Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വെടിനിർത്തൽ കരാർ നിലനിൽക്കുന്ന അതിർത്തിയിലേക്ക് ചൈനീസ് സൈന്യം എത്തിയത് പ്രാകൃത ആയുധങ്ങളുമായി; കുന്തങ്ങൾ മുതൽ അറ്റത്ത് വാൾമുനയുടെ മൂർച്ചയുള്ള പരമ്പരാഗത ചൈനീസ് ആയുധം വരെ കയ്യിലേന്തി എത്തിയത് അറുപതോളം സൈനികർ എന്നും വെളിപ്പെടുത്തൽ; മുഖ്പാരി മലമുകളിൽ ആയുധങ്ങളേന്തി നിൽക്കുന്ന പി‌എൽ‌എ സൈനികരുടെ ചിത്രങ്ങൾ പുറത്ത് വിട്ടത് 'ഇന്ത്യൻ സർക്കാർ വൃത്തങ്ങൾ'

വെടിനിർത്തൽ കരാർ നിലനിൽക്കുന്ന അതിർത്തിയിലേക്ക് ചൈനീസ് സൈന്യം എത്തിയത് പ്രാകൃത ആയുധങ്ങളുമായി; കുന്തങ്ങൾ മുതൽ അറ്റത്ത് വാൾമുനയുടെ മൂർച്ചയുള്ള പരമ്പരാഗത ചൈനീസ് ആയുധം വരെ കയ്യിലേന്തി എത്തിയത് അറുപതോളം സൈനികർ എന്നും വെളിപ്പെടുത്തൽ; മുഖ്പാരി മലമുകളിൽ ആയുധങ്ങളേന്തി നിൽക്കുന്ന പി‌എൽ‌എ സൈനികരുടെ ചിത്രങ്ങൾ പുറത്ത് വിട്ടത് 'ഇന്ത്യൻ സർക്കാർ വൃത്തങ്ങൾ'

മറുനാടൻ ഡെസ്‌ക്‌

കിഴക്കൻ ലഡാക്കിലെ റെസാങ്-ലാ അതിർത്തിയിലെ മുഖ്‌പാരി പ്രദേശത്ത് തിങ്കളാഴ്ച വൈകുന്നേരം ചൈനീസ് സൈന്യം വടി, കുന്തം, ​ഗദ, 'ഗ്വാണ്ടാവോ' എന്ന ധ്രുവ ആയുധങ്ങൾ എന്നിവയുമായി ആക്രമണത്തിന് സജ്ജമായി എത്തിയതായി റിപ്പോർട്ടുകൾ. യഥാർത്ഥ നിയന്ത്രണ രേഖയിൽ സംഘർഷം കൂടുന്നതിനിടെ, ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (പി‌എൽ‌എ) 50-60 സൈനികർ വൈകുന്നേരം 6 മണിയോടെ പാംഗോൺ തടാക പ്രദേശത്തെ തെക്കൻ കരയിലുള്ള ഇന്ത്യൻ പോസ്റ്റിനെ സമീപിച്ചെങ്കിലും ഇന്ത്യൻ സൈനികർ അവരെ ശക്തമായി നേരിട്ടു എന്നാണ് റിപ്പോർട്ടുകൾ.

കിഴക്കൻ ലഡാക്കിലെ ചുഷൂലിലുള്ള മുഖ്പാരി മലമുകളിൽ നിൽക്കുന്ന ചൈനീസ് സൈനികരുടെ ചിത്രമാണ് പുറത്തുവന്നത്. അറ്റത്ത് വാൾമുനയുടെ മൂർച്ചയുള്ള പരമ്പരാഗത ചൈനീസ് ആയുധമായ ഗ്വാൻഡാവോസ്, കൂർത്ത മുനകളുള്ള കുന്തങ്ങൾ, ചുറ്റും ഇരുമ്പു കമ്പികൾ ഘടിപ്പിച്ച ദണ്ഡുകൾ, മൂർച്ചയുള്ള ഇരുമ്പു കമ്പികൾ കൊണ്ട് പൊതിഞ്ഞ ദണ്ഡുകൾ എന്നിവയുമായി നിൽക്കുന്ന ചൈനീസ് പട്ടാളക്കാരാണ് ഫോട്ടോയിലുള്ളത്. 'ഇന്ത്യൻ സർക്കാർ വൃത്തങ്ങൾ' ആണ് ഈ ചിത്രം പുറത്തുവിട്ടതെന്ന് പി ടി ഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു

ഇന്തോ ചൈന അതിർത്തിയിൽ നാലര പതിറ്റാണ്ടിനു ശേഷം വെടിയൊച്ച മുഴങ്ങിയതിനിടെയാണ് ചൈനീസ് സൈന്യം കുന്തവും ദണ്ഡും ഗദകളുമായി നിൽക്കുന്ന ചിത്രം പുറത്തുവന്നിരിക്കുന്നത്. വെടിവെക്കുന്നതിന് വിലക്കുള്ള ലഡാക്ക് അതിർത്തി പ്രദേശത്ത് ജൂണിലുണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ രക്തസാക്ഷിത്വം വരിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചിരുന്നു. 20 ലേറെ ചൈനീസ് പട്ടാളക്കാർ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടതായി വാർത്തയുണ്ടായിരുന്നുവെങ്കിലും ചൈന ഇതുവരെ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

തോക്കുകൾ ഉപയോഗിക്കാത്തതിനാൽ, മൽപ്പിടിത്തത്തിനും കൈകൾ കൊണ്ടുള്ള ആക്രമണത്തിലുമാണ് സൈനികർ മരിച്ചത് എന്നായിരുന്നു പ്രാഥമിക നിഗമനം. ചൈനീസ് സൈന്യം കുന്തവും ദണ്ഡും ഗദയും ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഇക്കാര്യത്തിൽ പുതിയ സൂചനകളാണ് പുറത്തുവരുന്നത്. ചൈനക്കാർ ആയോധന വിദ്യകളിൽ പരമ്പരാഗതമായി ഉപയോഗിക്കുന്ന തരം ആയുധങ്ങളാണ് പുറത്തുവന്ന ചിത്രത്തിലുള്ളത്. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല. അതിനിടെ, ഇരുഭാഗങ്ങളിലുമായി പതിനായിരക്കണക്കിന് സൈനികർ മുഖാമുഖം നിൽക്കുന്ന ഇന്ത്യാ ചൈന അതിർത്തിയിൽ വെടിവെപ്പ് നടന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുണ്ടായിരുന്നു. വെടിവെപ്പു നിരോധിത മേഖലയായി ഇരു രാജ്യങ്ങളും അംഗീകരിച്ചിട്ടുള്ള ലഡാക്ക് പ്രദേശത്ത് 45 വർഷത്തിനു ശേഷമാണ് വെടിയൊച്ച മുഴങ്ങിയത്.

അതേസമയം, അതിർത്തിയിൽ കിഴക്കൻ ലഡാക്കിൽ ഇന്ത്യൻ സേന വെടിയുതിർത്തെന്ന ചൈനയുടെ ആരോപണം ഇന്ത്യൻ സേന കഴിഞ്ഞ ദിവസം തള്ളിക്കളഞ്ഞിരുന്നു. ഇന്ത്യൻ സേന വെടി ഉതിർത്തിട്ടില്ലെന്നാണ് ഇന്ത്യ വ്യക്തമാക്കിയത്. യഥാർഥ നിയന്ത്രണ രേഖ (എൽഎസി) ലംഘിച്ചിട്ടില്ലെന്നും വെടിവെപ്പ് ഉൾപ്പെടെയുള്ള നടത്തിയിട്ടില്ലെന്നും ഇന്ത്യൻ കരസേന പ്രസ്താവയിൽ അറിയിച്ചു. ചൈനീസ് സൈന്യമാണ് വെടിയുതിർത്തതെന്നും സൈന്യം വ്യക്തമാക്കി. സൈനിക, നയതന്ത്ര, രാഷ്ട്രീയ തലങ്ങളിൽ ഇടപെടലുകൾ പുരോഗമിച്ചുകൊണ്ടിരിക്കെ, ചൈനീസ് സൈന്യമാണ് കരാറുകൾ ലംഘിക്കുകയും പ്രകോപനം സൃഷ്ടിക്കുകയും ചെയ്തതെന്ന് കരസേന പ്രസ്താവനയിൽ പറഞ്ഞു. യഥാർത്ഥ നിയന്ത്രണ രേഖയിലേക്ക് കടന്നു കയറാൻ ശ്രമിച്ചത് ചൈനീസ് സൈന്യമാണ്. ഇന്ത്യൻ സൈനികർ അത് തടയുകയായിരുന്നു. ചൈനീസ് സൈനികർ ഏതാനും റൗണ്ട് ആകാശത്തേക്ക് വെടിയുതിർത്തുവെന്നും കരസേന കൂട്ടിച്ചേർത്തു.

ഗുരുതരമായ പ്രകോപനമുണ്ടായിട്ടും ഇന്ത്യൻ സൈന്യം സംയമനം പാലിക്കുകയും പക്വതയോടും ഉത്തരവാദിത്തത്തോടും പെരുമാറുകയും ചെയ്തു. ഒരു ഘട്ടത്തിലും ഇന്ത്യൻ സൈന്യം യഥാർത്ഥ നിയന്ത്രണ രേഖ മറികടക്കുകയോ വെടിവെപ്പ് ഉൾപ്പെടെയുള്ള മാർഗങ്ങൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. - കരസേന പ്രസ്താവനയിൽ പറഞ്ഞു. നേരത്തെ ഇന്ത്യൻ സൈന്യം യഥാർത്ഥ നിയന്ത്രണ രേഖ മറികടന്ന് കിഴക്കൻ ലഡാക്കിലെ പാങ്കോംഗ് തടാകത്തിന് സമീപം വെടിയുതിർത്തുവെന്നായിരുന്നു ചൈനയുടെ ആരോപണം. തങ്ങളുടെ സൈനികർ പ്രത്യാക്രമണം നടത്തിയെന്നുമാണ് ചൈനയുടെ അവകാശവാദം. ചെനയുടെ വെസ്റ്റേൺ തിയറ്റർ കമാൻഡ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം പറഞ്ഞത്.

ഒരു ഘട്ടത്തിൽ പോലും ഇന്ത്യൻ സൈനികർ നിയന്ത്രണ രേഖ കടന്നിട്ടില്ലെന്നും വെടിവയ്പ് നടത്തിയിട്ടില്ലെന്നും സൈനികവൃത്തങ്ങൾ അറിയിച്ചു. പാംഗോങ് തടാകത്തിനു തെക്ക് റെചിൻ ലായിലാണു തിങ്കളാഴ്ച രാത്രി വീണ്ടും സംഘർഷമുണ്ടായത്. 7000 ഇന്ത്യൻ സൈനികരാണു മേഖലയിലുള്ളത്. ടാങ്കുകൾ ഉൾപ്പെടെ വിന്യസിച്ചിട്ടുണ്ട്. സൈനിക, നയതന്ത്ര ചർച്ചകൾ തുടരുന്നതിനിടയിലും ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയാണു പ്രകോപനം സൃഷ്ടിക്കുന്നതെന്ന് ഇന്ത്യ കുറ്റപ്പെടുത്തി. കഴിഞ്ഞ രണ്ടാഴ്ചയായി പാംഗോങ് തടാകത്തിനു സമീപം പ്രശ്നങ്ങൾ ഉണ്ടാക്കാൻ ചൈനീസ് സൈന്യം ശ്രമിക്കുകയാണ്. അതിനു പിന്നാലെയാണ് തിങ്കളാഴ്ച രാത്രി പ്രകോപനവുമായി രംഗത്തെത്തിയത്.

നിയന്ത്രണരേഖയിലെ ഇന്ത്യൻ പോസ്റ്റുകളാണ് ചൈന ലക്ഷ്യമിടുന്നത്. തിങ്കളാഴ്ച ഒരു ഇന്ത്യൻ പോസ്റ്റിൽ കടന്നുകയറാനുള്ള ശ്രമമാണു നടത്തിയത്. ഇന്ത്യൻ സേന ചൈനീസ് നീക്കം ഫലപ്രദമായി തടഞ്ഞുവെന്നും സൈനികവൃത്തങ്ങൾ അറിയിച്ചു. ഇവിടെ തന്ത്രപ്രധാനമായ പല കുന്നുകളിലും ഇന്ത്യൻ സൈന്യം നിലയുറപ്പിച്ചതാണ് ചൈനയെ ചൊടിപ്പിക്കുന്നത്. ചൈനീസ് സൈന്യം ആകാശത്തേക്കു വെടിവച്ചെങ്കിലും ഇന്ത്യയുടെ ഭാഗത്തുനിന്നു പ്രകോപനം ഉണ്ടായിട്ടില്ലെന്നും അധികൃതർ പറഞ്ഞു. ഇന്ത്യയുടെ ഭാഗത്തുനിന്നാണ് വെടിവയ്പ് ഉണ്ടായതെന്നായിരുന്നു ചൈനയുടെ ആരോപണം.

മേഖലയിൽ സമാധാനവും സ്ഥിരതയും നിലനിർത്തുകയാണ് ലക്ഷ്യമെന്ന് ഇന്ത്യൻ സൈന്യം വ്യക്തമാക്കി. ലഡാക്കിൽ സ്ഥിതി അതീവഗുരുതരമാണെന്നും ആഴത്തിലുള്ള ചർച്ചയിലൂടെ പ്രശ്നത്തിനു പരിഹാരം കാണണമെന്നും വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഇന്നു പ്രതികരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP