി സമ്മർദ്ദ തന്ത്രം പയറ്റാനാണ് ഉദ്ദേശിക്കുന്നത്. ആഗോള സമ്മർദ്ദം ശക്തമായാൽ ഇതിന് സാധിക്കുമെന്നുമാണ് വിലയിരുത്തൽ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പാക്കിസ്ഥാനോട് വിലയ മതിപ്പുള്ള ആളല്ല. ട്രംപ് അധികാരത്തിൽ വന്നതിന് ശേഷം ഭീകരപ്രവർത്തനത്തെ അമർച്ച ചെയ്യാനായി പാക്കിസ്ഥാന് നൽകിവന്ന ധനസഹായം നിർത്തലാക്കിയിരുന്നു. ഈ പണം ഉപയോഗിച്ച് ഭീകരതെ പ്രോത്സാഹിപ്പിക്കുകയാണ് പാക്കിസ്ഥാൻ ചെയ്യുന്നത് എന്നാണ് വിലയിരുത്തപ്പെട്ടത്.

സാമ്പത്തികമായി കടുത്ത പ്രതിസന്ധിയിലാണ് പാക്കിസ്ഥാൻ. ഈ അവസ്ഥ മുതലെടുത്ത് ഇപ്പോഴത്തെ സാഹചര്യത്തിൽ പാക്കിസ്ഥാനെ കൂടുതൽ വരിഞ്ഞു മുറുകാനുള്ള വഴികളും ഇന്ത്യ തേടുന്നുണ്. ഇമ്രാൻഖാന്റെ നേതൃത്വത്തിലുള്ള സർ്ക്കാറിന് മുന്നിലെ പ്രധാന വെല്ലുവിളി സാമ്പത്തിക പ്രതിസന്ധിയാണ്. ഈ സാഹചര്യത്തിൽ അന്താരാഷ്ട്ര നാണയ നിധിയിൽ നിന്നും വായ്‌പ്പ എടുക്കാൻ പാക്കിസ്ഥാൻ ഒരുങ്ങുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇന്ത്യ ശക്തമായ നിലപാട് സ്വീകരിച്ചാൽ ഈ സഹായം തടയാനും സാമ്പത്തികമായി പാക്കിസ്ഥാനെ കൂടുതൽ സമ്മർദ്ദത്തിലാക്കാനും സാധിക്കും.

ഇന്ത്യൻ സൈന്യത്തിനെതിരെ ജെയ്‌ഷെ മുഹമ്മദ് നടത്തിയന് ആക്രമങ്ങൾക്ക് നേരത്തെ അതിർത്തി കടന്നുള്ള മിന്നലാക്രമണങ്ങളിലൂടെ ഇന്ത്യ തിരിച്ചടി നൽകിയിട്ടുണ്ട്. സമാനമായ സൈനിക ഓപ്പറേഷൻ ഇന്ത്യ ഇപ്പോൾ നടത്തുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അതിനാൽ അന്താരാഷ്ട്ര ശ്രദ്ധയും ഇപ്പോൾ കശ്മീർ അതിർത്തിയിലുണ്ട്. അവസരം കിട്ടുമ്പോൾ മിന്നലാക്രണം എന്ന നിലയിലേക്കാണ് ഇപ്പോഴത്തെ കാര്യങ്ങളുടെ നീക്കം. അടുത്ത ഘട്ടത്തിൽ യുദ്ധത്തിന് ഒരുങ്ങാനും രാജ്യം മടിച്ചേക്കില്ലെന്ന് വിലയിരുത്തലുകളുണ്ട്. സൈന്യത്തിന് ജാഗരൂകരായിരിക്കാനുള്ള നിർദ്ദേശവും ഉന്നത കേന്ദ്രങ്ങൾ നല്കി കഴിഞ്ഞു.

പാക്കിസ്ഥാൻ സ്ഥാനപതിയെ വിളിച്ചു വരുത്തിയ ഇന്ത്യ പുൽവാമ സംഭവത്തിൽ തങ്ങളുടെ ശക്തമായ പ്രതിഷേധം ആ രാജ്യത്തെ അറിയിച്ചു. പാക്കിസ്ഥാൻ കേന്ദ്രീകരിച്ച് ഇന്ത്യയ്‌ക്കെതിരെ പ്രവർത്തിക്കുന്ന തീവ്രവാദികൾക്കെതിരെ നടപടി വേണമെന്നും ഇതിന് രാഷ്ട്രീയ തലത്തിലുള്ള ഇടപെടലുണ്ടാവണമെന്നും ഇന്ത്യ പാക്കിസ്ഥാൻ സ്ഥാനപതിയെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. പാക്കിസ്ഥാനിലെ ഇന്ത്യൻ സ്ഥാനപതിയോട് അടിയന്തരമായി ഡൽഹിയിൽ എത്തിച്ചേരാനും ആവശ്യപ്പെട്ടിട്ടുണ്ട്. പുൽവാമ ആക്രമണം അന്താരാഷ്ട്രവേദികളിൽ ഉന്നയിച്ച് പാക്കിസ്ഥാനെ അന്താരാഷ്ട്ര വേദികളിൽ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളും ഇന്ത്യ ആരംഭിച്ചിട്ടുണ്ട്.

പുൽവാമയിൽ സൈനികരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം ഉണ്ടായതിന് പിന്നാലെ പാക് ഹൈകമ്മീഷണറെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധമറിയിച്ചു. പാക് ഹൈകമ്മീഷണർ സൊഹൈൽ മഹമൂദിനെയാണ് വിദേശകാര്യ മന്ത്രാലയം ഓഫീസിലേക്ക് വിളിച്ചു വരുത്തിയത്. വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ മഹമൂദിനെ കടുത്ത ഭാഷയിൽ പ്രതിഷേധം അറിയിച്ചു. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാന് നൽകിയ സൗഹൃദ രാഷ്ട്രപദവി ഇന്ത്യ പിൻവലിച്ചിരുന്നു. പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് സൗഹൃദ രാഷ്ട്ര പദവി പിൻവലിക്കാൻ തീരുമാനിച്ചത്. അന്താരാഷ്ട്ര സമൂഹത്തിൽ പാക്കിസ്ഥാണെ ഒറ്റപ്പെടുത്തുന്നതിനായി എല്ലാ നയതന്ത്ര നടപടികളും വിദേശകാര്യ മന്ത്രാലയം സ്വീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു.

പൊതുതെരഞ്ഞെടുപ്പിന് ആഴ്‌ച്ചകൾ മാത്രം ബാക്കിനിൽക്കേ മോദി സർക്കാരിന് കടുത്ത വെല്ലുവിളിയാണ് പുൽവാമ ആക്രമണം ഉയർത്തുന്നത്. നിലവിലെ സാഹചര്യത്തിൽ സർവ്വകക്ഷി യോഗം വിളിച്ചു ചേർത്ത് പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. എല്ലാ പാർട്ടികളുടേയും യോഗം ശനിയാഴ്‌ച്ച മോദി വിളിച്ചിട്ടുണ്ട്. ഏത് നടപടി സ്വീകരിക്കാനും സർക്കാരിനും സൈന്യത്തിനും പിന്തുണ പ്രഖ്യാപിച്ച രാഹുൽ ഗാന്ധി നാളത്തെ പൊതുയോഗത്തിൽ ഈ നിലപാട് ആവർത്തിക്കാനാണ് സാധ്യത. എന്നാൽ രാഹുലോ മറ്റേതെങ്കിലും പാർട്ടികളോ സർക്കാരിനെതിരെ വിമർശനം ഉന്നയിക്കുമോ എന്നതും കണ്ടറിയണം. കശ്മീരിൽ സുരക്ഷ ഉറപ്പാക്കുന്നതിനാണ് സർക്കാരിന്റെ ആദ്യ പരിഗണന.

അതേസമയം കശ്മീരി യുവാക്കൾക്കിടയിൽ മതമൗലിക വാദം എത്ര ആഴത്തിൽ പടരുന്നു എന്ന സൂചന കൂടിയാണ് അദിൽ അഹമ്മദ് ദർ എന്ന യുവാവ് ഒറ്റയ്ക്ക് നടത്തിയ ഈ ചാവേർ ആക്രമണം നൽകുന്നതെന്ന് സുരക്ഷാ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നുണ്ട്. മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം കശ്മീർ താഴ്‌വരയിൽ ഭീകരർക്കെതിരെ ശക്തമായ സൈനികനടപടിയാണ് സ്വീകരിച്ചത്. നൂറുകണക്കിന് ഭീകരരെ ഇക്കാലയളവിൽ വധിച്ചെങ്കിലും സൈനിക ഓപ്പറേഷനുകളിൽ ധാരാളം ജവന്മാർ കൊല്പപെടുന്ന സാഹചര്യമുണ്ടായി. കൊലപ്പെടുന്ന ഭീകരർക്ക് പകരം താഴ്‌വരയിലെ കൂടുതൽ യുവാക്കൾ ഭീകരസംഘടനകളിൽ ചേരുന്നത് കശ്മീരിൽ അടുത്ത കാലത്തൊന്നും സമാധനം പുലരില്ലെന്ന സൂചന കൂടിയാണ് നൽകുന്നത്.

പാക്കിസ്ഥാൻ നടത്തിയ നിഴൽയുദ്ധമായി കൂടി പുൽവാമ സംഭവം ചിത്രീകരിക്കപ്പെടുന്നുണ്ട്. ആക്രമണത്തിന്റെ മുഖ്യആസൂത്രകനായ മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെ നീക്കം ചൈനയുടെ ഇടപെടൽ മൂലം ഇതുവരെ ഫലം കണ്ടിട്ടില്ല. തിരിച്ചടിക്കാൻ സൈന്യത്തിന് പൂർണസ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്ന പ്രധാനമന്ത്രിയുടെ വാക്കുകൾ പുൽവാമയിലേറ്റ മുറിവ് ഇന്ത്യ മറക്കില്ലെന്ന സൂചനയാണ് നൽകുന്നത്.

പുൽവാമ ആക്രമണത്തിന് പിന്നാലെ ജമ്മുവിൽ രൂപം കൊണ്ട് പ്രതിഷേധം ജമ്മുവിൽ കലാപസ്വഭാവത്തിലേക്ക് മാറിയിരിക്കുകയാണ്. കത്വയിൽ പാക്കിസ്ഥാൻ വിരുദ്ധ മുദ്രാവാക്യങ്ങളുമായി ജനക്കൂട്ടം തെരുവിലിറങ്ങി. ദേശീയപാതകയുമേന്തി ജനക്കൂട്ടം റോഡ് ഉപരോധിച്ചതോടെ ജമ്മു ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ജമ്മുവിൽ പ്രതിഷേധം അക്രമാസക്തമായതിനെ കൂടുതൽ സുരക്ഷാസേനയെ നിയോഗിച്ചു. ക്രമസമാധാന പാലനത്തിനായി ഇവിടെ സൈന്യത്തെയും രംഗത്തിറക്കിയിട്ടുണ്ട്.

വർഗ്ഗീയകലാപത്തിനുള്ള സാധ്യത കണക്കിലെടുത്ത് ജമ്മുവിൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ കശ്മീരിൽ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങളും വിച്ഛേദിച്ചിരിക്കുകയാണ്. മുൻകരുതലെന്ന നിലയിൽ ശ്രീനഗറിലും ഇന്റർനെറ്റ് സേവനം പരിമിതപ്പെടുത്തി. തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കശ്മീർ താഴ്‌വരയിൽനിന്നുള്ള വാഹനവ്യൂഹത്തിന്റെ നീക്കം താൽകാലികമായി നിർത്തി വച്ചു. ഇന്നലെ പുൽവാമയിൽ സൈനികവ്യൂഹത്തിന് നേരെ സ്‌ഫോടകവസ്തുകൾ അടങ്ങിയ കാർ ഇടിച്ചു കയറ്റിയതിന് പിന്നാലെ സൈനികർക്ക് നേരെ വെടിവയ്‌പ്പ് ഉണ്ടായതായി റിപ്പോർട്ടുണ്ടായിരുന്നു. ഇതേ തുടർന്ന് അക്രമണത്തിന് പിന്നാലെ പുൽവാമയ്ക്ക് ചുറ്റുമുള്ള പതിനഞ്ചോളം ഗ്രാമങ്ങൾ ഇന്നലെ സൈന്യം വളഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP