Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അമേരിക്കൻ ഏജന്റുമാരെന്നു പറഞ്ഞ് അർദ്ധരാത്രിയിൽ വീട്ടിലെത്തിയ സംഘം ഇംഗ്ലീഷും സ്പാനിഷും പറഞ്ഞ് വെടിവച്ചു വീഴ്‌ത്തിയത് പ്രസിഡണ്ടിനെ; ഗുരുതരാവസ്ഥയിലായ ഭാര്യയെ മിയാമിയിലേക്ക് മാറ്റി; പ്രസിഡണ്ടിനെ കൊന്ന ഹൈതിയിൽ അടിയന്തരാവസ്ഥ

അമേരിക്കൻ ഏജന്റുമാരെന്നു പറഞ്ഞ് അർദ്ധരാത്രിയിൽ വീട്ടിലെത്തിയ സംഘം ഇംഗ്ലീഷും സ്പാനിഷും പറഞ്ഞ് വെടിവച്ചു വീഴ്‌ത്തിയത് പ്രസിഡണ്ടിനെ; ഗുരുതരാവസ്ഥയിലായ ഭാര്യയെ മിയാമിയിലേക്ക് മാറ്റി; പ്രസിഡണ്ടിനെ കൊന്ന ഹൈതിയിൽ അടിയന്തരാവസ്ഥ

മറുനാടൻ മലയാളി ബ്യൂറോ

കാലാവധി തീർന്നിട്ടും തെരഞ്ഞെടുപ്പിന് മുതിരാതെ ഒരു ഏകാധിപതിയായി അധികാരത്തിൽ തൂങ്ങിക്കിടന്ന ഹൈതി പ്രസിഡണ്ട് ജൊവേനെൽ മോയിസിനെ ഒരു കൂട്ടം അക്രമികൾ വെടിവെച്ചുകൊന്നു. അമേരിക്കൻ മയക്കുമരുന്ന് വിരുദ്ധ സേനയിലെ അംഗങ്ങൾ എന്ന വ്യാജേന എത്തിയ ഇംഗ്ലീഷും സ്പാനിഷും സംസാരിക്കുന്ന ഒരുകൂട്ടം ആളുകളാണ് പ്രസിഡന്റിന്റെ വീടിനകത്ത് കയറി വെടിവെച്ചത്. വെടിവയ്പിൽ ഗുരുതരമായ പരിക്കേറ്റ ഭാര്യ മാർട്ടിനിയെ മിയാമിയിലെ ഒരു ആശുപത്രിയിലേക്ക് മാറ്റി.

അമേരിക്കൻ ശൈലിയിൽ വർത്തമാനം പറയുന്ന ഒരു കൂട്ടം ആളുകൾ ഡി ഇ എ (യു എസ് ഡ്രഗ്സ് എൻഫോഴ്സ്മെന്റ് ഏജൻസി) റേയ്ഡാണിതെന്ന് ഉച്ചത്തിൽ പറയുന്നത് ഒരു വീഡിയോ ദൃശ്യത്തിൽ കേൾക്കാം. ഒരു മെഗാ ഫോണിലൂടെയാണ് ഇത് പറയുന്നത്. തുടർന്നാണ് വെടിയൊച്ച കേൾക്കുന്നത്. ഈ വർഷം ആദ്യം പ്രസിഡന്റിന്റെ കാലാവധിതീർന്നിരുന്നു. എന്നിട്ടും രാജിക്കൊരുങ്ങാതെയും തിരഞ്ഞെടുപ്പ് നടത്താതെയും അധികാരത്തിൽ തുടരുകയായിരുന്നു മോയ്സ്. ഇതിനെതിരെ പ്രതിഷേധമുയർന്നപ്പോൾ കടുത്ത നടപടികളിലൂടെ ജനങ്ങളിൽ ഭയം ജനിപ്പിച്ചാണ് അദ്ദേഹം അതിനെ നേരിട്ടത്.

എന്നെന്നും അധികാരം തന്നിൽ തുടരാൻ ആവശ്യമായ ഭേദഗതികൾ ഭരണഘടനയിൽ വരുത്താൻ ഇരിക്കുകയായിരുന്നു അദ്ദേഹം. മാത്രമല്ല, ശത്രുക്കളെ അടിച്ചൊതുക്കുവാനായി, ഒരു പുതിയ രഹസ്യാന്വേഷണ ഏജൻസിക്ക് രൂപം കൊടുത്തിട്ടുമുണ്ട്. ഇത് നേരിട്ട് പ്രസിഡണ്ടിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു വകുപ്പാണ്. ഒരു ന്യുറോ സർജൻ കൂടിയായ ഏരിയൽ ഹെന്റിയെ പ്രധാനമന്ത്രിയായിനാമനിർദ്ദേശം ചെയ്തതിനു തൊട്ടുപിന്നാലെയാണ് മോയ്സ് വെടിയേറ്റ് മരിക്കുന്നത്. കഴിഞ്ഞ നാലു വർഷത്തിനുള്ളിലെ എട്ടാമത്തെ പ്രധാനമന്ത്രിയാണ് ഏരിയൽ.

കനത്ത വെടിവയ്പ് നടന്നതിന്റെയു ഗ്രനേഡുകൾ പൊട്ടുന്നതിന്റെയും ശബ്ദം കേട്ടുവെന്ന് പ്രസിഡണ്ടിന്റെ സമീപവാസികൾ പറയുന്നു. കറുത്ത വസ്ത്രമിട്ട നിരവധിപേർ ഓടുന്നതും കണ്ടെന്ന് ചിലർ പറയുന്നു. ഒരു അയൽവാസി എടുത്ത ചിത്രത്തിൽ ചിലർ റൈഫിളുകളുമേന്തി പ്രസിഡന്റിന്റെ വീടിന്റെ പുറത്ത് എത്തുന്ന ദൃശ്യമുണ്ട്. എന്നാൽ ഇവർ ഹൈതി സുരക്ഷാ സൈനികരാണോ അക്രമകാരികളാണോ എന്നതിൽ വ്യക്തതയില്ല.

അതേസമയം, ഈ ആഴ്‌ച്ച അവസാനം ചുമതല പുതിയ പ്രധാനമന്ത്രിക്ക് കൈമാറാനിരുന്ന ഇടക്കാല പ്രധാനമന്ത്രി ജോസഫ് രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായി പ്രഖ്യാപിച്ചു. രാജ്യത്തെ സവിശേഷ സാഹചര്യത്തിൽ അദ്ദേഹത്തിന് കൂടുതൽ അധികാരങ്ങൾ നൽകുന്ന രീതിയിൽ നിയമങ്ങളിൽ മാറ്റംവരുത്തുകയും ചെയ്തിട്ടുണ്ട്. പ്രത്യേക മന്ത്രിസഭായോഗം വിളിച്ചു ചേർക്കുകയും രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

53 കാരനായ മൊയ്സിയും പത്നിയും പോർട്ട് ഓ പ്രിൻസിനു പുറത്തുള്ള സ്വകാര്യ വസതിയിലായിരുന്നു താമസിച്ചിരുന്നത്. ബുധനാഴ്‌ച്ച അതിരാവിലെയായിരുന്നു അമേരിക്കൻ ലഹരി വിരുദ്ധ സേനയിലെ അംഗങ്ങൾ എന്ന വ്യാജേന അക്രമകാരികൾ അവിടെ എത്തിയത്. അമേരിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ദരിദ്ര രാജ്യമായ ഹൈതിയിൽ ഈ കൊലപാതകത്തോടെ കൂടുതൽ അനിശ്ചിതാവസ്ഥ നിലവിൽ വന്നിരിക്കുകയാണ്. അക്രമങ്ങളും, ലഹളകളും പണപ്പെരുപ്പവുമെല്ലാം ജീവിതം ദുരിതത്തിലാക്കിയ ഒരു ജനതക്ക് വലിയൊരു ആഘാതമാണ് ഈ കൊലപാതകം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP