Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോദിയുടെ ഇന്ത്യയ്ക്കു ബൈഡന്റെ വരവ് സന്തോഷവാർത്തയല്ല; ട്രംപിന്റെ തോളിൽ കയ്യിട്ട് ഇവനെന്റെ സുഹൃത്തെന്നു പറഞ്ഞ മോദിക്ക് ബൈഡന്റെയും കമലയുടെയും വിശ്വാസം നേടുക എളുപ്പമല്ല; വീണ്ടും മൻഹാട്ടൻ സ്‌ക്വയറിൽ നിന്നും അഹമ്മദാബാദ് മോട്ടറെ സ്റ്റേഡിയത്തിലേക്ക് ദൂരം കൂടുമ്പോൾ രാജ്യാന്തര ബന്ധങ്ങൾ ഊഷ്മളമാകാൻ സമയമെടുക്കും; ഏറ്റുമുട്ടാൻ കാശ്മീർ വിഷയമാകും

മോദിയുടെ ഇന്ത്യയ്ക്കു ബൈഡന്റെ വരവ് സന്തോഷവാർത്തയല്ല; ട്രംപിന്റെ തോളിൽ കയ്യിട്ട് ഇവനെന്റെ സുഹൃത്തെന്നു പറഞ്ഞ മോദിക്ക് ബൈഡന്റെയും കമലയുടെയും വിശ്വാസം നേടുക എളുപ്പമല്ല; വീണ്ടും മൻഹാട്ടൻ സ്‌ക്വയറിൽ നിന്നും അഹമ്മദാബാദ് മോട്ടറെ സ്റ്റേഡിയത്തിലേക്ക് ദൂരം കൂടുമ്പോൾ രാജ്യാന്തര ബന്ധങ്ങൾ ഊഷ്മളമാകാൻ സമയമെടുക്കും; ഏറ്റുമുട്ടാൻ കാശ്മീർ വിഷയമാകും

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: ലോക വമ്പനായ അമേരിക്ക കാലങ്ങളായി ഇന്ത്യയുമായി അത്ര തുറന്ന ചങ്ങാത്തം അല്ലായിരുന്നുവെന്ന പേരുദോഷം പതിയെ മാറിവന്നത് ട്രംപും മോദിയും കൈകോർത്തതോടെയാണ്. തുടക്കത്തിൽ ട്രംപും ഇന്ത്യയോട് അടുപ്പം കാട്ടാൻ മടികാട്ടി നിന്നെങ്കിലും വ്യക്തിത്വത്തിൽ ഏറെ സമാനതകൾ ഉള്ള ട്രംപും മോദിയും സാവകാശം അടുക്കുക ആയിരുന്നുവെന്നതാണ് വാസ്തവം.

മുൻപൊരിക്കലും ഒരു ഇന്ത്യൻ പ്രധാനമന്ത്രിയും അമേരിക്കൻ പ്രസിഡന്റും തമ്മിൽ ഉണ്ടാകാത്ത നിലയിലേക്ക് ആ ഊഷ്മള സൗഹൃദം വളർന്നു. പോപ്പുലറിസം എന്ന പുത്തൻ ആശയത്തിന്റെ പ്രചാരകരായ ഇരുവരും ജനസഹസ്രങ്ങൾ ഇളകിമറിയുന്ന ന്യുയോർക്കിലെ മൻഹാട്ടൻ സ്‌ക്വയറും അഹമ്മദാബാദിലെ മോട്ടറെ സ്റ്റേഡിയവും തങ്ങളുടെ ജനസമ്മതിക്കുള്ള അളവ് കോലാക്കി മാറ്റിയപ്പോൾ അതിന്റെ ഗുണം ലഭിച്ചത് ഇന്ത്യ - അമേരിക്ക സൗഹൃദത്തിനു കൂടിയാണ്.

ഇന്ത്യയിൽ എത്തിയപ്പോൾ പാക്കിസ്ഥാനെ ഭീകര രാഷ്ട്രം എന്ന് വിളിക്കാൻ ട്രംപ് തയ്യാറായത് മോദിയുടെ മനസ് അറിഞ്ഞു തന്നെയാണ്. മൻഹാട്ടനിൽ മോദി നേടിയ കയ്യടിയും അഹമ്മദാബാദിൽ ഒരുലക്ഷത്തിലേറെ ആളുകൾ തിങ്ങി നിറഞ്ഞ സ്റ്റേഡിയം ഉയർത്തിയ ആർപ്പുവിളികളും മോദിയും ട്രംപും തമ്മിൽ ഉള്ള അകലം കുറച്ചെങ്കിൽ ഇപ്പോൾ ഇരു സ്ഥലങ്ങളും തമ്മിൽ വീണ്ടും പഴയ അകാലത്തിലേക്കു മടങ്ങുകയാണ് എന്ന് അനുമാനിക്കേണ്ടി വരും.

ബാരാക് ഒബാമ പ്രസിഡന്റ് ആയിരുന്നപ്പോൾ ഇന്ത്യൻ സൗഹൃദം അത്ര മെച്ചമായിരുന്നില്ല എന്നത് പരസ്യമാണ്. അക്കാലത്തു സെനറ്റിൽ ഫോറിൻ പോളിസി രൂപം നൽകുന്നതിൽ വൈസ് പ്രസിഡന്റ് പദവിയിൽ ഇരുന്നു ബൈഡൻ ഉൾപ്പെടെ ഉള്ളവർ വഹിച്ച നിർണായക റോളാണ് ഇപ്പോൾ അദ്ദേഹം പ്രസിഡന്റ് പദവിയിൽ എത്തുമ്പോൾ ഇന്ത്യ ബന്ധത്തെ ചൊല്ലി ആശങ്ക ഉയരാൻ കാരണമായി മാറുന്നത്.

കസേരയിൽ എത്തുന്നത് പരിചയ സമ്പന്നൻ

ജോർജ് ഡബ്ല്യു ബുഷിന് ശേഷം ദീർഘകാലം സെനറ്റർ, വിദേശനയ വിദഗ്ധൻ എന്ന പദവികൾ വഹിച്ച ഒരാൾ അധികാരക്കസേരയിൽ എത്തുമ്പോൾ അമേരിക്കയുടെ ശബ്ദം കൂടുതൽ ശക്തമാകും എന്നുറപ്പാണ്. ഒബാമയുടെ കീഴിൽ വൈസ് പ്രസിഡന്റ് ആയിരുന്ന ബൈഡനെ കാര്യങ്ങൾ ആരും അധികം പഠിപ്പിക്കേണ്ട എന്നതും അദ്ദേഹത്തിന്റെ നയങ്ങളിൽ തെളിഞ്ഞു നിൽക്കും.

എന്നാൽ സ്വന്തം രാജ്യത്ത് അനേകം കുഴപ്പങ്ങൾ പരിഹരിക്കാൻ ഉള്ളപ്പോൾ തിരക്ക് പിടിച്ചു വിദേശ നയത്തിൽ അടിമുടി മാറ്റം വരുത്താൻ അദ്ദേഹത്തിന് സമയം ലഭിച്ചേക്കില്ല. ഇത് ഇന്ത്യയ്ക്കു സൗഹൃദം മെച്ചമാക്കാൻ ആവശ്യത്തിന് സമയം നൽകും എന്ന് പ്രതീക്ഷിക്കുന്നവരുടെ എണ്ണം ഉയർത്താൻ കാരണമാകും.

മറുപടിയായി ട്രംപിന്റെ തോളിൽ കയ്യിട്ട് ഇവന്റെ പ്രിയ മിത്രം എന്ന് മോദിയും തിരിച്ചടിപ്പോൾ ഏഷ്യയിലെ വളരുന്ന സാമ്പത്തിക ശക്തിയെ തന്റെ കയ്യിൽ ഒതുക്കത്തിൽ കിട്ടിയ സന്തോഷം ട്രംപും മറച്ചു വച്ചില്ല. ഇണങ്ങിയും പിണങ്ങിയും നിന്നിരുന്ന ഇന്ത്യ - അമേരിക്ക ബന്ധം ശക്തിപ്പെടുത്താൻ പല കാലങ്ങളായി ഇരുപക്ഷവും ശ്രമിക്കുന്നുണ്ടെങ്കിലും നയപരമായ കാര്യങ്ങളിൽ തട്ടി അമേരിക്കയ്ക്ക് പലപ്പോഴും പിന്നോക്കം പോകേണ്ടി വന്നിട്ടുണ്ട്.

എന്നാൽ കുതിച്ചുയരുന്ന ഇന്ത്യൻ കമ്പോള ശക്തി കണ്ടില്ലെന്നു നടിച്ചു മാറിനിൽക്കാൻ അമേരിക്കയ്ക്കു കഴിയുകയുമില്ല. എങ്കിലും ഓരോ കാലത്തും എത്തുന്ന അമേരിക്കൻ പ്രസിഡന്റിന്റെ വ്യക്തിപരമായ താൽപ്പര്യങ്ങൾ ഇത്തരം നയപരമായ കാര്യങ്ങളിൽ നിർണായകവുമാണ്. ഇവിടെയാണ് പുതിയ പ്രസിഡന്റ് ജോ ബൈഡന്റെയും വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെയും വരവ് ഇന്ത്യയ്ക്കു നിർണായകമാകുന്നത്.

മോദിയുടെ വ്യക്തിപരമായ കോട്ടം എന്നതിലുപരി ഇന്ത്യയുടെ പൊതു താൽപര്യത്തിൽ ട്രംപിന്റെ നേർ വിപരീത ശൈലിയുള്ള ജോ ബൈഡന്റെ തീരുമാനങ്ങൾ ഏറെക്കുറെ തിരിച്ചടികൾ സമ്മാനിച്ചാകും പ്രതിഫലിക്കുക എന്നുറപ്പിക്കാം. ഏറ്റവും ചുരുങ്ങിയത് ആദ്യ കാലങ്ങളിൽ എങ്കിലും. ട്രംപിന്റെ വിശ്വസ്ഥൻ എന്ന തരത്തിൽ പെരുമാറിയ മോദിയോട് കയ്യകലം കാട്ടാൻ ബൈഡൻ തീർച്ചയായും തയ്യാറാകും എന്നുറപ്പ്. അഥവാ മോദി ഇന്ത്യൻ രാഷ്ട്രീയത്തിലെ കുശാഗ്ര ബുദ്ധി പുറത്തെടുക്കേണ്ടി വരും. അവിടെയും ഡെമോക്രാറ്റ് പ്രസിഡന്റുമാരുടെ കർക്കശ്യ സ്വഭാവ രീതികൾ കുറേക്കൂടി കൂടുതലായി ബൈഡണിൽ നിന്നും പ്രതീക്ഷിക്കേണ്ടി വരും.

കാരണം വ്യക്തിപരമായും അത്തരം ജീവിത സാഹചര്യങ്ങൾ കടന്നാണ് ബൈഡന്റെ വരവ് എന്നത് തന്നെ. അറിയപ്പെടുന്ന മനുഷ്യാവകാശ വക്താവ് എന്ന നിലയിൽ ബൈഡൻ ഇന്ത്യയുടെ കാശ്മീർ നയം കണ്ണും പൂട്ടി അംഗീകരിക്കാൻ സാധ്യത കുറവാണ്. നയപരമായും രാഷ്ട്രീയമായും ഇന്ത്യക്കു സ്വന്തം ചുവട് പിന്നോട്ട് വയ്ക്കാനും കഴിയില്ല. ഇതോടെ രണ്ടു പക്ഷവും ഏറ്റുമുട്ടാൻ കാശ്മീർ വീണ്ടും കാരണമായി മാറും. ഇക്കാര്യത്തിൽ ബൈഡനു വൈസ് പ്രസിഡന്റ് കമലയുടെ തുറന്ന പിന്തുണയും ഉണ്ടാകും എന്നുറപ്പാണ്. കാരണം ഇതിനകം തന്നെ കാശ്മീർ വിഷയത്തിൽ കമല പരസ്യമായി തന്റെ മോദി വിരുദ്ധ നിലപാട് വ്യക്തമാക്കിയിട്ടുമുണ്ട്.

കമലയുടെ നിലപാട് നിർണായകം

ഇന്ത്യൻ വംശജ എന്ന നിലയിൽ സെനറ്റർ പദവിയിൽ കമല അമേരിക്കയിലെ ഇന്ത്യക്കാർക്ക് ഗുണം ചെയ്യുന്ന ഒട്ടേറെ കാര്യങ്ങളിൽ നേരിട്ടുള്ള ഇടപെടൽ നടത്തിയിരുന്നു. അതിനാൽ തന്നെ കമലയുടെ സ്ഥാനാർത്ഥിത്വം ഇന്ത്യൻ സമൂഹം അമേരിക്കയിൽ ആഘോഷമാക്കുകയും ചെയ്തിരുന്നു. കമല സ്ഥാനാർത്ഥിയായി എത്തിയതോടെ ഇന്ത്യൻ സമൂഹത്തിന്റെ കാതലായ പിന്തുണയും ബൈഡനു ലഭിച്ചെന്നാണ് അനുമാനം.

എച്ച് വൺ ബി വിസാ പ്രശ്നം പരിഹരിക്കുന്നതിൽ കമലയുടെ ഇടപെടലുകൾ ശ്രദ്ധേയമാണ്. തുടക്കകാലത്തു ഡൊണാൾഡ് ട്രംപ് ഈ വിസ വിഷയത്തിൽ ഇന്ത്യയോട് എതിർപ്പ് കാട്ടിയാണ് നീങ്ങിയതെങ്കിലും പിന്നീട് മോദിയുടെ ഇടപെടലുകൾ വഴിയാണ് ട്രംപ് മനസ് മാറ്റാൻ തയ്യാറായതും അതുവഴി ഇരുവരും കൂടുതൽ അടുത്തതും.

എന്നാൽ സെനറ്റർ പദവിയിൽ നിന്നും വൈസ് പ്രസിഡന്റ് ആകുന്ന കമലയ്ക്കു രാജ്യതാൽപര്യങ്ങളാകും കൂടുതൽ ശ്രദ്ധിക്കേണ്ടിയും പരിഗണിക്കേണ്ടിയും വരിക. അവിടെ ബൈഡനു തുറന്ന പിന്തുണ നൽകാൻ മാത്രമേ കമലയ്ക്കു കഴിയൂ. പ്രത്യേകിച്ചും നാലു വർഷം കഴിഞ്ഞാൽ രാജ്യത്തിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി ഇപ്പോഴേ കമലയുടെ പേര് ചർച്ച ചെയ്തു തുടങ്ങിയ സാഹചര്യത്തിൽ അവരുടെ ഓരോ നീക്കവും നൂലിഴ കീറി പരിശോധിക്കപ്പെടും എന്നുറപ്പാണ്.

കഴിഞ്ഞ വർഷം ഇന്ത്യൻ വിദേശ കാര്യ മന്ത്രി ജയശങ്കർ അമേരിക്കയിൽ എത്തിയപ്പോൾ പരസ്യ വിമർശവുമായി എത്തിയ കമലാ ഹാരിസിന്റെ നടപടി കൗതുകമുണർത്തിയിരുന്നു. ഇന്ത്യയോട് മമത കാട്ടുമ്പോൾ തന്നെ മോദിയുടെ ഭരണത്തോടു ഇഷ്ടക്കേട് കാട്ടുക എന്ന നയമാകും കമല കയ്യിൽ കരുതുക എന്നാണ് പൊതു അനുമാനം. മോദി സർക്കാരിന്റെ കാശ്മീർ നയമാണ് കമലയെ അന്ന് ജയ്ശങ്കറിനെ പരസ്യമായി എതിർക്കാൻ പ്രേരിപ്പിച്ചത്.

ഇതിന് അമേരിക്കൻ ഹൗസ് ഓഫ് റെപ്രസന്റേറ്റീവ് പ്രതിനിധി പ്രമീള ജയപാലിനൊപ്പം വേദി പങ്കിടാൻ വിസമ്മതിച്ചാണ് ജയശങ്കർ മറുപടി നൽകിയത്. പ്രമീളയാണ് ഇന്ത്യൻ സർക്കാരിനെ വിമർശിച്ചത് പ്രമേയം അവതരിപ്പിച്ചത് എന്ന കാരണത്താലാണ് ജയശങ്കർ അത്തരം ഒരു തീരുമാനം എടുത്തതും. ഇത്തരം ഉരസലുകൾ മാറി സൗഹൃദം പൂത്തുലയുക അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ അത്ര എളുപ്പമല്ലെന്ന് പൂർവ്വകാല ചരിത്രങ്ങൾ പഠിപ്പിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP