Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

264 ഇലക്ടൊറൽ കോളേജ് വോട്ടുമായി വൈറ്റ്ഹൗസിലേക്ക് യാത്ര തുടങ്ങി ജോ ബൈഡൻ; നിയമകുരുക്കുകളും കലാപവുമായി വഴിമുടക്കി ട്രംപ്; കേട്ടറിവ് പോലുമില്ലാത്ത വിചിത്രമായ സാഹചര്യങ്ങളിലൂടെ അമേരിക്കൻ ജനാധിപത്യം നീങ്ങുമ്പോൾ ജനങ്ങളോട് ശാന്തരാകാൻ ആഹ്വാനം ചെയ്ത് ബൈഡൻ; കാണാമറയത്തൊളിച്ച് ട്രംപ്; അമേരിക്കയിൽ ജനാധിപത്യത്തിനും വൈറസ് ബാധിച്ചപ്പോൾ

264 ഇലക്ടൊറൽ കോളേജ് വോട്ടുമായി വൈറ്റ്ഹൗസിലേക്ക് യാത്ര തുടങ്ങി ജോ ബൈഡൻ; നിയമകുരുക്കുകളും കലാപവുമായി വഴിമുടക്കി ട്രംപ്; കേട്ടറിവ് പോലുമില്ലാത്ത വിചിത്രമായ സാഹചര്യങ്ങളിലൂടെ അമേരിക്കൻ ജനാധിപത്യം നീങ്ങുമ്പോൾ ജനങ്ങളോട് ശാന്തരാകാൻ ആഹ്വാനം ചെയ്ത് ബൈഡൻ; കാണാമറയത്തൊളിച്ച് ട്രംപ്; അമേരിക്കയിൽ ജനാധിപത്യത്തിനും വൈറസ് ബാധിച്ചപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

റെ പാടിപുകഴ്‌ത്തിയിട്ടുള്ള ഒന്നാണ് അമേരിക്കൻ ജനാധിപത്യം. ഒരുപക്ഷെ, നിലവിലെ ഭരണ സംവിധാനങ്ങളിൽ ഏറ്റവും നീതിയുക്തവും, സുതാര്യവും, അതുപോലെ ഏറ്റവുമധികം സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുന്നതുമായ ഒരു ഭരണ സമ്പ്രദായം. ഏന്നാൽ, അമേരിക്കൻ ജനതയേ ഏറെ ദുരിതത്തിലാഴ്‌ത്തിയ കൊറോണ വൈറസ്, ഈ മനോഹരമായ ജനാധിപത്യ സമ്പ്രദായത്തേയും ജീർണ്ണിപ്പിച്ചുവോ എന്നാണ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങൾ കാണുമ്പോൾ പലരും അതിശയിക്കുന്നത്.

പെൻസിൽവാനിയയിലെ ഫലം ഇന്ന് പ്രഖ്യാപിക്കും എന്ന അറിയിപ്പ് വന്നതോടുകൂടിയാണ് പ്രശ്നങ്ങൾ കൂടുതൽ ഗുരുതരമാകുന്ന സ്ഥിതിവിശേഷം സംജാതമായത്. ഇവിടെ ട്രംപ് 2 പോയിന്റിന് മുന്നിട്ട് നിൽക്കുന്നുണ്ടായിരുന്നു. എന്നാൽ, ലീഡുകൾ മാറി മറിയുന്ന പെൻസിൽവാനിയയിൽ ബൈഡന് ജയിക്കാനായാൽ, 270 ഇലക്ടറൽ കോളേജ് വോട്ടോടെ വൈറ്റ്ഹൗസിലേക്കുള്ള യാത്ര ഉറപ്പാക്കാൻ കഴിയും. എന്നാൽ, പെൻസിൽവാനിയായിലെ വോട്ടുകൾ മുഴുവൻ ലഭിച്ചാലും, വേറെയും 33 വോട്ടുകൾ കൂടി നേടിയാലെ ട്രംപിന്റെ സ്വപ്നം പൂവണിയൂ. ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായത്.

നേരത്തേ 2 പോയിന്റിന് ലീഡ് ചെയ്യുകയായിരുന്ന ട്രംപിന്റെ ഭൂരിപക്ഷം ഇവിടെ കുറഞ്ഞുവരികയായിരുന്നു. നഗര മേഖലകൾ എണ്ണാൻ തുടങ്ങിയപ്പോഴാണ് ബൈഡൻ മേൽക്കൈ നേടാൻ ആരംഭിച്ചത്. പെൻസിൽവാനിയയിൽ മൊത്തം 20 ഇലക്ടറൽ കോളേജ് വോട്ടുകളാണ് ഉള്ളത്. ബൈഡൻ ഇത് നേടിയാൽ പ്രസിഡണ്ട് സ്ഥാനം ഉറപ്പാക്കാം. പ്രസിഡണ്ട് സ്ഥാനത്തിന് 270 ഇലക്ടറൽ കോളേജ് വോട്ടുകളാണ് ആവശ്യമായുള്ളത്. ഇപ്പോൾ തന്നെ ബൈഡന് 264 വോട്ടുകൾ ലഭിച്ചിട്ടുണ്ട്.

അതേസമയം ട്രംപിന് ഇതുവരെ നേടാനായത് 214 ഇലക്ടറൽ വോട്ടുകൾ മാത്രമാണ്. അതായത്, പെൻസിൽവാനിയയിൽ ജയിച്ചാലും ജോർജിയ, നോർത്ത് കരോലിന, അരിസോണ, നെവേഡ തുടങ്ങിയ ഏതെങ്കിലും സംസ്ഥാനങ്ങളിൽ കൂടി ജയിച്ചാലെ ട്രംപിന് വിജയം ഉറപ്പു വരുത്താൻ കഴിയു. ഇവിടങ്ങളിലെ ഫലം ഇനിയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. നേരത്തേ ട്രംപ് സ്വീകരിച്ച നിയമനടപടികൾ മൂലം ഫിലാഡൽഫിയയിലും പിറ്റ്സ്ബർഗിലും വോട്ടെണ്ണൽ കുറച്ചു സമയത്തേക്ക് നിർത്തിവയ്ക്കേണ്ടതായി വന്നു. എന്നാൽ, പിന്നീട് അനുകൂല ഉത്തരവ് വന്നതോടെ വോട്ടെണ്ണൽ പുനരാരംഭിക്കുകയായിരുന്നു.

തെരഞ്ഞെടുപ്പ് ഫലം വൈകുന്നതിലുള്ള ആശങ്കയും, വഷളാകുന്ന ക്രമസമാധാന പ്രശ്നവും ഒരു പക്ഷെ അമേരിക്ക് ഇതിനു മുൻപെങ്ങും അഭിമുഖീകരിക്കാത്ത ഒരു സാഹചര്യമാണ്. ഔദ്യോഗിക പ്രഖ്യാപനം വരെ ശാന്തതയോടെ, സമചിത്തത കൈവിടാതെ കാത്തിരിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത് ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡൻ രംഗത്തെത്തി. ചില സമയങ്ങളിൽ, ജനാധിപത്യം എന്നത് അതീവ സങ്കീർണ്ണമായ ഒരു പ്രക്രിയയാണ്. ക്ഷമയാണ് അത്തരം സന്ദർഭങ്ങളിൽ ആവശ്യം. അദ്ദേഹം ഓർമ്മിപ്പിച്ചു.

പെൻസിൽവാനിയയിൽ ട്രംപിന്റെ ലീഡ് കുറഞ്ഞുവരുമ്പോൾ, ജോർജിയയിൽ ബൈഡൻ പിടിമുറുക്കുകയാണ്. പെൻസിൽവാനിയ മാത്രം ജയിച്ചാൽ മതി ഇനി ബൈഡന്. അല്ലെങ്കിൽ നെവേഡയും അരിസോണയും. എന്നാൽ, ഇവയ്ക്ക് പുറമേ നോർത്ത് കരോലിന കൂടി ജയിച്ചാലേ ട്രംപിന് ഒരു തുടർഭരണം കണികാണാൻ കിട്ടുകയുള്ളു. ബുധനാഴ്‌ച്ച രാവിലെ 2 മണിക്ക്, താൻ ജയിച്ചു എന്ന പ്രഖ്യാപനം നടത്തിയതിനു ശേഷം ട്രംപ് എവിടെയാണെന്നതിനെ കുറിച്ച് ഒരു വിവരവുമില്ല. സ്വന്തം പാർട്ടിക്കാർ തന്നെ ആ പ്രഖ്യാപനത്തെ തള്ളിക്കളഞ്ഞിരുന്നു. ഇന്ന് വൈകിട്ട് 6:30 ന് വൈറ്റ് ഹൗസ് പ്രസ്സ് റൂമിൽ അദ്ദേഹം മാധ്യമങ്ങളെ അഭിമുഖീകരിക്കും എന്നാണ് കരുതുന്നത്.

അമേരിക്കയിലെ ഓരോ വോട്ടും പരിശുദ്ധമായ ഒന്നാണെന്ന് എടുത്തു പറഞ്ഞ ബൈഡൻ, ഈ വോട്ടുകളാണ് ആരായിരിക്കണം അമേരിക്കയെ നയിക്കേണ്ടത് എന്നു തീരുമാനിക്കുന്നത് എന്ന് പറഞ്ഞു. അതുകൊണ്ടു തന്നെ അവസാനത്തെ വോട്ടും എണ്ണണമെന്ന അഭിപ്രായത്തിൽ ഉറച്ചു നിൽക്കുന്നതായി അദ്ദേഹം പ്രസ്താവിച്ചു. വോട്ടെണ്ണൽ തടസ്സപ്പെടുത്തുന്ന ട്രംപിനെതിരെയുള്ള വിമർശനമായിരുന്നു അത്.

അതിനിടയിൽ, ചില മൂന്നാം ലോക രാജ്യങ്ങളിൽ മാത്രം ഇതുവരെ കണ്ടിട്ടുള്ള ബൂത്ത് പിടുത്തം പോലുള്ള കലാപരിപാടികൾക്കും ഈ വർഷം അമേരിക്കൻ തെരഞ്ഞെടുപ്പ് വേദിയായി. മിച്ചിഗൻ, അരിസോണ, നെവേഡ എന്നിവിടങ്ങളിൽ ആയുധധാരികളായി എത്തിയ ട്രംപ് അനുകൂലികൾ വോട്ടെണ്ണൽ തടസ്സപ്പെടുത്താൻ ശ്രമിച്ചു. അതിനിടയിൽ വോട്ടെണ്ണൽ തടസ്സപ്പെടുത്താൻ ആവശ്യപ്പെട്ടുകൊണ്ട് ട്വീറ്ററിൽ പ്രത്യക്ഷപ്പെട്ട ട്രംപ്, ബൈഡനെ വിജയിയായി പ്രഖ്യാപിക്കുന്ന സംസ്ഥാനങ്ങൾക്ക് എതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന മുന്നറിയിപ്പും നൽകി.

കോവിഡ് പ്രതിസന്ധിയിൽ കൂടുതൽ പേർ പോസ്റ്റൽ വോട്ടുകൾ തെരഞ്ഞെടുത്തതിനാൽ പോസ്റ്റൽ വോട്ടുകളുടെ എണ്ണം ഇത്തവണ വർദ്ധിച്ചു. വോട്ടെണ്ണലിന് കാലതാമസം വരുവാൻ ഒരു കാരണം ഇതാണ്. മറ്റൊരു കാരണം, മിക്ക സംസ്ഥാനങ്ങളിലും സ്ഥാനാർത്ഥികൾ വിജയിക്കുന്നത് വളരെ നേരിയ മാർജിനിൽ ആണെന്നുള്ളതാണ്. അതുകൊണ്ട് തന്നെ ഓരോ വോട്ടും എണ്ണേണ്ടത് അത്യാവശ്യമായി മാറുന്നു. സാധാരണ ഗതിയിൽ, ഭൂരിപക്ഷത്തെ സ്വാധീനിക്കാൻ മാത്രമുള്ള പോസ്റ്റൽ വോട്ടുകൾ ഉണ്ടാവാറില്ലാത്തതുകൊണ്ട് പെട്ടെന്ന് തന്നെ ഫലം അറിയാൻ കഴിയുമായിരുന്നു. ഇത്തവണ ഓരോ വോട്ടും എണ്ണിക്കഴിയേണ്ടതുവരെ കാത്തിരിക്കേണ്ടതായി വരുന്നു.

ഏറെ പുറകിൽ നിൽക്കുമ്പോഴും ട്രംപ് ക്യാമ്പ് ആത്മവിശ്വാസം കൈവിടുന്നില്ല എന്നതാണ് അമേരിക്കയെ ആശങ്കയിലാഴ്‌ത്തുന്നത്. വെള്ളിയാഴ്‌ച്ച രാത്രിയോടെ അമേരിക്ക മനസ്സിലാക്കും, പ്രസിഡണ്ട് ട്രംപും വൈസ് പ്രസിഡണ്ട് പെൻസുമായിരിക്കും ഇനിയുള്ള നാല് വർഷം അമേരിക്ക ഭരിക്കാൻ പോകുന്നത് എന്നാണ് ട്രംപിന്റെ പ്രചാരണ ചുമതലയുള്ള ജേസൺ മില്ലെർ ഇന്നലെ പറഞ്ഞത്. ബൈഡന് ഭൂരിപക്ഷം ലഭിച്ച മിക്ക സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് അഴിമതി നടന്നിട്ടുണ്ടെന്നും ട്രംപ് ക്യാമ്പ് ആരോപിക്കുന്നു.

ജോർജിയയിൽ, അനുവദിച്ച സമയത്തിനു ശെഷം രേഖപ്പെടുത്തിയ വോട്ടുകൾ, വോട്ടെണ്ണലിൽ ഉൾപ്പെടുത്തി, നെവേഡയിൽ, നിലവിൽ താമസക്കാരല്ലാത്ത ആയിരക്കണക്കിന് പേർ വോട്ട് രേഖപ്പെടുത്തി തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളുമായാണ് ട്രംപ് പക്ഷം കോടതിയിൽ എത്തിയിരിക്കുന്നത്. മുൻപെങ്ങും കേട്ടിട്ടില്ലാത്ത് നടപടികളും, പ്രതിസന്ധികളുമായി അമേരിക്കൻ ജനാധിപത്യം പുതിയ വെല്ലുവിളികൾ അഭിമുഖീകരിക്കുകയാണ്. ലോകത്തിനു മുന്നിൽ തന്നെ ഒരുപക്ഷെ, തീർത്താൽ തീരാത്ത കളങ്കമായി മാറിയേക്കാം ഈ തെരഞ്ഞെടുപ്പ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP